ബ്രണ്ണൻ കോളേജിലെ മലയാളം വിഭാഗം വിദ്യാർത്ഥികൾ രാജശ്രീക്ക്​ സമ്മാനിച്ച ചിത്രം / വര: അതുൽ കെ. പി

ക്ലാസിലെ അധ്യാപിക, ക്ലാസിനുപുറത്തെ ഒരു കുട്ടി

അധ്യാപക ജീവിതത്തിന്​ മാർഗദർശികളായ ചില വിദ്യാർഥികളെക്കുറിച്ചാണ്​ ഈ അനുഭവം

കുട്ടികളെ പഠിപ്പിക്കാൻ ലൈസൻസ് കിട്ടിക്കഴിഞ്ഞാൽപ്പിന്നെ തൊഴിൽ എന്നതിനപ്പുറം സമൂഹത്തിൽ ചില സവിശേഷാധികാരങ്ങളുള്ള പദവിയായി അതിനെ മിക്കവരും കാണാറുണ്ട്. അധ്യാപകരും പൊതു സമൂഹവുമൊക്കെ അത്തരമൊരു ബോധം പങ്കുവെക്കും. പഠിപ്പിക്കുന്നവരും പഠിക്കുന്നവരും എന്ന ഗണം കൃത്യമായി ഒരു അധികാര നിലയെ രൂപപ്പെടുത്തുന്നുണ്ട്. അറിവിന്റെയും മൂല്യബോധങ്ങളുടെയും അധികാരികളോ സംരക്ഷകരോ ആയ ഒരു വർഗവും ഏതു നിമിഷവും തെറ്റു വരുത്താവുന്ന ഒരു വർഗവുമാണ് ക്ലാസ് മുറികളിൽ അഭിമുഖമായി വരിക.

ശരിതെറ്റുകളെക്കുറിച്ചുള്ള കടുത്ത മുൻവിധിയുമായാണ് ഭൂരിപക്ഷം അധ്യാപകരും തൊഴിൽ ജീവിതം തുടങ്ങുക. മറ്റുള്ളവരിൽ നിന്ന്, പ്രത്യേകിച്ച് മുന്നിലിരിക്കുന്ന കുട്ടികളിൽ നിന്ന് പലതും പഠിക്കാനും സ്വയം തിരുത്താനുമുണ്ടെന്ന് മനസ്സിലാക്കി വരാൻ സമയമെടുക്കും. "നല്ല മാഷല്ല ഞാൻ' എന്ന് വൈകിയെങ്കിലും തിരിച്ചറിയുന്നവർ കുറവുമായിരിക്കും. സ്വന്തം കാര്യത്തിലാണെങ്കിൽ, അധ്യാപനത്തിൽ രണ്ടു ദശകങ്ങൾ പിന്നിടുമ്പോഴുണ്ടായ ഏറ്റവും വലിയ വളർച്ചയായി കണക്കാക്കുന്നത് ആ തോന്നലുണ്ടായി എന്നതു തന്നെയാണ്.

നേർരേഖയിൽ ചിന്തിച്ചു പോവുകയെന്നത് അധ്യാപകരുടെ ഏറ്റവും വലിയ പരിമിതിയായി തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ശരിതെറ്റുകളുടെ കുടുക്കിൽ അവർ വീണുപോവുന്നത്. പ്രത്യക്ഷത്തിൽ തെറ്റെന്നു തോന്നിക്കുന്ന ചില കാര്യങ്ങൾക്ക് കണ്ണു തുറപ്പിക്കുന്ന ചില മറുവശങ്ങളുണ്ട് എന്ന് ബോധ്യപ്പെടുന്നതു വരെയേ അത്തരം ബൈനറികൾക്ക് ആയുസ്സുണ്ടാകൂ. വിളിച്ചുപറഞ്ഞുകൊണ്ടല്ലെങ്കിലും ചില കുട്ടികൾ അത് ഭംഗിയായി പഠിപ്പിച്ചുതരും. ശേഷിക്കുന്ന അധ്യാപക ജീവിതത്തിൽ അവരും മാർഗദർശികളാണ്. അത്തരമൊരാളെക്കുറിച്ചാണ് ഈ കുറിപ്പ്.

ആർ. രാജശ്രീ
ആർ. രാജശ്രീ

2006 ലാണ് തിരുനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപികയായി ചെല്ലുന്നത്. ഉടൻ പ്രസവാവധിയിൽ പ്രവേശിക്കേണ്ടതുണ്ട്. അധ്യാപനത്തോടെന്നല്ല ഒരു ജോലിയോടും ആത്മാർത്ഥത കാണിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളായിരുന്നു. പക്ഷേ ഗ്രാമത്തിന്റെ ഒരു കഷണമായിരുന്ന ആ സ്‌കൂളിന്റെ ദൃശ്യം തന്നെ ഒരു കുളിർമ തന്നു. ഏറ്റവും കുറഞ്ഞ കാലം ജോലി ചെയ്തിട്ടുള്ള സ്ഥലവും അതു തന്നെ. രണ്ടു മാസം മാത്രം. സ്‌കൂളിനെക്കുറിച്ച് സഹപ്രവർത്തകരിൽ നിന്ന് ഏകദേശ ചിത്രം കിട്ടി. കുട്ടികളെ ഇരുത്തി പഠിപ്പിച്ചെടുക്കുക തന്നെ വേണം. വടി അവശ്യവസ്തുവാണ്. എല്ലാവരും ഉപയോഗിക്കാറുണ്ട്. ഇല്ലാതെ ഒന്നും നടക്കില്ല. തല്ലിക്കൊള്ളാൻ രക്ഷിതാക്കളുടെ അനുമതിയുണ്ട്. അയച്ചുവിട്ടാൽ തലയിൽ കയറും. വീട്ടിൽച്ചെന്ന് പഠിത്തം എന്ന ഏർപ്പാടില്ല. പലതരം ബിസിനസുകളാണ്. അതുകൊണ്ട് പരമാവധി വർക്കുകൾ സ്‌കൂളിൽ വച്ചു തന്നെ ചെയ്യിക്കണം. ഉഴപ്പന്മാരുടെ ഒരു കൂട്ടം എല്ലാ ക്ലാസിലുമുണ്ട്. ഏതു വിഷയത്തിലായാലും പുസ്തകവും നോട്ടുബുക്കും കൊണ്ടുവരുന്നത് ആഡംബരമാണെന്നാണ് വയ്പ്.

കുറച്ചു ദിവസം പുറത്തുനിന്നാൽ രക്ഷിതാവ് വരണം. പലപ്പോഴും വരുന്നത് അമ്മമാരാണ്. അവർ പേടിച്ചരണ്ട മുഖത്തോടെ വരും. കുട്ടികളുടെ പിഴകൾക്ക് മുഴുവൻ ഉത്തരവാദിത്വമേറ്റെടുത്ത് ചിലപ്പോൾ കരയും

എങ്ങനെയും ക്ലാസിൽ നിന്ന് പുറത്താക്കിക്കിട്ടുക എന്നതാണ് അവരുടെ ലക്ഷ്യം എന്ന് അധ്യാപകർക്ക് ന്യായമായ സംശയമുണ്ട്. കുറച്ചു ദിവസം പുറത്തുനിന്നാൽ രക്ഷിതാവ് വരണം. പലപ്പോഴും വരുന്നത് അമ്മമാരാണ്. അവർ പേടിച്ചരണ്ട മുഖത്തോടെ വരും. കുട്ടികളുടെ പിഴകൾക്ക് മുഴുവൻ ഉത്തരവാദിത്വമേറ്റെടുത്ത് ചിലപ്പോൾ കരയും. ഗുരുത്വമില്ലാത്ത മക്കളെ വഴക്കുപറയും. രക്ഷിതാക്കളെ വരുത്താനിടവരുന്നതു തന്നെ സങ്കടമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ക്ലാസിലേക്ക് ചെല്ലുമ്പോൾ മൊത്തത്തിൽ ഒരു ഇരുട്ടാണ്. തെല്ലു കഴിഞ്ഞാണ് കാര്യം പിടി കിട്ടുന്നത്. സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് യൂണിഫോം ഏർപ്പെടുത്തിയിരിക്കയാണ്. കോഫിബ്രൗൺ ഷർട്ട് / ടോപ്പുകളുടെ പ്രഭാവം കാരണമാണ് ആ ഇരുൾച്ച. അങ്ങിങ്ങായി ചില വെളിച്ചത്തുരുത്തുകൾ ഉണ്ട്. യൂണിഫോം ഇല്ലാത്തവർ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ യൂണിഫോമിൽ വരുന്നില്ല എന്നും ക്ലാസിൽ ചെല്ലുന്ന ഓരോ അധ്യാപികയും അക്കാര്യം നിർബന്ധിക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. 950 രൂപ ഒരു ജോഡിക്ക് സ്‌കൂളിൽത്തന്നെ അളവെടുത്തു തയ്ച്ചു കൊടുക്കുന്നതാണ്. ഒരു മാസം സമയം കൊടുത്തിരുന്നതാണ്. അച്ചടക്കത്തിന്റെയും എളിമയുടെയും ഭാഗമാണ് യൂണിഫോം. ഇനിയും അതിടാത്തവർ പുറത്തുപോകേണ്ടിവരും. കിട്ടിയ നിർദ്ദേശമനുസരിച്ച് നിലവിലുള്ള അവസ്ഥ കുട്ടികളെ ധരിപ്പിച്ചു. വലിയ ഭാവഭേദമൊന്നുമില്ല. പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. ഭാഷാസാഹിത്യ പഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും മാതൃ ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. കേട്ടിട്ടുണ്ട് എന്ന ഭാവം.
ടെക്സ്റ്റ് ബുക്ക് എത്ര പേർ കൊണ്ടുവന്നിട്ടുണ്ട് എന്നതിന് മറുപടിയായി അഞ്ചിൽ താഴെ കൈകൾ പൊങ്ങി.

വര: അതുൽ. കെ.പി
വര: അതുൽ. കെ.പി

പണിയായുധമില്ലാതെ പണിക്ക് വരുന്നതിലെ ശരികേട് വിസ്തരിച്ചു. ഉവ്വ എന്ന മട്ടിൽ നോക്കിയിരിപ്പാണ്. അടുത്ത ഘട്ടം ഭീഷണിയാണ്. ഇതെന്റെ നാലാമത്തെ സ്‌കൂളാണ്, ഈ രംഗത്ത് പുതുമുഖമൊന്നുമല്ല എന്നറിയിച്ചു. പുസ്തകമില്ലാതൊരുത്തനെയും നിശ്ചയം ക്ലാസ്സിലിരുത്തുകില്ല എന്നും പ്രഖ്യാപിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ കുറച്ചു പേർ കൂടി ടെക്സ്റ്റ് കൊണ്ടുവന്നു. കഥകൾ കേട്ടിരിക്കും. പഠന പ്രവർത്തനങ്ങളൊന്നും ചെയ്യില്ല. ഇടയ്ക്കു നടത്തിയ ഒരു പരീക്ഷ അധ്യാപികയ്ക്ക് വൻ പാഠമായിരുന്നു. ഒരു ക്ലാസ്സുമുഴുവൻ കരുതിക്കൂട്ടി അലമ്പിയ പരീക്ഷ. അറിയാവുന്ന കുട്ടികൾ പോലും ഒന്നും എഴുതിയിട്ടില്ല. ക്ലാസിലെ ബഹു ഭൂരിപക്ഷം വരുന്ന അറിവില്ലാപ്പൈതങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മട്ടിൽ ഒരു പരീക്ഷയെഴുത്ത്. ക്ലാസിൽ നല്ല പ്രതികരണമുള്ളവർ പോലും തഥൈവ. ഇതവരുടെ സ്ഥിരം രീതിയാണെന്ന് സ്റ്റാഫ് റൂമിൽ നിന്നറിഞ്ഞു. പരീക്ഷയെയും പഠിപ്പിച്ച അധ്യാപികയെയും തോൽപ്പിക്കാൻ ഇതിലും വലിയ വഴിയെന്തുണ്ട് ! അരിശം കൊണ്ടും അപമാനം കൊണ്ടും കണ്ണുകാണാതായി.
ക്ലാസിൽ ചെന്ന് എല്ലാവരെയും എഴുന്നേൽപ്പിച്ചു നിർത്തി. അവിടെയിരുന്ന നല്ല മുളവടിയെടുത്ത് ഒരറ്റത്തു നിന്ന് ഓരോ ചെറിയ അടി വീതം കൊടുക്കാൻ തുടങ്ങി. പക്ഷേ ആദ്യത്തെ പത്തുപേരെ പിന്നിട്ടതോടെ കിതച്ചു വിയർത്ത് അടി നിർത്തി. വലിയ വയറും താങ്ങി തുടങ്ങി വച്ച പണി പൂർത്തിയാക്കാനാവാതെ വലയുന്ന അധ്യാപികയോട് മുന്നിലെ ബഞ്ചിലെ യൂണിഫോമിടാത്ത പയ്യൻ അലിവുള്ളവനായി: ടീച്ചറേ, ബാക്കിയുള്ളവർക്ക് അടി ഞാൻ കൊടുക്കട്ടെ?

ഒരു ക്ലാസ് മുറിയിൽ ഒരധ്യാപിക അപ്പാടെ റദ്ദായിപ്പോകുന്ന ആ നിമിഷം ഇന്നും ഓർമയുണ്ട്. വടിയോങ്ങുന്ന നേരത്ത് കൈ നീട്ടിക്കൊണ്ട് അധ്യാപികയുടെ വയറിനുനേരെ കരുതലോടെ നോക്കിയ ആ പെൺകുട്ടികളോളം വളരാൻ ഇന്നുവരെ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

യൂണിഫോമിന്റെ 950 രൂപ മൂലധനം. ആയിരം തികയ്ക്കാനുള്ള അമ്പതു രൂപ സൈക്കിൾ വാടകയ്ക്കു കൊടുക്കുന്ന കടയിൽ നിന്ന് കടം വാങ്ങി. ആദ്യ രണ്ടാഴ്ചത്തെ പലിശയിൽ നിന്ന് തിരിച്ചും കൊടുത്തു. വീട്ടിലൊരു സഹായമാകട്ടെ എന്നേ കരുതിയുള്ളൂ എന്ന് അവൻ കുറ്റസമ്മതവും നടത്തി

അടി തന്നു സഹായിക്കാൻ മുന്നോട്ടു വന്ന കുട്ടിയെ പിന്നീട് യൂണിഫോമിടാത്തതിന് ക്ലാസിൽ നിന്ന് സ്‌കൂൾ അധികൃതർ പുറത്താക്കുകയുണ്ടായി. അവൻ പുറത്തു നിന്ന് നോട്ടുകൾ എഴുതുകയും ക്ലാസ് ശ്രദ്ധിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ അവനു വേണ്ടി ഒരു ശിപാർശ ചെയ്തു നോക്കി. ഏതൊക്കെയോ ഫോൺ നമ്പറുകളിൽ വിളിച്ചു വിളിച്ച് അവന്റെ അമ്മയെ കിട്ടി. കരഞ്ഞു വിളിച്ച് അവർ വന്നു. ചകിരി പിരിക്കലാണ് അവരുടെ വരുമാനമാർഗ്ഗം. കുട്ടിയുടെ അച്ഛൻ ഒരു ജോലിക്കും പോവില്ല. രാവിലെ കുളിച്ച് കലുങ്കിൽ പോയിരിക്കും എന്നാണവർ അതേക്കുറിച്ചു പറഞ്ഞത്. എന്നാലും യൂണിഫോമിനുള്ള പൈസ 950 രൂപ അവർ കൃത്യസമയത്ത് മകന്റെ കയ്യിൽ കൊടുത്തിരുന്നതാണ്.
ഇവൻ നന്നായാലല്ലേ ഞങ്ങള് രക്ഷപ്പെടൂ എന്നുപറഞ്ഞ് അവർ ഉച്ചത്തിൽ കരഞ്ഞു. അതോടെ രംഗം മാറി. പൈസ എവിടെപ്പോയി, ആരെങ്കിലും മോഷ്ടിച്ചോ എന്നൊക്കെ അന്വേഷണങ്ങളായി.
ഒരു ചോദ്യത്തിനും ഉത്തരം പറയാതെ അവൻ തല താഴ്ത്തി നില്പാണ്.
​ഒടുവിൽ കൂട്ടത്തിൽ സീനിയറായ അധ്യാപകൻ തോളിൽ കയ്യിട്ട് അവനെ കൂട്ടിക്കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് ഇക്കണോമിക്‌സ് പഠിപ്പിക്കുന്ന അധ്യാപികയോട് ""വെയ് ടീച്ചറേ അവനു ദക്ഷിണ'' എന്നും തിരിഞ്ഞ് അവനോടായി, ""നിന്റെ പഠിത്തം കഴിഞ്ഞു, നീയാണ് ജീവിക്കാൻ പഠിച്ചവൻ'' എന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.

പ്രദേശത്തുടനീളം അഞ്ചു രൂപ ആഴ്ചപ്പലിശയ്ക്ക് പണം കടംകൊടുക്കുന്ന ആൾക്കാരുണ്ട്. നൂറിന് അഞ്ചാണ്. ആയിരമാണ് നിക്ഷേപിക്കാവുന്ന ചെറിയ തുക. മാസം പലിശയായി ഇരുനൂറു രൂപ വരെ കിട്ടും. പലിശ കൊടുത്തു മുടിയലല്ലാതെ ഒരിക്കലും കടക്കാർക്ക് മുതൽ അടച്ചു തീരില്ല. പലപ്പോഴും തൊഴിലെടുക്കുന്ന സ്ത്രീകളാണ് കടം വാങ്ങി കുടുംബം പുലർത്തുക. ഈ ഏർപ്പാടാണ് ആശാൻ തുടങ്ങി വച്ചിരിക്കുന്നത്. യൂണിഫോമിന്റെ 950 രൂപ മൂലധനം. ആയിരം തികയ്ക്കാനുള്ള അമ്പതു രൂപ സൈക്കിൾ വാടകയ്ക്കു കൊടുക്കുന്ന കടയിൽ നിന്ന് കടം വാങ്ങി. ആദ്യ രണ്ടാഴ്ചത്തെ പലിശയിൽ നിന്ന് തിരിച്ചും കൊടുത്തു. വീട്ടിലൊരു സഹായമാകട്ടെ എന്നേ കരുതിയുള്ളൂ എന്ന് അവൻ കുറ്റസമ്മതവും നടത്തി. സംഭവം കേട്ട് അവന്റെ അമ്മയടക്കം സർവരുടെയും കണ്ണു തളളി. യൂണിഫോം ഇടണം, അതു നിർബന്ധമാണ്, തൽക്കാലം ക്ലാസിൽ കയറിക്കോ എന്ന് ഏറ്റവും ദുർബലമായ സ്വരത്തിൽ പ്രിൻസിപ്പൽ പറഞ്ഞു. മറ്റാരും ഒന്നും സംസാരിച്ചില്ല. എന്തായാലും അവൻ അടുത്തയാഴ്ച മുതൽ യൂണിഫോമിൽ വന്നു. അവിടെ നിന്ന് മാറ്റമായി പോകുന്നതുവരെ ഓരോ ക്ലാസിലും അവസാന വാക്യം പറഞ്ഞ്, ശരി തന്നെയോ അണ്ണാ എന്ന മട്ടിൽ അവന്റെ മുഖത്തു നോക്കുന്ന ഒരു ശീലം അറിയാതെ രൂപപ്പെട്ടു പോയിരുന്നു. ഏതായാലും ചെറിയ ഒരു ചിരിയോടെ മൂപ്പരത് തലയാട്ടി ശരിവയ്ക്കും.

ആരൊക്കെച്ചേർന്നാണ് ഒരു അധ്യാപികയെ രൂപപ്പെടുത്തുന്നത്!▮


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments