ഉള്ളു പൊള്ളിക്കുന്ന ചില ദൃശ്യങ്ങൾ

‘‘ബസിന്റെ ജനാലയിൽ കൂടി ഞാൻ കണ്ടു, വെള്ളം കൊണ്ടുവരാൻ വലിയ ‘ജെറി കാനു’കളുമായി ഓടിയകലുന്ന കൊച്ചു പെൺകുട്ടികളെ; അകലെ നിഴൽരൂപങ്ങളായി ആട്ടിൻപറ്റങ്ങളെ ആലയിലേക്ക് നയിക്കുന്ന ഇടയബാലന്മാരെ; വിറകുകെട്ടുകൾ തലച്ചുമടാക്കി കുടിയിടങ്ങളിലേക്ക് നടന്നകലുന്ന പെൺകിടാങ്ങളെ, അന്തരീക്ഷം മങ്ങിയിട്ടും വൃത്താകൃതിയിലുള്ള തങ്ങളുടെ കുടിലുകളിൽ ഒരു തിരി തെളിക്കാൻ ധൈര്യമില്ലാത്ത ഒരു സമൂഹത്തെ’’- യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 37

പിൽക്കാലത്ത് ഞങ്ങൾ മനസ്സിലാക്കി, ദർബൻ- അംടാട്ട, അല്ലെങ്കിൽ ദർബൻ - ഈസ്റ്റ് ലണ്ടൻ എന്ന റൂട്ടിൽ ദർബനിൽനിന്ന് പുറപ്പെട്ട് കോക്ക് സ്റ്റാഡ് (ADAM KOK എന്ന ലോക്കൽ സങ്കരവർഗ്ഗ ഗോത്രനായകന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു ചെറിയ പട്ടണം) എന്ന കൊച്ചു ടൗൺ കഴിയുന്നതോടെ ഞങ്ങൾ ‘ദക്ഷിണാഫ്രിക്ക’ വിട്ട് ‘ബാന്റുസ്റ്റാനു’കളിലേക്ക് കടക്കുന്നു എന്ന്.

അത്ഭുതകരമെന്നോണം അതോടെ ലാൻഡ് സ്കെയ്പും ഭൂമിയുടെ ‘ആംബിയെൻസും’ പൊടുന്നനവേ മാറിമറിഞ്ഞു. പ്രസന്നമായ പച്ച വിരിച്ച കുന്നിൻചെരിവുകൾ ഇരുൾ കലർന്ന പച്ചപ്പായി മാറുന്നു. കാർമേഘങ്ങളില്ലെങ്കിലും ആകാശത്തിന്റെ നിറം മങ്ങുന്നു. ‘ബാന്റുസ്താനു’കളിൽ തളച്ചിടപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ പ്രതിഫലനങ്ങൾ. ബസിന്റെ ജനാലയിൽ കൂടി ഞാൻ കണ്ടു, വെള്ളം കൊണ്ടുവരാൻ വലിയ ‘ജെറി കാനു’കളുമായി ഓടിയകലുന്ന കൊച്ചു പെൺകുട്ടികളെ; അകലെ നിഴൽരൂപങ്ങളായി ആട്ടിൻപറ്റങ്ങളെ ആലയിലേക്ക് നയിക്കുന്ന ഇടയബാലന്മാരെ; വിറകുകെട്ടുകൾ തലച്ചുമടാക്കി കുടിയിടങ്ങളിലേക്ക് നടന്നകലുന്ന പെൺകിടാങ്ങളെ. അന്തരീക്ഷം മങ്ങിയിട്ടും വൃത്താകൃതിയിലുള്ള തങ്ങളുടെ കുടിലുകളിൽ ഒരു തിരി തെളിക്കാൻ ധൈര്യമില്ലാത്ത ഒരു സമൂഹത്തെ. ആദ്യ കാഴ്ചയിൽത്തന്നെ ഉള്ളു പൊള്ളിക്കുന്ന ദൃശ്യങ്ങൾ. അധികം വൈകും മുൻപ് ദക്ഷിണാഫ്രിക്കയുടെ ലാൻഡ് സ്കെയ്പ് നക്ഷത്രപ്പൊട്ടുകൾ നിറഞ്ഞ, ഭൂമിയിലെ ആകാശമായി തിളങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

