പദ്​മനാഭൻ ബ്ലാത്തൂർ

ഇഷ്ടമുള്ളതെല്ലാം ചെയ്യുന്ന ഒരാഹ്ലാദകാലം

വിരമിക്കൽ എന്നാൽ വിശ്രമിക്കൽ എന്ന പൊതുധാരണയെ മറികടന്ന്, ഇഷ്ടമുള്ളതെല്ലാം ചെയ്ത്, മൂന്നരപ്പതിറ്റാണ്ടിനുശേഷമുള്ള റിട്ടയർമെന്റ് ജീവിതം ആഹ്ളാദഭരിതമാക്കുന്ന ഒരധ്യാപകന്റെ അനുഭവം.

പട്ടണമോടിക്കിതച്ചെൻ്റെ വാതിലിൽ വന്നു
മുട്ടി വാത്സല്യത്തോടെ കുശലം ചോദിക്കുന്നു
അടുത്തൂൺ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പൻ വൈചിത്ര്യ രാഹിത്യത്തിലുയിർത്തോനേ
ഇച്ചാരുകസേലയിൽ ഭൂതകാലാഹ്ലാദത്തി-
നുച്ഛിഷ്ടം നുണച്ചുകൊണ്ടിരിക്കും പാവത്താനേ
മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം?
ഗതിമുട്ടിയ ഞാനൊരുത്തരം കണ്ടെത്തുന്നു
മുറ്റത്തു വർഷംതോറും വിടർന്നു വാടാറുള്ള
മുക്കുറ്റിപ്പൂവിന്നിതളെത്രയെന്നറിയാതെ
അമ്പത്തൊമ്പതുവർഷം കടന്നുപോയെന്നുള്ളൊ-
രമ്പരപ്പാണീ മുഹൂർത്തത്തിലെന്നന്തർഭാവം
പറവൂ നിസ്സന്ദേഹമിന്നു ഞാൻ മുക്കുറ്റിക്കു
കരളിൽ തുടുപ്പോലുമഞ്ചിതളുകളത്രേ.

-അടുത്തൂൺ, അക്കിത്തം

ണ്ണൂരിലെ നാട്ടിൻപുറത്ത് ജനിച്ചുവളർന്ന് കാസർകോട്ടെ നഗരപ്രാന്തത്തിലുള്ള വിദ്യാലയങ്ങളിൽ മൂന്നു പതിറ്റാണ്ടിലധികം ജോലി ചെയ്ത് വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ കവിത കുട്ടികളെ പഠിപ്പിക്കുന്നത്. മുൻവർഷങ്ങളിലും ഇക്കവിത പഠിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്തൂൺ അന്ന് അത്രയടുത്തല്ലാത്തതിനാലും അതിനെപ്പറ്റി ആലോചിച്ചുതുടങ്ങിയിട്ടില്ലാത്തതിനാലും അതെന്നെ അധികം തൊട്ടിട്ടില്ല. ജനിച്ചാൽ മരണം നിശ്ചയം എന്നൊക്കെപ്പറയുന്നതു പോലെ സർക്കാർ ജോലിക്കാർക്ക് ജോലിയിൽ ചേർന്നാൽ വിരമിക്കലുമുണ്ടല്ലോ.

അക്കിത്തം അച്യുതന്‍ നമ്പൂതിരി

പെൻഷൻ പറ്റിയ അധികം മനുഷ്യരെയൊന്നും ചെറുപ്പത്തിൽ കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന അധ്യാപകരും മറ്റു ജീവനക്കാരും മാത്രമേ അന്ന് ഞങ്ങളുടെ നാട്ടിലുള്ളൂ. അവരൊക്കെ യൗവനം പിന്നിടുന്നതേയുണ്ടായിരുന്നുള്ളൂ. ഗാന്ധി വിലാസം എൽ.പി.സ്കൂളിൽ പഠിപ്പിച്ച അധ്യാപകർ ചിലർ പെൻഷൻ പറ്റുന്നതാണ് ഓർമയിലുള്ളത്. അപ്പോഴേക്കും അവരൊക്കെ വൃദ്ധരായിത്തീർന്നിരുന്നു! തൊണ്ടൻ നാരായണൻ മാഷ് എന്ന് അക്കൂട്ടത്തിലൊരാളെ വിളിച്ചിരുന്നു എന്നോർക്കുന്നു. ഞങ്ങളുടെ നാട്ടുഭാഷാ നിഘണ്ടുവിൽ പടുവൃദ്ധരെയാണ് തൊണ്ടൻ എന്നു വിളിക്കുക.

അടുത്തൂൺ പറ്റൽ അന്നൊക്കെ സങ്കടകരമായിരുന്നു. തുച്ഛ ശമ്പളത്തിൽ ജോലി ചെയ്ത്, വലുതായൊന്നും സമ്പാദിക്കാതെ, ക്ലേശങ്ങളുടെ നെടുംപാതയിലേക്കുള്ള പതനമായിരുന്നു പലർക്കും റിട്ടയർമെൻ്റ്. കാലമെത്തി പിരിഞ്ഞുപോകുന്നതിലുമധികം പേർ അതിനുമുന്നേ മരിച്ചുപോകാറുണ്ട് എന്നു തോന്നുന്നു. പിരിഞ്ഞുപോന്നവരും പിന്നീടധികകാലം ഉണ്ടാവാറില്ല. അതുകൊണ്ടൊക്കെയാവണം പെൻഷൻ പറ്റൽ അത്ര സുഖകരമല്ലാത്ത ഒരവസ്ഥയായി അക്കാലത്തിന് അനുഭവപ്പെട്ടത്.

ജോലിയിൽ നിന്നിറങ്ങിയാൽ എന്തു ചെയ്യണമെന്ന് നേരത്തേ തീരുമാനങ്ങളെടുത്തിട്ടുള്ള ആളാണ് ഞാൻ.

‘പെൻഷൻ പേപ്പർ അയക്കാൻ സമയമായി മാഷേ’ എന്ന് സ്കൂൾ ഓഫീസിൽ നിന്ന് അറിയിക്കുമ്പോഴാണ് വിരമിക്കാൻ സമയമായല്ലോ എന്നതുതന്നെ ഞാൻ ഓർക്കുന്നത്. പുറത്തിറങ്ങിയാൽ എന്ത് എന്നതിനെക്കുറിച്ച് വലിയ ആധികളൊന്നുമില്ലാത്തതിനാൽ അതെന്നെ ഞെട്ടിച്ചില്ല. കണക്കിലുണ്ടായിരുന്ന, കൂട്ടിവെച്ച അവധികളെടുത്ത് വീട്ടിലിരിക്കാനാണ് സുഹൃത്തുക്കൾ ചിലരിൽ നിന്ന് ആദ്യം കിട്ടിയ ഉപദേശം. പുറത്തിറങ്ങുമ്പോൾ ജോലിക്കു ചേരാവുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെക്കുറിച്ചും ചിലർ പറഞ്ഞുതന്നു. ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്നാൽ പെട്ടെന്ന് വയസ്സനായി ചത്തുപോകും എന്ന് തമാശമട്ടിലാണെങ്കിലും ചിലർ ഭീഷണിപ്പെടുത്തി.

വിരമിച്ചശേഷം എന്തു തരാമെന്നു പറഞ്ഞാലും അൺ എയ്ഡഡ് സ്കൂളിൽ പണിക്കു പോവില്ല എന്നതായിരുന്നു ഒരു തീരുമാനം. മറ്റൊന്ന്, മാസശമ്പളം പറ്റുന്ന ജോലികളും ചെയ്യില്ല എന്നും

ജോലിയിൽ നിന്നിറങ്ങിയാൽ എന്തു ചെയ്യണമെന്ന് നേരത്തേ തീരുമാനങ്ങളെടുത്തിട്ടുള്ള ആളാണ് ഞാൻ. അതിലൊന്ന്, പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടയാളെന്ന നിലയിൽ, വിരമിച്ചശേഷം എന്തു തരാമെന്നു പറഞ്ഞാലും അൺ എയ്ഡഡ് സ്കൂളിൽ പണിക്കു പോവില്ല എന്നതാണ്. മറ്റൊന്ന്, മാസശമ്പളം പറ്റുന്ന ജോലികളും ചെയ്യില്ല. സുഹൃത്തുക്കളിൽ പലരും സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുമ്പോൾ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും വിരമിച്ചതിനു തൊട്ടടുത്ത ദിവസം അൺ എയ്ഡഡ് സ്കൂളിലെ കൂലിക്കാരാവുകയും ചെയ്യുന്നത് ഏറെ കണ്ടിട്ടുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മാത്രമല്ല, ശിഷ്ടകാലം മാന്യമായി ജീവിക്കാനുള്ള പെൻഷൻ കിട്ടുകയും ചെയ്യുമല്ലോ. പരിചയത്തിലുള്ള ചില പെൻഷൻകാരെപ്പോലെ പിരിയുമ്പോൾ കിട്ടുന്ന തുക ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ്, കച്ചവടം എന്നിവയിൽ ഇടപെടാനും ഉദ്ദേശ്യമുണ്ടായിരുന്നില്ല.

മൂന്നരപ്പതിറ്റാണ്ടുകാലത്തെ അധ്യാപക ജീവിതം എന്തു തന്നു എന്നു തിരിഞ്ഞുനോക്കുന്നത് ഉചിതമാണ് എന്നു തോന്നുന്നു.

പദ്മനാഭൻ ബ്ലാത്തൂരിന്റെ യാത്രയയപ്പ് ചടങ്ങ്

വായിക്കാനും പഠിക്കാനും സ്വയം നവീകരിക്കാനുമുള്ള അവസരം അതെനിക്കുതന്നു. 32 കൊല്ലം മുന്നേ ഏഴാം ക്ലാസിൽ എൻ്റെ മുന്നിലിരുന്ന കുട്ടികളിൽ പലരും ഇന്നെൻ്റെ നല്ല സുഹൃത്തുക്കളാണ്. ജനപ്രതിനിധികളായും പലതരം തൊഴിൽ ചെയ്യുന്നവരായും അവരെ നിത്യേനയെന്നോണം കാണുന്നുണ്ട്. എൻ്റെ മാഷ് എന്ന് അവരുടെ കുട്ടികളോട് പരിചയപ്പെടുത്തുമ്പോൾ ഞാൻ ആ കാലത്തിലേക്ക് മടങ്ങിയെത്തും.

കാസർകോട്ടെ മൊഗ്രാൽ ഹൈസ്കൂളിൽ പ്രൈമറി അധ്യാപകനായി എത്തുമ്പോഴാണ് പഠന പ്രവർത്തനങ്ങളിൽ ഭാഷ വലിയൊരു പ്രശ്നമാവുന്നത് തിരിച്ചറിയുന്നത്. നമ്മുടെ പാഠപുസ്തകങ്ങളെല്ലാം മാനക മലയാളത്തിലാണല്ലോ. കാസർകോട്ടെ കുട്ടികളുടെ മലയാളം സവിശേഷമായ താളവും ഊന്നലുമുള്ള, പല ഭാഷകൾ കലർന്ന മറ്റൊരു മലയാളമാണ്. പതിമൂന്നു ജില്ലകളിൽ നിന്ന് ജോലി കിട്ടിയെത്തുന്ന അധ്യാപകർ ആ കുട്ടികളോട് തീർത്തും വേറിട്ട മലയാളങ്ങളിൽ സംസാരിച്ചു. സത്യത്തിൽ കുട്ടികളാണ് കുഴങ്ങുന്നത്. തങ്ങൾ ജനിച്ചുവളർന്ന നാട്ടിൽ നിത്യവും കേൾക്കുന്ന ഭാഷ എന്തോ കുറവുകളുള്ള ഒന്നായി അവർക്ക് തോന്നാൻ തുടങ്ങും. ‘നിങ്ങൾ പറയുന്നതൊന്നും ഞങ്ങൾക്കു മനസ്സിലാവുന്നില്ല’ എന്ന് കളിയാക്കുന്ന അധ്യാപകരോട്, ‘നിങ്ങളെ ഞങ്ങൾക്കും മനസ്സിലാവുന്നില്ല’ എന്നുപറയാൻ അവർക്ക് അറിയുമായിരുന്നില്ല. ഇങ്ങനെ പല ഭാഷകളിൽ കുഴഞ്ഞുകിടന്നതിനാലാവാം സ്കൂളുകളിലെ പഠനമൊക്കെ ഒരു കണക്കായിരുന്നു. ഭാഷാപഠനത്തിലാണ് ഇത് ഏറ്റവും വലിയ വെല്ലുവിളിയായത്. പുരാണേതിഹാസങ്ങളെ ഉപജീവിച്ചുണ്ടാക്കിയ പാഠഭാഗങ്ങളായിരുന്നു ഏറെയും. അതിൽ പരാമർശിക്കപ്പെടുന്ന കഥാസന്ദർഭങ്ങൾ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾ ഏറെ പ്രയാസപ്പെട്ടു. സമാനമായ സന്ദർഭങ്ങൾ വരുന്ന പ്രാദേശിക മിത്തുകളും കഥകളും ഉപയോഗിച്ച് ക്ലാസ് മുറിയിൽ നിർമിച്ചെടുത്ത സമാന്തര ടെക്സ്റ്റുകളുടെ ഉപയോഗം വഴിയാണ് അതിനെ മറികടക്കാൻ ശ്രമിച്ചത്.

തുളു മാതൃഭാഷയായ നിരവധി കുട്ടികളെ സ്കൂളിൽ മലയാളം പഠിപ്പിക്കേണ്ടിവന്നിട്ടുണ്ട്. തുളു ലിപി പ്രചാരത്തിലില്ലാത്തതിനാൽ മലയാളം മീഡിയത്തിലോ കന്നട മീഡിയത്തിലോ ചേർന്നു പഠിക്കാനേ അവർക്കു കഴിയുമായിരുന്നുള്ളൂ. വീട്ടിൽ തുളുവും നാട്ടിൽ കന്നടയും സംസാരിക്കുന്ന ആ കുട്ടികൾക്ക് മലയാളം എളുപ്പം വഴങ്ങുമായിരുന്നില്ല. എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനപ്പുറം അവരെ ഭാഷ പഠിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കുറ്റബോധത്തോടെ ഓർക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങൾ ഗോത്രജനതകളേയും ഭാഷാന്യൂനപക്ഷങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒന്നല്ല എന്ന തോന്നൽ ഇപ്പോഴും ബാക്കിയുണ്ട്.

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ വിരമിച്ചതിനു ശേഷമുള്ള കാലം ഉപയോഗിക്കും എന്നുറപ്പിച്ചിരുന്നു.

മൈനസ് ടു മുതൽ പ്ലസ് ടു വരെ എന്നതാണല്ലോ ടാഗ് ലൈൻ. 14 വർഷം സ്കൂളുകളിൽ ചെലവഴിക്കുന്ന കുട്ടികളിൽ പലരും അടിസ്ഥാന ശേഷികൾ പോലും നേടാതെയാണ് പുറത്തേക്കു വരുന്നത് എന്നത് സത്യമാണ്. പലരും സ്കൂൾപഠനം കഴിഞ്ഞാൽ ജീവിതമാർഗം തേടി സമൂഹത്തിലേക്കിറങ്ങുന്നു. അത്തരമാളുകൾക്ക് ആത്മവിശ്വാസവും പിന്തുണയും കൊടുക്കുന്ന ഒന്നും തന്നെ പരിശീലിപ്പിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് സങ്കടകരമാണ്. കാക്ക പോലും ഇരുപത്തഞ്ചു വയസ്സുവരെയേ മക്കളെ നോക്കൂ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. നമ്മൾ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടി ഇരുപത്തഞ്ചും മുപ്പതും വയസ്സുവരെ മനുഷ്യരെ വിദ്യാർത്ഥികളായി തുടരാൻ നിർബന്ധിക്കുന്നതാണ്. ജോലി കിട്ടാൻ ഈ പഠിപ്പൊന്നും പോരാ എന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്.

ഈ മൂന്നുപതിറ്റാണ്ടിനിടയിൽ വിദ്യാലയങ്ങളിൽ വന്ന മാറ്റങ്ങൾ അതിശയകരമാണ്. നല്ല കെട്ടിടങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എല്ലായിടത്തുമുണ്ട്. നല്ല അധ്യാപകരുമുണ്ട്. അതിനൊത്ത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകുന്നുണ്ടോ എന്ന് നാം നമ്മളോട് തന്നെ ചോദിക്കേണ്ടതുണ്ട്.

പൊതുവിദ്യാലയങ്ങൾ എന്നു കേൾക്കുമ്പോൾ മലയാളം മാധ്യമത്തിലുള്ള സ്കൂൾ എന്നാണ് മനസ്സിൽവരിക. എന്നാൽ ബഹുഭൂരിഭാഗം സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലാണ് കൂടുതൽ കുട്ടികൾ. മലയാളം പഠിക്കാനാളില്ലാത്ത കാലവും സ്കൂളുകളിൽ വരാൻ പോകുന്നു എന്നത് അതിശയോക്തിയല്ല.

ഈ മൂന്നുപതിറ്റാണ്ടിനിടയിൽ വിദ്യാലയങ്ങളിൽ വന്ന മാറ്റങ്ങൾ അതിശയകരമാണ്. നല്ല കെട്ടിടങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എല്ലായിടത്തുമുണ്ട്.

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ വിരമിച്ചതിനു ശേഷമുള്ള കാലം ഉപയോഗിക്കും എന്നുറപ്പിച്ചിരുന്നു. കുട്ടികളുടെ നാടകവേദി ഇഷ്ടമേഖലയായിരുന്നു. അവിടെ വീണ്ടും സജീവമാകാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ശാസ്ത്രനാടകമത്സരത്തിൽ സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി. പ്രയാണം എന്ന നാടകത്തിന് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ സമ്മാനവും ലഭിച്ചു. ദേശീയ ട്രൈബൽ സ്കൂൾ നാടകോത്സവത്തിൽ 2022- ൽ ഒന്നാം സ്ഥാനവും 2023- ൽ രണ്ടാം സ്ഥാനവും ലഭിച്ചു.

വിരമിക്കൽ എന്നാൽ വിശ്രമിക്കൽ എന്ന് ധരിച്ചു വെച്ച സമൂഹമാണ് നമ്മുടേത്. ആയുർദൈർഘ്യം കുറവായിരുന്ന അറുപതുകളിലും എഴുപതുകളിലുമൊക്കെ ആ തോന്നൽ ശരി വെക്കും വിധം അടുത്തൂൺ പറ്റിയവർ അവശരും പരാശ്രിതരുമായി വീടുകളിൽ തളഞ്ഞുപോയിരുന്നു. പുതിയ കാലത്ത് സ്ഥിതി മാറി. എൺപതും തൊണ്ണൂറും പിന്നിട്ടവർ പോലും യുവാക്കളായി പൊതുരംഗത്ത് തുടരുന്നതാണ് നേരനുഭവം. വെറും 56 വയസ് പിന്നിടുമ്പോൾ സർവീസിൽ നിന്ന് പടിയിറങ്ങുന്നവർക്ക് ഇനിയും ഒട്ടേറെ ചെയ്യാൻ കഴിയും. അവരുടെ നൈപുണ്യവും അനുഭവപരിചയവും പൊതുസമൂഹത്തിന് ഉപയോഗിക്കാനാവണം. അതിനു സഹായിക്കുന്ന സാമൂഹ്യപദ്ധതികൾ സർക്കാർ - സർക്കാരേതര തലങ്ങളിൽ ഉണ്ടാക്കണം.

അടുത്തൂൺ പറ്റൽ സർഗശേഷിയുടെ എന്നല്ല ഒന്നിൻ്റെയും അവസാനമല്ല.

Comments