മലങ്കാട്

തമിഴ്​നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ ബാദൂർ ഗ്രാമത്തിൽ നിന്ന്​ നാലു തലമുറകൾക്കുമുമ്പ് മൂന്നാറിലെ ചിറ്റിവാരെ എസ്റ്റേറ്റിലെത്തിയ തൊഴിലാളി കുടുംബത്തിലെ നാലാം തലമുറക്കാരനായ പ്രഭാഹരൻ കെ. മൂന്നാർ, ഒരു തൊഴിലാളി സമൂഹത്തിന്റെ അറിയപ്പെടാത്ത ജീവിതസമരചരിത്രം എഴുതിത്തുടങ്ങുന്നു.

ലമുറകൾക്കുമുമ്പുള്ള തമിഴ്​നാട്ടിലെ ഗ്രാമങ്ങളിൽനിന്നു തുടങ്ങാം.

1860-നുശേഷം കാൽനൂറ്റാണ്ടായി, മഴ പെയ്യാതെ മരുഭൂമിയായിക്കഴിഞ്ഞിരുന്നു ആ ഗ്രാമങ്ങൾ. പട്ടിണിയും പട്ടിണി മരണങ്ങളും നിത്യസംഭവങ്ങൾ. ആ കാലത്താണ്​ ഊട്ടിയിലേയും മൂന്നാറിലേയും കുന്നുകളിൽ ബ്രിട്ടീഷുകാരുടെ തേയിലക്കാടുകൾ സൃഷ്ടിക്കാൻ പോകുന്ന സമൃദ്ധിയുടെ വാർത്തകൾ മദ്രാസ് റെസിഡൻസിയിലെ ഗ്രാമങ്ങളിൽ പാട്ടായത്​. പട്ടിണിയെ അതിജീവിക്കാൻ ഏതു വഴിയിലൂടെയും സഞ്ചരിക്കാൻ തയ്യാറായിരുന്ന ഈ മനുഷ്യർ, ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനത്തിലേക്ക്​ എടുത്തെറിയപ്പെട്ടു. നടന്ന്​ എത്തിപ്പെടുന്ന ഏതു ദൂരവും താണ്ടാം, അവിടെ ഒരു​ പണിയുണ്ടെങ്കിൽ.

ആ കാലത്ത്​ കാഞ്ചിപുരം, മധുര, തിരുച്ചി, തിരുനെൽവേലി എന്നിവിടങ്ങളിലെ മനുഷ്യർ ജോലി തേടി​ തൊട്ടടുത്ത നഗരങ്ങളിലേക്കിറങ്ങുമായിരുന്നു. അപ്പോൾ അവർ ഏതെങ്കിലും കങ്കാണിമാരെ കണ്ടുമുട്ടും. കണ്ണിൽ പെടുന്നവരെയെല്ലാം പറ്റിക്കുന്നവരാണ്​ കങ്കാണിമാർ. ‘ഇന്ത വരുമൈയിലെ കെടന്തു ചാകരത, വിട എസ്റ്റേ റ്റുക്ക് പോണാ പൊള്ളച്ചക്കളാം’ എന്ന വാക്കായിരുന്നു ആ മനുഷ്യരുടെ ആയുസ്സിന്​ അല്പം ആശ്വാസം നൽകിയത്. കൊടും പട്ടിണിയിൽനിന്ന്​ എവിടേക്കുവേണമെങ്കിലും തെറിച്ചുപോകാം എന്ന തീരുമാനത്തിൽ, കങ്കാണിമാർ പറയുന്നത് അവർ അപ്പാടെ വിശ്വസിച്ചു. ആ സമയത്ത് ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന മനുഷ്യരായി അവർ മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, കങ്കാണിമാരുടെ ഉറപ്പിലേറി ആ മനുഷ്യസംഘങ്ങൾ വാൽപ്പാറയിലേക്കും മൂന്നാറിലേക്കും ഊട്ടിയിലേക്കും യാത്ര തുടർന്നു.

‘രക്ഷപ്പെടണമെങ്കിൽ എന്റെ കൂടെ എസ്റ്റേറ്റിലേക്ക് വാ, അല്ലെങ്കിൽ നീയും നിന്റെ കുടുംബവും ഇവിടെക്കിടന്ന്​ മരിക്കും’, പടിയാൻ കങ്കാണി പറഞ്ഞു.

ഒരിക്കൽ കാഞ്ചിപുരം ജില്ലയിൽ അതിഭീകര വരൾച്ചയുണ്ടായി. പിടിച്ചു നിൽക്കാൻ പറ്റാതെ ആടുമാടുകളും മനുഷ്യരും പിടഞ്ഞുവീണു. അവരിൽ ഒരാൾ, വണ്ടിയാൻ കങ്കാണി, ഒരുപിടി നെല്ലിനായി ഗ്രാമങ്ങളിലലഞ്ഞു. വളരെ ചെറിയ പയ്യനായിരുന്നു, പൊടിമീശ മുളയ്ക്കുന്ന പ്രായം. അവനുമുമ്പിൽ രക്ഷകനെ പോലെ ഒരാൾ പ്രത്യക്ഷപ്പെട്ടു; വല്യമ്മാവനും യമഘാതകനുമായ പടിയാൻ കങ്കാണി. ‘‘മാമാ, അരവയത്ത് കഞ്ഞിക്ക് കൂടെ വകുപ്പില്ലെ, ഏതാവതു ചെയ്യുങ്ക’ എന്നഭ്യർത്ഥിച്ചു.
‘രക്ഷപ്പെടണമെങ്കിൽ എന്റെ കൂടെ എസ്റ്റേറ്റിലേക്ക് വാ, അല്ലെങ്കിൽ നീയും നിന്റെ കുടുംബവും ഇവിടെക്കിടന്ന്​ മരിക്കും’, പടിയാൻ കങ്കാണി പറഞ്ഞു. ആ വാക്ക് കേട്ടതോടെ വണ്ടിയാൻ കങ്കാണി ആദ്യം വിസമ്മതിച്ചു. സ്വന്തം നാടിനെയും ബന്ധുക്കളെയും വിട്ടിട്ടുപോകാൻ അദ്ദേഹത്തിന് മനസ്സില്ലായിരുന്നു. എന്നാലും എത്ര കാലങ്ങൾ പട്ടിണിയോട് പൊരുതും എന്നൊരു ചോദ്യം അദ്ദേഹത്തിന്റെ ഉള്ളിൽ പെരുകിപ്പെരുകിവീർത്തു. ‘നന്നായി ചിന്തിച്ചിട്ടുമതി’ മതി എന്നുപറഞ്ഞ്​ കയ്യിലിരുന്ന ഒരണ കൊടുത്ത്, വീട്ടിലേക്ക്​ എന്തെങ്കിലും മേടിച്ചു കൊടുക്കാൻ പറഞ്ഞ്​ പടിയാൻ പോയി.

മൂന്നാറിലെ പഴയകാല റോഡ് / Photo: robinmoolamattom

ഭൂമിയിൽ ഇതുവരെ കിട്ടാത്ത അത്രയും വിലപിടിപ്പുള്ള എന്തോ ഒന്നായി, വണ്ടിയാന്,​ ആ കാശ്. തിന്നാൻ കുറച്ചു സാധനങ്ങൾ വാങ്ങി, പട്ടിണി തിന്നുമുടിച്ച ആ കുടുംബത്തിലേക്ക് അവൻ കയറിച്ചെന്നു. മാസങ്ങളായി, വല്ലപ്പോഴും മാത്രമേ അവർ ഭക്ഷണം കണ്ടിട്ടുള്ളൂ. വെള്ളവും കിഴങ്ങും വേനലിൽ കിട്ടുന്ന കാനപ്പയറും ധാന്യങ്ങളും മാത്രമായിരുന്നു തിന്നാൻ കിട്ടിയിരുന്നത്​.

വണ്ടിയാനോട് മുത്തശ്ശി കറുപ്പായി ഇടയ്ക്കിടെ പറയും, ‘അടുപ്പ് പൊകഞ്ഞിട്ട് എത്തന കാലമാകുതു, നമ്മ ഊർ വാനം പാത്ത ഭൂമിയാരുച്ചി. വെള്ളം കിട്ടാതെ മന്തയിലുരുന്ന ആടും മാടും ചത്തു. ഇങ്കെ മനുഷ്യനുക്ക് കുടിക്കവേ തണ്ണിയില്ല, മാടുകളുക്ക് എങ്കയിരുന്തു തണ്ണി കിടയ്ക്കും?’

പണം വിളയുന്ന ആ ചെടിയെ കാണണമെന്ന് അവരും ആഗ്രഹിച്ചു. കങ്കാണിമാർക്ക് പണി എളുപ്പമായി. ഈ മോഹ വാഗ്ദാനം ഗ്രാമങ്ങളിലേക്ക് പടർന്നു.

ദാഹിക്കുന്ന വായിക്ക് നീരു പോലുമില്ലാത്ത അവസ്ഥയായിരുന്നു മരുതാട്, ഭാതുർ, തട്ടംപേട്, മേൽമാ, വന്തവാസി, അച്ചരപാക്കം തുടങ്ങിയ ഗ്രാമങ്ങളിൽ. ജീവിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് ഇടയ്ക്കിടെ രാമസ്വാമിയും മുനിയപ്പനും കന്തസ്വാമിയും പൂങ്കാവും സോളയപ്പനും രംഗസ്വാമിയും ശങ്കരനും പൊന്നയ്യാവും ചിന്തിച്ചു കൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും വഴിയില്ലാത്തവരായി അവർ തുടർന്നു. വന്തവാസിയിലും ചുറ്റുമുള്ള ഊരുകളിലും പണിക്കായി അലഞ്ഞുതിരിഞ്ഞു. ഒരു ജോലിയും കിട്ടാതെ വന്നപ്പോൾ കാഞ്ചീപുരം ജില്ലയിലെ മനുഷ്യരെ പിടിക്കാൻ വേണ്ടി അലഞ്ഞുതിരിഞ്ഞ കങ്കാണിമാരുടെ കണ്ണുകളിൽ അവർ പെട്ടു.

‘തേയിലകാട്ടുല പണം വെളയുമാമ്പാ...’ (തേയിലക്കാട്ടിൽ പണം വിളയുന്നു) പെരുമാൾ പിറുപിറുത്തു. ചിലർക്ക് അത് കൗതുകമായിരുന്നു. പണം വിളയുന്ന ആ ചെടിയെ കാണണമെന്ന് അവരും ആഗ്രഹിച്ചു. കങ്കാണിമാർക്ക് പണി എളുപ്പമായി. ഈ മോഹ വാഗ്ദാനം ഗ്രാമങ്ങളിലേക്ക് പടർന്നു. അപ്പാവി ജനങ്ങൾ അത് കണ്ണടച്ച് വിശ്വസിച്ചു. അങ്ങനെ പടിയാൻ കങ്കാണിയും പാപ്പു കങ്കാണിയും പൊന്നൻ കങ്കാണിയും തലകാശുക്ക് തലകളെ ഒപ്പിച്ചു. 25 ആൾക്കാരെ കൊണ്ടുപോയാൽ പെരിയ കങ്കാണിയാകും, 15 ആൾക്കാരെ കൊണ്ടുപോയൽ ചെറിയ കങ്കാണി. എന്തായാലും അവർ കങ്കാണി പദവി ഉറപ്പിച്ചു.

Photo : Sodaran Koluthal

ഗ്രാമത്തിലെ നിസ്സഹായരായ ജനം വാനം പാത്ത ഭൂമിയെ വിട്ട്, ഇതുവരെ കാണാത്ത സ്വപ്നങ്ങളിലൊന്നിലും സങ്കൽപ്പിക്കാൻ പറ്റാതെ പോയ ഏതോ ഒരു സ്ഥലത്തേക്ക് നടന്നുനീങ്ങി. ചിലർ ഒറ്റയ്ക്കും ചിലർ കുടുംബത്തോടൊപ്പവും. കുടുംബങ്ങളെ കിട്ടിയ കങ്കാണിമാർ വളരെ സന്തോഷിച്ചു. കാരണം, തലയ്​ക്കനുസരിച്ചാണ്​ കാശ്​. അവിടെ തലയ്ക്ക് ഒരിക്കലും പഞ്ചമെ ഇല്ലായിരുന്നു, കങ്കാണിമാർക്ക്. ഒരു തലയ്ക്ക് മുക്കാൽ അണ കിട്ടും. അവരെ ജോലിക്കേൽപ്പിച്ചാൽ സകല കാര്യങ്ങളും നോക്കുന്നത് കങ്കാണിമാരാണ്.

ഇതുവരെ കാണാത്ത ദൂരേക്കായിരുന്നു ആ നടത്തം, ഏതാണ്ട്​ 400 കിലോമീറ്റർ വരെ. വീടും നാടും കാടും കടന്ന് ഇതുവരെ കാണാത്ത മലയിലേക്ക്​​. കാണാത്ത അത്ഭുത വസ്തുവായി അവർക്കുമുന്നിൽ മല വിരിഞ്ഞുനിന്നു.

നാടുവിട്ട്​, ബന്ധങ്ങൾ വിട്ട്​, മനസ്സില്ലാമനസ്സോടെ അവർ അറിയാത്തൊരിടത്തേക്കു പോകുന്നു. അറിയാത്തൊരു കാട്ടിലേക്ക്. മലയും കാടും ചേർന്ന സ്ഥലം, അവർ അത്ഭുതപ്പെട്ടു.

സമനിലത്തിൽ മാത്രം ജീവിച്ച് പരിചയമുണ്ടായിരുന്ന വണ്ടിയാൻ കുത്തനെയുള്ള കയറ്റം ഇതാദ്യമായിട്ടാണ് കാണുന്നത്. ‘പണം കായ്ക്കുന്ന മല’ ഇതാണ് എന്ന് ആ പാവം മോഹിച്ചുപോയി. ആ മോഹമാണ് കൊരങ്ങണി മലയിലേക്ക് വണ്ടിയാനെപ്പോലെ, നൂറുകണക്കിന്​ തൊഴിലാളികളെ കയറാൻ പ്രേരിപ്പിച്ചത്​. അവരിൽ അമരാവതിയും അമൃതവും ലക്ഷ്മിയും കറുപ്പായും ചിന്നകൊളന്തയും നടേശനും മുര ഗയ്യായും ചിന്നുവും വീരാസും പെരിയ കരുപ്പനും മുത്തയ്യയും മുത്തനും കരുപ്പസാമിയും വേലുത്തായിയും പഴവച്ചാനും മാരിയപ്പനുമെല്ലാമുണ്ടായിരുന്നു.

തമിഴ്നാട്ടിൽ നിന്ന്​ പഴയ പാത്രങ്ങൾ തലയിൽ ചുമന്ന്​ തിണ്ടിവനം, വിഴുപ്പുരം വഴി തിരുച്ചി തിണ്ടുക്കൽ വത്തലക്കുണ്ടു കടന്ന്​ അവർ തേനിയിലെത്തി. തന്നെപ്പോലെ കുറെ യുവാക്കളെ വണ്ടിയാൻ തേനിയിൽ കണ്ടുമുട്ടി. അവരും മലയിലേക്കാണെന്നറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്കല്ലാ എന്നാശ്വസിച്ചു. ഉള്ളിൽ നേരിയ സന്തോഷം.

Photo : Shihab Valasy

‘എങ്കെ മലക്കാ’ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അയാൾ ചോദിച്ചില്ല. അവരുടെ നടത്തം കണ്ട്, അവരുടെ ഭാവങ്ങൾ കണ്ട്, അവരുടെ കോലങ്ങൾ കണ്ട് അയാൾ മനസ്സിലാക്കി… നമ്മളെപ്പോലെ വരൾച്ച ബാധിച്ച ഗ്രാമങ്ങളിൽ നിന്നാവും ഇവരും. എന്തായാലും പോകുന്നത് ഒരേ വഴിക്കാണ്. അപ്പോൾ ഈ യാത്രയിൽ എവിടെയെങ്കിലും കണ്ടുമുട്ടാം എന്നയാൾ കരുതി.

നാടുവിട്ട്​, ബന്ധങ്ങൾ വിട്ട്​, മനസ്സില്ലാമനസ്സോടെ അവർ അറിയാത്തൊരിടത്തേക്കു പോകുന്നു. അറിയാത്തൊരു കാട്ടിലേക്ക്. മലയും കാടും ചേർന്ന സ്ഥലം, അവർ അത്ഭുതപ്പെട്ടു. നടപ്പാത മാത്രം അവശേഷിക്കുന്ന, ആയിരക്കണക്കിന്​ മരങ്ങളും ചെടിക്കൊടികളും പുല്ലും ഉണ്ണിച്ചെടികളും തിങ്ങിപ്പാർക്കുന്ന കാട്. അതിനിടയിൽ വന്യജീവികൾ, ഇതുവരെ കാണാത്ത ജീവികൾ.

മലയും കുന്നും ചെരിവും കടന്ന്​ മലയുടെ ഉച്ചിയിലേക്ക് നീങ്ങുമ്പോൾ; ‘കങ്കാണീ, നമ്മൾ എങ്ങോട്ടേക്കാണ്’ എന്ന് ആദിമൂലം ചോദിച്ചു. ‘സ്വർഗത്തിക്ക്, പണം കായ്ക്കിറ സ്വർഗത്തുക്ക് ....’, കങ്കാണി ചിരിച്ചു. ആ മനുഷ്യർക്ക് സംശയമൊന്നും തോന്നാനിടയില്ല എന്ന്​ കങ്കാണിമാർ ഉറപ്പിച്ചു. എന്തു പറഞ്ഞാലും വിശ്വസിക്കുന്നവരാണിവർ. അതുകൊണ്ട് കങ്കാണിമാർക്ക് പണി എളുപ്പമായി.

വെട്ടിത്തെളിച്ച ഊട്ടുവഴിയിലൂടെ സാമ്പലാറിലേക്ക് ലക്ഷ്യം വച്ച് ആ പരദേശിക്കൂട്ടം നടന്നുനീങ്ങി. ഇടയ്ക്കിടെ കങ്കാണിമാരുടെ ശബ്ദമുയരും, ‘വേഗം ചെന്നാലോ പണം അല്ലി കൊണ്ടുവരാൻ പറ്റൂ. അല്ലെങ്കിൽ, നമുക്കുമുമ്പ് യാത്ര തിരിച്ചവർ എല്ലാം വാരിക്കൊണ്ടു പോകും, അതുകൊണ്ട് എല്ലാരും വേഗം നടക്കണം’, യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ അവർക്ക് മന്ത്രം പോലെ ഈ ശബ്​ദം കേൾക്കേണ്ടിവന്നു.

യാത്രക്കിടെ അവർ മാനിനെയും കേഴയെയും കുരങ്ങുകളെയും മന്തികളെയും നരിയെയും കണ്ടു. ദൂരത്തിൽ കാട്ടുപോത്തുകൾ കൂട്ടംകൂട്ടമായി നിന്നു. മലഞ്ചെരുവിൽനിന്ന് കസപ്പാ പറഞ്ഞു,
‘എരുമങ്ങങ്കെ കൂട്ടംകൂട്ടമാ നിക്കുതു പാറ്’ (എരുമകൾ കൂട്ടംകൂട്ടമായി നിൽക്കുന്നത് നോക്കൂ).

എസ്റ്റേറ്റ് മേഖലയിലേക്കുള്ള ആദ്യ വരവിൽ കുടുംബത്തോടെ ആരും വന്നിരുന്നില്ല, പലരും തനിച്ചായിരുന്നു. ആ യാത്രയിൽ അവർ പരസ്പരം കാണാനും മിണ്ടാനും തുടങ്ങി. അപ്പോൾ കങ്കാണിമാർ അവരെ നിരീക്ഷിക്കാൻ തുടങ്ങി.

മലയിലെ ഇമ്പുട്ടു എരുമകളാ ഊർമാതിരിതനോ’ (മലയിൽ ഇത്രയധികം എരുമകളോ, നാട്ടിലെ പോലെ?) പച്ചയമ്മാ ചോദിച്ചു.

ഇത്​ കാട്ടുപോത്തുകളാണ്, ഈ കാടുകളിൽ എപ്പോഴും കൂട്ടംകൂട്ടമായി ഇവയുണ്ടാവും എന്ന്​ മുനിയമ്മ പറഞ്ഞു.

നിങ്ങൾക്ക് എങ്ങനെ അറിയാം? എല്ലാവരും ചോദിച്ചു?

എന്റെ അമ്മാവൻ വർഷങ്ങൾക്കുമുമ്പ് ഇവിടെ വരെ വന്നിട്ട് നാട്ടിലേക്ക് തിരിച്ചുവന്നതാണ്, ഈ അട്ടക്കാട്ടിൽ ജീവിക്കാൻ പറ്റില്ല എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്.

ഓനായി, ചെന്നായി, കാട്ടുപന്നി തുടങ്ങിയവ ആ പ്രദേശങ്ങളിൽ പതിവായി വന്നുപോകാറുണ്ടെങ്കിലും പകൽ മാൻ അല്ലാതെ മറ്റ് മൃഗങ്ങളെ കാണാനിടയില്ല എന്നുപറഞ്ഞ് കങ്കാണിക്കാർ അവരെ പറ്റിച്ചു. പെരിയകരുപ്പനും വണ്ടിയാനും പരസ്പരം കണ്ണും കണ്ണും നോക്കി. തിരുനെൽവേലി ജില്ലയിലെ കയത്താറിൽ നിന്ന്​ മൈലുകളോളം യാത്ര ചെയ്ത്​ ബോർഡിനായ്ക്കന്നൂരിൽ എത്തിയ മാടസ്വാമിയുടെയും ചൊല്ലമാടിയുടെയും മൂത്ത മകനാണ് പെരിയ കരുപ്പൻ.

കാഞ്ചിപുരം ജില്ലയിലെ മറുനാട്ടിൽ നിന്ന്​ പല മൈൽ ദൂരം നടന്ന്​ ഇതേ പോലെ യാത്രയിൽ തുടരുന്നവരാണ് വണ്ടിയാനും പെരുമാളും മുത്തനും പൊന്നമ്പലവും. വടക്കത്താൻ പഞ്ചമെൻ പാത്ത തെക്ക് ചീമയിലയിരുന്തും ജനം കൂട്ടംകൂട്ടമായി പലായനം ചെയ്യുന്നു. (തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലാണ് ദാരിദ്ര്യം എങ്കിലും തെക്കേ ജില്ലകളിലും അതേ സ്ഥിതിയാണ് എന്നർത്ഥം). തിരുനെൽവേലിയിൽ നിന്ന്​ 150 കിലോമീറ്റർ ദൂരം നടന്നുതന്നെയാണ് അവർ തേനിയിലെത്തിയത്. തേനിയിൽ നിന്ന്​ ബോഡിനായ്ക്കന്നൂരിലേക്ക് എത്തിപ്പെട്ടവരും കാഞ്ചിപുരത്തിൽ നിന്ന്​ ബോർഡിനായ്ക്കന്നൂരിലേക്കെത്തിപ്പെട്ടരും ഒരേ നിരയിലായി.

തങ്ങൾ മാത്രമാണ് ഈ ഒറ്റപ്പെട്ട ജീവിതം നയിക്കാൻ മൈലുകളോളം നടന്നുനീങ്ങുന്നത് എന്ന ഭാരം പലരുടെയും മനസ്സിനെ അലട്ടി. എസ്റ്റേറ്റ് മേഖലയിലേക്കുള്ള ആദ്യ വരവിൽ കുടുംബത്തോടെ ആരും വന്നിരുന്നില്ല, പലരും തനിച്ചായിരുന്നു. ആ യാത്രയിൽ അവർ പരസ്പരം കാണാനും മിണ്ടാനും തുടങ്ങി. അപ്പോൾ കങ്കാണിമാർ അവരെ നിരീക്ഷിക്കാൻ തുടങ്ങി. ഇനി ഇവർ യാത്ര പാതിവഴി ഉപേക്ഷിക്കുമോ, സംഘം ചേർന്ന്​ തങ്ങളെ എതിർക്കുമോ എന്ന്​ പൊന്നൻ കങ്കാണിയും മാടസാമി കങ്കാണിയും വെപ്രാളപ്പെട്ടു. ‘അവർ പരസ്പരം കാര്യങ്ങൾ സംസാരിച്ചുതുടങ്ങിയോ, നിങ്ങൾ എന്തു പറഞ്ഞിട്ടാണ് അവരെ കൊണ്ടുവന്നത്​’ എന്നു ചോദിച്ചു പൊന്നൻ.

മാടസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞു; ‘നീങ്കെ എൻണ്ണ സോണങ്കിലോ അതെ താൻ’ (നിങ്ങൾ എന്തു പറഞ്ഞു കൊണ്ടുവന്നോ, അതു തന്നെയാണ് ഞങ്ങളും പറഞ്ഞത് ).

ഇനി വേണമെങ്കിൽ നമുക്ക് പരസ്പരം പരിശോധിക്കാം എന്ന് അവർ തമ്മിൽ ധാരണയായി.

മാണിക്യം ഇതിനകം നടന്നു തളർന്നിരുന്നു. എപ്പാ എവിടേക്കാ പോകുന്നത് എന്ന് മാടസ്വാമി ചോദിച്ചു.

മാണിക്യം പറഞ്ഞു, എസ്റ്റേറ്റുക്ക്​.

‘അങ്കെ എന്ന വേലപ്പാ’, മാടസ്വാമി ചോദിച്ചു.

12 പുലരി നടന്നുകഴിഞ്ഞു. നടന്ന്​ തളർന്നാൽ, കിട്ടുന്ന സ്ഥലങ്ങളിൽ കയറിക്കിടക്കും. അപ്പോൾ തേയിലക്കാട്​ മോഹിപ്പിക്കും, ഉടൻ വരൂ… പണം കായ്ക്കുന്ന കാട്ടി​ലേക്കാണ്​ യാത്ര

‘പണം കായ്ക്കുന്ന ഏതോ മരമോ ചെടിയോ ഉണ്ടല്ലോ, അവിടുന്ന് കുറച്ച് പൈസയുണ്ടാക്കി വരാം എന്നു പറഞ്ഞിട്ടാണ് വരുന്നത്. ഇത്രയും ദൂരം എന്ന് ഞാൻ കരുതിയില്ല. വീട്ടിൽ എന്നും ദാരിദ്ര്യവും പട്ടിണിയുമാണ്. ഏഴു മക്കളിൽ ഞാൻ അഞ്ചാമനാണ്. ബാക്കിയെല്ലാം ചേച്ചിമാരും അനിയത്തിമാരും. അച്ഛനും അമ്മക്കും വയസ്സായി. ജോലിയില്ലാതെ എത്ര ദിവസം കഴിഞ്ഞുപോകും. കിളവി പുലമ്പുന്നു, മണ്ണു തിന്നുതന്നെ ഞാൻ ചാകപ്പുറോം, ഏതോ ​കോളറ വന്ന്​ ആടുമാടെല്ലാം ചത്തുപോയി. തണ്ണിയില്ലാതെ നിലമെല്ലാം തരിശു കെടക്കുതു.
ഞാൻ ജനിച്ചതു തൊട്ട് ഇത്രയും ദുരിതങ്ങൾ അവർ അനുഭവിക്കുന്നു. എനിക്കിപ്പോൾ 13 വയസ്സായി. ഞാനാണ് ഈ കുടുംബത്തെ നോക്കേണ്ടത്. കാഞ്ചിപുരം ടൗണിൽവെച്ചാണ്​ പെരുമാൾ കങ്കാണിയെ ഞാൻ കണ്ടുമുട്ടിയത്. അദ്ദേഹമാണ് ഈ നല്ല വഴി കാട്ടിത്തന്നത്​. പുണ്യാളൻ നല്ല ഇരുക്കണം, അയാളുടെ കുടുംബം നന്നായിരിക്കട്ടെ. കുറച്ചുകാലം കഴിഞ്ഞ്, ദാരിദ്ര്യം മാറി നാട്ടിലേക്ക് തിരിക്കാം എന്ന് വിചാരിക്കുന്നു.’ മാണിക്യം പറഞ്ഞു.

തിരുനൽവേലി ചീമയിലെ കയത്താറിൽനിന്നാണ്​ മാടസ്വാമി വരുന്നത്​. വീട്ടിൽ ഭയങ്കര കഷ്ടപ്പാടാണ്​. പത്തു മക്കളിൽ അഞ്ച് ആണും അഞ്ച്​ പെണ്ണുമാണ്​. ചേട്ടന്മാരും ഒപ്പമുണ്ട്​; ‘ഞങ്ങൾ രണ്ടുപേരെ മാത്രമാണ് അവർ കൂട്ടിയത്. ഞങ്ങൾ നന്നായി ജോലി ചെയ്താൽ ബാക്കിയുള്ളവർക്കും ജോലി തരാം എന്നാണ് കങ്കാണി പറഞ്ഞത്. ഇതിനുമുമ്പ് അവിടെ നിന്ന്​ ആരും പുറത്തേക്ക് പോയിട്ടില്ല. ഇപ്പോൾ ഞങ്ങൾ 15 പേർ അവിടെ നിന്ന്​ വരുന്നു.’

പരിചയമുള്ള ആരും തങ്ങളുടെ കൂട്ടത്തിലില്ലെന്ന്​ മാണിക്യം ഓർത്തു. തേനി എത്തിയപ്പോൾ തൊട്ടടുത്ത ഗ്രാമത്തിലെ മാരിയപ്പനെയും മുനിയമ്മയെയും കണ്ടുമുട്ടി. അവരുടെ കങ്കാണി വേറെയാണ്.

കമ്പം തേനി റോഡിൽ നിന്നും / Photo : Emil Isaac

ആഴ്ചക്കു മുമ്പ് നാട്ടിൽ നിന്ന്​ യാത്രയായതാണ്​ മാണിക്യം. 12 പുലരി നടന്നുകഴിഞ്ഞു. നടന്ന്​ തളർന്നാൽ, കിട്ടുന്ന സ്ഥലങ്ങളിൽ കയറിക്കിടക്കും. അപ്പോൾ തേയിലക്കാട്​ മോഹിപ്പിക്കും, ഉടൻ വരൂ… പണം കായ്ക്കുന്ന കാട്ടി​ലേക്കാണ്​ യാത്ര, തങ്കപ്പനും വേലായുധനും കാളിയും മുനീശ്വരിയും മുനിയാണ്ടിയും വേഗം നടന്നുനീങ്ങി. പല മൈലുകൾ നടന്നിട്ടും അവർ തളർന്നില്ല. വഴിയിൽ കള്ളിച്ചെടി മുള്ളുകൾ അവരുടെ കാൽപാദങ്ങളിൽ കോറി. തിരുച്ചിയിൽ നിന്നും മധുരയിൽ നിന്നും അവർക്ക് കൂട്ടായി ഒരുപാടുപേർ ചേർന്നു, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ്​. അവർ ബോഡിനായ്ക്കന്നൂരിലെത്തി. കഴിക്കാൻ എന്തെങ്കിലും കിട്ടിയിരുന്നോ എന്ന ചോദ്യം പരസ്പരം എല്ലാരോടും എല്ലാവർക്കും ചോദിക്കണമെന്നുണ്ടായിരുന്നു.

മുനിയസാമി തളർന്ന ശബ്ദത്തിൽ നാഗപ്പനോട് പറഞ്ഞു, ‘കൊലവാതമാ കൊള്ളുരാങ്കളെ ...’ ( ഭക്ഷണവും വെള്ളവും നൽകാതെ കൊല്ലാക്കൊല ചെയ്യുന്നു).

പെരുമാൾ കങ്കാണി ആ വാക്ക് കാതോർത്ത്​ നാഗപ്പന്റെ ചെവിയടിച്ചു ചോര തുളുമ്പിച്ചു. അവന്റെ ചോദ്യം ബാക്കിയുള്ളവരെ പിന്തിരിപ്പിക്കും എന്നയാൾ കരുതി. ആ ചോര എല്ലാവർക്കുമുള്ള താക്കീതായിരുന്നു. എതിർത്തു ചോദിക്കുന്നവർക്ക് ഇതായിരിക്കും അവസ്ഥ എന്ന മുന്നറിയിപ്പ്​. ‘വാങ്ങുന്ന കാസുക്കു നന്ദി കാണിക്കണം’ എന്നുമാത്രം അയാൾ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കുക മാത്രം ചെയ്​തു. ഇനി എന്തെങ്കിലും ചോദിച്ചാൽ ഈ അവസ്ഥ തങ്ങൾക്കുമുണ്ടാകും എന്നവർ പേടിക്കുകയും ചെയ്​തു. ആ ഭയമായിരുന്നു കങ്കാണികളുടെ വിജയം.

തട്ടാംപേട്ടിലിൽ നിന്നെത്തിയ പൊന്നപ്പൻ കങ്കാണിയുടെ നേതൃത്വത്തിൽ കങ്കാന്മാരുടെ സംഘം ഒരു യോഗത്തിന് മുതിർന്നു. അവർക്ക് പരസ്പരം പരിചയമില്ല. പക്ഷേ, തേയില കാട്ടിലേക്കുള്ള ഈ യാത്ര അവരെ പരിചിതരാക്കി. 400 കിലോമീറ്റർ നടന്നു നീങ്ങാൻ നിർബന്ധിക്കപ്പെട്ട തൊഴിലാളികൾ തിരിച്ചുപോവാനും പറ്റാത്ത അവസ്ഥയിലാണ്. സംഘം ചേർന്നത് തന്ത്രശാലികളായിരുന്നു. ഈ പാവങ്ങളെ എന്തായാലും മലനിരകളിലേക്കെത്തിക്കുമെന്ന് അവരുറപ്പിച്ചു.

‘ഇവരെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല, കാരണം ഇവർ സംഘം ചേർന്നാൽ ഇത്രയും ദൂരം നടന്ന്​ മലയിലേക്ക് കയറില്ല എന്ന്​ സായിപ്പ് പറഞ്ഞത് ഓർമയുണ്ടോ?, കൊരങ്ങണി വരെ ഇവരെ എത്തിച്ചാൽ മതി, ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും, നമുക്ക് തലക്കാശു കിട്ടും’, മാടപ്പൻ കങ്കാണി പറഞ്ഞു.

അടുത്ത ആൾകൂട്ടത്തെ ഇവിടെ എത്തിച്ചാലേ മുഴുവൻ തുകയും കിട്ടൂ എന്ന്​ കങ്കാണിമാർ പോലും അറിഞ്ഞിരുന്നില്ല. ‘ഇവരെ പരസ്പരം വേർതിരിക്കണം, അവർ ഐക്യപ്പെട്ടാൽ നമ്മുടെ കാര്യം നടക്കില്ല’, വേലുച്ചാമി കങ്കാണി താക്കീത് തൽകി.

വീരയ്യ ദേഷ്യപ്പെട്ടു; ‘അവർ പരസ്പരം സംസാരിച്ചു വന്നാൽ മാത്രമേ അവിടെ പിടിച്ചുനിൽക്കത്തുള്ളൂ, നിനക്കറിയില്ലേ, ഇത് മൃഗങ്ങൾ മാത്രം പാർക്കുന്ന കാടാണ്, നമ്മളാണ് ആദ്യം മനുഷ്യരെ കൊണ്ടുപോകുന്നത്, അവർ പരസ്പരം സംസാരിക്കട്ടെ, പക്ഷേ നമ്മൾ ഇടയ്ക്കിടെ നിരീക്ഷിക്കണം’.

ബ്രിട്ടീഷുകാരെക്കാളും ഗൂഢമായി കങ്കാണിമാർ ചിന്തിച്ചു. കങ്കാണിമാർ യോഗം ചേർന്നതോടെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മിണ്ടാൻ തുടങ്ങി.

മാരിചാമി ചൊക്കനെ നോക്കി ചോദിച്ചു, ഇവരൊക്കെ എങ്ങനെ കങ്കാണികളായി?

ചൊക്കൻ പറഞ്ഞു, ‘അതൊരു വലിയ കഥ. ഞാൻ ചെറുപ്പത്തിൽ അപ്പനോട് ചോദിച്ചു ഈ ചോദ്യം. അപ്പോൾ അപ്പൻ പറഞ്ഞു, ഗ്രാമങ്ങളിൽ മഴയില്ലാതെ കൃഷി നശിച്ചു. കമ്പവും ചോളവും റാഗിയും കിട്ടാതായതോടെ ജനം എന്തു ജോലിക്കും പോകുമായിരുന്നു. ടൗണുകളിൽ വലിയ കമ്പനികൾ പണിയാൻ തുടങ്ങിയപ്പോൾ പണിക്ക് ആൾക്കാരെ വേണ്ടിവന്നു. അപ്പോൾ വെള്ളക്കാരുടെ കണക്ക്പിള്ളമാർ മുഖാന്തരം കുറഞ്ഞ കൂലിക്ക് ആൾക്കാരെ എത്തിച്ചു. ആ കണക്കുപിള്ളമാർക്ക് സഹായികളെ ആവശ്യമായിരുന്നു. അവർ ആദ്യം പണിക്കു പോയ ആള്‍ക്കാരെ കങ്കാണികളാക്കി. കങ്കാണി എന്നാൽ കൺകാണിപ്പവർ, നിരീക്ഷിക്കുന്നവർ. പിന്നെ പണിക്ക് ആൾക്കാരെ കൊണ്ടുവരാനും കൂലികൊടുക്കാനും അവരെ പഠിപ്പിച്ചു അങ്ങനെയാണ് നമ്മുടെ നാട്ടുകാർ വെള്ളക്കാരുടെ കങ്കാണികൾ ആവുന്നത്.

‘നമ്മൾ എത്ര മൈലുകളാണ് നടന്നത്. കാലുകൾ ശോഷിച്ചു, എപ്പോൾ എത്തും എന്ന് ഒരു പിടുത്തവുമില്ല’, മാടത്തി നിറകണ്ണുമായി സുപ്പയ്യയോട് മുനുമുനുത്തു. കുറച്ചു ദൂരം നടന്നു നീങ്ങിയ കറുപ്പായി തിരിഞ്ഞു ഒരു വാക്ക് പറഞ്ഞു: എല്ലാം നമ്മെ തലവിധി.

‘നമ്മുടെ മുത്തപ്പന്മാർ വാങ്ങിവന്ന വരമാണിത്​, അനുഭവിച്ചേ പറ്റൂ’, മുനിയമ്മ പറഞ്ഞു.

നാട്ടിൽ നിന്ന്​ തിന്നാൻ കൊണ്ടുവന്ന കാനപ്പയിർ മൂന്നു ദിവസം മുമ്പ്​ കഴിഞ്ഞുപോയി. കമ്പും ചോളവും വയക്കാടുകളിൽ വളമായി. കങ്കാണിമാരുടെ ശബ്​ദം മാത്രം മുഴങ്ങുന്നു, ചുമ്മാവ പണം കായ്ക്കിറകാട്… നടങ്ക…

ബോഡിനായ്ക്കന്നൂരിലേക്ക് തൊഴിലാളികളെ എത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് കങ്കാണിമാർ. ഒരാൾക്ക് പത്തണ കിട്ടിയാൽ 15 പേർക്ക് എത്ര കിട്ടും എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും.

മരുതായും മുരുകനും എവിടേക്കെങ്കിലും രക്ഷപ്പെട്ടലോ എന്നാലോചിച്ചുപോയി. രാത്രി കൂട്ടത്തിൽനിന്ന്​​ പതിയെ അകലാൻ ശ്രമിച്ചു. മുള്ളൻ കങ്കാണി കാട്ടുപന്നിയെപ്പോലെ മുരണ്ടു, ‘ഏയ്, എങ്ക പോരങ്ക?’
‘അയ്യാ, വെളിക്ക്​’
കങ്കാണി ചാട്ടയുമായി മുരുകന്റെ മുമ്പിലെത്തി. പറ്റിക്കാൻ ശ്രമിച്ചാൽ കൊന്നുകളയും എന്ന് താക്കീത് നൽകി. പേടിയും വിറയലുമായി മുരുകനും മരുതായും കൈകൂപ്പി. ‘ആരെങ്കിലും ഓടി രക്ഷപ്പെടാം എന്ന് കരുതിയാൽ കൊന്നുകളയും’, അടിമകളോടെന്നപോലെ കങ്കാണിമാർ ഗർജിച്ചു.

ബോഡിനായ്ക്കന്നൂരിലേക്ക് തൊഴിലാളികളെ എത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് കങ്കാണിമാർ. ഒരാൾക്ക് പത്തണ കിട്ടിയാൽ 15 പേർക്ക് എത്ര കിട്ടും എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും.

എഡ്വേർഡ് ക്ലർക്ക് എന്ന സായിപ്പ് കുതിരവണ്ടിയിൽ ചീറിപ്പാഞ്ഞുവരികയായിരുന്നു. അടിമക്കൂട്ടത്തെ കണ്ടതോടെ അയാൾ ആവേശഭരിതനായി. കങ്കാണിമാരെ അഭിനന്ദിച്ചു. അതിനുമുമ്പുതന്നെ സായിപ്പിനെ കാണുമ്പോൾ എങ്ങനെ പെരുമാറണമെന്ന് കങ്കാണികൾ തൊഴിലാളികളെ പഠിപ്പിച്ചിരുന്നു. കൈകൂപ്പി ‘സലാം ദൊരൈകളെ’ എന്ന്​ എല്ലാവരും സായിപ്പിനെ കുമ്പിട്ടു.

അടിമത്തം അവർക്ക് പുതുമയായിരുന്നില്ല. പലരും സായിപ്പന്മാരെ കണ്ടിട്ടുണ്ട്. പലർക്കും സായിപ്പന്മാരുടെ അടിയും കൊണ്ടിട്ടുണ്ട്. ബൂട്ട്സ് ഇട്ട കാലുകൊണ്ട് തങ്ങളുടെ മുത്തപ്പന്മാരെ സായിപ്പന്മാരുടെ സിൽബന്തികൾ ചവിട്ടുന്നതിന് അവർ ദൃക്സാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് പലർക്കും സായിപ്പന്മാരെ നല്ല പേടിയായിരുന്നു. അവർ എന്തും ചെയ്യും എന്ന് അവർക്കറിയാമായിരുന്നു. പക്ഷേ യുവതലമുറയിലെ വണ്ടിയനും എസക്കിയും മാരിമുത്തുവും ചെല്ലമുത്തുവും പെരിയ കരുപ്പനും ഈ സംവിധാനം അത്ര പരിചിതമല്ല. ചെല്ലിയമ്മാ കെളവിയുടെ വാക്കുകൾ ചൊക്കനും മുത്തുവും കസപ്പാവും ഓർത്തെടുത്തു: ‘സായിപ്പുമാർ ഭയങ്കരൻമാരാണ്, അവർ വിചാരിച്ചാൽ എന്തും നടത്തും, എന്ത് തടസ്സമാണെങ്കിലും അവർ നേരിടും, വേണ്ടിവന്നാൽ കൊല്ലും.’

ബ്രിട്ടീഷുകാർ മർദ്ദിച്ചുകൊന്നവരുടെ കഥകൾ കുഞ്ഞുനാൾ മുതൽ ഞാൻ കേട്ടിട്ടുണ്ട് എന്ന് ചൊക്കനും വണ്ടിയാനും പറഞ്ഞു. അതു കേട്ട പെരിയ കരുപ്പൻ, താൻ കുഞ്ഞിനാളിലെ കേട്ട വീരപാണ്ഡ്യ കട്ടമ്പൊമ്മൻ കഥകളോർത്തു. അങ്ങനെ ബോഡിനായ്ക്കന്നൂരിന്റെ താഴ്‌വരയിലേക്ക് അവർ എത്തിപ്പെട്ടു. തമിഴകത്ത്​ വരൾച്ച കവർന്നെടുക്കാത്ത പ്രദേശങ്ങളായിരുന്നു അവ. അത്രയും പച്ചപ്പുള്ള സ്ഥലങ്ങൾ ആദ്യമായാണ് അവർ കാണുന്നത്. ചുറ്റും മലകളും വെള്ളചാട്ടങ്ങളും… ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത അതിമനോഹര കാഴ്​ച. പക്ഷേ യാത്രക്കാരിൽ മിക്കവർക്കും ആ യാത്ര ഇമ്പമുള്ളതായിരുന്നില്ല.

നാട്ടിൽ പട്ടിണിയായിരുന്നെങ്കിലും ചുറ്റും ബന്ധുക്കളും കുടുംബവും ഉണ്ടായിരുന്നു. അവർ കഥകൾ പറഞ്ഞും പാട്ടുപാടിയും കിട്ടിയ ഭക്ഷണം പങ്കിട്ടും ഉണ്ടും ഉറങ്ങിയും കഴിയുമായിരുന്നു. പലരും ക്ഷീണിച്ചു തളർന്ന അവസ്ഥയിലാണ്. ചിലർ കങ്കാണിമ്മാരെ എതിർത്തപ്പോൾ ചാട്ട കൊണ്ട് അടി കിട്ടി. കഴിഞ്ഞ രാത്രി എല്ലപ്പനെ ഒരു സായിപ്പ് തല്ലിച്ചതച്ചു. ‘വൃത്തികെട്ടവനേ, അടിമനായേ, ഞങ്ങളെ എന്തിന്​ ദ്രോഹിക്കുന്നു, ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി, കുടിക്കാൻ വെള്ളം പോലുമില്ല’ എന്നു പറഞ്ഞതിനായിരുന്നു ആ അടി. ഭർത്താവിനെ മർദ്ദിച്ചതുകണ്ട്​ മൂക്കായി ഒച്ചവച്ചു. സായിപ്പ് മൂക്കായിയുടെ അടിവയറ്റിലാണ് ചവിട്ടിയത്. അതോടെ മൂക്കായി ജീവനറ്റപോലെയായി, എങ്കിലും ചലിച്ചു. എല്ലപ്പൻ മൂക്കായിയെ ചുമലിൽ താങ്ങി കൂട്ടത്തിൽ അവസാന നിരയിൽ മെല്ലെ നടന്നുനീങ്ങി.

മലയടിവാരത്തിൽ നൂറുക്കണക്കിന് അടിമകളെത്തി. തൊപ്പിയും ബൂട്ടും ഇട്ട്​ ഒരു സായിപ്പ്​ കുതിരയിലെത്തി, അയാളുടെ സിൽബന്ധികളും. തൊഴിലാളികൾ, നേരത്തെ പഠിപ്പിച്ചതുപോലെ ‘സലാം ദൊരൈകളെ’ എന്നു കുമ്പിട്ടു. സായിപ്പ് പുച്ഛത്തോടെ അവരെ നോക്കി, ‘ഈ പട്ടികളെ കൊണ്ട് മലയിലെ പാതകൾ വെട്ടിത്തെളിക്കണം’ എന്ന്​ ഉത്തരവിട്ടു. കത്തിയും കോടാലിയും മൺവെട്ടിയും എത്തി. കുതിരകൾ കഴിക്കുന്ന ധാന്യങ്ങൾ അവർക്കു ​കൊടുത്തു. ഭക്ഷണം കഴിച്ചിട്ട് പല ദിവസങ്ങൾ ആയ അവർക്ക് ഏതു ഭക്ഷണവും മതിയായിരുന്നു. അത് കഴിച്ചപ്പോൾ അവർക്ക്​ ജീവൻവച്ചു. വിശ്രമിക്കാൻ സമ്മതിക്കാതെ ‘മതി മതി’ എന്ന മട്ടിൽ കങ്കാണിമാർ അവരുടെ കയ്യിൽ ആയുധങ്ങൾ ഏൽപ്പിച്ചു. ആയുധങ്ങളേന്തി ഇതുവരെ കയറാത്ത കുന്നുകളിൽ കുതിരകളോടൊപ്പം കിതച്ച്​ അവരും കയറി.

മൂക്കയ്യ, വേലുച്ചാമി, മായവൻ, വനരാശു, ചോലൈച്ചാമി തുടങ്ങിയവർ കാടുവെട്ടിത്തെളിക്കാൻ തുടങ്ങി. അവരുടെ പ്രവർത്തി കണ്ട് അമ്പരന്ന സേലീൻ മാർക്കോ സായിപ്പ്, ‘very good, good working skills’ എന്ന് അനുമോദിച്ചു.

ഏഴു മൈലിൽ മലമ്പാതയുണ്ടാക്കാൻ തീരുമാനമായി. ആ പാതയിൽ മനുഷ്യർക്കും കുതിരകൾക്കും മാത്രമേ കടന്നുചെല്ലാനാവൂ. ഭൂമിയിൽ നിന്ന്​ 2400 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടോപ് സ്റ്റേഷനിലേക്കാണ് ആ പാത. കുത്തനെ കേറ്റം മാത്രം. (ഇപ്പോഴും ആ പാത അങ്ങനെ തന്നെ തുടരുന്നു. തമിഴ്​നാട്ടിലെ കൊട്ടകുടി ഗ്രാമത്തിൽ നിന്ന്​ മുന്തൽ ചെക്ക് പോസ്റ്റ് വരെ നീണ്ടുകിടക്കുന്ന കാട്ടുപാത, തമിഴ്നാട് സർക്കാരിന്റെ അധീനതയിലാണ്.)

(തുടരും)


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments