ഏകാന്തതയുടെ അറുപത് വർഷങ്ങൾ!

"സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകൾ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാൻ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കർ കോളനി നൽകിയത് മറയൂരായിരുന്നു. മഴനിഴൽ താഴ്വരയിൽ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പലർക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാൻ നേരമാണ് നേര്യമംഗലം കാടിനോട് ചേർന്ന് ആറ്റോരത്ത് മൂന്നേക്കർ വീതം നൽകി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ 1957 ജനുവരിയിൽ...."

തിരക്കുപിടിച്ച ദിവസങ്ങൾക്കിടയിൽ നിന്ന് അല്പം ഏകാന്തത കൊതിച്ച് വണ്ടി കയറുന്നതായി ഞാൻ സ്വപ്നം കാണുന്നു. അറുപത് വർഷത്തെ ഏകാന്തതയുടെ നാട്ടിലേക്ക്! ആദ്യ ശ്വാസമെടുത്ത, ജനിച്ചു വളർന്ന നാട്ടിലേക്ക് ...പലപ്പോഴും അത് സ്വപ്നമായി മാറുന്നുവെന്നതാണ് നേര്. പോകാൻ ഒരു കാരണമുള്ളതുപോലെ പോകാതിരിക്കാൻ നൂറു കാരണങ്ങളുണ്ടാകുന്നു.

ചില നേരത്ത് ഞാനെന്റെ കൈകളിൽ, വിരലുകളിൽ മുഖത്ത് തൊട്ടു നോക്കുന്നു. ഞാനാരാണ്? എവിടെ നിന്നു വന്നു? ഇപ്പോൾ എവിടെയിരിക്കുന്നു? ഈ വഴികളൊക്കെ നേരായിട്ടും ഉണ്ടായിരുന്നതാണോ? ഇതുവരെ എത്ര കാതം നടന്നു ? ...

ആലോചനയുടെ നിമിഷങ്ങളിലൊക്കെ മനസ് പറന്ന് പറന്ന് ഏകാന്തതയുടെ നാട്ടിലേക്കെത്തിക്കുന്നു. വേരുകളിലേക്കിറങ്ങുന്നു...

അങ്ങനൊരു ദിവസം, സ്വയം പരിചയപ്പെടുത്തിയ ശേഷം അന്നുവരെ എനിക്കജ്ഞാതനായിരുന്ന ഫ്രാൻസിസ് ജോസഫ്, ദീർഘമൊരു സന്ദേശമയച്ചു. അതിങ്ങനെയായിരുന്നു.

"ദേവിയർ കോളനിയുമായി എനിക്ക് പരിചയമുണ്ട്. ഒരു നിലാവുള്ള രാത്രിയിൽ ആറ് കടന്ന് നിങ്ങളുടെ സ്‌കൂളിലെത്തിയ നാൽപതിലധികം എൻ.എസ്.എസ് സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് ഞാൻ. ചങ്ങാടമായിരുന്നു ആറിന് കുറുകെ കടക്കാനുണ്ടായിരുന്നത്. ആ ചങ്ങാടത്തിലൂടെ നൃത്തം ചെയ്ത് അക്കരെ കടക്കുന്നതിനേക്കാൾ നല്ലത് നീന്തി കടക്കുന്നതായിരുന്നു.1975 ൽ, വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അഭയാർഥികളായവർക്ക് കുടിലുണ്ടാക്കി കൊടുക്കുന്നതിനാണ് ഞങ്ങൾ രണ്ടാഴ്ചയോളം അവിടെ താമസിച്ചത്..

12- 15 വർഷങ്ങൾക്ക് മുമ്പ് അവിടം വീണ്ടും സന്ദർശിച്ചു. കാറിന് പോകാവുന്ന പാലമുണ്ടായിരുന്നു. 75 ലെ വെള്ളപ്പൊക്കം വളരെ കുറച്ചുപേർക്ക് മാത്രമേ ഓർമിക്കാൻ കഴിഞ്ഞുള്ളൂ. ഞങ്ങൾ നിർമ്മിച്ച നൽകിയ കുടിലുകൾ ഇരുന്നിടം ഇപ്പോൾ ഇരുപത് സെന്റ് കോളനിയാണ്. ഞങ്ങൾ പണിത കുടിലുകൾക്ക് പകരം നല്ല വീടുകൾ വന്നു. അഭയാർഥികളിൽ ഒരു കുടുംബം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അവ വിറ്റു. ദേവിയാർ സിറ്റിയിൽ ചായക്കട നടത്തിയിരുന്ന മുരളിയെ / പിള്ളേച്ചനെക്കുറിച്ച് ഞാൻ അന്വേഷിച്ചു. ഇയാൾ പൊലീസിൽ ചേർന്നുവെന്ന് അവർ പറഞ്ഞു. ആ ഇരുണ്ട പയ്യനാണ് എന്നെ കുതിരകുത്തി മാലയുടെ തുഞ്ചത്തേക്ക് കൊണ്ടുപോയി പെരിയാറും ഇടുക്കി റോഡും കാണിച്ചു തന്നത്.
പെരിയാർ വെള്ളി നൂലുപോലെ തോന്നിച്ചു. സമാന്തരമായി റോഡ് കറുപ്പും നാടപോലെയും....

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

ആ സന്ദേശം വായിച്ചതോടെ വെരുകിനെപ്പോലെ ആയിത്തീർന്നു ഞാൻ. ആകെ ഇരിക്കപ്പൊറുതിയില്ലായ്മ. വയനാട്ടിലെ ഒരു ഗ്രാമത്തിലിരിക്കുന്നവൾ എങ്ങനെ ഒരു നിമിഷം കൊണ്ട് ഇടുക്കിയിലെ ദേവിയാർ കോളനിയിലെത്തും? പ്രത്യേകിച്ച് ലോക് ഡൗൺ കാലത്ത് ...
ഏത് നാട്ടിൽ ജീവിക്കുമ്പോഴും എവിടെയെല്ലാം യാത്ര ചെയ്യുമ്പോഴും തിരയുന്നൊരു ശ്വാസമുണ്ട്. ആദ്യം ശ്വസിച്ച വായു. ആ നാട്. ഇടയ്ക്ക് ആ ശ്വാസമൊന്നെടുത്തില്ലെങ്കിൽ ജീവിക്കുന്നുവെന്ന് തോന്നുകയേയില്ല.

ഈ സന്ദേശം ലഭിക്കുന്നതിനും മുമ്പൊരിക്കൽ തിരക്കുകളിൽ പെട്ട്
ആകെ വിഷമിച്ചിരിക്കുമ്പോൾ നാട്ടിലേക്കൊന്ന് പോകേണ്ടി വന്നു. വിഷമത്തിന്റെ കാരണങ്ങൾ ഒന്നുമെനിക്കറിയില്ലായിരുന്നു - എന്നാൽ എന്തൊക്കെയോ കാരണങ്ങളുണ്ടായിരുന്നു താനും. അതുകൊണ്ടൊക്കെ പോകണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചാണ് ഒടുക്കം പോയേക്കാം എന്നു വെച്ചത്. ട്രെയിനിൽ, ബസിലിരിക്കുമ്പോഴൊക്കെ പോരേണ്ടിയിരുന്നില്ല എന്നു വിചാരിച്ചിട്ടുണ്ട്. വിഷമകാലത്തെ കയറിയിറങ്ങിയുള്ള മുഷിപ്പൻ യാത്ര എന്നെ മടുപ്പിച്ചു. യാത്ര എനിക്കേറെ ഇഷ്ടമായിരുന്നിട്ടും ....

നേര്യമംഗലം പാലം കടന്ന്, റാണിക്കൽ വളവു കയറിയപ്പോൾ ആദ്യത്തെ ശ്വാസമെടുപ്പ് ... ചോലവനത്തിൽ മരങ്ങൾ ഇലകൾ കൊഴിച്ച് ഏതാണ്ട് നഗ്‌നരായ് നിന്നിരുന്നു. ഈറ്റക്കാടുകളുടെ കിരുകിരുപ്പ്, വെള്ളം വറ്റി നീളൻപാടുകൾ മാത്രം അവശേഷിപ്പിച്ച നീർച്ചാലുകൾ..എത്ര പെട്ടെന്നാണ് ഹരിത വനത്തിലേക്ക് പ്രവേശിക്കുന്നത്! അവിടെ മഞ്ഞിൻ പടലം...

ദൂരെ കുതിര കുത്തിമല.. ബസ്സിറങ്ങി പാലം കടന്ന് വീട്ടിലേക്ക് നടക്കുമ്പോൾ വിഷാദം ഏറ്റെടുത്തത് ആരാണെന്ന് അറിഞ്ഞതേയില്ല.

ഇരുപത്തിരണ്ടാമത്തെ മണിക്കൂറിൽ തിരിച്ച് വണ്ടി കയറിയത് മൂന്നുനാലു മാസത്തേക്കുള്ള ഊർജ്ജം നിറച്ചുകൊണ്ടാണ്.

തിരിച്ചുള്ള യാത്രയിൽ നാടുമാത്രമായിരുന്നു മനസ്സിൽ. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ നഷ്ടപ്പെട്ട നാട്. മറ്റു പല സ്ത്രീകളെയും പോലെ. പെണ്ണ് എവിടെ ചെന്നാലും ചെല്ലുന്നിടവുമായി പൊരുത്തപ്പെടും എന്നൊരു ചൊല്ലുണ്ട്. നിവൃത്തികേടുകൊണ്ടാവണം. കൊച്ചിലെ മുതൽ മറ്റൊരുവന്റെ വീട്ടിൽ ജീവിക്കേണ്ടവൾ എന്നു കേട്ടു വളരുന്നതു കൊണ്ട് മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതുകൊണ്ടാവണം. നേരായിട്ടും അവൾക്ക് അവിടെയുമില്ല ഇവിടെയുമില്ലാതാകുന്നു. അതിജീവനശ്രമമാണ് എന്നും.

ഇടയ്ക്കിടെ ഓർമ്മകൾ വന്നെന്നെ പൊതിയും. അപ്പോൾ ഞാനാ ചങ്ങാടത്തെ ഓർക്കുന്നു. പലതുമോർക്കുന്നു.

എത്രയോ കാലം കഴിഞ്ഞാണ് ഞങ്ങൾക്കൊരു പാലമുണ്ടായത്. ആ കൈവരിയിൽ ചെറുപ്പക്കാർ ഇരിക്കാൻ തുടങ്ങിയത്. വൈകുന്നേരങ്ങളിൽ അവരുടെ ചൂളമടിയിൽ അതിലെ പോയ പെൺകുട്ടികൾ മുഖമുയർത്താതെ വേഗം കടന്നു പോയത്....

നാട്ടിലെ പെണ്ണുങ്ങൾക്കുണ്ടായിരുന്ന പൊതുവിടം ആറ്റിലെ കുളിക്കടവായിരുന്നു. അതും കുറെ വൈകിയാണുണ്ടായത്.

നാടിന്റെ നാനാദിക്കുകളിലുള്ള വാർത്തകളും ചർച്ചകളും ചൂടുപിടിക്കാൻ തുടങ്ങുമ്പോൾ അവരുടെ ശരീരം തണുക്കാൻ തുടങ്ങും. അന്നത്തെ വിശേഷമത്രയും പരസ്പരം കൈമാറും.

ഓരോരോ ഏകാന്തതയുടെ തുരുത്തുകളിലായിരുന്നു ഞങ്ങൾ. പക്ഷേ, ഇത്തിരിയിത്തിരിയായി ഞങ്ങൾ ഏകാന്തതയ്ക്ക് പുറത്തു കടക്കാൻ ശ്രമിച്ചു.

സ്വന്തമായി ഭൂമിയും തൊഴിലുമില്ലാത്ത, കുടുംബമായി ജീവിക്കുന്ന, അധ്വാനിക്കാൻ ആരോഗ്യവുമുള്ളവർക്ക് (ഇങ്ങനെയായിരുന്നു ഭൂമിക്ക് അപേക്ഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം) പട്ടം താണുപിള്ള നല്കിയ കോളനിയുടെ ഒരു ഭാഗമായിരുന്നു ദേവിയാർ.

ഈ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം:ഏകാന്തതയുടെ അറുപത് വർഷങ്ങൾ!
തെക്കൻ ജില്ലകളിൽ നിന്ന് അധ്വാനിക്കാനുള്ള മനസ്സുമായി കുടിയേറിയ എഴുപത്തി മൂന്ന് വീട്ടുകാർ... അതിനു മുമ്പും താമസക്കാരുണ്ടായിരുന്നു. മൂന്നോ നാലോ മാത്രം. മലമുടിയിൽ ഗോത്രവർഗ്ഗക്കാരുണ്ടായിരുന്നു. ഗോത്ര മൂപ്പൻ ഈക്കണ്ട കാടെല്ലാം തങ്ങളുടേതാണെന്ന് പില്ക്കാലത്ത് പറഞ്ഞിരുന്നു.

സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകൾ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാൻ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കർ കോളനി നൽകിയത് മറയൂരായിരുന്നു. മഴനിഴൽ താഴ്വരയിൽ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പലർക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാൻ നേരമാണ് നേര്യമംഗലം കാടിനോട് ചേർന്ന് ആറ്റോരത്ത് മൂന്നേക്കർ വീതം നൽകി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ 1957 ജനുവരിയിൽ....

എത്രയോ കാലങ്ങൾക്കു ശേഷം മറയൂർ കാട്ടിലെ കൊങ്ങിണി പൊന്തകൾക്കുള്ളിൽ നൂഴ്ന്ന് കയറിയ നാളുകളിൽ കറിവേപ്പും തക്കാളിയും പേരയും തഴച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട് ... നാട്ടുചെടികൾ എങ്ങനെ ഈ കനാലോരത്ത്, കൊടും കാട്ടിൽ വന്നുവെന്ന് അന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. കാടിനു നടുവിൽ വെള്ളമൊഴുകാത്തൊരു കനാൽ! ചിലയിടങ്ങളിൽ അത് പൊട്ടിയും പൊളിഞ്ഞും കിടന്നു. ഈ കാട്ടിൽ മുമ്പൊരു സംസ്‌കൃതി ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ... ആ മനുഷ്യരെ ദേവിയാറിലേക്ക് പറിച്ചുനട്ടപ്പോൾ മറയൂരിൽ ഉണ്ടാക്കാൻ ശ്രമിച്ച സംസ്‌കൃതി വീണ്ടും കാടായി മാറി. മറ്റൊരു കനാൽ നാടിനെയും കാടിനെയും പകുത്തു...

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നു വന്ന ആ മനുഷ്യർ ദേവിയാറിൽ കാടുവെട്ടി വിരിപ്പുവിതച്ചു.

ഓരോ വീട്ടുകാരും ഓരോ ഭാഷാദേദങ്ങൾ സംസാരിച്ചു. അവരവരുടെ നാട്ടിലെ ഭക്ഷണ ശീലങ്ങൾ അടുപ്പിലേറി. വ്യത്യസ്ത ചിരികൾ, കരച്ചിൽ, തെറികൾ ... സ്വന്തക്കാരും ബന്ധുക്കളും പരിചയക്കാരും ആരുമില്ലാത്ത ജീവിതം. ഒട്ടും പരിചിതമല്ലാത്ത കാടിനെ മെരുക്കാൻ പുറപ്പെട്ടവർ ... കടുത്ത ഏകാന്തത...

എന്നിട്ടുമവർ, ഒറ്റയ്ക്ക് കാടുതെളിക്കുന്നവർക്കൊപ്പം കൂടി. അവരുടെ പറമ്പിൽ കപ്പയും ഇഞ്ചിയും വിളഞ്ഞു. കശുവണ്ടിയും ചക്കക്കുരുവും പാകി മുളപ്പിച്ചു. മാവിൻ തൈകൾ നട്ടു.
കാടായി കിടന്നിരുന്നിടത്ത് തെങ്ങ് വളർന്നു. കാപ്പി, കൊക്കോ, ജാതി, കവുങ്ങ്, വാഴ.... കണ്ടങ്ങളിൽ നെല്ല് വിളഞ്ഞു.

മണ്ണിഷ്ടികയിൽ പടുത്ത വീടുകളുടെ മേൽക്കൂര പുല്ലായിരുന്നു. പുല്ലു മേയാനറിയുന്ന ഒരാളേയുണ്ടായിരുന്നുള്ളൂ. അയാൾക്കായി മഴ തുടങ്ങും മുമ്പ് കാത്തിരുന്നു. അദ്ദേഹം പുല്ലുമേഞ്ഞാൽ തുള്ളിയും ചോരില്ലെന്ന് ഉറച്ച് വിശ്വസിച്ചു. മേച്ചിൽ പുല്ലിന് കാട്ടിൽ പോകും പോലെ തന്നെയായിരുന്നു തെരുവപ്പുല്ലിനും കാടുകയറിയത്. പലരും വാറ്റുപുരകളുണ്ടാക്കി. വാറ്റുകുഴലിലൂടെ പുൽത്തൈലം ഇറ്റിറ്റ് വീണുകൊണ്ടിരുന്നു.

ആകെയുള്ള ഒരു ബസ്സിന് ചിലർ മൂന്നാറിലേക്ക് കയറി. അവിടെ യൂക്കാലിപ്‌സ് തൈലമെടുപ്പായിരുന്നു. പട്ടിണിയിൽ നിന്ന് അതിജീവനത്തിനുള്ള ശ്രമങ്ങൾ...
ഇത് ഞങ്ങളുടെ ഇടം എന്നു പറഞ്ഞു കൊണ്ട് കാട്ടുമൃഗങ്ങൾ പാടത്തും പറമ്പിലുമിറങ്ങി. ആനയോട്, പന്നിയോട്, കുറുക്കനോട് പടവെട്ടി....

എൺപതുകളുടെ പകുതി വരെ, സഖാവമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ കൈകളിലേക്കായിരുന്നു ഓരോ കുഞ്ഞും പിറന്നു വീണത് - ഞാനും. കുഞ്ഞുങ്ങൾക്ക് പനിച്ചു, ചുമച്ചു, ചൊറിയും ചിരങ്ങും കരപ്പനും വന്നു. കർഷകനായ ഒരേയൊരു വൈദ്യൻ മരുന്നുകൾ മടിയിൽ തിരുകി ഓരോ വീടും കയറിയിറങ്ങി. (അതെന്റെ കൊച്ചുമുത്തശ്ശനായിരുന്നു)

അപ്പോഴേക്കും സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ചിലർ മണ്ണിനടിയിൽ എന്നെന്നേക്കുമായി ആഴ്ന്നു പോയി. ഒരുപാടുപേർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ദുരിതമനുഭവിച്ചവരെ പുനരധിവസിപ്പിച്ചത് ദേവിയാറിലായിരുന്നു. വേനലിൽ കുന്നിൻപുറങ്ങളിൽ ജലദൗർലഭ്യമുണ്ടായിരുന്നെങ്കിലും പൊതുവിൽ സുരക്ഷിതമായിരുന്നു ഈ ഇടം.
അവർ വേനലിൽ കുടവുമെടുത്ത് ആറ്റിലേക്കു നടന്നു. ആറ്റിറമ്പിൽ കുത്തിയ ഓലികളിൽ തെളിനീർ....

പെറ്റു വീണ ഓരോ കുഞ്ഞും വളർന്നു. അവർക്കായി പുൽചാർത്തിൽ നേഴ്‌സറി സ്‌കൂളുണ്ടായി. തുടർന്ന് പുല്ലുമേഞ്ഞപള്ളിക്കൂടം. സ്‌കൂളിനു പിന്നിൽ ഈറ്റക്കാട്, ഊർച്ചാമ്പുറം. ഓരോ കുട്ടിയും ഊർച്ചാമ്പുറത്ത് നിന്ന് ഊർന്ന് താഴെ വയലിൽ ചെന്നു വീണു. അവരുടെ നിക്കറുകൾ തുളഞ്ഞു. വിദ്യാഭ്യാസത്തേക്കാൾ പള്ളിക്കൂടത്തിൽ നിന്നു കിട്ടുന്ന ചോളപ്പൊടി ഉപ്പുമാവിനായിരുന്നു പലരും ചേർന്നത്.

കപ്പ കാലപെറുക്കി കിട്ടുന്നത് പുഴുങ്ങി തിന്നു. തോട്ടിറമ്പിലും വയൽ വരമ്പിലും തഴച്ചു നിന്ന ചൊറിയൻ ചേമ്പ് വിശപ്പടക്കി. ആദ്യം വന്ന മൂന്നേക്കർ കോളനിക്കാർ കൃഷിയുണ്ടായിരുന്നത് കൊണ്ട് ഒരു വിധം പട്ടിണിയില്ലാതെ പിടിച്ചു നിന്നു. ഇരുപത് സെന്റ് കോളനിയിലും ലക്ഷംവീട് കോളനിയിലും ജീവിച്ചവർ പട്ടിണിയുടെ രുചി മാത്രമറിഞ്ഞു. കോളനി കിട്ടിയവരല്ലാതെ തെക്കുനിന്ന് പലരും ഭാഗ്യമന്വേഷിച്ചു വന്നു. അവരും കടുത്ത ദാരിദ്ര്യത്തിൽ പുല്ല് വാറ്റി, ഇഞ്ചി ചുരണ്ടി, കാട്ടിൽ പോയി വിറകുവെട്ടി...

കാട് പല തരത്തിൽ മെരുക്കാനുള്ള ഒന്നായിരുന്നു. കാട്ടിൽ നിന്നുള്ളതെന്തും അവകാശമാണെന്നു കരുതി. എന്റെ സ്‌കൂൾ കാലത്തും കൂട്ടുകാർ കാട്ടിലേക്ക് നടന്നു. പഠനത്തിലും കലയിലും വലിയ മെച്ചമൊന്നുമില്ലെങ്കിലും കായിക രംഗത്ത് മികച്ചു നിന്നു സ്‌കൂൾ.

പക്ഷേ, ഉയർന്ന തലത്തിലേക്ക് മത്സരിക്കേണ്ടവർക്ക് യാത്രയ്ക്ക് പണമുണ്ടായിരുന്നില്ല. അവർ കാട്ടിലെ മരങ്ങളെയാണാശ്രയിച്ചത്. വിറക് വെട്ടി വിറ്റ് മത്സരങ്ങളിൽ പങ്കെടുത്തു. അവരിൽ ചിലരെങ്കിലും പോലീസുകാരോ ഫോറസ്റ്റുകാരോ ആയി മാറി എന്നത് കൗതുകത്തോടെ ഓർക്കുന്നു!

കാട്ടിലേക്ക് കയറിയ ചിലരാകട്ടെ കാട്ടു കള്ളന്മാരായി മാറി!

ആറ്റിനക്കരെ ചെറിയ കവല രൂപപ്പെട്ടു. മലഞ്ചരക്ക് വില്ക്കാൻ, പലവ്യഞ്ജനം മേടിക്കാൻ, അപ്പുച്ചേട്ടന്റെ ചായക്കട .... പക്ഷേ, ദേവിയാറിൽ നിന്ന് ആറ് കടന്ന് കവലയിലേക്ക് പോയത് മുതിർന്നവർ മാത്രമായിരുന്നു. ആറിനു കുറുകെ പാലമുണ്ടായിരുന്നില്ല. ചങ്ങാടമായിരുന്നു ഉണ്ടായിരുന്നത്.

പടിഞ്ഞാറും കിഴക്കും ഏറെ ദൂരെയുണ്ടായിരുന്ന ഓരോ തടിപ്പാലങ്ങളാണ് കവലയുമായും പുറം ലോകവുമായും ഞങ്ങളെ ബന്ധിപ്പിച്ചത്.

വഴികളെല്ലാം ഇടവഴികളായിരുന്നു. ആ ഇടവഴികൾക്കിരുപുറവും പുൽപൊന്തകളായിരുന്നു. അവിടെ പേയും പിശാചും യക്ഷിയും നടമാടി...
മഴക്കാലത്ത് ഞങ്ങൾ ഏറെക്കുറെ ആ പുറംലോകം പോലുമില്ലാതെ ഒറ്റപ്പെട്ടു നിന്നു. എത്രയായിരുന്നു ഞങ്ങളുടെ ഏകാന്തത? എന്തായിരുന്നു ഞങ്ങളുടെ ഏകാന്തതയുടെ അളവുകോൽ?

എല്ലാ കൊല്ലവും മിഥുനം - കർക്കിടകത്തിൽ മഴയിൽ സ്‌കൂളിൽ അഭയാർത്ഥി ക്യാമ്പായിരുന്നു. ഞങ്ങൾക്ക് പഠിത്തമല്ല. വീട്ടിലിരുപ്പ്... ഉരുൾപൊട്ടലിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയാണ്. പുറത്തേക്കിറങ്ങാനേ വയ്യ. ഒടിഞ്ഞ വാഴയിലെ മുക്കാത്ത കായകളും വാട്ടു കപ്പയും ചക്കക്കുരുവും മറ്റുമാണ് അക്കാലത്ത് വിശപ്പു മാറ്റിയത്.

ഇപ്പോഴും കുറച്ചു ദിവസങ്ങൾ ഈ ഒറ്റപ്പെടലിൽ എത്താറുണ്ട്. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം കാടുകൾക്കിടയിലെ റോഡ് മിക്കവാറും മണ്ണിടിഞ്ഞ് ദിവസങ്ങളോളം ഗതാഗതം നിലയ്ക്കും.

പതുക്കെ നാട്ടിൽ ഡിസ്‌പെൻസറി വന്നു. കമ്പോണ്ടർ, കമ്പോണ്ടിംഗ് ചെയ്ത് വെച്ച പല നിറമരുന്നുകൾ. ചൊറിക്കും മുറിവിനും വളം കടിയ്ക്കും മറ്റും .... ജൻഷൻ വയലറ്റ്, ചുമയ്ക്കും വയറുവേദനയ്ക്കും ചുവപ്പുമരുന്ന്, വെളുത്ത ഗുളികകൾ... സാമൂഹ്യാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒരു നേരം ഭക്ഷണം നൽകാൻ ഫീഡിംഗ് സെന്ററുകൾ. ...

സർക്കാർ ജോലി കിട്ടും മുമ്പ് അമ്മച്ചി ഫീഡിംഗ് സെന്റർ നടത്തിപ്പുകാരിയായിരുന്നു. രണ്ടാം ക്ലാസ് പകുതിയാകുമ്പോഴാണ് അമ്മച്ചി ജോലി കിട്ടി മറയൂരിലേക്ക് പോയത്.

ഫീഡിംഗ് സെന്ററിൽ നിന്നു കിട്ടിയ കഞ്ഞി ഒരു പ്രത്യേക സാധനമായിരുന്നു. അരിയും ചെറുപയറും ഒരുമിച്ചിട്ട് വെയ്ക്കും. ഉപ്പല്ലാതെ മറ്റൊന്നില്ല. ഇതായിരുന്നു ഞങ്ങൾക്കും തന്നിരുന്നത്. സ്‌കൂളുവിട്ട് വഴിയിലെത്തുമ്പോഴെ ഞാൻ വിളിച്ചു ചോദിക്കും. അരിയും പയറുമില്ലാത്ത ചോറുണ്ടോ എന്ന്.

എത്രയോ പേർ ഈ കഞ്ഞിയ്ക്കായി പാത്രവുമായി നേരത്തെ വന്നു നിന്നിരുന്നു....

ഇന്നാട്ടുകാരുടെ കഠിനാദ്ധ്വാനത്തെക്കുറിച്ച് കോളനിയിലെ ബന്ധുവീടിനെ ഉദാഹരിക്കാറുണ്ട്, അമ്മച്ചി. വെളുപ്പാങ്കാലത്ത് എഴുന്നേറ്റ് കണ്ടത്തിലേക്കിറങ്ങുന്ന കുട്ടികൾ. പണിതീർത്ത് കുളിച്ചു വന്നാൽ കുറച്ച് കഞ്ഞിയും ചമ്മന്തിയും കഴിച്ച് സ്‌കൂളിലേക്കോടും. വൈകിട്ട് സ്‌കൂളുവിട്ടു വന്നാലും പറമ്പിൽ തന്നെ.
അപ്പർ പ്രൈമറി മാത്രമുണ്ടായിരുന്നകാലത്ത് നന്നായി പഠിക്കുമായിരുന്നിട്ടും തുടർന്നു പഠിക്കാനാകാതെ പാടത്തും പറമ്പിലുമായി ജീവിച്ചവരുണ്ട്.

ഹൈസ്‌കൂളായി ഉയർത്തിയ ശേഷം വീണ്ടും സ്‌കൂളിൽ ചേർന്ന് പിന്നീട് ഡോക്ടറായി മാറിയയാൾ ഞങ്ങളുടെ കുടുംബത്തിലുണ്ട്.

പത്താം ക്ലാസ് ജയിച്ചാലും തോറ്റാലും വിശ്വഭാരതി എന്ന പാരലൽ കോളേജിലേക്കായിരുന്നു മിക്കവരുടേയും യാത്ര. .. പകുതി ചെങ്കല്ലു പടുത്ത് ബാക്കി കരിയോയിൽ തേച്ച പനമ്പ് മറ. നിലം പൊടിമണ്ണ്. കോറഷീറ്റു മേഞ്ഞ നീളൻ കെട്ടിടത്തിൽ പനമ്പുകൊണ്ടു തിരിച്ച നാലുക്ലാസ് മുറിയും ഓഫീസും.
ചിലർ മാത്രം ദൂരെ പോയി റെഗുലർ കോളേജുകളിൽ പഠിച്ചു. ആ അപൂർവ്വം ചിലരിൽ ഡോക്ടറും സിവിൽ എഞ്ചിനിയറുമൊക്കെയുണ്ടായി... ഡിഗ്രിയും പി ജി യുമൊക്കെ കഴിഞ്ഞ് വെറുതെ നില്ക്കുന്നവരുടെ ആദ്യ അഭയകേന്ദ്രവും വിശ്വഭാരതിയായിരുന്നു.

ഞങ്ങളുടെ കഠിനമായ ഏകാന്തതയിൽ ദൈവം എവിടെയായിരുന്നുവെന്നൊരു ചോദ്യമുണ്ട്. ഏകാന്തതയുടെ കാലത്ത് ദൈവം ആത്മാവിലായിരുന്നു. വീട്ടകങ്ങളിലായിരുന്നു.

മതം, ജാതി, വർണ്ണം ഒന്നുമൊന്നും അക്കാലത്ത് ഞങ്ങളെ തീണ്ടിയില്ല. ഏകാന്തതയുടെ തുരുത്തിൽ സഹായത്തിനായി എല്ലാവർക്കും എല്ലാവരും വേണമായിരുന്നു.

അമ്പലവും പള്ളിയുമൊന്നുമില്ലായിരുന്നു. ചിലർ അവരവരുടെ പറമ്പുകളിൽ ഉപാസനാമൂർത്തികളെ കുടിയിരുത്തി. കാട്ടിൽ വിറകിനു പോയവർ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇവിടെ ഒരു ജനപദം ഉണ്ടായിരുന്നെന്നോ? കൊടും കാടിനു നടുവിൽ ക്ഷേത്രാവശിഷ്ടം! മലയ്ക്ക് മുകളിൽ ഒരു മുനിയറയുണ്ടായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ... പണ്ടെന്നോ ചിലർ ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ...

പിന്നീട് ജനം കൂടി, ഒരേ വിഭാഗക്കാർ കൂടി, കാടും കാട്ടുമൃഗവും മെരുങ്ങി. കാടിന്റെ നിഗൂഢത ആവാഹിച്ച് നിന്ന മഞ്ഞൊഴിഞ്ഞു. ദാരിദ്ര്യമുണ്ടെങ്കിലും മനുഷ്യർ അപ്പോഴേക്കും ദൈവത്തെ അന്വേഷിച്ചു തുടങ്ങി.

മനസിൽ നിന്ന് അവരെ ആവാഹിച്ചെടുത്ത് ചിലയിടങ്ങളിലായി കുടിവെച്ചു. കുടിവെച്ച പുൽമേച്ചിൽ കൂരകൾ കാലക്രമേണ അമ്പലവും പള്ളിയും കപ്പേളയുമായി മാറി. ഈ മാറ്റം എന്റെ ബാല്യത്തിലും കൗമാരത്തിലുമായിരുന്നു. പക്ഷേ, എല്ലാത്തിനും സാക്ഷിയുമായിരുന്നു. അതുകൊണ്ട് ദൈവത്തേക്കുറിച്ച് പറഞ്ഞു വന്നവരോടൊക്കെ ഞാൻ കലഹിച്ചു.

പക്ഷേ, എത്രയോ പേർ സുവിശേഷങ്ങളിൽ, മതപ്രഭാഷണങ്ങളിൽ, തീവ്ര ചിന്തകളിൽ, തീവ്രപ്രത്യയശാസ്ത്രങ്ങളിൽ വീണു പോയി. ചിലരെയെങ്കിലും അവിടെ നിന്നൊക്കെ കൈ പിടിച്ചുയർത്താൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മസ്തിഷ്‌ക പ്രക്ഷാളനത്താൽ മാറിപ്പോയ അവർ കൂടുതൽ കരുത്തോടെ ന്യായമുരുവിട്ടു.

നാടിന്റെ ഭൂതകാലത്തേക്ക് നോക്കി മാത്രമേ എനിക്ക് ദൈവത്തെ കാണാനായുള്ളൂ. ആ ഭൂതകാലത്തിൽ ജാതിയും മതവും നോക്കാതെ എത്രയോ വിവാഹങ്ങൾ നടന്നു. അതിലൊരു പ്രണയിയുടെ മകളായിരുന്നു ഞാനും. ഇപ്പോഴും നടക്കുന്നുണ്ട്. ചിലരെല്ലാം അധികാരമുള്ളവരുടെ മതങ്ങളിലേക്ക് ചേക്കേറിയെന്നു മാത്രം.

പിന്നെ, പള്ളികളും അമ്പലങ്ങളും എത്രയെത്ര! അവയുടെ എടുപ്പുകൾ എത്ര വലുതായി!
മനസ്സുകൾ വലുതായോ എന്തോ?

വഴക്കുകളൊന്നും അധികകാലം നീണ്ടില്ല. പരസ്പരം കണ്ടാൽ കുത്തിക്കൊന്നേക്കും എന്ന് തോന്നിച്ച ചില വഴക്കുകൾ ഓർമയിലുണ്ട്. വർഷങ്ങൾക്കു ശേഷം ആ ബദ്ധവൈരികളെ കണ്ട് ഞാൻ നാണിച്ചു നിന്നിട്ടുണ്ട്.

സാഹിത്യം വായിച്ചാർജ്ജിച്ച, സിനിമ കണ്ടാർജ്ജിച്ച വൈരിയായിരുന്നു എന്റെ സങ്കല്പത്തിലുണ്ടായിരുന്നത്. .. എന്നാലവർ എന്നെ നാണിപ്പിച്ച്, എന്നെപ്പോലെ വിചാരിച്ചവരെയത്രയും നാണിപ്പിച്ച് തോളിൽ കൈയ്യിട്ട് അപ്പുച്ചേട്ടന്റെ ചായക്കടയിലേക്ക് കയറിപ്പോയി!

ഞാനിങ്ങനെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ -
ഈ നാടിനങ്ങനൊരു കാര്യമുണ്ട് - സ്‌നേഹം, സഹകരണം, പാരസ്പര്യം എന്ന് കണ്ണൻ ചേട്ടനും കുഞ്ഞിക്കയും പ്രദീപ് ചേട്ടനും കല ചേച്ചിയുമൊക്കെ ഒരുമിച്ചു പറയുന്നു.

ആശുപത്രി വികസിച്ചു. സ്‌കൂൾ എത്രയോ വലുതായി. കരിയോയിലടിച്ച പലക മറകൾ -പുല്ലും ഓലയുമൊക്കെപ്പോയി.... എല്ലാം കോൺക്രീറ്റാവുന്നു.

കവല വികസിച്ചു. റോഡ് നാഷണൽ ഹൈവേയായി. മൂന്നാറിലേക്കുള്ള വണ്ടികൾ ഇടതടവില്ലാതെയോടി. ഇന്ന് ഒരു ടൂറിസ്റ്റ് സ്‌പോട്ടാണിവിടം. വിനോദ സഞ്ചാരികൾക്ക് നൽകാൻ അൻപതിലേറെ മുറികൾ, ഹോംസ്റ്റേകൾ, ബഹുനില മന്ദിരങ്ങൾ.... രണ്ടാം തലമുറയിലും മൂന്നാം തലമുറയിലും സർക്കാർ ജോലിക്കാർ, പ്രവാസികൾ, തോട്ടമുടമകൾ, ടൂറിസ്റ്റ് ബിസിനസുകാർ ഒപ്പം വാറ്റ്, ഇടുക്കി ഗോൾഡ്....

എന്നിട്ടും മഴക്കാലത്ത് നേര്യമംഗലത്തു നിന്നുള്ള പാതയിൽ മണ്ണിടിയും, ഉരുൾപൊട്ടും. ഒന്നും രണ്ടും മാസം പരസ്പര ബന്ധമില്ലാതെ ഏകാന്തവാസികളാവും. ക്വാറന്റൈൻ എന്ന വാക്കോ ലോക് ഡൗൺ എന്ന വാക്കോ ഞങ്ങൾക്ക് പരിചിതമല്ലെങ്കിലും അവയുടെ ശീലം എന്നുമുണ്ടായിരുന്നു. പ്രകൃതി ഞങ്ങളെ ഓരോ കൊല്ലവും കുറച്ച് ദിവസമെങ്കിലും വീട്ടിലിരുത്തി.

ഇതാണ് സുഹൃത്തുക്കളെ ഞങ്ങളുടെ ഏകാന്തത! ഏകാന്തതയുടെ അറുപത് വർഷങ്ങൾ!...


Summary: "സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകൾ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാൻ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കർ കോളനി നൽകിയത് മറയൂരായിരുന്നു. മഴനിഴൽ താഴ്വരയിൽ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പലർക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാൻ നേരമാണ് നേര്യമംഗലം കാടിനോട് ചേർന്ന് ആറ്റോരത്ത് മൂന്നേക്കർ വീതം നൽകി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ 1957 ജനുവരിയിൽ...."


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments