മാധവിക്കുട്ടി

പ്രണയാന്വേഷണമായി മാറിയ
കവിതയും ജീവിതവും

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം. ‘നീർമാതളത്തിന്റെ പൂവ്’ എന്ന പരമ്പരയുടെ ആറാം ഭാഗം.

നീർമാതളത്തിന്റെ പൂവ്
ഭാഗം ആറ്

കശിലാ ശിൽപമായി മാധവിക്കുട്ടിയെ കൊത്തിയെടുക്കുന്നത് അസാദ്ധ്യമാണ്. അവരെ സമീപിക്കുമ്പോളും അവരുടെ കൃതികളിലൂടെ കടന്നുപോകുമ്പോളും വൈരുദ്ധ്യങ്ങളുടെയും സന്ദിഗ്ദ്ധതകളുടെയും അനിശ്ചിതത്വങ്ങളുടെയും കടലിൽ നാം അകപ്പെട്ടുപോകുന്നു. യുക്തിയുടെ പരിമിതികളെ വിവൃതമാക്കുന്ന അനുഭവങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു. മാധവിക്കുട്ടി നിരൂപകരുടെയും വിമർശകരുടെയും കവിയോ കഥാകാരിയോ അല്ലെന്ന കാര്യം അടിവരയിട്ടു പറയേണ്ടതാണെന്നു തോന്നുന്നു, അവരുടെ രചനകളെ കുറിച്ച് ആംഗലഭാഷയിലും മലയാളത്തിലും ധാരാളം നിരൂപകർ നിരവധിയായ ലേഖനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും.

നിരൂപക വ്യാഖ്യാനങ്ങളേതുമില്ലാതെ മാധവിക്കുട്ടിയുടെ എഴുത്തു നൽകുന്ന അനുഭവലോകങ്ങളിലും അനുഭൂതിവിശേഷങ്ങളിലും മാത്രമായി സവിശേഷമായി പൂർണമാകുന്ന സുപ്രധാനമായ ചില ഘടകങ്ങളെങ്കിലും അവരുടെ കൃതികളിലുണ്ട്, ഏതൊരു വായനക്കാർക്കും തോന്നുന്നത്. അത് മേൽ സൂചിപ്പിച്ച സന്ദിഗ്ദ്ധതകളിലും വൈരുദ്ധ്യങ്ങളിലും നിന്ന് ഉരുവം കൊള്ളുന്നതുമാണ്. മാധവിക്കുട്ടിയെ കുറിച്ച് എഴുതുന്നവർകവിയിലും കൃതികളിലും പടർന്നു നിൽക്കുന്ന ബഹുലതകളെ കുറിച്ചാണ് എഴുതേണ്ടതെന്നും തോന്നുന്നു.

മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു.

ആത്മനിഷ്ഠതയുടെയും ഭാവനയുടെയും മൂലകങ്ങൾ കമലയുടെ ആത്മകഥാക്കുറിപ്പുകളിലും കാര്യമായി കടന്നവരുന്നുണ്ട്.
ആത്മനിഷ്ഠതയുടെയും ഭാവനയുടെയും മൂലകങ്ങൾ കമലയുടെ ആത്മകഥാക്കുറിപ്പുകളിലും കാര്യമായി കടന്നവരുന്നുണ്ട്.

'O sea, you play a child's game.
But,
I must pose.
I must pretend,
I must act the role
Of happy woman,
Happy wife.
.....

O sea, I am fed up
I want to be simple
I want to be loved'
(The Suicide)

(അല്ലയോ സമുദ്രമേ,
നീയൊരു ശൈശവകേളിയാടുന്നു.
എന്നാൽ, ഞാൻ നടിക്കണം
ഞാൻ കൃത്രിമവേഷം കെട്ടണം
സന്തുഷ്ട വനിതയുടെ
സന്തുഷ്ട ദയിതയുടെ
ഭാഗമഭിനയിക്കണം ഞാൻ.
...

അല്ലയോ സമുദ്രമേ, എനിക്കു മടുത്തു
ലളിതമാകാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്‌നേഹിക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു.)

ആത്മാവിനെ മറയ്ക്കുന്ന വേഷവിധാനങ്ങളെല്ലാം അഴിച്ചുകഴിയുമ്പോൾ പ്രണയത്തിനുവേണ്ടിയുള്ള ആഗ്രഹം മാത്രമായി താൻ അവശേഷിക്കുമെന്ന് കമല സങ്കൽപ്പിക്കുന്നുണ്ട്. പരസ്പരം സന്നിവേശിപ്പിക്കുന്ന ആത്മഗന്ധമുള്ള സ്ത്രീ - പുരുഷ സഹജീവനമാണ് സാർത്ഥകമെന്ന് കമല തിരിച്ചറിയുന്നു. ഇരുവരും പരസ്പരം പ്രണയിക്കുമ്പോൾ മാത്രമാണ് പ്രണയം സുന്ദരമാകുന്നത്. ഭർത്താവിന്റെ മേലധികാരിയുമായുള്ള ബന്ധത്തിലാണ് തനിക്ക് അഗാധമായ പ്രണയം അനുഭവവേദ്യമായതെന്ന് കമല മെറിലിയോടു പറയുന്നു. മുറിവുണക്കാനുള്ള യാത്രകളുടെ ഭാഗമായിരുന്നു അത്. അപ്പോൾ കമലയ്ക്ക് മുപ്പത് വയസ്സ് പ്രായമാണ്. അദ്ദേഹം ഇന്ത്യൻ സിവിൽ സർവ്വീസിലെ ഉന്നതോദ്യോഗസ്ഥൻ. അച്ഛന്റെ പ്രായമുള്ളയാൾ. ഒരു തടിയൻ. അയാൾ കമലയെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. കമലയ്ക്കു പുസ്തകങ്ങൾ സമ്മാനിച്ചു. സംസ്‌കൃതം പഠിപ്പിക്കുകയും ശ്ലോകങ്ങൾ ചൊല്ലിക്കുകയും ചെയ്തു. വിവാഹബന്ധത്തിലെ ശൂന്യതയെ മാറ്റിത്തീർത്തത് ഈ വൃദ്ധകാമുകന്റെ സഹിഷ്ണതയായിരുന്നു. അയാളുടെ അടുത്ത് കമല അമ്മമ്മയുടെ അടുത്തെന്ന പോലെ സുരക്ഷിതത്വം അനുഭവിച്ചു. ഇയാൾക്കായി കമല പ്രണയകവിതകൾ എഴുതി. പ്രണയത്തിലായിരിക്കുമ്പോൾ കമല കൂടുതൽ ഊർജ്ജം കിട്ടിയവളെ പോലെ എഴുതി. ഒരു ഗുൽമോഹർ മരം പോലെ പുഷ്പിച്ചു.

ആത്മാവിനെ മറയ്ക്കുന്ന വേഷവിധാനങ്ങളെല്ലാം അഴിച്ചുകഴിയുമ്പോൾ പ്രണയത്തിനുവേണ്ടിയുള്ള ആഗ്രഹം മാത്രമായി താൻ അവശേഷിക്കുമെന്ന് കമല സങ്കൽപ്പിക്കുന്നു.
ആത്മാവിനെ മറയ്ക്കുന്ന വേഷവിധാനങ്ങളെല്ലാം അഴിച്ചുകഴിയുമ്പോൾ പ്രണയത്തിനുവേണ്ടിയുള്ള ആഗ്രഹം മാത്രമായി താൻ അവശേഷിക്കുമെന്ന് കമല സങ്കൽപ്പിക്കുന്നു.

'...The April sun, squeezed
Like an orange in
My glass? I sip the
Fire, I drink and drink
Again, I am drunk,
Yes, but on the gold
Of suns, What noble
Venom now flows through
My veins and fills my
Mind with unhurried
Laughter? My worries
Doze.....'
(The Summer in Calcutta)

‘ഏപ്രിൽ സൂര്യൻ,
ഞെക്കിപ്പിഴിഞ്ഞ മധുരനാരങ്ങ പോലെ
എന്റെ ഗ്ലാസിൽ?
ഞാൻ അഗ്നി നുകരുന്നു
ഞാൻ കുടിക്കുന്നു, കുടിക്കുന്നു
വീണ്ടും, ഞാൻ കുടിക്കുന്നു.
അതെ, എന്നാൽ സൂര്യന്റെ സൗവർണത്തിൽ
ഏതു കുലീനവിഷം
ഇപ്പോൾ ഒഴുകുന്നു
എന്റെ സിരകളിൽ എന്റെ മനസ്സിൽ
സാവകാശം പൊട്ടിച്ചിരി നിറയ്ക്കുന്നു?
എന്റെ ആകുലതകൾ മയങ്ങിപ്പോകുന്നു...’)

താനെപ്പോഴെങ്കിലും ജീവിതത്തെ നുണയെന്നു പറഞ്ഞ് തിരസ്‌കരിച്ചാൽതന്നെ ഉടനെ കൊന്നുകളയണമെന്ന്, ഭീരുവായി തനിക്കു ജീവിക്കേണ്ടതില്ലെന്ന് കമല കേഴുന്നു.
താനെപ്പോഴെങ്കിലും ജീവിതത്തെ നുണയെന്നു പറഞ്ഞ് തിരസ്‌കരിച്ചാൽതന്നെ ഉടനെ കൊന്നുകളയണമെന്ന്, ഭീരുവായി തനിക്കു ജീവിക്കേണ്ടതില്ലെന്ന് കമല കേഴുന്നു.

കവിത ഇണയെ ആകർഷിക്കാൻ പാടുന്ന കിളിയുടെ പാട്ടു പോലെയായിരുന്നു. അയാൾക്ക് കമലയുടെ കവിതകളോടുള്ള താൽപ്പര്യം അമിതമായപ്പോൾ ആ പ്രണയം പരിമിതപ്പെട്ടു പോകുന്നതുപോലെ അവൾക്കു തോന്നുന്നുമുണ്ട്. വർഷങ്ങൾക്കു ശേഷം, മരണാസന്നനായിരിക്കുമ്പോൾ പോലും സുന്ദരമായ പഴയ കാലത്തിന്റെ ഓർമ്മകളെ കുറിച്ചു പറയാൻ അദ്ദേഹം കമലയെ വിളിക്കാറുണ്ടായിരുന്നു. കമലയും ഈ പ്രിയകാമുകനും തമ്മിൽ ലൈംഗികബന്ധമുണ്ടായിരുന്നില്ല.

എന്നാൽ, ധനികനും ക്രൂരനുമായ ഒരു രാഷ്ട്രീയക്കാരനുമായി രമിക്കാനുള്ള തന്റെ ആഗ്രഹസാഫല്യത്തിനായി പാമ്പിൻകാവിൽ പ്രാർത്ഥിക്കുന്നതിനെ കുറിച്ചും അയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ കുറിച്ചും കമല മെറിലിയോടു പറയുന്നുണ്ട്. സംഭോഗാനന്തരം അർദ്ധനിദ്രയിൽ മയങ്ങുമ്പോൾ അയാൾ പതുക്കെ തന്റെ പേരുച്ചരിക്കുന്നതു കേട്ടത് തന്റെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്ന് ആത്മകഥാസംബന്ധിയായ ആദ്യകൃതിയിൽ തന്നെ കമല എഴുതിയിരുന്നു. തന്റെ ആത്മകഥയിലെ പ്രണയകഥകൾ കൽപ്പിതകഥകളാണെന്ന് കേരളത്തിലെ യാഥാസ്ഥിതികരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കമല ക്ഷമാപണത്തോടെ പറഞ്ഞ സന്ദർഭങ്ങളുമുണ്ട്.

എന്റെ കഥ ഇംഗ്ലീഷ് എഡിഷന്റെ കവർ
എന്റെ കഥ ഇംഗ്ലീഷ് എഡിഷന്റെ കവർ

അവരോട് അടുക്കുമ്പോൾ തന്റെ ധൈര്യം എങ്ങോ പോയൊളിക്കുന്നു. അവർ തന്നെ വെറുക്കരുതെന്ന തുച്ഛമായ ആഗ്രഹമായിരുന്നു ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. തന്നെ സ്‌നേഹിക്കുന്ന വായനക്കാർ തനിക്ക് ധൈര്യം നൽകണമെന്ന് അവർ അഭ്യർത്ഥിച്ചിരുന്നു. താനെപ്പോഴെങ്കിലും ജീവിതത്തെ നുണയെന്നു പറഞ്ഞ് തിരസ്‌കരിച്ചാൽ തന്നെ ഉടനെ കൊന്നുകളയണമെന്ന്, ഭീരുവായി തനിക്കു ജീവിക്കേണ്ടതില്ലെന്ന് കമല കേഴുന്നു. എന്നാൽ, കമലയുടെ ഈ പ്രവൃത്തികളെ മെറിലി വെയ്‌സ്‌ബോഡ് എഴുതുന്ന വാക്കുകളുമായി ചേർത്തുവയ്ക്കുക. വീണ്ടും വൈരുദ്ധ്യങ്ങളിലേക്കും സന്ദേഹങ്ങളിലേക്കും നാം നയിക്കപ്പെടും:
‘‘പ്രതികാരഭയം മൂലമോ അല്ലെങ്കിൽ തന്റെ 'ശുദ്ധി' തെളിയിക്കുവാനോ അവർ ഒരു ജീവിതകാലം മുഴുക്കെ ഒളിച്ചും നടിച്ചും തന്റെ ലൈംഗികജീവിതത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും കഴിഞ്ഞുവെന്ന് ഞാൻ സ്വയം ഓർമ്മിപ്പിച്ചു. കമലയുടെ ജീവിതത്തിലെ ലൈംഗികകാര്യങ്ങളിലെ തഥ്യയും മിഥ്യയും തമ്മിൽ വേർതിരിക്കുക വിഷമമേറിയ കാര്യമായിരിക്കുന്നു. വിമർശകർ ഇന്നും കമലയുടെ 'എന്റെ കഥ'യിലെ പല കഥാപാത്രങ്ങളും യഥാർത്ഥത്തിൽ ഉള്ളവരാണോ അതോ മിഥ്യയാണോ എന്ന വാഗ്വാദത്തിലാണ്’’.

കുത്തിയൊഴുകിക്കൊണ്ടിരുന്ന കാലവർഷക്കാലത്തെ നദിയായി തന്നിലെ കാമേച്ഛയെ കമല സ്വയം തിരിച്ചറിഞ്ഞ നാളുകളുണ്ടായിരുന്നു.

ആത്മനിഷ്ഠതയുടെയും ഭാവനയുടെയും മൂലകങ്ങൾ കമലയുടെ ആത്മകഥാക്കുറിപ്പുകളിലും കാര്യമായി കടന്നവരുന്നുണ്ടെന്നു പറയണം. വസ്തുനിഷ്ഠതയെ ത്യജിച്ചുകൊണ്ട് അനുഭവത്തിന്റെ തീവ്രതകളെ നിർമ്മിക്കുന്ന രചനാശൈലി എന്ന് ഉദയകുമാർ നിരീക്ഷിക്കുന്നതിന്റെ സാംഗത്യം ഇതു കൂടിയാണ്. കമലാദാസിന്റെ കവിതകളിലും ആത്മകഥാക്കുറിപ്പുകളിലും ആവിഷ്‌കൃതമായ ലൈംഗികതയും ശാരീരികമോ മാനസികമോ ആയ ക്ലേശങ്ങളും വാക്കുകൾ കൊണ്ട് സ്വവ്യക്തിത്വത്തെ എത്തിപ്പിടിക്കാനുള്ള ഉദ്യമമായിരിക്കണം. പ്രണയത്തെ ആഘോഷിക്കുന്ന കവിതകളിൽ പോലും നിർഭാഗ്യത്തെ ഉന്മേഷത്തിന്റെ കലർപ്പില്ലാത്ത സാന്നിദ്ധ്യമാക്കി മാറ്റാനുള്ള ശ്രമമുണ്ടല്ലോ? വ്യവസ്ഥാപിത സദാചാരത്തിനു നേരെയുള്ള കമലയുടെ കടന്നുകയറ്റങ്ങളെയും ആക്രമണങ്ങളെയും പുരോഗാമിയെന്നു കരുതാനും അതോടൊപ്പം സന്ദിഗ്ദ്ധത സൃഷ്ടിക്കാനും ഇതു കാരണമാകുന്നു. വായനക്കാരിൽ തടസ്സം സൃഷ്ടിക്കുന്നതും എഴുത്തിനു സൗന്ദര്യമണയ്ക്കുന്നതും ഇതു തന്നെ.

പ്രണയത്തിലായിരിക്കുമ്പോൾ കമല കൂടുതൽ ഊർജ്ജം കിട്ടിയവളെ പോലെ എഴുതി. ഒരു ഗുൽമോഹർ മരം പോലെ പുഷ്പിച്ചു. Photo : Subhash Vasudev / facebook
പ്രണയത്തിലായിരിക്കുമ്പോൾ കമല കൂടുതൽ ഊർജ്ജം കിട്ടിയവളെ പോലെ എഴുതി. ഒരു ഗുൽമോഹർ മരം പോലെ പുഷ്പിച്ചു. Photo : Subhash Vasudev / facebook

കുത്തിയൊഴുകിക്കൊണ്ടിരുന്ന കാലവർഷക്കാലത്തെ നദിയായി തന്നിലെ കാമേച്ഛയെ കമല സ്വയം തിരിച്ചറിഞ്ഞ നാളുകളുണ്ടായിരുന്നു. ലൈംഗികത ആഭാസമോ നാണം കെട്ടതോ ആണെന്ന ചിന്ത കമലയ്‌ക്കൊരിക്കലും ഉണ്ടായിട്ടില്ല. ലൈംഗികതയെ സുന്ദരവും ദൈവികവുമായി അവർ കണ്ടു. തന്റെ ഈശ്വരനായ കൃഷ്ണന് ലൈംഗികത ആകാമെങ്കിൽഅതിൽ തെറ്റായി എന്തിരിക്കുന്നു എന്ന ചിന്തയായിരുന്നു കമലയുടെ മനസ്സിൽ. പക്ഷേ, ഇന്ത്യയിലെ യാഥാസ്ഥിതിക സമൂഹത്തിൽ സ്ത്രീകൾക്ക് ഇണചേരൽ ദുഃഖകരവും കളിച്ചുതീർക്കേണ്ട ഒരു കളി പോലെ യാന്ത്രികവും സങ്കടവും ഇരുട്ടും മാത്രമെന്ന് കമല പറയുന്നു. ഭോഗാനന്ദത്തിന്റെ ദീപ്തമൂർച്ഛകളെ കുറിച്ച് സംസാരിക്കാൻ ഒരു ഹിന്ദുസ്ത്രീക്ക് തീർച്ചയായും അസാദ്ധ്യമാണ്. ഞങ്ങൾ ഭോഗാസക്തി കാണിച്ചുകൂടാ. ഒരു സ്ത്രീക്കും അവർഅത് ആനന്ദിക്കുന്നു എന്നു സമ്മതിക്കാനാകില്ല. ഇത് ഒരു കുരിശാണ്.

'At sunset, on the river bank, Krishna
Loved her for the last time and left ...

That night in her husband's arms, Radha felt
So dead that he asked, what is wrong

Do you mind my kisses, love? and she said,
No, not at all but thought, what is

It to the corpse if the maggots nip?'
(The Maggots)

(സൂര്യാസ്തമയ സമയത്ത്, നദിക്കരയിൽ,
കൃഷ്ണൻ അവളെ അവസാനമായി സ്‌നേഹിച്ചു
കടന്നുപോയി...

ആ രാത്രി ഭർത്താവിന്റെ കൈകളിൽ,
മൃതയായെന്നു തോന്നി, രാധയ്ക്ക്
എന്താണ് കുഴപ്പം? അദ്ദേഹം ചോദിച്ചു
എന്റെ ചുംബനങ്ങൾ മനം കവരുന്നില്ലേ, പ്രണയമോ?
അവൾ പറഞ്ഞു, ഇല്ല, ഒന്നുമില്ല,

പക്ഷേ ചിന്തിച്ചു,
പുഴുക്കൾ കിള്ളിയാൽ ശവത്തിന് എന്ത് പറ്റാനാണ്?)

കമല ലൈംഗികതയെ വെറുത്ത കാലത്തെ കുറിച്ചും നാം വായിക്കുന്നുണ്ട്. ഒരു വൈരുദ്ധ്യമെന്നോ സ്വാഭാവികപരിണാമമെന്നോ ചൂണ്ടിക്കാണിക്കേണ്ടതെന്ന സന്ദേഹത്തിൽ നാം വീഴുന്നു.
കമല ലൈംഗികതയെ വെറുത്ത കാലത്തെ കുറിച്ചും നാം വായിക്കുന്നുണ്ട്. ഒരു വൈരുദ്ധ്യമെന്നോ സ്വാഭാവികപരിണാമമെന്നോ ചൂണ്ടിക്കാണിക്കേണ്ടതെന്ന സന്ദേഹത്തിൽ നാം വീഴുന്നു.

സ്വാഭാവികമായും ഈ സ്ഥിതി ലൈംഗികതയോടുളള വെറുപ്പിലേക്കു നയിച്ചേക്കാം. കമല ലൈംഗികതയെ വെറുത്ത കാലത്തെ കുറിച്ചും നാം വായിക്കുന്നുണ്ട്. ഒരു വൈരുദ്ധ്യമെന്നോ സ്വാഭാവികപരിണാമമെന്നോ ചൂണ്ടിക്കാണിക്കേണ്ടതെന്ന സന്ദേഹത്തിൽ നാം വീഴുന്നു. ഇപ്പോൾ, അവർ കാമമില്ലാത്ത പ്രണയത്തെ കുറിച്ചു പറയുന്നു. ലൈംഗികബന്ധമില്ലാത്ത പ്രണയം എന്ത് ആത്മനിർവൃതിയും വൈകാരികവുമാണെന്നു തനിക്കു മനസ്സിലാകുന്നേയില്ലെന്നത് മാധവിക്കുട്ടിക്ക് ആശ്ചര്യജനകമായി തോന്നിയതായി മെറിലി എഴുതുന്നുണ്ട്. ഗീതാഗോവിന്ദത്തിലെ വരികൾക്കനുസരിച്ച് നൃത്തം ചെയ്യുകയും പ്രണയത്തിലധിഷ്ഠിതമായ യാഥാസ്ഥിതികമല്ലാത്ത സദാചാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും 'എന്റെ കഥ'യും സ്ത്രീവിമോചനം തടയപ്പെട്ട ഇന്ത്യൻ അവസ്ഥയുടെ ഏറ്റവും വൈകാരികമായ പ്രണയകവിതകളും എഴുതുകയും ചെയ്ത വ്യക്തി ലൈംഗികതയെ വെറുക്കുന്നു എന്നു പറയുന്നതിലായിരുന്നു തന്റെ ആശ്ചര്യമെന്ന് മെറിലി കുറിക്കുന്നു.

കമലയുടെ കൃതികൾ ലൈംഗികത / വിശുദ്ധി എന്ന ദ്വന്ദ്വത്തെ സൃഷ്ടിക്കുന്നുണ്ട്. അവ പലപ്പോഴും പരസ്പരവിരുദ്ധവും ചിലപ്പോൾ പരസ്പരാശ്രിതവുമായ പ്രണയത്തിന്റെ ഭാഗങ്ങളായി പ്രത്യക്ഷപ്പെടുന്നുമുണ്ട്.

കമലയുടെ ആദ്യ ആകർഷണം തന്റെ ചിത്രകലാ അദ്ധ്യാപകനോടായിരുന്നു. അന്ന് അവൾ പതിന്നാലു വയസ്സുകാരിയാണ്. അയാളോ, കൽക്കത്ത മ്യൂസിയത്തിൽ അസിസ്റ്റന്റ് ക്യൂറേറ്ററായി പണിയെടുത്തിരുന്ന ഇരുപത്തൊമ്പതുകാരൻ. മൂന്നുമാസം കഴിഞ്ഞപ്പോൾ കമലയുടെ അച്ഛൻ ആ ചിത്രകലാപഠനം നിർത്തി. സ്‌കൂളിലെ ലൈബ്രറിയിൽ വായനയ്ക്കായി അനുവദിക്കപ്പെട്ട സമയത്ത് അയാളെ തേടി ബസിൽ മ്യൂസിയത്തിലേക്കു ചെല്ലുന്നു, കമല. ആകസ്മികമായി പെയ്ത മഴയിൽ നനഞ്ഞ്.
‘എന്റെ കണ്ണുനീർ അദ്ദേഹത്തിന്റെ വെള്ളനിറമുള്ള ജൂബ്ബായിൽ വീണു...അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.'

'... virgin crying
Everything in me
Is melting, even the hardness at the core
O Krishna, I am melting, melting, melting
Nothing remains but
You... '
(Radha)

(...കന്യക കരയുന്നു.
എന്നിലെ എല്ലാം ഉരുകുന്നു.
അല്ലയോ കൃഷ്ണ, ഞാൻ ഉരുകുന്നു, ഉരുകുന്നു, ഉരുകുന്നു…
ഒന്നും അവശേഷിക്കുന്നില്ല,
നീയൊഴിച്ച്....)

തന്റെ പതിനഞ്ചാം വയസ്സിൽ ഒരു ക്യാമറയുമായി വീട്ടിലെത്തിയ മറ്റൊരു ചെറുപ്പക്കാരൻ വിക്‌ടോറിയ മെമ്മോറിയലിന്റെ മുന്നിൽ വച്ച് ഫോട്ടോ എടുക്കുന്നതിന്നിടയിൽ 'നീ സുന്ദരിയാണ്' എന്നു പറഞ്ഞതിനെയും കമല ഓർക്കുന്നു. അവളോട് അന്നേവരെ ആരും അങ്ങനെ പറഞ്ഞിരുന്നില്ല. കമലയോടൊപ്പം ഒരു മരത്തണലിലിരുന്ന് ആ ചെറുപ്പക്കാരൻ പ്രണയഗാനം പാടി. മാധവദാസുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ആ ബന്ധം പ്രണയമായി മാറിത്തീർന്നേനെ. വിവാഹനാളിലെ രാത്രിയിൽ കഥകളി കാണാൻഅയാളുടെ സമീപത്തു ചെന്നിരിക്കാൻ ആ ചെറുപ്പക്കാരൻ ആവശ്യപ്പെട്ടതും തനിക്ക് ഭർത്താവിനോടൊപ്പം മുറിയിൽ തങ്ങേണ്ടിവന്നതും കമല എഴുതുന്നു. പിറ്റേദിവസം വീട്ടിലെ കോണിച്ചുവട്ടിൽ വച്ച് അയാൾയാത്ര പറഞ്ഞിറങ്ങുമ്പോൾ കമലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാ മതങ്ങൾക്കും തത്ത്വചിന്തകൾക്കും മുന്നേ സ്‌നേഹമുണ്ടായിരുന്നുവെന്ന്, പ്രണയമുണ്ടായിരുന്നുവെന്ന് കമലയിലെ സൂക്ഷ്മാന്വേഷി നിദർശിക്കുന്നുണ്ടല്ലോ?

ശരീരത്തിനും ആത്മത്തിനും ഇടയിലെ നിരന്തരപോരാട്ടം നിറഞ്ഞ കമലാദാസിന്റെ പ്രണയപര്യവേക്ഷണങ്ങൾ വളരെ സങ്കീർണ്ണവും പലപ്പോഴും പ്രക്ഷുബ്ധവുമാണ്.
ശരീരത്തിനും ആത്മത്തിനും ഇടയിലെ നിരന്തരപോരാട്ടം നിറഞ്ഞ കമലാദാസിന്റെ പ്രണയപര്യവേക്ഷണങ്ങൾ വളരെ സങ്കീർണ്ണവും പലപ്പോഴും പ്രക്ഷുബ്ധവുമാണ്.

ആദ്യപ്രസവത്തിനു ശേഷം നാലാപ്പാട്ടു വീട്ടിൽ താമസിക്കുമ്പോൾ ബന്ധുവായ ഒരു ചെറുപ്പക്കാരൻ മാളികമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ചുണ്ടുകളിൽ ചുംബിച്ചു. അയാൾ കമലയുടെ സൗന്ദര്യത്തെ പ്രശംസിച്ചു. തങ്ങൾ അനുരാഗത്തിൽ പെട്ടിരിക്കുന്നുവെന്ന് കമല ധരിച്ചു. അക്കാലത്ത് അവളുടെ അച്ഛൻ നിർമ്മിച്ചു കൊണ്ടിരുന്ന വീടിന്റെ മിനുക്കുപണികൾക്കായി വന്ന സുന്ദരനായ ചെറുപ്പക്കാരനോടു കമലയ്ക്കു പ്രണയം തോന്നുന്നു. അയാൾ പണി തീർത്ത് തിരിച്ചുപോയെന്നറിഞ്ഞ ദിവസം കമല സങ്കടം താങ്ങാനാവാതെ വിലപിക്കുന്നു. 'സ്‌നേഹിക്കുന്നത് ചീത്തക്കാര്യമല്ല, വെറുക്കുന്നത് തീർച്ചയായും ചീത്തക്കാര്യമാണ്' എന്ന് കമലയോടു പറഞ്ഞിട്ടുള്ള ഇളയച്ഛൻ ഈ ദുഃഖത്തിൽ അവളെ സാന്ത്വനിപ്പിക്കുന്നു.

വിദേശിയായ തന്റെ കാമുകൻ കാർലോവിനെ കുറിച്ച് കമല 'എന്റെ കഥ'യിൽ തന്നെ വിശദമായി എഴുതുന്നുണ്ട്. പിന്നീട്, ഇസ്ലാം മത പരിവർത്തനത്തിന്റെ കാലത്ത് സാദിഖ് അലിയുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് മെറിലിയോടും വിശദമായി പറയുന്നുണ്ട്. ഏതു പ്രണയമാണ് കമലയെ സാന്ത്വനിപ്പിച്ചത്? കമലയിലെ കവി ഇങ്ങനെയാണ് തിരിച്ചറിഞ്ഞത്:

'നിങ്ങൾക്കറിയുന്നതിന്നപ്പുറം
മഹത്തായ ഒരു പ്രണയമുണ്ട്.
ചുവന്ന പാത അവസാനിക്കുന്നിടത്ത്
അതു നിങ്ങളെ കാത്തിരിക്കുന്നു.
അതിന്റെ ക്ഷമ ഒരു ആപ്തവാക്യം പോലെയാണ്.
അതു സത്യത്തെ പുൽകുകയും
ആത്മാവിന്റെ പുരാതനമായ ക്ഷതങ്ങളെ
മായ്ച്ചുകളയുകയും ചെയ്യുന്നു’.

പ്രണയത്തിന്റെ വൈരുദ്ധ്യാത്മക മൂലകങ്ങളെ സമന്വയിപ്പിക്കാൻ കഴിയുന്ന ഒരു സങ്കേതമായിട്ടാണ് കമലയുടെ എഴുത്ത് ഉയർന്നുവരുന്നത്.
പ്രണയത്തിന്റെ വൈരുദ്ധ്യാത്മക മൂലകങ്ങളെ സമന്വയിപ്പിക്കാൻ കഴിയുന്ന ഒരു സങ്കേതമായിട്ടാണ് കമലയുടെ എഴുത്ത് ഉയർന്നുവരുന്നത്.

ശരീരത്തിനും ആത്മത്തിനും ഇടയിലെ നിരന്തരപോരാട്ടം നിറഞ്ഞ കമലാദാസിന്റെ പ്രണയപര്യവേക്ഷണങ്ങൾ വളരെ സങ്കീർണ്ണവും പലപ്പോഴും പ്രക്ഷുബ്ധവുമാണ്, കമലയുടെ കൃതികൾ ലൈംഗികത / വിശുദ്ധി എന്ന ദ്വന്ദ്വത്തെ സൃഷ്ടിക്കുന്നുണ്ട്. അവ പലപ്പോഴും പരസ്പരവിരുദ്ധവും ചിലപ്പോൾ പരസ്പരാശ്രിതവുമായ പ്രണയത്തിന്റെ ഭാഗങ്ങളായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. എപ്പോഴും ചലനക്ഷമമായ പ്രണയം എഴുത്താളുടെ ജീവിതാനുഭവങ്ങളിലും സാഹിത്യ ആവിഷ്‌കാരങ്ങളിലൂം പല രൂപങ്ങളിലും രീതികളിലും പരിണമിക്കുന്നു. ഇന്ദ്രിയതയ്ക്കും ആത്മവിശുദ്ധിക്കും ഇടയിലുള്ള സംഘർഷത്തെ പ്രണയം കൊണ്ട് ലഘൂകരിക്കാമെന്നും ഈ ഘടകങ്ങളെ സമന്വയിപ്പിക്കാമെന്നും കവിയുടെ അബോധം കൽപ്പിക്കുന്നുണ്ടാകണം. ഈ ആദർശപ്രണയം പ്ലാറ്റോണിക് സ്‌നേഹത്താട് ഉപമിക്കാവുന്നതാണ്. മനുഷ്യബന്ധങ്ങളുടെ ദുർബ്ബലമായ യാഥാർത്ഥ്യത്തിൽ സാക്ഷാത്ക്കരിക്കാനാകാത്തതാണത്. മൂർത്തവും കേവലവുമായ ഈ ആശയം യഥാർത്ഥജീവിതത്തിൽ അപ്രാപ്യമെന്ന് അവർ തിരിച്ചറിയുന്നുണ്ട്. ആദർശപ്രണയം അവ്യക്തമായി തുടരുന്നു. എങ്കിലും തന്റെ സ്വകാര്യജീവിതത്തിലെ ചില അപൂർവ്വനിമിഷങ്ങളിൽ അത് അനുഭവിക്കുന്നതായി തോന്നിയിട്ടുമുണ്ടാകണം. കവി അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. കമലയുടെ കവിതയും കഥയും സ്മരണകളും മരണം വരെ തുടർന്ന പ്രണയാന്വേഷണത്തെയാണ് വെളിപ്പെടുത്തുന്നത്. അവർ നിരന്തരം അനുഭവിച്ച വേദനക്കും നിരാശയ്ക്കും അപ്പുറം നിരുപാധികമായ സ്‌നേഹം തേടാൻ അവർ പ്രതിജ്ഞാബദ്ധയായി. തീവ്രമായ ശാരീരിക ബന്ധത്തിന്റെയും ആഴമുള്ള വൈകാരികപിന്തുണയുടെയും സംയോജനം - പരസ്പരപോഷകമായ പ്രണയാഭിലാഷത്തിന്റെ വൈരുദ്ധ്യാത്മകത നിറഞ്ഞ ചിത്രങ്ങളെയാണ് എടുത്തുകാണിക്കുന്നത്.

മാധവിക്കുട്ടി
മാധവിക്കുട്ടി

പ്രണയത്തിന്റെ ഈ വൈരുദ്ധ്യാത്മകമൂലകങ്ങളെ സമന്വയിപ്പിക്കാൻ കഴിയുന്ന ഒരു സങ്കേതമായിട്ടാണ് കമലയുടെ എഴുത്ത് ഉയർന്നുവരുന്നത്. കമലയുടെ മനോരോഗചികിത്സകൻ സാഹിത്യരചനകളിൽ വ്യാപൃതയാകാൻ അവരെ ഉപദേശിക്കുന്നത് വെറുതെയായിരുന്നില്ല. താൻ തേടിയ വന്യവും ശുദ്ധവുമായ ഇടം സൃഷ്ടിക്കാൻ കമല തന്റെ സാഹിത്യരചനകളിലൂടെ ശ്രമിക്കുകയായിരുന്നു. കമലയുടെ എഴുത്ത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയമായി മാറുന്നു, യഥാർത്ഥ ജീവിതബന്ധങ്ങളുടെ പരിമിതികളും നിരാശകളും ഇല്ലാതെ പ്രണയത്തിന്റെ ബഹുമുഖ സ്വഭാവം പര്യവേക്ഷണം ചെയ്യാനും ആവിഷ്‌ക്കരിക്കാനുമുള്ള ഒരു മാദ്ധ്യമത്തെ അത് അവൾക്ക് വാഗ്ദാനം ചെയ്തു. കമലയുടെ കവിതയിലും ആത്മകഥാക്കുറിപ്പുകളിലും പ്രണയം അതിന്റെ ഏറ്റവും അനുയോജ്യമായ രൂപത്തിൽ ആവിഷ്‌ക്കരിക്കപ്പെട്ടു. ഇന്ദ്രിയതയെ ആത്മവിശുദ്ധിയുമായി സംയോജിപ്പിച്ചു. കമലാദാസിന്റെ സാഹിത്യസപര്യ പ്രണയപോരാട്ടങ്ങളുടെ ചിത്രണം മാത്രമല്ല, കലയിൽ അവർ നേടിയ വിജയത്തേയും അടയാളപ്പെടുത്തുന്നു. താൻ അഭിലഷിച്ച പ്രണയത്തെ എഴുത്തിലൂടെ കമല കൈവരിക്കുന്നു. ജീവിതത്തിൽ നേടാനാകാത്തത് ഭാവനയുടെ മണ്ഡലത്തിൽ യാഥാർത്ഥ്യമായി തീരുന്നു.

അവലംബം:
1. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
2. എന്റെ ലോകം - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2021.
3. എന്റെ കവിത - മാധവിക്കുട്ടി, പുസ്തകപ്രസാധകസംഘം, 1985.
4. Wages of Love - Kamala Das, Harper Collins, India, 2013.
5. The Love Queen of Malabar: Merilly Weisboard, McGill-Queen's University Press 2010.
6. Selected Poems - Kamala Das, Penguin Books, India, 2014.

(തുടരും)


Summary: V. Vijayakumar writes about Madhavikkutty and her life and poetry


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments