ദക്ഷിണാഫ്രിക്കൻ ബാന്റുസ്റ്റാനിൽ ജീവിതത്തിന്റെ ഒന്നാമങ്കം; ശുഭം

യു. ജയചന്ദ്രൻ എഴുതുന്ന ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 40

മെയിൻ റോഡിൽനിന്ന് സ്കൂളിലേക്ക് കുന്നിനെ ചുറ്റി വളഞ്ഞുപോകുന്ന നടപ്പാതയുണ്ട്. കുന്നിന്മുകളിലെ സ്കൂൾ യഥാർഥത്തിൽ സ്കൂളായിരുന്നില്ല. ഒരു ചാപ്പലായിരുന്നു. മ്ബാ‍ഷെ (Mbashe) എന്ന പ്രദേശത്തെ ഒരു ‘ലൊക്കേഷൻ’ ആയ ‘ന്വായ്ർഹ്വ’ (NWYARHWA) എന്നിടത്ത് ആദ്യ കാലത്തുണ്ടായിരുന്ന ചെറിയ ക്രിസ്ത്യാനി ആരാധനാ സംഘങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണ്. സ്കൂൾ തുടങ്ങിയപ്പോൾ അധികം വിദ്യാർത്ഥികളില്ലാഞ്ഞതിനാൽ പള്ളിയും സ്കൂളിന്റെ ഭാഗമായി. പ്രൈമറി സ്കൂളിന്റെ ഒരു ക്ലാസ് മുറി സീനിയർ സ്കൂൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ബാക്കി ക്ലാസുകളെല്ലാം വൃത്താകൃതിയിലുള്ള കുടിലുകളിൽ നടക്കും. സ്കൂളിന്റെ ഓഫീസ് എന്നു പറയുന്നത് മ്ബൻഡസയൊക്കുപകരം താൽക്കാലികമായി ചാർജ്ജെടുത്ത ഒരു ഡെ. പ്രിൻസിപ്പലിന്റെ പിക്ക് അപ് ട്രക്ക് ആയിരുന്നു. കുടിലുകളിലൊന്ന് സ്റ്റാഫ് റൂം ആ‍ക്കിയിരുന്നു.
ഇവയൊക്കെയായിരുന്നു എന്റെ ആദ്യ കാഴ്ച.

ഇനി അത്ഭുതം.

പതിവുപോലെ അതിരാവിലെ എഴുന്നേറ്റ് ഐസ് പോലുള്ള വെള്ളത്തിൽ കുളിച്ച് അടുത്തൊരു തൊഴിൽ വേട്ടയ്ക്കിറങ്ങാനൊരുമ്പെട്ട് വീടിനു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ വന്നുനിൽക്കുകയാണ്. വേനൽ മായാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പുലർവെട്ടം നേരത്തേ തെളിയും. അത്രയും പുലർച്ചയ്ക്ക് ഹൈക്കിന് ബുദ്ധിമുട്ടാണ്. T (ranskei) R (oad) T (ransport) C (orporation) ബസ് തന്നെ ആശ്രയം. അങ്ങനെ നിൽക്കുമ്പോൾ, നാട്ടുവഴിയിൽ ഞാൻ നിൽക്കുന്നതിന് എതിർഭാഗത്തുനിന്ന് ഒരാൾ അല്പം വേച്ചുവേച്ച് നടന്നടുക്കുന്നു. എന്റെ അടുത്തെത്തിയപ്പോൾ അയാൾ നിന്നു. ഏതോ തൊഴിലന്വേഷണയാത്രയിൽ ഏതോ ഒരു സ്കൂളിൽ നിന്ന് കണ്ടുകിട്ടിയതാണ്. അടുത്തു വന്നയുടൻ അയാൾ എന്റെ കയ്യിൽ കയറിപ്പിടിച്ചു, ‘യൂ നോ മീ ഡോൻ’ട് യു?’
ഞാൻ സംശയത്തോടെ പറഞ്ഞു, ‘ഐ തിങ്ക് വി ഹാവ് മെറ്റ് വൺസ്…’
അയാൾ ഉറക്കെ ചിരിച്ചു, ‘യാ, ഐ ആം ഡാറ്റ് മോൺകീ; ദാറ്റ് ആഫ്രിക്കൻ മോൺകീ…യു ഗെറ്റ് ദാറ്റ്, മിസ്റ്റർ ഇന്ത്യൻ?’

Representative image

വെളുക്കുവോളം കുടിച്ചു തീർത്ത ലഹരിയാണ് അയാളിലൂടെ പുറത്തുവരുന്നത്. അത്രയും പറഞ്ഞിട്ട് ആ മങ്ങിയ പുലർവെട്ടത്തിൽ അയാൾ എങ്ങോട്ടോ നടന്നുപോയി. ഉപദ്രവകാരിയല്ല; പക്ഷേ ഒരു ‘ഇർറീട്ടന്റ്’.

രാവിലെ ആറു മണിക്ക് വില്ലോവെയ്ലിൽ നിന്ന് നീങ്ങുന്ന ബസ് (ടി ആർ ടി സി) ഒരു മണിക്കൂറിൽ ഐഡ്യൂച്വയിൽ എത്തും. 29 കിലോമീറ്റർ. ഐഡ്യൂച്വയിൽ നിന്ന് എങ്ങോട്ടുപോകണം എന്നത് എന്റെ തീരുമാനമായിരിക്കും. അന്നത്തെ ദിവസം ആരംഭിച്ചതുതന്നെ സ്വയം കുരങ്ങൻ എന്ന് അഭിസംബോധന നടത്തി എന്നെ പരിഹസിക്കാൻ ശ്രമിച്ച ഒരു മനുഷ്യനുമായുള്ള കൂടിക്കാഴ്ച്ചയോടെയായിരുന്നു.

ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാൻ ഐഡ്യൂച്വയിൽ നിന്ന് അംടാട്ടയിലേക്കുള്ള ഹൈക്കിംഗ് പോയിന്റ് ലക്ഷ്യമാക്കി നടന്നു. അവിടെ എത്താറായപ്പോൾ “മി. ചാൻഡ്രാ, മി. ചാൻഡ്രാ” എന്നൊരു വിളി കേട്ട് തിരിഞ്ഞുനിന്നു. ‘ലിലിയൻ’ എന്ന് വിളിപ്പേരുള്ള ഒരു ടീച്ചർ. അവർ മ്ബാഷെ ജൂനിയറിൽ ടീച്ചറാണ്. മ്ബാൻഡസായോക്കുപകരം പ്രിൻസിപ്പൽ വരില്ലത്രെ. അതിനുപകരം അവർ ഒരു ഡെപ്യൂട്ടി പ്രിൻസിപ്പലിനെ അയച്ചു. അയാളുടെ പേര് സീഫോ മ്ല്ഡുൾവായോ (SIPHO MLDULWAYO) എന്നാണ്. അയാൾ കഴിഞ്ഞ ദിവസമാണത്രെ ചാർജ്ജ് എടുത്തത്. അയാൾക്ക് അത്യാവശ്യമായി എന്നെ കാണണം. എന്റെ ഉള്ളിലൊരു കൊള്ളിയാൻ പാഞ്ഞു. എനിക്ക് ഒപ്പിട്ടുതന്ന വേക്കൻസി കൈ വിട്ടുപോയോ എന്നൊരു സംശയവും.

എന്തായാലും അന്നത്തെ ഹൈക്ക് മ്ബാഷെയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ മ്ൾഡുൾവ എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു, ‘യൂ മസ്റ്റ് റഷ് ടു ദ ഡിപ്പാർട്ടുമെന്റ് ആൻഡ് മീറ്റ് മി. സലാര. ഇറ്റ് ഈസ് അർജെന്റ്’.

എത്ര ‘റഷ്’ പറഞ്ഞാലും ഹൈക്കിന്റെ വേഗമനുസരിച്ചു മാത്രമല്ലേ അങ്ങെത്താനാവൂ. അങ്ങനെ ഞാൻ അംടാട്ടയിൽ ഓഫീസിലെത്തി. സരാരയെ മുൻപ് കണ്ടിട്ടുണ്ട്. അദ്ദേഹം എന്നെ കണ്ടപ്പോൾ ഹാർദ്ദമായി ചിരിച്ച് ‘കൺഗ്രാജുലേഷൻസ്, മി. ചന്ദ്രാ’ എന്നു പറഞ്ഞ് മേശവലിപ്പിൽനിന്ന് ഒരു ഒൺവെലപ് എടുത്തുനീട്ടി. ട്രാൻസ്കൈയിൽ ഉദ്യോഗലബ്ധി കാത്തുകഴിയുന്ന ആർക്കും സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുള്ള ആ സന്ദേശമാണ് എന്റെ കയ്യിലിരിക്കുന്നത്. ടെലഗ്രാം. ഇത് ഒരു വിസ്മയമല്ലെങ്കിൽ പിന്നെ എന്താണ്?എക്സംഷൻ ഓഫ് വിസ ഇല്ലാതെ ഒരു അപ്പോയിന്റ്മെന്റ് കിട്ടുക എന്ന് കേട്ടുകേൾവി പോലുമില്ല.

Representative image

നിർഭാഗ്യവശാൽ എന്റെ കയ്യിൽ തിരികെ വീട്ടിലെത്താനുള്ള പണമേ ഉണ്ടായിരുന്നുള്ളു. ഞാൻ സരാരയോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, ‘മി. ചന്ദ്രാ, യുവർ പീപ്പിൾ കെപ്റ്റ് ഓൺ ഗിവിങ് മി മണി ആ‍ൻഡ് ഐ അക്സെപ്റ്റഡ് ഇറ്റ്. ഐ നെവർ ആസ്കെദ് ഫൊർ ഇറ്റ്. വൺ ഡേ ഐ മേ നീഡ് ഹെൽ‌പ്പ് ആൻഡ് യു വിൽ ഗെറ്റ് എ ചാൻസ് ടു റെസിപ്രൊകേറ്റ്’.
അയാൾ എന്നെ സ്നേഹപൂർവം യാത്രയാക്കി.

അംടാട്ടയിൽ നിന്ന് മടങ്ങുമ്പോഴും മനസ്സിൽ തട്ടിയ മറ്റൊരു ‘മിറക്കിളി’ന്റെ ഇന്ദ്രജാലം എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാനുള്ള വിഫലശ്രമത്തിൽ ഞാൻ ഉഴലുകയായിരുന്നു. വീട്ടിൽ ചെന്നെത്തിയിട്ട് ആദ്യം ചെയ്തത് എന്റെ സഖിയെ എടുത്ത് ഒരു വട്ടം ചുറ്റുകയായിരുന്നു. അതു കണ്ട അപർണ്ണയ്ക്കും (ഞങ്ങൾ അവളെ ‘ചിക്കു’ എന്നാണ് വിളിച്ചിരുന്നത്.) അങ്ങനെ ഒന്ന് ചുറ്റാൻ മോഹം. ഞങ്ങളുടെ അയൽക്കാരുമായി ഈ അത്ഭുതവാർത്ത പങ്കിടാം എന്നു വിചാരിച്ച് ഞങ്ങൾ എല്ലാവരോടും പറഞ്ഞു. അവരിൽ പലരും വിദ്യാഭ്യാസവകുപ്പിന്റെ ഇടനാഴികളിൽ നിത്യേനയെ ന്നോണം ഇടപഴകുന്നവരാകയാൽ അവർക്ക് ആദ്യം സംശയം, പിന്നെ അമ്പരപ്പ്. എന്നെ വ്യക്തിപരമായി അറിയാത്തവർ ‘എന്തു കൊടുത്തു, എക്സെംപ്ഷനില്ലാതെ ഇത് ഒപ്പിച്ചെടുക്കാൻ?’ എന്ന മട്ടിലുള്ള ചോദ്യങ്ങൾ.

ആ നിയമനത്തിന് ഒരു തകരാറേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു വർഷത്തേക്കുള്ള ‘ടെംപററി’ പോസ്റ്റ് ആയിരുന്നു. മ്ബൻഡസായോയുടെ പോസ്റ്റ്. എന്തായാലും ഞങ്ങൾക്ക് സന്തോഷമായി. വീണ്ടും ഒരു കൂടുമാറ്റത്തിന് സമയമായി. വില്ലോവെയ്ലിൽ നിന്ന് മ്ബാഷെ വരെയുള്ള യാത്ര കഠിനമായിരുന്നു. അങ്ങനെ ഞങ്ങൾ അതിനേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട ഐഡ്യൂച്വയിൽ വീടന്വേഷണം ആരംഭിച്ചു. ഐഡ്യൂച്വയിൽ മലയാളികളുണ്ടെന്ന് കേട്ടിരുന്നു. ആരെയും ഞങ്ങൾക്കറിയില്ലായിരുന്നു. വലിയ മലയാളി ‘സൊസൈറ്റി’യിൽ കുഴഞ്ഞു മറിയാൻ യാതൊരു താൽ‌പര്യവുമില്ലായിരുന്നു.

അതിനിടെ ഒരു അത്ഭുതം കൂടി സംഭവിച്ചു. ലൈലയുടെ തൊട്ടടുത്ത് താമസിച്ചിരുന്നയാളുടെ ഭാര്യക്കായി അയാൾ സ്വന്തം സ്കൂളിൽ പറഞ്ഞു വെച്ചിരുന്ന ജോലി പോയി. അതായത് ആ സ്കൂളിൽ പുതിയ ഗ്രാന്റുകൾ വന്നപ്പോൾ അവർക്ക് പഠിപ്പിക്കാമായിരുന്ന വിഷയത്തിന് ഗ്രാന്റ് ഇല്ല. പിന്നെയുള്ളത് ജിയോഗ്രഫിക്കായിരുന്നു. അതിനു വേണ്ടി വന്നയാളെ പ്രിൻസിപ്പലിന് ബോധിച്ചില്ല. അപ്പോൾ ഞങ്ങളുടെ സുഹൃത്ത് ബീനയുടെ പേരു പറഞ്ഞു, നിവൃത്തികേടുകൊണ്ട്. അങ്ങനെ അന്നു വൈകുന്നേരം ആ നല്ലവനായ പ്രിൻസിപ്പലിന്റെ വീട്ടിൽ വച്ച് ബീനയുടെ ഫോമുകളിലെല്ലാം ഒപ്പിട്ടു കിട്ടി. ദക്ഷിണാഫ്രിക്കൻ ബാന്റുസ്റ്റാനിലെ ജീവിതത്തിന്റെ ഒന്നാമങ്കം ശുഭം.

Representative image

ഞങ്ങളുടെ ഒരുമിച്ചുള്ള തീരുമാനമായിരുന്നു; എന്ന് ഞങ്ങളിൽ ഒരാൾക്കെങ്കിലും ജോലിയാവുന്നോ, അന്ന് ഞങ്ങൾ വില്ലോവെയ്ലിൽ നിന്ന് വിട പറയും എന്ന്. അത് അതുപോലെ തന്നെ ഫലിക്കുകയും ചെയ്തു. വില്ലോവെയ്ല് വിട്ട ശേഷം ഒരു അകാലമരണത്തിനും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ബാപ്ടിസത്തിനും മാത്രമേ ഞങ്ങൾ അവിടെ പോയിട്ടുള്ളു.

വില്ലോവെയ്ലിലെ വസന്തങ്ങൾ ഞങ്ങൾ വിരിയിച്ചതാണ്. ഞങ്ങൾ താമസിച്ചിരുന്നതിനെതിരെയായിരുന്നു മുനിസിപ്പൽ കമീഷണറുടെ ഓഫീസ്. ഞങ്ങൾക്ക് ഫോൺ വന്നാൽ അവിടെയുള്ള ഏതെങ്കിലും പയ്യന്മാരെ പറഞ്ഞുവിടും. ക്രമേണ ഞങ്ങൾ സുഹൃത്തുക്കളായി. ആ ഓഫീസിൽ ഒരു ബ്രഹ്മാണ്ഡ ലൈബ്രറിയുണ്ടായിരുന്നു. ഞങ്ങൾ കമീഷണറുമായി ഒരു കരാറിലേർപ്പെട്ടു.

അവരുടെ പുസ്തകങ്ങളെല്ലാം ഞങ്ങൾ മൂന്നു പേരും കൂടി പൊടി തട്ടി വൃത്തിയാക്കി അക്ഷരമാലാക്രമത്തിൽ അടുക്കിക്കൊടുക്കാം. പകരം പുസ്തകം ഫ്രീയായി വായിക്കാൻ തന്നാൽ മതി. കരാറുമായി പോയത് അപർണയും ബീനയും ആയിരുന്നു. അയാൾ എല്ലാം കേട്ടിട്ട് ഇങ്ങനെ പറഞ്ഞു, “ഇഫ് യൂ കാൻ ഗെറ്റ് ദോസ് ഗോഡ്ഡാം ബുക്സ് എവയ്, ഐ വിൽ ബെ വെരി ഹാപ്പി’’.

അങ്ങനെ ഞങ്ങൾ അവിടെ പണി തുടങ്ങി. വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ ഒറ്റ പടുകൂറ്റൻ വാല്യമായി (ഇംഗ്ലീഷിൽ) ഞാൻ വായിച്ചത് അവിടെ നിന്നാണ്. ജോൺ ഗന്തറുടെ ‘ഇൻസൈഡ് ഏഷ്യ’യും ആ പഴകി ദ്രവിച്ചുകൊണ്ടിരുന്ന ഗ്രന്ഥപ്പുരയിൽ നിന്നാണ് ഞാൻ കണ്ടെടുത്തത്. അന്ന് ഞാൻ ആ കമീഷണറോട് ഒരു ഉപകാ‍രമേ ചോദിച്ചുള്ളൂ, ജോൺ ഗന്തറിന്റെ പുസ്തകം. കമീഷണർക്ക് എല്ലാ പുസ്തകവും ഒന്നു തന്നെയാണ്. “സ്പെയ്സ് സ്റ്റീലിംഗ് ബഞ്ച് ഓഫ് പെയ്പ്പേഴ്സ് സ്പ്യൂഡ് ബൈ സം ജോബ് ലെസ്സ് ഗൈ സംവെയർ’’. ആ ജോൺ ഗന്തർ ഇന്നും എന്റെ പ്രധാന ബുക് ഷെൽഫിൽ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോലി ഉറപ്പായതോടെ ഞങ്ങൾക്ക് ധൈര്യമായി. വന്നിട്ട് അധികം അലച്ചിലില്ലാതെ ഞങ്ങൾ ജോലി നേടി.

പീറ്റർ മൊക്കാബാ

സ. ക്രിസ് ഹാനി മരിക്കും മുൻപ്, പീറ്റർ മൊക്കാബാ എന്ന തീപ്പൊരി യുവജനനേതാവ് “one settler, one bullet” എന്ന മുദ്രാവാക്യം മുഴക്കിയതും അയാൾക്കൊപ്പം വേദിയിലുണ്ടായിരുന്ന വിന്നി മൻഡേല ഒപ്പം ചേർന്നതും എല്ലാം കറുത്തവരിൽത്തന്നെ വിഭാഗീയതയുണ്ടെന്ന് തെളിയിക്കാൻ ‘വെള്ള’ മാദ്ധ്യമങ്ങൾ തമ്മിൽ മത്സരിച്ചു.

രാജ്യത്തുടനീളം ഒരു അപ്രഖ്യാപിത യുദ്ധം നടക്കുന്ന പ്രതീതിയായിരുന്നു. ജൊഹന്നെസ്ബർഗ്, ഈസ്റ്റ് റാൻഡ്, ക്വാ സുളു നറ്റാൽ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം ഖനിത്തൊഴിലാളികൾ ഹോസ്റ്റലുകളിലാണ് താമസിച്ചിരുന്നത്. വെള്ളക്കാരുടെ ഏജന്റ് എന്ന് പരസ്യമായി കുറ്റപ്പെടുത്തപ്പെട്ടിരുന്ന ചീഫ് മങ്ഗോസുതു ബുത്തെലേസി ഈ സംഘർഷങ്ങളിൽ ഒരു ‘മൂന്നാം ശക്തി’ ആയിരുന്നുവെന്നതും പരസ്യമായിരുന്നു. ഡച്ച് പിൻ തലമുറക്കാരും ഇടയ്ക്കിടെ ഈ സംഘർഷങ്ങളിൽ ഇടങ്കോലിട്ടു കൊണ്ടിരുന്നു.

റോഡ് മാർഗ്ഗമുള്ള ദീർഘയാത്രകൾ അപകടം വിളിച്ചുവരുത്തും. അത്തരത്തിലൊരു അപകടത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ രക്ഷപ്പെട്ട് ജീവൻ കിട്ടിയ ഒരാളാണ് ഇതെഴുതുന്നത് എന്നതുകൊണ്ടുതന്നെ നിങ്ങൾക്ക് അത് പൂർണ്ണമായും വിശ്വസിക്കാം.
മാർച്ച് 27-ന് ഞാൻ മ്ബാഷെയിലേക്ക് പുറപ്പെട്ടു. പുതിയ ലാവണം, പുതിയ സഹപ്രവർത്തകർ, പുതിയ കുട്ടികൾ.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments