പഠനത്തിന്റെയും പരീക്ഷകളുടെയും വസന്തങ്ങൾ

ദക്ഷിണാഫ്രിക്കക്കാർ പൊതുവേ പഠനത്തിൽ താൽ‌പര്യമേറെയുള്ളവരാണ്. വയസ് എത്രയായാലും പഠിക്കാൻ കോളേജിലോ യൂണിവേഴ്സിറ്റിയിലോ പോകുന്നത് അവർക്ക് അഭിമാനം തന്നെയായിരുന്നു. തദ്ദേശീയർക്ക് പഠിക്കാൻ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരുന്നു, സർക്കാർ വകുപ്പുകൾ- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 45

ഹോളി ക്രോസിൽനിന്ന് അധികം അകലെ അല്ലായിരുന്നു ‘യൂണിട്രാ’ എന്ന് വിളിക്കപ്പെട്ടിരുന്ന യൂനിവേഴ്സിറ്റി ഓഫ് ട്രാൻസ്കൈ. ദക്ഷിണാഫ്രിക്കക്കാർ പൊതുവേ പഠനത്തിൽ താൽ‌പര്യമേറെയുള്ളവരാണ്. വയസ് എത്രയായാലും പഠിക്കാൻ കോളേജിലോ യൂണിവേഴ്സിറ്റിയിലോ പോകുന്നത് അവർക്ക് അഭിമാനം തന്നെയായിരുന്നു. തദ്ദേശീയർക്ക് പഠിക്കാൻ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിരുന്നു, സർക്കാർ വകുപ്പുകൾ.

ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ചെങ്ങന്നൂരുകാരായ (കല്ലിശ്ശേരി) സ്കറിയ (രാജു) ചെറിയാൻ, അദ്ദേഹത്തിന്റെ അളിയൻ തങ്കച്ചൻ (അന്തരിച്ചു) തുടങ്ങി കുറച്ചുപേർ യൂണിട്രാ നൽകിയ അവസരം ഉപയോഗിച്ച് വിദ്യാഭ്യാസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ചെയ്യുന്നുണ്ടായിരുന്നു. എച്ച്. ഡി. ഇ എന്നായിരുന്നു അദ്ധ്യാപനത്തെ കേന്ദ്രീകരിച്ചുള്ള ആ ഡിപ്ലോമയുടെ പേര്. എന്തുകൊണ്ട്, ഇവർ പാർട്ട് ടൈമായി രണ്ടു വർഷം കൊണ്ട് ചെയ്യുന്ന കോഴ്സ് നമുക്ക് ഫുൾ ടൈം രജിസ്റ്റെർ ചെയ്ത് ഒറ്റ വർഷത്തിൽ പൂർത്തിയാക്കിക്കൂടാ എന്ന് ഞങ്ങൾ വിചാരിച്ചു. അതിലേക്ക് ഒപ്പമുണ്ടായിരുന്ന ‘നാരീശക്തി’ പ്രേരണയിൽ എടുത്തുചാടിയത് ഞാനാണ്. ഞാൻ പകൽ രജിസ്ട്രേഷൻ നടത്തി വൈകീട്ട് ലക്ചർ അറ്റന്റ് ചെയ്യാൻ കാറിൽ പോയി വരുന്നതുകണ്ട് എന്റെ സഖി, അവളുടെ അനുജത്തി റീന, പിന്നൊരു കസിൻ പ്രീമ, കൂടാതെ ഞങ്ങളുടെ അഭിവന്ദ്യ സുഹൃത്ത് ‘ഇംപീരിയൽ’ കുര്യൻ സാറിന്റെ മകൾ പ്രീത എന്നിങനെ ഒരു സംഘം കൂടി ആ കൂട്ടത്തിൽ ചേർന്നു. ഒപ്പം മോഹനനും (ചെങ്ങന്നൂർ- കല്ലിശ്ശേരി).

 ദക്ഷിണാഫ്രിക്കയ്ക്ക് അനേകം ഒന്നാംകിട അഭ്യസ്തവിദ്യരെ സംഭാവന ചെയ്ത കലാലയമായിരുന്നു യൂണിട്രാ (യൂനിവേഴ്സിറ്റി ഓഫ് ട്രാൻസ്കൈ). പുതിയ യുഗാന്തരത്തിൽ അതിന്റെ പേര് വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി എന്ന് മാറ്റി.
ദക്ഷിണാഫ്രിക്കയ്ക്ക് അനേകം ഒന്നാംകിട അഭ്യസ്തവിദ്യരെ സംഭാവന ചെയ്ത കലാലയമായിരുന്നു യൂണിട്രാ (യൂനിവേഴ്സിറ്റി ഓഫ് ട്രാൻസ്കൈ). പുതിയ യുഗാന്തരത്തിൽ അതിന്റെ പേര് വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി എന്ന് മാറ്റി.

‘ആംബിയൻസ്’ തദ്ദേശീയർക്കൊപ്പം ജോലി ചെയ്യുന്നവരെ എല്ലാവരെയും തുല്യരീതിയിൽ പരിഗണിക്കുന്നതായിരുന്നു. ചെയ്യുന്ന കോഴ്സുകൾക്ക് പരീക്ഷയുള്ളപ്പോൾ തലേ ദിവസവും പിറ്റേന്നും അവധി; ഇങ്ങനെയുള്ള കാര്യങ്ങളെല്ലാവർക്കും ബാധകമായിരുന്നു. ഇന്ത്യക്കാർ ഏറിയ പങ്കും (ഹോളി ക്രോസിലെയെങ്കിലും) ആ സൗജന്യങ്ങൾ മിക്കവാറും സ്നേഹപൂർവം നിരസിക്കയായിരുന്നു പതിവ്. അക്കാലത്ത് യൂണിട്രായിൽ ഉണ്ടാ‍യിരുന്ന പ്രഗത്ഭരായ ചില ഇന്ത്യൻ അദ്ധ്യാപകരായിരുന്നു ഡോ. ജിമ്മി ജോസഫ് (തൊടുപുഴ), ഡോ. ചെറിയാൻ (ഞങ്ങൾ അവിടെ ചേരും മുൻപ് അദ്ദേഹം അവിടം വിട്ട് മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് പോയിരുന്നു), ഡോ. ജോസ് മാമൻ (ചെങ്ങന്നൂർ) തുടങ്ങിയവർ. ദക്ഷിണാഫ്രിക്കയ്ക്ക് അനേകം ഒന്നാംകിട അഭ്യസ്തവിദ്യരെ സംഭാവന ചെയ്ത കലാലയമായിരുന്നു യൂണിട്രാ. പുതിയ യുഗാന്തരത്തിൽ അതിന്റെ പേര് വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി എന്ന് മാറ്റി. ഞങ്ങളുടെ സ്നേഹിതൻ ഗസൽപ്രേമി മനോജ് ഈയിടെ അവിടെ അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റിൽ ഡീൻ ആയി നിയമിക്കപ്പെട്ടു എന്നറിഞ്ഞ് ഞങ്ങൾ ഏറെ ആഹ്ലാദിച്ചു.

മനോജ് പണിക്കര്‍, വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി
മനോജ് പണിക്കര്‍, വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി

ഞങ്ങളുടെയെല്ലാം കരിക്കുലം സ്റ്റഡീസിൽ ഇംഗ്ലീഷുണ്ടായിരുന്നു. അത് കൈകാര്യം ചെയ്തിരുന്നത് പ്രൊഫ. പി. ടി. പീനാർ എന്ന വളരെ സീനിയറായ അദ്ധ്യാപകനായിരുന്നു. ഹോളി ക്രോസിലെ ജോലിക്ക് എന്നെ ഇന്റർവ്യൂ ചെയ്ത പാനലിലെ സബ്ജക്റ്റ് എക്സ്​പെർട്ട് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യൂണിവേഴ്സിറ്റി അദ്ധ്യാപനശൈലി മറ്റുള്ളവരുടേതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. നാം ഈ കോഴ്സ് കഴിഞ്ഞ് സ്കൂളിൽ, നമ്മുടെ സ്വന്തം വിദ്യാർത്ഥികളെ എങ്ങനെ പഠിപ്പിക്കണം എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു പ്രൊഫ. പി.റ്റി.പിയുടെ (അങ്ങനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്) ഓരോ ലക്ചറും.

സ്കൂളുകളിൽ അന്നൊന്നും വ്യാപകമായി ഉപയോഗിച്ചിരുന്നില്ലാത്ത CLOZE (സ്പെല്ലിംഗ് പിശകല്ല. അങ്ങനെത്തന്നെയാണ് ആ വാക്ക്- ‘ക്ലോസ്’- സ്പെൽ ചെയ്യുന്നത്) വഴിയും മറ്റും ഇംഗ്ലീഷിൽ മാത്രമല്ല, മിക്കവാറും എല്ലാ വിഷയങ്ങൾക്കും അനുയോജ്യമായ ഒരു മാർഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ അദ്ധ്യാപനത്തിലെ മറ്റൊരു പ്രധാന വഴിയായിരുന്നൂ പ്രൊഫസറുമായി ഓരോ വിദ്യാർത്ഥിയും നടത്തേണ്ട ഓൺഗോയിംഗ് ഡയലോഗ്. അത് ഒരു ബുക്കിൽ എഴുതാം; അല്ലെങ്കിൽ ഫൂൾസ്കാപ്പ് പേപ്പറിൽ എഴുതി സ്റ്റേപ്പിൾ ചെയ്യാം. ദിവസവും പ്രൊഫസർക്ക് അത് കിട്ടിയിരിക്കണം. ഇംഗ്ലീഷിൽ മാരകമായ തെറ്റ് വരുത്തുന്നവരോട് അദ്ദേഹം ഡയലോഗിന്റെ ഏതെങ്കിലും മാർജിനിൽ ഇങ്ങനെ എഴുതുമായിരുന്നു: പ്ലീസ് ഡിസ്കസ് സച്ച് റ്റോപിക്സ് വിത്ത് ജയ ഓർ ബീന ബിഫോർ യൂ സബ്മിറ്റ്.

വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി
വാൾട്ടർ സിസുലു യൂണിവേഴ്സിറ്റി

അദ്ദേഹത്തിന്റെ ‘പ്രിയ’ വിദ്യാർത്ഥികളായിരുന്നു എന്റെ സഖിയും ഞാനും. ഞങ്ങൾ ഡിസ്റ്റിംഗ്ഷനോടെയാണ് ഇംഗ്ലീഷ് കരിക്കുലം സ്റ്റഡീസ് പാസ്സായത്. ആ പ്രൊഫസറുടെ വിപദിധൈര്യം എന്നെ അമ്പരപ്പിച്ച ഒരു ദിവസമുണ്ടായി. യൂണീട്രായിലെ വിദ്യാർത്ഥികളിൽ അനേകം പേർ ഫീസ് കൊടുക്കില്ല. പല തരത്തിലുള്ള ധനസഹായവും സർക്കാരും മറ്റ് പ്രൈവറ്റ് ഏജൻസികളും നൽകിയിരുന്നെങ്കിലും കുറേപ്പേർ ആ പണമെടുത്ത് സുഖലോലുപമായി ജീവിക്കയായിരുന്നു പതിവ്. അതൊടുവിൽ സമരമായിത്തീരും. ഫീസ് കൊടുത്തില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ല എന്നയിടത്ത് യൂണിവേഴ്സിറ്റി ഉറച്ചുനിൽക്കും. കുട്ടികൾ സമരം തുടങ്ങും. ആദ്യമൊന്നും അക്രമാസക്തമായിരിക്കില്ല സമരം.

അങ്ങനെ ഒരു ദിവസം പ്രൊഫസർ ഞങ്ങൾക്ക് ഒരു ‘ടെസ്റ്റ്’ തന്നു. എല്ലാവരും ദത്തശ്രദ്ധരായി എഴുതിക്കൊണ്ടിരിക്കെ ഒരു വലിയ സംഘം കുട്ടികൾ ലക്ചർ ഹാളിന്റെ വാതിൽക്കൽ വന്ന് സമരഗാനങ്ങൾ പാടി നൃത്തം ചെയ്തുതുടങ്ങി. പ്രൊഫസർക്ക് ഏതാണ്ട് ആറടിയിലേറെ ഉയരമുണ്ട്. അദ്ദേഹം വാതിൽക്കൽ നിറഞ്ഞുനിന്നു; അകത്തേക്ക് കടക്കാൻ ഇടം കൊടുക്കാതെ. കുറേ നേരം അവർ ശ്രമിച്ചു. അവസാനം പ്രൊഫസർ ‘സമവായം’ നിർദ്ദേശിച്ചു. ടെസ്റ്റ് എഴുതുന്നവർ വീട്ടിൽ പോയി മുഴുമിക്കട്ടെ. എനിക്ക് അവരുടെ സത്യസന്ധതയിൽ വിശ്വാസമാണ്. നാളെ യൂണിട്രായിൽ വരുമ്പോൾ ഉത്തരക്കടലാസ് എന്റെ ഡോറിന്റെ അടിയിലെ വിടവിൽക്കൂടി അകത്തേക്ക് ഇട്ടാൽ മതി.
സമരക്കാർക്ക് സന്തോഷം. എത്ര പ്രാവശ്യം വീട്ടിൽ കൊണ്ടുപോയി എഴുതിക്കൊള്ളാൻ പറഞ്ഞാലും ‘കോപ്പിയടിക്കാനു’ള്ള ഒന്നും പ്രൊഫസറുടെ ചോദ്യത്തിലില്ലായിരുന്നു. അത് ഷെയ്ക്സ്പിയറുടെ ജൂലിയസ് സീസറും ങ്ഗൂഗി വാ തിയോങ് ഓയുടെ എ ഗ്രെയ്ൻ ഓഫ് വീറ്റും തമ്മിലുള്ള ഒരു താരതമ്യ പഠനത്തെ അടിസ്ഥാനമാക്കി ഒരാൾ എഴുതിയ ലേഖനമായിരുന്നു. ആ ലേഖനത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അഭിപ്രായം എഴുതുക. ഇതായിരുന്നൂ ടെസ്റ്റിന്റെ ചോദ്യം. പ്രൊഫസർ പറഞ്ഞതുപോലെ അന്നു രാത്രി തന്നെ ഞങ്ങൾ എഴുതി രാത്രി തന്നെ ത്രികെ അദ്ദേഹത്തിന്റെ മുറിയിൽ നിക്ഷേപിച്ചു.

അംടാട്ട / Photo:  Sharon du Plessis, flickr
അംടാട്ട / Photo: Sharon du Plessis, flickr

പ്രൊഫ. പി.റ്റി.പി സ്ഥിരം “ജോഗർ” ആയിരുന്നു. അദ്ദേഹം ജോഗിംഗിന്റെ ഗുണഗണങ്ങളെപ്പറ്റി ലേഖനങ്ങളും എഴുതി. അദ്ദേഹം പഠിപ്പിക്കാൻ ഉപയോഗിച്ചത് സ്വന്തമായി എഴുതി പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളായിരുന്നു. പ്രൊഫസർ വിവാഹം ചെയ്തത് ഒരു മൌറീഷ്യൻ ഇന്ത്യനെയാണ്, പേര് ലീല.

ഞങ്ങളുടെ പ്രിൻസിപ്പലിന്റെ പേര് മിസ്സിസ് മാർഗരറ്റ് ബെറ്റെല എന്നായിരുന്നു. അവർ സമർത്ഥയായ ഗണിതശാസ്ത്ര അദ്ധ്യാപികയും ആയിരുന്നു. അവർ പ്രിൻസിപ്പലാവാൻ കാരണം അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ഡയറക്ടർ ജനറലായിരുന്ന മി. ബെറ്റേലയുറ്റെയുടെ നിർബ്ബന്ധം മൂലമാണെന്ന “ശ്രുതി” പരക്കെയുണ്ടായിരുന്നു. മിസിസ് ബെറ്റെലയുടെ ഒരു പ്രത്യേകത, അവർ വളരെ കുറച്ചും ശബ്ദം താഴ്ത്തിയുമാണ് സംസാരിക്കുക. സാധാരണ ആഫ്രിക്കക്കാർ മലയാളികളെപ്പോലെ ഉറക്കെ സംസാരിക്കയും ഉറക്കെയുറക്കെ ചിരിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ മിസിസ് ബെറ്റേല സ്റ്റാഫ് മീറ്റിംഗുകളിൽ പോലും ചുരുക്കം വാക്കുകളിൽ പറയാനുള്ളതു പറഞ്ഞ്, കേൾക്കാനുള്ളത് കേട്ട് മീറ്റിംഗ് അവസാനിപ്പിക്കും. അവരോട് എല്ലാവർക്കും ബഹുമാനമായിരുന്നു. അവിടത്തുകാരുടെ മനസ്സിൽ എം. എസ് സി കഴിഞ്ഞ് ട്രെയിനിംഗ് കോളേജിൽ ജോലി ഉണ്ടായിരുന്നവർ എന്ന മതിപ്പ്. അവരുടെ എം എസ് സി കണക്കിലാണ് എന്നത് മതിപ്പ് വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. വിവാദമുയർത്തുന്ന ഒരു കാര്യത്തിലും അവർ ഇടപെട്ടിരുന്നില്ല. ഡിസിപ്ലിനും സ്റ്റാഫുമായുള്ള സംവേദനവും മറ്റും അവരുടെ ഡെപ്യൂട്ടി പ്രിൻസിപ്പലിനെയാണ് ഏൽ‌പ്പിച്ചിരുന്നത്. തോമസ് തോമസ് എന്ന ആ ഡെപ്യൂട്ടി 1983 മുതൽ അംടാട്ടയിലുണ്ട്. അദ്ദേഹത്തിന് സംസാരിക്കാൻ മൈക്ക വേണ്ട. സാംബിയയിൽ നിന്നാണ് അദ്ദേഹം ട്രാൻസ്കൈയിൽ എത്തിയത്.

തിരുവനന്തപുരം സ്വദേശിയായ തോമസ് തോമസ് “ടോം ടോം” എന്നാണ് അറിയപ്പെട്ടിരുന്നത്. അടിസ്ഥാനപരമായി ഒരു സാധു മനുഷ്യൻ. പക്ഷേ വർത്തമാനം കേട്ടാൽ ക്രൂരൻ! അന്നും ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ടോമിച്ചായന്റെ പങ്കാളി എൽസി അവിടെത്തന്നെയുള്ള മറ്റൊരു സ്കൂളിൽ അദ്ധ്യാപികയായിരുന്നു. ഹോളി ക്രോസ് 1998-ൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നല്ല 100 സ്കൂളുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ടൈംസ് നടത്തിയ സർവതലസ്പർശിയായ കണക്കെടുപ്പിലാണ് ആധുനിക ജിമ്മോ ടർഫ് വിതാനിക്ക കളിയിടങ്ങളോ ഒന്നുമില്ലാത്ത (അതേ സമയം അംടാട്ടയിലെ തന്നെ ഏറ്റവും നല്ല ലൈബ്രറി ഉണ്ടായിരുന്ന) സ്കൂൾ എന്ന ഖ്യാതി ഞങ്ങളുടെ കൊച്ചു സ്കൂൾ നേടിയെടുത്തത്.

(തുടരും)


Summary: life in university of transkei u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments