ആഫ്രിക്കൻ
വസന്തങ്ങൾ- 19
സ്കൂൾ തുറന്നു, ബോർഡിംഗിൽ കുട്ടികൾ നിറഞ്ഞു.
മിസിസ് റാവൽ ഒരു ദിവസം ഞങ്ങളോട് ചോദിച്ചു, ‘Is the village bustling?’
‘വില്ലേജ് എന്ന് അവരുദ്ദേശിച്ചത് ബോർഡിംഗ് ഹൗസുകളിൽ കുട്ടികൾ നിറയുമ്പോഴുണ്ടാവുന്ന ‘ആളനക്ക’ത്തെയാണ്. കുട്ടികളെത്തിയതോടെ ആ വലിയ കോമ്പൗണ്ട് സജീവമായെന്നത് സത്യമാണ്. അവർക്കുവേണ്ടി ‘ടക്ക്’ ഷോപ്പ് തുറന്നിരിക്കും, രാത്രി വൈകുവോളം. ഞങ്ങൾ രാത്രി വൈകി ഉറങ്ങുന്നവരായതിനാൽ അതൊരു പ്രശ്നമായിരുന്നില്ല. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ മി. റാവൽ സ്കൂൾ ലെറ്റർഹെഡ്ഡിൽ ഒരു നോട്ടീസ് ടൈപ്പ് ചെയ്ത് അദ്ദേഹത്തിന്റെ ഓഫീസിലും ഡെപ്യൂട്ടിയുടെ ആപ്പീസിലും പതിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: Workers’ Timings.
അതിൽ എന്റെ പേരാണ് ആദ്യം, അതിനുനേർക്ക് 7.30 എ.എം എന്നെഴുതിയിരുന്നു.
പിറ്റേന്നുമുതൽ ആ സമയം തെറ്റാതെ ഞാൻ സ്കൂളിലെത്തിത്തുടങ്ങി. ഏഴരക്കെത്തിയാലുള്ള പ്രധാന ജോലി സ്കൂൾ ഗെയ്റ്റിനു സമീപമായിരിക്കും. റാവലും എന്നോടൊപ്പം വന്നു നിൽക്കും. അകത്തേക്കുവരുന്ന വിദ്യാർത്ഥികൾ യൂണിഫോം ശരിയായി ധരിച്ചിട്ടുണ്ടോ എന്നു നോക്കലാണ് ഡ്യൂട്ടി. ഷർട്ടിന്റെ നിറം, ട്രൌസറിന്റെ (പാന്റ്സ്) നിറം, ടൈ കെട്ടിയ വിധം, മുടി സ്റ്റൈൽ ചെയ്ത വിധം, ഇതെല്ലാം നോക്കണം. തുടക്കത്തിൽ അൽപം വിഷമിച്ചെങ്കിലും ഒരാഴ്ചകൊണ്ട് ഞാനതിൽ എക്സ്പേർട്ടായെന്ന് ഡിസൂസ പോലും സമ്മതിച്ചു.
എനിക്ക് ഫോം 4 ലെയും 3 യിലെയും രണ്ട് ക്ലാസുകൾ വീതവും ഫോം 6 ലെ ഒരു ക്ലാസുമാണ് പഠിപ്പിക്കേണ്ടിയിരുന്നത്. ഫോം 6 ൽ ‘ജി പി’ അഥവാ ‘ജനറൽ പേപ്പർ’ എന്നൊരു വിഷയമുണ്ട്. മൂന്നിലും നാലിലും ഇംഗ്ലീഷ് മാത്രം. അതും കെന്യയിലെ ഹൈ സ്കൂൾ ഇംഗ്ലീഷിൽ ഭാഷ മാത്രമേയുള്ളൂ. സാഹിത്യം ഐച്ഛികവിഷയമാണ്. അത് തെരഞ്ഞെടുക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം വിദ്യാർത്ഥിക്കായിരുന്നു. കൂടുതൽ കുട്ടികളും സാഹിത്യം തെരഞ്ഞെടുക്കില്ല. ഭാഷയിൽ വായനയും സ്ട്രക്ചറൽ ഗ്രാമറും സർഗ്ഗാത്മകമായ എഴുത്തുമായിരുന്നു വിഷയങ്ങൾ. എനിക്ക് കെന്യൻ (ഇംഗ്ലീഷ്) സിലബസ് അന്നും ഇന്നും വളരെ നല്ല ചട്ടക്കൂടായിട്ടാണ് തോന്നിയിട്ടുള്ളത്. സർഗ്ഗാത്മകമായ എഴുത്തിൽ വെറും കഥയെഴുത്ത് മാത്രമല്ലല്ലോ ഉൾപ്പെടുക. “ട്രാൻസാക്ഷണൽ റൈറ്റിംഗ്” അതിന്റെ പ്രധാന ഘടകമാണ്.
കെന്യയിലെ അന്നത്തെ സെക്കണ്ടറി / ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനം രണ്ടു തരം സർട്ടിഫിക്കറ്റുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. നാലാം ഫോറം പൂർത്തിയാക്കിയാൽ കെ. സി. ഇ (കെന്യാ സർട്ടിഫിക്കറ്റ് ഒഫ് എജ്യുക്കേഷൻ). അഞ്ചും ആറും കഴിയുമ്പോൾ കെ. എ. സി. എ (കെന്യാ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഒഫ് എജ്യുക്കേഷൻ).
വാചാലതയിൽ ആഫ്രിക്കന്മാർ പൊതുവേ അതിവിദഗ്ദ്ധരാണ്. ഫോം 6 കഴിഞ്ഞ് ഉപരിപഠന സാദ്ധ്യതതകൾ അന്വേഷിക്കുന്നതിനിടയ്ക്ക് യുവതീയുവാക്കൾ ഏതെങ്കിലും സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപനത്തിന് പോകാറുണ്ട്. ചിലർ അവിടെത്തന്നെ തുടർന്ന്, ഫോം 6 കഴിഞ്ഞ് എഴുതാവുന്ന Dip. Ed (ഡിപ്ലോമാ ഇൻ എജ്യുക്കേഷൻ) എടുത്ത് അദ്ധ്യാപകരായി തുടരുകയും ചെയ്യാറുണ്ടായിരുന്നു. ഇതൊന്നും നിയമവിരുദ്ധമായിരുന്നില്ല. പല ചെറുപ്പക്കാരും ഒന്നോ രണ്ടോ വർഷം അദ്ധ്യാപകരായി ജോലി ചെയ്തശേഷം കുറച്ച് പണം സമ്പാദിച്ച് സ്വന്തം ചെലവിൽ ഉപരിപഠനത്തിനു പോകുന്നതും സാധാരണമായിരുന്നു. നമ്മുടെ നാട്ടിലെ ചില ഐ എ എസ് ഉദ്യോഗസ്ഥർ എഴുതുന്നതിനേക്കാൾ വെടിപ്പുള്ള ഔപചാരിക (ഫോർമൽ എന്ന അർത്ഥത്തിൽ) ഇംഗ്ലീഷിൽ ‘ട്രാൻസാക്ഷനൽ’ കത്തിടപാടുകൾ നടത്താനും ആ ആറാം ഫോറക്കാർക്ക് കഴിഞ്ഞിരുന്നു.
കിക്കുയു ഭാഷയുടെ ‘ന്യുവാൻസസ്’ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിലെ സ്വരങ്ങളിലുള്ള ചില അപര്യാപ്തതകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ‘ഓസിബീസ’യുടെ വിശ്രുതമായ ആ ‘പ്രഭാതവന്ദന’ ഗാനമുണ്ടല്ലോ, അത് ഞങ്ങളുടെ മകൾ അവളുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യദിവസം ടീച്ചറിൽ നിന്ന് പഠിച്ച് വീട്ടിൽ വന്ന് ഞങ്ങളെ പാടിക്കേൾപ്പിച്ചത് ഇങ്ങനെയാണ്:
അപ്പെറീത്രോ ചൂഡ്രൻ
ഹൗ ആ യൂ ദിസ് മോണിങ്…
വീണ്ടും വീണ്ടും വരികളിൽ പരതിയപ്പോഴാണ് ‘ഓസീബീസ’ ആണ് ഇതിൽ ഒളിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. ‘ഹാപ്പി ലിറ്റിൽ ചിൽഡ്രൻ’ എന്ന വരിയാണ് ‘അപ്പെറീത്രോ ചൂഡ്രൻ’ ആയത്. കാരണം: ടീച്ചർ കിക്കുയു ആണ്. ആ ഭാഷയിൽ (ഞാൻ മനസ്സിലാക്കിയതനുസരിച്ച്) ‘ർ’, ‘ൽ’ എന്നീ അക്ഷരങ്ങൾ പരസ്പരം മാറിയാണ് (interchangeable) ഉപയോഗിക്കുക. അതുകൊണ്ട് ഉച്ചാരണത്തിൽ വന്നുചേരുന്ന പിഴവുകൾ ചിലപ്പോൾ തമാശയ്ക്കും വഴിയൊരുക്കാറുണ്ട്. ഒരു കിക്കുയു സ്നേഹിതനോട് അല്ലെങ്കിൽ സ്നേഹിതയോട് എന്താ കഴിച്ചതെന്നു ചോദിച്ചാൽ പറയുന്ന മറുപടി കേട്ട് ഞെട്ടരുത്: “I had some blood and lice.”
ഇത് ശരിയായ ഇംഗ്ലീഷിൽ പറഞ്ഞാൽ ഇങ്ങനെ വായിക്കാം: “I had some bread and rice.”
ഞങ്ങളുടെ മോൾ ആ കിക്കുയു ഉച്ചാരണമാണ് ആദ്യം ടീച്ചറിൽ നിന്ന് പഠിച്ചത്. ലേഡി ബേഡ് കാസറ്റുകളും പുസ്തകങ്ങളും വഴി അവൾ ഇംഗ്ലീഷ് വളരെ നേരത്തേ പഠിച്ചുവെങ്കിലും സ്കൂൾ അന്തരീക്ഷം വ്യത്യസ്തമാണല്ലോ. ടീച്ചറുടെ പേരെന്താണ് എന്നു ചോദിച്ചപ്പോൾ ‘മിസ് ളോസ്’ എന്നാണവൾ പറഞ്ഞത്. സത്യത്തിൽ അവർ മിസ് റോസ് ആണ്. കിക്കുയുക്കൾക്ക് ചില ഇംഗ്ലീഷ് ശബ്ദങ്ങളിൽ വിഷമമുള്ളതുപോലെ മറ്റൊരു പ്രബല ഗോത്രമായ ലുവോ (Luo) കൾക്കിടയിൽ ‘ഷ’ എന്ന ശബ്ദത്തിന് പ്രശ്നമുണ്ട്. ‘എസ് എച്ച്’ വച്ച് തുടങ്ങുന്ന വാക്കുകൾ അവർ ‘എസ്’ മാത്രം ഉൾച്ചേർത്താണ് പരയുക. ‘ഷാൽ’, ‘ഷുഡ്’, ‘ഷീ’ എന്നിവയെല്ലാം ‘സാൽ’, ‘സുഡ്’, ‘സീ’ എന്നേ അവർ പറയുകയുള്ളൂ. എഴുതുന്ന സ്പെല്ലിംഗ് ശരിയായിരിക്കും, പക്ഷേ പറയുമ്പോൾ വേറെ.
ഇക്വേറ്ററിലെ ഞങ്ങളുടെ ജീവിതം ശരിക്കും ഒരു തുടക്കം തന്നെയായിരുന്നു. മോളെ സ്ക്കൂളിൽ വിട്ടു കഴിഞ്ഞ് ഏഴര മണിയാവുമ്പോഴേക്ക് ഞങ്ങൾ ഒന്നിച്ച് സ്കൂളിലെത്തും. ഒനൊന്നര മാസം കഴിഞ്ഞപ്പോൾ സ്കൂളിൽ ഉള്ളതിൽ ഏറ്റവും പ്രായം ചെന്ന അദ്ധ്യാപകൻ മി. ഹിതേഷ് പാണ്ഡ്യ (മറ്റൊരു ഗുജറാത്തി) ഒരു ദിവസം അദ്ദേഹമിരിക്കുന്ന സയൻസ് ലാബിലേക്ക് വിളിച്ചു. വലിയയൊരു മുഖവുരയൊക്കെയായിട്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ചുരുക്കം ഇതായിരുന്നു: നിങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്നത് ശരിതന്നെ. പക്ഷേ അതിനെന്തിനാണ് എപ്പോഴും കൈകോർത്തുപിടിച്ച് നടക്കുന്നത്? ആളുകൾ നിങ്ങളെ പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് ദയവുചെയ്ത് അങ്ങനെ നടക്കരുത്.
ഞൻ ഞെട്ടിത്തരിച്ചുപോയി. ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി. ഡിസൂസ ഓഫീസിലിരുന്ന് എന്നെ കാണുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് അന്വേഷിച്ചു, പാണ്ഡ്യ ഇക്കാര്യം പറയാനാണോ വിളിച്ചത് എന്ന്.
ഡിസൂസയോട് പാണ്ഡ്യ തന്നെയാണത്രേ ഞങ്ങളുടെ കൈകോർത്തുള്ള നടത്തത്തെപ്പറ്റി പരാതി പറഞ്ഞത്. ഡിസൂസ അത് കാര്യമാക്കാഞ്ഞപ്പോൾ പാണ്ഡ്യ സ്വയം ആ ‘യുദ്ധം’ ഏറ്റെടുത്തു. അതിന്റെ ഫലമായിരുന്നു ആ സംഭാഷണം. ഡിസൂസ പറഞ്ഞു, “That old man thinks he is still in some Gujarati village. You don’t listen to him.”
ഇന്ത്യയിലെ സദാചാരപൊലീസ് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല; ദശാബ്ദങ്ങൾക്കു മുൻപേ അവർ വിദേശത്തുപോലും സ്വന്തം സാന്നിദ്ധ്യം വിളംബരം ചെയ്തിരുന്നു. ഒരു ഗുജറാത്തിയുടെ സ്കൂളായതിനാൽ മാത്രമാണ് ആ പ്രായമേറിയ അദ്ധ്യാപകന് അത്തരമൊരു ഇടപെടലിന് ധൈര്യം നൽകിയതെന്ന് ഞങ്ങളറിഞ്ഞു. മി. റാവലും അദ്ദേഹത്തിന്റെ കുടുംബവും വംശീയത കലർന്ന പെരുമാറ്റം തീരെ ഇല്ലാത്തവരായിരുന്നു. റാവലിന്റെ ജോലിക്കാർക്ക് അദ്ദേഹത്തിന്റെ വീട്ടിൽ യഥേഷ്ടം കയറിയിറങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. മറ്റ് ഗുജറാത്തി കുടുംബങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന കൂട്ടരായിരുന്നൂ ആ റാവൽമാർ. അതുകൊണ്ടു തന്നെ തിക്കയിലെ സാമാന്യം വലിയ ഗുജറാത്തി സമൂഹത്തിൽ അവർ അർഹിക്കുന്ന സ്ഥാനം മറ്റുള്ളവർ നൽകിയതുമില്ല. ആ വിഷമം റാവലിനെ അസ്വസ്ഥനാക്കിയിരുന്നു. തന്റെ മക്കൾ രണ്ടാളും വിദ്യാഭ്യാസത്തിൽ ശോഭിക്കുന്നില്ലെന്നതും അദ്ദേഹത്തെ വിഷമിപ്പിച്ചു.
ഇക്വേറ്ററിന്റെ അക്കാദമിക് നിലവാരം അത്ര കേമമായിരുന്നില്ലെങ്കിലും കായികമത്സരരംഗത്ത് ഇക്വേറ്ററിന് തിളങ്ങാൻ കഴിഞ്ഞു. ഞങ്ങൾ അവിടെ പഠിപ്പിക്കുമ്പോൾ എന്റെ ഫോം 4 ക്ലാസ് വിദ്യാർത്ഥിയായിരുന്നു കെന്യൻ ദേശീയ സോക്കർ ടീമിലെ പ്രധാനപ്പെട്ട ഒരു അംഗമായ സാമി ഒന്യാങ്ഗോ.
തിക്ക ഞങ്ങൾക്ക് ചില നല്ല ഇന്ത്യൻ സുഹൃത്തുക്കളെ നൽകി; മലയാളികളും അല്ലാത്തവരുമായി. ചില തെളിഞ്ഞ ദിവസങ്ങളിൽ ബോർഡിംഗിലെ ഞങ്ങളുടെ വീടിനു മുന്നിൽ നിന്നാൽ അകലെ മഞ്ഞുമൂടിയ മൗണ്ട് കെന്യയുടെ കൊടുമുടികൾ കാണാം. ഭൂമദ്ധ്യരേഖക്ക് ഏതാണ്ട് മുകളിൽ തന്നയായിരുന്നു ഞങ്ങൾ. സ്കൂളിൽ അകലെയുള്ള ഒരു ഗ്രാമത്തിൽ നിന്നുവന്ന ഒരു ഫോം 4 പെൺകുട്ടി ഒരിക്കൽ “എന്റെ സ്ക്കൂളിലെ ആദ്യ ദിവസങ്ങൾ” എന്ന ഞാൻ നൽകിയ കോമ്പൊസിഷന് ഉത്തരമെഴുതിത്തന്നതിൽ ഇന്നും എന്നെ ചിരിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. സ്കൂളിനെപ്പറ്റിയും അവിടുത്തെ സൗകര്യങ്ങളെപ്പറ്റിയുമെല്ലാമുള്ള വർണ്ണനകൾക്കു ശേഷം അവൾ ആത്മാർത്ഥമായി പറയുകയാണ്: “ഇവിടെ വന്ന ദിവസം മുതൽ ഞാൻ അന്വേഷിക്കുകയായിരുന്നു, ഇവിടെ എവിടെയാണ് ഇക്വേറ്റർ എന്ന്. ഇത്രയും വളർന്നിട്ടും അത് നിനക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നു വിചാരിച്ച് മറ്റുള്ളവർ പരിഹസിക്കുമല്ലോ എന്നോർത്ത് ആരോടും ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. ഒടുവിൽ ഞാൻ തന്നെ അത് കണ്ടെത്തി. ഞങ്ങളുടെ ബോർഡിംഗിനു മുന്നിൽക്കൂടെ കടന്നു പോകുന്ന ഭീമാകാരനായ ഒരു പൈപ്പുണ്ട്. ആ പൈപ്പിനുള്ളിലാണ് ഇക്വേറ്റർ എന്നു ഞാൻ കണ്ടെത്തി. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.’’
നല്ല ഭാഷയിലാണ് കുട്ടി എഴുതിയിരുന്നത്. അതിനാൽ ഒരു മാർക്ക് പോലും പീനലൈസ് ചെയ്യാതെ ഞാൻ ആ കുട്ടിയെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. ഇക്വേറ്ററിൽ എത്തണമെങ്കിൽ ഏതാനും കിലോമീറ്ററുകൾ കൂടി സഞ്ചരിക്കണമെന്നും മൗണ്ട് കെന്യയുടെ പാദഭൂമി എന്നു വിളിക്കാവുന്ന ‘നന്യുകി’ എന്ന ചെറുപട്ടണത്തിലൂടെയാണ് ഭൂമദ്ധ്യരേഖ കടന്നു പോകുന്നതെന്നും അവളെ പറഞ്ഞു മനസ്സിലാക്കി. കെന്യയുടെ അതിശയങ്ങളിൽ ഒന്നാണത്. പൊതുവിജ്ഞാനപാഠത്തിലെ ഒരു ചോദ്യമായി അത് പലപ്പോഴും അവതരിക്കാറുണ്ട്: “ഭൂമദ്ധ്യരേഖയിൽ മഞ്ഞ് കാണാവുന്നിടം എവിടെയാണ്?
ഉത്തരം: മൗണ്ട് കെന്യ“
തിക്കയിൽ മറ്റു മലയാളി അദ്ധ്യാപകരുണ്ടായിരുന്നു. കൂടുതൽ പേരും ഗവൺമെന്റ് സ്കൂളുകളിൽ വർഷങ്ങൾക്കു മുൻപേ വന്നുചേർന്നവരാണ്. എത്യോപ്യയിലുണ്ടായിരുന്നതിനേക്കാൾ തീർത്തും വ്യത്യസ്തമായ ഒരു കൂട്ടം മലയാളികളാണ് കെന്യയിലുണ്ടായിരുന്നത് എന്നു പറയാം. ഇവിടെയുള്ളവർ ‘ഇവിടം സ്വർഗ്ഗമാണ്’ എന്ന് വിശ്വസിച്ചിരുന്നവരാണ്. എത്യോപ്യയിൽ കുറേക്കൂടി ഒരു ‘നമ്മൾ’ ഫീലിംഗ് ഉണ്ടായിരുന്നു. ഞങ്ങൾക്കങ്ങനെ തോന്നാൻ കാരണം, ചിലപ്പോൾ കുറെയൊക്കെ അടുത്തറിയാവുന്നവർ ഒന്നിച്ച് അവിടെ എത്തിച്ചേർന്നതുകൊണ്ടാവും. കെന്യയിൽ ആരും ഞങ്ങളെപ്പോലെ സ്വയം വന്നവരല്ല. മിക്കവാറും എല്ലാവർക്കും നാട്ടിൽ നിന്ന് കൊണ്ടു വരാൻ ‘ഗോഡ് ഫാദർമാർ’ ഉണ്ടായിരുന്നു. അങ്ങനെ കൂട്ടമായി കൊണ്ടുവന്ന ചില ‘ഗോഡ് ഫാദർമാർ’ കെന്യയിൽ ലാൻഡ് ചെയ്യുന്നതോടെ കങ്കാണികളുടെ മട്ടിൽ പെരുമാറിയിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പുതുതായി വരുന്നവരെ വളരെ ‘ഗാർഡഡ്’ ആയിട്ടാണ് കെന്യൻ മലയാളികൾ വീക്ഷിച്ചിരുന്നത് എന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. നാലഞ്ചു വർഷത്തെ വിദേശജീവിതം അത്രയുമൊക്കെ ‘മനുഷ്യപാഠങ്ങൾ’ പഠിപ്പിച്ചിരുന്നതിനാൽ ഞങ്ങളും തിക്കിത്തിരക്കി സൗഹൃദങ്ങൾ സ്ഥാപിക്കാൻ തുനിഞ്ഞില്ല. തിക്കയിൽ അദ്ധ്യാപനായിരുന്ന തോമസ്, ജോസ് എന്നിവരും ഞങ്ങളുടെ മകൾ പഠിച്ച ഹിന്ദി മഹിളാമണ്ഡൽ സ്കൂളിലെ അദ്ധ്യാപികയായിരുന്ന മോളി (തോമസിന്റെ ഭാര്യ) എന്നിവരുമായിരുന്നു ഞങ്ങളുടെ ആദ്യകാല സുഹൃത്തുക്കൾ.
സ്കൂളിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന പഞ്ചാബി കണക്കദ്ധ്യാപകൻ അമൃത് ലാൽ ഹംദർദ് എന്നൊരു പ്രായം ചെന്ന മനുഷ്യൻ തുടക്കം മുതൽ തന്നെ ഞങ്ങളോട് സൗഹൃദത്തിന് തയാറായ ഒരാളാണ്. അയാൾ അവിവാഹിതനായിരുന്നു. ഒരു കണ്ണ് ഇല്ല. ആകെ ചുക്കിച്ചുളിഞ്ഞ ഒരു പഞ്ചാബി. നാം അന്നാട്ടുകാരെ അങ്ങനെ സങ്കൽപ്പിക്കുകയോ കാണുകയോ ചെയ്തിട്ടില്ലല്ലോ. ഭീകര മദ്യപാനിയാണ് ഹംദർദ് എന്ന് കുറച്ചുകാലം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. എന്തും കുടിക്കും. കയ്യിൽ പണം തീരെയില്ലെങ്കിൽ ലോക്കലായി വാറ്റുന്ന പട്ട; അതിന് ‘ചാങാ’ എന്നാണ് പറഞ്ഞിരുന്നത്. ചിലപ്പോൾ സമയം കഴിഞ്ഞും ബാറ് വിടാൻ കൂട്ടാക്കില്ല. അവർ പുറത്താക്കി വാതിലടയ്ക്കും. പൊലീസ് വന്ന് സ്റ്റേഷനിൽ കൊണ്ടുപോകും. അവിടെ എത്തിയാലുടൻ പയ്യാരം പറഞ്ഞ് കാലുപിടിക്കും. അവർ സ്കൂൾ ബോർഡിംഗിലേക്ക് ഫോൺ ചെയ്യും. അവിടെ നിന്ന് യോഗൻ ഭട്ട് പോയി മാപ്പു പറഞ്ഞ് ഇറക്കിക്കൊണ്ടു വരും.
പിറ്റേന്ന് യാതൊന്നും സംഭവിക്കാത്ത മട്ടിൽ സ്കൂളിൽ നിൽക്കുന്നതു കാണാം. അയാൾ തന്റെ വിഷയത്തിൽ ബഹു മിടുക്കനാണെന്നാണ് കേട്ടിട്ടുള്ളത്. ധാരാളം ട്യൂഷനുകളും ഉണ്ടായിരുന്നു. കണക്ക് ആഗോളാടിസ്ഥാനത്തിൽ മിക്കവർക്കും പ്രയാസമാണല്ലോ. അതിന്റെ പങ്ക് കെന്യയിൽ തിക്ക പട്ടണത്തിലെ ആ പാവം പഞ്ചാബിയുടെ മദ്യപാനഫണ്ടിലേക്ക് വീണുകൊണ്ടിരുന്നു എന്നു കരുതിയാൽ മതി.
ഹംദർദിന് ഞങ്ങൾ കാണുമ്പോൾ 52 വയസ്സുണ്ടായിരുന്നു. ആ വർഷം അവധിക്ക് നാട്ടിൽ പോയി അയാൾ കല്യാണം കഴിച്ചു. തിരികെ വന്ന് ഞങ്ങൾക്കെല്ലാം പേഡയും ലഡ്ഡുവും നൽകി വിവാഹാഘോഷം നടത്തി. കല്യാണഫോട്ടോയിൽ അതിസുന്ദരിയായ ഒരു പെൺകുട്ടിയെയാണ് ഞങ്ങൾ കണ്ടത്. ഹംദർദ് സ്വകാര്യമായി എന്നോട് പറഞ്ഞു, ‘എനിക്ക് നാല്പതു വയസ്സേ ഉള്ളൂ എന്നു കള്ളം പറഞ്ഞു. അവളുടെ വീട്ടുകാർ ദരിദ്രരാണ്. അതുകൊണ്ടാവും അവൾ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത്.’
എനിക്ക് ആ മനുഷ്യനോട് സഹതാപമാണ് തോന്നിയത്. കുറച്ചുദിവസം കഴിഞ്ഞ് ഹംദർദ് ഒരു എഴുത്തുമായി എന്നെ കാണാൻ വന്നു; “നിങ്ങൾ സഹായിക്കണം. ഈ എഴുത്തിന് ഒരു മറുപടി എഴുതണം.”
അയാൾ കത്ത് എന്റെ കയ്യിൽ തന്നു. അത് അയാളുടെ ഭാര്യയുടെ കത്തായിരുന്നു. ഇംഗ്ലീഷിലാണ് കത്ത്. അതുകൊണ്ടാണ് മറുപടിയെഴുതാൻ എന്റെ സഹായം വേണ്ടിവന്നത്. കോളേജിൽ വച്ച് പലർക്കും അത്തരം സഹായങ്ങൾ ചെയ്തിരുന്നതിനാൽ ഹംദർദിനും ഞാൻ സഹായം ചെയ്തു കൊടുത്തു. വളരെ റൊമാന്റിക് ആയ ഒരു കത്ത്. മധുവിധു കഴിയാത്ത ഇണകളല്ലേ. അയാൾക്ക് വായിച്ചുകേട്ടപ്പോൾ ബഹുസന്തോഷം. അപ്പോൽത്തന്നെ അയാൾ അത് പകർത്തിയെഴുതി. ഞാൻ ചോദിച്ചു, “എന്താണ് നിങ്ങളുടെ ഭാര്യ പഞ്ചാബിയിലോ ഹിന്ദിയിലോ എഴുതാത്തത്?’’
“അവൾ ദില്ലിയിലെ ഒരു കോൺവെന്റിലാണ് പഠിച്ചത്. അതുകഴിഞ്ഞ് സ്കോളർഷിപ്പോടെ ഡിഗ്രിക്കും പഠിച്ചു. ഇംഗ്ലീഷാണ് അവളുടെ ഇഷ്ടവിഷയം. കല്യാണം കഴിഞ്ഞപ്പോൾത്തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു, അവൾ ഇംഗ്ലീഷിലേ കത്തുകൾ എഴുതുകയുള്ളൂ എന്ന്.”
എന്തോ എനിക്കതൊന്നും അത്ര വിശ്വസനീയമായി തോന്നിയില്ല. കുറച്ചുനാൾ കൂടി ഈ പ്രഹസനം തുടർന്നു. പിന്നീട് എഴുത്തുകൾ നിലച്ചു. ഹംദർദ് ഒരാഴ്ച തന്നെ എന്നെക്കൊണ്ട് മൂന്നെഴുത്തുകൾ വരെ അങ്ങോട്ടയക്കാൻ എഴുതി വാങ്ങിത്തുടങ്ങി. കാലാന്തരത്തിൽ അതും നിലച്ചു. ഒരു ദിവസം ഹംദർദ് എന്നോട് പറഞ്ഞു, “എന്റെ ഭാര്യ ഡിവോഴ്സ് വേണം എന്നു പറയുന്നു. ഞാൻ കള്ളം പറഞ്ഞാണ് അവളെ കല്യാണം കഴിച്ചതെന്ന്. അവളെ കെന്യക്ക് കൊണ്ടുവരാൻ സത്യത്തിൽ എനിക്ക് താൽപര്യമില്ല. ഇവിടുത്തെ എന്റെ ജീവിതം അറിഞ്ഞാൽ അവൾ പിന്നെ ഈ ജന്മം എന്റെ കൂടെ ജീവിക്കില്ല. അടുത്ത അവധിക്ക് നാട്ടിൽ പോയിട്ട് എന്തെങ്കിലും തീരുമാനിക്കാം.”
ഹംദർദ് ഞങ്ങളുടെ സ്കൂളിൽ തന്നെ തുടർന്നു. അടുത്ത അവധിക്ക് അയാൾ പഞ്ചാബിൽ പോയി. അവിടെ എന്തുണ്ടായി എന്നറിയില്ല. പക്ഷേ പിന്നീടൊരിക്കലും പ്രിയതമക്ക് പ്രണയലേഖനമെഴുതിക്കൊടുക്കാൻ അയാൾ എന്റെയടുത്ത് വന്നിട്ടില്ല.
(തുടരും)