ബീനയും ഫൈസലും

അടഞ്ഞലോകത്തെ ഉയിർപ്പുകൾ

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലിരുന്നാണ് ഇതെഴുതുന്നത്; ഏത് നിമിഷവും തൊഴിൽരഹിതയായേക്കാം എന്ന ആശങ്കയും ഭയവും രാപ്പകൽ എന്നെയും ഭരിക്കുന്നുണ്ട്. കോവിഡ് വരുത്തിയ സബ്‌സിസ്റ്റൻസ് ക്രൈസിസ്

ബീന

രു നദി കലങ്ങിയും തെളിഞ്ഞുമിരിക്കാം.
ചിലപ്പോൾ ജലനിരപ്പ് ക്രമാതീതമായി ഉയർന്നും മറ്റു ചിലപ്പോൾ വറ്റിവരണ്ടും അതേ നദിയെ നമ്മൾ അനുഭവിക്കുന്നുണ്ട്.
​മാലിന്യങ്ങൾ കെട്ടിക്കിടന്ന് അതിന്റെ ഒഴുക്ക് നിലച്ചുപോകാറുമുണ്ട്. അതുപോലെ തന്നെ ജീവിതവും. ഇടതടവില്ലാതെ ഒഴുകുന്ന നദിയല്ല ഒരു ജീവിതവും. ഗൾഫ് പ്രവാസികൾക്ക് തൊഴിൽ പ്രതിസന്ധികൾ പല രൂപത്തിൽ പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്. അവ മാനസിക പിരിമുറുക്കവും തുടർന്ന് ശാരീരികമായ വിഷമതകളും ഉണ്ടാക്കുകയും അസുഖങ്ങൾ സ്ഥിരോത്സാഹികളായി കൂടെ കൂടുകയും ചെയ്യുന്നു. ലോകത്തെങ്ങുമുള്ള മനുഷ്യരെ അരക്ഷിതാവസ്ഥയിലാക്കിയ ഒന്നാണല്ലൊ കൊറോണ വൈറസ്. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലിരുന്നാണ് ഇതെഴുതുന്നത്. ഏത് നിമിഷവും തൊഴിൽരഹിതയായേക്കാം എന്ന ആശങ്കയും ഭയവും രാപ്പകൽ എന്നെയും ഭരിക്കുന്നുണ്ട്.

രാജ്യത്തെ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിക്കുന്ന സൗദി അധികൃതർ / photo: ministry of health

കോവിഡ് വരുത്തിയ സബ്‌സിസ്റ്റൻസ് ക്രൈസിസ്

മാർച്ചിൽ പ്രത്യേക മുന്നൊരുക്കങ്ങളോ, പരിശീലനങ്ങളോ ഇല്ലാതെയാണ് ഓൺലൈൻ ക്ലാസ് മുറിയിലേക്ക് തള്ളിവിടപ്പെട്ടത്. തുടർന്ന് ഒൻപതു മാസങ്ങളായി ഓൺലൈൻ അധ്യാപനം തുടരുന്നു. ഇരുപത്തിനാലു മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച സമയത്ത് മിക്കവാറും എല്ലാ തൊഴിൽ മേഖലകളിൽ ഉള്ളവർക്കും ‘വർക് ഫ്രം ഹോം’ തന്നെയായിരുന്നു. അപ്പോഴും ചുരുക്കം ചില മേഖലകളിൽ ഉള്ളവർക്ക് അധികൃതരുടെ പ്രത്യേക അനുമതിപത്രത്തോടെ ഓഫീസുകളിലെത്തി ജോലി ചെയ്യേണ്ടിവന്നു.

ഭീകരവൈറസ് മൂലമുണ്ടായ അടച്ചിടൽ ഏൽപ്പിച്ച പുലിവാല് കൈവിറച്ചുകൊണ്ടാണെങ്കിലും മുറുകെ പിടിക്കുകയല്ലാതെ വഴിയില്ല. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. ഒരു വീട്ടിൽത്തന്നെ അഞ്ചിലേറെ കുട്ടികൾ ഒരേ സമയം ഓൺലൈൻ ക്ലാസ് അറ്റന്റ് ചെയ്യേണ്ടിവരുന്ന അവസ്ഥപോലുമുണ്ട്. അത്തരം കുടുംബങ്ങളുടെ വിഷമതകൾ കുറക്കാനായി ടൈം ടേബിൾ അനുസരിച്ചുള്ള ഓൺലൈവ് ക്ലാസുകൾക്കുപുറമേ റെക്കോർഡ് ചെയ്ത ക്ലാസുകൾ അതതു ദിവസം കുട്ടികൾക്ക് ലഭ്യമാക്കിയും, അവരോട് നിരന്തരം സംവദിച്ചും ഒപ്പം നിൽക്കേണ്ടതായി വരുന്നു. ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കേണ്ടത് അനിവാര്യമാണ്.

കൊറോണകാലത്തിനു മുൻപുതന്നെ സ്വദേശിവൽക്കരണത്തിന്റെയും നിതാഖാത്തിന്റെയും ഭാഗമായി ഒട്ടേറെ പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൊറോണമൂലം ഉണ്ടായ അടച്ചിടലോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലും തൊഴിൽനഷ്ടം നേരിടേണ്ടിവന്നു. ഏതു നിമിഷവും അങ്ങനെയൊന്ന് എനിക്കും നേരിടേണ്ടിവരാമെന്ന ബോധ്യത്തിൽ മുന്നോട്ടുള്ള ജീവിതം ഇരുട്ടുനിറഞ്ഞതു തന്നെയാണ്

അതിജീവനത്തിനായി എന്തും ചെയ്യുന്നവരാണല്ലോ മനുഷ്യരടക്കമുള്ള ജീവിവർഗം! ഭയാശങ്കകളെല്ലാം അലട്ടുമ്പൊഴും സ്ഥിരോത്സാഹവും അറിയാത്ത കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനസ്സും ഉണ്ടായേ തീരൂ. നിശ്ചയദാർഢ്യത്തോടെ അതിനെ നേരിട്ടത് ജോലി കുറേയൊക്കെ എളുപ്പമാക്കി. ഡിജിറ്റൽ കാലത്ത് ‘വർക് ഫ്രം ഹോം’ എന്ന സ്ഥിതിവിശേഷത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കേണ്ട അവസ്ഥയും തിരിച്ചറിഞ്ഞു. അതിനോടും സമരസപ്പെട്ടു. ജീവിക്കണമല്ലൊ. സബ്‌സിസ്റ്റൻസ് ക്രൈസിസ്!

ഹൈവേയിൽ ചിലയിടത്തുകണ്ട ‘നിങ്ങൾ നിരീക്ഷണത്തിലാണ്’ എന്ന ബോർഡ് ഓർത്തുകൊണ്ടുമാത്രമേ ഓരോ ക്ലാസിലും ഞാൻ കൈകാര്യം ചെയ്യുന്ന പാഠ്യവിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യാനാകൂ. ‘നിങ്ങൾ നിരീക്ഷണത്തിലാണ്' എന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കേണ്ട നിശബ്ദമായ ഒരു ഭീകരാന്തരീക്ഷവും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ബോധനം നടത്തുമ്പോൾ ഉണ്ട്.

കൊറോണകാലത്തിനു മുൻപുതന്നെ സ്വദേശിവൽക്കരണത്തിന്റെയും നിതാഖാത്തിന്റെയും ഭാഗമായി ഒട്ടേറെ പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൊറോണമൂലം ഉണ്ടായ അടച്ചിടലോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, മറ്റു സപ്പോർട്ടിംഗ് സ്റ്റാഫ്, അധ്യാപകരിൽത്തന്നെ ഒരു കൂട്ടം, അങ്ങനെ ഏറെ പേർക്ക് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലും തൊഴിൽനഷ്ടം നേരിടേണ്ടിവന്നു. ഏതു നിമിഷവും അങ്ങനെയൊന്ന് എനിക്കും നേരിടേണ്ടിവരാമെന്ന ബോധ്യത്തിൽ മുന്നോട്ടുള്ള ജീവിതം ഇരുട്ടുനിറഞ്ഞതു തന്നെയാണ്. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെയും കൊറോണ പ്രതിസന്ധി മൂലം ശമ്പളം മുടങ്ങിയ രക്ഷിതാക്കൾ സ്‌കൂൾ ഫീസ് അടക്കാൻ വൈകുന്നതിന്റെയും സാഹചര്യത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഈ പിരിച്ചുവിടൽ ഒഴിവാക്കാൻ കഴിയാതെ വന്നു. മറ്റു സ്ഥാപനങ്ങളിലും ഇതൊക്കെത്തന്നെ സ്ഥിതി. തൊഴിൽ നഷ്ടപ്പെട്ട് നിരവധി ഇന്ത്യക്കാർ ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു. ഇനിയുമത് തുടരും.

സൗദിയിലെ പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നു/ photo: Saudi press agency

ഏറെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളെ മരണവാറണ്ടുമായി വന്ന കൊറോണ കൊണ്ടുപോയി. അനവധി കൊവിഡ് ബാധിതർ ആശുപത്രികളിൽ മികച്ച പരിചരണത്തിലൂടെ രോഗവിമുക്തരായി. അതിലുമെത്രയോ മടങ്ങ് ആളുകൾ ആശുപത്രി സൗകര്യം ലഭിക്കാതെ വീടുകളിൽത്തന്നെ സ്വയം പരിചരിച്ചും വിശ്രമിച്ചും ഭീതിയുടെ നാളുകൾ കടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സംസാരിക്കാൻ പോലുമാവാതെ ചിലർ അങ്കലാപ്പോടെ രോഗവിവരങ്ങൾ പങ്കുവെച്ചതോർക്കുമ്പോൾ ഉള്ള് പിടയുന്നു. സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനമില്ലാതെ കൊവിഡ് ബാധിതർക്ക് സൗജന്യ ചികിത്സ നൽകിയും ശാസ്ത്രീയ നടപടികളിലൂടെ രോഗവ്യാപനം കുറച്ചും രാജ്യം മാതൃകയായി. പാട്ടകൊട്ടിയും തിരി തെളിച്ചും എന്റെ രാജ്യത്തെ ഭരണാധികാരി കോമിക്കുകൾ കാണിക്കുന്നത് കണ്ട് ചൂളിപ്പോയ സന്ദർഭം കൂടിയായിരുന്നു അത്.

വാർഷിക വെക്കേഷൻ ജുലൈ- ആഗസ്​റ്റ്​ മാസങ്ങളിലായതിനാൽ എല്ലാ വർഷവും ആ സമയത്ത് ഞങ്ങൾ നാട്ടിലായിരിക്കും. ഇത്തവണ നാട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള വെക്കേഷൻ എന്ന ആണ്ടുത്സവം നടക്കാതെ പോയി. നാട്ടിൽ പഠിക്കുന്ന മകൻ അമൽ, കോളജ് അടച്ചതിനെത്തുടർന്ന് വീട്ടിൽ ഒറ്റക്കായി. റിയാദിൽ പത്താം തരം കഴിഞ്ഞ് പ്ലസ് വൺ പഠനത്തിന് നാട്ടിലെ സ്‌കൂളിൽ ചേർന്ന ഇളയ മകൻ അഖിൽ ഇവിടെയിരുന്ന് നാട്ടിലെ സ്‌കൂളിലെ ഓൺലൈൻ ക്ലാസ് അറ്റന്റ് ചെയ്യുന്നു. കാറ്റേൽക്കാതെ, സൂര്യവെളിച്ചവും മണ്ണും ആകാശവും കാണാതെ നീണ്ട ഒൻപതുമാസങ്ങൾ വീട്ടുജീവിയായി തൊഴിലെടുത്തുതന്നെ ഞാനും കഴിഞ്ഞു. പലരും പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയെങ്കിലും സാമൂഹിക അകലം എന്ന ഉത്തരവാദിത്തം പാലിച്ച് ഈയടുത്ത നാൾവരെ വീടിനകത്തുതന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഏത് പ്രതിസന്ധിയിലും നമുക്ക് ആഹ്ലാദിക്കാൻ, ചുരുങ്ങിയ പക്ഷം ഒന്ന് ആശ്വസിക്കാനെങ്കിലുമുള്ള കച്ചിത്തുരുമ്പുകൾ നമ്മൾതന്നെ കണ്ടെത്തുമല്ലൊ. കുറച്ചെങ്കിലും വായിക്കാനും എഴുതാനും കഴിഞ്ഞു. കണക്കറ്റ് ചിന്തിച്ചുകൂട്ടി വിഷാദംപൂണ്ടിരിക്കുന്നതിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കേണ്ട ജോലികളുടെ ആധിക്യവും ഒരുപക്ഷേ ഞങ്ങളെ പിന്നോട്ടുവലിച്ചിരിക്കാം.

ചങ്കിടിപ്പ് കൂട്ടുന്ന എയർപ്പോർട്ട്

അപ്രതീക്ഷിതമായ പ്രതിസന്ധികൾ അതിജീവനം അസാധ്യമെന്ന് ഭയപ്പെടുത്തിയ ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അതിലുമെത്രയോ മടങ്ങ് സഹനങ്ങളിലൂടെ അനേകം മനുഷ്യർ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ കണ്ട് എന്റേത് എത്ര ചെറിയ ദുരിതം എന്ന് സ്വയം ബോധ്യപ്പെടുത്തും. ചില അപൂർവതകളിൽ ഒഴികെ. അത്തരം അപൂർവതകളിൽ ഒന്ന് സംഭവിച്ചത് 2007ലാണ്​. ഗൾഫിലൊരു ജീവിതം എന്നത് എനിക്കോ പങ്കാളിയായ ഫൈസലിനോ ചിന്തയിലുണ്ടായിരുന്നില്ല. നാട്ടിൽ തുച്ഛവരുമാനക്കാരായ അൺ എയിഡഡ് സ്‌കൂൾ അധ്യാപകരായിരുന്നു ഞങ്ങൾ. നിലനിൽപ് എന്ന സന്ദിഗ്ധാവസ്ഥയാണ് ഞങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത മരുഭൂമിയിൽ എത്തിച്ചത്. ഞങ്ങൾ സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ അധ്യാപകവിസയിൽ എത്തിയത് ഇരുപത് വർഷം മുൻപ്. പിന്നീട് തബൂക്കിൽ നിന്ന് റിയാദ് നഗരത്തിലെ ഒരു സ്‌കൂളിലേക്ക് പറിച്ചുനടുന്നതിന്റെ ഭാഗമായാണ് ആ സ്‌കൂളിന്റെ വിസയിൽ വരാനായി 2006 ൽ നാട്ടിലേക്ക് മടങ്ങിയത്. തൊഴിൽ വിസയിൽ വരികയാണെങ്കിൽ മക്കളെ കൂടെ കൊണ്ടുവരാൻ കഴിയില്ല എന്നതിനാൽ ഫൈസൽ മാത്രം ആദ്യം റിയാദിലേക്ക് പറന്നു. താമസിയാതെ ഫാമിലി വിസയിൽ എനിക്കും മക്കൾക്കും റിയാദിലെത്താം എന്നതായിരുന്നു പ്ലാൻ.

മക്കൾക്കൊപ്പം ബീന

കുറച്ചു മാസങ്ങൾ വേണ്ടിവന്നു ഫാമിലി വിസ ശരിയാവാൻ. വിസ സ്റ്റാമ്പു ചെയ്തുകിട്ടി റിയാദിലേക്ക് വരാനായി ഞാനും മക്കളും നെടുമ്പാശ്ശേരി എയർപോട്ടിൽ ബോർഡിംഗ് പാസിനായി ക്യൂവിൽ നിന്നു. പാസ്‌പോർട്ട് ചെക് ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് എന്റെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടില്ല എന്നാണ്. മക്കൾ രണ്ടുപേരുടെയും വിസ സ്റ്റാമ്പ് ചെയ്തിട്ടുമുണ്ട്. അങ്ങനെ വരാൻ വഴിയില്ലെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞപ്പോൾ അദ്ദേഹം എന്റെ പാസ്‌പോർട്ട് മറ്റൊരു ഉദ്യോഗസ്ഥൻ വശം എമിഗ്രേഷൻ വിഭാഗത്തിലേക്ക് വിശദ പരിശോധനക്കായി കൊടുത്തുവിട്ടു. എമിഗ്രേഷനിൽ പരിശോധന കഴിഞ്ഞ് പാസ്‌പോർട്ട് തിരിച്ചുകൊണ്ടുവന്ന് അവർ സ്ഥിരീകരിച്ചത് വിസ സ്റ്റാമ്പ് ചെയ്തിട്ടില്ല എന്നുതന്നെ. ""ഇവിടെ നിന്നുതന്നെ അത് കണ്ടെത്തിയത് നന്നായില്ലേ, ഇല്ലെങ്കിൽ സൗദിയിൽ ചെന്നിറങ്ങമ്പോൾ സൗദി പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുമായിരുന്നില്ലേ'' എന്നും ""ഇൻഷാ അള്ളാ... രണ്ടാഴ്ചക്കകം സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് പോകാമല്ലോ'' എന്നും ആ ഉദ്യോഗസ്ഥർ എന്നെ ആശ്വസിപ്പിച്ചു. എന്റെ കണ്ണിൽ ഇരുട്ടുകയറുകയും തൊണ്ട വറ്റിവരളുകയും ചെയ്തു. സമനില വീണ്ടെടുത്ത് ഞാൻ വിസ സ്റ്റാമ്പ് ചെയ്യാനേൽപിച്ച ട്രാവൽ ഏജന്റും സുഹൃത്തുമായ ഇസ്മയിലിനെ വിളിച്ചു. വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ട് എന്നും ഇതിൽ എന്തോ തട്ടിപ്പ് നടന്നിരിക്കാമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതിനെത്തുടർന്ന് ഞാൻ ഫൈസലിനെ വിളിച്ച് കാര്യമറിയിച്ചു. എന്റെ വിസയിൽ മറ്റാരും സൗദിയിൽ എത്താതിരിക്കാനുള്ള (അങ്ങനെ വല്ല സാധ്യതയും ഉണ്ടെങ്കിൽ) നടപടികൾ അപ്പോൾത്തന്നെ ഫൈസലും അടുത്ത സുഹൃത്തുക്കളും ചേർന്ന് സൗദിയിലെ അധികൃതരെ ബന്ധപ്പെട്ട് ചെയ്തു.

ടാക്‌സി ഡ്രൈവർ എന്റെ കൈയ്യിൽ നിന്ന് പാസ്‌പോർട്ടുവാങ്ങി സൂക്ഷ്മമായി പരിശോധിച്ചു. അതിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്ത പേജടക്കം നാലു പേജുകൾ വിദഗ്ദ്ധമായി, വൃത്തിയായി കീറിയെടുത്തത് ഡ്രൈവറാണ് കണ്ടെത്തിയത്. ഇതെല്ലാം പുത്തനറിവും അനുഭവവും ആയിരുന്നു

തൊഴിലെടുത്തു ജീവിക്കാനാണ് ഞാൻ വീണ്ടും സൗദിയിലെത്തേണ്ടിയിരുന്നത്. ഉണ്ടായിരുന്ന ജോലി രാജിവെച്ചാണ് കുറച്ചുകൂടി സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചത്. എല്ലാം തകർന്നു എന്ന് ഞാൻ ഭയന്നു. എട്ടും പൊട്ടും തിരിയാത്ത മക്കളെയുംകൊണ്ട് ഞാൻ ലഗേജ് ട്രോളിയുമുന്തി പുറത്തേക്ക് തിരിച്ചുനടന്നു. എന്റെ കാലുകൾ കുഴഞ്ഞുപോയിരുന്നു. യാത്രയാക്കാൻ വന്ന ബന്ധുക്കൾ ബോർഡിംഗ് പാസ് എടുക്കുന്നതുവരെ കാത്തുനിൽക്കുക പതിവുള്ളതിനാൽ അവർ പുറത്ത് നിൽപ്പുണ്ടായിരുന്നു. പുറത്തേക്ക് വന്ന എന്നെയും മക്കളെയും കണ്ട് അവർ അന്ധാളിച്ചു. ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ അവരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അതിനിടയിൽ ഞങ്ങളെ എയർപോട്ടിലെത്തിച്ച ടാക്‌സി ഡ്രൈവർ എന്റെ കൈയ്യിൽ നിന്ന് പാസ്‌പോർട്ടുവാങ്ങി സൂക്ഷ്മമായി പരിശോധിച്ചു. അതിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്ത പേജടക്കം നാലു പേജുകൾ വിദഗ്ദ്ധമായി, വൃത്തിയായി കീറിയെടുത്തത് ഡ്രൈവറാണ് കണ്ടെത്തിയത്. ഇതെല്ലാം പുത്തനറിവും അനുഭവവും ആയിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ടെന്ന് പിന്നീടുള്ള അന്വേഷണങ്ങളിലൂടെയാണ് അറിഞ്ഞത്. അന്നുതന്നെ ഈ വിവരം പോലീസിൽ അറിയിക്കണമെന്നൊന്നും ഞങ്ങൾ ഓർത്തില്ല. അങ്ങനെ ചെയ്യാഞ്ഞത് നന്നായി എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. അറിയിച്ചിരുന്നെങ്കിൽ കാലങ്ങളോളം ഇതിനു പിറകെ നടക്കുകയല്ലാതെ തിരിച്ച് സൗദിയിൽ എത്താനാവുമായിരുന്നോ എന്ന് സംശയമുണ്ട്.

ഏറെ സങ്കീർണമായിരുന്നു പാസ്‌പോർട്ടിൽ നിന്ന് കീറിയെടുക്കപ്പെട്ട സ്റ്റാമ്പു ചെയ്ത വിസ. പാസ്‌പോർട്ട് കീറിയതു കുറ്റകൃത്യവുമാണ്. കീറിയത് ആരായാലും പാസ്‌പോർട്ട് ഉടമ ഞാനാണല്ലൊ. പതിനായിരം രൂപയാണ് അന്ന് പിഴയടച്ചത്. മുൻപ് തബൂക്കിലായിരുന്നപ്പോൾ സൗദിയിലെ ജിദ്ദയിലാണ് പാസ്‌പോർട്ട് പുതുക്കിയത്. അതിനാൽ നാട്ടിൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ അത് അനുവദിച്ചുകിട്ടാൻ ജിദ്ദയിൽ നിന്ന് എൻ.ഒ.സി വേണ്ടിവന്നു. അതിനായുള്ള കാത്തിരിപ്പ് സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരുന്നു. അതിനിടയിൽ കീറിപ്പോയ വിസയ്ക്ക് പകരം വിസ ശരിയായെങ്കിലും പാസ്‌പോർട്ട് അനുവദിച്ചുകിട്ടൽ കീറാമുട്ടിയായി. കാത്തിരിപ്പ് പിന്നെയും നീണ്ടു. മക്കളുടെ വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ളതിനാൽ നിശ്ചിതസമയത്തിനുള്ളിൽ അവർക്ക് റിയാദിൽ എത്തേണ്ടതുണ്ട്. മൂത്തവൻ രണ്ടാംക്ലാസിൽ സ്‌കൂൾ പഠനമില്ലാതെ കൈയ്യിലൊരു വടിയും ചുഴറ്റി പാടത്തും പറമ്പിലും നടന്ന നാളുകൾ. മറ്റു കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകാരില്ലാതെ അവൻ ഒറ്റപ്പെട്ടുപോയി. ആ വിഷമസന്ധിയിൽ അവനെ തനിച്ച് റിയാദിലേക്ക് അയക്കേണ്ടിവന്നു. ഉടനെ റിയാദിൽ സ്‌കൂളിൽ ചേരുകയും അച്ഛന്റെ കൂടെ സന്തോഷവാനായി പുതിയ സ്‌കൂളിലേക്ക് പോയി അവൻ കളിക്കുകയും പഠിക്കുകയും ചെയ്തു. ഈ പ്രതിസന്ധികൾക്കിടയിൽ ഗോവണിയിൽ നിന്ന് വീണ് എന്റെ കാലിന് പരിക്കുപറ്റിയിരുന്നു. പ്ലാസ്റ്ററിട്ട് കിടക്കുന്നതിനിടെയാണ് വേണ്ടത്ര വിശ്രമമില്ലാതെ പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനായി എറണാകുളത്ത് പാസ്‌പോർട്ടാഫീസിൽ പലതവണ പോകേണ്ടിവന്നത്. ഇളയവന്റെ വിസ അതിനിടയിൽ കാലാവധി കഴിഞ്ഞുപോകുമോ എന്ന ഭയവും മൂത്തവനെ പിരിഞ്ഞിരിക്കുന്ന വേദനയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇതെല്ലാം എന്ന് ശരിയാവും എന്ന അരക്ഷിതാവസ്ഥയുമെല്ലാം എന്നെ വല്ലാതെ തളർത്തി. വീണ് ലിഗമെന്റ് പൊട്ടിയ കാല് പൂർവസ്ഥിതിയിലാവില്ല എന്നതും ഒരുതരം ഡിപ്രഷനു കാരണമായി.

ഇളയ മകൻ അഖിലിനൊപ്പം

മാസങ്ങൾക്കുള്ളിൽ പുതിയ പാസ്‌പോട്ട് അനുവദിച്ചുകിട്ടി. ആശങ്കകൾക്കൊടുവിൽ പാസ്‌പോട്ടിൽ വിസ സ്റ്റാമ്പ് ചെയ്തുകിട്ടുകയും ചെയ്തു. ഇളയ മകനുമൊത്ത് വീണ്ടും റിയാദിലേക്ക് തിരിക്കാനായി നെടുമ്പാശ്ശേരി എയർപോട്ടിലെ ക്യൂവിൽ ഞാൻ നെഞ്ചിടിപ്പോടെ ബോഡിംഗ് പാസിനായി കാത്തുനിന്നു. ബോഡിംഗ് പാസ് കിട്ടി എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞ് ഫ്‌ളൈറ്റ് സമയം കാത്ത് ലോഞ്ചിലിരിക്കുമ്പൊഴും പേടി വിട്ടുമാറിയിരുന്നില്ല. ഇനിയും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമോ എന്ന അനിയന്ത്രിതമായ ഒരു ഭയം എന്നെ അലട്ടിക്കൊണ്ടിരുന്നു. സൗദിയിലെ മലയാളം പത്രങ്ങളിൽ ഇതെല്ലാം വാർത്തയായത് റിയാദിൽ എത്തിയശേഷമാണ് ഞാനറിഞ്ഞത്. അന്ന് എന്താണ് സംഭവിച്ചതെന്നത് ഇന്നും ദുരൂഹമാണ്. അതെല്ലാം സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും എയർപോട്ടിനകത്ത് പരിശോധനക്ക് നിൽക്കുമ്പോൾ ഇന്നും എന്റെ ചങ്കിടിപ്പ് കൂടും.

ഉള്ളിലുള്ള ഭാവനയും അഭിനയശേഷിയും മധ്യവയസ്സിലാണ് എന്നിൽ പ്രകടമായി തെളിഞ്ഞത്. പ്രവാസവും ജീവിതത്തിൽ നേരിടേണ്ടിവന്ന ചില തീവ്രാനുഭവങ്ങളും അവയ്ക്ക് വെള്ളവും വളവും നൽകി എന്നത് ഒരു യാഥാർത്ഥ്യമാണ്

കലയും സാഹിത്യവും എന്നിൽ തെളിഞ്ഞവിധം

ഉള്ളിൽ ഒരു കലാകാരിയുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. കലാലയ വിദ്യാഭ്യാസകാലത്ത് കൂട്ടുകാർക്കിടയിൽ ചില നേരമ്പോക്കുകൾ എന്ന രീതിയിലല്ലാതെ അത് സ്റ്റേജുകളിൽ പ്രകടമാക്കാനുള്ള കാര്യമായ അവസരങ്ങളൊന്നും ഉണ്ടായിട്ടില്ല. വായന കുട്ടിക്കാലം തൊട്ട് കൂടെയുണ്ടെങ്കിലും എഴുത്ത് സ്‌കൂൾ-കോളജ് കാലത്തൊന്നും പയറ്റിയിട്ടില്ല. 2009 ജൂണിൽ ഇളയ മകൻ ഒരു റോഡപകടത്തിൽ പെട്ട് കാലിൽ പ്ലാസ്റ്ററിട്ട് മൂന്നരമാസം കിടന്നു. യു.കെ.ജി വിദ്യാർത്ഥിയായിരുന്നു അവനന്ന്. സ്‌കൂളിൽ നിന്ന് ലീവെടുത്ത് അവന്റെ ബാലകുതൂഹലങ്ങൾ കണ്ട് അവനെ പരിചരിച്ചിരിക്കുന്ന സമയത്താണ് തികച്ചും അപ്രതീക്ഷിതമായി ഞാൻ ആദ്യമായി സാഹിത്യമെഴുതിയത്! എഴുതിയത് സാഹിത്യമാണോ എന്നൊന്നും അറിയില്ലായിരുന്നു. എഴുതിക്കഴിയുംവരെ ഞാനത് ഫൈസലിനെ പോലും അറിയിച്ചില്ല. ജാള്യതതന്നെ കാരണം. പിന്നീട് ധൈര്യം സംഭരിച്ച് ഫൈസലിന് വായിക്കാൻ കൊടുത്തു. അത് വായിച്ച് പ്രസിദ്ധീകരണയോഗ്യമാണ് എന്ന് ഫൈസൽ പറഞ്ഞു.

തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ എന്ന ആ നോവൽ എഴുതി മൂന്നുവർഷങ്ങൾ കഴിഞ്ഞ്, 2013 ൽ കോഴിക്കോട് റാസ്ബറി ബുക്‌സ് പ്രസിദ്ധീകരിച്ചു. പിന്നീട് ചില ചെറുകഥകളും ഒസ്സാത്തി എന്ന നോവലും ഞാനെഴുതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഒസ്സാത്തി അതിന്റെ പ്രമേയംകൊണ്ട് ഏറെ ശ്രദ്ധ നേടി. 2020 ലെ ഒ.വി വിജയൻ സ്മാരക സാഹിത്യപുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തിയ അഞ്ചു നോവലുകളിൽ ഒന്ന് ഒസ്സാത്തി ആയിരുന്നു എന്നത് വലിയ സന്തോഷം പകർന്ന സംഗതിയാണ്. 2020 ലെ ഖത്തർ സംസ്‌കൃതി സി.വി ശ്രീരാമൻ പുരസ്‌കാരത്തിന് ഈ കോവിഡ് കാലത്ത് എഴുതിയ സെറാമിക് സിറ്റി എന്ന ചെറുകഥ അർഹമായതും എഴുത്തിന് മാത്രമല്ല എന്റെ രാഷ്ട്രീയ ബോധ്യങ്ങൾക്കും കരുത്തു കൂട്ടുന്നു. ഉള്ളിലുള്ള ഭാവനയും അഭിനയശേഷിയും മധ്യവയസ്സിലാണ് എന്നിൽ പ്രകടമായി തെളിഞ്ഞത്. പ്രവാസവും ജീവിതത്തിൽ നേരിടേണ്ടിവന്ന ചില തീവ്രാനുഭവങ്ങളും അവയ്ക്ക് വെള്ളവും വളവും നൽകി എന്നത് ഒരു യാഥാർത്ഥ്യമാണ്.

പരിക്കുപറ്റിയ കാലിലെ വേദന ആജീവനാന്തം കൂടെയുണ്ടാവും എന്ന ഡോക്റ്ററുടെ സാക്ഷ്യപ്പെടുത്തലും പഴയ പോലെ നടപ്പുപോലും ഇനി സാധ്യമല്ലല്ലൊ എന്ന ചിന്തയും ഉണ്ടാക്കിയ വിഷാദത്തെ മറികടക്കാൻ എഴുത്തും നാടകാഭിനയവുമാണ് സഹായിച്ചത്. കൊടും ചൂടും, കൊടും തണുപ്പും, പകൽ മുഴുവൻ ജോലി ചെയ്ത ക്ഷീണവും വകവെക്കാതെയാണ് ഞങ്ങൾ രാത്രി വൈകും വരെ ഉറക്കമിളച്ച് അർപണബോധത്തോടെ നാടകം പരിശീലിച്ച് അരങ്ങിലെത്തിച്ചത്.

ബീന അഭിനയിച്ച നാടകത്തിൽ നിന്ന്​

റിയാദിൽത്തന്നെ ഉണ്ടായിരുന്ന, ഒരുകാലത്ത് കേരളത്തിലെ പ്രൊഫഷണൽ നാടകാഭിനയരംഗത്ത് സജീവമായിരുന്ന ബഷീർ ചേറ്റുവ, കേരളത്തിലെ പ്രശസ്ത നാടക സംവിധായകരായ ജയൻ തിരുമന, മനോജ് നാരായണൻ എന്നിവരുടെ സംവിധാനത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാനായി എന്നത് എന്നിലെ അഭിനേത്രിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നു. കുടുംബത്തിനകത്തെ ജോലികൾക്കൊപ്പം തൊഴിൽ, എഴുത്ത്, വായന, അഭിനയം അതുപോലുള്ള മറ്റ് സർഗാത്മക പ്രവൃത്തികൾ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സജീവസാന്നിധ്യമാവുന്ന സ്ത്രീകൾ എന്തെല്ലാം വെല്ലുവിളികൾ നേരിട്ടാണ് അവയിൽ ആവുംവിധം വിജയിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് എന്ന് എന്റെതന്നെ അനുഭവങ്ങളിൽ നിന്ന് എനിക്കറിയാം.

ചില്ല: സർഗാത്മകതയുടെ സുരക്ഷാ വാൽവ്

ചില്ല എന്ന ഞങ്ങളുടെ വായനവേദി സംഘടിപ്പിച്ച ഓൺലൈൻ വായനകളും സംവാദങ്ങളും ഈ കൊവിഡ് കാലത്ത് വലിയ ആശ്വാസമായിരുന്നു. ഇ.സന്തോഷ് കുമാർ, ബെന്യാമിൻ, മുസഫർ അഹമ്മദ്, അംബികാസുതൻ മാങ്ങാട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മനോജ് കുറൂർ, എസ്.ഹരീഷ്, സാറ ജോസഫ്, ഫർസാന അലി, സോണിയ റഫീക്ക് എന്നീ എഴുത്തുകാർ ചില്ലയുടെ ഓൺലൈൻ സെഷനുകളിലൂടെ ഞങ്ങളോട് സംവദിച്ചു. തുടർമാസങ്ങളിൽ ‘കഥാകാലം’ പോലുള്ള സെഷനുകളിൽ കലുഷകാലത്തിന്റെ കഥകൾ അവതരിപ്പിച്ച് അവയിലെ രാഷ്ട്രീയം ചർച്ച ചെയ്ത് ചില്ല ചരിത്രപരവും സമകാലികവുമായ ഇന്ത്യനവസ്ഥകളോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നു. 2014 ലാണ് റിയാദിലെ കേളി കലാസാംസ്‌കാരികവേദിയുടെ നേതൃത്തത്തിൽ ചില്ല എന്ന വായനാവേദി രൂപം കൊണ്ടത്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ആയിരുന്നു ഉദ്ഘാടകൻ. തുടർവർഷങ്ങളിൽ ഇ.സന്തോഷ് കുമാർ, സച്ചിദാനന്ദൻ എന്നിവരെ റിയാദിൽ കൊണ്ടുവന്ന് ചില്ല സമ്പുഷ്ടമായ സാഹിത്യസംവാദം നടത്തി. ""Letbate'' എന്ന പേരിൽ ചരിത്ര-സാഹിത്യ-രാഷ്ട്രീയ വിഷയങ്ങളിൽ സെമിനാറുകളും നടത്തിവരുന്നു ഈ കൂട്ടായ്മ. മുടക്കമില്ലാതെ പ്രതിമാസ വായന തുടരുന്നുണ്ട്. മാനവികതയെ മുൻനിർത്തി വായനയെ സമീപിക്കുന്നവർ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇവിടെ ഒത്തുകൂടുന്നു. മുതിർന്നവർക്കൊപ്പം കുട്ടികളും ചില്ലയുടെ ഭാഗമായുണ്ട്. വായനയുടെ വെളിച്ചവും ചിന്തയുടെയും സംവാദത്തിന്റെയും കരുത്തും ഈ കൂട്ടായ്മയിലൂടെ ഞാനും അനുഭവിക്കുന്നു. മലയാളികളുടെ പ്രവാസസമൂഹത്തിൽ ചില്ല പോലെ ഒരു സാംസ്‌കാരിക പ്രവർത്തനം അപൂർവ്വതയാണ്. വിശാലമായ ജനാധിപത്യ-മതനിരപേക്ഷ നിലപാടിൽ നിന്നുകൊണ്ട് നമ്മുടെ സാംസ്‌കാരിക-സാഹിത്യ സംവാദങ്ങളെ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കുക എന്ന ദൗത്യമാണ് ചില്ല യാഥാർത്ഥ്യമാക്കുന്നത്.

വിരൽത്തുമ്പിനപ്പുറം എന്തെല്ലാം സവിശേഷ സംഗതികൾ ഉണ്ടെന്ന് ഈ മഹാമാരിക്കാലം എന്നെയും പഠിപ്പിച്ചു. എത്രയെത്ര വെബിനാറുകൾ! എന്തെല്ലാം സംവാദങ്ങൾ! സാധ്യതകൾ! സമയവും മനസ്സുമുള്ളവർക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കുകയേ വേണ്ടൂ

ഡിജിറ്റൽകാലത്തെ പഠനസാധ്യതകൾ

കമ്പോളം നമ്മെ അടക്കിഭരിക്കുന്ന ഈ കാലത്ത് ആഗോളവത്കരണത്തിന്റെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടുതന്നെ അതിന്റെ ദുഷിപ്പുകൾക്കെതിരെ നിലകൊള്ളാനും ഇരകളാകാതിരിക്കാനും നമുക്കാവും. നമ്മുടെ ചിന്താശേഷി ആർക്കും പണയം വെക്കാതിരുന്നാൽ മതി. വിരൽത്തുമ്പിനപ്പുറം എന്തെല്ലാം സവിശേഷ സംഗതികൾ ഉണ്ടെന്ന് ഈ മഹാമാരിക്കാലം എന്നെയും പഠിപ്പിച്ചു. എത്രയെത്ര വെബിനാറുകൾ! എന്തെല്ലാം സംവാദങ്ങൾ! സാധ്യതകൾ! സമയവും മനസ്സുമുള്ളവർക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കുകയേ വേണ്ടൂ.

ഈ കാലമുണ്ടാക്കിയ അരക്ഷിതാവസ്ഥ മറികടക്കാൻ കലയും സാഹിത്യവും ഒട്ടേറെ ആളുകളെ സഹായിച്ചിട്ടുണ്ട്. അത്രയേറെ സൃഷ്ടികൾ ഈ കോവിഡ് കാലത്ത് ഉണ്ടായിട്ടുണ്ട് എന്നതും മനുഷ്യർ ഒരു വൈറസിനു മുന്നിലും തോറ്റുകൊടുക്കാത്തവരാണെന്ന് തെളിയിക്കുന്നു. രാജ്യം കൊവിഡ് പ്രതിസന്ധിയിലായപ്പോൾ, ഉയർന്ന ജനാധിപത്യബോധത്തോടെ പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള സമരത്തിൽ നിന്ന് താൽകാലികമായി പിൻവാങ്ങേണ്ടിവന്നവരെ ഞാൻ ഓർക്കുന്നു. 2019 ലെ ഡിസംബർ തണുപ്പിൽ നമ്മുടെ രക്തം തിളപ്പിക്കാൻ ഷഹീൻബാഗ് മാതൃകയുണ്ടായിരുന്നു നമുക്ക്. 2020 ഡിസംബറിൽ ഇതാ നമ്മുടെ ബോധത്തിനുമുന്നിൽ നമുക്ക് അന്നം തരുന്ന കർഷകർ തീപ്പന്തങ്ങളായി ജ്വലിക്കുന്നു. ഏത് വിദേശമണ്ണിലിരുന്നാലും നാട്ടിലേക്ക് കണ്ണും കാതും കൂർപ്പിച്ച് നിതാന്ത ജാഗ്രതയോടെ ഇരിക്കുന്നവരാണ് ഞങ്ങൾ വിദേശമലയാളികൾ. വിശേഷിച്ചും ഗൾഫ് മലയാളികൾ.

സിനിമ നിഷിദ്ധമായിരുന്ന രാജ്യത്ത് സിനിമാതിയറ്ററുകൾ വന്നു. ടൂറിസത്തിലൂടെ സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികവുള്ള കലാ-സാംസ്‌കാരികപരിപാടികൾ അരങ്ങേറുന്നുമുണ്ട്. പ്രവാസികളും ഇതെല്ലാം ഏറെ ആസ്വദിക്കുന്നുണ്ട്.

ഇരുപത് വർഷം മുൻപ് ഞാൻ എത്തിയപ്പോഴുള്ള രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയല്ല ഇപ്പോഴിവിടെ. സ്വദേശിവത്കരണം വിദേശികളായ അനവധിപേർക്ക് തൊഴിൽനഷ്ടമുണ്ടാക്കി. ആശ്രിതവിസയിലുള്ളവർക്ക് ഏർപ്പെടുത്തിയ ഭാരിച്ച ലെവി മൂലം ഇവിടം വിട്ട് പോകാൻ നിരവധി കുടുംബങ്ങൾ നിർബന്ധിതരായി. എന്നാൽ സ്വദേശികളെ സംബന്ധിച്ച്​ കൂടുതൽ തുറവിയുണ്ടായി. അബായ(പർദ്ദ) എന്ന വസ്ത്രം ധരിച്ചുമാത്രമാണ് ഇക്കാലമത്രയും പുറത്തിറങ്ങിയത്. ഇപ്പോൾ അത് നിർബന്ധമില്ല. സ്ത്രീകൾ ശരീരം നന്നായി മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നായിട്ടുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതോടെ പുരുഷസഹായമില്ലാതെ സ്ത്രീകൾ വാഹനമോടിക്കുന്നു. ഭരണരംഗത്തും പല പ്രധാന തൊഴിൽരംഗങ്ങളിലും സ്ത്രീകൾക്ക് പ്രാതിനിധ്യമേറി. സിനിമ നിഷിദ്ധമായിരുന്ന രാജ്യത്ത് സിനിമാതിയറ്ററുകൾ വന്നു. ടൂറിസത്തിലൂടെ സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികവുള്ള കലാ-സാംസ്‌കാരികപരിപാടികൾ അരങ്ങേറുന്നുമുണ്ട്. പ്രവാസികളും ഇതെല്ലാം ഏറെ ആസ്വദിക്കുന്നുണ്ട്. ഇരിക്കുന്ന തട്ടകത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും തെറിച്ചുപോകാമെന്ന ആധിയോടെതന്നെ.


ബീന

സൗദി അറേബ്യയിൽ അധ്യാപിക. നാടകം അടക്കമുള്ള കലാ- സാംസ്​കാരിക പ്രവർത്തനങ്ങളിൽ സജീവം. തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ, ഒസ്സാത്തി എന്നിവ പ്രധാന കൃതികൾ

Comments