എം. ലീലാവതിയും അമ്മ മുണ്ടനാട്ട് നങ്ങയ്യ മാണ്ടലും

ദൈവം അമ്മയെ തോല്പിച്ചില്ല

എന്നെ പഠിപ്പിക്കാൻ പണം കടം വാങ്ങാൻ പോലും തയാറായ അമ്മ ആ നിശ്ചയദാർഢ്യം എല്ലാ കാര്യത്തിലും എക്കാലത്തും പുലർത്തി. ആ ധൈര്യമാണ് എന്നെ ഞാനാക്കിയത്.

1909ൽ പിറന്നുവളർന്ന അമ്മയുടെ സമുദായമായ നമ്പിടിവംശം അബ്രാഹ്മണവിഭാഗത്തിൽപ്പെടുന്നു. അവർ മരുമക്കത്തായവ്യവസ്ഥ പുലർത്തിയവരാണ്. സ്ത്രീകൾക്ക്​ സ്വാതന്ത്ര്യമുള്ള വ്യവസ്ഥ എന്നാണ് പൊതുധാരണയെങ്കിലും ദുരിതാനുഭവങ്ങളിൽ അവർ മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒടുങ്ങാത്ത ദുഃഖങ്ങൾ മാത്രമാണ് ആ വ്യവസ്ഥ നൽകിയത്. എങ്കിലും, അതിബുദ്ധിമതിയായിരുന്നിട്ടും ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നത് ആ വ്യവസ്ഥ മൂലമല്ല; പൂണൂൽ ധരിക്കുന്നവരെങ്കിലും ബ്രാഹ്മണരായി അംഗീകരിക്കപ്പെടാത്ത നമ്പിടി എന്ന ചെറിയ വിഭാഗത്തിൽ പെട്ടു പോയതുകൊണ്ടാണ്. ആ വിഭാഗത്തിന്റെ ആചാരങ്ങൾ നിയന്ത്രിച്ചിരുന്ന സ്ഥലത്തെ പ്രധാന ദിവ്യൻ ഋതുമതിയായ പെൺകുട്ടിയുടെ പഠിപ്പു വിലക്കി. ദിവ്യന്റെ അരമനയിൽ ഒരു സദ്യക്കു പോകേണ്ടിവന്നപ്പോൾ, ‘കുപ്പായം ഊരണം' എന്ന ആജ്ഞ ധിക്കരിച്ച്​ ഇറങ്ങിപ്പോന്നു ആ പെൺകുട്ടി. സമ്പന്നനും ‘ദിവ്യനെ' ഒരു വ്യവഹാരത്തിൽ തോല്പിച്ചവനുമായിരുന്ന കുഞ്ചുണ്ണി നമ്പിടി ആ ധീരതയേയും പെൺകുട്ടിയേയും ഇഷ്ടപ്പെട്ടു; വിവാഹമാലോചിച്ചു. ഇരുപത്തെട്ടു വയസ്സിന്റെ വ്യത്യാസമുണ്ടായിട്ടും ആ വിവാഹം നടന്നു. അവരുടെ ആദ്യസന്തതിയായി ഞാൻ പിറന്നു.

എനിക്ക് ​കൊച്ചിരാജ്യത്തെ പെൺകുട്ടികളിൽ ഒന്നാം സ്ഥാനം പത്താം ക്ലാസ് പരീക്ഷയിൽ കിട്ടിയതിനാൽ സ്‌കോളർഷിപ്പ് കിട്ടുമെന്നും കോളേജിലയക്കണമെന്നും അധ്യാപകർ നിർദേശിച്ചു. അച്ഛൻ എതിരായിട്ടും അമ്മ ധൈര്യപൂർവം തീരുമാനമെടുത്തതിനാലാണ് ഞാൻ കോളേജ് കണ്ടത്.

നാല്പത്താറു വയസ്സു വരെ വിവാഹം കഴിക്കാതിരുന്ന അച്ഛൻ കടുത്ത മരുമക്കത്തായിയായിരുന്നു. അമ്മ തുരുതുരെ ഏഴു പ്രസവിച്ച് എട്ടു കുട്ടികളുടെ ജനയിത്രിയായി. അച്ഛൻ മരുമക്കത്തായവ്യവസ്ഥയനുസരിച്ച് മരുമക്കളെ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ വച്ചു. നേരെ മരുമക്കളായി മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അനുജന്മാരും പെങ്ങന്മാരും മറ്റു താവഴികളിലെ അംഗങ്ങളുമുൾപ്പടെ മുപ്പതോളം പേരുണ്ടായിരുന്ന ആ വലിയ കുടുംബത്തെ സ്‌നേഹപൂർവം സംരക്ഷിച്ചു. ഭാര്യയേയും മക്കളേയും സംരക്ഷിക്കേണ്ട ചുമതല തന്റേതല്ലെന്നു വിശ്വസിച്ചു. സമ്പത്തു മുഴുവൻ അച്ഛൻ സമ്പാദിച്ചതായിരുന്നു. തറവാട്ടു മുതലല്ല. അതിനാൽ കുറ്റബോധമില്ലാതെ ഭാര്യയേയും മക്കളേയും സംരക്ഷിക്കുന്ന ചുമതല ഏറ്റെടുക്കാമായിരുന്നെങ്കിലും, അതിനു പ്രതിബന്ധമായത് ഒരു പ്രതിജ്ഞയാണെന്നു പറയപ്പെടുന്നു. മറ്റൊരു താവഴിയിൽ പെട്ട ചെറിയമ്മ, വിവാഹിതനാവാൻ പോകുന്നെന്നറിഞ്ഞപ്പോൾ ‘കുഞ്ചുണ്ണ്യേ! ഞങ്ങളെ വഴിയാധാരമാക്കരുത്' എന്നു കേണുവത്രേ. അപ്പോൾ സ്വത്തു കൊടുക്കില്ലെന്നു പ്രതിജ്ഞ ചെയ്തത്രേ.

അമ്മയ്ക്ക് വായനയിലും സാഹിത്യത്തിലും താത്പര്യമുണ്ടായത് അമ്മയുടെ അച്ഛൻ വഴിക്കായിരിക്കാം. ആ മുത്തച്ഛൻ ചിറളയം കോവിലകത്തെ കളം കാര്യസ്ഥനായിരുന്നു. ചിറളയം, മണക്കുളം, കുമാരപുരം, എലിയങ്ങാട്, പുന്നത്തൂർ മുതലായ ‘സ്വരൂപങ്ങൾ' (കോവിലകം) ജാതിശ്രേണിയിൽ ‘നമ്പിടി' വിഭാഗത്തിനൊപ്പമാണ്. ചിറളയം കോവിലകത്ത് ഒരു സേവകനായി അമ്മയുടെ അനുജൻ വസിച്ചിരുന്ന കാലത്ത് ചെറിയ കുഞ്ഞുണ്ണിരാജയുടെ ശേഖരത്തിൽ നിന്ന് അമ്മയ്ക്കു വായിക്കാനായി പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു. കവിതകൾ നോട്ടുപുസ്തകങ്ങളിൽ പകർത്തിവച്ചിട്ടാണ് അമ്മ തിരിച്ചുകൊടുക്കുക. അങ്ങനെയാണ് ഞാൻ ബാല്യത്തിൽത്തന്നെ ആശാന്റെ ‘ലീല', ‘നളിനി', വള്ളത്തോളിന്റെ ‘ശിഷ്യനും മകനും', ‘ബന്ധനസ്ഥനായ അനിരുദ്ധൻ' എന്നീ കൃതികൾ വായിക്കാനും ഹൃദിസ്ഥമാക്കാനും ഇടയായത്. അങ്ങനെ എന്റെ ആദ്യത്തെ സാഹിത്യഗുരുവായിത്തീർന്നു അമ്മ. കവിതയിൽ താത്പര്യത്തിനു ഹേതുവും അമ്മ തന്നെ.

എം. ലീലാവതി

അമ്മാമൻ പിന്നീട് തമിഴ്‌നാട്ടിലേക്കും അവിടെനിന്ന് ബോംബെക്കും ജോലി തേടിപ്പോയി. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ടൈഫോയ്ഡ് പിടിപെട്ട് കുന്നംകുളം ആസ്പത്രിയിലായി; എന്നോടൊപ്പം എനിക്കു താഴെയുണ്ടായിരുന്ന മൂന്നു കുട്ടികളിൽ രണ്ടു പേരും. അമ്മ പൂർണഗർഭിണിയായിരുന്നതിനാൽ ആസ്പത്രിയിൽ വരാൻ പാടില്ലെന്ന് ഡോക്ടർ വിലക്കി. ബോംബെയിൽ നിന്നു വന്ന് അമ്മാമനാണ് ആസ്പത്രിയിൽ ഞങ്ങളെ പരിചരിച്ചിരുന്ന മുത്തശ്ശിക്കും ചെറിയമ്മയ്ക്കും സഹായിയായത്. ടൈഫോയ്ഡ് പകരുമെന്നു പറഞ്ഞ് അച്ഛന്റെ ചെറിയമ്മ വിലക്കിയതിനാൽ അച്ഛൻ ആസ്പത്രിയിൽ വരികയോ അന്വേഷിക്കയോ ഉണ്ടായില്ല. പനി ചെറിയമ്മയേയും എന്റെ അനുജത്തിയേയും എന്നേക്കുമായി കൊണ്ടുപോയി. അമ്മ ഇരട്ട പ്രസവിച്ചു. അക്കാലത്തൊന്നും അച്ഛൻ വരികയോ അന്വേഷിക്കയോ ചെയ്യാഞ്ഞതിനാൽ അമ്മ അനുഭവിച്ച കഷ്ടപ്പാടും വ്യഥയും സങ്കല്പാതീതമാണ്. അച്ഛന്റെ അനാസ്ഥ അമ്മാമൻ പൊറുത്തില്ല. പനിപ്പേടി അടങ്ങിയ ശേഷം അച്ഛൻ വീണ്ടും അമ്മയുമായി ബന്ധപ്പെട്ടതിന്റെ പേരിൽ അമ്മാമൻ അകന്നു. വിവാഹിതനാവുകയും അമ്മയേയും കുട്ടികളേയും സംരക്ഷിക്കേണ്ട ചുമതല തന്റേതല്ലെന്ന് ഒഴിയുകയും ചെയ്തു. അമ്മ പിന്നെയും പ്രസവിച്ചു. ഞാനും താഴെ നാല് ആൺകുട്ടികളും (മൂന്നുപേർ ശൈശവത്തിൽ കൊഴിഞ്ഞുപോയി) അമ്മയും പൂർണമായ സംരക്ഷണത്തിന് ചുമതലപ്പെട്ടവരില്ലാതെ തറവാട്ടിലെ പരിമിതമായ ഭൂസ്വത്തിന്റെ ബലത്തിൽ വല്ലപാടും കഴിഞ്ഞുകൂടി.

അഞ്ചു മക്കളും ഗവൺമെൻറ്​ സർവീസിൽ ഉദ്യോഗമുള്ളവരായതുകൊണ്ട് മക്കളെപ്പറ്റി വേവലാതിയില്ലാതെ അമ്മ ജീവിതത്തിന്റെ ഒടുവിലത്തെ ഒരു വ്യാഴവട്ടം കഴിഞ്ഞുകൂടി. അക്കാലത്ത് അമ്മ കോൺഗ്രസിൽ അംഗത്വം നേടി രാഷ്ട്രീയപ്രവർത്തനവും നടത്തിയിരുന്നു.

അച്ഛനൊരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചിരുന്നു. അതിന്റെ മാനേജരും ഹെഡ് മാസ്റ്ററും അച്ഛൻ തന്നെ. അവിടെ പ്രാഥമിക ക്ലാസുകൾ കഴിഞ്ഞ് ഒരു പള്ളി നടത്തിയിരുന്ന സ്‌കൂളിൽ ഏഴു വരെ പഠിച്ച എന്നെ ഹൈസ്‌കൂളിൽ ചേർക്കാൻ അച്ഛൻ കനിഞ്ഞു. കൊച്ചിരാജ്യത്ത് പെൺകുട്ടികൾക്ക് പകുതി ഫീസാകയാൽ എന്നെ കുന്നംകുളം ഗേൾസ് ഹൈസ്‌കൂളിൽ ചേർത്തു. ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന് എട്ടു കിലോമീറ്ററിലധികം അകലെയുള്ള കുന്നംകുളത്ത് സ്‌കൂളിൽ ചേർക്കാനിടയായത് ഫീസ് തന്നിരുന്ന അച്ഛന് രണ്ട് രൂപ പത്തണ ലാഭിക്കാനാണ്. ഗുരുവായൂരിനടുത്തുള്ള ചാവക്കാട് ഹൈസ്‌കൂളിൽ ചേർന്നാൽ അഞ്ചേ കാൽ രൂപ ഫീസ്. മരുമക്കൾക്ക് ഹൈസ്‌കൂളിനപ്പുറം പോവാനായില്ല. അതുകൊണ്ട് പത്താം ക്ലാസിൽ കവിഞ്ഞ വിദ്യാഭ്യാസം മക്കൾക്കും വേണ്ടെന്നായിരുന്നു അച്ഛന്റെ നിലപാട്. എനിക്ക്​ കൊച്ചിരാജ്യത്തെ പെൺകുട്ടികളിൽ ഒന്നാം സ്ഥാനം പത്താം ക്ലാസ് പരീക്ഷയിൽ കിട്ടിയതിനാൽ സ്‌കോളർഷിപ്പ് കിട്ടുമെന്നും കോളേജിലയക്കണമെന്നും അധ്യാപകർ നിർദേശിച്ചു. അച്ഛൻ എതിരായിട്ടും അമ്മ ധൈര്യപൂർവം തീരുമാനമെടുത്തതിനാലാണ് ഞാൻ കോളേജ് കണ്ടത്.

ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് സയൻസ് വിഷയങ്ങളിൽ ഒന്നാം റാങ്ക് കിട്ടിയിട്ടും മലയാളം ബി എയ്ക്കു ചേർന്നത് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫ. പി ശങ്കരൻ നമ്പ്യാരുടെ നിർബന്ധത്താലാണ്. ബി എ പാസായാലുടൻ ഒരു കോളജിൽ ജോലി നേടിത്തരാമെന്ന് വാഗ്ദാനവും ചെയ്തു. എന്റെ അനുജന്മാർക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ വേണ്ടി എനിക്കു നല്ല വരുമാനമുള്ള ജോലി കിട്ടണം. ബി എ കഴിഞ്ഞയുടനെ ഒരു പ്രൈവറ്റ് കോളജിൽ ലക്ചററായി ജോലി നേടിത്തന്നു അദ്ദേഹം. പ്രൈവറ്റ് ആയി പഠിച്ച് എം എ പാസായശേഷം എനിക്കു ഗവൺമെൻറ്​ കോളജിൽ ജോലി കിട്ടി. പാലക്കാട് വിക്‌റ്റോറിയ കോളേജിലായിരുന്നു നിയമനം.

അച്ഛന്, ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഒരു വീഴ്ച പറ്റി. ആയുർവേദ ചികിത്സയും അലോപ്പതിയും ഒരുമിച്ചു നടത്തിയിരുന്ന ഒരു ചികിത്സാലയത്തിൽ പോയി കുറേ കാലം ചികിത്സിച്ചിട്ടാണ് നടക്കാറായത്. അക്കാലത്ത് ആറു മാസം പ്രായമുള്ള ഇളയ കുഞ്ഞിനോടു കൂടി അമ്മ അവിടെ ഒപ്പം താമസിച്ച് നന്നായി ശുശ്രൂഷിച്ചു. പിന്നീട് തുടർച്ചയായി പത്തു കൊല്ലത്തോളം പിഴിച്ചിൽ ചികിത്സയും മറ്റും നടത്തി ആരോഗ്യം വീണ്ടെടുത്തു കൊടുത്തതും അമ്മയാണ്. അച്ഛന്റെ ആ ചെറിയമ്മയുടെ പേരമകൾക്ക് ടൈഫോയ്ഡ് പിടിപെട്ടപ്പോഴും അമ്മയാണ് പരിചരിച്ചത്, പഴയ കഥയൊന്നും ഓർക്കാതെ. എന്റെ രണ്ടാമത്തെ അനുജൻ ഒമ്പതാം ക്ലാസിൽ തോറ്റപ്പോൾ ഗവൺമെൻറ്​ വിക്‌റ്റോറിയ കോളേജിൽ ജോലിയുണ്ടായിരുന്ന ഞാൻ പാലക്കാട് വീടെടുത്ത് അങ്ങോട്ടു കൊണ്ടുപോയി പഠിപ്പിക്കാൻ നിശ്ചയിച്ചു. പാലക്കാട്ടേക്ക് ഞങ്ങളുടെ കൂടെ വരാൻ അച്ഛൻ സമ്മതിച്ചത് അമ്മയുടെ പ്രേരണ കൊണ്ടായിരുന്നു. അച്ഛൻ പാലക്കാട്ടായിരിക്കുമ്പോൾ ആ മരുമകൾക്ക് വീണ്ടും ടൈഫോയ്ഡ് വന്ന് നിര്യാതയായി. അച്ഛൻ വിഷണ്ണനായി. താനവിടെ ഇല്ലാതിരുന്നതുകൊണ്ടാണ് അത്യാഹിത്യം സംഭവിച്ചതെന്നു പറഞ്ഞ്.

അച്ഛൻ പാലക്കാട്ടു നിന്ന് സ്വകുടുംബത്തിലേക്ക് തിരിച്ചുപോയി. അച്ഛനെ വശപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായത് അമ്മയെ വളരെ വിഷമിപ്പിച്ചു. ഞാൻ മറ്റ് അനുജന്മാരേയും പാലക്കാട്ടേക്കു കൊണ്ടുപോന്ന് അവിടെ സ്‌കൂളിൽ ചേർത്തു. രണ്ടു കൊല്ലത്തിനു ശേഷം അച്ഛൻ ഞങ്ങളോടൊപ്പം താമസിക്കാൻ നിശ്ചയിച്ചു. അമ്മയെപ്പോലെ പരിചരിക്കാൻ അവിടെ ആരുമില്ലാതിരുന്നതുകൊണ്ടാവാം. രണ്ടാം വട്ടം വന്നതിനു ശേഷം കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിലേക്ക് പ്രതിജ്ഞ ചെയ്യുന്ന കാലത്ത് വാങ്ങിയിട്ടില്ലാത്ത ഒരു തെങ്ങിൻതോപ്പ് കൊടുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഒടുവിൽ അച്ഛൻ സമ്മതിച്ചെങ്കിലും സന്തോഷത്തോടെയല്ലായിരുന്നു. ആയിടയ്ക്ക് അച്ഛന്റെ കുടുംബത്തിൽ വീണ്ടും ഒരു മരണമുണ്ടായി. അച്ഛൻ വീണ്ടും തിരിച്ചുപോയി. പിന്നീടു പാലക്കാട്ടേക്കു വരികയല്ല, പെട്ടിയും പ്രമാണങ്ങളുമൊക്കെ കൊണ്ടുപോകാൻ അനുജനെ അയക്കയാണുണ്ടായത്. അത് അമ്മയ്ക്ക് താങ്ങാനാവാത്ത ആഘാതമായി. അമ്മ നാട്ടിൽപ്പോയി, അച്ഛൻ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന പറമ്പിൽ തെങ്ങുകയറ്റം നടത്തിച്ചു. വസ്തു കൈയേറ്റത്തിന് അച്ഛൻ അമ്മയുടെ പേരിൽ കേസു കൊടുത്തു. ആ വ്യവഹാരത്തോടെ അവർ എന്നേക്കുമായി അകന്നു. പിന്നീടൊരു പതിനഞ്ചോളം വർഷം തമ്മിൽ കാണുകയുണ്ടായിട്ടില്ല.

കോടതിയിൽ തോറ്റപ്പോൾ അമ്മ പിൻവാങ്ങിയില്ല. ഡിസ്ട്രിക്റ്റ് കോടതിയിലും ഹൈക്കോടതിയിലും അപ്പീൽ കൊടുത്തു- തോറ്റു. എന്റെ രണ്ട് അനുജന്മാർ അധ്യാപകരാകാനും മൂന്നാമൻ ഡിഫൻസ് ഓഡിറ്റിൽ ഉദ്യോഗസ്ഥനാവാനും നാലാമൻ ഡിഫൻസ് മെറ്റലർജിക്കൽ റിസേർച്ച് ലാബിൽ ഉയർന്ന ഉദ്യോഗസ്ഥനാവാനും കഴിയത്തക്കവണ്ണം അവർക്ക് വിദ്യാഭ്യാസം നൽകാൻ ഈശ്വരാനുഗ്രഹത്താൽ എനിക്ക് കഴിഞ്ഞു. അഞ്ചു മക്കളും ഗവൺമെൻറ്​ സർവീസിൽ ഉദ്യോഗമുള്ളവരായതുകൊണ്ട് മക്കളെപ്പറ്റി വേവലാതിയില്ലാതെ അമ്മ ജീവിതത്തിന്റെ ഒടുവിലത്തെ ഒരു വ്യാഴവട്ടം കഴിഞ്ഞുകൂടി. അക്കാലത്ത് അമ്മ കോൺഗ്രസിൽ അംഗത്വം നേടി രാഷ്ട്രീയപ്രവർത്തനവും നടത്തിയിരുന്നു. ശ്ലോകങ്ങൾ പഠിച്ച് അക്ഷരശ്ലോക മത്സരങ്ങളിൽ പങ്കുകൊണ്ടിരുന്നു. കണ്ണീരും കൈയുമായി കഴിയാതെ കർമങ്ങളിൽ മുഴുകി. കൈവശമുള്ള ഭൂമിയിൽ പല തരം വൃക്ഷങ്ങൾ നട്ടുവളർത്തി- ജാതി, കരിയാമ്പൂ മരം, നെല്ലി, ജാമ്പ, പല തരം ഫലവൃക്ഷങ്ങൾ. ഒരു ചന്ദനമരവും ഉണ്ടായിരുന്നു. അത് അമ്മയുടെ കാലശേഷം അപ്രത്യക്ഷമായി.

അമ്മയുടെ ആരാധനാപാത്രമായിരുന്ന ഇന്ദിരാഗാന്ധിയുടെ കൈ കൊണ്ട് സാഹിത്യ അക്കാദമി അവാർഡ് നൽകപ്പെടുന്നതു കാണാൻ അമ്മ ഇല്ലാതെ പോയി.

എന്നെ പഠിപ്പിക്കാൻ പണം കടം വാങ്ങാൻ പോലും തയാറായ അമ്മ ആ നിശ്ചയദാർഢ്യം എല്ലാ കാര്യത്തിലും എക്കാലത്തും പുലർത്തി. ആ ധൈര്യമാണ് എന്നെ ഞാനാക്കിയത്. അമ്മയുടെ ധൈര്യത്തേപ്പറ്റി ഹൃദയം നിറഞ്ഞു വാഴ്ത്തിക്കൊണ്ട് തൃശൂരിലെ ടൗൺ ഹാളിൽ, 1975 മാർച്ച് എട്ട് വനിതാദിനത്തിൽ, സന്ധ്യക്കു ശേഷം പ്രസംഗിക്കുമ്പോൾ മഹാസദസ്സിനു പിന്നിലിരുന്ന് അമ്മ അതു കേൾക്കുന്നുണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അമ്മയോടുള്ള എന്റെ ഭക്തിയെപ്പറ്റി അന്ന് അമ്മയ്ക്കു ബോധ്യം വന്നു. അച്ഛന്റെ പക്ഷത്താണ്​ ഞാൻ എന്ന ധാരണയിൽ എന്നോടുണ്ടായിരുന്ന ഈർഷ്യ അന്നത്തോടെ ഇല്ലാതായി. അന്ന് അങ്ങനെ പ്രസംഗിക്കാൻ തോന്നിച്ച ഈശ്വരനു പ്രണാമം. എനിക്ക് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് കിട്ടിയപ്പോൾ ആഹ്ലാദിക്കാൻ അമ്മയുണ്ടായിരുന്നു. എങ്കിലും, അമ്മയുടെ ആരാധനാപാത്രമായിരുന്ന ഇന്ദിരാഗാന്ധിയുടെ കൈ കൊണ്ട് സാഹിത്യ അക്കാദമി അവാർഡ് നൽകപ്പെടുന്നതു കാണാൻ അമ്മ ഇല്ലാതെ പോയി. അസാമാന്യധീരതയുണ്ടായിരുന്ന അമ്മ, പാലക്കാട്ടു നിന്ന് പെട്ടിയും പ്രമാണങ്ങളും കൊണ്ടുപോകാൻ വന്ന ഭർതൃസഹോദരനോടു പറഞ്ഞ വാക്കുകൾ ശിലാലിഖിതം പോലെ എന്റെ ഉള്ളിലുണ്ട്: "എനിക്ക് അഞ്ച് ആൺമക്കളാണ്. അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും. നിങ്ങളാരും തോല്പിച്ചാൽ ഞാൻ തോൽക്കില്ല. ദൈവം തോല്പിച്ചാലേ തോൽക്കൂ.' കൈപ്പടം വിടർത്തി അഞ്ചു വിരൽ കാട്ടിക്കൊണ്ടുള്ള നിൽപ്പും പ്രഖ്യാപനവും ഇപ്പോഴും കൺമുന്നിലെന്നപോലെ ഞാൻ കാണുന്നു. ഏതായാലും, ദൈവം അമ്മയെ തോല്പിച്ചില്ല. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു. "എന്റെ ഗുരുവായൂരപ്പാ!' എന്നതാണ് ഏറ്റവും ഒടുവിൽ ഉച്ചരിച്ച വാക്കുകൾ. ഭർത്താവ് ഉപേക്ഷിച്ചെങ്കിലും ഗുരുവായൂരപ്പൻ ഉപേക്ഷിച്ചില്ല. ▮

(ടോം ജെ. മങ്ങാട്ട് എഡിറ്റ് ചെയ്ത് ‘ഇന്ദുലേഖ പുസ്തകം' പ്രസിദ്ധീകരിക്കുന്ന ‘അമ്മയെന്റെ രാജ്യമാണ്' എന്ന ഓർമസമാഹാരത്തിൽ നിന്ന്​.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ലീലാവതി

അധ്യാപിക, സാഹിത്യ നിരൂപക, പ്രഭാഷക. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം, മലയാള കവിതാ സാഹിത്യ ചരിത്രം, കവിതയും ശാസ്ത്രവും, ജി.യുടെ കാവ്യജീവിതം, ഭാരതസ്ത്രീ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments