അജയ് പി. മങ്ങാട്ട്

എല്ലാ കാമുകരും ആത്മഹത്യ ചെയ്യാറില്ല,
​പക്ഷേ എല്ലാ പ്രേമങ്ങളിലും മനുഷ്യർ കരയാറുണ്ട്

ഞാൻ വിദ്യാർഥിയായിരിക്കെ ഒരിക്കൽ ഒരു പെൺകുട്ടിയെ കണ്ടു. അവളുടെ നടത്തം, നോട്ടം, ചലനം, പിന്നിയിട്ട മുടി, ഇതെല്ലാം പ്രേമത്തെ പ്രസരിപ്പിച്ചു. അവൾ എഴുതിക്കൂട്ടിയ ഒരു ഡയറി എനിക്കുതന്നു. അത് എന്തിനെന്നു സംശയിച്ചു ഞാൻ വീട്ടിലേക്കു മടങ്ങി

തിനെട്ടാം നൂറ്റാണ്ടിലെഴുതിയ ഗൊയ്‌ഥേയുടെ The Sorrows of Young Werther മുൻനിർത്തിയാണ് A Lover's Discourse ൽ പ്രണയത്തെപ്പറ്റി റൊളങ് ബാർത്ത് എഴുതുന്നത്. കാമുകനായ വെർതർ ധാരാളം കരയുന്നു, കരച്ചിലിന്റെ പ്രവാഹത്തിൽ അവൻ ഒഴുകിപ്പോകുന്നു. എപ്പോഴും കണ്ണീരൊഴുകിക്കൊണ്ടിരിക്കും. പ്രണയത്തിലാണ് പുരുഷന് തടസ്സമില്ലാതെ കരയാൻ അവസരം ലഭിക്കുക എന്ന് ഗൊയ്‌ഥേയുടെ നായകനെ ചൂണ്ടി ബാർത്ത് പറയുന്നു. കരച്ചിലിൽ ഞാൻ മറ്റൊരാളുടെ മതിപ്പു പിടിച്ചുപറ്റാൻ നോക്കുകയാണ്. നോക്കൂ, എന്റെ വേദന ഒരു മിഥ്യയല്ല, അത് കണ്ണീരായി പുറത്തുവരുന്നു. പ്രണയത്തിൽ ഇതൊരു അടയാളമാണ്. ഇതിലൂടെ ഞാൻ ഒരു കഥ പറയാൻ ശ്രമിക്കുന്നു.

നമുക്ക് ടെലിഗ്രാം അയയ്ക്കാം, ഒരു വിലാസം പറയൂ എന്ന് അയാൾ പ്രോത്സാഹിപ്പിക്കുന്നു, ഞാൻ ആലോചിക്കുന്നു, പിന്നിയിട്ട മുടി മനസ്സിലേക്കു വരുന്നു, അവളുടെ വിലാസം പറയുന്നു

ഞാൻ വിദ്യാർഥിയായിരിക്കെ ഒരിക്കൽ ഒരു പെൺകുട്ടിയെ കണ്ടു. അവളുടെ നടത്തം, നോട്ടം, ചലനം, പിന്നിയിട്ട മുടി, ഇതെല്ലാം പ്രേമത്തെ പ്രസരിപ്പിച്ചു. അവൾ എഴുതിക്കൂട്ടിയ ഒരു ഡയറി എനിക്കുതന്നു. അത് എന്തിനെന്നു സംശയിച്ചു ഞാൻ വീട്ടിലേക്കു മടങ്ങി. അക്കാലത്തു നാട്ടിൽ എന്റെ വീടിനോടു ചേർന്നാണു തപാൽ ഓഫിസ് പ്രവർത്തിച്ചിരുന്നത്. യുവാവായ പോസ്റ്റ്മാസ്റ്റർ ആ തപാൽ ഓഫീസിനകത്തുതന്നെയായിരുന്നു താമസം. ഓഫീസ് സമയം കഴിഞ്ഞ് അയാൾ ഒറ്റക്ക് ഓഫീസിലിരിക്കുമ്പോൾ, തുറന്ന ജനാലയുടെ പുറത്തുനിന്ന് അകത്തേക്കു ഞാൻ എത്തിനോക്കുന്നു. അയാൾ എന്നെ അകത്തേക്കു വിളിക്കുന്നു. പകലെല്ലാം കത്തുകളിലെ സ്റ്റാമ്പുകൾക്കുമേൽ മുദ്ര കുത്തുന്ന ഒച്ച ഉയരാറുള്ള ആ മുറിയിൽ ഇപ്പോൾ ഒച്ചയുമനക്കവും ഇല്ല. കത്തുകൾ സോർട്ട് ചെയ്യുന്ന വിശാലമായ മേശപ്പുറത്ത് ഇപ്പോഴൊന്നുമില്ല. പകൽ മെയിൽ ബാഗുകൾ തുറന്ന് അതിലേക്കാണ് തപാൽ ഉരുപ്പടികൾ കുടഞ്ഞിടുക. ഒരുദിവസം ഞങ്ങൾ മാത്രമുള്ള സമയം ഞാൻ എനിക്ക് ടെലിഗ്രാം എങ്ങനെയാണ് അയയ്ക്കുന്നതെന്ന് അറിയണം എന്നു പറയുന്നു. നമുക്ക് ടെലിഗ്രാം അയയ്ക്കാം, ഒരു വിലാസം പറയൂ എന്ന് അയാൾ പ്രോത്സാഹിപ്പിക്കുന്നു, ഞാൻ ആലോചിക്കുന്നു, പിന്നിയിട്ട മുടി മനസ്സിലേക്കു വരുന്നു, അവളുടെ വിലാസം പറയുന്നു. മൂന്നോ നാലോ വാക്കുകൾ മാത്രമേ പാടുള്ളു എന്ന് അയാൾ ആവശ്യപ്പെടുന്നു. പ്രേമത്തിലായിരിക്കുന്നവർക്ക് കുറച്ചുവാക്കുകളിൽ സംസാരിക്കാനാവില്ല. എന്നാൽ മറ്റുള്ളവർ കേൾക്കേ ഒന്നും പറയുകയുമില്ല, പക്ഷേ ഇവിടെ രണ്ടോ മൂന്നോ വാക്കുകൾ കൂടിയേ തീരൂ. come to library on 24 എന്നോ മറ്റോ ആയിരുന്നു ആ വാക്കുകൾ എന്നു തോന്നുന്നു.
ടെലിഗ്രാം അടിയന്തര സന്ദേശമാണ്, പ്രേമലേഖനമല്ല. ഭാഗ്യത്തിന് അത് അവിടെ എത്തുമ്പോൾ അവളും സഹോദരിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ആശങ്കയോടെ ടെലിഗ്രാം തുറന്ന ചേച്ചി, കഷ്ടം തന്നെ എന്ന് അനിയത്തിയെ നോക്കി പറഞ്ഞു.

പ്രേമത്തിലായിരിക്കുന്നവർക്ക് കുറച്ചു വാക്കുകളിൽ സംസാരിക്കാനാവില്ല. 'സെെറാത്ത്' സിനിമയിലെ രംഗം

എല്ലാ കാമുകരും ആത്മഹത്യ ചെയ്യാറില്ല, പക്ഷേ എല്ലാ പ്രേമങ്ങളിലും മനുഷ്യർ കരയാറുണ്ട്. കരച്ചിൽ കൊണ്ടല്ലാതെ പ്രേമത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവില്ല. നിങ്ങൾ പ്രേമം കൊണ്ട് ഉറക്കെ കരഞ്ഞിട്ടില്ലെങ്കിൽ, പിന്നീട് അതോർക്കുമ്പോൾ എവിടെനിന്നാണ് ആ കണ്ണീരു വന്നതെന്നോർത്ത് അമ്പരന്നില്ലെങ്കിൽ എനിക്കു നിങ്ങളോടു പ്രേമത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.

വർഷങ്ങൾക്കുശേഷം ഒരാൾ താൻ വിദ്യാർഥിയായിരിക്കേ താമസിച്ചിരുന്ന ആ ചെറിയ പട്ടണത്തിലേക്കു മടങ്ങിച്ചെല്ലുന്നു. ഒരു ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തീർന്ന് അവനും കൂട്ടുകാരനും പുതിയ വീട്ടിൽ നിന്നിറങ്ങി തൊട്ടടുത്ത പറമ്പിലെ പഴയ വാടകക്കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു പോകുന്നു. പലകകൾ പാകിയ തറ ഒച്ച വയ്ക്കുന്ന ഒന്നാം നില. ലോകത്തെവിടെ പോയാലും ഇത്തരം ഒന്നാംനിലകൾ ഞാൻ തിരയും. അവർ സന്ധ്യ മുതൽ അവിടെയിരുന്നു കുടിക്കുന്നു. വർത്തമാനം പറയുന്നു. സിഗരറ്റ് വലിക്കുന്നു. പഴയ ഒരു പ്രേമം അതിനിടെ പൊടുന്നനെ വാതിൽക്കൽ എത്തി അകത്തെ ഗന്ധങ്ങളിലേക്കു കയറാതെ അവിടെത്തന്നെ നിന്നു നോക്കുന്നു. ലഹരി ഇരുവരെയും ഉദാസീനരാക്കുന്നു. വേഗം ഉറക്കത്തിലേക്കു കൊണ്ടുപോകുന്നു. ഇടയ്‌ക്കെപ്പോഴോ ഉറക്കം ഞെട്ടിയുണരുമ്പോൾ പുറത്തു മഴയുടെ വലിയ ശബ്ദം കേൾക്കാം. കാറ്റിൽ മരം വീഴുന്ന പോലെ ഒച്ച ഉയരുന്നു. കൂട്ടുകാരനെ ഉണർത്താതെ അവൻ വാതിൽ തുറന്നു പുറത്തിറങ്ങുന്നു. മഴവെള്ളം ഒലിക്കുന്ന പടികൾ കയറി മട്ടുപ്പാവിലേക്കു പോകുന്നു. അവിടെ അലറുന്ന മഴയിലേക്ക്, മിന്നലുകൾക്കു താഴെ ഇറങ്ങിനിന്ന് അവളുടെ പേര് ഉറക്കെ വിളിച്ചു കരയുന്നു. കൂട്ടുകാരൻ ഉണരുമ്പോൾ തുറന്ന വാതിലിനു പുറത്തെ മഴ കാണുന്നു. മട്ടുപ്പാവിലേക്കു ചെന്നു മഴ കൊള്ളുന്ന നിരാശനെ വിളിച്ച് അകത്തു കൊണ്ടുവന്ന് തല തോർത്തുന്നു. ഉടുപ്പുകൾ മാറ്റാൻ സഹായിക്കുന്നു.

ഒരാൾ പ്രേമത്തിലാകുന്നതോടെ അയാൾക്ക് സംസാരിക്കാൻ ഒരുപാടുണ്ടാകുന്നു. ചന്ദ്രിക എന്തെല്ലാം കാര്യങ്ങളാണ് അവനോടു പറയുന്നത്. എന്നാൽ മധുര പ്രേമത്തിലായിരിക്കുന്ന സമയം രമണൻ പക്വതയുള്ള പുരുഷനെ പോലെ പെരുമാറുന്നു

രണ്ട്

തുടുതുടെയൊരു ചെറുകവിത വിടർന്നൂ തുഷ്ടിതുടിക്കും മമഹൃത്തിൽ! ചൊകചൊകയൊരു ചെറുകവിത വിടർന്നൂ ചോര തുളുമ്പിയ മമഹൃത്തിൽ!
(ചങ്ങമ്പുഴ- മനസ്വിനി)

ഒരാൾ പ്രേമത്തിലാകുന്നതോടെ അയാൾക്ക് സംസാരിക്കാൻ ഒരുപാടുണ്ടാകുന്നു. ചന്ദ്രിക എന്തെല്ലാം കാര്യങ്ങളാണ് അവനോടു പറയുന്നത്. എന്നാൽ മധുര പ്രേമത്തിലായിരിക്കുന്ന സമയം രമണൻ പക്വതയുള്ള പുരുഷനെ പോലെ പെരുമാറുന്നു. അയാളിലെ ഉഗ്രനായ കാമുകൻ അപ്പോൾ ഒളിച്ചിരിക്കുന്നു. പ്രേമം അവസാനിപ്പിച്ച് സമുദായനീതിക്കു വഴങ്ങാൻ ചന്ദ്രിക തീരുമാനിക്കുമ്പോഴാണ് മറ്റൊരു രമണനെ നാം കാണുന്നത്. അയാൾ മരണം കൊണ്ടുവരുന്നു. അത്രയും കണ്ണീരും ശാപവും മറ്റൊരു നായകനിലും നാം കാണുന്നില്ല. കാൽപനികൻ തന്റെ വേദനയുടെ പ്രതികാരം സ്വന്തം ശരീരത്തിലാണ് പ്രയോഗിക്കുക. താൻ സമുദായത്തിനു പുറത്താണ് എന്നു സ്വന്തം കഴുത്തിൽ കുരുക്കിട്ട് അയാൾ പ്രഖ്യാപിക്കുന്നു. ചങ്ങമ്പുഴയിൽ പ്രണയഭാജനം കാമുകനു ദിവ്യമായ പ്രതിഷ്ഠയാണ്. അതിനാൽ ആ പ്രതിഷ്ഠയ്ക്കു മുന്നിൽ സ്വന്തം തല പൊട്ടിക്കുകയോ കഴുത്തിൽ കുരുക്കിടുകയോ ചെയ്യുന്നതു അസാധാരണമാകുന്നില്ല. ചിലപ്പോൾ പ്രണയത്തിന്റെ ഹിംസ പുറത്തേക്കും സഞ്ചരിക്കാറുണ്ട്. പുരുഷന്റെ അധികാരത്തെ അത് ഉണർത്തുന്നു. അപ്പോൾ താൻ ആരെ പ്രേമിച്ചോ ആ ആളെത്തന്നെ കൊന്നുതിന്നുന്നു.

ഏറ്റവും കഷ്ടം നിറഞ്ഞ കാലത്താണ് മനുഷ്യർ ഏറ്റവും പ്രേമസമ്പന്നരായി കഴിയുക. Be With You എന്ന സിനിമയിൽ നിന്ന്

വളരെ വലിയതാണ് മലയാളികളുടെ വ്യഥ.
അവർ രാഷ്ട്രീയമായി കാൽപനികതയെ പരിഹസിച്ചു. ജീർണകാൽപനികതയെ നിർവചിച്ചു. എന്നാൽ അകത്ത്, ഭാവനയിൽ, സ്വപ്നങ്ങളിൽ അതിനെ ആശ്ലേഷിക്കുകയും ചെയ്തു. നിറവും സമുദായവും ഭാഷയും ദേശവും നൽകുന്ന വിലക്കും സുരക്ഷയും ലംഘിച്ച് കാമുകർ പലായനം ചെയ്യുന്നതും ആത്മത്യാഗം ചെയ്യുന്നതും ഒരു തലമുറയിലും കുറവായിരുന്നില്ല. ജീവനൊടുക്കിയ കമിതാക്കളുടെ വാർത്തകൾ മുറിച്ചെടുത്ത് ഒരു ഡയറിയിൽ സൂക്ഷിക്കുന്ന ഒരാളെ ഞാൻ പരിചയപ്പെട്ടു. എട്ടോ പത്തോ വർഷത്തെ പ്രണയമരണങ്ങളുടെ വാർത്തകളടങ്ങിയ ആ പുസ്തകം ഞാൻ മറിച്ചുനോക്കി. ആയുർവേദ, പച്ച മരുന്നുകൾ വിൽക്കുന്ന കച്ചവടമാണ് അയാൾക്ക്. മരുന്നുകളുടെ കടുംഗന്ധമുള്ള വേണ്ടത്ര പ്രകാശമില്ലാത്ത ആ കടയുടെ അകത്തേക്ക് അയാൾ നടന്നു. ചുമരുകളും വാതിലും ജനാലകളും ഉണ്ടെങ്കിലും മേൽക്കൂരയില്ലാത്ത ഒരു മുറിയിലിരുന്നു ഞങ്ങൾ സംസാരിച്ചു. പത്തൊൻപതാം വയസ്സിൽ ഇതരസമുദായത്തിലെ പതിനാറുകാരിയുമായി അയാൾ പ്രേമത്തിലായി. അവളെയും കൂട്ടി നാടുവിടാൻ ഒരുങ്ങിയതാണ്. അത് സംഭവിച്ചില്ല. നാട്ടിലും വീട്ടിലും കലുഷിതമായ ആഴ്ചകൾ കടന്നുപോയി. അവനെ മറ്റൊരു നാട്ടിലേക്ക് വീട്ടുകാർ അയച്ചു. അവൻ നാടുവിട്ടു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു. പിന്നീട് അയാൾ നാട്ടിലേക്കു തിരിച്ചുപോയിട്ടില്ല. കൂട്ടിൽ കുടുങ്ങിയ പക്ഷി ചിറകടിക്കുന്നതുപോലെ ഒരു ഒച്ച അയാളുടെ കാതിൽ വരാറുണ്ട്, ഉറങ്ങാൻ കിടക്കുമ്പോൾ. ഭയം, ഭയം മാത്രമാണ് സ്ഥായിയായ വികാരം എന്ന് അയാൾ പറഞ്ഞു. മരിക്കാൻ കഴിയാത്തതിലുള്ള ലജ്ജ കൊണ്ടാണ് ആ മനുഷ്യൻ സ്വന്തം ശരീരത്തെ ഉരുക്കുന്നതെന്ന് എനിക്ക് മനസിലായി.

ഞാൻ തമിഴകത്തുകൂടി സഞ്ചരിച്ചപ്പോൾ എനിക്ക് എന്റെ പ്രേമത്തെക്കാൾ മറ്റുള്ളവരുടെ പ്രേമങ്ങളാണ് മനോഹരമായി തോന്നിയത്. അതിശയകരമായ ആനന്ദവിസ്മൃതികളെ അവർ കൊണ്ടുവരുന്നതായി എനിക്ക് അനുഭവപ്പെട്ടു

ഇടപ്പള്ളി രാഘവൻ പിള്ളയെ ഓർത്തെഴുതിയ തകർന്ന മുരളി എന്ന കവിതയിൽ ‘‘താവക ജീവിതം മന്നിലേതോ ഭാവനപ്പൊൻകിനാവായിരുന്നു'' എന്ന് ചങ്ങമ്പുഴ എഴുതുന്നു. യഥാർഥ ജീവിതത്തോടു ഭാവന ഏറ്റുമുട്ടുന്ന ഒരു സന്ദർഭം ചിലരുടെ ജീവിതത്തിൽ വരും. നിങ്ങൾ ചുറ്റുപാടുകളെ വിട്ട് ഭാവനയ്‌ക്കൊപ്പം, സങ്കൽപത്തിനൊപ്പം ഹൃദയത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു. ഒരു വ്യക്തി ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നത്​ അപ്പോഴാണ്. വ്യക്തി പ്രണയത്തിലായതിനാൽ സമുദായം അതിനെതിരെ നിൽക്കുന്നു. കുടുംബം സ്തബ്ധമാകുന്നു. കഠിനവാക്കുകൾക്കു മുന്നിലും ഉറച്ചുനിൽക്കാനും യുക്തിയുടെ വാചാലതകൾക്കെതിരെ ഉറച്ചുനിൽക്കാനും സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്നത് അവരുടെ അകങ്ങളിൽ അപാരത പരിലസിക്കുന്നതുകൊണ്ടാണ്.

മൂന്ന്

സംഘകാല കവിതകളെ അകം പുറം എന്നാണ് വിഭജിക്കുക. അകം എന്നാൽ പ്രണയം. പുറം എന്നാൽ യുദ്ധം. എ.കെ.രാമാനുജൻ 15 വർഷം ചെലവഴിച്ച് ക്ലാസിക്കൽ തമിഴ് കവിതകളുടെ ഒരു സമാഹാരം ഇംഗ്ലിഷിലാക്കി. രാമാനുജൻ പറയുന്നത്, താൻ കണ്ടെത്തിയ സംഘം കവികളിൽ 307 കവികൾ പ്രേമം മാത്രം എഴുതി. 89 പേർ യുദ്ധവും. പതിനായിരക്കണക്കിനു കവിതകളിലേറെയും നഷ്ടപ്പെട്ടുപോയി.

പ്രേമത്തിലായിരിക്കുമ്പോൾ അതിന്റെ വിരഹതാപത്താൽ, തിരസ്‌കാരത്താൽ ചത്താൽ മതിയെന്ന് ഒരിക്കലും വിചാരിക്കാത്ത കാമുകരുണ്ടാവില്ല. /Photo : pexels

ഞാൻ തമിഴകത്തുകൂടി സഞ്ചരിച്ചപ്പോൾ എനിക്ക് എന്റെ പ്രേമത്തെക്കാൾ മറ്റുള്ളവരുടെ പ്രേമങ്ങളാണ് മനോഹരമായി തോന്നിയത്. അതിശയകരമായ ആനന്ദവിസ്മൃതികളെ അവർ കൊണ്ടുവരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഏറ്റവും കഷ്ടം നിറഞ്ഞ കാലത്താണ് മനുഷ്യർ ഏറ്റവും പ്രേമസമ്പന്നരായി കഴിയുക എന്നും എനിക്കു മനസിലായി. അവർ സമുദായത്തിന്റെയോ നാടിന്റെയോ ഭാഷയുടെയോ അധികാരങ്ങൾ ലംഘിച്ച് പുറത്തേക്കു പറക്കുന്നതും അപ്പോഴാണ്. എന്നാൽ പ്രേമം ജീവിതത്തെ സ്‌നേഹിക്കുന്നു. മരണത്തെ ഭയപ്പെടാതെ മുന്നേറുകയും ചെയ്യുന്നു. വെർതറുടെ മരണശേഷം അവന്റെ മൃതദേഹം പാതിരാത്രി സെമിത്തേരിയുടെ ഒരു മൂലയിൽ അടക്കം ചെയ്യുമ്പോൾ ആ കല്ലറയിലേക്ക് ഒരു പുരോഹിതനും വന്നില്ല എന്നു പറഞ്ഞാണ് ഗൊയ്‌ഥേ നോവൽ അവസാനിപ്പിക്കുന്നത്. ദുർമരണം വരിച്ചതുകൊണ്ട് മാത്രമല്ല മതം അവനെ നിരസിച്ചതെന്ന് ബാർത്ത് പറയുന്നു. കാമുകൻ, സ്വപ്നജീവി, സമുദായ നിന്ദകൻ, തന്നിലേക്ക് അല്ലാതെ മറ്റൊന്നിലേക്കും ബന്ധിതനല്ലാത്ത ഒരു മനുഷ്യൻ.

ആത്മഹത്യാചിന്ത ശക്തമായ ആശ്വാസമാണ്. അതു മതിയാകും ഒരാൾക്ക്​ കഠിനരാത്രികളെ അതിജീവിക്കാൻ എന്നു നീത്‌ഷെ പറഞ്ഞത് എനിക്കു വ്യക്തമാകുന്നു. യഥാർഥ ജീവിതത്തിൽ നാം ഈ വേദന സഹിക്കില്ലെങ്കിലും.

‘തണുത്ത കടലുകളുള്ള ഒരു നാട്ടിലേക്ക് അവൻ പോയി’ എന്ന് അകം കവിതയിൽ ഒരു കവി- കടലോരത്തെ ഒരു ചെറിയ പട്ടണത്തിൽ കുറച്ചു മരങ്ങൾ വളർന്നുനിൽക്കുന്ന ഒരിടത്ത്. അവിടെയിരുന്നാൽ തിരകൾ വരുന്നതും പോകുന്നതും കാണാം. ഒരു പെണ്ണ് അവളുടെ കൂട്ടുകാരിയോടാണ് ഇക്കാര്യം പറയുന്നത്. എന്നിട്ട് അവൾ താൻ ഒരു കവിതയിലേക്കു പ്രവേശിക്കുകയാണെന്ന് അറിഞ്ഞ് കൂട്ടുകാരിയെ ഓർമിപ്പിക്കുന്നു- അകലെയാണെങ്കിലും അവൻ എന്നെ ഉപേക്ഷിച്ചുപോയെങ്കിലും അവൻ എന്റെ ഹൃദയത്തോട് അടുത്താണ്.

പ്രേമത്തിലായിരിക്കുമ്പോൾ അതിന്റെ വിരഹതാപത്താൽ, തിരസ്‌കാരത്താൽ ചത്താൽ മതിയെന്ന് ഒരിക്കലും വിചാരിക്കാത്ത കാമുകരുണ്ടാവില്ല. ശരിയാണത്. മദനൻ കുറെ ശ്രമിച്ചതാണ്. ലീലയുടെ തോഴി അവളുടെ എല്ലാ യുക്തിയും ഉപേക്ഷിച്ചു കൂടെ നിന്നതാണ്. എന്നിട്ടും വിധിയെ തടുക്കാനായില്ല. പക്ഷെ മരണത്തിലേക്കു ഞാൻ പോകുകയില്ല. പകരം മരണം പോലെ വേദനിക്കുമെന്നാണ്​ അകം കവികളിൽ കണ്ടത്. അവർ വേദനയെ അനുഭൂതിയാക്കും. എന്നിട്ട്​ ജീവിതത്തിൽ തന്നെ ഞാൻ തുടരും. ആത്മഹത്യാചിന്ത ശക്തമായ ആശ്വാസമാണ്. അതു മതിയാകും ഒരാൾക്ക്​ കഠിനരാത്രികളെ അതിജീവിക്കാൻ എന്നു നീത്‌ഷെ പറഞ്ഞത് എനിക്കു വ്യക്തമാകുന്നു. യഥാർഥ ജീവിതത്തിൽ നാം ഈ വേദന സഹിക്കില്ലെങ്കിലും.

കരച്ചിൽ കൊണ്ടല്ലാതെ പ്രേമത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവില്ല. Tamasha എന്ന സിനിമയിൽ നിന്ന്

റിയലിസ്റ്റായ പി. കേശവദേവിന്റെ ഒരു കഥയിൽ, ഒരു പെണ്ണ് ഒരു എഴുത്തുകാരനുമായി ഇഷ്ടത്തിലാകുന്നു. അയാളും അവളെ ഇഷ്ടപ്പെടുന്നു. ഒരു കഥ എഴുതിയിട്ട് ഇത് നിന്നെക്കുറിച്ചാണെന്ന് അവളോടു പറയുന്നു. അത് അവളെ ആനന്ദത്തിലാക്കുന്നു. ഏതു രചനയും ആദ്യമായും അവസാനമായും പ്രേമഭാജനത്തിന്റെ ശ്രദ്ധ കിട്ടാനുള്ള പരിശ്രമമാണ്. കേശവദേവിന്റെ എഴുത്തുകാരനെ തേടി ആരാധികമാർ വരാറുണ്ട്. കാമുകി അതു കാണുന്നു. അവൾക്കു വേദനിക്കുന്നു. അവൾ ഗോസിപ്പുകൾ കേൾക്കുന്നു. പ്രേമത്തിൽ മരണത്തെക്കാൾ ശക്തി അപവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കുമാണ്. അയാൾ സ്ത്രീകളെ പറ്റിച്ചു കടന്നുകളയുന്നവൻ ആണെന്നും അവൾ കേൾക്കുന്നു. ഇനി അയാളെ അടുപ്പിക്കില്ലെന്നു നിശ്ചയിക്കുന്നു. അയാൾ ഇപ്പോൾ എഴുതുന്നതെല്ലാം മറ്റേതോ സ്ത്രീയെപ്പറ്റിയാണെന്ന് അവൾ സംശയിക്കുന്നു. എഴുത്തുകാരൻ കാമുകിയെ അന്വേഷിച്ചുവരുമ്പോൾ അവൾ നിരസിക്കുന്നു. അയാളെ പുറത്താക്കുന്നു. ഇനി വരരുത് എന്നു പറയുന്നു. എഴുത്തുകാരൻ പോകുന്നു. അയാൾ തിരിച്ചുവരുന്നില്ല. പിന്നീട് അവൾ കേൾക്കുന്നത് എഴുത്തുകാരൻ ജീവനൊടുക്കി എന്ന വാർത്തയാണ്. ഇവിടെ കാമുകനാണോ എഴുത്തുകാരനാണോ കൂടുതൽ ദുർബലൻ എന്നു നമുക്കറിയില്ല. കേശവദേവ് അതു വ്യക്തമാക്കുന്നുമില്ല. ഞാൻ ഒരു സത്യം പറഞ്ഞു. പ്രേമം വച്ച് ആരും കളിക്കരുത് എന്നാവും കഥാകൃത്ത് ഉദ്ദേശിച്ചത്.

പോകും പോകും എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.
കളിയാണെന്നു കരുതി -അകം കവി എഴുതുന്നു;
വേഗം പോകൂ, എന്നെ വിട്ടേക്കൂ എന്നു ഞാൻ പറഞ്ഞു.
പക്ഷേ അയാൾ ശരിക്കും പോയല്ലോ. എവിടേക്കാണു പോയത്.

‘കാമുകൻ പർവതങ്ങളിൽനിന്നുവന്നവൻ. അവന്റെ പ്രേമം എന്നും നല്ലതാണ് സുഹൃത്തേ, പക്ഷേ, അതു താങ്ങാനുള്ള കരുത്ത് വേണമെന്നുമാത്രം. അവൻ പോയിക്കഴിയുമ്പോൾ കരയാതിരിക്കാനുള്ള കരുത്തു വേണമെന്നു മാത്രം’

The place between my breasts is filled with tears a pool where black-legged white heron feed on fish ​​​​​​​എന്ന് എ.കെ. രാമാനുജൻ മൊഴിമാറ്റുന്നു.
പുതിയ യുദ്ധകാഹളങ്ങൾ ഉയരുന്ന ഒരു കാലത്തിരുന്നു നാം ഈ മൊഴി പല ദിക്കിലേക്കു പടരുന്നതു കാണുന്നു. രാത്രിയുടെ മറുചെരുവിൽ പ്രണയം സാധ്യമാണെന്ന് അലഹന്ത്രോ പിസാർനീക് പറയുന്നു. എന്നെ അവിടേക്കു കൊണ്ടുപോകൂ എന്നും. കപിലരുടെ കവിതയിലാകട്ട നൂറ്റാണ്ടുകൾക്കപ്പുറത്ത് പിസാർനീക് ഭാവന ചെയ്ത അതേ ഇടം തെളിഞ്ഞുകാണാം: ‘‘കാമുകൻ പർവതങ്ങളിൽനിന്നുവന്നവൻ. അവന്റെ പ്രേമം എന്നും നല്ലതാണ് സുഹൃത്തേ, പക്ഷേ, അതു താങ്ങാനുള്ള കരുത്ത് വേണമെന്നുമാത്രം. അവൻ പോയിക്കഴിയുമ്പോൾ കരയാതിരിക്കാനുള്ള കരുത്തു വേണമെന്നു മാത്രം.'' ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments