കമ്മ്യൂണിസം മഹാ അപരാധമായിരുന്ന കെന്യ,
മഖൻ സിംഗ് എന്ന കമ്മ്യൂണിസ്റ്റ്

ഞങ്ങൾ അവിടെയുളള കാലത്ത് കമ്മ്യൂണിസം എന്ന് ചിന്തിക്കുന്നതു പോലും മഹാ അപരാധമായിരുന്നു, ഇന്ന് വീണ്ടും കെന്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നിരിക്കുന്നു. അതൊരു വലിയ മാറ്റം തന്നെയാണ്.

ആഫ്രിക്കൻ
വസന്തങ്ങൾ- 20

ഖൻസിംഗ്. കെന്യയുടെ മഖൻ സിംഗ്. കേട്ടിട്ടുണ്ടോ, അങ്ങനെ ഒരാളെപ്പറ്റി?

ചരിത്രം പഠിക്കുന്ന ചില വിദ്യാർത്ഥികളൊഴിച്ച്, കെന്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ഉൽഭവവും വളർച്ചയും ആത്മാർത്ഥമായി പഠിക്കുന്ന കമ്മ്യൂണിസ്റ്റുകാരൊഴിച്ച്, കൂടുതൽ പേർക്കും ഇന്ന് മഖൻ സിംഗ് എന്നത് ഏതോ ഒരു സിംഗ്. അത്രമാത്രം. എന്നാൽ കെന്യാചരിത്രത്തിൽ ഒരിക്കൽ ജോമോ കെന്യാറ്റയ്ക്ക് സമശീർഷനായി നിന്ന, കെന്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഒരു മഖൻ സിംഗ് ഉണ്ടായിരുന്നു. കെന്യയിൽ ഏറ്റവും കൂടുതൽ കാലം കോളനി യജമാനന്മാരുടെ തടവിൽ കഴിഞ്ഞ വ്യക്തി (16 വർഷം) . കെന്യയിൽ അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേദ്ധ്യനായ നേതാവ്. (ഞങ്ങൾ അവിടെ ഉള്ള കാലത്ത് കമ്മ്യൂണിസം എന്ന് ചിന്തിക്കുന്നതു പോലും മഹാ അപരാധമായിരുന്നു എന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നു), ഇന്ന് വീണ്ടും കെന്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നിരിക്കുന്നു. അതൊരു വലിയ മാറ്റം തന്നെയാണ്.

മഖൻ സിംഗ് പാകിസ്ഥാനിലെ (അന്നത്തെ “അഖണ്ഡ“ഭാരതത്തിൽ) ഗുജ്രൻവാലയിലാണ് ജനിച്ചത്. 1930ൽ തന്റെ മാതാപിതാക്കളോടൊപ്പം കെന്യയിലേക്ക് കുടിയേറുകയായിരുന്നു. കെന്യ-ടാൻസാനിയാ-സാംബിയ വഴിയുള്ള “ടാസാറേ”യുടെ (കിഴക്കൻ ആഫ്രിക്കയെ തെക്കുമായി ബന്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് യജമാനന്മാർ വിഭാവനം ചെയ്ത റെയിൽ‌പ്പാതയാണ് “ടാസാറേ” എന്ന് അറിയപ്പെട്ടത്) ആദ്യ ഘട്ടത്തിലാണ് ഇന്ത്യയിൽ നിന്ന് നൂറുകണക്കിനു തൊഴിലാളികളെ ബ്രിട്ടീഷ് സർക്കാർ കെന്യയിലേക്ക് കപ്പൽ കയറ്റിയത്. അവരിൽ ഏറിയ പങ്കും സിഖ് വംശജരായിരുന്നു. അവരുടെ കായികശേഷിയും തളരാത്ത ഉത്സാഹശീലവും ആയിരിക്കണം അവരെത്തന്നെ തെരഞ്ഞെടുക്കാൻ കാരണമായത്. ഒന്നോർത്തു നോക്കൂ, വെള്ളക്കാരന്റെ വംശീയക്കണ്ണിന്റെ സൂക്ഷ്മത.

ദക്ഷിണാഫ്രിക്കയിലെ കരിമ്പിൻത്തോട്ടങ്ങളിൽ പണിയെടുക്കാനായി എത്തിച്ച ഇന്ത്യക്കാർ Photo: Killie Campbell Library
ദക്ഷിണാഫ്രിക്കയിലെ കരിമ്പിൻത്തോട്ടങ്ങളിൽ പണിയെടുക്കാനായി എത്തിച്ച ഇന്ത്യക്കാർ Photo: Killie Campbell Library

ഇതേ കാലഘട്ടത്തിനു മുൻപായിരിക്കണം ദക്ഷിണാഫ്രിക്കയിലെ കരിമ്പിൻ തോട്ടങ്ങളിൽ പണിയാൻ കറുത്ത നിറമുള്ള തമിഴ്നാട്ടുകാരെയും തെലുങ്കു നാട്ടുകാരെയും മലയാളികളെയും (പലപ്പോഴും ബലപ്രയോഗത്തിലൂടെ) പറ്റം പറ്റമായി കപ്പൽ കയറ്റി ദർബൻ തുറമുഖത്തേക്ക് അയച്ചത്. (ദർബനിൽ ആദ്യമായി ചെന്നിറങ്ങിയപ്പോൾ അവിടെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഒരു ടെലിഫോൺ ഡയറക്ടറി ഉണ്ടായിരുന്നു. അതിൽ ഞാൻ “നായിഡു” എന്നും “പിള്ള” എന്നുമുള്ള എൻട്രികൾ എത്രയുണ്ടാവും എന്ന് വെറുതേ ഒന്നു പരിശോധിച്ചു. നായിഡു 30 പേജും പിള്ള 21 പേജും!)

മഖൻ സിംഗ് കിഴക്കൻ ആഫ്രിക്കയിലെ തൊഴിലാളികളുടെ നരകജീവിതത്തെപ്പറ്റി വളരെ വേഗം പഠിക്കുകയും അവരെ സംഘടിപ്പിച്ച് കെന്യ കേന്ദ്രീകരിച്ച് ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരിക്കുകയും ചെയ്തു. അസാധാരണമായ സംഘടനാ- പാടവമുള്ള ഒരു നേതാവായിരുന്നൂ മഖൻ സിംഗ്.

കെന്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്ന മഖൻ സിംഗ് / Photo: Facebook/kenyankalasingha
കെന്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്ന മഖൻ സിംഗ് / Photo: Facebook/kenyankalasingha

“ദാസ് കാപ്പിറ്റൽ” വായിച്ചതോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും അവയിൽ തന്റെ ജീവിതലക്ഷ്യം കണ്ടെത്തുകയും ചെയ്തത്. 1950-ൽ നയ്റോബിയിലെ “കലൊലേനി പാർക്കി“ൽ നടന്ന മെയ് ദിന റാലിയിൽ സംസാരിക്കവേ മഖൻസിംഗ് “ഉഹുറു സാസാ“ (Freedom Now) എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചു. (ഒരുപക്ഷേ ഗാന്ധിജിയുടെ “ക്വിറ്റ് ഇന്ത്യ” മുദ്രാവാക്യമായിരുന്നിരിക്കണം അതിന് പ്രചോദനമായത്) 1963ൽ കെന്യ സ്വതന്ത്രയായതിനു ശേഷം ഏറ്റവും അവസാനം വിട്ടയക്കപ്പെട്ട പ്രമുഖ നേതാവാണ് മഖൻ സിംഗ്. 1973-ൽ അദ്ദേഹം അന്തരിച്ചു. അപ്പോഴേക്ക് കെന്യന്മാർ പാടിപ്പുകഴ്ത്തിയിരുന്ന “മട്ടുൻഡാ യാ ഉഹുറു” ( സ്വാതന്ത്ര്യത്തിന്റെ കനി) കിട്ടാക്കനിയാണെന്ന്  അദ്ദേഹവും ദുഃഖത്തോടെ മനസ്സിലാക്കിയിരിക്കണം. സാധാരണ കെന്യന്മാർക്ക് അത് എന്നും കിട്ടാക്കനിയായി തുടർന്നു.

മഖൻ സിംഗിന്റെ സ്മാരകമായി നയ്റോബിയിലെ “ങ്ഗാരാ“ (Ngara) എന്ന തിരക്കേറിയ ഇന്ത്യൻ അങ്ങാടിയിൽ ഒരിടത്ത് “മഖൻ സിംഗ് ലെയ്ൻ” എന്ന ഒരു ചെറിയ റോഡ് ഉണ്ട്. അത്ര തന്നെ. അദ്ദേഹം പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച ഒരു അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു. ചരിത്രം തന്നെ എങ്ങനെ ഓർമ്മിക്കണമെന്ന് അദ്ദേഹം പ്രവചിച്ചൊന്നുമില്ല.  മഖൻ സിംഗിനെ കൂടാതെ കെന്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി ചേർന്ന് പോരാടിയ അനേകം ഇന്ത്യൻ വംശജർ ഉണ്ട്. പിയോ ഗാമ പിന്റോ, മണിലാൽ അംബലാൽ ദേശായ്, അലിഭാഇ മുള്ളാ ജീവൻജി തുടങ്ങിയ “മുൻപേ നടന്നവർ”.

 മണിലാൽ അംബലാൽ ദേശായ്, അലിഭാഇ മുള്ളാ ജീവൻജി, പിയോ ഗാമ പിന്റോ
മണിലാൽ അംബലാൽ ദേശായ്, അലിഭാഇ മുള്ളാ ജീവൻജി, പിയോ ഗാമ പിന്റോ

സ്വാതന്ത്ര്യ- സമ്പാദനത്തിനു ശേഷം കെന്യയുടെ സാമ്പത്തിക -രംഗത്ത് ഇന്ത്യൻ അഥവാ ഏഷ്യൻ സമൂഹങ്ങൾ പിടിമുറുക്കുകയും അത് അധികാരമേറ്റ കെന്യൻ ആഫ്രിക്കൻ സമൂഹത്തെ ന്യായമായും ചൊടിപ്പിക്കയും ചെയ്തു. നയ്പാൾ ചൂണ്ടിക്കാട്ടിയതു പോലെ “പ്രതീകാത്മക ചൂഷകരായ ബ്രിട്ടീഷുകാരിൽ നിന്ന് സമ്പത്തിന്റെ ഉടമസ്ഥാവകാശം യഥാർത്ഥ ചൂഷകർ (ഇന്ത്യൻ വംശജരായ നവ കാപ്പിറ്റലിസ്റ്റുകൾ) ഏറ്റെടുത്തിരിക്കുന്നു.” ധാരാളം ഇന്ത്യൻ വംശജർ സജീവ സാമൂഹികപ്രവർത്തനരംഗത്തു നിന്ന് സ്വയമേവ ഉൾവലിയുകയോ ആഫ്രിക്കൻ ഗോത്രവർഗ്ഗസംഘർഷങ്ങൾക്കിടെ മറക്കപ്പെടുകയോ ചെയ്തിരിക്കാം. എങ്കിലും കെന്യ വിട്ടു പോകാൻ കൂട്ടാക്കാതെ ആയിരക്കണക്കിനാളുകൾ ആ രാജ്യത്തു തന്നെ പലയിടങ്ങളിലായി ചെറു സമൂഹങ്ങൾ സൃഷ്ടിച്ച് മുന്നോട്ടു പോയി. . മഖൻ സിംഗിനെപ്പോലെ അറിയപ്പെടാത്ത അനേകം ഇന്ത്യൻ വംശജർ ജീവൻ പോലും കൊടുത്തിട്ടുണ്ട്, അവർ സ്വന്തം മണ്ണായി തെരഞ്ഞെടുത്ത കെന്യയ്ക്കു വേണ്ടി.

ങ്ങൾ എത്സ്ഫെത് ഹക്സ് ലിയുടെ “ജ്വാലാശാഖികൾ” തേടുകയായിരുന്നു, തിക്കയിൽ. കണ്ടു കിട്ടിയതോ, വയലറ്റ് ജക്കരാന്തകൾ പൊഴിയുന്ന ആളനക്കം കുറഞ്ഞ നാട്ടുവഴികളുടെ നിശ്ശബ്ദത. ആ ഗ്രാമത്തിൽ ഞങ്ങൾ ശാന്തമായ ജീവിതം തുടങ്ങവേ, എത്യോപ്യയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾ ജോലി തേടി കെന്യയിൽ എത്തി. ചേന്ദമംഗലത്തുള്ള വാസുദേവൻ എമ്പ്രാന്തിരിയും കൊട്ടാരക്കരയുള്ള കോശിയും. വാസുദേവൻ മാഷ് ഒന്നാന്തരം പാചകവിദഗ്ദ്ധൻ കൂടി ആയിരുന്നു. അദ്ദേഹവും പത്നിയും കൂടിയാണ് അഡീസ് അബാബയിലെ ഓണാഘോഷത്തിനും മറ്റുമുള്ള സദ്യ ഒരുക്കിയിരുന്നത്. അവരെയും കൂട്ടി ഞങ്ങൾ നയ്റോബിയിലെ പല സ്ക്കൂളുകളിലും പോയി. ഒരിടത്തും ഒന്നും ശരിയായില്ല. അവസാനം വാസുദേവൻ മാഷ് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. പോരും മുൻപ് അദ്ദേഹം നയ്റോബിയിൽ നിന്ന് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങി. “നാട്ടിൽ ചെന്ന് എന്തെങ്കിലും ചെയ്യണ്ടേ,“ എന്ന് ആത്മഗതം പോലെ മന്ത്രിച്ച് അദ്ദേഹം പ്ലെയ്ൻ കയറി. പ്രതീക്ഷിച്ച ജോലി ഒന്നും തരപ്പെടാതിരുന്നതിൽ മാഷ് ഖിന്നനായിരുന്നു.

എൽസ്പെത്ത് ഹക്സ് ലി
എൽസ്പെത്ത് ഹക്സ് ലി

കോശി വിട്ടു പോയില്ല. മാഷക്ക് നയ്റോബി വിട്ട് മറ്റൊരിടത്ത് ജോലി അന്വേഷിച്ചു പോകാൻ താൽ‌പ്പര്യമില്ലായിരുന്നു. കോശിയെയും കൊണ്ട് ഞങ്ങൾ നക്കുറുവിലുള്ള എന്റെ സഖിയുടെ ചെറിയച്ഛന്റെയടുത്തേക്ക് യാത്രയായി. ഭാഗ്യവശാൽ അവിടെ ഒരു സ്ക്കൂളിൽ അയാൾക്ക് ജോലി കിട്ടി. ഒരു മാസത്തിനകം കോശി തന്റെ കുടുംബത്തെയും കൊണ്ടു വന്നു. നഗരത്തിൽ നിന്നെല്ലാം അകലെയാണെങ്കിലും കോശിക്ക് പരാതി ഇല്ലായിരുന്നു. എത്യോപ്യൻ ഗ്രാമങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിതസൌകര്യങ്ങളുള്ള ഒരിടത്താണ് അവർ ജോലി ചെയ്തത്. താമസിച്ചത് നക്കുറുവിലും. മൂന്നു മാസം ജോലി ചെയ്ത ശേഷം “ദേ പോയി, ദാ വന്നു” എന്നു പറഞ്ഞ് കോശിയും കുടുംബവും സ്ഥലം വിട്ടു. പിന്നീട് കോശിയെപ്പറ്റി ഒന്നും കേട്ടിട്ടില്ല. ഏതാണ്ട് മൂന്നര ദശകങ്ങൾക്കിപ്പുറം ഒരു ദിവസം എന്റെ ഫോണിൽ ഒരു സന്ദേശം വന്നു:

അങ്കിൾ, ഞാൻ ഗീതയാണ്. അഡീസിൽ ഉണ്ടായിരുന്ന വാസുദേവൻ മാഷുടെ മകൾ. മുൻപ് എത്യോപ്യയിൽ ഉണ്ടായിരുന്നവരുടെ ഒരു വാട്സപ് ഗ്രൂപ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഞാൻ. അങ്കീളിനെയും ആന്റിയെയും കൂടി ചേർത്തുകൊള്ളട്ടെ?

അങ്ങനെ ഞങ്ങൾ ആ ഗ്രൂപ്പിൽ ചേർന്നു. കുറച്ച് പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ (ചാറ്റുകളിലൂടെ) കഴിഞ്ഞു. കാലക്രമേണ familiarity breeds contempt എന്ന ചൊല്ലിനു ചേർന്ന അന്തരീക്ഷം ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടാവുകയും കാര്യങ്ങൾ കൈവിടും മുൻപ് ഞങ്ങൾ അതിൽ നിന്ന് വേർപിരിയുകയും ചെയ്തു.

മഖൻ സിംഗിന്റെ സ്മാരകമായി നയ്റോബിയിലെ “ങ്ഗാരാ“ (Ngara) എന്ന തിരക്കേറിയ ഇന്ത്യൻ അങ്ങാടിയിൽ ഒരിടത്ത് “മഖൻ സിംഗ് ലെയ്ൻ” എന്ന ഒരു ചെറിയ റോഡ് ഉണ്ട്. Facebook/kenyankalasingha
മഖൻ സിംഗിന്റെ സ്മാരകമായി നയ്റോബിയിലെ “ങ്ഗാരാ“ (Ngara) എന്ന തിരക്കേറിയ ഇന്ത്യൻ അങ്ങാടിയിൽ ഒരിടത്ത് “മഖൻ സിംഗ് ലെയ്ൻ” എന്ന ഒരു ചെറിയ റോഡ് ഉണ്ട്. Facebook/kenyankalasingha

ഇക്വേറ്റർ സ്ക്കൂളിനു നയ്റോബിയിലേക്ക് പോകുകയും വരികയും ചെയ്യുന്ന ഒരു സ്ക്കൂൾ വാൻ ഉണ്ടായിരുന്നു. ഏതാണ്ട് പന്ത്രണ്ട് ടീച്ചർമാർ നയ്റോബിയിൽ നിന്ന് വന്നു പോകുന്നവർ ആയിരുന്നു. ഹെഡ് മാസ്റ്റർ ഡിസൂസയും ബർസർ- കം- ടീച്ചർ ആയിരുന്ന ഗ്രിഗറി തിയോഫിലിസും ഉൾപ്പടെ. ഗ്രിഗറി “ജി റ്റി” എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അയാളും ഗോവക്കാരൻ തന്നെ. ഡിസൂസയും ജി റ്റിയും സ്ക്കൂളിൽ ഉണ്ടായിരുന്നത് ഞങ്ങൾക്ക് വലിയൊരു അനുഗ്രഹമായിരുന്നു. അവരില്ലാത്തപ്പോൾ ഗുജറാത്തികളുടെ സാമ്രാ‍ജ്യമായിരുന്നു അത്. സ്ക്കൂൾ വാനിൽ ഞങ്ങൾ  വാരാന്ത്യങ്ങളിൽ നയ്റോബിയിൽ പോയിരുന്നു. പങ്ഗാനിയിലെ ജയന്റെയും രാധയുടെയും വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ബ്രിട്ടീഷ് കൌൺസിൽ വായനശാലയിൽ പോകുക, ഒരു മാസത്തേക്കു വേണ്ട പുസ്തകങ്ങൾ എടുക്കുക. അതായിരുന്നു ആദ്യത്തെ പ്രധാന ജോലി. പിന്നെ നല്ല സിനിമകൾ വല്ലതും ഉണ്ടെങ്കിൽ കാണുക. മോൾക്ക് എല്ലാ മാസവും അന്നത്തെ പോപ്പുലർ കളിപ്പാട്ട ശൃംഖലയായ “ലെഗോ”യുടെ ഓരോരോ ചെറിയ സെറ്റുകളായി വാങ്ങി വലിയൊരു ലെഗോ കുറച്ചു മാസങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുക്കുക; ഇതൊക്കെയായിരുന്നു പ്രധാന പരിപാടികൾ.

ഇക്വേറ്ററിലെ ജീവിതം സുഗമമായി മുന്നോട്ടു പോയി. കാലക്രമേണ റാവൽ കുടുംബവുമായി നല്ല സൌഹൃദം സ്ഥാപിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. റാവൽ സ്ഥാപനങ്ങളെപ്പറ്റി ഉണ്ടായിരുന്ന എല്ലാ ധാരണകളും ശരിയല്ല എന്ന് അനുഭവത്തിലൂടെ ഞങ്ങൾ അറിഞ്ഞു. മി. റാവലിന് കേരളത്തോടും മലയാളികളോടും കള്ളമില്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. കുശാഗ്രബുദ്ധിയായ ആ ബ്രാഹ്മണൻ ഞങ്ങളെ അവിടെത്തന്നെ നിർത്താൻ എന്തും നൽകാൻ ഒരുക്കമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.അത് ഞങ്ങൾ ചൂഷണം ചെയ്തൊന്നുമില്ല. കേട്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഞങ്ങൾക്ക് മ്മി. റാവലിന്റെ സ്ക്കൂളിൽ നിന്നുണ്ടായത്. അതു  മാത്രമല്ല, ജോലിക്കു കയറി മൂന്നു മാസം കഴിയും മുൻപേ അദ്ദേഹം ഞങ്ങളുടെ പാസ്പോർട്ടുകൾ തിരികെ എത്തിച്ചു. അവയിൽ രണ്ടിലും രണ്ടു വർഷത്തെ വർക്ക് പെർമിറ്റ് മുദ്ര വച്ചിരുന്നു. കെന്യയിൽ താമസിക്കുന്ന പരദേശികൾക്ക് “ഏലിയൻ റജിസ്ട്രേഷൻ” എന്നൊരു നൂലാമാലയുണ്ട്. അതിനൊടുവിൽ ഏലിയൻ റജിസ്ട്രേഷൻ കാർഡ് എന്നറിയപ്പെട്ടിരുന്ന ഒരു ഐഡന്റിറ്റി കാർഡ് ലഭിക്കും. അതും കൂടി മി. റാവൽ ഞങ്ങൾക്കായി എടുത്തു തന്നു.

 ദാനിയൽ അരാപ് മോയ്
ദാനിയൽ അരാപ് മോയ്

മി. റാവൽ ഒരു കറതീർന്ന ഗുജറാത്തി ആയിരുന്നു; വലിയ മനുഷ്യസ്നേഹിയൊന്നും അല്ലായിരുന്നു. നല്ല ഒരു കച്ചവടക്കാരൻ. തിക്കയിലെ മറ്റു ഗുജറാത്തികൾക്ക് തന്നോടുള്ള അവജ്ഞ മി. റാവലിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ആ സമൂഹവുമായി ഉള്ളിൽ കലഹിച്ചു കൊണ്ട്, പുറമേ സമുദായസ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ ഗുജറാത്തി കച്ചവടക്കാരിൽ നിന്ന് മി. റാവലിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യത്യസ്തരാക്കിയിരുന്ന ഒരു കാര്യം വിദ്യാഭ്യാസത്തിന് റാവൽ കുടുംബം നൽകിയിരുന്ന പ്രാമുഖ്യം തന്നെയായിരുന്നു എന്ന് പിന്തിരിഞ്ഞ് നോക്കുമ്പോൾ തോന്നുന്നു. അദ്ദേഹത്തിന്റെഏറ്റവും മൂത്ത സഹോദരൻ ഒരു കാലത്ത് (ജോമ്മോ കെന്യാറ്റ അധികാരത്തിലുള്ളപ്പോൾ) കെന്യയിലെ പൊലീസ് കമ്മീഷണർമാരിൽ ഒരാൾ ആയിരുന്നു. കെന്യാറ്റയുടെ വിശ്വസ്തൻ.

മഖൻ സിങും ജോമോ കെന്യാറ്റയും 1961ൽ നെയ്റോബിയിൽ
മഖൻ സിങും ജോമോ കെന്യാറ്റയും 1961ൽ നെയ്റോബിയിൽ

അങ്ങനെയുള്ളവരെ ആരെയും “താക്കോൽ സ്ഥാന”ങ്ങളിൽ തുടരാൻ കെന്യാറ്റയുടെ പിൻഗാമി ദാനിയൽ അരാപ് മോയ് അനുവദിച്ചില്ല. 1982ലെ പരാജയപ്പെട്ട പട്ടാളവിപ്ളവം മോയ് യെ കൂടുതൽ ശക്തനും നിഷ്ഠുരനും ആക്കി. മോയ് എവിടെ വിദേശ സന്ദർശനം നടത്തി തിരിച്ചു വന്നാലും കെന്യാറ്റ എയർപോർട്ടിൽ ഒരു വമ്പൻ സ്വീകരണയോഗം ഉണ്ടാവും. ആ യോഗത്തിൽ മോയ് താൻ ആരെയൊക്കെ ചവിട്ടിത്താഴ്ത്തണം എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ അവരെ ഒന്നൊന്നായി വാക്കുകൾ കൊണ്ട് “വധിക്കും”. മന്ത്രിമാരെപ്പറ്റി പറയുമ്പോൾ അദ്ദേഹം പരിഹാസത്തോടെ പറയും, “ എവിടെ എന്റെ വിദ്യാഭ്യാസമന്ത്രി? ഒളിച്ചിരിക്കാതെ എഴുനേറ്റു നിൽക്കണം!“

ആ നിർഭാഗ്യവാൻ എഴുനേറ്റുനിൽക്കും. അയാളെ എത്ര നികൃഷ്ടമായി തേജോവധം ചെയ്യാമോ അത് മോയ് ചെയ്യും. ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, “ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ എന്തുകൊണ്ടാണ് ഇത്ര നിർദ്ദയമായി പെരുമാറുന്നതെന്ന്. കെന്യാറ്റ ജീവിച്ചിരുന്ന കാലത്ത് ഞാൻ അയാളുടെ താളത്തിനൊത്ത് തുള്ളി. ഇന്ന് കെന്യയിലുള്ള എല്ലാവരും എന്റെ താളത്തിനൊത്തു വേണം തുള്ളാൻ.” (When Kenyatta was President, I danced to his tune. Today, I want everyone to dance to my tune.) ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നത് പിറ്റേന്നത്തെ “ഡെയ്ലി നേഷൻ” തുടങ്ങിയ പത്രങ്ങളിൽ അച്ചടിച്ചു വന്ന മോയ് യുടെ സ്വന്തം വാക്കുകളാണ്. പരസ്യമായി തന്റെ എതിരാളികളെ അപമാനിക്കുക എന്നത് മോയ് യുടെ ശൈലിയാണ്. ആ ശൈലി സമകാലീനരായ നേതാക്കളെ ആരെയെങ്കിലും അനുസ്മരിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് യാദൃച്ഛികമായിരിക്കുമോ?

മോയ് ഒരുപക്ഷേ മുൻപേ പറന്ന ഒരു പക്ഷിയായിരുന്നിരിക്കും.

(തുടരും)


Summary: Makhan Singh kenyan trade unionist u jayachandran afrcan vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments