‘മാവ് മാവ്’ വിപ്ലവവും
ഡേഡൻ കിമാത്തിയുടെ
ഗറില്ലകളും

‘ബ്രിട്ടീഷ് അധിനിവേശക്കാലത്ത് സായ്പന്മാർക്ക് ഏറ്റവും രൂക്ഷമായ എതിർപ്പ് നേരിടേണ്ടിവന്നത് ധീരരും അതിബുദ്ധിശാലികളുമായ കിക്കുയു ഗോത്രത്തിൽ നിന്നായിരുന്നു. 21-ാം നൂറ്റാണ്ടിൽ സമാധാനത്തിന്റെ അപ്പോസ്തലനായി ഇറങ്ങിയിട്ടുള്ള റിഷി സുനകി നെപ്പോലുള്ളവർ അറിയണം, അയാളുടെ പൂർവ്വസൂരികൾ ചെയ്തുവച്ച കഠിനപാപങ്ങൾ’, യു. ജയചന്ദ്രൻ എഴുതിയ ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 28

തിയോ ഇതിനിടക്ക് കാനഡയിലേക്ക് കുടിയേറ്റം നടത്താൻ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായി തിയോയും കുടുംബവും ഒരു പ്രാവശ്യം അവിടെ പോയ്‍വരികയും ചെയ്തു. ഞങ്ങളുടെ ഹെഡ്മാസ്റ്റർ ഡിസൂസയും മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഡിസൂസ പോർച്ചുഗലിലേക്ക് പോകാനാണ് ശ്രമിച്ചിരുന്നത്. ഇതെല്ലാം റാവൽ അറിഞ്ഞുകൊണ്ടാണ് എന്നതാണ് അത്ഭുതം. ഗോവക്കാർ തന്റെ സ്കൂളിൽ ജോലി ചെയ്യുന്നുണ്ട് എന്നത്, റാവൽ എല്ലാ വർഷാവസാനവും സ്കൂൾവാനിൽ കെന്യയിലുടനീളം പരസ്യപ്രചാരണം നടത്തുമ്പോൾ അവകാശപ്പെടാറുണ്ട്. പക്ഷേ കുശാഗ്രബുദ്ധിയായ റാവൽ സ്കൂളിന്റെ യഥാർത്ഥ ‘ധനചക്രം' തിരിയുന്നതെങ്ങനെ എന്നോ സ്കൂളിന്റെ ‘ഫൈനാൻഷ്യൽ സ്റ്റേറ്റസ്' എന്താണെന്നോ തലപ്പത്തിരിക്കുന്ന ഡിസൂസയെപ്പോലും അറിയിച്ചിരുന്നില്ല. എല്ലാ ഗുജറാത്തി ബിസിനസുകാരെയും പോലെ ഇതും ഒരു കുടുംബ ബിസിനസായി നിലനിർത്താനായിരുന്നിരിക്കണം റാവൽ ആഗ്രഹിച്ചിരുന്നത്.

തന്റെ മക്കളിലൊരാളെങ്കിലും സ്കൂൾ നടത്തിപ്പിൽ അൽപമെങ്കിലും ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്ന് റാവൽ ആഗ്രഹിച്ചിരുന്നെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം, 1987-ന്റെ തുടക്കത്തിൽ റാവൽ രണ്ടാമതൊരു സ്കൂളിന്റെ നിർമാണം ആരംഭിച്ചു. ഞങ്ങളൊന്നിച്ച് ആ സ്കൂളിന്റെ പണി നടക്കുമ്പോൾ പലപ്പോഴും അവിടെ പോയിട്ടുണ്ട്. തിരിച്ചുവരുമ്പോൾ റാവൽ സ്ഥിരമായി എന്നെ ഓർമ്മിപ്പിച്ചു; ''യു ആൻഡ് ബീന വിൽ ഹാവ് ഹ്യൂജ് റോൾസ് ഇൻ ദിസ് പ്രൊജെക്റ്റ്. വീ മസ്റ്റ് മെയ്ക് ഇറ്റ് എ സ്കൂൾ വെയർ പാരെന്റ്‌സ് വിൽ ക്യൂ അപ് റ്റു ഗെറ്റ് ദെയർ കിഡ്‌സ് ഇൻ.''

ജർമ്മൻ മുൻ ഫുട്ബോൾ താരം പോൾ ബ്രൈറ്റ്‌നർ
ജർമ്മൻ മുൻ ഫുട്ബോൾ താരം പോൾ ബ്രൈറ്റ്‌നർ

ആ പറയുന്നത് വലിയ താമസമില്ലാതെ അവസാനിക്കാൻ പോകുന്ന വർക്ക് പെർമിറ്റ് കാലാവധിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.
''ഞങ്ങൾ എപ്പോഴും കൂടെയുണ്ടാവും മി. റാവൽ, ബി റെസ്റ്റ് അഷ്വേഡ്ഡ്’’, റാവൽ അങ്ങനെയൊരു പ്രതികരണമെങ്കിലും എന്നിൽനിന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ സ്കൂളിനെപ്പറ്റി അദ്ദേഹത്തിന് വലിയ പദ്ധതികളുണ്ടായിരുന്നെങ്കിലും തന്റെ കയ്യിലുള്ള ഗുജറാത്തി ‘മാൻ പവർ' അതിന് യോജിച്ചവരല്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. കെന്യയിൽ ജനിച്ച് സായ്പിന്റെ സ്കൂളിൽ നിന്ന് ഇഗ്ലീഷ് പഠിച്ച റാവലിന് ആ 'ദേശി' ഗുജറാത്തികളുടെ ഇംഗ്ലീഷ് കേൾക്കുന്നത് ബഹുരസമായിരുന്നു. ആരുമില്ലാത്ത നേരത്ത് അദ്ദേഹം പറയും; ‘യു നോ ജയ് ചന്ദ്രാ', ഹി ക്ലെയിംസ് റ്റു ബി ആൻ എം എ, ഹി കനോട്ട് ഈവൻഡ്രാഫ്റ്റ് എ ലെറ്റർ റ്റു അവർ പാരെന്റ്‌സ്.'
(ജയ് ചന്ദ്രാ; അതായിരുന്നു ഇക്വേറ്ററിലെ എന്റെ പേര്. ‘ചന്ദ്ര' എന്നു പറയാൻ വിഷമമുള്ള ആഫ്രിക്കന്മാർ എന്നെ ‘ജയ് ഷാൻ റാ’ എന്നു വിളിച്ചു. പ്രത്യേകിച്ചും സദാസമയവും എന്റെ സിഗരറ്റ് ഓസിൽ വലിക്കാൻ ദാഹിച്ചിരുന്ന ജോൺസൺ എന്ന അറ്റെൻഡന്റ്. സോഷ്യലിസ്റ്റ് ആവാൻ പിടഞ്ഞുകൊണ്ടിരുന്ന എത്യോപ്യയിൽ കുട്ടികൾ എന്റെ മുഖത്തൊരു ‘ഹിന്ദ് മാർക്‌സി’നെ കണ്ടെങ്കിൽ കെന്യയിലെ വിദ്യാർത്ഥികൾ ആദ്യം എന്നിൽ 1970-കളിലെ ജർമൻ ഫുട്ബാൾ താരം പോൾ ബ്രൈറ്റ്‌നറെ ആണ് കണ്ടതെങ്കിലും കാലക്രമേണ ആ ദർശനം മാറി! പിന്നീടവർ എന്നെ ജീസസ് എന്നും ജേസു എന്നും ക്രിസ്റ്റോസ് എന്നും വിളിച്ചു. അതും എനിക്കിഷ്ടമായി!).

എങ്കിലും ആ ഗുജറാത്തികൾ തന്നെ ചതിക്കില്ലെന്ന് റാവലിന് ഉറപ്പുണ്ടായിരുന്നു. റാവലും കുടുംബവും അറിയാതെ മറ്റ് ജോലിക്കാരുമായെല്ലാം ചേർന്ന് അവർ എന്തെങ്കിലും കാട്ടിക്കൂട്ടിയിരുന്നെന്ന് ഞങ്ങൾക്കാർക്കും തോന്നിയിരുന്നില്ല. അത്തരം ഗോസിപ്പുകളുണ്ടെങ്കിലും അതിൽ ഞങ്ങൾ പങ്കാളികളല്ലായിരുന്നു. അത് ഞങ്ങളുടെ കാര്യമല്ലാത്തതിനാൽ ഞങ്ങൾ അതിൽ താൽപര്യം കാണിച്ചതുമില്ല.

Representative image
Representative image

തന്റെ പുതിയ സ്കൂളിന് റാവൽ ഇട്ട പേർ 'St Xavier's High School' എന്നാണ്. എന്തുകൊണ്ട് സെന്റ് സേവ്യറെ തെരഞ്ഞെടുത്തു? അതിന് ഞങ്ങൾക്ക് വ്യക്തമായ ഒരു മറുപടിയും കിട്ടിയില്ലെങ്കിലും അതും റാവലിന്റെ ഒരു ബിസിനസ് ‘മാസ്റ്റർ സ്ട്രോക്ക്’ ആണെന്ന് മനസ്സിലാക്കാൻ ആരോടും ചോദിക്കണമെന്നില്ലായിരുന്നു. തന്റെ ഇന്ത്യാ യാത്രകളിൽ റാവൽ അന്നത്തെ ബോംബെയിൽ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ഞങ്ങൾ ഇക്വേറ്ററിൽ എത്തുമ്പോൾ അവിടെ നാല് ഇന്ത്യൻ സ്ത്രീകൾ ടീച്ചർമാരായി ഉണ്ടായിരുന്നു. അതിൽ ഒരാൾ യു. പിക്കാരിയും മറ്റെയാൾ പഞ്ചാബിയും മൂന്നാമത്തെയാൾ മലയാളിയായ ശോഭയും ആയിരുന്നു. നാലാമത്തെയാൾ മീന എന്ന മിസിസ് യോഗൻ ഭട്ട്. ഇക്കൂട്ടത്തിൽ യു.പി സ്വദേശിനിയുടെ സർ നെയിം മാത്രം ഇവിടെ നൽകാം: കൌഷിക്. ആവശ്യത്തിലേറെ എന്നു തോന്നിപ്പോകുന്ന മേക്കപ്പൊക്കെയിട്ടായിരുന്നു ആ മദ്ധ്യവയസ്‌ക സ്കൂളിൽ വന്നിരുന്നത്. ഇംഗ്ലീഷ് ആയിരുന്നു അവരുടെ വിഷയവും. റാവലിന്റെ ഒരു പ്രിയ അദ്ധ്യാപിക ആയിരുന്നു അവർ. എന്നുവച്ചാൽ റാവലിന്റെ അനൗദ്യോഗിക സെക്രട്ടറി. ഡിക്​റ്റേഷനെടുക്കുക, അപ്പോയിന്റ്‌മെന്റുകൾ സൂക്ഷിക്കുക, ഓർമിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ. അവർക്ക് പഠിപ്പിക്കാൻ ക്ലാസുകളും കുറവായിരുന്നു. അവരുടെ ഭർത്താവ് തിക്കയിലുള്ള ഏതോ കമ്പനിയിൽ എഞ്ചിനീയറാണെന്നാണ് കേട്ടിട്ടുള്ളത്. നാട്ടിൽനിന്ന് വിമാനമേറിക്കഴിയുമ്പോൾ പലരും പ്രൊഫസർമാരും റീഡർമാരുമെല്ലാം ആവുന്നത് കെന്യയിൽ വന്നതിനുശേഷം ധാരാളം കണ്ടിട്ടുണ്ട്. എഞ്ചിനീയർ ഒരു പദവി അല്ലേ?

റാവൽ ഒരു പ്രാവശ്യം ഇന്ത്യയിൽ പോയപ്പോൾ കൌഷിക്കിന്റെ വീട്ടിൽ പോയി. അദ്ദേഹം അധിക ദിവസം അവിടെ താമസിച്ചില്ല. തിരിച്ചുവന്ന് ഒരിക്കൽഅദ്ദേഹത്തോട് ഞാൻ ചോദിച്ചു, ‘ഹൌ വാസ് യുവർ വിസിറ്റ് റ്റു യു.പി?'
മുഖം വെട്ടിത്തിരിച്ചുകൊണ്ട് റാവൽ പറഞ്ഞു, ''ജയ് ചന്ദ്രാ, ഡോണ്ട് റിമൈൻഡ് മി... ഐ വിൽ ടെൽ യൂ ലേറ്റർ.''

അതിനടുത്ത ദിവസം തന്നെ റാവൽ എന്നോട് പറഞ്ഞു, ‘ദ സോ കാൾഡ് ഹൌസിംഗ് സൊസൈറ്റി വെയർ ദേ ലിവ്, ഇറ്റ് ഈസ് നൊ ബെറ്റർ ദാൻ എ ലോ ഇൻകം കോളനി ഇൻ മതാരെ വാലി. യു നോ, ഐ ഹാഡ് റ്റു സിറ്റ് ഇൻ ദ ഓപെൻ ആൻഡ് പോർ വാട്ടർ ഓൺ മീ റ്റു ബെയ്ത്...'

എന്തുകൊണ്ടാണെങ്കിലും മി. കൌഷിക്കിന്റെ കമ്പനി അയാളുടെ കോൺട്രാക്റ്റ് പുതുക്കിയില്ല. അങ്ങനെ അവർ (കൌഷിക്കിന്റെ പത്‌നി) ഞങ്ങളുടെ സ്കൂൾ വിട്ടുപോയി. വാസ്തവത്തിൽ തിക്കയിലെ റാവലിന്റെ സ്കൂൾ അവിടെ മറ്റ് സ്ഥാപനങ്ങളിൽ ജോലിയായിവരുന്ന ഇന്ത്യക്കാരുടെ (ബിരുദധാരികളായ) ഭാര്യമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാവുന്ന ഒരു സ്ഥാപനമായി അറിയപ്പെട്ടു. നല്ല ടീച്ചറാണെങ്കിൽ രണ്ടു വർഷത്തെ പെർമിറ്റ് ‘ഗാരന്റീഡ്' ആണ്. ഇക്വേറ്ററിലെ കുട്ടികൾ പൊതുവേ സ്കൂളിൽ മാന്യന്മാരും മാന്യകളും ആണ്. അതുകൊണ്ട് പുതിയതായി വരുന്ന അദ്ധ്യാപകർക്ക് അനാവശ്യ ശല്യങ്ങളുണ്ടാക്കാറില്ല. തീരെ നിവൃത്തിയില്ലെങ്കിൽ അവർ നേരിട്ട് റാവലിനോട് പറയും.

നക്കൂറുവിലെ മെനെൻ ഗായ് ക്രെയ്‌റ്ററിന് മുകളിൽ.
നക്കൂറുവിലെ മെനെൻ ഗായ് ക്രെയ്‌റ്ററിന് മുകളിൽ.

സ്കൂളുകളിൽ വിദ്യാർത്ഥി പ്രാതിനിദ്ധ്യമുള്ള ഒരു ഘടകവും ഇല്ലായിരുന്നു. മോയ് യെ മാതൃകയാക്കിയാണ് സ്വകാര്യ സ്കൂളുടമസ്ഥർ (പ്രാത്യേകിച്ച് ഏഷ്യൻ വംശജർ) തങ്ങളുടെ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. എതിർപ്പിന്റെ നേരിയ ശബ്ദം തന്റെ സ്ഥാപനത്തിന്റെ ഏതു കോണിൽ നിന്നുയർന്നാലും റാവൽ അതിന്റെ ‘സിഗ്‌നൽ' പിടിച്ചെടുക്കും. അവരുടെ കുടുംബത്തിലെ ‘ഇൻസൈഡർ'മാരാണെന്ന് തോന്നുന്നവരെ പിരിച്ചു വിടുമ്പോൾ റാവലിന്റെ നീക്കങ്ങൾ ചടുലവും പ്രാവചനാതീതവുമായിരിക്കും.

രണ്ട് ദശാബ്ദക്കാലത്തിലേറേ തന്നെ കൊണ്ടുനടന്ന തിയോങോയെ പിരിച്ചുവിട്ടത് അയാൾ ചില കിക്കുയു സഹപ്രവർത്തകരോടൊപ്പം ചേർന്ന് റാവലിനോട് ശമ്പളക്കൂടുതൽ ചോദിച്ചു എന്ന ‘കുറ്റ’ത്തിനാണ്. വിവരമറിഞ്ഞ അന്നു തന്നെ ആരുമറിയാതെ പുതിയ ഡ്രൈവറെ നിയമിച്ച ശേഷം പിറ്റേന്ന് രാവിലെ സ്കൂൾ ബസ് ഓടിച്ചു വന്ന തിയോങോയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി. എന്നിട്ട് തിയോങോ നിന്നിരുന്ന തന്റെ ഓഫീസ് വാതിൽക്കലേക്ക് നോക്കി, ശുദ്ധമായ കിസ്വാഹിലിയിൽ അയാളോട് കാഷിൽനിന്ന് ബാക്കി എന്തെങ്കിലും കിട്ടാനുണ്ടെങ്കിൽ വാങ്ങിക്കൊണ്ടു പോകാനും പറഞ്ഞു; ‘യുവർ ഫ്രൻഡ്‌സ് വിൽ മീറ്റ് വിത്ത് ദ സെയ്ം ഫെയ്റ്റ്.'

തല താഴ്ത്തി ഇറങ്ങിപ്പോകുന്ന തിയോങോയോട് അവിടെയുള്ള ഒരു തൊഴിലാളിയും അനുഭാവം കാണിച്ചില്ല. എന്റെ ഉള്ളിൽ ജ്വലിച്ച രോഷം ഞാൻ പ്രകടിപ്പിച്ചില്ല. ഒരു രാജ്യത്ത് ജയിലിന്റെ വാതിലോളം ചെന്ന് രക്ഷപ്പെട്ടയാളാണ് ഞാൻ. ഇന്നത്തെ അവസ്ഥയിൽ ജോലി നഷ്ടപ്പെടുത്തി ഒരു റിസ്‌ക് എടുക്കാനാവില്ല. തിയോങോയെ, അയാൾ കാറും കൊണ്ടുവരുമ്പോൾ കാണാറുണ്ടെന്നതിനപ്പുറം ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ലായിരുന്നു. ഒരിക്കൽ അയാൾ താനും ‘ങ്ഗൂഗി വാ തിയോങോ’യും അടുത്ത ബന്ധുക്കളാണെന്ന് എന്നോട് പറഞ്ഞിരുന്നു.

ഗിഡിയോൺ റിഫ്റ്റ് വാലിയിലെ ഒരു വ്യൂ പോയിന്റിൽ
ഗിഡിയോൺ റിഫ്റ്റ് വാലിയിലെ ഒരു വ്യൂ പോയിന്റിൽ

പുതിയതായി രണ്ട് ഡ്രൈവർമാരെ നിയമിച്ചു. ഗിഡിയോണും ജോണും.
ജോൺ ചെറുപ്പവും അൽപം ലക്കില്ലാത്തവനും ആയിരുന്നു. ഗിഡിയോൺ ആവട്ടെ, ഒരു ബൈബിൾപേജ് മറിക്കുന്ന ശാന്തതയോടെയാണ് അപായകരമായ വളവുകൾ പോലും ''നെഗോഷിയേറ്റ്'' ചെയ്തിരുന്നത്. ഗിഡിയോൺ ആണ് ഞങ്ങളെ നക്കുറുവിലെ മെനങ്ഗായ് ക്രേറ്ററിന്റെ മുകളിലെത്തിച്ചത്. ഒറ്റയ്ക്ക് അവിടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. ഞാൻ തന്നെ അത് സാധിച്ചു കൊടുത്തു. അദ്ദേഹത്തിന് ബഹു സന്തോഷമായി. ഗിഡിയോൺ കമാവു എന്നായിരുന്നു ഗിഡിയോണിന്റെ മുഴുവൻ പേര്. കിക്കുയുക്കളുടെയിടയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു ''കുലനാമം'' ആണ് കമാവു (ഇംഗ്ലീഷ് സ്‌പെല്ലിങ് -KAMAU). ജോമോ കെന്യാറ്റയുടെ യഥാർത്ഥ പേര് ''ജോൺ കമാവു'' എന്നായിരുന്നല്ലോ.

‘MAU MAU’

ബ്രിട്ടീഷ് അധിനിവേശക്കാലത്ത് സായ്പന്മാർക്ക് ഏറ്റവും രൂക്ഷമായ എതിർപ്പ് നേരിടേണ്ടിവന്നത് ധീരരും അതിബുദ്ധിശാലികളുമായ കിക്കുയു ഗോത്രത്തിൽ നിന്നായിരുന്നു. മറ്റു ഗോത്രങ്ങളും രക്തരൂഷിത സംഘട്ടനങ്ങളിൽ മരിച്ചുവീണിട്ടുണ്ട്. 21-ാം നൂറ്റാണ്ടിൽ സമാധാനത്തിന്റെ അപ്പോസ്തലനായി ഇറങ്ങിയിട്ടുള്ള റിഷി ശുനക് നെപ്പോലുള്ളവർ അറിയണം അയാളുടെ പൂർവ്വസൂരികൾ (അയാൾ വെള്ളക്കാരനല്ലെങ്കിലും ഇന്നയാൾ ഇംഗ്‌ളണ്ടിന്റെ പൈതൃകമാണല്ലോ തന്റേതെന്ന് അവകാശപ്പെടുന്നത്.) ചെയ്തുവച്ച കഠിനപാപങ്ങൾ.

‘മാവ് മാവ് ' സൈന്യം
‘മാവ് മാവ് ' സൈന്യം

സായ്പ് വിചാരിച്ചിരുന്നതു പോലെ എളുപ്പമല്ലായിരുന്നു, പ്രതിരോധത്തിലും പ്രത്യാക്രമണത്തിലും നേരിട്ട് കിക്കുയുകളെ പരാജയപ്പെടുത്തുക എന്നത്. അവരുടെ ആ സമരത്തിന്റെ പേരാണ് ''മാവ് മാവ് '. (ഇംഗ്ലീഷ് ലിപ്യന്തരം: MAU MAU). ഗിഡിയോൺ കിക്കുയുവിൽ ജനിച്ചു വളർന്ന ഒരു തനി കിക്കുയു ആയിരുന്നു. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും കിസ്വാഹിലിയുമായി കോഡ് സ്വിച്ച് ചെയ്ത് അദ്ദേഹം തന്റെ സംവേദനങ്ങൾ നടത്തിക്കൊണ്ടിരുന്നു.

‘മാവ് മാവ്’ വിപ്ലവത്തെ ആ പേരിട്ട് വിളിക്കാൻ കാരണമായതിന്റെ പിന്നിൽ പല കഥകളുമുണ്ട്. അവയിൽ പലതും അർത്ഥശൂന്യമാണ്. അവയിൽ നിന്ന് യുക്തിക്കു ചേരുന്നതായി എനിക്കു തോന്നിയത് MAU എന്നത് UMA എന്ന കിക്കുയു വാക്ക് തിരിച്ചിടുമ്പോൾ കിട്ടുന്ന ഒരു ‘നോൺസെൻസ്' വാക്കാണ് എന്നാണ്. കിക്കുയു യുവാക്കൾ അവരുടെ സുന്നത്ത് കഴിഞ്ഞ്, മുറിവെല്ലാം ഉണങ്ങി, മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടുള്ള വാസം അവസാനിക്കും മുൻപ് പല വിനോദങ്ങളിലും ഏർപ്പെടും. അതെല്ലാം ഒരു ബാലനിൽ നിന്ന് ഒരു പുരുഷനാവുന്ന പ്രക്രിയയുടെ ഭാഗമാണ്. അതിന്റെ ഭാഗമായി അവർ വാക്കുകൾകൊണ്ട് കളിച്ചിരുന്നു. അങ്ങനെ UMA എന്ന വാക്ക് വച്ച് അവർ നടത്തിയ ഒരു കളിയാണത്രേ MAU MAU ആയത്.

മാവ് മാവ് യുദ്ധതടവുകാർ
മാവ് മാവ് യുദ്ധതടവുകാർ

‘ഊമാ’ എന്നതിന്റെ അർത്ഥം ‘ഇറങ്ങിപ്പോ’ അഥവാ ‘കടക്ക് പുറത്ത്'(!) എന്നാണ്. ബ്രിട്ടിഷ് രഹസ്യപ്പൊലീസിനെയും സ്വദേശികളായ അവനവന്റെ ഗോത്രത്തിലെ ഒറ്റുകാരെയും ഭയന്ന് ''യജമാനന്മാരെ'' അറിയിക്കേണ്ട എന്നു കരുതി ആ വിരുതന്മാർ (സുന്നത്ത് കഴിഞ്ഞ് സുഖം പ്രാപിച്ചു കൊണ്ടിരുന്നവർ) സൃഷ്ടിച്ചതാവാം ആ വാക്ക്. (എത്ര മുഗ്ദ്ധമായ സങ്കൽപ്പം! മുഗ്ദ്ധം എന്നതിന് മൂഢം എന്ന് അർത്ഥമുണ്ടെന്ന് ഇടശ്ശേരി പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനേക്കാൾ വലിയ മൂഢത്വം വേറെ ആരെങ്കിലും കാണിക്കുമോ? പക്ഷേ അവരെ കുറ്റം പറയേണ്ടതില്ല. ‘മാവ് മാവ്’ അങ്ങനെ സുസംഘടിതമായ ഒരു സേനാവ്യൂഹം ഒന്നുമല്ലായിരുന്നു.)

ഗോത്രങ്ങളുടെ
ചെറുത്തുനിൽപ്പ്

കെന്യൻ ചരിത്രത്തിലെ വറ്റാത്ത ചോരച്ചാലുകളുടെ കാലമായിരുന്നു കെ എൽ എഫ് എ എന്ന കെന്യാ ലാൻഡ് ഫ്രീഡം ആർമി എന്ന ‘മാവ് മാവ്’ സൈന്യം. അതിന്റെ നേതൃനിരയിൽ കിക്കുയുക്കളെ കൂടാതെ മേറു ഗോത്രവും അക്കാംബാ ഗോത്രവും ഉണ്ടായിരുന്നു. ഇവരുടെ ഇടയിൽ നിന്നെല്ലാം സേനാ നായകന്മാരും ഉണ്ടായിരുന്നെങ്കിലും അവരിൽ ഒരാൾമറ്റു നായകന്മാരെക്കാളേറെ യുദ്ധതന്ത്രങ്ങളിൽ നിപുണനായി ജ്വലിച്ചു: അയാളാണ് കിക്കുയുക്കൾ ഇന്നും ആരാധനയോടെ സ്മരിക്കുന്ന ഡേഡൻ കിമാത്തി.

ഡേഡൻ കിമാത്തി
ഡേഡൻ കിമാത്തി

കേരളവർമ പഴശ്ശിരാജയുടെ കുറിച്യരെ അനുസ്മരിപ്പിക്കും വിധം കിമാത്തി തന്റെ സൈനികരെ ഗറില്ലാ യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ചു. അതിൽ അവർ അഗ്രഗണ്യരായി. സായ്പ് ബൂട്ടിനകത്ത് നിന്ന് വിറച്ചുപോയ സമയങ്ങളുണ്ടായിട്ടുണ്ട്. കാടു വെട്ടിത്തെളിച്ച് മുന്നോട്ടു പോകുമ്പോൾ കടന്നൽക്കൂട്ടം പോലെ പറന്നിറങ്ങി ഡേഡൻ കിമാത്തിയുടെ ഗറില്ലകൾ. പക്ഷേ എല്ലാ വലിയ യുദ്ധങ്ങളിലെയും പോലെ തോക്കു ചൂണ്ടിയവൻ വിജയിയായി. തന്റെ ജീവൻ നൽകേണ്ടിവന്നു കിമാത്തിക്ക്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായ മാവ് മാവ് തടവുകാർ
ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായ മാവ് മാവ് തടവുകാർ

20,000- ത്തോളം മാവ് മാവ് ഭടന്മാരും ആക്ടിവിസ്റ്റുകളും ബ്രിട്ടീഷ് വെടിയുണ്ടയ്ക്കിരയായി. 1090 പേരെ തൂക്കിലേറ്റി. അനേകരെ കാണാനില്ലാതെയായി. ഇന്നിപ്പോൾ ‘മാവ് മാവ്’ - ൽ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമരസേനാനികളായി രാഷ്ട്രം അംഗീകരിച്ചു. ‘കെന്യാറ്റാ ഡേ’ ആയി ആചരിച്ചിരുന്ന ഒക്ടോബർ 20, 2010 മുതൽ 'മഷൂജാ ഡേ' (heroes' day) ആയി ആചരിക്കുന്നു. കെന്യാറ്റയോ ആരാപ് മോയ് യോ ആരും തന്നെ മാവ് മാവ് പ്രസ്ഥാനത്തോട് യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല എന്നു മാത്രമല്ല, കിട്ടിയ അവസരത്തിലെല്ലാം അവരെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഴങ്കഥകളായി മാറി.

കെന്യക്കാർക്കു തന്നെ ഇതിന്റെ കഥകൾ അറിയുമോ? ചമ്പാരൻ എന്താ എന്ന് ഒരു ശരാശരി ഇന്ത്യക്കാരനോട് ചോദിച്ചാൽ എന്തുത്തരമായിരിക്കും വീഴുക?

(തുടരും)


Summary: Mau Mau Uprising and dedan kimathi u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments