Representative image

നവരസങ്ങളും നിറഞ്ഞൊഴുകിയ നഗരരാത്രികൾ

‘‘ഒരു മൂന്നാം ലോകരാഷ്ട്രതലസ്ഥാനത്ത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ കാണാനും അനുഭവിക്കാനും കഴിഞ്ഞിരുന്ന ഏതാണ്ടെല്ലാ വിഷമങ്ങളും നയ്‌റോബിയിൽ സമൃദ്ധമായി വിളയാടിയിരുന്നു’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 32

കുറേക്കൂടി നീണ്ട ഒരു നഗരവാസം പ്രതീക്ഷിച്ച് ഞങ്ങൾ തിരികെ നയ്‌റോബിയിലെ ത്തിയപ്പോഴേക്ക് നഗരം കൂടുതൽ ജനസാന്ദ്രതയേറിയ ഒരു ‘ആധുനിക’ രാജധാനിയായിക്കൊണ്ടിരിക്കുകയായിരുന്നു. കൂടുതൽ ആളുകൾ, തിക്കും തിരക്കും, മുൻപത്തേതിൽ നിന്ന് മാറ്റമില്ലാത്ത പൊതുഗതാഗത സംവിധാനം, അതിന്റേതായ ഊരാക്കുരുക്കുകൾ; നവ ഉദാരവൽക്കരണത്തിലൂടെ വീണുകിട്ടിയ വിഷവാതകങ്ങൾ വമിക്കുന്ന മൾട്ടി നാഷനൽ കോർപ്പറേഷനുകളുടെ തൊഴിൽശാലകൾ; അങ്ങനെ, ഒരു മൂന്നാം ലോകരാഷ്ട്രതലസ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ കാണാനും അനുഭവിക്കാനും കഴിഞ്ഞിരുന്ന ഏതാണ്ടെല്ലാ വിഷമങ്ങളും നയ്‌റോബിയിൽ സമൃദ്ധമായി വിളയാടിയിരുന്നു.

പക്ഷേ ആ നഗരത്തിന്റെ രാജവീഥികൾ ഒരിക്കലും ചപ്പുചവറുകൾ നിറഞ്ഞുകണ്ടിട്ടില്ല. ഭരിക്കുന്നതാരായാലും സിറ്റി കൗൺസിൽ എന്ന നഗരസഭ നഗരാതിർത്തിക്കകം ശുചിത്വം വിടാതെ സൂക്ഷിച്ചുപോന്നു. നയ്‌റോബിയിലെ വ്യവസായ ബെൽറ്റിൽനിന്ന് അതിരാവിലെ നടക്കാനിറങ്ങുന്നവരുടെ ശ്വാസകോശങ്ങളിലേക്ക് ധാരാളം വിഷവാതകങ്ങൾ കയറിയിറങ്ങാറുണ്ട്. നയ്‌റോബിയിലെ മതാരെ വാലി എന്ന ഏറ്റവും വലിയ ചേരിപ്രദേശവും ‘ഈസ്റ്റ്‌ലി’ (Eastleigh) എന്ന താഴ്ന്ന വരുമാനക്കാരും സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ അഭയാർത്ഥികളും തിങ്ങിപ്പാർക്കുന്ന പ്രദേശവും (ഇന്നത്തെ വ്യവഹാരഭാഷയിൽ) എയർ ക്വാളിറ്റി തീരെ ഇല്ലാത്തയിടങ്ങളായിരുന്നെന്ന് പറയാം.

നെയ്റോബിയിലെ  ‘ഈസ്റ്റ്‌ലി’ പ്രദേശം
നെയ്റോബിയിലെ ‘ഈസ്റ്റ്‌ലി’ പ്രദേശം

ആ പ്രദേശങ്ങളൊഴിച്ച് ബാക്കിയുള്ള റസിഡൻഷ്യൽഏരിയകളിൽ ജീവിതം ശാന്തമായൊഴുകി. പക്ഷേ, ഞങ്ങൾ ആദ്യ കാലത്ത് നയ്‌റോബിയിൽ താമസിച്ചിരുന്നപ്പോഴത്തെ സുന്ദരമായ ശാന്തത ഒരിക്കലും അനുഭവപ്പെട്ടില്ല. അതിനു കാരണം, കെന്യയിലെ മാറുന്ന സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ തന്നെയായിരുന്നു. രാത്രി സ്ഥിരമായി എവിടെ നിന്നൊക്കെയോ വെടിശബ്ദങ്ങൾ കേട്ടിരുന്നു. മോയ് ക്കെതിരെ അയാളുടെ ഗോത്രമായ കലെഞ്ചിൻ ഒഴികെ മറ്റ് ഗോത്രങ്ങൾ തുറന്ന പോരിനു സന്നദ്ധരാവുകയായിരുന്നു. കലെഞ്ചിന്മാരുമായി നടന്ന ഗോത്രയുദ്ധങ്ങളിൽ മറുവശത്ത് നിന്നത് കിക്കുയു, ലുഹ്യ, കാംബാ എന്നിവരായിരുന്നു. 1990-കളിൽ നടന്ന ഈ ഹീനമായ ആഭ്യന്തരയുദ്ധത്തിൽ എത്രപേർ മരിച്ചെന്ന് നിശ്ചയമില്ല.

ധനികരായ അനേകം കിക്കുയുക്കളുടെ വീടുകൾ ചുട്ടെരിക്കുകയും അവശേഷിച്ച വസ്തുക്കൾ നശിപ്പിക്കുകയുമാണ് കലെഞ്ചിൻ- മസായ് ‘വീരന്മാർ’ ചെയ്തത്. ആ കാലം ഞങ്ങൾ കണ്ടില്ല. അകലെയൊരിടത്തിരുന്ന് ദിനപത്രത്തിൽ വായിച്ചറിഞ്ഞതേ ഉള്ളു.

അതിനിടെ, ഒരുദിവസം മാത്തച്ചൻ എന്നെ കാണാൻവന്നു; ‘ഞാൻ തെക്കോട്ട് പോകുകയാണ്. വീട് വിട്ടുകൊടുത്തിട്ടില്ല. ജയൻ താൽപ്പര്യം കാണിച്ചതുകൊണ്ട് ഒന്ന് ചോദിക്കാം എന്ന് കരുതി വന്നതാണ്’.
ഞങ്ങൾക്കിരുവർക്കും ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അന്നു തന്നെ മാത്തച്ചൻ എന്നെ വീട്ടുടമസ്ഥനുമായി കണക്ട് ചെയ്തു തന്നു. ആ വീട് പൂർണമായും ഫർണിഷ്ഡ് ആയിരുന്നു. കുഞ്ഞു സാധനങ്ങൾ പോലും സെറ്റുകളായി അടുക്കിവച്ച് മാർക്ക് ചെയ്തിരുന്നു. അതിന്റെ ഉടമസ്ഥൻ ജമാൽ എന്ന ഒരു കച്ചവടക്കാരനായിരുന്നു. അത്രയും സൗകര്യങ്ങളുള്ള വീടിന് അയാൾ തുച്ഛമായ വാടകയാണ് ചോദിച്ചത്. ഞങ്ങൾ സന്തോഷത്തോടെ റാസി ഖാന്റെ വീട്ടിൽനിന്ന് പടിയിറങ്ങി. ആറു മാസത്തിൽ മൂന്നു വീടുകൾ മാറുക ശ്രമകരമായ കാര്യമാണ്. പക്ഷേ ഞങ്ങൾ എങ്ങനെയൊക്കെയോ അത് സാധിച്ചു.

 നയ്‌റോബിയുടെ സ്‌കൈലൈനിൽ എവിടെനിന്നു നോക്കിയാലും ദൃശ്യപഥത്തിൽനിന്ന് മാഞ്ഞു പോകാത്ത  രണ്ട് സൗധങ്ങളുണ്ടായിരുന്നു: ഹിൽട്ടൺ ഹോട്ടലും കെന്യാറ്റാ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററും. ഇന്ന് നയ്‌റോബിയുടെ ‘സ്‌കൈ ലൈൻ’ തീർത്തും മറ്റൊന്നാണ്.
നയ്‌റോബിയുടെ സ്‌കൈലൈനിൽ എവിടെനിന്നു നോക്കിയാലും ദൃശ്യപഥത്തിൽനിന്ന് മാഞ്ഞു പോകാത്ത രണ്ട് സൗധങ്ങളുണ്ടായിരുന്നു: ഹിൽട്ടൺ ഹോട്ടലും കെന്യാറ്റാ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററും. ഇന്ന് നയ്‌റോബിയുടെ ‘സ്‌കൈ ലൈൻ’ തീർത്തും മറ്റൊന്നാണ്.

ആ വീടിന് നല്ലൊരു മട്ടുപ്പാവുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ സ്വസ്ഥമായിരുന്ന് ഒന്നോ രണ്ടോ സൺ ഡൌണർ കഴിക്കാൻ പറ്റിയ സ്ഥലം. നയ്‌റോബിയുടെ സ്‌കൈലൈനിൽ എവിടെനിന്നു നോക്കിയാലും ദൃശ്യപഥത്തിൽനിന്ന് മാഞ്ഞു പോകാത്ത രണ്ട് സൗധങ്ങളുണ്ടായിരുന്നു: ഹിൽട്ടൺ ഹോട്ടലും കെന്യാറ്റാ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററും. ഇന്ന് നയ്‌റോബിയുടെ ‘സ്‌കൈ ലൈൻ’ തീർത്തും മറ്റൊന്നാണ്. കൂടുതൽ ഉയരമുള്ള അംബരചുംബികൾ തിങ്ങി നിറഞ്ഞപ്പോൾ പഴയ ‘വമ്പന്മാർ’ ചെറുതായിപ്പോയി.

ഞങ്ങളുടെ പുതിയ വീട് സുഹൃത്തുക്കൾക്കെല്ലാം ഇഷ്ടമായി. ഞങ്ങളുടെ നഗരരാത്രികൾ അവിടെ ആഘോഷമായി. മുരളിക്കായിരുന്നു ഏറ്റവും ത്രിൽ. മുരളിക്ക് മദ്യം വളരെ ഇഷ്ടമായിരുന്നു. സ്‌കോച്ച് എന്നു പറയുമ്പോൾത്തന്നെ മുരളി അതിന്റെ രുചി നുണയുന്നതായി നമുക്കുതോന്നും. ജയൻ അങ്ങനെ സ്ഥിരമദ്യപാനിയായിരുന്നില്ല എങ്കിലും കുടിമത്സരത്തിൽ പുറകോട്ട് പോകുന്നയാളായിരുന്നില്ല. ജയനെ മുരളി വിളിച്ചിരുന്നത് ‘ബച്ചൻ ജയൻ’ എന്നാണ്. ബച്ചനെപ്പോലെ ആജാനബാഹുവായിരുന്നു ജയൻ. ഞങ്ങൾ എല്ലാവരും ബച്ചൻ ജയൻ എന്ന പേര് കയ്യടിച്ച് സ്വീകരിച്ചശേഷം മാത്രമാണ് തനിക്ക് ബച്ചനുമായുള്ള ആകാരസാദൃശ്യത്തെപ്പറ്റി ജയൻ ബോധവാനായത്. മറ്റ് സന്ദർശകരിൽ മദ്യപാനസദസ്സിൽ എപ്പോഴും ഇഴുകിച്ചേർന്നിരുന്ന വ്യക്തിയാണ് റുയിറുവിലെ അച്ച്യുതമേനോൻ. മേനോൻ തൃശൂരുകാരനായിരുന്നതിനാൽ മുരളിയുമായി വേഗം ഒരു ‘റാപ്പോ’ (rapport) ഉണ്ടാക്കിയെടുത്തു.

ഇത്രയും വായിച്ചിട്ട് മദ്യപാനമായിരുന്നു ഞങ്ങളുടെ സ്ഥിരം തൊഴിൽ എന്ന് വിചാരിക്കരുതേ. ഞങ്ങളെല്ലാം പരസ്പരം കാണുന്നത് വാരാന്ത്യങ്ങളിൽ മാത്രമായിരുന്നു. മറ്റു ദിവസങ്ങളിൽ സ്കൂളിലെ ജോലികളുമായാണ് വീട്ടിലെത്തുക. കാണുന്ന വാരാന്ത്യങ്ങളിലെല്ലാം മദ്യപാനസദസ്സുണ്ടാവണമെന്നുമില്ല. ങ്ഗാരയിലെ ‘പക്കീസാ’ എന്ന മോഹിപ്പിക്കുന്ന പേരുള്ള രത്‌നവ്യാപാരക്കടയുടെ നേരെ എതിർഭാഗത്തായിരുന്നു ഞങ്ങളുടെ വീട്. മോഹിപ്പിക്കുന്ന പേരും കുറേ വർഷങ്ങളുടെ പാരമ്പര്യവും മാത്രമെ ആ സ്ഥാപനത്തിനിപ്പോൾ സ്വന്തമായുള്ളൂ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

ആര്യ സ്കൂൾ
ആര്യ സ്കൂൾ

എന്റെയൊപ്പമുള്ള സ്ത്രീ തന്നെ ഒരു രത്‌നമായതിനാൽ അവൾ ആ പഴയ സൈൻബോർഡ് തൂങ്ങുന്ന ഗതകാല പക്കീസയെ അത്ര ഗൗരമായെടുത്തില്ല. ആ പകീസാ കെട്ടിടത്തിലും വാടകമുറികളോ വീടുകളോ ഒക്കെ ഉണ്ടായിരുന്നു. അതിലൊന്നിൽ രണ്ട് മലയാളി സുഹൃത്തുക്കൾ താമസിച്ചിരുന്നു. വിജയകുമാർ (അച്ഛൻ മറാത്തി, അമ്മ മലയാളി), മുട്ടം മുരളി എന്നിവരായിരുന്നൂ ഞങ്ങളുടെ സ്വീകരണമുറിയുടെ ജനാലക്കുനേരെ എതിരേയുള്ളത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ നേരത്തേ കണ്ടുമുട്ടേണ്ടവരായിരുന്നു എന്നു തോന്നി. കാരണം വിജയകുമാറിന്റെ നേരെ മൂത്ത സഹോദരി യൂണിവേഴ്‌സിറ്റി കോളേജിൽ എന്റെയൊപ്പം എം എ ക്ലാസിലുണ്ടായിരുന്നതാണ്. വിജയകുമാർ, ചലച്ചിത്രകാരൻ ടി.കെ. രാജീവ് കുമാറിന്റെ ക്ലാസ്‌മേറ്റാണെന്ന് പറഞ്ഞു. അതു കൂടാതെ വിജയകുമാർ ആര്യാ ഗേൾസ് സ്കൂളിൽ രണ്ടു വർഷം കണക്ക് പഠിപ്പിക്കുകയും സ്കൂൾ ലൈബ്രറി ചുമതല ഏറ്റെടുത്ത് നടത്തുകയും ചെയ്തു. ഒരു കപംൾസിവ് സ്‌മോക്കറായിരുന്നു വിജയൻ. പുരുഷന്മാർ കുറവായ ആ സ്കൂളിൽ വിജയന് സ്വസ്ഥമായി ഒരു ‘പുക എടുക്കാൻ’ പല വിദ്യകളും പഠിക്കേണ്ടിവന്നു. അതിൽ ഏറ്റവും ഫലപ്രദമായത്, സ്കൂൾ അറ്റൻഡർ ജെയിംസിന് സ്ഥിരമായി സിഗററ്റ് സ്റ്റോക്ക് ചെയ്തു കൊടുക്കുകയായിരുന്നു.
വിജയൻ ലൈബ്രറിക്കു പിന്നിലെ ആണുങ്ങളുടെ ശുചിമുറിയിൽ തീ കത്തിക്കുമ്പോൾ ജെയിംസും കത്തിക്കും. സമയം നോക്കിയാണ് ഇത് ചെയ്യുക. അതിനാൽ രണ്ടു പുകയുണ്ടോ ഒരു പുകയേ ഉള്ളോ എന്ന സന്നിഗ്ദ്ധത കൂർമബുദ്ധിയായ മിസിസ് ശർമ്മയുടെ ‘ഇന്റ്യൂഷ’നിലൂടെ നിർണയിക്കേണ്ടിവന്നിരുന്നു. അധികകാലം ഈ കളി തുടരാൻ വിജയനു പറ്റിയില്ല.
ഒരു ദിവസം പുക ഉയരുന്ന സമയത്ത് ജെയിംസിനെ ഹെഡ്മിസ്ട്രസ് എന്തിനോ വിളിച്ചു. എന്നിട്ടും സിഗററ്റിന്റെ ഗന്ധം അന്തരീക്ഷത്തിൽ. അങ്ങനെ വിജയൻ പിടിയിലായി. എങ്ങനെയായാലും വിജയന് അദ്ധ്യാപനമായിരുന്നില്ല പ്രിയ വിഷയം. വിജയൻ മെല്ലെ എച്ച്. ആർ സംബന്ധിച്ച ഒരു കോഴ്‌സ് ചെയ്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എച്ച് ആർ സൂപ്പർവൈസറായി. മുരളി നയ് റോബിയിൽ നിന്ന് ഏതാണ്ട് 130 കിലോമീറ്റർ അകലെയുള്ള എംബു എന്ന ടൗണിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഇഗ്ലീഷിൽ പറയും പോലെ ‘ചോക്കും ചീസും’ പോലെയായിരുന്നു മുരളിയും വിജയനും.

എംബു നഗരം
എംബു നഗരം

നിങ്ങളിൽ എത്രപേർ ഓർക്കുന്നുണ്ട്, പഴയ (എം.ടി വാണ കാലം) മാതൃഭൂമി വിഷുപ്പതിപ്പ് വിജയികളെ? മയ്യനാട് രവീന്ദ്രനാഥ്, സുമിത്രാ വർമ, മുട്ടം മുരളി, കൃഷ്ണാ ഗോപിനാഥ് തുടങ്ങിയവരെ ഓർമ്മയുണ്ടാവാൻ വഴിയില്ല. മുരളിയുടെ കവിതകൾ വിഷുപ്പതിപ്പ് മത്സരത്തിനുശേഷവും മാതൃഭൂമിയിൽ ഞാൻ കണ്ടിട്ടുണ്ട്. ചെറു കവിതകളെങ്കിലും തീവ്രമായ ഇമേജറിയാൽ നമ്മെ പിടിച്ചുനിർത്തുന്ന മുക്തകങ്ങൾ. മുരളി ഫിസിക്‌സാണ് പഠിച്ചതും പഠിപ്പിച്ചിരുന്നതും. ഭാര്യയും ഒരേ ഒരു മകൾ മായയും നാട്ടിലായിരുന്നു.
മുട്ടം മുരളിയും നന്നായി മദ്യപിക്കും. രണ്ട് മുരളിമാരും ചിലപ്പോൾ ആകസ്മികമായി ഞങ്ങളുടെ വീട്ടിൽ ഒത്തുചേരുന്നത് പതിവായി. വിജയകുമാറും കൂട്ടത്തിൽ ചേർന്നിരുന്നെങ്കിലും കുടിക്കില്ല. വിജയനാണ് എന്നോട് ആദ്യമായി അമൃതാനന്ദമയി എന്ന സന്യാസിനിയെപ്പറ്റി പറഞ്ഞത്. വിജയന്റെ സ്വന്തം കഥയിൽ, അവരുടെ ആദ്യത്തെ പത്തോ പതിനൊന്നോ ശിഷ്യന്മാരിൽ ഒരാൾ വിജയനായിരുന്നു. വിജയൻ അവരുടെ അത്ഭുതസിദ്ധികളെപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നുചേർന്നിട്ടുള്ള കുടുംബങ്ങളിലെ ചില സ്ത്രീകൾ മറ്റെല്ലാം മറന്ന് ദത്തശ്രദ്ധരാകാറുണ്ടായിരുന്നു. ഒരു ദിവസം വിജയൻ പോക്കറ്റിൽ നിന്ന് ഒരു ചെറിയ അളുക്ക് എടുത്തിട്ട് പറഞ്ഞു, ‘‘അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്; ഈ പതക്കം നീ വിദേശവാസത്തിനിടെ പരിചയപ്പെടുന്ന ഒരാൾക്ക് നൽകണം. അയാൾ നിന്റെ മുന്നിൽ വരുമ്പോൾ നീ മനസ്സിലാക്കും, ഈ പതക്കത്തിന്റെ ഉടമയാണെന്ന്’’.
ഇത്രയും പറഞ്ഞിട്ട് വിജയൻ ആ അളുക്ക് തുറന്ന് ഒരു സ്വർണ പതക്കമെടുത്ത് എന്റെ കയ്യിൽ വച്ചു തന്നു. അതിന്റെ ഒരു ഭാഗത്ത് അമൃതാനന്ദമയിയുടെ യഥാർത്ഥ ചിത്രവും മറുഭാഗത്ത് അവർ കൃഷ്ണവേഷം കെട്ടിനിൽക്കുന്ന ചിത്രവും ആയിരുന്നു.
അയാൾ സ്‌നേഹത്തോടെ തന്നതല്ലേ, അതുകൊണ്ട് ഞാൻ അത് വാങ്ങി. എതാണ്ട് ഒരു ദശകത്തിനപ്പുറം, മരണം മുന്നിൽ കണ്ട് അന്ത്യനാൾ എണ്ണിക്കഴിഞ്ഞ, ആത്മാർത്ഥമായി അമൃതാനന്ദമയിയെ വിശ്വസിച്ചിരുന്ന ഒരു പ്രിയസ്‌നേഹിതന് ഞാൻ അത് കൈമാറുകയും ചെയ്തു.

ങ്ഗാരയിലെ ബസാറിൽ വൈകുന്നേരം തിരക്കേറും. അത് പക്ഷേ പത്തു മണിക്കുള്ളിൽ മെല്ലെ നിശ്ചലമായിത്തുടങ്ങും. ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിലെ റോഡിന്റെ അങ്ങേപ്പുറത്ത് നയ്‌റോബി കൌണ്ടി ചീഫിന്റെ ഓഫീസായിരുന്നു. വിസ്തൃതമായ ഒരു കോമ്പൗണ്ടിന്റെ ഒരു ഭാഗത്ത് സാമാന്യം വലിയൊരു കെട്ടിടം. മുറ്റത്ത് നടുവിലായി ദേശീയ പതാക പാറുന്ന ഒരു ഫ്ലാഗ് പോസ്റ്റും. ങ്ഗാര പൂർണ്ണമായും നിദ്രയിലാണ്ടു കഴിയുമ്പോൾ ആ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വിളക്കുകൾ തെളിയും. അല്പം കഴിയുമ്പോൾ അവയെല്ലാം അണയും, വീണ്ടും നിശ്ശബ്ദത. കുറച്ചു കഴിയുമ്പോൾ പ്രാണവേദനകൊണ്ട് ഏതോ ജീവി കരയുന്ന ശബ്ദം ഉയരും. കരച്ചിലിന്റെ ക്രെസെൻഡോയിൽ നിന്ന് ആ ശബ്ദം അവരോഹണത്തിലേക്ക് വഴുതിമാറുമ്പോൾ വീണ്ടും വേദന പ്രസരിപ്പിക്കുന്ന എന്തോ ശരീരത്തിൽ വീഴുന്നതിന്റെ പിന്നാലെ, വീണ്ടും ജീവനു വേണ്ടിയുള്ള നിലവിളി ഉയരും.
ഞങ്ങൾ ഉറങ്ങാതെ ആ വേദനക്ക് കാവലിരുന്നു. ചീഫിന്റെ ഓഫീസിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഏതാണ്ട് എല്ലാ രാത്രികളിലും ഇത് തുടർന്നു. പിന്നീടാണ് വിചിത്രമായ ചില കാര്യങ്ങൾ അറിയുന്നത്. ചീഫിന്റെ ഓഫീസിൽ രാവിലെ കൊടി ഉയർത്തുകയും വൈകിട്ട് കൊടി താഴ്ത്തുകയും ചെയ്യുന്ന ചടങ്ങുണ്ട്. ആ സമയം നാം അതിനു മുന്നിലൂടെ കടന്നുപോയാൽ അറ്റൻഷനായി നിൽക്കണം. അത് നിയമമാണ്. അനുസരിച്ചില്ലെങ്കിൽ പകൽ സമയം തന്നെ ആ ഓഫീസിലെ ഇടിമുറികളിലിട്ട് പഠിപ്പിച്ചുകൊടുക്കും. പകൽ സമയം നിലവിളികൾ പുറത്തേക്ക് അത്ര വ്യക്തമായി കേട്ടിരുന്നില്ല.
ഒരു രാത്രി ഞങ്ങൾക്ക് അവിചാരിതമായി ഒരു അതിഥി എത്തി, ഡൊമിനിക്. തിക്കയിൽ നിന്ന് കുറേ അകലെയുള്ള ഗട്ടാംഗ എന്ന ഗ്രാമത്തിൽ പണ്ട് ബ്രിട്ടീഷ് മിഷനറിമാർ തുടങ്ങിയ സ്കൂളിലെ അദ്ധ്യാപകൻ. മേനോൻ ആണ് അയാളെയും കൊണ്ടുവന്നത്. മുരളിയും രാധികയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

നയ്‌റോബിസിറ്റി കൗണ്ടി
നയ്‌റോബിസിറ്റി കൗണ്ടി

ഡൊമിനിക് ഒരു കുപ്പി സ്‌കോച്ചുമായാണ് വന്നത്. പിറ്റേന്നയാൾ അമേരിക്കക്ക് പറക്കുകയാണ്. ഞാൻ അയാളെ അതിനുമുൻപ് ഒരു പ്രാവശ്യമോ മറ്റോ മാത്രമേ കണ്ടിരുന്നുള്ളൂ. മുരളിയാണെങ്കിൽ ആദ്യത്തെ കൂടിക്കാഴ്ചയാണ്. ചില മനുഷ്യരില്ലേ, നമുക്ക് ചിരപരിചിതമായ സുഹൃദ്‌സംഘങ്ങളിലേക്ക് ആദ്യമായി വന്നു കയറുമ്പോൾ അസാധാരണമായ പോസിറ്റിവ് വൈബ് പ്രകാശിപ്പിക്കുന്നവർ. അതുപോലെ, ഇരുട്ടിന്റെ അഥവാ നെഗറ്റിവിറ്റിയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്നവരും ഉണ്ടല്ലോ. ഡൊമിനിക്ക് വന്നപ്പോൾ മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. മുരളിയുമായി ഒരു കൂട്ടിമുട്ടൽ ഉണ്ടാവാതിരിക്കാനാണ് ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നത്. പക്ഷേ തർക്കം ആദ്യം ഡൊമിനിക്ക് കൊണ്ടുവന്ന സ്‌കോച്ചിന്റെ നിലവാരത്തെപ്പറ്റിയായി. അത് സാധാരണയായി ഗതികെട്ടവന്മാർ കുടിക്കുന്നതാണെന്നു പറഞ്ഞ് മുരളി തനിക്ക് പകർന്നുവച്ചിരുന്ന ലാർജ് ഒഴിച്ചു കളയാൻ ശ്രമിച്ചു. മേനോൻ അത് പിടിച്ചു വാങ്ങിയില്ലയിരുന്നെങ്കിൽ ഡൊമിനിക്കിന്റെ തലവഴി ആ വിസ്‌കി ഒഴുകിപ്പരന്നേനെ. വർത്തമാനം നിലച്ചു. മേനോൻ മറ്റു ചില വിഷയങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി.
അപ്പോൾ പാട്ട് കേൾക്കാൻ തുടങ്ങി. യേശുദാസ് പാടുന്നു, ‘പ്രമദവനം വീണ്ടും...'
മുരളി വിസ്‌കിയോടുള്ള പ്രതിഷേധം തീർക്കാൻ ‘ഓൾഡ് മങ്ക്’ റം കൊണ്ടു വന്നു. ദാസേട്ടന്റെ ഏറ്റവും വലിയ ആരാധകനാണ് മുരളി എന്ന് എനിക്കറിയാമായിരുന്നു. ഡൊമിനിക്ക് അദ്ദേഹത്തെപ്പറ്റി വളരെ മോശമായ എന്തോ കമന്റ് പറഞ്ഞു. മുരളി അതിൽ പിടിച്ചു. പ്ലെയറിലെ പാട്ട് നിർത്തിയിട്ട് അൽപം ശബ്ദമുയർത്തി, ‘എന്നാൽ നീ പാടെടാ. ഞാൻ കേക്കട്ടെ’ എന്നു പറയുമ്പോൾ ഡൊമിനിക്ക് പോകാനെന്നവണ്ണം എഴുന്നേറ്റു. മുരളി അയാളെ പൊക്കിയെടുത്ത് ടെറസ്സിന്റെ അരമതിലിനരികിൽ ചെന്ന്, ‘ഇനി നീ നിന്റെ ജീവിതത്തിൽ ദാസേട്ടനെപ്പറ്റി ഒന്നും പറയില്ല എന്നു നിന്റെ കന്യാമാതാവിനെ പിടിച്ച് ആണയിട്ടാൽ നിന്നെ ഞാൻ താഴെ നിർത്താം, അല്ലെങ്കിൽ പിന്നെ മേനോനും കൂട്ടുകാരും കൂടി താഴെ റോഡിൽ ചെന്ന് ഒരു ബാസ്‌ക്കറ്റിൽ വാരിയിട്ടുകൊണ്ട് പോകേണ്ടി വരും’, മുരളിയുടെ അന്ത്യശാസനം.
ഒടുവിൽ മുരളി പറഞ്ഞു കൊടുത്തതെല്ലാം ഒരക്ഷരം വിടാതെ ഡൊമിനിക്ക് ആണയിട്ട് പറഞ്ഞു. മുരളി അയാളെ താഴെയിറക്കി. മേനോൻ അപ്പോൾത്തന്നെ അയാളെയും കൂട്ടി വേറെങോട്ടോ പോകുകയും ചെയ്തു. പിറ്റേന്ന് ഡൊമിനിക്ക് അമേരിക്കയിലേക്ക് പോയി. അയാൾ ഇതെല്ലാം മറന്നിട്ടുണ്ടാവും, ഞാൻ മറന്നില്ല.

രാധിക ലീ
രാധിക ലീ

ഡൊമിനിക്കും മേനോനും പോയ ശേഷം മുരളി പാസ് ഔട്ട് ആയി. മുരളിയുടെ ആ രാത്രിയിലെ പ്രകടനം ഏറ്റവും ദുഃഖിപ്പിച്ചത് രാധികയെയായിരുന്നു. അച്ചു, മുരളി ശബ്ദമുയർത്തുമ്പോൾത്തന്നെ പേടിക്കുന്ന കണ്ണുകളുമായി അമ്മയുടെ പിന്നിൽ പതുങ്ങും. വീട്ടിൽ വന്നപ്പോൾ ഞാൻ മുരളിക്കിടാനായി ഒരു പുതിയ നൈജീരിയൻ കുർത്ത (ഷർട്ടാണെങ്കിലും കുർത്തകളെ വെല്ലുന്ന എംബ്രോയ്ഡറിയോടെയുള്ളത്) കൊടുത്തിരുന്നു. അതാണ് മുരളി അപ്പോൾ ധരിച്ചിരുന്നത്. ടെറസിൽ സോഫയിൽ പാസ് ഔട്ട് ആയ മുരളി പെട്ടെന്ന് വിയർക്കാൻ തുടങ്ങി. ആ അബോധാവസ്ഥയിൽത്തന്നെ മുരളി, കുർത്ത അതിന്റെ തുറന്നു കിടന്നിരുന്ന നടുവിൽ പിടിച്ച് മാരകമായി കീറി. അതാ കിടക്കുന്നു എന്റെ പുത്തൻ കുർത്ത. അതിലെനിക്ക് ഒട്ടും വിഷമം തോന്നിയില്ല. പക്ഷേ അതോടെ രാധികയും നിയന്ത്രണം വിട്ടുപോയി. അവർ അകത്തുപോയി പാചകത്തിലാണ്ടിരുന്ന എന്റെ സഖിയോടും രാധയോടുമായി പറഞ്ഞു, ‘താങ്ക്‌സ് ഫോർ ദ പാർട്ടി ആസ് ലോങ് ആസ് ഇറ്റ് ലാസ്റ്റഡ്. ഗുഡ് നൈറ്റ്’.

 ‘റെയ്ൻബോസ് ഇൻ മൈ ക്ലൌഡ്‌സ്’
റെയ്ൻബോസ് ഇൻ മൈ ക്ലൌഡ്‌സ്’

മുരളിയെ ഞങ്ങൾ എഴുന്നേൽപ്പിച്ച് താഴെ കാറിൽ കൊണ്ടു കയറ്റി. ഡ്രൈവർക്ക് ഒപ്പം ഞാനും കൂടി കയറി. ജയനെ വീട്ടിൽ നിർത്തിയിട്ട് ഞാൻ മുരളിയെയും കുടുംബത്തെയും അവരുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വന്നപ്പോഴേക്ക് പാർട്ടി നടന്ന് അലങ്കോലമായ വീടിന്റെ ഒരു ലക്ഷണവുമില്ല. എങ്കിലും മുരളിയുടെ മദ്യപാനശീലത്തെക്കുറിച്ച് ഉള്ളിലുണ്ടായിരുന്ന ആശങ്കകൾ ഞങ്ങൾ പങ്കു വയ്ക്കാതിരുന്നില്ല.
അങ്ങനെ ഒരു നഗരരാത്രി അവസാനിക്കുന്നു. ഈ അദ്ധ്യായത്തിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ജയൻ, മുരളി, മേനോൻ എന്നിവർ ഇന്ന് നമ്മോടൊപ്പമില്ല. രാധിക കെന്യയിലുണ്ടെന്ന് അറിഞ്ഞിരുന്നു, കുറേ നാൾ മുൻപ്. ഇന്ത്യക്കാരായ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഏറ്റവും കാലതാമസമുണ്ടാക്കിയ ‘സെന്റ് ആസ്റ്റിൻസ് അക്കാഡമി’ എന്ന അന്താരാഷ്ട്ര പ്രശസ്തമായ വിദ്യാലയത്തിലെ ആദ്യ ഇന്ത്യൻ പ്രിൻസിപ്പലായി രാധിക നിയമിക്കപ്പെട്ടതെല്ലാം ഞങ്ങൾ വളരെ അഭിമാനത്തോടെ ദക്ഷിണാഫ്രിക്കയിലിരുന്ന് കേട്ടറിഞ്ഞു. അതിനുശേഷം അവർ ‘റെയ്ൻബോസ് ഇൻ മൈ ക്ലൌഡ്‌സ്’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും ഞങ്ങൾ അറിഞ്ഞിരുന്നു. എവിടെയായിരുന്നാലും രാധികയ്ക്കും അച്ചുവിനും നല്ലതു വരട്ടെ.

പിറ്റേന്ന് കണ്ണു തുറക്കുന്നത് വിസ്മയിപ്പിക്കുന്ന മറ്റൊരു ആഫ്രിക്കൻ വസന്തപ്രഭാതത്തിലേക്കാവും എന്ന ഉറപ്പോടെ ഞങ്ങൾ ഉറങ്ങി.
വിസ്മയം പുലർച്ചെ.

(തുടരും)


Summary: life in Ngara nairobi u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments