Representative image: afpc_rsa_shbn / flickr

ഐഡ്യൂച്വയിലെ
മലയാളികൾ

‘‘ഐഡ്യൂച്വയിൽ ഇത്രയും മലയാളികൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങളെല്ലാം ബട്ടർവർത്ത് മലയാളി സംഘടനയിലെ അംഗങ്ങളായിരുന്നു. അത്തരം ഒരു സംഘടനയോട് ചേർന്നുനിന്ന് മുന്നോട്ട് പോകുന്നതാവും ദീർഘദൂര പേഴ്സ്​പെക്റ്റീവിൽ സംഘടനക്കും വ്യക്തിക്കും സുരക്ഷിതം’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 42

മൂന്നു വഴി ചുറ്റിവരുന്നതിൽ ഏറ്റവും കൂടുതൽ യാത്രാദുരിതം അനുഭവിച്ചിരുന്നത് പ്രിയസഖി ബീനയാണ്. 55 മൈൽ പോയി ഇറങ്ങി ഏഴു മൈൽ നടക്കണം അവൾക്ക്. അതുമായി മല്ലിട്ട് അവൾ യാത്ര തുടർന്നു. അവൾ പഠിപ്പിച്ചിരുന്ന സ്കൂൾ ഉല്ലാസത്തിന്റെ സ്കൂളായിരുന്നു.

ജനനം, മരണം, വിവാഹം എന്നിങ്ങനെ പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ സ്കൂളിൽ അതിന്റെ അനുരണനം തീർച്ചയായുമുണ്ടാകും. ലുംബിനി (NDLUMBINI) എന്ന, എപ്പോഴും സൗഹൃദഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രിൻസിപ്പൽ.

ഡോ. ചാക്കോ വർഗീസിന്റെയും ഓമനയുടെയും ഉപദേശമനുസരിച്ച് അപർണയെ നാട്ടിൽ അയക്കാതിരുന്നത് എത്ര നന്നായി എന്ന് ഞങ്ങൾക്ക് മനസ്സിലായത് അവൾ ന്യൂ ഹൊറൈസണിൽ പോയിത്തുടങ്ങിയപ്പോഴാണ്. സൗത്ത് ആഫ്രിക്കയിലെ സ്കൂൾ സിസ്റ്റം കുട്ടികളെ എംപവർ ചെയ്യുന്നതിൽ പ്രസിദ്ധമാണ്. അതുകൊണ്ടും കൂടിയാണ് ഞങ്ങളുടെ തീരുമാനം വളരെ നല്ലതായിരുന്നുവെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയത്.

Photo: Bomela Senior Secondary School / facebook
Photo: Bomela Senior Secondary School / facebook

ഐഡ്യൂച്വയിൽ മറ്റൊരു മലയാളി കുടുംബം ഉണ്ടായിരുന്നു. തകഴി സ്വദേശികളായ അയ്യപ്പൻ നായരും പങ്കാളിയും രണ്ട് മക്കളും. പിന്നെ പാലാക്കാരായ ആന്റണി മാളിയേക്കൽ, അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ തമ്പി എന്നിവർ. എല്ലാവരും കുടുംബമുള്ളവരാണ്. ആന്റണിയുടെ പങ്കാളി ആനി, തമ്പിയുടെ പങ്കാളി കുഞ്ഞുമോൾ.

ഞങ്ങൾ ഐഡുറ്റ്യ്‌വയിൽ എത്തുമ്പോൾ ഒറ്റയ്ക്ക് ബാംഗളൂരിൽനിന്ന് അവിടെ സ്വന്തമായി ഉണ്ടായിരുന്ന സ്കൂൾ സ്വപങ്കാളിയെ ഏൽ‌പ്പിച്ച് ഒരു ലെയ്റ്റ് അഡ്വെഞ്ചറിനുള്ള തയാറെടുപ്പിലായിരുന്നു സരസനും വന്ദ്യവയോധികനുമായ ചാക്കോ സർ. താമസിക്കാൻ സ്ഥലം കിട്ടാത്തതിനാൽ അദ്ദേഹം ഞങ്ങളോട് സ്ഥലം അഭ്യർഥിച്ചു. അങ്ങനെ അദ്ദേഹം ഞങ്ങളുടെ വീട്ടിലെ അതിഥിയായി കൂടി. മാരക മദ്യപാനമായിരുന്നു അദ്ദേഹത്തിന്റേത്. രാവിലെ 5 മണിക്ക് എഴന്നേൽക്കുമ്പോൾ കട്ടിൽത്തലയ്ക്കൽ പ്രതിഷ്ഠിച്ചിട്ടുള്ള കുപ്പിയിൽ നിന്ന് കുറെ കുടിക്കും. ഇദ്ദേഹത്തിന് ഇത്രയും കുടിക്കാൻ കഴിയുമോ എന്നായിരുന്നു ഞങ്ങളുടെ അതിശയം. കുടിച്ച് ‘ഓഫ്’ ആയാൽ അനാവശ്യം പറയുന്ന സ്വഭാവമില്ലാ‍യിരുന്നു. ‘ഓഫ്’ ആവാതിരിക്കാൻ വിനിഗറിൽ ഉള്ളി അരിഞ്ഞിട്ടിട്ട് ഇടയ്ക്കിടെ കുടിക്കുന്ന ശീലവുമുണ്ടായിരുന്നു സാറിന്. ഏതോ വിരുതന്മാർ പറഞ്ഞു കൊടുത്ത് ശീലിച്ചതാണ് ആ പതിവ്. അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നത് ആഫ്രിക്കയിലേക്ക് മടക്കയാത്രയ്ക്ക് തയാറെടുക്കുവോളം അദ്ദേഹം മദ്യപിച്ചിട്ടേ ഇല്ല എന്നായിരുന്നു. ഐഡ്യൂച്വയിലെ ഞങ്ങളുടെ പാർട്ടികൾക്കും മറ്റും നല്ലപോലെ മദ്യം അകത്തുണ്ടെങ്കിൽ അദ്ദേഹം തന്റെ പരുക്കൻ സ്വരത്തിൽ പാടിയിരുന്നു, “വെള്ളാരങ്കുന്നിലെ പൊന്മുളം കൂട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ…’’

ചാക്കോസാറിന്റെ മദ്യപാനം വർണ്ണിക്കാവുന്നതിനപ്പുറം മാരകാവസ്ഥയിലേക്ക് ഉയർന്നുകൊണ്ടിരുന്നു. പ്രായക്കൂടുതൽ കൊണ്ടുകൂടിയാവാം അത് അധികകാലം തുടരാൻ കഴിയില്ലെന്ന് അദ്ദേഹവും വൈകിയാണെങ്കിലും മനസ്സിലാക്കി. സാർ പഠിപ്പിച്ചിരുന്ന സ്കൂളിലേക്ക് (ബൊമേല സീനിയർ സെക്കന്ററി സ്കൂൾ) ഐഡ്യൂച്വയിൽ നിന്ന് 12 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.

ഇന്നലെ ഏപ്രിൽ 27. ദക്ഷിണാഫ്രിക്കയിൽ ജനം ഈ ദിവസത്തെ ‘ഫ്രീഡം ഡേ’ ആയി ആചരിക്കുന്നു.
ഇന്നലെ ഏപ്രിൽ 27. ദക്ഷിണാഫ്രിക്കയിൽ ജനം ഈ ദിവസത്തെ ‘ഫ്രീഡം ഡേ’ ആയി ആചരിക്കുന്നു.

ഐഡ്യൂച്വയിൽ ഇത്രയും മലയാളികൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങളെല്ലാം ബട്ടർവർത്ത് മലയാളി സംഘടനയിലെ അംഗങ്ങളായിരുന്നു. അത്തരം ഒരു സംഘടനയോട് ചേർന്നുനിന്ന് മുന്നോട്ട് പോകുന്നതാവും ദീർഘദൂര പേഴ്സ്​പെക്റ്റീവിൽ സംഘടനക്കും വ്യക്തിക്കും സുരക്ഷിതം.

1992-ലെ ഓണക്കാലം ബട്ടർവർത്ത് മലയാളികളോടൊപ്പം ചെലവഴിച്ചു. അത് വളരെ ആഹ്ലാദകരമായിരുന്നു. ഹൈക്കിനു വേണ്ടി നിൽക്കുന്ന എന്നെ കണ്ടിട്ട് ആക്സിലേറ്ററിൽ കാൽ ഒന്നു കൂടി അമർത്തി വേഗം കൂട്ടി, കാറ്റുപോലെ പാഞ്ഞുപോയ പെൺകുട്ടിയായിരുന്നു ആതിഥേയരിലൊരാൾ. അവളുടെ മുഖം കുനിഞ്ഞു. ഞാൻ ചോദിച്ചില്ല എന്തുകൊണ്ടെന്ന്.
‘നമ്മുടെ പ്രതികാരം അത്ര ചീപ് അല്ലല്ലോ’, ഞാൻ മനസ്സിൽ പറഞ്ഞു.

ഇന്നലെ ഏപ്രിൽ 27. ദക്ഷിണാഫ്രിക്കയിൽ ജനം ഈ ദിവസത്തെ ‘ഫ്രീഡം ഡേ’ ആയി ആചരിക്കുന്നു. 27 വർഷം തടവറയിൽ കഴിഞ്ഞ്, ഒരു യോഗിയുടെ നിസ്സംഗതയും ആദ്ധ്യാത്മിക തേജസ്സും ആവഹിച്ച നെൽസൺ മൻഡേല 27 വർഷങ്ങൾക്കു ശേഷം മണ്ണിലിറങ്ങി നടന്നപ്പോൾ ഭൂമി തീർച്ചയായും കോരിത്തരിച്ചിരിക്കും.

ണ്ഡേമയിൽ ഞൻ അധികകാലം പഠിപ്പിച്ചില്ല. എങ്കിലും അവിടുത്തെ കുട്ടികളും ചില അദ്ധ്യാപകരും അറിഞ്ഞും അറിയാതെയും സമ്മാനിച്ച ചില മുഹൂർത്തങ്ങൾ എന്നെ കുറച്ചൊക്കെ ചിരിപ്പിച്ചു. ഒരു ദിവസം എന്റെ ഡിപ്പാർട്ടുമെന്റിലെ (ഇംഗ്ലീഷ്) വാണി എന്ന ടീച്ചർ സ്റ്റാഫ് റൂമിലിരുന്ന് സംസാരിക്കവേ, ഈ സംഭാഷണശകലമാണ് ഞാൻ കേൾക്കുന്നത്: “ലുക്ക് അറ്റ് മി. ജയ്, ഹി ക്ലെയ്മ്സ് റ്റു ബി മാരീഡ്, ബട്ട് വി ഡോണ്ട് സീ എനി സൈൻ ഓൺ ഹിം…വാട്ട് ഈസ് യുവർ പ്ലാൻ, മി. ജയ്?”
കൂട്ടച്ചിരിക്കിടയിലൂടെ ഞാൻ അന്നത്തേക്ക് രക്ഷപ്പെട്ടു. അതിനുശേഷം ഒരിക്കലും ഞാൻ എന്റെ ഇടത്തേ കയ്യിലെ മോതിരവിലരിൽ മോതിരമിടാതെ ജോലിക്ക് പോയിട്ടില്ല. റിട്ടയർമെന്റ് കഴിഞ്ഞാണ് ആ മോതിരം അലങ്കാരവസ്തുവായി മാറിയത്,

ഞങ്ങളുടെ സ്കൂളിന്റെ തൊട്ട് മുന്നിൽത്തന്നെ ഒരു ഷിബീൻ ഉണ്ടായിരുന്നു. ചില ഷിബീനുകളിൽ കൽത്തൊട്ടികളിൽ നാടൻ വാറ്റോ കള്ളോ ഒക്കെ ഉണ്ടാ‍ക്കി ശേഖരിക്കും, ഇവ തമ്മിൽ തിരിച്ചറിയാനാവാത്ത വിധം സാമ്യമുണ്ട് എന്നു മാത്രം ഞാൻ മനസ്സിലാക്കി.
ഞങ്ങളുടെ സ്കൂളിന്റെ തൊട്ട് മുന്നിൽത്തന്നെ ഒരു ഷിബീൻ ഉണ്ടായിരുന്നു. ചില ഷിബീനുകളിൽ കൽത്തൊട്ടികളിൽ നാടൻ വാറ്റോ കള്ളോ ഒക്കെ ഉണ്ടാ‍ക്കി ശേഖരിക്കും, ഇവ തമ്മിൽ തിരിച്ചറിയാനാവാത്ത വിധം സാമ്യമുണ്ട് എന്നു മാത്രം ഞാൻ മനസ്സിലാക്കി.

ണ്ഡേമയിലെ സ്റ്റാഫും വിദ്യാർത്ഥികളും വളരെ വേഗത്തിൽ എന്നോട് അടുത്തവരാ‍ണ്. ഞങ്ങളുടെ സ്കൂളിന്റെ തൊട്ട് മുന്നിൽത്തന്നെ ഒരു ഷിബീൻ ഉണ്ടായിരുന്നു. ചില ഷിബീനുകളിൽ കൽത്തൊട്ടികളിൽ നാടൻ വാറ്റോ കള്ളോ ഒക്കെ ഉണ്ടാ‍ക്കി ശേഖരിക്കും, ഇവ തമ്മിൽ തിരിച്ചറിയാനാവാത്ത വിധം സാമ്യമുണ്ട് എന്നു മാത്രം ഞാൻ മനസ്സിലാക്കി. പക്ഷേ ഞങ്ങളുടെ സ്റ്റാഫ് മെമ്പർമാരിൽ ഒരു വ്യക്തിയായിരുന്നു ഈ ദുർഗ്ഗന്ധപൂരിതമായ ദ്രാവകത്തെ അടിക്കടി പോയി അകത്താക്കിക്കൊണ്ടിരുന്നത് എന്ന് അന്നത്തെ ഞങ്ങളുടെ പ്രിൻസിപ്പൽ മി. ബിനാസെ മനസ്സിലാക്കി. അദ്ദേഹം ഈ ‘അധമന്റെ’ പേരിൽ നടപടിക്ക് ശുപാർശ ചെയ്തു. അതുകൊണ്ടൊന്നും ആ സാമൂഹിക വിരുദ്ധതയ്ക്ക് നിത്യമായ തടയിടാൻ ആർക്കും കഴിഞ്ഞില്ല. ഹാൻഡ് ഗൺ, ആട്ടോമാറ്റിക്ക് പിസ്റ്റൾസ്, എന്നിവ മുതൽ AK 47 വരെയുള്ള എല്ലാ മാരകായുധങ്ങളും എപ്പോഴും അധീനത്തിലുള്ള ഒരു അദ്ധ്യാപകൻ കൂടിയാണ് പ്രതിയെന്ന വസ്തുത എല്ലാവരെയും ധർമ്മസങ്കടത്തിലാക്കുകയും ചെയ്യും.

ണ്ഡേമ സ്ക്കൂൾ ട്രാൻസ്കൈയിലെ പഴയ സ്കൂളുകളിൽ ഒന്നാണ്. ‘ഹോം എക്കണോമിക്സ്’ അഥവാ ഇന്നത്തെ ന്യുട്രിഷനൽ സയൻസ് തുടങ്ങി വച്ച സ്കൂളുകളിൽ ഒന്നായിരുന്നു ണ്ഡേമ. ഞാൻ ജോലിയിൽ ചേർന്ന 1993- ലും അവിടെ ഹോം എക്ക്ണോമിക്സിന് കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.

ഞാൻ സ്കൂളിൽ ചേർന്ന് ഒന്നു രണ്ട് ആഴ്ചയ്ക്കകം ഒരു ദിവസം പ്രിൻസിപ്പൽ ബിനാസെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. കൂടുതൽ വളച്ചുകെട്ടൊന്നും ഇല്ലാതെ അദ്ദേഹം പറഞ്ഞു, “മി. ജയ്, ഐ നോ ഐ ഷുഡ്ന്റ് ബി സേയിംഗ് ദിസ് റ്റു യൂ. ബട്ട് ഇഫ് യു ഗെറ്റ് എ ചാൻസ് പ്ലീസ് ഫൈൻഡ് അനദർ ഗുഡ് സ്കൂൾ. ദീസ് പീപ്പിൾ വാന്റ് റ്റു ദിസ്റ്റ്രൊയ് ദിസ് സ്ക്കൂൾ…”

സാധാരണ മിതഭാഷിയും ചിന്തിച്ച് സംസാരിക്കുന്ന ആളുമായ ബിനാസെ ആകെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ചിലർ ചേർന്ന് ബിനാസെക്കെതിരെ എന്തോ പ്ലോട്ട് ചെയ്യുന്നു എന്ന് അദ്ദേഹത്തിനു വിവരം കിട്ടി. ആ വിവരം മിക്കവാറും വളരെ വിശ്വസ്തനായ ഒരു വ്യക്തി ആയിരിക്കണം അദ്ദേഹത്തിലേക്കെത്തിച്ചത്. അതുകൊണ്ടാവണമല്ലോ അദ്ദേഹം പതിവിലും എത്രയോ മടങ്ങ് സെൻസിറ്റീവായി പ്രതികരിച്ചത്. വേറെ ജോലി കിട്ടിയാൽ പൊയ്ക്കൊള്ളാൻ പ്രിൻസിപ്പലിന്റെ അനുവാദവും കിട്ടി. ഇതിൽ‌പ്പരം എന്ത്?

ആ ഇടയ്ക്ക് ‘ഡെയ്ലി ഡിസ്പാച്ച്’ പത്രത്തിൽ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിൽ ഒരു പരസ്യം: ഹോളി ക്രോസ് ഹൈസ്കൂൾ റിക്വയേഴ്സ് റ്റീച്ചേഴ്സ് ഇൻ ദ ഫോലോയിങ്ങ് സബ്ജെക്ട്സ്: ജിയോഗ്രഫി (8 -10), ഇംഗ്ലീഷ് ഫസ്റ്റ് ലാങ്ഗ്വെജ് (8-10).

ണ്ഡേമ സ്കൂൾ ഹെഡ്മാസ്റ്റർ ബുകുല
ണ്ഡേമ സ്കൂൾ ഹെഡ്മാസ്റ്റർ ബുകുല

ഹോളി ക്രോസ്! ജോർജ്ജ് തന്റെ സെൽഫോണിൽ നിന്ന് എന്നെക്കൊണ്ട് വിളിപ്പിച്ചു. വേക്കൻസിയുടെ കാര്യം ചോദിച്ചപ്പോൾ അവർ കുറെ സമയമെടുത്ത് ആക്ടിംഗ് ഡെപ്യൂട്ടി പ്രിൻസിപ്പലിനെ കൊണ്ടു വന്നു. എന്റെ പേരുകൾ കേട്ടയുടനേ അദ്ദേഹം ചോദിക്കുന്നത്, “ആർ യു എ ശ്രീലങ്കൻ?”
അതിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അദ്ദേഹം ഇന്റർവ്യൂവിന് വിളിച്ചാൽ കൊണ്ടുവരേണ്ട പ്രമാണങ്ങളുടെ ഒരു ലിസ്റ്റ് എന്നോട് പറഞ്ഞു. സംഭാഷണം അവസാനിച്ചു.
എനിക്ക് അയാളുടെ വർത്തമാനവും ഭാഷയും തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷേ, ഹോളി ക്രോസിലെ രണ്ടു വേക്കൻസികളിൽ ഞങ്ങൾ രണ്ടു പേരും സ്വീകരിക്കപ്പെട്ടാൽ, അതൊരു വലിയ നേട്ടം തന്നെ. സഖിയും ആ പരസ്യം കണ്ടിരുന്നു. ആ ആഴ്ച തന്നെ ഒരു ദിവസം അവൾ തന്നെ ഞങ്ങളുടെ രണ്ടു പേരുടെയും അപേക്ഷകൾ ഹോളി ക്രോസിൽ എത്തിക്കുകയും ചെയ്തു.

അതിനിടെ നടന്ന ഒരു ചെറിയ സംഭവം. ഞങ്ങൾ CE30009 എന്ന ‘ഐശ്വര്യമുള്ള’ ഒരു ഫോർഡ് സിയെര വാങ്ങി. എല്ലാ രാവിലെയും ഞാൻ പോകും മുൻപ് കാർ പുറത്തെടുത്ത് തിരിച്ച് ഇട്ടിട്ടാണ് പോയിരുന്നത്. ആ കാർ ബീനയ്ക്കുള്ളതായിരുന്നു. അത് 32000 കിലോമീറ്ററേ ഓടിയിട്ടുള്ളു. ഫ്രീവേയിൽ 180-200 ൽ പോയാൽ കാറിലിരിക്കുന്നവർക്ക് ‘മൂവ്മെന്റ്’ ഫീൽ ചെയ്യില്ല.

പക്ഷേ ഉടൻ ഐഡ്യൂച്വാ വിടേണ്ടിവരും.

(തുടരും)


Summary: malayali diaspora in Idutywa south africa


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments