മലങ്കാട്- 2
മലകള്‍ തുളച്ച് പാതകളുണ്ടാക്കുക എന്നതാണ് മാര്‍ക്കോസിന്റെയും ഹെന്‍ട്രിയുടെയും ലക്ഷ്യം. അത് സാധിച്ചെടുക്കുമെന്ന് അവരുറപ്പിച്ചു. കങ്കാണികളേക്കാള്‍ കണിശക്കാരാണ് ബ്രിട്ടീഷുകാര്‍ എന്ന് തൊഴിലാളികള്‍ക്ക് തോന്നിപ്പോയി. നന്നായി പണിയെടുക്കുന്നവരെ അവര്‍ അനുമോദിച്ചു. ചാട്ടയടിയും ചീത്തവിളിയും കുറഞ്ഞതില്‍ തൊഴിലാളികള്‍ക്ക് നേരിയ ആശ്വാസമുണ്ടായി. എങ്കിലും മലനിരയില്‍ തുലഞ്ഞുപോയ ജീവിതത്തെക്കുറിച്ചേർക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. കരയാനും ചിരിക്കാനും അവര്‍ക്ക് കഴിയില്ല, കാരണം, അവര്‍ അടിമകളാണല്ലോ. അടിമകള്‍ക്ക് വികാരം പ്രകടിപ്പിക്കാന്‍ അവകാശമില്ലല്ലോ. കങ്കാണിമാരും ദൊരൈമാരും പറയുന്നത് അനുസരിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ജീവിതം.
വലിയ മലനിരകളുടെ ചെരിവുകളും കുന്നുകളും കാടുകളും മാത്രമായി അവരുടെ ജീവിതം. കുതിരകള്‍ താഴോട്ടുവരുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. കാരണം, അവിടെ ആരൊക്കെയോ ജീവിക്കുന്നുവെന്ന് അവര്‍ ഉറപ്പിച്ചു. കുതിരകളും നമ്മളും ഒന്നാണെന്ന് അവര്‍ കരുതി. ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍. കയറാനും ഇറങ്ങാനും മാത്രമായി വിധിക്കപ്പെട്ടവര്‍.
ചൊക്കന്‍ പാര്‍വതിയോട് പറഞ്ഞു, എടീ, നമ്മളും ഇതുകളും ഒന്നാണ്.
അതെ എന്ന് അവള്‍ സമ്മതിച്ചു.
കുട്ടി രാമനും നടരാസും ജാഗ്രത നല്‍കി; പാമ്പുകള്‍ പാര്‍ക്കുന്ന കാടാണ്, അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കണം.
ഈ ജീവിതം ജീവിക്കുന്നതിനേക്കാള്‍ പാമ്പ് കടിച്ചു മരിക്കുന്നതായിരിക്കും നല്ലത്; അമ്മ കണ്ണു പറഞ്ഞു.
കുന്നുകള്‍ കയറാന്‍ വേണ്ടി മാത്രം ജനിച്ചവരായി അവര്‍ നടന്നുനീങ്ങി. കിതച്ചാൽ കങ്കാണികള്‍ കോലു കൊണ്ട് തല്ലും. കങ്കാണിയെ എതിര്‍ത്താല്‍ സായിപ്പന്മാര്‍ ചാട്ട കൊണ്ട് വരയ്ക്കും. മൃഗങ്ങള്‍ മാത്രം പാര്‍ത്തിരുന്ന കാടുകളില്‍ ഇതാ, കുറേ മനുഷ്യന്‍ പാര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു മുമ്പും ഇവിടങ്ങളില്‍ മനുഷ്യര്‍ പാര്‍ത്തിരുന്നു എന്ന് ചിലര്‍ പറഞ്ഞു. അത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
വേലന്‍ മുത്തമ്മയോട് ചോദിച്ചു, ഇന്ത കൊടുങ്കാട്ടു ലെ എപ്പിടിടീ മനുസന്‍…?
കാട്ടുവാസികള്‍, അവരായിരിക്കും.; മുത്തമ്മ പറഞ്ഞു.
ജീവനോടെ തിരിച്ചുപോകാനാകുമോ എന്ന ഭയമുണ്ടായിരുന്നു പലർക്കും. സായിപ്പന്മാരുടെ തോക്കുകളിലായിരുന്നു അവര്‍ക്ക് പ്രതീക്ഷ. മൃഗങ്ങള്‍ ആക്രമിക്കാനെത്തിയാല്‍ ആ തോക്ക് തങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷ.
മലയടിവാരത്തില്‍ നിന്ന് പാതകളുണ്ടാക്കുന്ന പണി പൂര്‍ത്തിയാവാതെ അടിമകളെ മുകളിലേക്ക്, പ്ലാന്റുകളിൽ കൊണ്ടുവരേണ്ടതില്ല എന്ന ഉത്തരവിറക്കി കമ്പനിക്കാര്‍. അങ്ങനെ മാസങ്ങളോളം അവർ കാട്ടില്‍ ജീവിച്ചു.
കാട്ടിലെ കാലാവസ്ഥ വളരെ മോശമായിരുന്നു. തണുപ്പ് സഹിക്കാന്‍ പറ്റാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടി. രാത്രി സായിപ്പന്മാരുടെ തീ കത്തിക്കലും കട്ടന്‍ ചായയും അവര്‍ക്ക് ആശ്വാസം നല്‍കി. സായിപ്പന്മാര്‍ പൊന്നുപോലെയാണ് അവരെ കൊണ്ടുനടന്നത്. കാരണം, ഈ കൊടുങ്കാട്ടില്‍ പാത ഉണ്ടാക്കിയാലേ അവരുടെ കച്ചവടതന്ത്രം ഫലിക്കൂ. അല്ലെങ്കില്‍ ബ്രിട്ടീഷ് കച്ചവടക്കാര്‍ക്ക് ഈ രാജ്യം വിടേണ്ടിവരും. രംഗരാജന്‍ ഇടയ്ക്കിടെ ഈ കഥ പതിയെ തൊഴിലാളികളോട് പറയും. തൊഴിലാളികള്‍ക്ക് ആ വാക്കുകൾ ആശ്വാസമായിരുന്നു. കന്തന്‍ മറുതായിനോട് ചോദിച്ചു, ഇതുക്കാകതാന്‍ നമ്മള ഉയിരോടെ വച്ചിരുക്കാങ്കളാ?
അങ്ങനെ മാസങ്ങൾ പോയി, വര്‍ഷങ്ങളും.
മലയടിവാരത്തില്‍ നിന്ന് പാതകളുണ്ടാക്കുന്ന പണി പൂര്‍ത്തിയാവാതെ അടിമകളെ മുകളിലേക്ക്, പ്ലാന്റുകളിൽ കൊണ്ടുവരേണ്ടതില്ല എന്ന ഉത്തരവിറക്കി കമ്പനിക്കാര്‍. അങ്ങനെ മാസങ്ങളോളം അവർ കാട്ടില്‍ ജീവിച്ചു. കാട് അവരുടെ പരിചിതസ്ഥലമായി.
ചിന്നപ്പന്‍ പറഞ്ഞു; കെളവിയും കെളവനുമൊക്കെ മരിച്ചുകാണും, സഹോദരങ്ങള്‍ അന്യദേശങ്ങളിലേക്ക് പലായനം ചെയ്തു കാണും, ഇനി ആര്‍ക്ക് വേണ്ടിയാ ഈ നശിച്ച ജീവിതം? എല്ലാവര്‍ക്കും നാട്ടിലേക്ക് തിരിച്ചുപോയാല്‍ മതിയെന്നായി.
മുത്തയ്യയും കൂട്ടരും മലയറങ്ങി ഓടാന്‍ ശ്രമിച്ചു. അവര്‍ ഒരു രാത്രിയും പകലും കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു, ഒടുവിൽ അവരെ കാണാതായി.
‘24 മണിക്കൂറിനകം ആ പട്ടികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ എല്ലാ നായ്ക്കളെയും കൊന്നുകളയും’ എന്നു പറഞ്ഞ് എഡ്വേര്‍ഡ് സായിപ്പ് ആകാശത്തേക്ക് വെടിവെച്ചു. ജനക്കൂട്ടം വിരണ്ടു. എവിടേക്ക് പോകണം, എങ്ങോട്ട് പോകണം എന്ന ബോധമില്ലാതെ അവർ കറങ്ങി. കുതിരക്ക് കൊടുക്കുന്ന ഏതോ ഒരു തരം ഭക്ഷണം മാത്രം കഴിച്ചും മലമുകളില്‍ നിന്നൊഴുകിവരുന്ന സാമ്പലാറ്റില്‍ നിന്ന് നീർ കുടിച്ചും അവർ മണ്ണുമാന്തി യന്ത്രങ്ങളെ പോലെ ചലിച്ചും കിതച്ചും കഴിഞ്ഞുകൂടി.
ഏഴുമലയാന്‍ കിട്ടുവിനോട് പറഞ്ഞു; എന്നയ്യാ ഇത് പൊളപ്പ്? വിടിച്ചാലും അടച്ചാലും ഒരേ മാതിരി, കഴുത വാഴവും ഉടമാട്രാങ്ക സാവവും ഉടമാട്രാങ്ക…
എല്ലാം നമ്മ തലവിധി, കണ്ണീരു തുളുമ്പി പേച്ചിയമ്മ പറഞ്ഞു.
ചൊക്കയ്യ കങ്കാണി കോലെടുത്ത് പേച്ചിയമ്മയെ തല്ലി. വേലന്‍ ഓടി വന്നു തടഞ്ഞു.
‘കങ്കാണി ക്ഷമിക്കൂ, ഇനി ആവര്‍ത്തിക്കത്തില്ല’, കൂട്ടം കൈ കൂപ്പി.
‘ഞാനും എന്റെ തലമുറയില്‍ പെട്ട എല്ലാവരും നിങ്ങളുടെ അടിമയാണ്, ക്ഷമിച്ചു വിട്ടേക്കണം’ എന്നു പറഞ്ഞ് പച്ചയമ്മ കാലുപിടിച്ചു. സായിപ്പ് വേലനെ നോക്കി ചോദിച്ചു, Do you understand you are my slave.
ദുരൈയുടെ ബൂട്ട്‌സ് ശബ്ദം കേട്ട് കൂട്ടം അമ്പരപ്പിലായി. എന്തും സംഭവിച്ചേക്കാം എന്ന് അവര്‍ ഭാവിച്ചു. കാരണം ഇത് പതിവാണ്. അടി കിട്ടിയ വേലന്‍ സായിപ്പിന്റെ വകയ്ക്കായി കാത്തു നിന്നു. വേലനും പേച്ചിയമ്മയും ഒഴികെയുള്ളവര്‍ അവരവരുടെ ജോലിയിലേര്‍പ്പെട്ടു. ചിന്നവനും പെരിയ മാടനും വണ്ടിയാനും പൊന്നമ്പലവും കാത്തവരായനും കറുപ്പസാമിയും മുനീശ്വരിയും എല്ലമ്മയും വേലന്റെ അവസ്ഥ കണ്ട് ദുഃഖിതരായി.
മാര്‍ട്ടിന്‍ വില്യംസ് സായിപ്പ് കുതിരവണ്ടിയില്‍ വന്നിറങ്ങി. ചക്കയ്യ ‘സലാം ദൊരൈകളെ’ എന്ന് കുമ്പിട്ടുനിന്നു; കൂട്ടവും.
‘ഇങ്ക എന്ന നടക്കുതു മാന്‍ സോമ്പേരി നായ്ക്കളെ, ഇപ്പുടി പോയ എപ്പുടി മാന്‍ ഈ ദൗത്യം തീര്‍ക്കുന്നത് ആ?’, സായിപ്പ് ചോദിച്ചപ്പോള്‍ കങ്കാണിയും കൂട്ടരും തലകുനിച്ചു നിന്നു.
വില്യംസ് ചാട്ടയെടുത്ത് വീശി. അടിമകള്‍ നോക്കിനിൽക്കേ സായിപ്പ് വേലനെ തച്ചുതകര്‍ത്തു.
‘ഞാനും എന്റെ തലമുറയില്‍ പെട്ട എല്ലാവരും നിങ്ങളുടെ അടിമയാണ്, ക്ഷമിച്ചു വിട്ടേക്കണം’ എന്നു പറഞ്ഞ് പച്ചയമ്മ കാലുപിടിച്ചു. സായിപ്പ് വേലനെ നോക്കി ചോദിച്ചു, Do you understand you are my slave.
‘ദൊരൈകളേ, അതിന്‍ പ്രകാരം’ എന്ന ശബ്ദത്തിൽ വേലന്‍ രക്തം ചിതറിയ ശരീരമായി സായിപ്പിന്റെ മുന്‍പില്‍ കുമ്പിട്ടു.
ഒന്നു രണ്ടുപേരൊഴികളെ ബാക്കിയുള്ളവര്‍ മനസില്ലാ മനസ്സോടെ പണി തുടര്‍ന്നു. സായിപ്പ് വരുമ്പോഴും തിരികെ പോകുമ്പോഴും അവർ ‘സലാം ദൊരൈകളെ’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.
ഇങ്ങനെ വര്‍ഷങ്ങളോളം അവര്‍ക്ക് ഈ അടിവാരത്തില്‍ തുടരേണ്ടിവന്നു. മഴക്കാലം തുടങ്ങിയാല്‍ ഈ കാട്ടില്‍ ജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് മെയ് മാസത്തിനു മുമ്പ് ദൗത്യം പൂര്‍ത്തീകരിക്കണമെന്ന് കമ്പനിക്കാര്‍ കരുതിയിരുന്നു. പക്ഷേ അപ്രതീക്ഷ കാലാവസ്ഥ അവരുടെ സ്വപ്നം തകര്‍ത്തു. കങ്കാണിമാരും തൊഴിലാളികളും പെരുമഴക്കാലത്ത് വിറച്ചു മരിച്ചു വീണു. പലരും സായിപ്പന്‍മാരുടെയും കങ്കാണിമാരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും വെള്ളക്കാരുടെ സിൽബന്തികൾ അവരെ തിരികെ തോട്ടത്തിലെത്തിച്ചു. ദൗത്യം പൂര്‍ത്തീകരിക്കാന്‍ എന്തും ചെയ്യാം എന്ന മട്ടിലാണ് കമ്പനിക്കാര്‍ പെരുമാറിയത്. വരണ്ട ഭൂമികള്‍ ലക്ഷ്യമിട്ട് ആള്‍ക്കാരെ തിരഞ്ഞ് അവര്‍ നടന്നു.
ചൊക്കയ്യ, വീരയ്യാ പൊന്നയ്യ, മാടപ്പന്‍ വിരുമാണ്ടി, പെരിയ കാസി തുടങ്ങിയ കങ്കാണിമാര്‍ ഒരു തന്ത്രം മെനഞ്ഞു. ഇനിയും കുറെ പേരെ നാട്ടില്‍നിന്ന് കൊണ്ടുവരാം എന്നു പറഞ്ഞ് തലക്കാശു വാങ്ങി രക്ഷപ്പെടാം എന്നതായിരുന്നു ആ തന്ത്രം. യോഗം ചേര്‍ന്ന കങ്കാണിമാര്‍ മാര്‍ട്ടിൻ സായിപ്പിനെ കാണാന്‍ അനുവാദം തേടിയിരുന്നെങ്കിലും സായിപ്പിന്റെ തിരക്ക് കാരണം ആ കൂടിക്കാഴ്ച നടന്നില്ല. കങ്കാണിമാരടക്കം എല്ലാവര്‍ക്കും ജീവിതം മടത്തു തുടങ്ങി.
മുത്തശ്ശന്‍ മുത്തുവേലന്‍ ബ്രിട്ടീഷുകാരുടെ ബംഗ്ലാവില്‍ പണിക്കാരനായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ കുടുംബം ഇവിടെ എത്തുന്നത്. സായിപ്പന്മാര്‍ക്ക് വേണ്ട സാധനങ്ങള്‍ ബോഡി, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിക്കുകയായിരുന്നു ജോലി. പിന്നെ ബംഗ്ലാവിന്റെ കാവല്‍ക്കാരനായി അച്ഛന്‍ എത്തി.
1860-കളിലാണ് ബ്രിട്ടീഷുകാര്‍ ഈ മലനിരകളിലെത്തിയത്. അവര്‍ ആദ്യം റബ്ബറും കുരുമുളകും ഏലയ്ക്കയും പരീക്ഷിച്ചു. പക്ഷേ, ഗതി പിടിച്ചില്ല. എന്റെ താത്ത, അതായത്, മുത്തശ്ശന്‍മുത്തുവേലന്‍ ബ്രിട്ടീഷുകാരുടെ ബംഗ്ലാവില്‍ പണിക്കാരനായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ കുടുംബം ഇവിടെ എത്തുന്നത്. സായിപ്പന്മാര്‍ക്ക് വേണ്ട സാധനങ്ങള്‍ ബോഡി, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിക്കുകയായിരുന്നു ജോലി. പിന്നെ ബംഗ്ലാവിന്റെ കാവല്‍ക്കാരനായി അച്ഛന്‍ എത്തി.
കുതിരകളില്‍ ഭക്ഷ്യസാധനങ്ങള്‍ കയറ്റിക്കൊണ്ട് സായിപ്പന്മാരുടെ സിൽബന്തികൾ മുമ്പില്‍ നടക്കും, അച്ഛനും കൂട്ടരും പുറകിലും. ഒരു ദിവസം മുഴുവനും നടന്ന് മുകളിലെത്തി അവിടെ രാത്രി പാര്‍ക്കും. പിന്നീട് രാവില്‍ ആ കുതിരക്കാരന്റെ പുറകില്‍ തന്നെ ബംഗ്ലാവിലെത്തും. അവിടെയാണ് വില്യം സായിപ്പ്. അച്ഛനും കൂട്ടരും തൊട്ടടുത്ത സ്ഥലത്ത് ഒരു കുടിലിലായിരുന്നു താമസം. സായിപ്പിന്റെ പട്ടിയെ മുതല്‍ ബൂട്ട്‌സ് വരെ കഴുകി കൊടുക്കുക, ബംഗ്ലാവ് വൃത്തിയാക്കുക, പൂച്ചെടി നട്ടുവളര്‍ത്തുക, പൂക്കൾ സൂക്ഷിക്കുക തുടങ്ങിയവയാണ് ജോലി. താത്ത നല്ല പാചകക്കാരനാണ്, അതുകൊണ്ട് സായിപ്പിനും സായിപ്പിന്റെ ഭാര്യക്കും അയാളായിരുന്നു പാചകക്കാരന്‍.
കാട്ടിൽ ചെറിയ ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്, ആ ചെടികള്‍ പരിപാലിക്കാനാണ് നിങ്ങളെ കൊണ്ടുവരുന്നത് എന്നാണ് മയില്‍ചാമി അവരോട് പറഞ്ഞിരുന്നത്. എസ്റ്റേറ്റില്‍ ഇത്രയും ജനങ്ങളെ എങ്ങനെ പാര്‍പ്പിക്കും എന്ന് അയാൾക്കും ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പണിത സെറ്റുകള്‍ ഇവരെ പാര്‍പ്പിക്കാനാണ് എന്ന് മനസ്സില്‍കരുതിയെങ്കിലും അയാള്‍ ആരോടും അത് തുറന്നു പറഞ്ഞില്ല. കാരണം പറഞ്ഞത് ആരാണെന്ന് അറിഞ്ഞാല്‍ സായിപ്പ് അവരുടെ ജീവനെടുക്കുമെന്ന് അയാള്‍ക്ക് നന്നായി അറിയാം. മയില്‍സാമിയെ പിന്തുടര്‍ന്ന് കറുപ്പനും രാമനും ഉണ്ടായിരുന്നു. തന്നോടൊപ്പം വരരുത് എന്നുപറഞ്ഞ് ആ യാത്രയിൽനിന്ന് ഇരുവരെയും മാറ്റിനിർത്താൻ മയില്‍സാമി ശ്രമിച്ചിരുന്നു. എങ്കിലും കറുപ്പന്‍ മയില്‍സാമിയെ വിടാതെ പിന്തുടര്‍ന്നു.
‘എനിക്ക് ഒന്നു രണ്ടു കാര്യങ്ങളറിയണം, നമ്മള്‍ എങ്ങോട്ടേക്കാ പോകുന്നത്? ഈ വഴി ആരാണ് കണ്ടുപിടിച്ചത്? പറ നീയത് പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ നിന്നെ വിട്ടു പോവില്ല, എന്തിനാ ഇങ്ങനെ ജീവനെടുക്കുന്നത്’ എന്ന് അവർ മയിൽ സ്വാമിയോട് ചോദിച്ചു.
ശരി പറഞ്ഞുതരാം, മയിൽസ്വാമി പറഞ്ഞു.
കണ്ണനും ദേവനും പറയുന്ന സ്ഥലങ്ങളിലൂടെ നമ്മുടെ അപ്പൂപ്പന്മാര്‍ സഞ്ചരിച്ചു, അങ്ങനെ ഒരു പാത രൂപപ്പെട്ടു. ആ കാട്ടുപാതയാണ് ഇപ്പോള്‍ നമ്മള്‍ വീണ്ടും പണിയുന്നത്.
‘മുകളില്‍ കയറിവരുമ്പോള്‍ രണ്ടു മലകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും അല്ലേ?’
‘ആരുകണ്ടു എല്ലാം മലകളാണല്ലോ? എന്താ പ്രത്യേകിച്ച് രണ്ടു മല?’, രാമന്‍ പിറുപിറുത്തു.
‘ആ മലകള്‍ ഗോത്രവര്‍ഗ്ഗക്കാരായ മുതുവാന്മാര്‍ പാര്‍ത്തിരുന്ന മലകളാണ്. അവിടേക്ക് സായിപ്പന്‍മാര്‍ ആയുധങ്ങളുമായിട്ടാണ് കയറിവന്നത്. മുതുവാന്‍മാരുടെ വില്ലിനേക്കോളും അമ്പിനേക്കാളും മൂര്‍ച്ചയുള്ളതാണല്ലോ സായിപ്പന്മാരുടെ തോക്ക്. അതുകൊണ്ട് സായിപ്പന്മാര്‍ ആദിവാസി കുടികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ശേഷം ഓരോ കുടിയിലെയും രണ്ടുപേരെ വീതം തങ്ങൾക്കൊപ്പം പറഞ്ഞയക്കണമെന്ന് സായിപ്പുമാര്‍ ആവശ്യപ്പെട്ടു. അങ്ങനെ കണ്ണന്‍, ദേവന്‍ എന്ന് പേരുള്ള രണ്ടുപേര്‍ സായിപ്പന്മാര്‍ക്ക് വഴിപറഞ്ഞു കൊടുക്കാന്‍ അവരോടൊപ്പം പോയി. പിന്നീട് നമ്മളെ പോലുള്ള അടിമകള്‍ അവരെ പിന്തുടര്‍ന്നു. അങ്ങനെ കണ്ണനും ദേവനും പറയുന്ന സ്ഥലങ്ങളിലൂടെ നമ്മുടെ അപ്പൂപ്പന്മാര്‍ സഞ്ചരിച്ചു, അങ്ങനെ ഒരു പാത രൂപപ്പെട്ടു. ആ കാട്ടുപാതയാണ് ഇപ്പോള്‍ നമ്മള്‍ വീണ്ടും പണിയുന്നത്. ഇവിടങ്ങളില്‍ അന്ന് തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് മൈക്കല്‍ ക്ലര്‍ക്ക് സായിപ്പ് ഇടയ്ക്കിടെ പറയാറുണ്ട്’, മയില്‍സാമി പറഞ്ഞുനിർത്തി.
പാത വെട്ടിത്തെളിക്കാൻ വഴികാണിച്ച കണ്ണനെയും ദേവനെയും സായിപ്പന്‍മാര്‍ കണ്ണിലെ കൃഷ്ണമണിയെ പോലെ കൊണ്ടുനടന്നു. മറ്റു തൊഴിലാളികളും അവരെ കൗതുകത്തോടെ കണ്ടു. അവര്‍ തമിഴ് ഇടകലര്‍ന്ന ഏതോ ഒരു ഭാഷയില്‍ സംസാരിക്കുമായിരുന്നു. അവര്‍ പറയുന്ന സ്ഥലങ്ങള്‍ വെട്ടിതെളിക്കുക എന്നത് ഒരു അനുസരണ പോലെ തുടര്‍ന്നു.
മഴക്കാലം തുടങ്ങാറായി. ഇനിയും ആയിരക്കണക്കിന് ആള്‍ക്കാരെ പണിക്കു വേണ്ടി വരും. പാതയും ഗതാഗത സംവിധനവും റെയില്‍വേയുമാണ് ഏക പോംവഴി എന്ന് ക്ലര്‍ക്കും മാര്‍ക്കോസും ഡേവിഡ് അലക്‌സാണ്ടറും മാര്‍ട്ടിന്‍ സായിപ്പിനെ അറിയിച്ചു. മഴക്കാലം തുടങ്ങിയാല്‍ കാട് വെട്ടിത്തെളിക്കാൻ പാടാണെന്ന് അവര്‍ കരുതി. തൊഴിലാളികള്‍ തണുപ്പ് സഹിക്കാതെ മലമ്പനിയും ന്യുമോണിയയും പിടിച്ച് മരിക്കാനുള്ള സാധ്യതയും അവര്‍ മുന്നില്‍ക്കണ്ടു. വേണ്ടത്ര തൊഴിലാളികളില്ലാത്തതുകൊണ്ട് ഇപ്പോഴേ അവര്‍ ബുദ്ധിമുട്ടുന്ന കാര്യം സായിപ്പിനെ അറിയിച്ചു. ‘മരിക്കുന്നവര്‍ മരിക്കട്ടെ, നമുക്ക് പാത ഉണ്ടാക്കണം’ എന്ന് സായിപ്പ് പറഞ്ഞു. ഒരു രക്ഷയുമില്ല എന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു. ജീവിതം കാട്ടില്‍ തുലയ്ക്കാനുള്ളതാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
(തുടരും)