Photo: lindsaybridge / flickr

ഞങ്ങളുടെ ബസ് ഞങ്ങൾക്ക് പോകേണ്ടതായ വില്ലോവെയ്ൽ (WILLOWVALE) എന്ന മനോഹരമായ ഗ്രാമത്തിൽ പോകില്ല. ‘ഐഡ്യൂച്വാ’ (IDUTYWA) എന്ന ‘ടൗണിൽ’ ഈ യാത്ര അവസാനിക്കും. അവിടെനിന്ന് മറ്റു വാഹനങ്ങൾ മാർഗ്ഗം ഞങ്ങളുടെഗ്രാമത്തിലേക്ക് യാത്ര തുടരാം. ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ മയങ്ങി. ഒരു വലിയ ശബ്ദത്തോടെ ബസ് നിർത്തിയപ്പോഴാണ് ഉണർന്നത്. ഐഡ്യുച്വാ എത്തിയിരിക്കുന്നു. ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങളുടെ ലഗേജ് മൂന്നു പേരുടെ ലഗേജിനോളം വലിപ്പവും തൂക്കവും ഉണ്ടെന്നു പറഞ്ഞ് വില്ലോവെയ്ലിലേക്കുള്ള കുടുസ്സ് വണ്ടിയുടെ ‘കിളി’ എന്നെ എന്തൊക്കെയോ പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു. എന്തുതന്നെ ആയാലും ഒടുവിൽ ഞങ്ങളുടെ പെട്ടികൾ അതിൽ കയറ്റി. ആ ടൗൺ തീരെ വൃത്തിഹീനമായ അവസ്ഥയിൽ ആയിരുന്നു. വണ്ടി അനങ്ങിത്തുടങ്ങിയപ്പോൾ ഈ പ്രപഞ്ചത്തിലെ തുരുമ്പെടുത്ത ആണികളും സ്ക്രൂ കളും ആ വണ്ടിയോടൊപ്പം ചലിക്കുന്നതായിത്തോന്നി. അപർണ്ണ കരയാൻ തുടങ്ങി, ‘ലെറ്റ് അസ് ഗൊ ഹോം റ്റു പാർക് ലാൻഡ്സ്’ എന്നു പറഞ്ഞ്.

ഞങ്ങൾ രണ്ടാളും തന്നെ ഒരു കൾച്ചർ ഷോക്കിന്റെ ആഘാതത്തിൽ മരവിച്ചിരിക്കയാണ്. എന്തായാലും വില്ലോവെയ്ൽ എത്തട്ടെ.

അവസാനം വണ്ടി വില്ലോവെയ്ലിൽ എത്തി. ആ വണ്ടിയുടെ അവസാനത്തെ സ്റ്റോപ്പായിരുന്നു അത്. ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകർത്തുകളഞ്ഞ ഒരു കാഴ്ചയായിരുന്നു അത്. ഒരു തരത്തിൽ ഞങ്ങളും കുറ്റക്കാരാണ്. വില്ലോവെയ്ലിലെ ‘മൂവ് എൻ പിക്ക്’ എന്ന സൂപ്പർ മാർക്കറ്റിൽ മി.പോസ്വാ അല്ലെങ്കിൽ മിസിസ് പോസ്വാ എന്നിവരിൽ ആരോട് ചോദിച്ചാലും തന്റെ വീടെത്തിക്കും എന്നായിരുന്നു ചെറിയച്ഛന്റെ വാക്ക്. മിസിസ് പോസ്വാ എന്ന അസാമാന്യമായ തടിയുള്ള ഒരു ആഫ്രിക്കൻ സ്ത്രീ ഞങ്ങൾക്ക് പോകേണ്ട ഇടം കാണിച്ചു തന്നു. അത് അവരുടെ സ്റ്റോക്കുകൾ കൊണ്ടു വന്ന് സൂക്ഷിക്കാനുള്ള ഒരു ചെറിയ പുരയുടെ മുന്നിൽക്കൂടെയുള്ള വഴിയായിരുന്നു. അവിടെ ഒരിടത്തു നിന്ന് അവർ ലൈലാ ലൈലാ എന്ന് ഉറക്കെ വിളിച്ചു. അപ്പോഴതാ അവിടെ നാമമാത്രമായ അടച്ചുറപ്പുള്ള ഒരു വാതിൽ തുറന്ന് ഉയരമുള്ള ഒരു മലയാളി പെൺകുട്ടി ഇറങ്ങിവരുന്നു. അവൾ എന്റെ സഖിയുടെ അച്ഛൻ പെങ്ങളുടെ മകൾ ലൈല ആയിരുന്നു.

Photo: lindsaybridge / flickr

സഹോദരിമാർ തമ്മിൽ കണ്ടതിന്റെ ആശ്ചര്യമെല്ലാം പങ്കിട്ടതിനു പിന്നാലെ ലൈല ഞങ്ങളെ അവളുടെ വീട്ടിലേക്ക് കൊണ്ടു പോയി. ഒരു മുറി. അതിന് സീലിംഗ് ഇല്ല. കോറുഗേറ്റഡ് ഷീറ്റ് ആണ് മേൽക്കൂര. അവൾ ഞങ്ങൾക്ക് ‘റിക്കോഫി’ എന്നു ബ്രാൻഡ് നെയ്ം ഉള്ള ചിക്കറി ചേർന്ന കാപ്പിപ്പൊടി കൊണ്ട് കാപ്പി ഉണ്ടാക്കി തന്നു. കഴിക്കാൻ ‘സ്കോണു’കളും. ലൈലയുടെ മുറിയോട് ചേർന്ന് രണ്ട് മുറികളുള്ള ഒരു സംവിധാനമുണ്ടായിരുന്നു. അതിനോട് ചേർന്നാണ് യൂറോപ്യൻ ക്ലോസറ്റുള്ള ടോയ്ലറ്റ്. വീടിനു പിന്നിൽ രണ്ട് ഒറ്റ മുറികൾ കൂടിയുണ്ട്. ഒന്നിൽ ഒരു നേപ്പാളി ടീച്ചറും മറ്റൊന്നിൽ ഒരു ബംഗ്ലാദേശിയും. രണ്ടു മുറിയും ക്ലോസറ്റുമെല്ലാമുള്ള ആ ‘ബംഗ്ലാവിൽ’ വാണിരുന്നത് തോപ്പും പടിക്കാരൻ ഒരാൾ ആയിരുന്നു. ലൈലയുടെ ലാൻഡ് ലോർഡ് അയാൾ ആയിരുന്നു. ഭാര്യയും രണ്ട് മക്കളും ഒപ്പമുണ്ട്. വീടിനു പിന്നിലെ ഒറ്റ മുറികളോട് ചേർന്ന് ഒരു മുറി ബാത്ത് റൂം ആക്കിയിരിക്കുന്നു. ബാത് റൂമിൽ ഷവറോ ഒന്നുമില്ല.

ഇത്രയും ഞങ്ങൾ കണ്ടു മനസ്സിലാക്കി. ഇതെല്ലാം കണ്ട് നെഞ്ചു തകർന്നു എന്നൊന്നും ഞാൻ പറയില്ല. ഞങ്ങളെ രണ്ടു പേരെ സംബന്ധിച്ച്, ആഫ്രിക്കൻ ‘സ്വതന്ത്ര റിപ്പബ്ലിക്കുകൾ’ എന്ന പേരിൽ ഭൂമി കയ്യേറി, വെട്ടിമുറിച്ച് പാവപ്പെട്ട കറുത്ത മനുഷ്യരെ പല കള്ളികളിലിട്ട് പീഡിപ്പിച്ചു വരുന്നതിന്റെ ദാരുണമായ ഒരു ചിത്രം; ഇതിലുമൊക്കെ എത്രയോ ഭയാനകവും ചങ്ക് തകർക്കുന്നതുമായ അനുഭവപരമ്പരകൾ ഇനിയും കണ്ടറിയാനിരിക്കുന്നു. ലൈലയുടെ ‘ലാൻഡ്ലോർഡ്’ ഞങ്ങളെ പരിചയപ്പെട്ടു. ചില ‘പ്രധാന’ കാര്യങ്ങൾ അയാൾ ഞങ്ങൾക്ക് പറഞ്ഞുതന്നു: ഇലക്ട്രിസിറ്റി രാത്രി 10 മണിക്ക് ഓഫ് ആവും. അത് മുനിസിപ്പാലിറ്റി ചട്ടമാണ്. ഇംഗ്ലീഷ്, ജ്യോഗ്രഫി വിഷയങ്ങൾക്ക് യാതൊരു ‘സ്കോപ്പു’മില്ല. അതുകൊണ്ട് ഇവിടെ നിന്ന് ‘ബെയ്സ്’ മാറ്റി മറ്റെവിടെ നിന്നെങ്കിലും അന്വേഷിക്കുന്ന -താവും നല്ലത്. ഇവിടെയുള്ള പഴയ മലയാളികൾ യാതൊരു സഹായവും ചെയ്യില്ല. ‘എക്സെംപ്ഷൻ കിട്ടിയോ?’ അയാൾ അന്വേഷിച്ചു.
‘ഇല്ല. നാളെ രാവിലെ പോയി അപ്ലൈ ചെയ്യണം’.

അതു കഴിഞ്ഞിട്ട് ഹോം അഫേഴ്സിലുള്ള ‘ഫെലിക്സ്’ എന്ന ആളെ കാണൂ. അയാൾ നിങ്ങളുടെ അപേക്ഷ വാങ്ങില്ല. നിങ്ങളെക്കൊണ്ടു ശല്യം സഹിക്കാതാവുമ്പോൾ അയാൾ പറയും, പോയി എജ്യുക്കേഷനിൽ നിന്ന് നിങ്ങൾക്ക് പറ്റിയ പോസ്റ്റ് ഉണ്ടെന്ന് എഴുതി വാങ്ങൂ. അതും കൊണ്ടു വന്നാൽ ഞാൻ നോക്കാം. ഇത്രയുമൊക്കെയാണ് അയാൾ പറഞ്ഞു തന്നത്. ഞങ്ങളുടെ ആതിഥേയ (ലൈല) പറഞ്ഞു , അവിടെയുള്ള ഒരു പാസ്റ്റർ തന്റെ ഭാര്യയെ അംടാട്ടയിൽ കൊണ്ടു വിടാനായി പോകുന്നുണ്ട്. അയാളുടെയൊപ്പം പോയാൽ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോകാം. അങ്ങനെ പിറ്റേന്ന് അതിരാവിലെ എണീറ്റ് ഞങ്ങൾ പാസ്റ്റർക്കു വേണ്ടി കാത്തിരുന്നു. അയാൾ വന്നു. വന്നപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കിയത് അയാളുടെ ‘കാർ’ ഒരു ഓപെൻ ബാക്ക് പിക്ക്- അപ്പ് ട്രക്ക് ആണെന്ന്. ടൊയോട്ട ഹൈലക്സ്ന്റെ ഏറ്റവും ചെറിയ മോഡൽ. അതിന്റെ പിന്നിൽ ഇരുന്നു പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റുകയുള്ളു. അങ്ങനെ ഞങ്ങൾ ശ്വാസമടക്കി ആ യന്ത്രത്തിനു മുകളിൽ ധൈര്യപൂർവം ഇരിപ്പുറപ്പിച്ചു. പാസ്റ്റർ സ്വർഗ്ഗത്തിലേക്കുള്ള വഴി കണ്ടെത്തിയ തീർത്ഥാടകനെപ്പോലെ കത്തിച്ചു വിടുകയാണ്. ഒരു അംബരചുംബിയുടെ മുന്നിൽ വണ്ടി നിർത്തിയിട്ട് പാസ്റ്റർ പറഞ്ഞു ,

വി.ഡി.ജി. നായർ

‘ഇതാണ് എജുക്കേഷൻ ഡിപ്പാർട്ട്മെന്റ്. ഇതിനപ്പുറത്തുള്ള കെട്ടിടം ഇന്റീരിയർ മിനിസ്റ്റ്റി. സെവൻ റാൻഡ്’, കൈ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ ഡിമാൻഡ് എനിക്കിഷ്ടമായില്ലെങ്കിലും അയാളുടെ സത്യസന്ധത സഹ്യമായിരുന്നു. സെവൻ റാൻഡ് കിട്ടിയതോടെ അയാൾ ആ പുതിയ ചെറിയ ഹൈലക്സിൽ പാഞ്ഞു പോയി.

അംടാട്ട ഒരു ശാന്തമായ പട്ടണമായിരുന്നു. അംടാട്ടയിലെ പ്രധാനപ്പെട്ട ഒരു ട്രാവൽ ഏജൻസിയുടെ ഉടമ പാലാക്കാരനായ വി.ഡി.ജി നായർ ആയിരുന്നു. അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയാനുണ്ട്. ഇപ്പോൾ അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞ ഒരു സംഭവകഥ ഓർമിച്ചു പോകുന്നു. മി. നായർ 1981-ൽ ബാന്റുസ്റ്റാൻ ട്രാൻസ്കൈയിൽ എത്തി. അംടാട്ടയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഷാബറി (shawbury) എന്ന സ്ഥലത്തെ ഒരു ട്രെയിനിംഗ് കോളേജിലായിരുന്നു ജോലി. ഒരു പെൻസിൽ വാങ്ങാൻ പോലും അംടാട്ടയിൽ വരണം. മി. നായർ ഹൈദരാബാദിലെ സി. ഐ. എഫ്. എല്ലിൽ നിന്ന് ഇംഗ്ലീഷിൽ സ്പെഷലൈസ് ചെയ്ത ആളാണ്. അതുകാരണം മാത്രമല്ല, അദ്ദേഹത്തിന്റെ സൗഹാർദ്ദപൂർണ്ണമായ പെരുമാറ്റവും കറുത്തവരോടുള്ള അയിത്തമില്ലായ്മയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും എല്ലാം അദ്ദേഹത്തെ സ്ക്കൂളിൽ സഹപ്രവർത്തകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പെട്ടെന്ന് ജനകീയനാക്കി. അങ്ങനെ സ്ക്കൂളിന്റെ പല ആവശ്യങ്ങൾക്കും അദ്ദേഹം സ്ക്കൂൾ സമയത്തിനു ശേഷം ഷാബറിയിൽ നിന്ന് ആരുടെയെങ്കിലും ലിഫ്റ്റിനെ ആശ്രയിച്ച് അംടാട്ടയിലേക്ക് പോകും.

അങ്ങനെ ഒരിക്കൽ അംടാട്ടയിൽ വന്നു. തിരിച്ചു പോകാൻ സമയമായപ്പോൾ വണ്ടി വിട്ടതിനു ശേഷം അദ്ദേഹം ഒരു സ്നേഹിതനെ വഴിയരികിൽ കണ്ടു. അദ്ദേഹം യാത്ര ചെയ്തിരുന്ന ടാക്സി (കെന്യയിലെ ‘മട്ടാറ്റു’) ഡ്രൈവർ പരിചയക്കാരനായതിനാൽ ‘ഞാൻ വെയ്റ്റ് ചെയ്യാം സർ. സർ പോയി സംസാരിച്ചിട്ടു വരണം. നോബഡി ഇൻ ദിസ് കാർ ഇസ് ഇൻ എ ഹറി’ ഡ്രൈവർ ഏകാധിപതിയാണ്! നായർ സർ വഴിയരികിൽ നിന്ന സ്നേഹിതനുമായി സംസാരിച്ചു. അഞ്ചു മിനിട്ടിൽ കൂടുതൽ അദ്ദേഹം സംസാരിച്ചില്ല എന്നാണ് എന്നോട് പറഞ്ഞത്. സുഹൃത്ത് പോയി.
മി. നായർ വണ്ടിയിൽ കയറി. വണ്ടി വിട്ടു പോയി. ടൗൺ കഴിയുന്ന ഇടമെത്തിയപ്പോൾ മി. നായർ അന്ധാളിച്ചു പോയി. താൻ വഴിയരികിൽ സംസാരിച്ചു നിന്നപ്പോൾ കയ്യിലിരുന്ന ബ്രീഫ് കെയ്സ് നിരത്തുവക്കിൽ വച്ചു. തിരികെ വണ്ടിയിൽ കയറിയപ്പോൾ അത് എടുക്കാൻ മറന്നു പോയി. ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാൾ ശാന്തത കൈവിടാതെ ഇങ്ങനെ പറഞ്ഞത്രെ: ‘മ്ഫുൻഡിസി (സർ) നിങ്ങളുടെ പെട്ടി എടുക്കാൻ ഞാൻ വേണമെങ്കിൽ കാലാ (ട്രാൻസ്കൈ യുടെ അതിർത്തിപ്രദേശത്തെ ഒരു ഗ്രാമം) വരെ പോകാം. നോബഡി ഇൻ ദിസ് കാർ ഇസ് ഇൻ എ ഹറി’. അങ്ങനെ ഉടലാകെ വിറയാർന്ന ആ പാവം ശകടം അവർ വന്ന വഴിയിലേക്ക് തിരികെപ്പോയി. മി. നായരെ സന്തോഷവും ആശ്ചര്യവും കൊണ്ട് ഞെട്ടിച്ച ഒരു കാഴ്ചയാണ് അദ്ദേഹം കണ്ടത്. താൻ നിരത്തുവക്കിൽ വച്ച പെട്ടി അതുപോലെ അവിടെത്തന്നെ ഉണ്ട്. ട്രാൻസ്കൈയിലെ ക്ലോസ (XHOSA) ഗോത്രക്കാരുടെ സത്യസന്ധതയെ പ്രകീർത്തിച്ച് പല ആവർത്തി അദ്ദേഹം ഈ സംഭവം വിവരിച്ച് ഞാൻ കേട്ടിട്ടുണ്ട്.

ട്രാന്‍സ്‌കൈയിലെ ഒരു ഗ്രാമത്തില്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ ക്ലോസ സ്ത്രീ / Photo: Louis Reynolds, flickr

എന്തായാലും ഹോം മിനിസ്ട്രി ഒന്ന് ശ്രമിക്കാം എന്നു കരുതി. അഞ്ചാം നിലയിലാണാ ആഫീസ്. ഇന്റീറിയർ മിനിസ്ട്രി എന്നാണ് ബാന്റുസ്താൻ ഭാഷ്യം. ലിഫ്റ്റ് റിപ്പയർ ആണ്. അഞ്ചു നിലകളും കയറിപ്പോകണം. എത്രയോ തവണ ആ ലിഫ്റ്റ് ധ്യാനത്തിൽ നിന്ന് ഉണരുന്നത് ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. ബാന്റുസ്ഥാനുകളിലെ പൊതുവിലുള്ള അവസ്ഥ അതു തന്നെ ആയിരുന്നു. എല്ലാം ഉണ്ട്; പക്ഷേ എല്ലാറ്റിനും “പ്രിറ്റോറിയ”യുടെ പ്രസാദത്തിന് കാത്തു നിൽക്കണം.

ഞങ്ങളുടെ ആദ്യത്തെ അംടാട്ട യാത്ര പാതി വിജയത്തിൽ അവസാനിച്ചു. എക്സെംപ്ഷൻ എന്ന് പറയുന്ന ഇന്റീരിയർ മിനിസ്​ട്രിയുടെ വിസ ആവശ്യമില്ലാതെ ജോലി ചെയ്യാനുള്ള അനുമതിപത്രമാണ് എക്സെംപ്ഷൻ എന്നു വിളിക്കുന്നത്. അതിനുള്ള ആപ്ലിക്കേഷൻ ഞങ്ങൾ കൊടുത്തു. ലിൻഡാ മെയ് എന്നൊരു ഉയരം കുറഞ്ഞ (ലെസൂറ്റു -Lesotho- ക്കാരനാണെന്ന് തോന്നി) ആളായിരുന്നു അത് തരേണ്ടത്. അയാൾ മഹാ കൈക്കൂലിക്കാരനാണെന്നാണ് കേട്ടിട്ടുള്ളത്. സർവത്ര സർവൈലൻസ് ഉപകരണങ്ങൾ ഘടിപ്പിച്ച ഇന്റീരിയർ മന്ത്രാലയത്തിൽ അവയില്ലാത്ത ഒരേ ഒരിടം താഴത്തെ നിലയിലെ ടോയ്ലറ്റുകൾ ആയിരുന്നത്രെ. ലിൻഡാ മെയ് കൈക്കൂലി വാങിയിരുന്നത് ഈ ടോയ്ലറ്റുകളിൽ വച്ചാണെന്ന് പിൽക്കാലത്ത് കൈക്കൂലിവീരന്മാരായ ചില മലയാളികൾ പറഞ്ഞു ചിരിക്കുന്നത് കേട്ടിട്ടുണ്ട്. ഈ വിദ്യകൾ ഒന്നുമറിയാത്ത ഞങ്ങൾ ഫോമുകൾ അയാളെ ഏൽ‌പ്പിച്ചപ്പോൾ വളരെ ആശ്വാസത്തോടെയാണ് പടിയിറങ്ങിയത്. രണ്ടാഴ്ച സമയമാണ് അയാൾ പറഞ്ഞത്.

തിരിച്ചിറങ്ങി ഞങ്ങൾ അംടാട്ട ടൗൺ ചുറ്റിക്കണ്ടു. ഒരു ചെറിയ സൂപ്പർ മാർക്കറ്റുണ്ട്. വളരെ വൃത്തിയുള്ള ടൗൺ. ചില ഇടങ്ങളിൽ ഫുട്പാത്തിൽ / പേവ്മെന്റിൽ “CAUTION: SLIPPERY FLOOR” എന്ന് എഴുതിവച്ചിട്ടുണ്ട്. ജീവിതത്തിലാദ്യമായാണ് നിരത്തുവക്കിൽ അങ്ങനെ ഒരു മുന്നറിയിപ്പ് കാണുന്നത്. ഞങ്ങൾക്ക് പരിചിതമായ ഒരു ഭക്ഷണക്കടയേ ആ ടൗണിലുണ്ടായിരുന്നുള്ളൂ: WIMPY FISH AND CHIPS. ഫിഷ് ആൻഡ് ചിപ്സ് കെന്യയാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. വളരെ സ്വാദിഷ്ടമായ ആ കോംബോയോട് ആദ്യം മുതൽക്കേ പ്രതിപത്തി തോന്നി. അങ്ങനെ ഞങ്ങൾ ഓരോ ഫിഷ് ആൻഡ് ചിപ്സ് വാങ്ങി കുറ്റബോധത്തോടെ കഴിച്ചു. മോളെ ലൈലയെ ഏൽപ്പിച്ചിട്ടാണ് ഞങ്ങൾ പോന്നത്.

UN Photo/Flickr

വില്ലോവെയ്ലിൽ തിരിച്ചെത്തുമ്പോൾ നാടു കടത്തപ്പെട്ട പ്രതീതിയായിരുന്നു. എല്ലാവർക്കും പറയാനുള്ളത് ഈ ബാന്റുസ്ഥാനിൽ വിദേശികൾക്കുള്ള അവസരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പലേടത്തും ഇന്ത്യൻ ടീച്ചർമാരെ ശാരീരികമായി ഉപദ്രവിക്കുന്നു, എന്നിങ്ങനെയുള്ള വർത്തമാനങ്ങൾ. ഇതിലൊന്നും ഞങ്ങൾക്ക് പങ്കുചേരാനാവില്ലായിരുന്നു. ഞങ്ങളുടെ ഒപ്പമുള്ളവരാരും മറ്റൊരു രാജ്യത്തും ജോലി ചെയ്തവരല്ല. അവർക്ക് വില്ലോവെയ്ല് തന്നെ അത്ഭുതം. ഞങ്ങൾ പിന്നീട് മനസ്സിലാക്കിയ കാര്യം, ചില അദ്ധ്യാപകർ പ്രിൻസിപ്പൽമാർക്ക് പല വിധത്തിലുള്ള കൈക്കൂലി കൊടുത്ത്, അവരവരുടെ സ്ക്കൂളിൽ ഇനി വരാൻ പോകുന്ന ഒഴിവ് സ്വന്തം ഭാര്യക്കോ ഭർത്താവിനോ മറ്റ് കുടുംബാംഗങ്ങൾക്കോ വേണ്ടി കാത്തുവയ്ക്കുന്ന സമ്പ്രദായം പരക്കെ ഉണ്ടായിരുന്നു എന്നതാണ്.

രാത്രി കിടക്കുമ്പോൾ തലയ്ക്കു മീതെ ഇറ്റു വീഴാൻ ഊഴം കാത്തു വിങ്ങുന്ന വെള്ളത്തുള്ളികൾ. ഉള്ളിൽ ഇറ്റുവീണ് പെരുമഴയായിക്കൊണ്ടിരിക്കുന്ന ആരും കാണാത്ത കണ്ണുനീർ. ഒരു വില്ലോവെയിൽ രാത്രി കൂടി കനക്കുന്നു.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments