അബിസീനിയയ്ക്ക് വിട; നയ്റോബി എന്ന അധോലോകത്തിന് വന്ദനം

നയ്‌റോബി ഒരു വലിയ നഗരത്തിന്റെ ആർഭാടവും വർണപ്പകിട്ടും കാണിച്ച് നിങ്ങളെ മയക്കിയേക്കാം. പക്ഷേ വലിയ തോതിലുള്ള ഹിംസാത്മകപ്രവൃത്തികൾ നടക്കുന്ന ഭീകരമായ ഒരു അധോലോകം ആ വലിയ നഗരഹൃദയത്തിനോടൊപ്പം മിടിച്ചുകൊണ്ടിരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 14

ചെക്ക് ഇൻ ചെയ്ത് തിരിഞ്ഞുനോക്കിയപ്പോൾ കണ്ണാടിവാതിലിനപ്പുറത്ത് എന്റെ മകളുടെ മുഖം. അവൾക്ക് അകത്തേക്ക് വരാൻ അനുവാദമില്ല. എങ്കിലും അവൾ അച്ഛനെ ഒരു നോക്കു കൂടി കാണാൻ കൊതിച്ച് നിൽക്കുകയാണ്. ഞാൻ അവളുടെ അടുത്തേക്കോടി. അവൾ കയ്യുയർത്തി യാത്ര പറഞ്ഞു. ഒരു മാപ്പുപറച്ചിലിൽ അവസാനിപ്പിക്കാവുന്ന പ്രശ്‌നം പിരിച്ചുവിടൽ വരെ എത്തിച്ചത് എന്റെ സ്‌ക്കൂളിലെ വകുപ്പദ്ധ്യക്ഷനും ഡയറക്ടറും ചേർന്നാണല്ലോ. ഏതെങ്കിലും വിധം അനുരഞ്ജനം സാദ്ധ്യമാവുമോ എന്ന് ഞാൻ ആലോചിച്ചപ്പോഴെല്ലാം അതു വേണ്ട, അതിന്റെ ആവശ്യം നമുക്കില്ല എന്ന് എന്നെ ധൈര്യപ്പെടുത്തിയത് എന്റെ സഖിയായിരുന്നു. അവരിരുവരെയും വിട്ടുപോകേണ്ടി വരും; അതും പൂർണമായും അന്യമായ ഒരു ദേശത്ത്; എന്ന് അന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല.

നയ്‌റോബിയിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ കയറുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞുനോക്കി. എയർപോർട്ടിലെ വ്യൂവിങ്ങ് ടെറസ്സിൽ അപ്പോഴും അവർ നിന്നു; കയ്യുയർത്തി യാത്ര പറഞ്ഞും കൊണ്ട്. വിമാനം ഉയരുമ്പോൾ അഡീസ് അബാബ ഒരു നഷ്ടഭൂമിയായി താഴെ പരന്നുകിടന്നു.
ശേബാരാജ്ഞിയുടെ അബിസീനിയ, ഹെയ്‌ലെ സെലാസിയുടെ സാമ്രാജ്യം, ബോബ് മാർലിയുടെയും മറ്റനേകം അഫ്രിക്കൻ അമേരിക്കന്മാരുടെയും വാഗ്ദത്തഭൂമി.

അഡീസ് അബാബ
അഡീസ് അബാബ

എത്യോപ്യയിൽ രണ്ടു സ്ഥലങ്ങൾ കൂടി സന്ദർശിക്കണം എന്നുണ്ടായിരുന്നു. ഒന്ന്, ടിഗ്രെ പ്രവിശ്യയുടെ തലസ്ഥാനമായ അക്‌സും എന്ന പട്ടണം. ശേബയുടെ രാജധാനി ആയിരുന്നു അക്‌സും. അവിടെ ഇപ്പോഴും നീണ്ടുനിവർന്നു നിൽക്കുന്ന നെടിയ സ്മാരകസ്തംഭങ്ങൾ നേരിൽ കാണാനായില്ല. അവയിൽ ഏറ്റവും വലുതിന്റെ ഉയരം 79 അടിയാണ്. യുനസ്കോയുടെ ലോക ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നാണ് അക്‌സുമിലെ സ്മാരകസ്തംഭങ്ങൾ. ഗോണ്ടറിനു തൊട്ടു വടക്കുള്ള സ്ഥലമായിരുന്നെങ്കിലും ടിഗ്രെയ്ക്കുള്ള റോഡ് ഏതാണ്ട് എന്നെന്നേക്കുമായി അടച്ചതുപോലെയായിരുന്നു. അത്ര രൂക്ഷമായിരുന്നു ആ പ്രദേശത്തെ സംഘർഷം.

പിന്നെ കാണാനാവാതെ പോയ ഒരിടം, ലാലിബെല എന്ന ചെറിയ പട്ടണം. ആ പട്ടണം വൊള്ളോ പ്രവിശ്യയിലാണ്. അവിടത്തെ പ്രത്യേകത ഏകശിലാനിർമിതമായ പള്ളികളാണ്. കൂറ്റൻ പാറകളെ ഭൂമിക്കടിയിലേക്ക് തുരന്നാണ് പള്ളികൾ പണിതിരിക്കുന്നത്. ലാലിബെല എന്ന രാജാവിന്റെ സ്വപ്നദർശനമാണത്രേ അത്തരം സാഹസികമായ ഒരു നിർമ്മിതിക്ക് പ്രചോദനം. 13 പള്ളികളാണ് രാജകൽപ്പനപ്രകാരം നിർമിച്ചത്. സ്വതവേ ആദ്ധ്യാത്മിക ചിന്തകളിലും പഠനങ്ങളിലും മുഴുകിയിരുന്ന ലാലിബെല രാജാവ് കാലക്രമേണ ഒരു സന്യാസിയെപ്പോലെയായിത്തീർന്നു. അവസാനത്തെ പള്ളി അദ്ദേഹം സ്വയം പണിഞ്ഞതാണെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. പകൽ സമയം പള്ളി പണിഞ്ഞിരുന്നത് സാധാരണ പണിക്കാരായിരുന്നെങ്കിൽ, രാത്രി പണി തുടർന്നിരുന്നത് മാലാഖമാരായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇന്നും എത്യോപ്യയിലുണ്ട്.

ടിഗ്രെ പ്രവിശ്യയുടെ തലസ്ഥാനമായ അക്‌സും എന്ന പട്ടണം
ടിഗ്രെ പ്രവിശ്യയുടെ തലസ്ഥാനമായ അക്‌സും എന്ന പട്ടണം

അങ്ങനെയുള്ള ചില നഷ്ടങ്ങളുണ്ടായെങ്കിലും എത്യോപ്യ വിടുന്നതിൽ ഞങ്ങൾ ഇരുവർക്കും സന്തോഷമായിരുന്നു. തൽക്കാലത്തെ വിഷമങ്ങൾ മാറിക്കഴിഞ്ഞാൽ കെന്യ എന്തുകൊണ്ടും മോശപ്പെട്ട ഒരു ഓപ്ഷൻ അല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. 1982-ൽ ഞങ്ങൾ അവധിക്കാലത്ത് കെന്യക്ക് ഒന്നു പോയി വരാൻ ആലോചിച്ചിരുന്നു. അപ്പോഴേക്ക് നാട്ടിൽ തിരിച്ചെത്തേണ്ട അത്യാവശ്യമുണ്ടായതിനാൽ അത് നടന്നില്ല. ഒരു തരത്തിൽ അത് നന്നായി. കാരണം ഞങ്ങൾ ആ വർഷം കെന്യയിൽ എത്തിയിരുന്നുവെങ്കിൽ അവിടെ നടന്ന പട്ടാള അട്ടിമറിശ്രമത്തിലെ ലഹളയിൽ കുരുങ്ങിപ്പോയേനെ.

1982-ലെ അലസിപ്പോയ പട്ടാളവിപ്ലവം കെന്യയിലെ അത്തരം ആദ്യത്തെ അട്ടിമറി ശ്രമമായിരുന്നു. ജോമോ കെന്യാറ്റയുടെ (ജോമോ എന്നാൽ ‘ജ്വലിക്കുന്ന കുന്തം’ എന്നാണർത്ഥം. കെന്യാറ്റ സ്വയം തെരഞ്ഞെടുത്ത പേരാണത്.) കാലശേഷം പ്രസിഡന്റായ ദാനിയൽ അരാപ് മോയ് കലെഞ്ചിൻ എന്ന ന്യൂനപക്ഷ ഗോത്രത്തിൽ ജനിച്ചയാളാണ്. മസായ് ഗോത്രവുമായി സാദൃശ്യമുള്ളവരാണ് കലെഞ്ചിൻമാർ. മോയ് യുടെ ഭരണം തകിടം മറിക്കാൻ ശ്രമിച്ചവരിൽ പ്രധാനി ചാൾസ് എൻജോൻജോ എന്ന കിക്കുയു ഗോത്രക്കാരനായിരുന്നു. അയാൾ ഇംഗ്ലണ്ടിലെ എക്‌സെറ്റെർ കലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. തുടർന്ന് ലോകപ്രശസ്തമായ ‘ഗ്രേയ്‌സ് ഇൻ’-ൽ നിയമപഠനത്തിനു ചേർന്നു. ബാരിസ്റ്ററായി കെന്യയിലേക്ക് മടങ്ങി. കെന്യയിൽ അയാൾ കൊളോനിയൽ കാലത്തുതന്നെ ഉയർന്ന ഉദ്യോഗങ്ങളിൽ നിയമിക്കപ്പെട്ടു.

ലാലിബെല എന്ന ചെറിയ പട്ടണം,അവിടത്തെ പ്രത്യേകത ഏകശിലാനിർമിതമായ പള്ളികളാണ്
ലാലിബെല എന്ന ചെറിയ പട്ടണം,അവിടത്തെ പ്രത്യേകത ഏകശിലാനിർമിതമായ പള്ളികളാണ്

1964- ലാണ് എൻജോൻജോ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കെന്യാറ്റയ്ക്ക് പ്രിയമേറെയുള്ള വ്യക്തിയായിരുന്നു എൻജോൻജോ. കെന്യയിലെ അറ്റോർണി ജനറൽ സ്ഥാനത്ത് അയാളെ കെന്യാറ്റ അവരോധിച്ചത് ഭാവിയിൽ തന്റെ പിൻഗാമിയാക്കാനായിരുന്നു എന്ന് ഊഹിച്ചിരുന്നവർ ഏറെയുണ്ടായിരുന്നു. എന്തായാലും കെന്യാറ്റയുടെ കാലത്ത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അടക്കിനിർത്തിയിരുന്ന ഗോത്രവൈരങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം മറനീക്കി പുറത്തു വരികയും രൂക്ഷമായി പ്രകടിപ്പിക്കപ്പെടുകയും ചെയ്തു. അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ ഇരയായിത്തീർന്ന ഒരു വ്യക്തിയാണ് എൻജോൻജോ.

1982-ലെ അട്ടിമറിശ്രമത്തിന്റെ നിഷ്ഠൂരകഥകൾഞങ്ങൾ കെന്യയിൽ താമസമാക്കിയ ശേഷമാണ് കേട്ടറിയുന്നത്. എത്യോപ്യയിൽ ജീവിക്കുമ്പോൾ കെന്യ സമ്പന്നരാജ്യമായിക്കൊണ്ടിരിക്കയാണെന്ന തോന്നലാണ് നമുക്കുണ്ടാവുക. എത്യോപ്യയിൽ അപൂർവ്വമായി മാത്രം ലഭിച്ചിരുന്ന പല നിത്യോപയോഗ സാധനങ്ങളും ''മെയ്ഡ് ഇൻ കെന്യ'' ലേബലോടു കൂടിയാണ് കണ്ടിരുന്നത്. അദീസിൽ ഒരിക്കലും കിട്ടാതിരുന്ന പല സാധനങ്ങളും കെന്യയിൽ കിട്ടും എന്ന് അഡീസിലുള്ള പഴയ ഇന്ത്യക്കാർ പറയുകയും ചെയ്തിരുന്നു. ഞാൻ നയ്‌റോബിയിൽ എത്തുമ്പോൾ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ എന്ന സൗകര്യമുണ്ടായിരുന്നു. എത്ര കാലത്തേക്ക് തരും എന്നത് അവിടെ വിസ അടിച്ചു തരുന്ന (ഉദ്യോഗസ്ഥ/ ഉദ്യോഗസ്ഥൻ) വരുടെ മൂഡ് അനുസരിച്ചിരിക്കും.

ജോമോ കെന്യാറ്റാ ഇന്റർനാഷണൽ എയർ പോർട്ട്, നയ്റോബി
ജോമോ കെന്യാറ്റാ ഇന്റർനാഷണൽ എയർ പോർട്ട്, നയ്റോബി

വിസ അടിക്കുന്ന സ്ത്രീ എന്നോട് ചോദിച്ചു, ‘ടൂറിസ്റ്റ് ആയി വന്ന് ഇവിടെ മുങ്ങാനല്ലേ?'
അല്ല എന്നു പറഞ്ഞപ്പോൾ അവർ അവജ്ഞയോടെ ഒന്നു ചിരിച്ചു. ''ഡോണ്ട് ഗെറ്റ് കോട്ട്'' (പിടികൊടുക്കാതിരിക്കാൻ നോക്കുക) എന്നു പറഞ്ഞ് എന്റെ പാസ്‌പോർട്ട് തിരികെത്തന്നു. ഒമ്പതു മാസത്തെ വിസ അടിച്ചിരുന്നു. നയ്‌റോബി എയർപോർട്ടിൽ എന്നെ കാത്തുനിന്നത് ഗുപ്ത എന്ന രാജസ്ഥാനിയായിരുന്നു. അദ്ദേഹം എത്യോപ്യയിൽനിന്ന് നേരത്തേ കെന്യയിൽ വന്നതാണ്. ഒരു സ്‌ക്കൂളിൽ ഹെഡ് മാസ്റ്ററായിരുന്നു. അഡീസിൽ ഒരിക്കൽ അവധിയിൽ വന്നപ്പോൾ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അദ്ദേഹം എന്നോട് രഹസ്യമായി പറഞ്ഞ ഒരു കാര്യം, വരുമ്പോൾ ഒരു കുപ്പി ''ഹെയ്ഗ്'' വിസ്‌കി വാങ്ങിക്കൊണ്ടുവരണം എന്നായിരുന്നു. (എന്തുകൊണ്ടാണ് ''ഹെയ്ഗ്'' എന്ന് ഞാൻ ചോദിച്ചില്ല. നീല ലേബലും പച്ച ലേബലും ഷിവാസ് റീഗലും എല്ലം കിട്ടുമല്ലൊ. ഒരുപക്ഷേ, അയാൾ വിസ്‌കി കൊടുക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഏറ്റവും ഇഷ്ടം ''ഹെയ്ഗ്'' ആയിരിക്കാം. അതുമല്ലെങ്കിൽ 'Don't be vague, ask for Haig' എന്ന, അക്കാലത്ത് പതിവായി കണ്ടിരുന്ന ''ഹെയ്ഗി'ന്റെ പരസ്യവാചകത്തിൽ വീണുപോയ ഏതെങ്കിലും സർദാർ ആയിരിക്കാം).

ഞാൻ നേരത്തേ തീരുമാനിച്ചിരുന്നത് നയ്‌റോബിയിലെ ഒരു ഗുരുദ്വാരയിൽ താമസിച്ച് ജോലി അന്വേഷിക്കാം എന്നായിരുന്നു. ഗുപ്ത പറഞ്ഞത് ആ കുപ്പി ഗുരുദ്വാരയിൽ വിൽക്കാം; നല്ല വില കിട്ടും എന്നൊക്കെയാണ്. ഇത്തരം കച്ചവടങ്ങൾ പരിചയമില്ലാത്തതിനാൽ ഞാൻ ആ കുപ്പി ഗുപ്തയെ ഏൽപ്പിച്ചു. എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് ഏതാണ്ട് അര മണിക്കൂർ ഡ്രൈവുണ്ട്. എയർപോർട്ട് ഷട്ടിൽ എപ്പോഴുമുള്ളതിനാൽ അത് എളുപ്പമായിരുന്നു. അങ്ങനെ ഞങ്ങൾ നയ്‌റോബിയിലെ ''കെന്യാറ്റ അവന്യൂ''വിനടുത്തുള്ള ഒരു ഗുരുദ്വാരയുടെ മുന്നിൽ എത്തി. പഞ്ചാബി അറിയാമായിരുന്ന ഗുപ്ത ഗുരുദ്വാരയുടെ പ്രധാന ചുമതലക്കാരനായ സർദാറിനെ പരിചയപ്പെടുത്തി. അയാൾ ഒരു കാര്യമേ ശുദ്ധമായ ഇംഗ്ലീഷിൽ ചോദിച്ചുള്ളൂ, ''നിങ്ങൾ സിഗററ്റ് വലിക്കുമെങ്കിൽ ഇവിടെ താമസിക്കാൻ പറ്റില്ല. അറിയാമല്ലോ?''
ആ സ്വരത്തിലെ ദൃഢതയിൽ അപകട ലാഞ്ച്ഛനയുണ്ടായിരുന്നു.

നയ്‌റോബിയിലെ ഒരു ഗുരുദ്വാര
നയ്‌റോബിയിലെ ഒരു ഗുരുദ്വാര

ഇങ്ങ് ഇന്ത്യയിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനു തൊട്ടു മുൻപ് ഖാലിസ്ഥാൻ വാദത്തിന്റെ പേരിൽ ജർണൈൽ സിംഗ് ഭിന്ദ്രൻ വാലയുടെ തീവ്രവാദപ്രഭാഷണങ്ങളിലൂടെ ഇന്ത്യയിൽ സിഖ് ജനതയാകെ അന്യവൽക്കരിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. കെന്യയിൽ ആയിരക്കണക്കിന് സിഖ് വംശജരുണ്ടായിരുന്നു. മിക്ക പട്ടണങ്ങളിലും ഗുരുദ്വാരകളും ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രകളിൽ പലയിടത്തും അവരുടെ സ്‌നേഹപൂർവമുള്ള ആതിഥ്യം സ്വീകരിച്ച് അവരുടെ ഗുരുദ്വാരകളിൽ ഞാൻ ഉണ്ടുറങ്ങിയിട്ടുണ്ട്.

സിംഗിന്റെ ചോദ്യം എന്നെ അല്പം അസ്വസ്ഥനാക്കി. കാരണം, ഞാൻ സാമാന്യം ബോറനായ ഒരു പുകവലിക്കരനായിരുന്നു ആ കാലത്ത്. എങ്കിലും നുണയാണെന്ന് ഒരു കൊച്ചുകുഞ്ഞിനു പോലും വായിക്കാവുന്ന വിധത്തിൽ ശബ്ദത്തിലെ വിറയൽ ഒളിപ്പിക്കാൻ വ്യർത്ഥമായി ശ്രമിച്ച്, ഇങ്ങനെ പറഞ്ഞു, ''ഞാൻ പുക വലിക്കില്ല.''
രണ്ടാം നിലയിലെ ഒരു മുറി അദ്ദേഹം എനിക്ക് തുറന്നു തന്നു. ''ചിലപ്പോൾ രണ്ടു ദിവസത്തിനകം മറ്റൊരാൾ കൂടി ഇവിടെ വന്നേക്കും. സ്വന്തം സാധനങ്ങളെല്ലാം പൂട്ടി വയ്ക്കുക. പണം സൂക്ഷിക്കുക. നമ്മുടെ ആൾക്കാരാണെന്നു പറഞ്ഞാലും വിശ്വസിക്കാൻ പറ്റില്ല. കള്ളന്മാർ എല്ലാ കൂട്ടത്തിലുമുണ്ട്.''
ചെറുപ്പക്കാരനായ ആ ''ഗ്രന്ഥി'' (ഗുരു ഗ്രന്ഥസാഹിബ് കൈകാര്യം ചെയ്യുന്ന, ഗുരുദ്വാരയിലെ പ്രധാന പൂജാരി) ഒരിക്കൽപ്പോലും ചിരിച്ചില്ല. പക്ഷേ, അയളുടെ ശബ്ദത്തിൽ സൗഹൃദമുണ്ടായിരുന്നു. ഞങ്ങളെ മുറിയിലാക്കി അയാൾ പോയി.
ഗുപ്ത എന്നോട് പറഞ്ഞു, ‘‘നീ സൗത്തിന്ത്യനായതുകൊണ്ടാണ് അവൻ മുറി തന്നത്. വടക്കോട്ടുള്ളവരെ എല്ലാം സർദർമാർക്ക് ഇപ്പോൾ ഭയങ്കര വെറുപ്പാണ്.''

സിഖ് ഗുരുദ്വാര ഏതു സാഹചര്യത്തിലും ഏറ്റവും സുരക്ഷിത ഇടമാണെന്ന് കെന്യയിലെ മറ്റ് ഇന്ത്യൻ വംശജർ അറിഞ്ഞത് 1982-ലെ അട്ടിമറിശ്രമത്തിനിടെയായിരുന്നു. ആ അട്ടിമറിയിൽ, കെന്യയുടെ ഔദ്യോഗിക ജിഹ്വയായ ''വോയ്‌സ് ഓഫ് കെന്യ'' ടി.വി സ്റ്റേഷനും റേഡിയോ സ്റ്റേഷനും പിടിച്ചെടുത്തു. തുടർന്ന് നാടെങ്ങും അരാജകത്വം നടമാടി. നയ്‌റോബിയിൽ ഏറ്റവുമധികം കൊള്ള നടന്നത് ഇന്ത്യൻ വംശജരുടെ (ഗുജറാത്തി, പഞ്ചാബി) വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു. കോടിക്കണക്കിനു രൂപയുടെ (ഷില്ലിങ്ങിന്റെ) ആസ്തികളാണ് കൊള്ളയടിക്കപ്പെട്ടത്. എണ്ണം പറയാനാവാത്ത വിധം പെൺകുട്ടികൾ ആക്രമിക്കപ്പെട്ടു. അതുമൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങൾ പോലുമുണ്ട്. പക്ഷേ ഗുരുദ്വാരകളുടെ മുന്നിൽ കൃപാണവും വാളുകളും തോക്കുകളുമായി സിഖ് യുവാക്കൾ ഇറങ്ങിനിന്നു. ആ വഴി ഒരൊറ്റ ലഹളക്കാരും പോയില്ലെന്നാണ് കണ്ടറിഞ്ഞവർ പറഞ്ഞത്. കെന്യയിലെ കറുത്തവരെ മെരുക്കാൻ ഗുജറാത്തി (കു)തന്ത്രമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ സർദാർമാർ അവരുടെ ജന്മസിദ്ധമായ ക്ഷാത്രവീര്യം ഉപയോഗിച്ചു.

''നമുക്ക് ലാസറസിനെ ഒന്നു കാണാം?''
ഗുപ്ത ചോദിച്ചു.

കാണണം എന്ന് വലിയ താൽപര്യമില്ലായിരുന്നെങ്കിലും ഞാൻ തയാറായി. അയാൾഅവിടെ നിന്ന് അധികം ദൂരെയല്ലാത്ത പങ്ഗ്ഗാനി (Pangani) എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ആ പ്രദേശത്ത് താമസിച്ചിരുന്നവർ കൂടുതലും മദ്ധ്യവർത്തികളായ (തീരെ ദരിദ്രരും ഉണ്ടായിരുന്നു) ദക്ഷിണേഷ്യന്മാരും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അതിർത്തി കടന്നുവന്ന, എങ്ങും ഒരു രേഖയുമില്ലാത്ത അഭയാർത്ഥികളുമായിരുന്നു. ‘ഈസ്റ്റ് ലീ' (Eastleigh) തെരുവുകൾ എന്നു പേരിട്ടിരുന്ന വലിയൊരു 'ലോ ഇൻകം' പ്രദേശമായിരുന്നു അത്. ഈസ്റ്റ് ലീ തെരുവുകൾക്ക് നമ്പറുകളുണ്ടായിരുന്നു- ഈസ്റ്റ് ലീ 1 മുതൽ 8 വരെ. ആ തെരുവുകളിൽ ഏറിയ കൂറും സോമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നവരായിരുന്നു തിങ്ങിപ്പാർത്തിരുന്നത്. പരമ്പരാഗത കുടിൽ വ്യവസായങ്ങൾ (സൈസൽ ചെടിയുടെ നാരുകൾ കൊണ്ട് ബാഗുകളും കരകൌശലവസ്തുക്കളും ഉണ്ടാക്കൽ, ചെറിയ തോതിലുള്ള കഫേകൾ, അത്യാവശ്യം കള്ളക്കടത്തും) നടത്തിയണ് അവരിൽ പലരും ജീവിച്ചിരുന്നത്.

‘ഈസ്റ്റ് ലീ' (Eastleigh) തെരുവുകൾ എന്നു പേരിട്ടിരുന്ന വലിയൊരു 'ലോ ഇൻകം' പ്രദേശമായിരുന്നു അത്
‘ഈസ്റ്റ് ലീ' (Eastleigh) തെരുവുകൾ എന്നു പേരിട്ടിരുന്ന വലിയൊരു 'ലോ ഇൻകം' പ്രദേശമായിരുന്നു അത്

നയ്‌റോബി ഒരു വലിയ നഗരത്തിന്റെ ആർഭാടവും വർണ്ണപ്പകിട്ടും കാണിച്ച് നിങ്ങളെ മയക്കിയേക്കാം. പക്ഷേ വലിയ തോതിലുള്ള ഹിംസാത്മകപ്രവൃത്തികൾ നടക്കുന്ന ഭീകരമായ ഒരു അധോലോകം (അധോലോകങ്ങൾ എന്നു പറയാം) ആ വലിയ നഗരഹൃദയത്തിനോടൊപ്പം മിടിച്ചുകൊണ്ടിരുന്നു. നിരത്തുകളിൽ, വാഹനങ്ങളിൽ, വീട്ടിനുള്ളിൽ ഒരിടത്തും പൂർണ സുരക്ഷ ഉറപ്പാക്കാൻ പറ്റാത്ത ഒരിടം. ഇങ്ങനെയൊക്കെയുള്ള നയ്‌റോബി നഗരത്തിലേക്ക് വന്നിറങ്ങിയിട്ട് ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ടിട്ടേയുള്ളൂ, അപ്പോഴാണ് എന്നെ ഗുപ്ത ക്ഷണിക്കുന്നത്. അഡീസിൽ നിന്ന് ഗുപ്തയ്‌ക്കൊപ്പം വന്നുചേർന്ന മറ്റൊരാളും ഞങ്ങളോടൊപ്പം ചേർന്നു. ബൽജീത് സിംഗ് ബക്ഷി എന്ന, ആജാനബാഹുവായ സർദാർ. അയാളെ എനിക്ക് എത്യോപ്യയിൽ വച്ച് അറിയാമായിരുന്നു.

ഞങ്ങൾ ലാസറസിന്റെ വീട്ടിലെത്തി. മുകളിലും താഴെയുമായി മൂന്നു വീടുകളുള്ള ചെറിയ ഹൗസിംഗ് കോംപ്ലെക്‌സ്. ആ വീടുകളിൽ താമസിച്ചിരുന്നത് കെന്യയിലെ ഏറ്റവും ശക്തമായ ഒരു സ്‌ക്കൂൾ ശൃംഖലയുടെ ഉടമസ്ഥനായ കെ.ഡി. ഹാൻഡ എന്ന ഹിന്ദു പഞ്ചാബിയുടെ സ്കൂളുകളിലെ ഹെഡ് മാസ്റ്റർമാരായിരുന്നു. കെന്യയിൽ വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്കൂളുകളുടെ ഉടമ കെ. ഡി. ഹാൻഡ ആയിരുന്നു. അയാൾക്ക് 13 സ്‌ക്കൂളുകളുണ്ടായിരുന്നു (എല്ലാം ഹയർ സെക്കന്ററി സ്‌ക്കൂളുകൾ തന്നെ).

ലാസറസിന്റെ മുകൾനിലയിലെ വീടിനടുത്ത് താമസിച്ചിരുന്നത് തങ്കശ്ശേരിയിൽ നിന്നുള്ള കോൺറാഡ് ഡിക്രൂസും ഭാര്യ ഫ്ലോറിയും (ഈയിടെ അന്തരിച്ചു) അവരുടെ രണ്ടു മക്കൾ സുമേഷും നവീനും ആയിരുന്നു. ഡിക്രൂസ് സിറ്റിയിൽ തന്നെയുള്ള ഒരു സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ആയിരുന്നു. ലാസറസ് ഹാൻഡയുടെ മറ്റൊരു സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നു.

മേറു പട്ടണം
മേറു പട്ടണം

ലാസറസിന്റെ ഒരു പ്രത്യേകത, നമ്മൾ ഒന്നും അങ്ങോട്ട് സംസാരിക്കേണ്ട ആവശ്യമില്ല എന്നതാണ്. അയാൾ അനുസ്യൂതം സംസാരിക്കും. എത്യോപ്യയിലേക്കുവരും മുൻപ് കുറച്ചുകാലം അയാൾ അനിൽ ധവാൻ എന്ന നടന്റെ സെക്രട്ടറിയും മാനേജറുമായി ജോലി ചെയ്തിരുന്നു എന്ന് അയാൾതന്നെ പറഞ്ഞ് ഞാനറിഞ്ഞിരുന്നു. ലാസറസിന്റെ ഭാര്യ എമെബെറ്റ് ഞങ്ങൾക്ക് ഇന്ത്യൻ ചായ ഉണ്ടാക്കിത്തന്നു. അതെല്ലാം കഴിച്ച് അവിടെ നിന്നിറങ്ങുമ്പോൾ ഇരുട്ട് വീണുകഴിഞ്ഞിരുന്നു. ഗുപ്ത ഞങ്ങളോടൊപ്പം വന്നില്ല. അയാൾക്ക് പിറ്റേന്നുരാവിലെ തന്നെ സ്കൂളിലെത്തേണ്ടിയിരുന്നു. അയാൾ ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്നതും കെ. ഡി. ഹാൻഡയുടെ സ്കൂളിലായിരുന്നു. നയ് റോബിയിൽ നിന്ന് 230 കിലോമീറ്ററോളം അകലെയുള്ള മേറു എന്ന കൊച്ചുപട്ടണത്തിൽ.

അങ്ങനെ ബക്ഷിയും ഞാനുമൊന്നിച്ച് ഗുരുദ്വാരയ്ക്ക് കുറേ ദൂരെ ഒരിടത്തിറങ്ങി. ഒരു ഷോർട്ട് കട്ടുണ്ടെന്ന് ബക്ഷി പറഞ്ഞതനുസരിച്ച് ഞങ്ങൾ വീതികുറഞ്ഞ ഒരു ഇടവഴിയിലൂടെ വേഗം നടന്നു. അൽപം മുന്നോട്ട് ചെന്നപ്പോൾ എങ്ങുനിന്നെന്നറിയില്ല, നാലു പേർ ഞങ്ങളെ വളഞ്ഞു. ബക്ഷിക്ക് ഇംഗ്ലീഷ് അല്ലാതെ കെന്യയിലെ ഭാഷയായ കിസ്വാഹിലി അറിയില്ലായിരുന്നു. ഞങ്ങൾ ‘ഹെൽപ് ഹെൽപ്’ എന്നൊക്കെ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്റെ കോട്ടിന്റെ ഉൾപോക്കറ്റിലുള്ള വാലറ്റിൽ കൊണ്ടുവന്ന ഡോളർ മൊത്തമുണ്ട്. അത് നഷ്ടമായാൽ പിന്നെ യാതൊരു ആശ്രയവുമില്ല. അതിനെക്കാൾ കൂടുതൽ ഞാൻ അഡീസിൽ വിട്ടു പോന്ന എന്റെ സഖിയും മകളും; അവരെ ഇനി കാണാൻ കഴിയാതെ വന്നാൽ?

ഞങ്ങളെ പിടിച്ചുനിർത്തിയിരിക്കുന്നത് രണ്ടു പേരാണ്. മറ്റു രണ്ടു പേർ ഞങ്ങളുടെ കൈവശമുള്ള ബാഗും മറ്റും തട്ടിപ്പറിച്ച് പരിശോധിക്കുകയാണ്. ബക്ഷിയുടെ പോക്കറ്റിൽ നിന്ന് അവർ കുറേ യുഗാണ്ടൻ ഷില്ലിങ് നോട്ടുകൾ പിടിച്ചെടുത്തു. ഞങ്ങൾ രണ്ടാളും താടിക്കാരായതിനാൽ ‘സിങ്ങ്, സിങ്ങ്' എന്നു വിളിച്ചുകൊണ്ടാണ് ഇതെല്ലാം നടത്തുന്നത്.

നയ്‌റോബിയിലെ മാത്രമല്ല, കെന്യയിലെ ആകെത്തന്നെയുള്ള പ്രധാന യാത്രാമാദ്ധ്യമം 18 സീറ്റർ മിനി ബസായിരുന്നു. കോംബി എന്നും പറയും. കെന്യയിൽ പക്ഷേ അതിനു പറഞ്ഞിരുന്നത് ''മട്ടാറ്റു'' (Matatu) എന്നാണ്.
നയ്‌റോബിയിലെ മാത്രമല്ല, കെന്യയിലെ ആകെത്തന്നെയുള്ള പ്രധാന യാത്രാമാദ്ധ്യമം 18 സീറ്റർ മിനി ബസായിരുന്നു. കോംബി എന്നും പറയും. കെന്യയിൽ പക്ഷേ അതിനു പറഞ്ഞിരുന്നത് ''മട്ടാറ്റു'' (Matatu) എന്നാണ്.

അവർ ഞങ്ങളെ പിടികൂടിയ സ്ഥലത്തുനിന്ന് റോഡിലേക്ക് വലിയ ദൂരമില്ലായിരുന്നു. കള്ളന്മാരുടെ കയ്യിൽ തോക്കുണ്ടായിരുന്നു. അത് കളിത്തോക്കായിരുന്നോ എന്നറിയില്ല. അത് ചൂണ്ടിയാണ് ചോദ്യങ്ങളും മറ്റും. എങ്ങനെയോ ഞങ്ങളുടെ നിലവിളി കേട്ട് ഗുരുദ്വാരയിലെ ചെറുപ്പക്കാർ നാലഞ്ചുപേർ വാളുകളുമായി ഇടവഴിയിലേക്ക് ഓടിയെത്തി. സർദാർമാരുടെ വാളും മറ്റും കണ്ടതോടെ കള്ളന്മാർ ഞങ്ങളെ വിട്ട് ഇരുട്ടിലേക്ക് ഓടിമറഞ്ഞു. സഹായിക്കാനെത്തിയ സർദാർമാരുടെ അകമ്പടിയോടെ ഞങ്ങൾ ഗുരുദ്വാരയുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.

ആ സംഭവമാണ്!, കുറ്റകൃത്യങ്ങളുടെ രാജധാനി എന്നു വിളിക്കാവുന്ന ഒരിടത്താണ് ഞാൻ വന്നു കൂടിയിരിക്കുന്നത് എന്ന് ബോദ്ധ്യപ്പെടുത്തിയത്. ഞങ്ങളുടെ ഗുരുദ്വാര ഇരുന്നതിനടുത്തെല്ലാം ചേരിപ്രദേശങ്ങൾ ഒളിഞ്ഞുകിടന്നിരുന്നു. അവിടെ നിന്നൊക്കെയാവും ഞങ്ങളെ പിടിച്ചുനിർത്തിയ കള്ളന്മാർ ഇരുട്ടിന്റെ കവചമണിഞ്ഞ് എത്തിയത്.

നയ്‌റോബിയിലെ മാത്രമല്ല, കെന്യയിലെ ആകെത്തന്നെയുള്ള പ്രധാന യാത്രാമാദ്ധ്യമം 18 സീറ്റർ മിനി ബസായിരുന്നു. കോംബി എന്നും പറയും. കെന്യയിൽ പക്ഷേ അതിനു പറഞ്ഞിരുന്നത് ''മട്ടാറ്റു'' (Matatu) എന്നാണ്. അതിനുകാരണം, ഇത്തരം പൊതുഗതാഗത സംവിധാനത്തിന്റെ ആരംഭകാലത്ത് മൂന്ന് ഷില്ലിങ് (ടാറ്റു എന്നാൽ മൂന്ന്) ആയിരുന്നു അതിന്റെ ചാർജ്ജ്. അങ്ങനെ ആ വണ്ടികൾക്ക് ''മട്ടാറ്റു'' എന്ന പേരുവീണു. അത്തരം ആയിരക്കണക്കിനു വണ്ടികൾ കെന്യയിലെ എല്ല പട്ടണങ്ങളിലുമുണ്ട്.

ശുഭപ്രതീക്ഷയുമായി കെന്യാറ്റയുടെ നാട്ടിൽ വന്നിറങ്ങിയ നയ്‌റോബിയിലെ ആദ്യരാത്രി ഒരു കരാളരാത്രിയായി മാറി. അത് കെന്യാറ്റ അറിഞ്ഞില്ലല്ലോ.

(തുടരും)


Summary: life in kenya nairobi african vasanthangal by u jayachandran


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments