ആഫ്രിക്കൻ
വസന്തങ്ങൾ- 22
എത്യോപ്യയിൽ ജീവിച്ച കാലത്ത് എഴുത്ത്, പ്രത്യേകിച്ച് കവിത, എന്നെ വിട്ടുപോയി എന്ന് പലപ്പോഴും തോന്നിയിരുന്നു. എന്നുവച്ച് എഴുതാൻ ശ്രമിക്കാതിരുന്നില്ല. എത്യോപ്യയിലെ കലുഷമായ അന്തരീക്ഷം എന്റെ മനസ്സിനെയും ബാധിച്ചിരുന്നു. എഴുതാൻ ശ്രമിച്ചതെല്ലാം പാഴ് വാക്കുകളായിപ്പോയി എന്നു തോന്നി. അന്നെഴുതിയതൊന്നും സൂക്ഷിച്ചുവച്ചില്ല.
തിക്കയിലെ ശാന്തമായ അന്തരീക്ഷത്തിൽ വീണ്ടും എഴുതിത്തുടങ്ങി.
ഞങ്ങൾ കെന്യയിലുള്ള കാലത്താണ് ആ രാജ്യത്തെ എയ്ഡ്സ് രോഗവ്യാപനം അപകടകരമായ നിലയിൽ വർദ്ധിച്ചത്. അതേപ്പറ്റി, അക്കാലത്ത് നാട്ടിൽ എയ്ഡ്സിനെക്കുറിച്ചുണ്ടായിരുന്ന അവബോധത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്ന തരത്തിലുള്ള ഒരു മാറാവ്യാധിയായി ആഫ്രിക്കയെ എയ്ഡ്സ് ഗ്രസിച്ചു. അന്ന് ഞാൻ കലാകൗമുദിക്കു വേണ്ടി തയാറാക്കിയ ഫീച്ചർ നന്നായി വായിക്കപ്പെട്ടു എന്നാണ് ജയചന്ദ്രൻ നായരും എൻ.ആർ.എസ് ബാബുവും എന്നോടു പറഞ്ഞിട്ടുള്ളത്. ദക്ഷിണാഫ്രിക്കയെപ്പറ്റിയും ഞാൻ അക്കാലത്ത് എഴുതിയിരുന്നു. തടവിൽ കഴിഞ്ഞിരുന്ന നെൽസൺ മണ്ടേല അദ്ദേഹത്തിനു കൂടി സ്വീകാര്യരായ ചില മദ്ധ്യവർത്തികളിലൂടെ ഒരു ഒത്തുതീർപ്പു മേശയ്ക്കരികിലേക്ക് നയിക്കപ്പെടാനുള്ള (വിഫല) ശ്രമം നടന്നിരുന്ന കാലം. ആ ശ്രമങ്ങളുടെ അവസാനം മണ്ടേലയുടെ ഈ വാക്കുകളോടെയായിരുന്നു: “തടവുകാർക്ക് കൂടിയാലോചന നടത്താനാവില്ല, അത് സ്വതന്ത്രർക്കു മാത്രമേ സാധിക്കൂ” (prisoners cannot negotiate; only free men can). അന്നത്തെ ദക്ഷിണാഫ്രിക്കൻ വംശീയ ഗവൺമെന്റിന്റെ തലവനായിരുന്ന പി.ഡബ്ല്യു. ബോത്താ ‘ഭീകരപ്രവർത്തക’നായ മണ്ടേലയുമായി ഒത്തുതീർപ്പു സംഭാഷണങ്ങൾക്ക് ഒരിക്കലും തയാറല്ലായിരുന്നു. അക്കാലത്തെ സംഭവവികാസങ്ങളെപ്പറ്റി ഞാൻ എഴുതി. മൻഡേലക്കുവേണ്ടി ‘സൂര്യന്റെ മാംസം’ എന്ന കവിത അക്കാലത്തെഴുതിയതാണ്. എഴുത്ത് അങ്ങനെ പുഷ്ടിപ്പെട്ടുവരുമ്പോഴാണ് ഞങ്ങൾ മാത്യൂസിനെ പരിചയപ്പെട്ടത്.
തിക്കയിലെ പ്രധാന വ്യവസായങ്ങളിലൊന്നായ തിക്കാ ക്ലോത്ത് മിൽസിൽ ഉയർന്ന ഔദ്യോഗിക പദവിയിൽ വന്നു ചേർന്ന മാത്യൂസ് വളരെ പെട്ടെന്ന് ഞങ്ങളുടെ സുഹൃത്തായി. അതിനു കാരണം അദ്ദേഹത്തിന്റെ വായനാശീലവും അതിൽ ഞങ്ങൾ കണ്ടെത്തിയ ചില സാമ്യങ്ങളുമായിരുന്നു. മാത്യൂസിന് ആഫ്രിക്കൻ സാഹിത്യത്തിൽ ആത്മാർത്ഥമായ താൽപര്യമുണ്ടായിരുന്നു. ക്രമേണ വാരാന്ത്യങ്ങളിൽ ഞങ്ങൾ മാത്യൂസിന്റെ വീട്ടിൽ ഒത്തുകൂടുന്നത് പതിവായി. ശനിയാഴ്ച ഉച്ചയോടെ മാത്യൂസ് ഞങ്ങളുടെ വീട്ടിലെത്തും. കെന്യയിലെ ‘വൈറ്റ് ക്യാപ്പ്’ എന്ന സ്വാദിഷ്ഠമായ ബിയർ ഈ രണ്ട് കുപ്പി സാവധാനം കുടിച്ച് ഊണു കഴിഞ്ഞ് ഞങ്ങൾ മാത്യൂസിന്റെ വീട്ടിലേക്ക് യാത്രയാവും.
മാത്യൂസ് നയ്റോബിയിലെ മലയാളി സമാജത്തിൽ നിന്ന് മലയാളം സിനിമാ കാസറ്റുകൾ സംഘടിപ്പിച്ചിട്ടുണ്ടാവും. ഒരു സിനിമയിൽ കൂടുതൽ ഞങ്ങൾ ഒരിക്കലും ഒരു വാരാന്ത്യത്തിൽ കാണാറില്ലായിരുന്നു. മാത്യൂസ് കമ്പ്യൂട്ടർ ഉത്സാഹി ആയിരുന്നു. അദ്ദേഹത്തിന്റെ പക്കലാണ് ഞാൻ ആദ്യമായി പി.സി അഥവാ പേഴ്സനൽ കമ്പ്യൂട്ടർ കാണുന്നത്. അതിൽ സമയം പോക്കാനുള്ള ചില കളികളുണ്ടായിരുന്നു. ഞങ്ങളുടെ മോളുടെ കമ്പ്യൂട്ടർ “ഇനിഷിയേഷൻ” നടന്നത് മാത്യൂസിന്റെ ആ കൊച്ചു യന്ത്രത്തിലാണ്. അവൾക്കിഷ്ടമുള്ള ഒരു ഗെയിമിന്റെ പേര് മാഡ് മാർത്താ എന്നായിരുന്നു. മാരിയോയുടെയും മറ്റും വളരെ പുരാതനയായ ഒരു പൂർവ്വസൂരി. സ്ക്രാബിളും ചെസും മാത്യൂസിന്റെ പി.സിയിലുണ്ടായിരുന്നു. സ്ക്രാബിൾ എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്.
ചിന്വാ അച്ചെബെയുടെ എല്ലാം തകർന്നുവീഴുന്നു (Things Fall Apart) ആ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന പുസ്തകമായിരുന്നു. മാത്യൂസ് അത് വായിച്ചിരുന്നു. അച്ചെബെയുടെ മറ്റ് കൃതികളും (“No Longer At Ease”, “Anthills of The Savannah” എന്നീ നോവലുകൾ; കൂടാതെ നിരവധി ലേഖനങ്ങൾ, കഥകൾ) ഞങ്ങൾ ബ്രിട്ടിഷ് ലൈബ്രറിയിൽനിന്ന് വായിക്കുന്നുണ്ടായിരുന്നു. അച്ചെബെയെ മാത്രമല്ല, നൈജീരിയൻ നോവലിസ്റ്റും നാടകകൃത്തും ആക്ടിവിസ്റ്റും ആയിരുന്ന ആഫ്രിക്കയുടെ പ്രഥമ നൊബേൽ ജേതാവ് വോളെ സോയിങ്കാ, ഘാനയൻ നോവലിസ്റ്റ് അയി ക്വൈ അർമാ, ങ്ഗൂഗി വാ തിയോങോ, മേജാ മ്വാങ്ഗി, നാടകകൃത്തായ ഫ്രാൻസിസ് ഇംബുഗാ (കെന്യ), കമാറാ ലായെ (ഗിനി), സെംബെനെ ഉസ്മാൻ (സെനെഗൽ) തുടങ്ങിയ നോവലിസ്റ്റുകളെ പരിചയപ്പെട്ടത് ആ കാലത്തുതന്നെയായിരുന്നു. ഹൈനെമാൻ പബ്ലിക്കേഷൻസായിരുന്നു “ആഫ്രിക്കൻ എഴുത്തുകാരുടെ പരമ്പര” (African Writers’ Series) എന്ന പൊതുസൂചികയോടെ അവരിൽ മിക്കവരുടെയും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.
ആഫ്രിക്കൻ ലിറ്ററേച്ചർ ടുഡേ എന്ന പ്രസിദ്ധീകരണം ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറിയിൽ കിട്ടിയിരുന്നു. അതിൽ ആഫ്രിക്കയിലെ പുത്തൻ എഴുത്തുകാരെക്കുറിച്ചും വെള്ളക്കാരായ കൊളോണിയലിസ്റ്റുകളെ കേന്ദ്രീകരിച്ചുള്ള സാഹിത്യനിർമാണത്തെ എങ്ങനെയാണ് സ്വാതന്ത്ര്യാനന്തര തലമുറ കീഴ്മേൽ മറിക്കുന്നതെന്നുമുള്ള സംവാദങ്ങൾ നിരന്തരം നടന്നു കൊണ്ടിരുന്നു.
എൽഡ്രെഡ് ഡുറോസിമി ജോൺസ് എന്ന സിയറാ ലിയോണിയൻ സാഹിത്യവിമർശകനാണ് ആ പ്രസിദ്ധീകരണം 1968-ൽ ആരംഭിച്ചത്. ആഫ്രിക്കൻ സാഹിത്യത്തിന്റെ വളർച്ചക്ക് എൽഡ്രെഡ് ജോൺസ് ആ പ്രസിദ്ധീകരണത്തിലൂടെ ചെയ്ത സേവനങ്ങൾ മഹത്തായതാണെന്ന് നിസ്സംശയം പറയാം. (അദ്ദേഹം 2020-ൽ, 95ാം വയസ്സിൽ നിര്യാതനായി). ഇംഗ്ലീഷിലായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും ഇതര ഭാഷകളിലുള്ള സാഹിത്യങ്ങൾക്കും എഴുത്തുകാർക്കും ആഫ്രിക്കൻ ലിറ്ററേച്ചർ റ്റുഡേ സർഗ്ഗസംവാദങ്ങൾക്കുള്ള വേദി തുറന്നിട്ടിരുന്നു.
ബ്രിട്ടീഷ് കോളനികളായിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹിത്യ പരിപ്രേക്ഷ്യം “ഫ്രാങ്കോഫോൺ” (ഫ്രഞ്ച്) ആഫ്രിക്കൻ രാജ്യങ്ങളുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. എഴുപതുകളിൽ ലിയോപ്പോൾഡ് സെദർ സെൻഗോറിനെ വീരാരാധന നടത്തിയിരുന്ന മലയാളിക്ക് ആലക്തികാഘാതമേൽപ്പിച്ച ഒരു പ്രഖ്യാപനം നടത്താൻ നൈജീരിയയിലെ വോളെ സോയിങ്ക വേണ്ടി വന്നു. സെൻഗോർ തന്റെ നെഗ്രിറ്റ്യൂഡ് പ്രസ്ഥാനവുമായി മുന്നേറിയ കാലത്ത് സോയിങ്ക സെൻഗോർ കേൾക്കാനായി ഇങ്ങനെ പറഞ്ഞു: “The Tiger doesn’t proclaim his ‘Tigritude’. He pounces.” (മലയാളത്തിൽ മൊഴിമാറ്റിയാൽ ആ വാക്യത്തിന്റെ ക്രോധം ‘പാലുംവെള്ളം’ പോലെയായിപ്പോകും എന്നതിനാൽ അതിനു മുതിരുന്നില്ല.)
മാത്യൂസിന്റെ പത്നി സൂസിയും കൊച്ചു മകൻ വിനയ് യും ബാംഗ്ലൂരിലായിരുന്നു. സൂസി അന്ന് ബാംഗ്ലൂരിലെ മൌണ്ട് കാർമൽ കോളേജിൽ ബോട്ടണി ലക്ചററായിരുന്നു. അവർ ഒരിക്കൽ അൽപം നീണ്ട (നാലാഴ്ചയാണെന്ന് തോന്നുന്നു) അവധിയിൽ തിക്കയിൽ വന്നിരുന്നു. അവർ വന്ന അവധിക്കാലത്ത് ഞങ്ങൾ വീണ്ടും ഒരു ഗെയിം സഫാരി നടത്തി. ഇക്കുറി ഞങ്ങൾ പോയത് റ്റ്സാവോ നാഷണൽ പാർക്കിലും അതിനുള്ളിൽത്തന്നെയുള്ള മ്സീമാ സ്പ്രിങ്സ് എന്ന അത്ഭുതകരമായ തടാകത്തിലുമായിരുന്നു. ട്സാവോയെക്കുറിച്ച് മുൻപൊരിക്കൽ എഴുതിയിരുന്നു. 9065 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ആ ഗെയിം പാർക്കിലായിരുന്നത്രേ കെന്യയിൽ അവശേഷിച്ചിരുന്ന 500 വെള്ള കാണ്ടാമൃഗങ്ങളിൽ ഏറെയും.
1970-കളിൽ 15000 വെള്ള കണ്ടാമൃഗങ്ങളാണ് റ്റ്സാവോയിൽ ഉണ്ടായിരുന്നത്. പോച്ചിംഗ് (മൃഗയാമോഷണം എന്ന തളർന്ന തർജ്ജമയേക്കാൾ നല്ലത് ഇംഗ്ലീഷാണെന്ന് തോന്നുന്നു) ആണ് ആ സാധുജീവിയുടെ എണ്ണം കുറച്ചത്. എന്തായാലും ഞങ്ങളുടെ അന്തം വിട്ട അന്വേഷണത്തിൽ ഒരു വെള്ള കാണ്ടാമൃഗത്തെ മാത്രമേ കാണാനായുള്ളൂ. അതേസമയം, ഷെയ്ത്താനി ലാവാ ഫ്ലോ എന്ന അപൂർവദൃശ്യം (എത്രയോ ആയിരത്താണ്ടുകൾക്കു മുൻപ് അഗ്നിപർവതം തുപ്പിക്കളഞ്ഞ ലാവ ഉറഞ്ഞ് ഒരു വലിയ താഴ് വരയാകെ പടർന്നുകിടക്കുന്ന കാഴ്ച) ഇനിയൊരിക്കലും ജീവിതത്തിൽ കാണാനിടയില്ലാത്തതാണെന്ന് ഞങ്ങൾ അന്നറിഞ്ഞു.
കൂടുതൽ അദ്ഭുതങ്ങൾ മ്സീമ സ്പ്രിംഗ്സിന്റെ രൂപത്തിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മ്സീമാ സ്പ്രിംഗ്സ് എന്നത് വലിയ ശുദ്ധജല തടാകമാണ്. അതിൽ അപൂർവ മത്സ്യങ്ങളും അനവധി മറ്റു ജലജീവികളുമുണ്ട്. നീർക്കുതിര അഥവാ ഹിപ്പോപ്പൊട്ടാമസ് ആണ് അവയിൽ പ്രധാനം. സ്പ്രിംഗ്സിൽ കാണുന്ന സൈൻ ബോർഡുകൾ ആർക്കും ഉൾക്കിടിലമുണ്ടാക്കും.
ഒരു ഉദാഹരണം: ഈ വഴിത്താരയിൽ നിങ്ങൾ ആപൽക്കാരികളായ വന്യമൃഗങ്ങളെ കാണാനിടയുണ്ട്. ഇവിടെ നിന്നങ്ങോട്ട് ശാന്തതയോടെയും ശ്രദ്ധാപൂർവ്വവും നീങ്ങുക. സ്വന്തം റിസ്കിലാണ് നിങ്ങൾ തുടരുന്നത്. ഏതെങ്കിലും വിധത്തിലുള്ള സംഭവവികാസത്തിന് നാഷണൽ പാർക്സ് ഉത്തരവാദിയല്ല.
ഇത്തരം മുന്നറിയിപ്പുകൾ മ്സീമയുടെ ചില്ലു കൂടാരത്തിലെത്തുംമുമ്പ് കാണാം. അർദ്ധവൃത്താകൃതിയിൽ കട്ടിച്ചില്ലുകളുള്ള ഒരു സംവിധാനമാണ് ഗ്ലാസ് ഹൗസ് എന്നു വിളിക്കപ്പെടുന്നത്.
അതിനുള്ളിൽ നിൽക്കുമ്പോൾ മത്സ്യങ്ങൾ, ഹിപ്പോകൾ, മുതലകൾ എന്നിങ്ങനെ പലവിധ ജീവികൾ ആ ചില്ലുകളിൽ വന്ന് മുട്ടി മടങ്ങിപ്പോകും. ചില്ലുജാലകത്തിലൂടെ നോക്കുന്നവരെ തൊട്ടു, തൊട്ടില്ല എന്നത്ര അടുത്താണവർ വരുന്നത്. അവർ എത്ര ശ്രമിച്ചാലും ആ ചില്ലുവീടിന്റെ ചില്ലു ജാലകങ്ങൾ തകർക്കാനാവില്ല. അവ അത്രത്തോളം ദൃഢീകരിക്കപ്പെട്ടവയായിരുന്നു. മ്സീമ സ്പ്രിംഗ്സിന്റെ മറ്റൊരു പ്രത്യേകത, എല്ലാ ജലാശയങ്ങൾക്കും, കടലിനും ബാധകമാണ് എന്നു തോന്നുന്നു. എത്ര കണ്ടാലും കണ്ടു തീർന്നില്ല എന്ന നമ്മുടെ തോന്നലാണ് ആ പ്രത്യേകത. എന്നാൽ നേരം പോയതറിയാതെ അവിടെ നിൽക്കാൻ പാർക്ക് അധികൃതർ സമ്മതിക്കില്ലെന്നു മാത്രമല്ല, അങ്ങനെ നിന്നാൽ വന്യമൃഗങ്ങൾ; സിംഹവും പുള്ളിപ്പുലിയും ഹയെനക്കൂട്ടങ്ങളുമെല്ലാം മനുഷ്യഗന്ധം പിടിച്ച് വന്നു ചേരാനും സാദ്ധ്യതയുണ്ട്. ഇത്തരം ചിന്തകൾ ഉയർന്നതിനാൽ ഞങ്ങൾ ഉച്ചതിരിഞ്ഞതോടെ അവിടെനിന്ന് പുറപ്പെട്ടു.
കെന്യയുടെ അതിശയങ്ങൾ തീർന്നിരുന്നില്ല. ഇനിയും യാത്രകളേറെയുണ്ട്. ഈ യാത്രകളെല്ലാം മനസ്സിൽ മായാതെ പതിച്ചെടുത്ത ഒരാൾ ഞങ്ങളോടൊപ്പമുണ്ടായിരുന്നു: മകൾ അപർണ്ണ. വർഷങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്കയിൽ അവൾ ആദ്യമായി പഠിച്ച സ്ക്കൂളിൽ നാലാം ക്ലാസിലെ ഇംഗ്ലീഷ് ടീച്ചർ മിസ്സ് മൊഫാറ്റ് കുട്ടികളോട് അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവം പറയാനാവശ്യപ്പെട്ടു. എല്ലാവരും ആദ്യം സ്ക്കൂളിൽ വന്നതിന്റെ അതിശയമെല്ലാം പറഞ്ഞപ്പോൾ അപർണ്ണ പറഞ്ഞത്, നയ്റോബിയിൽ നിന്ന് നക്കുറുവിലേക്കുള്ള വഴിയിൽ വരയൻ കുതിരകളും മാനുകളും ജിറാഫുകളും പറ്റം ചേർന്നും അല്ലാതെയും പുല്ലു തിന്നുന്ന കാഴ്ച കണ്ട് അതിശയിച്ചതാണ്. അവളുടെ ടീച്ചർമാർ പോലും അത് വിശ്വസിക്കാൻ തയാറായില്ല. മിസ് മൊഫാറ്റിന് അത് ഏറെ പിടിച്ചു. അവൾക്ക് മുഴുവൻ മാർക്കും നൽകി അവർ തന്റെ അഭിനന്ദനം പ്രകടിപ്പിക്കയും ചെയ്തു. അത് ജീവിതത്തിലെ മറ്റൊരു ഫ്ലാഷ് ഫോർവേഡ്.
(തുടരും)