ആ മ്യുസോളിയത്തിലെ
ഒരു ശരീരം മാത്രമല്ല, ഇന്നും​ ലെനിൻ

ഒരു രാജ്യത്തെയും അതിനുപുറത്തുള്ളതുമായ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ നിർണായകമായി സ്വാധീനിച്ച ഒരു മനുഷ്യന്റെ ഓർമകൾ നൂറ്റാണ്ടു കഴിഞ്ഞും എങ്ങനെയാണ് വീണ്ടെടുക്കപ്പെടുന്നത് എന്ന് ആലോചിക്കുകയാണ്, മോസ്കോയിലെ ലെനിൻ മ്യുസോളിയം സന്ദർശിച്ച അനുഭവം പങ്കിട്ട്, വി. അബ്ദുൽ ലത്തീഫ്.

2018 ജൂണിലെ പ്രഭാതത്തിൽ മോസ്കോയിൽ സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു, കേരളത്തിൽ നിന്നെത്തിയവർക്ക് വിശേഷിച്ചും. രാവിലെ നേരത്തേ ഉണർന്ന് ലെനിൻ മ്യുസോളിയം കാണാനിറങ്ങിയതാണ്. നിശ്ചിതസമയം വരെയേ പ്രവേശനമുള്ളൂ. 1924-ൽ അന്തരിച്ച ലെനിന്റെ ഭൗതികശരീരം എംബാം ചെയ്തു സൂക്ഷിച്ച മ്യുസോളിയം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾ കാണാനെത്തിയ ഞങ്ങൾക്ക് മോസ്കോയിലെയും സെന്റ് പീറ്റേഴ്സ്ബർഗിലെയും മറ്റ് റഷ്യൻ നഗരങ്ങളിലെയും സോവിയറ്റുകാല സ്മാരകങ്ങൾ കാണുകയും ലക്ഷ്യമായിരുന്നു.

ചുവന്ന മാർബിൾ കൊണ്ടുണ്ടാക്കിയ സ്മൃതികുടീരത്തിലാണ് ലെനിന്റെ ഭൗതികശരീരം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിൽനിന്ന് അല്പം മാറിയുള്ള ഞങ്ങളുടെ അപ്പാർട്ടുമെന്റിൽനിന്ന് ബസും മെട്രോയുമൊക്കെ പിടിച്ച് റെഡ് സ്ക്വയർ പരിസരത്തെത്തിയപ്പോഴേക്കും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നെത്തിയവർ. ഞങ്ങളുടെ തൊട്ടു മുമ്പിൽ പോളണ്ടിൽ നിന്നെത്തിയ ഒരു കുടുംബം. പൊതിഞ്ഞെടുത്ത ആഹാരം ക്യൂവിൽ നിന്നുകൊണ്ട് കഴിക്കുകയാണവർ. പഴയ സോവിയറ്റു യൂണിയൻ ഘടകരാജ്യങ്ങളിൽനിന്നും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഇപ്പോഴും ആളുകൾ മോസ്കോയിലേക്കൊഴുകുന്നുണ്ട്. ഫുട്ബോൾ മാമാങ്കത്തിനെത്തിയ ജനങ്ങളാവും ഇവിടെയെത്തുന്നതെന്ന് കരുതിയെങ്കിലും പലരും മോസ്കോ കാണാൻ വന്നവരാണ്. സോവിയറ്റ് യൂണിയനിലെ മറ്റ് ചരിത്രസ്മാരകങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി.

Photo : Oleg Lastochkin/RIA Novosti/CC

ക്രെംലിൻ മതിലിന് ഓരം ചേർന്നാണ് ലെനിൽ മ്യുസോളിയം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശമാകെ റെഡ് സ്ക്വയർ എന്നറിയപ്പെടുന്നു. റെഡ് സ്ക്വയറിലെ മാർക്സിന്റെ ശില്പം ഇപ്പോഴും അവിടെ കാണാം. ക്രെംലിൻ മതിലുപോലെ നിരവധി കത്തീഡ്രലുകളും റെഡ് സ്ക്വയറിലെ കാഴ്ചകളുടെ ഭാഗമാണ്. പല വർണങ്ങളിൽ വലിയ ആകൃതിയിലുള്ള കത്തീഡ്രൽ ഡോമുകൾ മനോഹരമാണ്. സോവിയറ്റുഭരണത്തിനുശേഷം കത്തീഡ്രലുകൾ വിശ്വാസികളെ​ക്കൊണ്ട് നിറയാൻ തുടങ്ങി.

ലെനിൻ മ്യുസോളിയത്തിനകത്ത് തൂവാലകൊണ്ടു പോലും തല മറയ്ക്കരുത്. പോക്കറ്റിൽ കൈയിടരുത്. സംസാരിക്കരുത്. എവിടെയും നിൽക്കരുത്. തിരിഞ്ഞുനടക്കരുത്. ഓരോ പോയിന്റിലും തിരഞ്ഞെടുത്ത പ്രത്യേക സുരക്ഷാഭടന്മാരുണ്ട്.

2018-ൽ ഒക്ടോബർ വിപ്ലവം കഴിഞ്ഞ് 101 വർഷം കഴിഞ്ഞിട്ടുണ്ട്. മാർക്സിസ്റ്റ് ലോകക്രമത്തിലെ നിർണായസ്ഥാനങ്ങളെ പാരീസ് കമ്യൂൺ, കാൾ മാർക്സിന്റെ ചിന്താലോകം, ലെനിന്റെ തൊഴിലാളി വിപ്ലവം എന്നിങ്ങനെ മൂന്നു സ്തംഭങ്ങളിൽ നിർത്താവുന്നതാണ്. സോവിയറ്റ് യൂണിയനിലും പുറത്തുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ നിർണായകമായി സ്വാധീനിച്ച ഒരു മനുഷ്യന്റെ ഓർമകൾ നൂറ്റാണ്ടു കഴിഞ്ഞും മനുഷ്യരുടെ വികാരത്തെയും ചിന്തയെയും ഉണർത്തിക്കൊണ്ടിരിക്കുന്നു.

ഒറ്റ നിലയിൽ ചതുരാകൃതിയിലുള്ള ചുവന്ന മാർബിളിലാണ് മ്യുസോളിയം നിർമിച്ചിരിക്കുന്നത്. അതീവ സുരക്ഷയാണ് മ്യുസോളിയത്തിന്. യന്ത്രസഹായത്തോടെയും അല്ലാതെയുമുള്ള കർശനമായ ശരീരപരിശോധനകൾക്കു വിധേയമായേ അകത്തുകടക്കാനാകൂ. സുരക്ഷാപരിശോധനകൾക്കു ശേഷം മ്യുസോളിയത്തിനകത്ത് അനുവർത്തിക്കേണ്ട പെരുമാറ്റശീലങ്ങൾ വിശദീകരിച്ചുതരും. തൂവാലകൊണ്ടു പോലും തല മറയ്ക്കരുത്. പോക്കറ്റിൽ കൈയിടരുത്. സംസാരിക്കരുത്. എവിടെയും നിൽക്കരുത്. തിരിഞ്ഞുനടക്കരുത്. ഓരോ പോയിന്റിലും തിരഞ്ഞെടുത്ത പ്രത്യേക സുരക്ഷാഭടന്മാരുണ്ട്. ഏതെങ്കിലും നിയമം തെറ്റിച്ചാൽ അവർ ഇടപെടും.

ലെനിൽ മ്യുസോളിയം

കനത്ത ഗൗരവത്തിലേക്കും അരണ്ട വെളിച്ചത്തിലേക്കും ഞങ്ങൾ വരിവരിയായി പ്രവേശിച്ചു. തല അല്പം ഉയർത്തിയ നിലയിൽ ലെനിന്റെ ഭൗതികശരീരം പ്രത്യേകം തയ്യാറാക്കിയ സ്പോട്ട് ലൈറ്റിൽ ചേതനയറ്റു പോയിട്ടില്ലെന്ന മട്ടിൽ തിളങ്ങിനിന്നു. ആറുപേരടങ്ങിയ ഞങ്ങളുടെ സംഘത്തിൽ ഏതാണ്ടെല്ലാവരും മാർക്സിന്റെയും ലെനിന്റെയും അവരുടെ ആശയങ്ങളുടെയും ആരാധകരായിരുന്നു. ഞങ്ങളുടെ ബാല്യകൗമാരങ്ങൾ ഇടതുപക്ഷ ആശയാവലികളാൽ സ്വാധീനിക്കപ്പെട്ടതും യൗവനാരംഭം വലിയ പ്രതീക്ഷകളാൽ നയിക്കപ്പെട്ടതുമായിരുന്നു. സോവിയറ്റു കാലത്തുനിന്ന് മലയാളത്തിലേക്കെത്തിയ കഥകളും നോവലുകളും മോസ്കോയെയും റെഡ് സ്ക്വയറിനെയുമൊക്കെ ഏറ്റവും പരിചിതമായ ഇടങ്ങളാക്കി മാറ്റിയിരുന്നു.

എനിക്കു മുന്നിൽ നടക്കുകയായിരുന്ന ഡോ. അജിത്തിന് ആവേശത്തള്ളിച്ച നിയന്ത്രിക്കാനായില്ല. വലതുകൈ അന്തരീക്ഷത്തിലേക്കുയർത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ലെനിൻ സഖാവിന് അഭിവാദ്യമർപ്പിക്കുക തന്നെ ചെയ്തു.

കമ്യൂണിസ്റ്റുകൾ തീർത്ത സ്മൃതികുടീരമെങ്കിലും അതിഭൗതികമായ ഒരു പരിസരം അവിടെ രൂപപ്പെട്ടിരുന്നു. മാസ്മരിക ശക്തിയുള്ള ഒരു ദേവാലയത്തിലെന്ന പോലെ ഞങ്ങളുടെ ശരീരത്തിലേക്ക് വിപ്ലവ സ്വപ്നങ്ങളുടെയും മാർക്സിസ്റ്റ് ആശയധാരകളുടെയും സഞ്ചിതഭാവങ്ങൾ ജീവന്റെ ഒറ്റബിന്ദുവിലേക്ക് കേന്ദ്രീകരിച്ചു. മറ്റൊരു തരത്തിൽ ദൈവികമായ അനുഭൂതിയാണല്ലോ ഇതെന്ന് ശങ്കിച്ചു. എനിക്കു മുന്നിൽ നടക്കുകയായിരുന്ന ഡോ. അജിത്തിന് ആവേശത്തള്ളിച്ച നിയന്ത്രിക്കാനായില്ല. വലതുകൈ അന്തരീക്ഷത്തിലേക്കുയർത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ലെനിൻ സഖാവിന് അഭിവാദ്യമർപ്പിക്കുക തന്നെ ചെയ്തു. നിമിഷങ്ങൾക്കകം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അത് തടയുകയും പുറത്തേക്കുള്ള വഴി കാണിക്കുകയും ചെയ്തു. നിർദ്ദേശങ്ങൾ തെറ്റിച്ച് അത്തരത്തിൽ അഭിവാദ്യം നടത്തിയത് അവരെ പ്രകോപിപ്പിക്കുമെന്നും ഒരുപക്ഷേ അജിത്തിനെ അവിടെ തടഞ്ഞുവെച്ചേക്കാമെന്നും ഞങ്ങൾ ഭയപ്പെട്ടു. യൂറോപ്യൻ ശരീരമുള്ള മനുഷ്യരെ പോലും തൂക്കിയെടുത്ത് പുറത്തേക്കിടാൻ തക്ക കായശേഷിയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥർ അങ്ങനെയൊരു ഭയം ഉൽപ്പാദിപ്പിക്കുന്നുണ്ട്.

റെഡ് സ്ക്വയർ

സുരക്ഷാപ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും മ്യുസോളിയത്തിൽനിന്ന് പുറത്തിറങ്ങിയിട്ടും അഭൗമമായ എന്തോ ഒന്ന് ഞങ്ങളെ പൊതിഞ്ഞു നിന്നു. ലെനിന്റെ ഭൗതികാവശിഷ്ടങ്ങൾ അങ്ങനെ നിലനിർത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഓർത്തു. സോവിയറ്റു കാലത്തു തന്നെ അത് സംസ്കരിക്കണമെന്ന ആവശ്യം പല തവണ ഉയർന്നുവന്നതാണ്. സോവിയറ്റ് യൂണിയൻ തകർന്ന് ഘടകരാജ്യങ്ങൾ പിരിഞ്ഞുപോയി റഷ്യ തനിച്ചൊരു രാജ്യമാവുകയും സോഷ്യലിസ്റ്റ് ഭരണക്രമം അവസാനിക്കുകയും ചെയ്തപ്പോൾ ഉറപ്പായും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു, പക്ഷേ അതുണ്ടായില്ല.

കാര്യങ്ങൾ ലെനിന്റെ തുടർച്ചയിലാണ് നടക്കുന്നത് എന്ന് സാധാരണക്കാർക്കിടയിൽ തോന്നലുണ്ടാക്കാൻ ലെനിൻ മുസോളിയത്തിനു കഴിഞ്ഞിട്ടുണ്ട്.

1924-ൽ ജീവൻ വെടിയുന്നതിനു മുമ്പു തന്നെ ലെനിൻ രോഗശയ്യയിലാവുകയും പാർട്ടിയിലും ഭരണത്തിലുമുള്ള അദ്ദേഹത്തിന്റെ പിടി അയയുകയും ചെയ്തിരുന്നു. ലെനിന്റെ രീതികളിൽനിന്ന് തീർത്തും വ്യത്യസ്തമായ പരിപാടികളുമായി അധികാരത്തിൽ വന്ന ജോസഫ് സ്റ്റാലിൻ രോഗാവസ്ഥയിലുള്ള ലെനിനെ ഒരു പ്രതീകമൂല്യത്തിലേക്ക് ചുരുക്കി സോവിയറ്റ് യൂണിയനെ മുന്നോട്ടു കൊണ്ടുപോയ രാഷ്ട്രീയ നേതാവാണ്. ഒക്ടോബർ വിപ്ലവത്തിന്റെ ആസൂത്രകനും മുന്നണിപ്പോരാളിയുമായിരുന്ന ലെനിൻ ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനങ്ങൾക്ക് ആവേശകരമായ സ്രോതസ്സായിരുന്നു. വിപ്ലവത്തിനുള്ള പ്രായോഗിക വഴികൾ തേടിയും മാർക്സിസത്തിന്റെ പ്രായോഗികാശയങ്ങൾ തേടിയും സോഷ്യലിസ്റ്റ് ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ലെനിന്റെ രീതികൾ അന്വേഷിച്ചും ലോകം മുഴുവൻ ലെനിനെ തേടി വന്നു. അതിനൊക്കെ അപ്പുറം ലെനിൻ തുടർച്ചയായി മനുഷ്യർക്ക് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വൈകാരികത പ്രദാനം ചെയ്തുകൊണ്ടേയിരുന്നു.

സോവിയറ്റ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ലെനില്‍, ( 1917 നവംബര്‍ 8 ) / Photo : Wikimedia

ഇത്തരം പ്രതീകമൂല്യങ്ങൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്നതിൽ ഭരണകർത്താക്കൾക്ക് ചില രാഷ്ട്രീയലക്ഷ്യങ്ങൾ കാണും. ഇവിടെ ലെനിനിസം എന്ന് പിന്നീട് വിളിക്കപ്പെട്ട രാഷ്ട്രീയപ്രയോഗത്തിൽനിന്ന് വ്യതിചലിച്ചപ്പോഴും കാര്യങ്ങൾ ലെനിന്റെ തുടർച്ചയിലാണ് നടക്കുന്നത് എന്ന് സാധാരണക്കാർക്കിടയിൽ തോന്നലുണ്ടാക്കാൻ ലെനിൻ മുസോളിയത്തിനു കഴിഞ്ഞിട്ടുണ്ട്. സോവിയറ്റ് അനന്തര ഭരണകൂടവും അത് നിലനിർത്തുന്നുണ്ടെങ്കിൽ, ലെനിന്റെ ഓർമക്കിപ്പോഴും പല തരത്തിലുള്ള പ്രതീകമൂല്യങ്ങൾ ആ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നാണർത്ഥം. ടൂറിസം വ്യവസായമായി വളർന്നു കഴിഞ്ഞ കാലത്ത് ഒരു പക്ഷേ, സാമ്പത്തികമൂല്യവും ഇതിനുണ്ടായേക്കാം.

ക്രെംലിൻ മതിലിന്റെ ഓരത്തായി സ്റ്റാലിൻ അടക്കമുള്ള നേതാക്കളുടെയും യൂറി ഗഗാറിനെപ്പോലെ രാഷ്ട്രത്തിന് അഭിമാനമായ പ്രതിഭകളുടെയും സ്മൃതിശില്പങ്ങൾ നിരനിരയായി ആളുകളെ ആകർഷിച്ച് ഇപ്പോഴും നിൽക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തുന്ന മനുഷ്യർ അതെല്ലാം കാണുകയും ഫോട്ടോയെടുക്കുകയും ഓരോ നേതാവിന്റെയും പേരും കാലവുമോർത്ത് ആശ്ചര്യപ്പെടുകയും ചെയ്യുന്നു. സാറിസ്റ്റ് റഷ്യയിൽനിന്ന് ആചാരപരമായ ഒരു തുടർച്ച ഈ മ്യുസോളിയങ്ങളിലുമുണ്ടോ? നേരത്തേ പറഞ്ഞ പോലെ ജനമനസ്സുകളിലുള്ളിടത്തോളം അവരുടെ ഓർമകളുടെ പ്രകീതമൂല്യം പേറുന്ന സ്മാരകങ്ങൾ തുടരും.

കമ്യൂണിസ്റ്റു ഭരണം അവസാനിച്ചതിനു പിന്നാലെ റഷ്യയിൽ സ്റ്റാലിൻ പ്രതിമകൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ കണ്ട റഷ്യയിൽ നിറയെ സ്റ്റാലിൻ ചിത്രങ്ങൾ കണ്ടിരുന്നു. മെട്രോ സ്റ്റേഷനുകളിൽ, ടീ ഷർട്ടുകളിൽ, കാറിന്റെ ചില്ലിൽ ഒക്കെ സ്റ്റാലിന്റെ ഓർമകൾ ജീവിക്കുന്നു. നേരത്തേ സൂചിപ്പിച്ചപോലെ റെഡ് സ്ക്വയറിൽ ഒരു മാർക്സ് പ്രതിമ ഇപ്പോഴുമുണ്ട്. മോസ്കോ യൂണിവേഴ്സിറ്റി കാമ്പസിലും ഒരു മാർക്സ് പ്രതിമ കണ്ടതോർക്കുന്നു. സെന്റ് പീറ്റേഴ്സ് ബർഗിലെ ഉപേക്ഷിക്കപ്പെട്ട യുദ്ധകാല നിർമിതിക്കരികിലൂടെ കടന്നുപോയ ഒരു യുവതിയോട് അതെന്താണന്നറിയുമോ എന്നു ചോദിച്ചപ്പോൾ അവർ കൈമലർത്തി. യുദ്ധത്തിന്റെ സൂക്ഷ്മതകൾ ആ ജനത ഒരുപക്ഷേ മറന്നുപോയിരിക്കാമെങ്കിലും സ്റ്റാലിൻ ഇപ്പോഴും അവരുടെ വാർ ഹീറോ ആണ്. ഫാഷിസത്തെ തോല്പിച്ച് ലോകത്തെ രക്ഷിച്ച നേതാവ്.

വലിയ തോതിൽ ലോകമെങ്ങുമുള്ള മനുഷ്യരെ ആകർഷിക്കുന്ന ലെനിൻ മ്യുസോളിയത്തിനു മുന്നിൽ നിന്നപ്പോൾ ഓർമയിൽ വന്നതാണ് മനുഷ്യരുടെ ഓർമകളെയും സ്മൃതികുടീരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആലോചനകൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാഹിത്യനായകരുടെയും രാഷ്ട്രനേതാക്കളുടെയും സ്മൃതികൂടീരങ്ങൾ സന്ദർശിക്കാൻ ഇട വന്നിട്ടുണ്ട്. അങ്കാറയിൽ കെമാൽ അത്താത്തുർക്കിന്റെ സ്മാരകം, കൊനിയയിൽ ജലാലുദ്ദീൻ റൂമിയുടെ സ്മാരകം, ജർമനിയിലെ ട്രിയറിൽ മാർക്സ് ജനിച്ച ഭവനം, ദസ്തയേവ്സ്കിയുടെയും ടോൾസ്റ്റോയിയുടെയും ഓർമസ്ഥലങ്ങൾ, ഗ്രീസിൽ ക്രീറ്റ് ദ്വീപിലെ കസാൻ ദ സാക്കിസിന്റെ ഏകാന്തമായ സ്മൃതികുടീരം… അങ്ങനെ അനേകം സ്ഥലങ്ങൾ. ഗ്രീസിലും തുർക്കിയിലും പഴയ മുഗൾ ഭരണപ്രദേശങ്ങളിലും ഡക്കാനിലും ചുറ്റി നടന്നപ്പോൾ ഒരു കാലത്ത് ഗംഭീരമായി നിലനിന്നതും ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടതുമായ ധാരാളം സ്മൃതികുടീരങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഏതാനും നൂറ്റാണ്ടുകൾ മുതൽ ആയിരമോ രണ്ടായിരമോ വർഷം പഴക്കമുള്ളവ വരെ. ചിലതെല്ലാം അതിന്റെ വിശദാംശങ്ങൾ നിലനിർത്തിയിരിക്കുന്നു. പലതും പുരാവസ്തു ഗവേഷകരുടെ ഊഹങ്ങളിലും നിരീക്ഷണങ്ങളിലും മാത്രം മങ്ങിനിൽക്കുന്നു. ജനതയിൽനിന്ന് ഓർമകളുടെ ബന്ധം വിട്ട് അനാഥരായിപ്പോയ സ്മൃതികുടീരങ്ങൾ.

വലിയ തോതിൽ ലോകമെങ്ങുമുള്ള മനുഷ്യരെ ആകർഷിക്കുന്ന ലെനിൻ മ്യുസോളിയത്തിനു മുന്നിൽ നിന്നപ്പോൾ ഓർമയിൽ വന്നതാണ് മനുഷ്യരുടെ ഓർമകളെയും സ്മൃതികുടീരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആലോചനകൾ. ഭരണകർത്താക്കൾ അവരുടെ ജീവിതകാലത്തും ശേഷവും ഓർമകളെയും ആശയങ്ങളെയും നിലനിർത്താൻ ഇത്തരം പ്രതീകങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. പഴയ ഓർമകളെ ബോധപൂർവ്വം മായ്ച്ചുകളയാനുള്ള ശ്രമവും ഉണ്ടാകാറുണ്ട്. ഇറാഖിൽ സദ്ദാം ഭരണം അവസാനിച്ചപ്പോൾ വ്യാപകമായി അദ്ദേഹത്തിന്റെ പ്രതിമകൾ അടിച്ചുതകർത്തത് നാം കണ്ടതാണ്. അതുപോലെ പുതിയ നേതാക്കളും പുതിയ ആശയങ്ങളും വന്നുകൊണ്ടിരിക്കുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിലെ ലെനിൻ മ്യുസോളിയം സന്ദർശിച്ചിട്ട് ആറാം വർഷത്തിലേക്കു കടക്കുമ്പോഴും ആ ഓർമയും ആലോചനകളും മങ്ങാതെ നിൽക്കുന്നു.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments