ആഫ്രിക്ക കാണാത്ത മലയാളി

‘‘ആഫ്രിക്കയിലെ കറുത്തവർ ‘ബ്ലാക്ക്’ എന്ന് സ്വയം പറയുന്നത് അഭിമാനത്തോടെയാണ്. എന്നാൽ നാം ‘കറമ്പൻ’ എന്നു പറയുന്നത് ഏതോ നികൃഷ്ടജീവിയെപ്പറ്റി പറയുമ്പോലെയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ ‘ദക്ഷിണാഫ്രിക്ക’ എന്നത് ഒരു രാജ്യമാണെന്നും ‘ആഫ്രിക്ക’ ഒരു ഭൂഖണ്ഡമാണെന്നും മനസ്സിലാവാത്ത എത്രയോ ആളുകളെ കണ്ടിരിക്കുന്നു’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 10

ഫ്രിക്കയെപ്പറ്റി എഴുതുന്നത് പലതരം ആശങ്കകൾ ഉള്ളിൽ വച്ചാണ്. അനേകം വർഷങ്ങൾക്കു മുൻപ്, 1986-ലാണെന്നു തോന്നുന്നു, ആഫ്രിക്കയെപ്പറ്റി പ്രശസ്തമായ ഒരു പ്രസിദ്ധീകരണത്തിൽ ഞാൻ ചിലതൊക്കെ എഴുതി. അതിനുശേഷം ദക്ഷിണാഫ്രിക്കയിൽ നിന്ന് കുറേക്കൂടി വിശദമായി എഴുതി. അതൊന്നും ആൾക്കാർക്ക് ‘പിടിക്കില്ല’ എന്ന സന്ദേശം വ്യംഗ്യത്തിൽ കിട്ടിയതോടെ അതും നിർത്തി.

ആഫ്രിക്ക എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിക്ക് ഇടതൂർന്ന വനങ്ങളും വഴിനീളെ മേയുന്ന വന്യമൃഗങ്ങളും അസുന്ദരമായ മുഖങ്ങളുമാണ്. മലയാളി യാതൊരു മനഃസ്സാക്ഷിക്കുത്തുമില്ലാതെ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്; ‘കറമ്പൻ’; ഇത്രയുമാണ് ആഫ്രിക്കയെക്കുറിച്ചുള്ള അറിവ്. ഇത് വെറും ശരാശരി മലയാളിയുടെ മാത്രം കാര്യമല്ല. ഒരിക്കൽ പ്രശസ്തനായ മലയാള കവി ഒരു ആഫ്രിക്കൻ സംഘടനയുടെ ക്ഷണം സ്വീകരിച്ച് ആഫ്രിക്കൻ ഭൂഖണ്ഡം സന്ദർശിക്കാനെത്തി. ഞാൻ ദക്ഷിണാഫ്രിക്കയിൽ ഉള്ളപ്പോഴാണ്. അദ്ദേഹം നാട്ടിൽ ആരുടെയോ പക്കൽനിന്ന് എന്റെ ഫോൺ നമ്പറും വാങ്ങിയിരുന്നു.

Photo: Pexels
Photo: Pexels

ഒരു ദിവസം എനിക്ക് ഒരു കാൾ വരുന്നു, താൻ ആഫ്രിക്കയിലുണ്ടെന്നും എപ്പോഴാണ് കാണാനാവുക എന്നും അദ്ദേഹം അന്വേഷിച്ചു.
താങ്കൾ ഇപ്പോൾ എവിടെയുണ്ട്? എന്നു ഞാൻ ചോദിച്ചു.
‘അക്ക്ര’, അദ്ദേഹം മറുപടി പറഞ്ഞു.
എനിക്ക് ചിരിക്കണോ കരയണോ ചീത്ത വിളിക്കണോ എന്നറിയാതെ പോയി.
‘അക്ക്ര? എന്നുവച്ചാൽ, ഘാനയുടെ തലസ്ഥാനം?’, ഞാൻ അന്വേഷിച്ചു.
‘അതെ.’
‘സുഹൃത്തേ, നാം ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ രണ്ടറ്റങ്ങളിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. താങ്കൾ പടിഞ്ഞാറേ അറ്റത്തും ഞാൻ തെക്കേ അറ്റത്തും. നമുക്ക് ഇവിടെ, അതായത് ആഫ്രിക്കയിൽ, പരസ്പരം കാണാൻ ഒരു വഴിയും ഇല്ല. നാട്ടിൽ വരുമ്പോൾ കാണാം.’

ഇത്രയും പറഞ്ഞ് ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു. ഇനി, അദ്ദേഹത്തെ ഞാൻ താമസിക്കുന്ന ദക്ഷിണാഫ്രിക്കയിലെ മലയാളികളെക്കൊണ്ട് ക്ഷണിപ്പിച്ച് വിളിക്കണം എന്നാണോ കവി ഉദ്ദേശിച്ചത്? അതറിയില്ല.

സാധാരണക്കാരിൽനിന്ന് എത്രയോ ഉന്നതങ്ങളിലാണ് നമ്മൾ ആധുനിക കാലത്തെ കവികളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതിൽ കാര്യമുണ്ടോ?

ആഫ്രിക്കൻ ഭൂപടത്തിൽ ഘാനയും (ഇടത്) എത്യോപ്യയും
ആഫ്രിക്കൻ ഭൂപടത്തിൽ ഘാനയും (ഇടത്) എത്യോപ്യയും

ആഫ്രിക്കയിലെ കറുത്തവർ ‘ബ്ലാക്ക്’ എന്ന് സ്വയം പറയുന്നത് അഭിമാനത്തോടെയാണ്. എന്നാൽ നാം ‘കറമ്പൻ’ എന്നു പറയുന്നത് ഏതോ നികൃഷ്ടജീവിയെപ്പറ്റി പറയുമ്പോലെയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ ‘ദക്ഷിണാഫ്രിക്ക’ എന്നത് ഒരു രാജ്യമാണെന്നും ‘ആഫ്രിക്ക’ ഒരു ഭൂഖണ്ഡമാണെന്നും മനസ്സിലാവാത്ത എത്രയോ ആളുകളെ കണ്ടിരിക്കുന്നു. എന്റെ എഴുത്ത് ആ ധാരണകളെ ‘ഓവർനൈറ്റ്’ മാറ്റിക്കളയും എന്ന വ്യാമോഹമൊന്നുമില്ല. ഈ സൈബർ യുഗത്തിലും അത്തരം ഭോഷത്തരം ചുമന്ന് നടക്കുന്നവരാണ് ‘അഭ്യസ്തവിദ്യർ’ എന്നഹങ്കരിക്കുന്ന എന്റെ നാട്ടുകാർ എന്നോർക്കുമ്പോൾ അല്പം ജാള്യത തോന്നാറുണ്ട്.

സ്കൂൾ വർഷാവസാനമായി. ഞങ്ങളുടെ വകുപ്പിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്നു. ചങ്ങനാശേരിക്കാരനായ സലിംകുമാർ എന്ന സഹപ്രവർത്തകൻ മാത്രമാണ് എന്നോടൊപ്പമുണ്ടായിരുന്നത്. മീറ്റിംഗുകളിൽ എനിക്കൊപ്പം തുറന്ന് സംസാരിക്കാനും സലിം തയാറായിരുന്നു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ആഫീസിലെ ഉദ്യോഗസ്ഥനായിരുന്ന സലിം ലീവെടുത്താണ് എത്യോപ്യയിലേക്കു വന്നത്. പരീക്ഷകളെല്ലാം കഴിഞ്ഞു. സ്കൂൾ ഔപചാരികമായി അടക്കും മുൻപ് കുട്ടികളുടെ പാട്ടും നൃത്തവും മറ്റുമുണ്ടായിരുന്നു. അതു കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ വന്നു. പിറ്റേന്നുരാവിലെ എനിക്ക് വിദ്യാഭ്യാസവകുപ്പ് ആഫീസിൽ നിന്നൊരു സന്ദേശം എത്തി. ഉടനെ പ്രൊവിൻഷ്യൽ എജുക്കേഷൻ ഓഫീസറെ (പി ഇ ഒ) കാണണം. അവിടെ എന്നെ കാത്തിരുന്നത് ടെർമിനേഷൻ നോട്ടീസായിരുന്നു. ‘ഇൻസബോർഡിനേഷൻ’ ആയിരുന്നു ഒരു കാരണം. ഗോണ്ടറിലെ ഞങ്ങളുടെ അവസാന ദിനങ്ങളാണ് അതെന്ന് മനസ്സിലായി. ഉടൻ വീട് വിട്ടു കൊടുത്ത് ബസിൽ ഞങ്ങൾ അഡീസ് അബാബയിലേക്ക് യാത്രയായി.

ഗോണ്ടർ വിട്ടുപോകുന്നത് മനസില്ലാമനസോടെയാണെങ്കിലും ഞങ്ങൾക്ക് മറ്റൊരു വഴിയില്ലല്ലോ. പി ഇ ഒ ഉപദേശിച്ചത് ഇങ്ങനെയാണ്: “മി. ചന്ദ്ര, നിങ്ങൾ പോയി ആ തായെ ചെരെയെ കണ്ട് ഒരു ‘സോറി” പറയൂ. അയാൾ വിചാരിച്ചാൽ മാത്രമേ ഈ ടെർമിനേഷൻ മാറ്റിക്കിട്ടുകയുള്ളൂ. കാരണം സ്കൂളിലെ ബോസ് ഡയറക്ടർ ആണ്.”

ഞാൻ ക്ഷമാപണത്തിനുചെന്നാൽ അയാളുടെ പ്രതികരണമെന്താവും എന്നെനിക്ക് നന്നായി അറിയാമായിരുന്നു. തന്നെയുമല്ല, അയാളോട് മാപ്പു പറയാനുള്ള യാതൊരു അപരാധവും ഞാൻ ചെയ്തിട്ടില്ലെന്നും എനിക്ക് ബോദ്ധ്യമുണ്ടായിരുന്നു. എന്റെ ഒപ്പം നിന്ന സലിം കുമാറിനെയും ടെർമിനേറ്റ് ചെയ്തു. അഡീസ് അബാബയിൽ നേരത്തേ എത്തിയിരുന്ന ചില സുഹൃത്തുക്കൾ ഞങ്ങൾക്ക് അവിടത്തെ ബസ് സ്റ്റേഷനടുത്ത് ‘അംബാസഡർ’ എന്നു പേരുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്നു. എത്യോപ്യയിലെ രണ്ടാംകിട ഹോട്ടലുകൾ നമ്മുടെ നാട്ടിലെ കാലിത്തൊഴുത്തിനെക്കാൾ വൃത്തികെട്ടതാണ്. അതിനാൽ ആ വൈകുന്നേരം തന്നെ ഞങ്ങൾ അവിടെനിന്ന് മറ്റൊരു ഇടം കണ്ടെത്തി അങ്ങോട്ട് മാറി. റെസ്റ്റോറന്റ് ഇല്ലാത്ത ഒരു ലോജിംഗ് മാത്രമായിരുന്നു അത്; ‘ആണ്ടിനെത്ത്’ (andinet, ‘unity’ എന്ന് അർഥം) എന്ന് പേര്. ഒരു ചെറിയ മുറി. പക്ഷേ വളരെ വൃത്തിയുള്ള മുറി. കൊച്ചു മോളെയും കൊണ്ട് കഴിയാൻ ആ മുറി അപര്യാപ്തമായിരുന്നു; പക്ഷേ വേറെ നിവൃത്തിയില്ലെങ്കിൽ എന്തു ചെയ്യും. എന്റെ സഖിക്ക് അഡീസ് അബാബയിലേക്ക് ട്രാൻസ്ഫർ ആയിട്ടില്ലായിരുന്നു. അവധിക്കാലത്ത് അവിടെ നിന്നുവേണം അത് ശരിയാക്കാൻ.

ഔറാറിസ് ഹോട്ടൽ
ഔറാറിസ് ഹോട്ടൽ

പിറ്റേന്നുതന്നെ ഫോറിൻ പേഴ്സണൽ ഇൻ ചാർജ്ജ് ആയിരുന്ന ആത്തോ മെബ്രാത്തുവിനെ കണ്ടു. അയാൾ കൈ മലർത്തി. തിരികെ നാട്ടിലേക്കുള്ള എയർ ടിക്കറ്റ് എത്യോപ്യൻ എയർലൈൻസിൽ നിന്ന് വാങ്ങിക്കൊള്ളാൻ മാത്രം പറഞ്ഞു. ഞങ്ങൾ ആണ്ടിനെത്തിൽ ഞെരുങ്ങിക്കഴിയുമ്പോൾ ഗോണ്ടറിൽ നേരത്തേയുണ്ടായിരുന്ന രാധാകൃഷ്ണൻ സർ ഞങ്ങൾക്ക് അദ്ദേഹം താമസിച്ചിരുന്ന, അഡീസ് അബാബ പിയാസായിലുള്ള ‘ഔറാറിസ്’ (Awraris) ഹോട്ടലിൽ ഒരു മുറി ശരിപ്പെടുത്തി. അങ്ങനെ ഏതാണ്ട് രണ്ടാഴ്ചത്തെ ദുരിതജീവിതത്തിൽ നിന്ന് മോചിതരായി ഞങ്ങൾ ഹോട്ടൽ ഔറാറിസിലെ ഒരു വില്ലയിലുള്ള വിശാലമായ റൂമിലേക്ക് (നമ്പർ 229) താമസം മാറ്റി. താഴത്തെ നിലയിലായതിനാൽ മുറിക്കു മുന്നിൽ ഒരു മുറ്റമുണ്ടായിരുന്നു. ആ വില്ലാ കോംപ്ലെക്സിൽ മൂന്നു മുറികളേ ഉണ്ടായിരുന്നുള്ളൂ. ഒരു മുറിയിൽ ചക്രവർത്തിയുടെ ഭരണകാലത്ത് ഏതോ ഉയർന്ന പദവിയിലിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അവിടെ പാർപ്പിച്ചിരുന്നു എന്നാണ് ഞങ്ങൾ കേട്ടിട്ടുള്ളത്. ഗവൺമെണ്ട് ഉടമസ്ഥതയിലുള്ള ഹോട്ടലായിരുന്നു ഔറാറിസ്. പ്രധാന കെട്ടിടത്തിന്റെ മുകൾ നിലയിലെ ഒരു മുറിയിൽ നിന്ന് ആരോ ഉറക്കെയുറക്കെ ശാപവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. ചക്രവർത്തിയുടെ ഭരണകാലത്ത് അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരു ഡിപ്ലോമാറ്റായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചില ദിവസങ്ങളിൽ അദ്ദേഹം ഡ്രസിങ് ഗൗൺ മാത്രം ധരിച്ച് റിസപ്ഷനിൽ വന്ന് മെൻഗിസ്റ്റുവിനെ ഭീകരമായി തെറിവിളിച്ചിരുന്നു. ആരും തടയുകയോ സമാധാനിപ്പിക്കുകയോ ചെയ്തില്ല.

അവിടെ താമസിക്കുമ്പോഴാണ് അലോഷ്യസ് ലാസറസ് എന്ന കാൺപുർക്കാരനെ പരിചയപ്പെട്ടത്. അയാൾ ഭാര്യയുമായി എത്യോപ്യയിൽ വന്ന് അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ തന്റെ വിദ്യാർത്ഥിനിയായിരുന്ന എമെബെറ്റ് എന്ന പെൺകുട്ടിയുമായി അടുപ്പത്തിലായി. ഭാര്യയെ വിട്ട് അയാൾ ആ എത്യോപ്യൻ പെൺകുട്ടിയെ ഭാര്യയാക്കി. ലാസറസ് വളരെ വാചാലനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. പക്ഷേ ആവശ്യത്തിലധികം വക്രതയും ഉണ്ടായിരുന്നു. ലാസറസും ടെർമിനേഷൻ വാങ്ങി വന്നതാണ് അഡീസിൽ. ലാസറസുമായി സംസാരിക്കെ ചില കാര്യങ്ങൾക്ക് കുറേക്കൂടി വ്യക്തത കിട്ടി.

ഔറാറീസ് ഹോട്ടൽ ഇപ്പോൾ ബോലെ എയർ പോർട്ടിനടുത്താണ്.
ഔറാറീസ് ഹോട്ടൽ ഇപ്പോൾ ബോലെ എയർ പോർട്ടിനടുത്താണ്.

അന്യായ പിരിച്ചുവിടലിനെതിരേ കേസ് കൊടുക്കാം എത്യോപ്യയിൽ. അങ്ങനെ ഞങ്ങൾ ഒരു വക്കീലിനെ തേടിയിറങ്ങി. കിട്ടിയത് അതിപ്രഗത്ഭനായ ഒരാളെ. പേര് മറന്നു. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട് കാര്യങ്ങളെല്ലാം സംസാരിക്കുകയും കേസിന്റെ ആവശ്യത്തിന് ഞങ്ങളെപ്പോലെ ജോലി നഷ്ടപ്പെട്ട മറ്റ് കുറേ അദ്ധ്യാപകരിൽ നിന്നു കൂടി പിരിച്ചെടുത്ത ഒരു തുക അദ്ദേഹത്തിന് നൽകുകയും ചെയ്തു. അദ്ദേഹം ആ കാലത്ത് ‘ആൾ ആഫ്രിക്ക ലോയേഴ്സ് അസോസിയേഷൻ’ വൈസ് പ്രസിഡന്റ് ആയിരുന്നു.

വൈകാതെ ഞങ്ങൾ മെൻഗിസ്റ്റു ഭരണകൂടത്തിന്റെ ശക്തി മനസ്സിലാക്കി. വക്കീലിനെ കണ്ട് രണ്ട് ദിവസം കഴിഞ്ഞ് വൈകുന്നേരം ആറു മണിയോടെ എന്റെ വാതിലിൽ ആരോ മുട്ടി. തുറന്നപ്പോൾ ഞങ്ങളുടെ വക്കീൽ.
അദ്ദേഹം പറഞ്ഞു, “ക്ഷമിക്കണം. എനിക്ക് ഈജിപ്റ്റിൽ ഒരു സുപ്രധാന കോൺഫറൻസ് ഉണ്ട്. അതുകൊണ്ട് ഈ കേസ് എടുക്കാനാവില്ല. പക്ഷേ ഞാൻ നിങ്ങൾക്ക് എന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്തിരുന്ന ഒരു വക്കീലിനെ ഏർപ്പാട് ചെയ്തിട്ടുണ്ട്. അയാൾ നാളെ വന്ന് നിങ്ങളെ കാണും. നിങ്ങളുടെ കൂടെ അന്നുണ്ടായിരുന്ന ആൾ അടുത്തെങ്ങാനും ഉണ്ടോ?”
അദ്ദേഹം തന്റെ കോട്ടിന്റെ ഉൾക്കീശയിൽ നിന്ന് ഒരു നീണ്ട കവർ പുറത്തെടുത്തു. ഞാൻ അടുത്തു തന്നെയുണ്ടായിരുന്ന ലാസറസിനെ വിളിച്ചുകൊണ്ടു വന്നു.

കത്തീഡ്രൽ സ്‌കൂൾ ഇന്ന്‌
കത്തീഡ്രൽ സ്‌കൂൾ ഇന്ന്‌

“ഇത് നിങ്ങൾ എനിക്ക് നൽകിയ അഡ്വാൻസ് തുക. ഗുഡ് ബൈ. ആൾ തി ബെസ്റ്റ്.” ഇത്രയും പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. പിറ്റേന്ന് പുതിയ ആൾ വന്നു. എന്തോ, എന്റെ ഉത്സാഹം കെട്ടടങ്ങിയിരുന്നു. പുതിയ വക്കീൽ കേസിൽ ഉൾപ്പെട്ട എല്ലാവരുമായൊന്നും വിശദമായി ഒന്നും സംസാരിച്ചില്ല. ഇതെല്ലാം കൂടി കണ്ടപ്പോൾ പട്ടാള ‘സോഷ്യലിസ്റ്റ്’ ഭരണകൂടത്തിന്റെ, മെൻഗിസ്റ്റു വലിയേട്ടന്റെ (ബിഗ് ബ്രദർ എന്ന അർത്ഥത്തിൽ തന്നെ) കഴുകൻ കണ്ണുകൾ ഞങ്ങളുടെ എല്ലാ ചലനങ്ങളും വീക്ഷിക്കുന്നുണ്ടെന്ന് തോന്നിയെങ്കിൽ തെറ്റു പറയാനാവില്ലല്ലോ.

എനിക്ക് ജോലിയില്ലാതായല്ലോ. ബീനയുടെ ട്രാൻസ്ഫർ അപ്പോഴേക്ക് ശരിയായി. എനിക്ക് കാതലിക്ക് കത്തീഡ്രൽ സ്കൂൾ എന്ന പ്രൈവറ്റ് കത്തോലിക്ക സ്കൂളിൽ ജോലിയായി. അതിന്റെ മാനേജരും പ്രിൻസിപ്പലും എല്ലാം അബ്ബാ ഗെബ്രെ മറിയം അമാന്റെ എന്ന പുരോഹിതനായിരുന്നു. നമ്മുടെ ഇവിടെയുള്ള പുരോഹിതന്മാരെപ്പോലൊന്നും അല്ല അദ്ദേഹം. വളരെ സൗമ്യനും അതേസമയം ജോലിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളും ആയിരുന്നു. ആ ജോലി എനിക്ക് ശരിയാക്കിയത് വേണു മാഷ് എന്നു ഞങ്ങൾ വിളിച്ചിരുന്ന, അവിടെയുള്ള വളരെ സീനിയറായ ഒരു മലയാളിയാണ്. ചേന്ദമംഗലം സ്വദേശി. ഇ.എം.എസിന്റെ ആത്മസുഹൃത്തും ഒരു കാലത്ത് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയും ജീവൽസാഹിത്യത്തിന്റെയും മറ്റും അമരക്കാരിൽ ഒരാളുമായിരുന്ന പ്രൊഫ. എം. എസ്. ദേവദാസിന്റെ മൂത്ത മകൻ മോഹൻദാസ് എത്യോപ്യയിൽ 1977 മുതൽ ജോലി ചെയ്തുവരികയാണ്. മോഹൻ ദാസാണ് വേണു മാഷെക്കൊണ്ട് കത്തീഡ്രലിലെ ജോലി എനിക്ക് ശരിയാക്കിച്ചത്.

മെഡാനെ ആലെം സ്‌കൂൾ - അഡീസ് അബാബ
മെഡാനെ ആലെം സ്‌കൂൾ - അഡീസ് അബാബ

വേണു മാഷ് മെൻഗിസ്റ്റുവിന്റെ ഗവൺമെന്റിലെ വിദ്യാഭ്യാസമന്ത്രിയെ ഹൈസ്ക്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്.
വേണു മാഷെക്കുറിച്ച് അഡീസിലെ മലയാളികൾക്കിടയിൽ പ്രചരിച്ചിരുന്ന ഐതിഹ്യസമാനമായ അൽഭുതകഥകളുണ്ട്. അവയിൽ ഒന്നു മാത്രമേ എനിക്കിപ്പോൾ ഓർമയുള്ളു.
വേണു മാഷ് പഠിപ്പിച്ചിരുന്നത് അഡീസ് അബാബയിലെ മെഡാനെ ആലെം (Medhanelaem) എന്ന സ്കൂളിലായിരുന്നു. അദ്ദേഹം സമർത്ഥനായ അദ്ധ്യാപകനും അഡ്മിനിസ്ട്രേറ്ററുമായിരുന്നു. സ്കൂൾ ഡയറക്ടർ ആ സ്കൂളിന്റെ അക്കാദമിക് കാര്യങ്ങളെല്ലാം വേണു മാഷെയാണ് ഏൽ‌പ്പിച്ചിരുന്നത്. അങ്ങനെയിരിക്കെ അവരുടെ ഡി ഇ ഒ മാറുകയും പുതിയൊരാൾ വരികയും ചെയ്തു. പുതിയതായി വന്ന ആൾക്ക് വേണു മാഷ് തന്റെ സ്ക്കൂളിലെ “ഡി ഫാക്റ്റോ” ഡയറക്ടർ ആയി പെരുമാറുന്നത് ഇഷ്ടമായില്ല. ആരെയും അറിയിക്കാതെ ഒരിക്കൽ അയാൾ സ്ക്കൂളിൽ വരികയും ചികഞ്ഞ് ചില പിശകുകൾ കണ്ടുപിടിക്കയും ചെയ്തു. വേണു മാഷ് വളരെ ശാന്തനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തോട് ഡി ഇ ഒ ഇങ്ങനെ പറഞ്ഞത്രെ: “ഐ വിൽ മേക് ഷുവർ ദാറ്റ് യു പാക്ക് അപ്പ് ആൻഡ് ലീവ് ഫോർ ഇന്ത്യ ഇൻ 48 അവേഴ്സ്.’’

വേണു മാഷ് ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോയി. സ്കൂൾ കോമ്പൗണ്ടിൽ തന്നെയുള്ള ഒരു പഴയ ഇറ്റാലിയൻ വില്ലയിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. വീട്ടിലെത്തി അൽ‌പനേരം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു ഫോൺ കാൾ വന്നു. അത് മെൻഗിസ്റ്റുവിന്റെ മന്ത്രിസഭയിലെ ഏറ്റവും ശക്തനായ ഒരു മന്ത്രിയുടേതായിരുന്നു. ആത്തോ ഗോഷു വോൾഡെ എന്ന വിദ്യാഭ്യാസമന്ത്രി. അദ്ദേഹം മറ്റെന്തോ കാര്യത്തിനു വിളിച്ചതാണ്. അപ്പോൾ വേണു മാഷ് അറിയിച്ചു, “ഗോഷു, ഞാൻ നാട്ടിലേക്ക് പോകാൻ പാക്ക് ചെയ്യുകയാണ്.”
കാര്യങ്ങളറിഞ്ഞപ്പോൾ അദ്ദേഹം മാഷോട് പറഞ്ഞു, “ഐ വിൽ സീ വാട്ട് കാൻ ബി ഡൺ.”

ആത്തോ ഗോഷു വോൾഡെ
ആത്തോ ഗോഷു വോൾഡെ

പിറ്റേന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് മാഷ്ക്ക് ഒരു കാൾ. “നിങ്ങളുടെ ഡി ഇ ഒ ദീർഘകാല അവധിയിൽ പോകുന്നതിനാൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരിക്കും കുറച്ചു ദിവസത്തേക്ക് ആക്ടിംഗ് ഡി ഇ ഒ.’’

അങ്ങനെയുള്ള വേണു മാഷാണ് എനിക്ക് കത്തീഡ്രൽ സ്കൂളിന്റെ വാതിൽ തുറന്നുതന്നത്. വേണു മാഷ് പിൽക്കാലത്ത് നാട്ടിൽ വന്ന് സ്ഥിരതാമസമാക്കി എന്ന് കേട്ടറിഞ്ഞിരുന്നു. പിന്നീട് നേരിൽ കണ്ടില്ലെങ്കിലും മാഷെ ഞാൻ മറന്നിട്ടില്ല. കഷ്ടിച്ച് മൂന്നാഴ്ചത്തെ അവധിയിൽ വരുമ്പോൾ പോയി കാണാനുള്ള സാവകാശം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. അതിനുശേഷം അദ്ദേഹത്തിന്റെ നിര്യാണവാർത്തയും കേട്ടു. അദ്ദേഹത്തെ ‘രക്ഷിച്ച’ ഗോഷു വോൾഡെ, പിന്നീട് അമേരിക്കയിലേക്ക് സ്വയം നാടുകടന്നു പോയി എന്നു കേട്ടിട്ടുണ്ട്.

ഞങ്ങളുടെ കേസ് നടക്കുന്ന സമയത്ത് അഡീസിലെ മിക്ക മലയാളികൾക്കും അത് ഒരു ചെലവില്ലാത്ത തമാശയായിരുന്നു. ഒരുപാടു പേർ ഞങ്ങളെ ചേർത്തുപിടിക്കുകയും അനുഭാവികളായി ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. അതിലൊരാൾ തൃശൂർ കൊടകര സ്വദേശി ‘മാവ്’ മോഹൻദാസ് ആയിരുന്നു. മോഹൻദാസ് ഒരു കലാരസികനും കവിതാരസികനുമാണ്. എഴുപതുകളിൽ എന്റെ കവിതകളിലൂടെയാണ് അദ്ദേഹം എന്നെ പരിചയപ്പെട്ടത്. ഞങ്ങൾ വല്ലാതെ വിഷമിച്ചിരുന്ന ഒരു ഘട്ടത്തിൽ മോഹൻദാസ് വന്നിരുന്നു, ദൂരെ ദൂരെയുള്ള ഇല്ലുബാബോർ എന്ന സ്ഥലത്തുനിന്ന്, ഞങ്ങളെ കാണാനും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാനും മാത്രമായി. മോഹൻദാസിന് ഒരു വെള്ള ആക്രിലിക് ജാക്കറ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ മോൾ അപ്പോഴേക്ക് നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. അവൾ മോഹൻദാസിന്റെ ആ കുപ്പായം കാരണം “ആട്ടിങ്കുട്ടി മാമ” എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നോടൊപ്പം കേസിലുണ്ടായിരുന്ന ഒരാളായിരുന്നു ചങ്ങനാശേരി സ്വദേശി ജോസ് സെബാസ്റ്റ്യൻ. ഇവരെല്ലാം ഒന്നിച്ച് ഈയിടെ എന്നെ കാണാൻ വന്നിരുന്നു.

അഡീസിലെ കാത്തലിക് കത്തീഡ്രൽ
അഡീസിലെ കാത്തലിക് കത്തീഡ്രൽ

അഡീസിൽ അങ്ങനെ താമസിക്കുമ്പോഴാണ് ചേലനാട്ട് അച്യുതമേനോൻ എന്ന അപൂർവ്വ വ്യക്തിത്വത്തെ ഞാൻ പരിചയപ്പെട്ടത്. ഗാമൊ ഗോഫാ എന്ന പ്രവിശ്യയിലെ എയർ ഫോഴ്സ് അക്കാദമിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അദ്ദേഹം. നാട്ടിൽനിന്ന് എന്നോ എത്യോപ്യയിൽ വന്നു. എത്യോപ്യ സ്വന്തം നാടാക്കി മാറ്റി. മെൻഗിസ്റ്റു ഭരണകൂടത്തെ നിർഭയമായി പൊതുസ്ഥലങ്ങളിൽ‌പ്പോലും വിമർശിച്ചു. ഇംഗ്ലീഷിൽ ‘ഇംപെക്കബിൾ’ എന്നു പറയില്ലേ; അതായിരുന്നു മേനോന്റെ ഇംഗ്ലീഷ്. അദ്ദേഹം മദ്യപാനസദസുകളിൽ (മനസ്സിന് അടുപ്പമുള്ളവരോടൊപ്പമേ കുടിച്ചിരുന്നുള്ളു) തന്റെ ജീവിതകഥ പറയുന്നത് ഞാൻ ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നിട്ടുണ്ട്.

അങ്ങനെ വിഷമങ്ങളിലൂടെയെങ്കിലും അഡീസിലെ ജീവിതം ഇന്നത്തെ ഭാഷയിൽ ‘അടിപൊളി’യായി മുന്നോട്ടു പോയി. ഗോണ്ടറിലെ ഒരു സിനിമാതിയേറ്ററിനു പകരം അഡീസിൽ ഞങ്ങളുടെ ഹോട്ടലിനടുത്ത്, പിയാസയിൽ രണ്ട് തിയേറ്ററുണ്ടായിരുന്നു. മിഥുൻ ചക്രവർത്തിയുടെ ‘ഡിസ്കോ ഡാൻസർ’ അവിടെ രണ്ടു മാസം തുടരെ ഓടി.

(തുടരും)


Summary: malayali in africa african vasanthngal by u jayachandran


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments