ഞാൻ 'മൊളക്കാൽമുരു' വായിച്ചത്
ലോകമാകെയും പ്ലേഗ് പടർന്നുപിടിച്ച ഒരു കാലത്താണ് അൽബേർ കാമു പ്ലേഗ് എന്ന നോവലെഴുതിയത്. 2020 ൽ അതുപോലൊരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ആ നോവലിൽ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോക ത്തിന്റെ യാഥാർഥ്യമായി തീരുകയാണെന്ന് എനിക്ക് തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തെയും മനുഷ്യരെയും ശാസ്ത്രത്തെയും കീഴ്പ്പെടുത്തിക്കൊണ്ട് ജയിച്ചുനിൽക്കുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. കഴിഞ്ഞുപോയ പലതും ഓർക്കുന്നു. അധികം വായിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു.
കോവിഡ് കാലത്തെ ഡിപ്രഷന്റെ നടുവിൽ നിന്നാണ് ഞാൻ ശോഭീന്ദ്രൻ മാഷിന്റെ "മൊളക്കാൽമുരു' വായിച്ചത്. അതെന്നെ വിദ്യാർത്ഥിയായിരുന്ന കാലത്തിലേക്കും അധ്യാപകനായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്കും കൊണ്ടുപോയി. കർണാടകത്തിലെ പല ഗ്രാമങ്ങളിലും ഞാൻ ചെന്നിട്ടുണ്ട്. പക്ഷെ കർണാടകത്തിലെ ഒരു അതിർത്തി പ്രദേശമായ മൊളക്കാൽമുരു എന്ന ഗ്രാമത്തെ ക്കുറിച്ച് ആദ്യമായാണ് ഞാനറിയുന്നത്. ഈ ജീവിതകഥ വായിക്കുമ്പോൾ മൊളക്കാൽമുരു എന്ന ഗ്രാമം തരുന്ന അനുഭവലോകം നമ്മെ വിസ്മയിപ്പിക്കും. അതുപോലെ ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ആ ഗ്രാമത്തെയും അവിടെ ജീവിച്ചിരുന്ന ഗ്രാമീണരായി മനുഷ്യരെയും നാമറിയാതെ സ്നേഹിച്ചു പോവുകയും ചെയ്യും.
ഒരു നോവലിലെന്നപോലെ അനുക്രമമായി വികസിക്കുന്ന ഒരു ആഖ്യാനം ഈ ജീവിതകഥക്കുണ്ട്.
ബാംഗ്ലൂർ നഗരത്തിലുള്ള ഒരു കോളെജിൽ അധ്യാപകനായിരിക്കെ ആ മഹാനഗരം വിട്ട് അദ്ദേഹം ആന്ധ്രയോടടുത്തു നിൽക്കുന്ന ഒരു ഉൾനാടൻ ഗ്രാമമായ മൊളക്കാൽമുരുവിലേക്ക് പോകാൻ തീരുമാനിക്കുന്നു. ബാംഗ്ലൂര് പോലുള്ള ഒരു നഗരം അന്നത്തെ മനുഷ്യരെ അങ്ങോട്ടേക്ക് ആകർഷിച്ചിരുന്ന കാലമാണ്. എല്ലാവരും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഒരു മഹാനഗരം വിട്ട് ഒരു കുഗ്രാമത്തിലേക്ക് മാഷ് എന്തിന് പോകുന്നു എന്ന സംശയം ആദ്യഘട്ടത്തിൽ എല്ലാവർക്കും ഉണ്ടായേക്കാം. യാത്രയുടെ കാരണത്തപ്പറ്റി മാഷ് പറയുന്നത് ഒരു നിമിത്തം മാത്രമാണെന്നാണ്. പക്ഷെ എനിക്ക് മറ്റൊന്നാണ് തോന്നുന്നത്. കുന്നുകളും വയലുകളും താഴ്വരകളും നിറഞ്ഞ ഡെക്കാൻ പീഠഭൂമിയിലെ ഒരു ഉൾനാടൻ ഗ്രാമ ജീവിതത്തെ പച്ചയോടെ അനുഭവിച്ചറിയാൻ അക്കാലത്തും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവണം. അത്തരമൊരു പ്രകൃതി ബോധമായിരിക്കാം അദ്ദേഹത്തെ അങ്ങോട്ടേക്ക് കൂട്ടികൊണ്ടുപോയത് എന്നു ഞാൻ വിചാരിക്കുന്നു.
വിദ്യാർത്ഥി കൊണ്ടുവന്ന പൊതിച്ചോറ് മോഷ്ടിച്ചെടുത്ത് വിശപ്പുമാറ്റുന്ന ഒരധ്യാപകന്റെ കഥ കാരൂർ പറഞ്ഞിട്ടുണ്ട്. പഴയകാല അധ്യാപകർക്ക് സാമ്പത്തികമായ ദാരിദ്ര്യം ഉണ്ടായിരുന്നു. പക്ഷെ സമൂഹത്തിൽ അവരൊക്കെയും ബഹുമാന്യരായിരുന്നു
മൊളക്കാൽമുരുവിലെ ഒരു കോളെജും അവിടത്തെ കുട്ടികളും ഗ്രാമീണരും ഭൂപ്രകൃതിയും മുത്താറി വയലുകളും കൂടിച്ചേരുന്ന ഈ പുസ്തകം ഇന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ പലതിനെയും ഓർമ്മിപ്പിക്കുന്നുണ്ട്. നടന്നുപോയ വഴികൾ, പലകാലങ്ങളിലായി പഠിപ്പിച്ച അധ്യാപകരുടെ മുഖങ്ങൾ, വിദ്യാർത്ഥിയായി ജീവിച്ച നാളുകൾ, കുളിച്ചുരസിച്ച കുമരനല്ലൂരിലെ കുളങ്ങൾ, കൂട്ടുകൂടലിന്റെ സന്തോഷങ്ങൾ അങ്ങനെ പല തരം ഓർമ്മകളിലേക്കും ഈ വായന എന്നെ കൊണ്ടു പോയിട്ടുണ്ട്.
പഴയകാല അധ്യാപകരുടെ ജീവിതത്തെപ്പറ്റി ഓർക്കുമ്പോൾ കാരൂരിന്റെ കഥകളാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരാറുള്ളത്. അന്ന് അധ്യാപകർക്ക് ശമ്പളം വളരെ കുറവായിരുന്നു. വിദ്യാർത്ഥി കൊണ്ടുവന്ന പൊതിച്ചോറ് മോഷ്ടിച്ചെടുത്ത് വിശപ്പുമാറ്റുന്ന ഒരധ്യാപകന്റെ കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഴയകാല അധ്യാപകർക്ക് സാമ്പത്തികമായ ദാരിദ്ര്യം ഉണ്ടായിരുന്നു. പക്ഷെ സമൂഹത്തിൽ അവരൊക്കെയും ബഹുമാന്യരായിരുന്നു. നാട്ടിലെ എന്തു കാര്യത്തിലും അധ്യാപകന്റേതായിരുന്നു അവസാനവാക്ക്. സ്വത്ത് ഭാഗത്തർക്കത്തിൽ പോലും മാഷ് പറഞ്ഞാൽ പിന്നെ മറുവാക്കില്ല. അത്തരത്തിൽ അധ്യാപകൻ സമൂഹത്തിന്റെ വെളിച്ചമായി മാറിയിരുന്നു. അതൊക്കെ പോയി. ഇതൊക്കെയും നഷ്ടപ്പെട്ടുപോയ ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.
അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ കുട്ടികൾ അധ്യാപരെയും പലതും പഠിപ്പിക്കുന്നുണ്ടന്ന് ശോഭീന്ദ്രൻ മാഷ് ഈ പുസ്തകത്തിലൂടെ പറയുന്നുണ്ട്. അത് ഒരു പ്രധാന സംഗതിയാണെന്ന് എനിക്കും തോന്നുന്നു. കുട്ടികളെ അധ്യാപകർ പഠിപ്പിക്കുന്നതിനേക്കാൾ കൂടുതലായി കുട്ടികളിൽ നിന്ന് അധ്യാപകർക്കും പലതും പഠിക്കേണ്ടതായുണ്ട്. അത്തരത്തിലുള്ള ഒരു പാഠം ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുള്ളതാണ് ശോഭീന്ദ്രൻ മാഷുടെ ജീവിതത്തിന്റെയും ഈ ജീവിതകഥയുടെയും മഹിമ എന്നു ഞാൻ കരുതുന്നു.
മനുഷ്യർ തമ്മിൽ സ്നേഹവും പാരസ്പര്യവും പങ്കുവയ്ക്കുന്ന അജ്ഞാതമായ ഇത്തരം ഗ്രാമങ്ങൾ എവിടെയെങ്കിലുമൊക്കെ ഉണ്ടായിരിക്കാം എന്ന പ്രതീക്ഷ കൂടി ഈ ജീവിതകഥ നമുക്ക് നൽകുന്നുണ്ട്
കുട്ടികളോടൊപ്പം ശോഭീന്ദ്രൻ മാഷ് കുളിക്കാനും മല കയറാനും പോയി. പ്രകൃതിയിൽനിന്നും യാത്രകളിൽ നിന്നും മാഷും കുട്ടികളും അനുഭവങ്ങൾ പലതും ഏറ്റുവാങ്ങി. നമ്മുടെതന്നെ പഴയകാലങ്ങളിൽ ഇത്തരം നല്ല രീതികൾ ഉണ്ടായിരുന്നിരിക്കണം. മനുഷ്യർ തമ്മിൽ സ്നേഹവും പാരസ്പര്യവും പങ്കുവയ്ക്കുന്ന അജ്ഞാതമായ ഇത്തരം ഗ്രാമങ്ങൾ എവിടെയെങ്കിലുമൊക്കെ ഉണ്ടായിരിക്കാം എന്ന പ്രതീക്ഷ കൂടി ഈ ജീവിതകഥ നമുക്ക് നൽകുന്നുണ്ട്.
തിമ്മയ്യ എന്ന അന്ധനായ കുട്ടി ഒരു വൈകുന്നേരം മാഷെ തന്റെ മുറിയിലേക്ക് ക്ഷണിക്കുന്നു. മാഷ് ബാംഗ്ലൂർ വിട്ടുപോയപ്പോൾ അവൻ കത്തുകളയയ്ക്കുന്നു. മൊളക്കാൽമുരുവിലെ കുട്ടികൾ വിശേഷദിവസങ്ങളിൽ മാഷെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. പരീക്ഷയ്ക്കു മുമ്പ് ദക്ഷിണയുമായി വന്ന് അനുഗ്രഹം വാങ്ങുന്നു. ഒന്നിച്ചുനടക്കുകയും കളിക്കുകയും രസിക്കുകയും പഠിക്കുകയും ചെയ്യുന്നവരായി അധ്യാപകനും കുട്ടികളും മാറുന്നു. മൊളക്കാൽമുരു എന്ന പുസ്തകത്തെ മനോഹരമായ ഒരനുഭവമാക്കി മാറ്റുന്നത് ഇതാണ്. യഥാർത്ഥത്തിൽ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് ലഭിക്കേണ്ടതും നൽകേണ്ടതും ഇത്തരത്തിലുള്ള പലവിധങ്ങളായ അനുഭവങ്ങളാണ്. പക്ഷെ ഇന്നത്തെ വിദ്യാലയങ്ങളും വിദ്യാഭ്യാസരീതിയും ഈയൊരു പാരസ്പര്യത്തിൽനിന്ന് എത്രയോ അകലെയായി പ്പോയിരിക്കുന്നു.
കോളെജ് പഠനം കഴിഞ്ഞ നാളുകളിൽ ഒരധ്യാപകജീവിതം അനുഭവിക്കാൻ എനിക്കും ഇടവന്നിട്ടുണ്ട്. അന്ന് ഞാൻ സയൻസ് ഗ്രാജ്വേഷൻ കഴിഞ്ഞു നിൽക്കുകയായിരുന്നു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്‌കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ അതിനുള്ള ട്രെയിനിംഗ് എടുക്കണം. എനിക്ക് അതുണ്ടായിരുന്നില്ല. മൂന്നു മാസം മുതൽക്കിങ്ങോട്ട് അധ്യാപകർ അവധിയടുത്താൽ ആ ഒഴിവിലേക്ക് അന്നൊക്കെ ട്രെയിനിംഗില്ലാത്ത താത്കാലിക അധ്യാപകരെ നിയമിക്കുമായിരുന്നു. അതുപ്രകാരം പട്ടാമ്പി ബോർഡ് സ്‌കൂളിലും ചാവക്കാട് സ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നിന്ന് എനിക്കൊരു കത്ത് വന്നു. എത്രയോ വർഷങ്ങൾക്കു മുമ്പ് ഞാൻ പഠിപ്പിച്ചിരുന്ന ഒരു കുട്ടിയുടെ കത്തായിരുന്നു അത്. ഈ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വന്ന ആ കത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എത്രകാലം കഴിഞ്ഞാലും തന്റെ അധ്യാപകനെ ഓർക്കുന്ന ഒരു വിദ്യാർത്ഥി നൽകുന്ന സന്തോഷം വളരെ വലുതാണ്. അധ്യാപകനായി കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അക്കാലം ഇന്നും എന്റെ മനസ്സിൽ മനോഹരമായ ഒരനുഭവമായി നിലനിൽക്കുന്നു.
ഈ കഥയിലെ കുട്ടികൾ, അധ്യാപകർ, ഗ്രാമീണർ ഇവരൊക്കെയും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയാജിപ്പിക്കുന്ന തരത്തിലാണ് മൊളക്കാൽമുരുവിലെ ഭൂപ്രകൃതി ഓർമ്മകളുടെ പ്രധാനഭാഗമായിത്തീരുന്നത്. വായിച്ചുകഴിഞ്ഞാലും നമ്മുടെ മനസ്സ് മൊളക്കാൽമുരുവിലേക്കുതന്നെ അറിയാതെ തിരിച്ചു പോകുന്ന ഒരാഖ്യാനം ഈ ജീവിതകഥക്കുണ്ട്.
ഞാൻ നാലാംക്ലാസിൽ പഠിക്കുന്ന കാലത്ത് സ്‌കൂളിനടുത്തായി ഒരു ചെറിയ അരുവിയുണ്ടായിരുന്നു. നല്ല കളിമണ്ണ് അടിഞ്ഞുകൂടുന്ന ഒരിടമായിരുന്നു അത്. ഞങ്ങൾ കളിമണ്ണ് ശേഖരിച്ച് അതുകൊണ്ട് കൗതുകകരമായ പല രൂപങ്ങളും ഉണ്ടാക്കിയെടുക്കുമായിരുന്നു. അതുണ്ടാക്കിക്കഴിഞ്ഞാൽ ഹെഡ് മാസ്റ്ററുടെ മുറിയിലെ ചുമർ അലമാരയിലാണ് സ്ഥാനം പിടിക്കുക. കൗതുകകരമായ ഒന്നുണ്ടാക്കി നൽകുമ്പോൾ കുട്ടി കൾക്കുള്ള ഉത്സാഹവും അത് സ്വീകരിക്കുമ്പോൾ അധ്യാപകനുള്ള സന്തോഷവും അന്നത്തെ വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു. പരിഷ്‌കരിച്ച വിദ്യാഭ്യാസരീതിയും നാഗരിക ജീവിതവും കാരണം ഇന്ന് പ്രകൃതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നു.
ഗ്രാമപ്രദേശത്തിന്റെ പ്രകൃതി ഭംഗി, അവിടത്തെ കുളങ്ങൾ, കൃഷിക്കാരുടെ ജീവിതം, കല്യാണം ഗ്രാമസൗഹൃദങ്ങൾ, മുന്തിരിത്തോപ്പുകൾ ഇതെല്ലാം ഓരോ അധ്യായത്തെയും വ്യത്യസ്തവും അനുഭവസമ്പന്നവുമാക്കി മാറ്റുന്നു
ഈ ജീവിതകഥ വായിച്ചു കഴിയുമ്പോഴേക്കും മൊളക്കാൽമുരു എന്ന ഗ്രാമത്തെയും അതുപോലെ ഈ ഗ്രാമീണരെയും നമ്മൾ ഇഷ്ടപ്പെട്ടുപോവുന്നു. ഇത്രമാത്രം സ്നേഹസമ്പന്നരായ കുട്ടികളെയും അവിടത്തെ മനുഷ്യരെയും ഇഷ്ടപ്പെടുന്നു. ഒരു വിരുന്നുകാരനെപ്പോലെ അവിടെ എത്തിച്ചേർന്ന് ഒടുവിൽ മൊളക്കാൽമുരു എന്ന ഗ്രാമത്തിലെ ഒരാളായി മാറുന്ന ശോഭീന്ദ്രൻ മാഷ് എന്ന പച്ചയായ മനുഷ്യനെയും അതോടൊപ്പം നമ്മൾ സ്നേഹിച്ചുപോവുന്നു. ഗ്രാമപ്രദേശത്തിന്റെ പ്രകൃതി ഭംഗി, അവിടത്തെ കുളങ്ങൾ, കൃഷിക്കാരുടെ ജീവിതം, കല്യാണം, ഗ്രാമസൗഹൃദങ്ങൾ, മുന്തിരിത്തോപ്പുകൾ ഇതെല്ലാം ഓരോ അധ്യായത്തെയും വ്യത്യസ്തവും അനുഭവസമ്പന്നവുമാക്കി മാറ്റുന്നു.
ബാംഗ്ലൂരിൽനിന്ന് മൊളക്കാൽമുരു എന്ന കുഗ്രാമത്തിലേക്ക് പോകുന്നതിനെച്ചൊല്ലി ആരംഭത്തിൽ ബന്ധുമിത്രാദികൾ കുറ്റപ്പെടുത്തുകയും വേവലാതിപ്പെടുകയും ചെയ്യുന്നതായി പറയുന്നുണ്ട്. എനിക്ക് തോന്നുന്നത് മൊളക്കാൽമുരു തിരിച്ചുതന്ന അനുഭവത്തിന്റെ മൂല്യം അതിനേക്കാൾ എത്രയോ വലുതായിരുന്നു എന്നതാണ്. ഒരു മഹാനഗരത്തിൽ നിന്ന് കിട്ടുന്നതിലധികം ഉണർവ്വുകൾ തിരിച്ചുതരാൻ ഗ്രാമങ്ങൾക്ക് സാധിക്കുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഈ ഗ്രാമീണജീവിതകഥ.
വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ ജീവിതകഥക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു രചനയാണിത്
ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ഇത് ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. കുട്ടികളുമായി ഒരധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ "മൊളക്കാൽമുരു ഒരു ഡെക്കാൻ ഗ്രാമ ജീവിതകഥ' എന്ന ഈ കേട്ടെഴുത്തു പുസ്തകം അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ ജീവിതകഥക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു രചനയാണിത്. ഇത് നന്നായി വായിക്കപ്പെടുമെന്നും വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. ▮
(പ്രൊഫ. ശോഭീന്ദ്രന്റെ ‘മൊളക്കാൽമുരു: ഒരു ഡെക്കാൻ ഗ്രാമജീവിതകഥ’ എന്ന പരമ്പര അടുത്ത ആഴ്ച തുടങ്ങും)