റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിക്കുന്നതിൽ ലെനിൻ വഹിച്ച നേതൃത്വപരമായ പങ്ക് സോവിയറ്റ് യൂണിയൻ ഇല്ലാതായി 33 വർഷം കഴിഞ്ഞിട്ടും പ്രസക്തമായി തുടരുന്നു. സാമ്രാജ്യത്വത്തിനെതിരെ സോഷ്യലിസമെന്ന ബദൽ രൂപപ്പെടുത്താനും ഏഴു പതിറ്റാണ്ട് കാലം ലോക തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നേതൃത്വപദവിയിൽ തല ഉയർത്തി നിൽക്കാനും റഷ്യൻ ജനതയെ പര്യാപ്തമാക്കുന്നതിൽ ലെനിൻ എന്ന സൈദ്ധാന്തികനായ ജൈവവിപ്ലവകാരിയുടെ പ്രായോഗിക നേതൃത്വം നിർണായകമായി. സോവിയറ്റ് യൂണിയൻ നിലനിന്നിരുന്നുവെങ്കിൽ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഗാസയിൽ നടത്തുന്ന യുദ്ധകുറ്റകൃത്യങ്ങളും ശിശുഹത്യയും സാദ്ധ്യമാകുമായിരുന്നോ എന്ന ചോദ്യം രാഷ്ട്രീയമണ്ഡലത്തിൽ മുഴുങ്ങുന്നത് വർത്തമാനകാല സാർവ ദേശീയ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ലെനിന് സമാനമായ വിപ്ലവകാരികളുടെ കൂട്ടായ്മയുടെ അനിവാര്യത വരച്ചുകാണിക്കുന്നു.
ലെനിന്റെ മൗലിക സംഭാവനകളിൽ പ്രധാനമാണ്, സാമ്രാജ്യത്വം മുതലളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കാഴ്ചപ്പാട് വികസിപ്പിച്ചത്. വികസിത മുതലാളിത്ത സമ്പദ്ഘടനയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളാണ് തൊഴിലാളിവർഗ വിപ്ലവത്തിലേക്ക് നയിക്കുക എന്ന അടിസ്ഥാന കാഴ്ചപ്പാട് നിലനിന്ന ഘട്ടത്തിൽ, താരതമ്യേന വ്യവസായവൽക്കരണം പരിമിതമായിരുന്ന സാറിസ്റ്റ് റഷ്യയിലെ മുതലാളിത്തവളർച്ച സംബന്ധിച്ച മൂർത്തമായ പഠനമാണ് വിപ്ലവത്തിൽ വിവിധ വർഗവിഭാഗങ്ങളുടെ സ്ഥാനവും വിപ്ലവതന്ത്രവും രൂപീകരീക്കാൻ ലെനിന് സഹായകരമായത്.
തൊഴിലാളി -കർഷക സഖ്യം അടിസ്ഥാനമാക്കി ജനകീയ ജനാധിപത്യ ഘട്ടം എന്ന തന്ത്രമാണ് റഷ്യൻ വിപ്ലവത്തിനായി ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്ക് പാർട്ടി രൂപപ്പെടുത്തിയത്. ഈ സഖ്യത്തിൽ നേതൃത്വപരമായ പങ്ക് വ്യവസായ തൊഴിലാളി വർഗത്തിനാണ്. വ്യാവസായികമായി പിന്നാക്കമായിരുന്ന, നഗര തൊഴിലാളിവർഗത്തിന്റെ വളർച്ച പ്രാഥമിക ഘട്ടത്തിലായിരുന്ന റഷ്യയിൽ മുതലാളിത്ത വിരുദ്ധ സാമൂഹ്യവിപ്ലവത്തിന്റെ പൊതുവേ സമ്മതിക്കപ്പെട്ട വഴികളിൽ നിന്ന് വ്യത്യസ്തമായി, സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറാൻ ലെനിൻ നേതൃത്വപദവിയിലുണ്ടായിരുന്ന ബോൾഷെവിക്ക് പാർട്ടിക്ക് സഹായകരമായത് തൊഴിലാളി - കർഷക സഖ്യത്തെ അടിസ്ഥാനമാക്കിയ ജനകീയ ജനാധിപത്യം എന്ന തന്ത്രമാണ്.
അന്ന് സാമ്രാജ്യത്വരാജ്യങ്ങളുടെ കോളനിയായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ദേശീയ വിമോചനത്തിനായി ബൂർഷ്വാ ജനാധിപത്യ പ്രസ്ഥാനങ്ങളെ തൊഴിലാളി വർഗപ്രസ്ഥാനം പിന്തുണക്കണമെന്നാണ് ലെനിൻ രണ്ടാം കമ്യൂണിസ്റ്റ് ഇൻറർനാഷണലിലെ പ്രമേയത്തിൽ ഉന്നയിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിൽ മുതലാളിത്തം ശക്തിപ്രാപിക്കുകയാണെന്നും അതിൽ തൊഴിലാളികളും കർഷകരും നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ പ്രസ്ഥാനമാണ് രൂപപ്പെടുത്തേണ്ടതെന്നുമുള്ള ബദൽപ്രമേയം ഇന്ത്യയിൽ നിന്നുള്ള വിപ്ലവകാരിയും സൈദ്ധാന്തികനുമായ എം. എൻ. റോയ് അവതരിപ്പിച്ചു. അതിനോട് വിയോജിച്ചുതന്നെ ബൂർഷ്വാ ജനാധിപത്യ പ്രസ്ഥാനം എന്നതിനുപകരം ദേശീയ വിമോചന പ്രസ്ഥാനം എന്ന കാഴ്ചപ്പാട് ലെനിൻ പ്രമേയത്തിൽ ഉൾപ്പെടുത്തി. അതതു രാജ്യങ്ങളുടെ സാഹചര്യമനുസരിച്ച ഉള്ളടക്കം രൂപപ്പെടുത്തണമെന്നും അംഗീകരിച്ചു. റഷ്യൻ ദേശീയതതകളുടെ സ്വയം നിർണയാവകാശം എന്ന തത്വം ലെനിൻ വികസിപ്പിച്ചു. നിരവധി ദേശീയതകൾ അണിനിരന്ന ഒരു ഫെഡറൽ യൂണിയൻ എന്ന നിലയിൽ സോവിയറ്റ് യൂണിയനെ വിഭാവനം ചെയ്യാനും അതിനുപിന്നിൽ ജനങ്ങളെയാകെ അണിനിരത്താനും ബോൾഷെവിക്ക് പാർട്ടിക്ക് സാധിച്ചു.
സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല, ബൂർഷ്വാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തിന് നേതൃത്വം നൽകിയ ബൂർഷ്വാ ജനാധിപത്യ ശക്തികൾ സ്വീകരിച്ച സാമ്രാജ്യത്വചേരിക്കെതിരായ വിദേശനയവും പൊതുമേഖലയും പഞ്ചവൽസര ആസൂത്രണ പ്രക്രിയയും ആ സ്വാധീനത്തിന്റെ പ്രായോഗിക ഫലങ്ങളാണ്. ദേശീയതകളോടുള്ള സമീപനത്തിലും ഇന്ത്യൻ യൂണിയൻ രൂപീകരണത്തിൽ സോവിയറ്റ് സ്വാധീനം പ്രബലമാണ്.
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, മൂലധനം, മിച്ചമൂല്യ സിദ്ധാന്തങ്ങൾ എന്നീ കൃതികളിൽ എല്ലാ ഭൂമിയും പൊതുസ്വത്താക്കി മാറ്റുക - അഥവാ ഭൂമിയുടെ ദേശസാൽക്കരണം എന്ന ആവശ്യം ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞർ നിരന്തരമായി ഉന്നയിക്കുന്നതു വിലയിരുത്തി, ഈ നടപടി പൂർണമായും ഒരു ബൂർഷ്വാ പരിഷ്ക്കാരമാണ് എന്ന് കാൾ മാർക്സ് വ്യക്തമാക്കുന്നു. മുതലാളിത്തം കൂടുതൽ വ്യാപകമായും സ്വതന്ത്രമായും വേഗത്തിലും വികസിക്കാൻ ഭൂമിയുടെ ദേശസാൽക്കരണം സഹായിക്കുമെന്ന് ലെനിൻ വിലയിരുത്തുന്നു. കൂടിയായ്മ പൂർണമായും ഒഴിവാക്കാനും ഭൂമിയുടെ മേലുള്ള കുത്തക ഇല്ലാതാക്കാനും തറപ്പാട്ടം നിരോധിക്കാനും അതാവശ്യമാണ്. കൃഷിയിൽ ഉല്പാദക ശക്തികളുടെ വികാസം തീവ്രമാക്കാൻ അതുപകരിക്കും എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. സോവിയറ്റ് വിപ്ലവാനന്തരം തൊഴിലാളിവർഗ ഭരണകൂടം ആദ്യഘട്ടത്തിൽ കൃഷിഭൂമി ദേശസാൽക്കരിക്കാനുള്ള ഉത്തരവ് നടപ്പിലാക്കി. എന്നാൽ 1919- ലെ പുതുക്കിയ സാമ്പത്തികനയത്തിൽ കൃഷിഭൂമി കർഷകർക്ക് തിരികെ വിട്ടുനൽകി നികുതി ഏർപ്പെടുത്തി; മിച്ചം വിപണനം ചെയ്യാനുള്ള സ്വാതന്ത്ര്യം കർഷകർക്ക് ലഭ്യമാക്കി.
തൊഴിലാളി- കർഷക ഐക്യം അടിസ്ഥാനമാക്കിയ ജനകീയ ജനാധിപത്യ വിപ്ലവം എന്ന നയമാണ് റഷ്യയിൽ സോവിയറ്റ് വിപ്ലവത്തിലേക്ക് മുന്നേറാനായി ലെനിൻ രൂപപ്പെടുത്തിയത് എന്നത് നാം വിലയിരുത്തി. ബൂർഷ്വാ ജനാധിപത്യ ശക്തികളോട് തൊഴിലാളിവർഗ പ്രസ്ഥാനം സഹകരിക്കുന്ന ദേശീയ ജനാധിപത്യ വിപ്ലവം, തൊഴിലാളി- കർഷക സഖ്യത്തിൽ ഊന്നുന്ന ജനകീയ ജനാധിപത്യ വിപ്ലവം എന്നീ വ്യത്യസ്തമായ നയങ്ങളാണ് ഇന്ത്യയിലെ ഐക്യ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭിന്നിക്കുന്നതിന് ഇടയാക്കിയത്. എന്നാൽ വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളെയും പ്രക്ഷോഭപാതയിൽ ഒരുമിപ്പിക്കുന്നതിന് തൊഴിലാളി - കർഷക ഐക്യം അടിസ്ഥാനമാക്കി ദേശീയ തലത്തിൽ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾക്കു സാധിച്ചു.
ഇന്ത്യൻ ഭരണകൂടത്തെ പിടിമുറുക്കിയ കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ട് സാമ്രാജ്യത്വ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെ തൊഴിലാളി - കർഷക ജന വിഭാഗങ്ങൾക്കുമേൽ നടത്തുന്ന കടന്നാക്രമണമാണ് എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെയും ഐക്യത്തിലേക്ക് നയിക്കുന്നത്. ഈ ഐക്യസമരങ്ങളാണ് 2024- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ മൂന്നാം വിജയത്തെ തടയാൻ ഇന്ത്യയിലെ ജനങ്ങളെ സജ്ജമാക്കുക.
ലെനിൻ നേതൃത്വം നല്കി ബോൾഷെവിക്ക് പാർട്ടി വികസിപ്പിച്ചതാണ് ജനാധിപത്യ കേന്ദ്രീകരണമെന്ന സംഘടനാ തത്വം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഈ തത്വങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. ബൂർഷ്വാ ജനാധിപത്യ നയങ്ങളിൽ നിന്ന് തുലോം വ്യത്യസ്തവും ജനാധിപത്യാവകാശങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കാനുള്ള തൊഴിലാളി വർഗത്തിന്റെ ശാസ്ത്രീയമായ രീതിയുമാണ് ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങൾ.
ഉൾപാർട്ടി ജനാധിപത്യം സംരക്ഷിക്കുന്നതിനും മുതലാളിത്തവർഗം കയ്യടക്കിയ ഭരണകൂടത്തെ ജനങ്ങളെയാകെ അണിനിരത്തി നേരിട്ട് സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കാനുതുകുന്ന ഉരുക്കുപോലെ ഉറച്ച സംഘടനാസംവിധാനം വളർത്തിയെടുക്കാനും ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്ക് പാർട്ടി വിജയിച്ചു. അതാണ് റഷ്യയിൽ വിജയകരമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന് മണ്ണൊരുക്കിയത്.
ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിൽ വരുന്ന പരാജയം കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും. അഭിപ്രായ വ്യത്യാസങ്ങൾ ഉന്നയിക്കാനുള്ള പാർട്ടി അംഗങ്ങളുടെ അവകാശവും എന്നാൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും പ്രധാനമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചവരെ ആദരിക്കാനും അത് അവരുടെ സംഭാവനകളെ ഉൾക്കൊള്ളുന്നതിനും പ്രവർത്തന സ്വാതന്ത്ര്യത്തിനും തടസ്സമല്ല എന്നുറപ്പു വരുത്താനുമുള്ള ഉത്തരവാദിത്തം പാർട്ടി സംഘടനയുടേതാണ്. ഈ നിരന്തര പ്രക്രിയയിലൂടെ മാത്രമേ ആൾക്കൂട്ടത്തെ പൗരബോധമുള്ള ബഹുജനസമൂഹമായി രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ.
ജനാധിപത്യ കേന്ദ്രീകരണത്തെ ഇരുമ്പുമറയുള്ള അമിതാധികാരമായി ചിത്രീകരിക്കാനുള്ള തന്ത്രം ബൂർഷ്വാ ജനാധിപത്യത്തെ പിന്തുടരുന്നവരുടെ കലയാണ്. വർഗസമരസിദ്ധാന്തത്തെ സംബന്ധിച്ച രാഷ്ട്രീയ വ്യക്തതയുള്ളവർക്ക് മാത്രമേ അത് തിരിച്ചറിയാൻ സാധിക്കൂ. എന്നാൽ സാമൂഹ്യ വിപ്ലവത്തിന്, മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്ന സാമൂഹ്യവ്യവസ്ഥ അവസാനിപ്പിച്ച് സോഷ്യലിസത്തിലേക്ക് മുന്നേറാൻ പ്രതിഞ്ജാബദ്ധരായ വിപ്ലവകാരികൾ, കമ്യൂണിസ്റ്റ് പാർട്ടി സംഘടന രൂപപ്പെടുത്താനായി ലെനിൻ വികസിപ്പിച്ച ജനാധിപത്യ കേന്ദ്രീകരണതത്വം ന്യൂനതകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുക.
ലെനിന്റെ പ്രസക്തി വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമായി ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഉൾപ്പെടുന്ന ഇന്ത്യയിലെ ജനകീയ ജനാധിപത്യ ബഹുജന പ്രസ്ഥാനങ്ങൾക്കാണ്. തെരെഞ്ഞെടുപ്പ് സമരത്തിൽ വിപുലമായ പ്രതിപക്ഷ ഐക്യം എന്ന നയത്തോടൊപ്പം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും സാമ്രാജ്യത്വത്തിന്റെ നവകോളണിയാക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി തടയാൻ സാധിക്കുക അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഉയർന്നുവരുന്ന തൊഴിലാളി- കർഷക ഐക്യത്തിനും പ്രക്ഷോഭങ്ങൾക്കുമാണ്. തുടർച്ചയായ കർഷക പ്രക്ഷോഭങ്ങളും തൊഴിലാളി പ്രക്ഷോഭങ്ങളും ഇതര ബഹുജന പ്രക്ഷോഭങ്ങളും രാജ്യത്താകെ ശക്തിപ്പെടുന്നുണ്ട്. അതാണ് ലെനിന്റെ നൂറാം ചരമവാർഷികത്തിൽ നമുക്ക് ഏറ്റെടുക്കാനാവുന്ന ഏറ്റവും ഉയർന്ന രാഷ്ട്രീയ ഉത്തരവാദിത്തം.