Photo: Mubeen Mughal / flickr

തിക്കയിലേക്കൊരു കുടിയേറ്റം

‘‘ആഫ്രിക്കയിലെ വംശീയതയെപ്പറ്റി ആഴത്തിലുള്ള ധാരണയില്ലാത്ത വ്യക്തികളായിരുന്നു ഞങ്ങൾ. എത്യോപ്യയിൽ അത് നമ്മെ അസ്വസ്ഥരാക്കും വിധം പ്രകടമായിരുന്നില്ല എന്നുവേണം പറയാൻ.’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 18

യ്റോബിയിൽനിന്ന് തിക്കയിലേക്ക് 35 കിലോമീറ്ററാണ് ദൂരം. ബസിൽ 20 മിനിറ്റുകൊണ്ട് എത്താം. ഒന്നാന്തരം റോഡാണ്. നയ്റോബിയിലെ കുപ്രസിദ്ധമായ റിവർ റോഡിലാണ് തിക്കയിലേക്കുള്ള മട്ടാറ്റു കയറേണ്ടത്. ഇന്ത്യക്കാരനെയോ കെന്യൻ വ്യവഹാരത്തിൽ ‘ഏഷ്യൻ’ എന്നു തോന്നുന്നവരെയോ ‘മുയിണ്ടി’, ‘ബനിയ’ തുടങ്ങിയ വിശേഷണങ്ങളോടെ മട്ടാറ്റു ‘കിളികൾ’ (touts) നമ്മളെ അവരുടെ വണ്ടികളിലേക്ക് ക്ഷണിക്കും. മുയിണ്ടി എന്നാൽ ഇന്ത്യക്കാരൻ. ‘ബനിയ’ ബനിയ തന്നെ. കെന്യയിലെ വലിയൊരു വിഭാഗം ഇന്ത്യൻ വംശജർ ഗുജറാത്തികളായിരുന്നു. അവരെ പൊതുവേ വിളിച്ചിരുന്നത് ‘ബനിയാനി’ എന്നാണ്. നമ്മൾ കറുത്തവരെ എത്ര നികൃഷ്ടപദങ്ങളുപയോഗിച്ചാണ് സംബോധന ചെയ്യുക. മിക്കവാറും ഗുജറാത്തി യജമാനന്മാർ ‘കാലിയാ’ (കറുമ്പാ) എന്നേ വിളിക്കൂ. നമ്മൾ മലയാളികളും (വെള്ളക്കാരുടെ കണക്കിൽ) കറുത്ത വർഗ്ഗമാണെന്നത് മറന്ന് അവരെ ‘കറുമ്പൻ’ എന്ന് ലജ്ജാലേശമില്ലാതെ അഭിസംബോധന ചെയ്യുന്നു.

വലിയ മനുഷ്യരെ കുറ്റം പറയരുത്. പക്ഷേ കാപ്പിരികളുടെ നാട്ടിൽ എന്ന ഗ്രന്ഥനാമത്തിലും വംശീയച്ചുവയില്ലേ? എസ്. കെ. പൊറ്റെക്കാട്ട് കുറെ നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ‍ പേര് മാറ്റിയേനെ എന്നാണ് എനിക്കു തോന്നുന്നത്.

തിക്ക നയ്റോബി ഹൈവേ

റിവർ റോഡ് എന്നത് നയ്റോബി നഗരത്തിലൂടെ ഒഴുകുന്ന നയ്റോബി നദിയുടെ (ചെന്നൈക്ക് കൂവം പോലെ) ഓരം പറ്റിയുള്ള തിരക്കേറിയ വാണിഭസ്ഥലമാണ്. നഗരത്തിലെ ചെറു ‘കള്ളൻ പവിത്ര’ന്മാരിൽ തുടങ്ങി മുഴുവൻ കൊള്ളകളും നിയന്ത്രിക്കുന്ന ‘ഡോണു’കൾ വരെയുള്ളവരുടെ കഴുകൻ കണ്ണുകൾ സദാസമയവും ഇര തേടുന്ന ഇടമാണ് റിവർ റോഡ്. അതിന്റെ മദ്ധ്യഭാഗത്ത് രണ്ട് ബസ് സ്റ്റേഷനുകളുണ്ട്. ദീർഘദൂര ബസുകൾക്കും ഇ.പി.എസ് എന്നു വിളിക്കുന്ന എവരി ടൈം പ്യൂഷോ സർവീസ് (Everytime Peugeot Service) എന്ന ‘പ്യൂഷോ 504 സ്റ്റേഷൻ വാഗണു’കളുടെ മറ്റൊരു താവളം. അതു കൂടാതെ പലയിടങ്ങളിലേക്കുമുള്ള ‘മട്ടാറ്റു’ (18 സീറ്ററുകൾ) കളുടെ ശബ്ദായമാനമായ സാന്നിദ്ധ്യം.

റിവർ റോഡിലും പൊലീസിനെ കാണാമെങ്കിലും അവർ കൂടുതൽ സമയവും ‘ചായ്’ (ചായക്കാശ്. കെന്യയിൽ പൊലീസിനു നൽകുന്ന കൈക്കൂലിക്ക് സാധാരണ ‘ചായ് എന്നു പറയും.) കിട്ടാനുള്ള വഴി തേടുകയായിരിക്കും. ചില പൊലീസുകാർ നേരിട്ടങ്ങ് ചോദിക്കും, ‘നിന്റെ വില എത്രയാ മുയിണ്ടീ?’ എന്നു പറഞ്ഞാൽ, എത്ര ഷില്ലിംഗ് നൽകി കേസിൽ നിന്ന് ഊരിപ്പോകാമെന്നാണ് നീ വിചാരിക്കുന്നത് എന്ന്. ഇങ്ങനെയൊക്കെ പല തരം നാടകങ്ങൾ റിവർ റോഡിൽ അരങ്ങുതകർക്കുമ്പോൾ പേടിച്ചു പേടിച്ച് ഞാൻ ‘തിക്കാ, തിക്കാ’ എന്നലറുന്ന ഒരു ‘കിളി’യുടെ മട്ടാറ്റുവിൽ കരേറി. അവൻ നല്ലവനായതിനാൽ മുന്നിൽ എനിക്ക് ഇടം തന്നു. വണ്ടി നിറയുന്നതാണ് ഡിപ്പാർച്ചർ സമയം. റിവർ റോഡിൽ അതിനു വലിയ സമയമെടുക്കുകയില്ല. അങ്ങനെ ആ മട്ടാറ്റു അവശേഷിക്കുന്ന ശക്തിയെല്ലാം ഉപയോഗിച്ച് കുതിച്ചും കിതച്ചും ഓടിത്തുടങ്ങി. വിചാരിച്ചതുപോലെ ഇരുപതു മിനിട്ട് കൊണ്ട് ഞങ്ങൾ തിക്കയിലെത്തി. ഒരു ചെറിയ പട്ടണം. പക്ഷേ തിരക്കുള്ള നിരത്തുകൾ. സാധനസാമഗ്രികൾ നിറഞ്ഞ പീടികകൾ.

നയ്റോബിയിലെ മാത്രമല്ല, കെന്യയിലെ ആകെത്തന്നെയുള്ള പ്രധാന യാത്രാമാദ്ധ്യമം 18 സീറ്റര്‍ മിനി ബസായിരുന്നു. കോംബി എന്നും പറയും. കെന്യയില്‍ പക്ഷേ അതിനു പറഞ്ഞിരുന്നത് ''മട്ടാറ്റു'' (Matatu) എന്നാണ്.

ചാനിയാ, തിക്ക എന്നീ നദികൾ തിക്കയെ ഉരുമിയാണ് ഒഴുകുന്നത്. ഇവയുടെ രണ്ടിന്റെയും ജലപാതങ്ങൾ ഒരു തരത്തിൽ ഒരു ടൂറിസ്റ്റ് ആകർഷണകേന്ദ്രമാണ്. എനിക്ക് പോകേണ്ടിയിരുന്നത് പിന്നീടെപ്പോഴോ ‘ഹെയ്ലെ സെലാസി റോഡ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഒരു റോഡിലാണ്. നടന്നു പോകും വഴി അവിടെയും കണ്ടു ഒരു ചെറിയ ഗുരുദ്വാര. അതിനുമപ്പുറത്ത് നീല ബോർഡിൽ വെളുത്ത അക്ഷരങ്ങൾ. ‘ഇക്വേറ്റർ ഹൈസ്ക്കൂൾ’. ഞാൻ അവിടെയെത്തി. ഒരു മിനി ഇന്ത്യയിൽ ചെന്ന പ്രതീതി. ഹെഡ് മാസ്റ്ററുടെ മുറിയിൽ ഇന്ത്യൻ മുഖം, ഡെപ്യൂട്ടിയുടെ മുറിയിലും ഇന്ത്യൻ മുഖം. അറ്റൻഡർമാർ ഒഴികെ കൂടുതലും ഇന്ത്യക്കാർ. അവർ പരസ്പരം ഗുജറാത്തിയിലാണ് സംസാരിക്കുന്നത്. ഇന്റർവ്യൂ കാർഡ് കണിച്ചയുടൻ എന്നെ അകത്തേക്ക് വിളിച്ചു. ഹെഡ്മാസ്റ്റർ സ്വയം പരിചയപ്പെടുത്തി, ‘ഞാൻ ലോറൻസ് ഡിസൂസ; ഫ്രം ഗോവ.’

അദ്ദേഹം ധാരാളം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഒരിക്കൽക്കൂടി എനിക്ക് വരേണ്ടി വരും, എന്റെ പങ്കാളിയുമൊത്ത്. അപ്പോൾ മാത്രമേ സ്ക്കൂൾ മാനേജർ മി. മഹേന്ദ്ര റാവൽ ഉണ്ടാവുകയുള്ളൂ. ഇപ്പോൾ അദ്ദേഹം യു. കെ യിലാണ്. അദ്ദേഹം വന്നു കഴിഞ്ഞ് വീണ്ടും വിളിക്കാം. ഒരാഴ്ചയ്ക്കകം. അപ്പോൾ താമസിക്കാനുള്ള ക്വാർട്ടേഴ്സും മറ്റും കാണിച്ചു തരാം. അങ്ങനെ സഹാർദ്ദപൂർണമായ ഒരു സംഭാഷണത്തിനു ശേഷം ഞങ്ങൾ പിരിഞ്ഞു. എന്റെ സർട്ടിഫിക്കറ്റുകളൊന്നും മി. ഡിസൂസ നോക്കിയതു പോലുമില്ല. പൂർണ സംതൃപ്തിയോടെ എന്നു പറയാനാവില്ലെങ്കിലും സന്തോഷത്തോടെ തന്നെയാണ് ഞാൻ മടങ്ങിയത്.

നടന്നു പോകും വഴി അവിടെയും കണ്ടു ഒരു ചെറിയ ഗുരുദ്വാര. അതിനുമപ്പുറത്ത് നീല ബോർഡിൽ വെളുത്ത അക്ഷരങ്ങൾ. ‘ഇക്വേറ്റർ ഹൈസ്ക്കൂൾ’. ഞാൻ അവിടെയെത്തി.

എങ്കിലും, റാവൽമാരെപ്പറ്റി പഴയ മലയാളികൾ പലരും പറഞ്ഞ കഥകൾ ഉള്ളിലൊരു കരടായി അവശേഷിക്കുന്നുണ്ടായിരുന്നു. ജോലിക്ക് കയറിക്കഴിഞ്ഞാലുടനേ പാസ്പോർട്ട് പിടിച്ചു വാങ്ങുകയും റസിഡൻഷ്യൽ സ്ക്കൂളായതിനാൽ ഉടമസ്ഥന്റെ അനുവാദമില്ലാതെ എങ്ങോട്ടും യാത്ര ചെയ്യാൻ അനുവദിക്കയില്ലെന്നും മറ്റുമുള്ള കഥകൾ. അവയെല്ലാം സത്യമാണെങ്കിൽ അവയ്ക്കപ്പുറത്ത് കടക്കാൻ മാർഗങ്ങളാലോചിക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. പങ്ഗാനി വിട്ടു പോകാനുള്ള ഒരേയൊരു പ്രയാസം, ഞങ്ങളുടെ അയൽക്കാരായ ജയനും രാധയും അവരുടെ കുഞ്ഞുമകൾ രഞ്ജുവുമായി ഞങ്ങൾക്ക് കുറഞ്ഞ കാലം കൊണ്ടുണ്ടായ അടുപ്പമായിരുന്നു. അതിനു ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്നു. പിന്നെയും മറ്റിടങ്ങളിലേക്ക് ഞങ്ങൾ, ദേശാടനപ്പക്ഷികൾ പറന്നുമാറുകയും പലരും ഞങ്ങളുടെ അയൽക്കാരായി വർഷങ്ങളോളം താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ജയനെയും രാധയെയും പോലെ നിഷ്കളങ്കരായ മനുഷ്യരെ ഞങ്ങൾ വിരളമായേ അറിഞ്ഞിട്ടുള്ളു.

റാവൽ പിന്നീട് അറിയിച്ചതനുസരിച്ച് ഞാനും എന്റെ സഖിയും തിക്കയിലേക്ക് വീണ്ടും യാത്ര ചെയ്തു. ജയനും രാധയും വീട്ടിൽ ഉണ്ടായിരുന്നതിനാൽ മോളെ ഞങ്ങൾ കൊണ്ടു പോയില്ല. പതിവുപോലെ ഇക്വേറ്റർ ഹൈ സ്ക്കൂളിൽ ഇന്ത്യൻ സൈന്യത്തിന്റെ വ്യൂഹം. മഹേന്ദ്ര റാവൽ എന്ന മനുഷ്യൻ ഞങ്ങളെ സ്വീകരിച്ചു, ‘ഐ ആം റാവൽ’ എന്നു പറഞ്ഞ്. ഉറക്കെ സംസാരിക്കുന്നയാളാണ് റാവൽ. ഞങ്ങളോട് സംസാരിക്കുമ്പോൾ തിരിഞ്ഞ് ‘യോഗൻ ഭാ‍യ്’ എന്നുറക്കെ വിളിച്ചു. യോഗൻ ഭായ് എന്നത് മി. ഭട്ട്. അയാളാണ് ഇക്വേറ്റർ ഹൈസ്ക്കൂളിന്റെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ. ഡിസൂസയെ ഹെഡ് മാസ്റ്ററായി ഇരുത്തിയിരുന്നത് അയാളുടെ ഗോവൻ ഐഡന്റിറ്റി മാത്രം വച്ചാണ്. കെന്യക്കാർക്കിടയിൽ ഗോവന്മാർ സായ്‌വിന്റെ ചാർച്ചക്കാരാണ്. അവർ മറ്റ് ബ്രാഹ്മണിക ഇന്ത്യക്കാരെപ്പോലെയല്ല. കുടിക്കുകയും ക്ലബുകളിൽ ഡാൻസിന് നാട്ടുകാരോടൊപ്പം ചേരുകയും ചെയ്തിരുന്ന, കെന്യക്കാർക്ക് എളുപ്പം മനസ്സിലാക്കാവുന്ന സ്വഭാവസവിശേഷതകൾ ധാരാളമുള്ളവരായിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചിരുന്നെങ്കിലും ഗോവന്മാരുടെ പൊതുവേയുള്ള നാട്യം അവർ ഇന്ത്യക്കാരിൽ നിന്ന് വ്യത്യസ്തരാണ് എന്നതായിരുന്നു. ‘ഐ ആം എ ഗോവൻ’ എന്ന് സ്വയം പരിചയപ്പെടുത്തുന്നത് അവരെ സംബന്ധിച്ച് സ്വന്തം ജീവിതത്തെ അകലെയെങ്ങോ ഉള്ള പോർച്ചുഗലുമായി കൂട്ടിത്തൊടീക്കുന്ന സൂത്രവാക്യമായിരുന്നു. വളരെ കുറച്ച് വിദ്യാഭ്യാസം മാത്രമുള്ള പല ഗോവക്കാരും കെന്യയിൽ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനുകാരണം അവരുടെ അശ്രാന്തപരിശ്രമമാണെന്ന് പറയാതെ വയ്യ.

ഇന്നത്തെ തിക്ക ടൗണ്‍

ഞങ്ങൾക്കായി പുതുതായി പണികഴിപ്പിച്ച വീട് (ഞങ്ങൾക്കായല്ല, പുതുതായി വരുന്ന ടീച്ചർ ദമ്പതികൾക്ക്) കാണിക്കാൻ മി. റാവൽ ഡ്രൈവറെ ഏൽ‌പ്പിച്ചു. സ്ക്കൂളിൽനിന്ന് ഒട്ടും അകലെയല്ല വീട്. ബോർഡിംഗ് ഹൗസിനുള്ളിൽ തന്നെയാണ്. ബോർഡിംഗിനു നേരെ എതിർഭാഗത്ത് വിശാലമായ പറമ്പും അതിനു നടുക്ക് വലിയൊരു വീടും കണ്ടു. അത് മി. റാവൽ താമസിച്ചിരുന്നയിടമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഹസ്മുഖ്, ഇളയ മകൻ പക്കുഭായ് എന്നു വിളിച്ചിരുന്ന പങ്കജ് റാവൽ എന്നിവർ മാത്രമായിരുന്നു ആ കൊട്ടാരസദൃശമായ വീട്ടിൽ താമസിച്ചിരുന്നത്. മൂത്ത മകൻ ഭരത് റാവൽ ഇംഗ്ലണ്ടിൽ പഠിക്കുന്നു.

ഞങ്ങൾക്ക് താമസിക്കാൻ നൽകിയത് ഒരു ചെറിയ വീടായിരുന്നു. പക്ഷേ വാടക നൽകേണ്ട. വൈദ്യുതി, വെള്ളം ഇതെല്ലാം സൗജന്യം. ഒരു സിറ്റിംഗ് കം ഡൈനിങ് റൂം, ഒരു ബെഡ് റൂം, ഒരു ചെറിയ കിച്ചൺ, ടോയ്ലറ്റ് ആൻഡ് ബാത്. വീടിനടുത്തു തന്നെ വലിയൊരു ഫുട്ബാൾ ഗ്രൗണ്ട്, അതിനു പിന്നിൽ ആൺകുട്ടികളുടെ ബോർഡിംഗ്, കുറച്ച് ഇങ്ങോട്ടു മാറി പെൺകുട്ടികളുടെ ബോർഡിംഗ്. അവയ്ക്കെല്ലാമടുത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും എല്ലാം വേണ്ടിയുള്ള, സ്ക്കൂളിന്റെ ‘ടക്ക് ഷോപ്പ്’. വലിയൊരു സ്ക്കൂളായിരുന്നു ഇക്വേറ്റർ എന്നതിൽ സംശയമില്ല. ഗേറ്റിനു പുറത്തേക്കിറങ്ങിയാൽ തനി ഗ്രാമപ്രദേശം. വീടൊക്കെ കണ്ടു കഴിഞ്ഞപ്പോഴേക്ക് റാവൽ വന്ന് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. വിഭവസമൃദ്ധമായ ഗുജറാത്തി ലഞ്ച് ഞങ്ങൾക്കായി ഒരുക്കിവച്ച് മിസ്സിസ് റാവൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിർത്താതെ സംസാരിക്കുന്ന ഒരു സ്ത്രീ. അതെല്ലാം കഴിഞ്ഞ് മി. റാവൽ എന്നോട് ചോദിച്ചു, ‘എന്തു തീരുമാനിച്ചു?’
രണ്ടാമതൊന്നാലോചിക്കാതെ ഞാൻ ജോലി സ്വീകരിക്കുന്നതായി അറിയിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിങ്ങളുടെ കുട്ടിക്ക് എത്ര വയസ്സായി?’
‘മൂന്ന്’.
അപ്പോൾ മിസിസ് റാവൽ പറഞ്ഞു, ‘‘ഇവിടെ അടുത്ത് ഹിന്ദി മഹിളാ മണ്ഡൽ എന്ന സംഘടന നടത്തുന്ന പ്രി സ്ക്കൂളുണ്ട്. അവിടെ ചേർത്താൽ നമ്മുടെ കാറിൽ ഡ്രൈവർ രാവിലെ കൊണ്ടു പോകുകയും ഉച്ചക്ക് കൊണ്ടു വരികയും ചെയ്യും. എന്താ, ഞാൻ അവരോട് ഒരു സീറ്റ് വേണമെന്ന് പറയട്ടെ?”

ഹിന്ദി മഹിളാ മണ്ഡൽ നഴ്സറി സ്കൂള്‍, തിക്ക

ഞങ്ങൾ രണ്ടു പേരും തൃപ്തരായിരുന്നു, അൽഭുതങ്ങൾ അവിടെയും നിന്നില്ല. വർത്തമാനത്തിന് ഇടവേള കിട്ടിയപ്പോൾ ഞാൻ പറഞ്ഞു, ‘ഞങ്ങൾ ഇനി ഇറങ്ങട്ടെ. ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം പോയിട്ട് ശരിയാക്കണം.’
റാവൽ ഡ്രൈവറെ വിളിച്ചു. കിസ്വാഹിലിയിൽ എന്തോ ഉത്തരവ് കൊടുത്തു. ഞങ്ങളെ ബസ് സ്റ്റേഷനിൽ കൊണ്ടെത്തിക്കാനുള്ള ആജ്ഞയായിക്കുമെന്നാണ് വിചാരിച്ചത്. അൽഭുതമെന്നു പറയട്ടെ, തിയോങോ എന്നു പേരുള്ള ആ ഡ്രൈവർ (ങ്ഗൂഗി വാ തിയോങോയുടെ ‘ക്ലാൻ’ ആണ് താനെന്ന് പിന്നീട് അയാൾ എന്നോട് പറഞ്ഞിട്ടുണ്ട്) ഞങ്ങളെ നയ് റോബിയിലെ ഞങ്ങളുടെ വീട്ടിൽ കൊണ്ടെത്തിച്ചു. ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു, ‘ബ്വാനാ കൂബ്വാ (വലിയ യജമാനൻ) പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ വീട് എവിടെയാണെന്ന് മനസ്സിലാക്കി വയ്ക്കാൻ. ഇവിടെ നിന്ന് തിക്കയിലേക്ക് പോകുന്ന ദിവസം തീരുമാനിച്ചാൽ ഒന്നു വിളിച്ചു പറഞ്ഞാൽ മതി, തിയോങോ വന്ന് നിങ്ങളുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് കൊണ്ടുപോകാം.’

പോരുന്നതിനു മുൻപ് റാവൽ ഞങ്ങളുടെ പാസ്​പോർട്ടുകൾ വാങ്ങിയിരുന്നു. രണ്ടും കൽ‌പ്പിച്ച് ഞങ്ങൾ റാവൽ ഒരുക്കുന്നത് കെണിയെങ്കിൽ കെണി; സുരക്ഷിതത്വമെങ്കിൽ സുരക്ഷിതത്വം എന്ന് വിചാരിച്ച് കുറച്ചു ദിവസങ്ങൾ കൂടി നയ്റോബിയിൽ കഴിഞ്ഞു. ജയനും രാധയും അവധിയായതിനാൽ യാത്രകളിലായിരുന്നു. അവരുടെ ചില ഉറ്റ സുഹൃത്തുക്കൾ കിസുമു എന്ന വടക്കൻ കെന്യൻ പട്ടണത്തിലുണ്ടായിരുന്നു. വിക്ടോറിയാ തടാകത്തിനടുത്താണ് കിസുമു. നൈലിൽ നിന്ന് നീന്തിയെത്തുന്ന നൈൽ പെർച്ച് ഉൾപ്പടെയുള്ള പലതരം മത്സ്യങ്ങൾ ധാരാളമായി കിട്ടുന്നയിടം. അതു കൊണ്ട് അവർ മിക്കവാറും ഞങ്ങൾ തിക്കയിലേക്ക് താമസം മാറ്റിയിട്ടേ തിരികെ വരൂ എന്ന് ഞങ്ങൾക്കറിയാമായിരുന്നു.

വിക്ടോറിയാ തടാകത്തിനടുത്താണ് കിസുമു. നൈലിൽ നിന്ന് നീന്തിയെത്തുന്ന നൈൽ പെർച്ച് ഉൾപ്പടെയുള്ള പലതരം മത്സ്യങ്ങൾ ധാരാളമായി കിട്ടുന്നയിടം. Photo: NATION MEDIA GROUP

ഇനി നയ്റോബിയിൽ നിന്നിട്ട് കാര്യമില്ല. അതിനാൽ ഞങ്ങൾ വൈകാതെ തിക്കയിലേക്ക് മാറാനെരുങ്ങി. എന്റെ ‘വിദ്യാർത്ഥി’ ജർണയിലിന് ഞങ്ങൾ പോകുന്നതിൽ വിഷമമുണ്ടായിരുന്നു. തിയോങോ ഒരു ദിവസം സ്ക്കൂൾ വാനുമായി വന്നു. ഞങ്ങൾക്ക് വളരെ കുറച്ച് ലഗേജ് അല്ലെയുള്ളൂ. അതെല്ലാം അയാൾ തന്നെ ശ്രദ്ധാപൂർവ്വം വാനിൽ കയറ്റി. ഞങ്ങൾക്ക് മൂന്നു പേർക്ക് മുന്നിലിരിക്കാനുള്ള സ്ഥലമുണ്ടായിരുന്നു. അങ്ങനെ താൽക്കാലികമായി നയ് റോബിയോട് വിട ചൊല്ലി ഞങ്ങൾ തിക്കയിലേക്ക് കുടിയേറി.

തിക്ക കാപ്പിത്തോട്ടങ്ങളുള്ള ഇടമാണ്. അവയിൽ ഭൂരിഭാഗവും വെള്ളക്കാരുടെ ഉടമസ്ഥതയിൽ തന്നെയാണ് അപ്പോഴും. തിക്ക സ്വദേശിയായ ഒരു ഇംഗ്ലീഷ് സാഹിത്യകാരിയുണ്ട്, എൽസ്പെത്ത് ഹക്സ് ലി. (ആൽഡസ് ഹക്സ് ലിയുമായി ബന്ധമില്ല). അവർ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അവയിൽ ഇന്നും സാഹിത്യകുതുകികൾ, പ്രത്യേകിച്ച് ആഫ്രിക്കൻ സാഹിത്യകുതുകികൾ, വായിക്കുന്ന ഒരെണ്ണമുണ്ട്: ഫ്ലെയിം ട്രീസ് ഓഫ് തിക്ക (Flame Trees of Thika). നയ്റോബിയിൽ നിന്ന് തിക്കയിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം (24 മണിക്കൂർ) എടുത്തിരുന്ന കാലത്തെപ്പറ്റി അവർ ആ ഗ്രന്ഥത്തിൽ വർണിക്കുന്നുണ്ട്. ആ പുസ്തകം എനിക്ക് നയ്റോബിയിലെ ഒരു സെക്കൻഡ് ഹാൻഡ് ബുക്ക് ഷോപ്പിൽ നിന്നാണ് കിട്ടിയത്.

എൽസ്പെത്ത് ഹക്സ് ലി / Photo: michaelolivier.co.za

സ്ക്കൂൾ തുറക്കുന്നതിന് വളരെമുൻപേ ഞങ്ങൾ തിക്കയിലെ കൊച്ചുവീട്ടിൽ താമസമാക്കി. വിചാരിച്ചതു പോലെ ഉയരത്തിലും അകൽച്ചയിലും നിന്നുകൊണ്ടല്ല റാവൽ കുടുംബം ഞങ്ങളോട് ഇടപെട്ടത്. സഹപ്രവർത്തകർ എന്ന അന്തസ്സ് തന്റെ ജോലിക്കാർക്ക് നൽകാൻ റാവൽ പ്രത്യേകം ശ്രദ്ധിക്കുന്നതായി തോന്നി. പറഞ്ഞു കേട്ട കഥകൾ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്നതിനാൽ, അതും സംശയാസ്പദമായിട്ടാണ് തോന്നിയത്.

സ്ക്കൂൾ തുറക്കും മുൻപ് മകളുടെ സ്ക്കൂൾ തുറന്നു. ആദ്യ ദിവസം ഞങ്ങൾ അവളെയും കൊണ്ടുപോയി. നടന്നെത്താനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സ്ക്കൂളിന്റെ വക പല കാറുകളുള്ളതിൽ സ്ക്കൂൾ ഡ്യൂട്ടിക്ക് ഉപയോഗിച്ചിരുന്ന ഒരു വി.ഡബ്ല്യു ബീറ്റിലിലാണ് ഞങ്ങൾ പോയത്. ദിവസങ്ങൾക്കകം ഞങ്ങളുടെ സ്ക്കൂളും തുറന്നു. അദ്ധ്യാപകരെത്തി, പക്ഷേ വിദ്യാർത്ഥികൾക്ക് വലിയ ധൃതിയില്ല എന്നു തോന്നി. അവർ മുഴുവനായും വന്നു ചേർന്നപ്പോൾ ഒരാഴ്ച കഴിഞ്ഞിരുന്നു.

നടന്നെത്താനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സ്ക്കൂളിന്റെ വക പല കാറുകളുള്ളതിൽ സ്ക്കൂൾ ഡ്യൂട്ടിക്ക് ഉപയോഗിച്ചിരുന്ന ഒരു വി.ഡബ്ല്യു ബീറ്റിലിലാണ് ഞങ്ങൾ പോയത്.

ലോറൻസ് ഡിസൂസ പറഞ്ഞു, ‘ബീനാ, നിനക്ക് രാവിലെ ഒരു പീരിയഡ് പോലും ‘ഫ്രീ’ ഇല്ല. പക്ഷെ, രാവിലെയുള്ള ജോലി കഴിഞ്ഞാൽ ഉച്ചയ്ക്ക് നീ വരെണ്ടതില്ല. വീട്ടിൽ പോയി കുഞ്ഞിനെ നോക്കിക്കൊള്ളൂ.’ ആദ്യം തമാശയാണെന്ന് വിചാരിച്ചെങ്കിലും അത് സത്യമായിരുന്നു. രാവിലെ ആറു പീരിയഡ് നോൺ സ്റ്റോപ് അദ്ധ്യാപനം. ഇടയ്ക്ക് മുപ്പതു മിനിട്ട് ബ്രേക്കുണ്ട്.

പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കിയത്, റാവലിന്റെ സ്വന്തം നിയമമാണത് എന്ന്. അതിലും നല്ല വംശീയത ഉണ്ടായിരുന്നു. ഇന്ത്യൻ വനിതാ ടീച്ചർമാർക്ക് മാത്രമേ ഈ ‘സൗകര്യം’ അനുവദിച്ചിരുന്നുള്ളു. റാവൽ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ‘നമ്മുടെ സ്ത്രീകൾക്ക് കുട്ടികളെ നോക്കാനും അൽ‌പം വിശ്രമിക്കാനും വേണ്ടിയാണ് ഇവിടെ ഞാൻ ഇങ്ങനെ ഒരു വഴക്കം ഉണ്ടാക്കിയത്.’
ആ കാണിക്കുന്നതിലെ വംശീയതയെപ്പറ്റി തീർത്തും അജ്ഞനാണ് റാവൽ എന്നു പോലും എനിക്ക് തോന്നി. പക്ഷേ അങ്ങനെയായിരുന്നില്ല, അവർ ഞങ്ങൾക്ക് ഒരു സൗജന്യവും തരുന്നില്ല. പക്ഷേ ഈ ഒരു സമ്പ്രദായം വലിയൊരു ഇളവായി ഞങ്ങൾ മനസ്സിലാക്കണം. കുശാഗ്രബുദ്ധിയായ ഒരു ഗുജറാത്തി കച്ചവടക്കാരന്റെ കൗശലം അയാളുടെ കണ്ണുകളിൽ ഒരു വാൾത്തല പോലെ മിന്നിമറയുന്നത് ഞാൻ കണ്ടു. അത് സത്യമോ? കാലം പറയട്ടെ.

നക്കൂറുവിലെ മെനെൻ ഗായ് ക്രെയ്‌റ്ററിന് മുകളിൽ.

ആഫ്രിക്കയിലെ വംശീയതയെപ്പറ്റി ആഴത്തിലുള്ള ധാരണയില്ലാത്ത വ്യക്തികളായിരുന്നു ഞങ്ങൾ. എത്യോപ്യയിൽ അത് നമ്മെ അസ്വസ്ഥരാക്കും വിധം പ്രകടമായിരുന്നില്ല എന്നുവേണം പറയാൻ. അതിനു കാരണം, ഒരുപക്ഷേ എത്യോപ്യയിലുണ്ടായിരുന്ന ഇന്ത്യക്കാരിൽ വളരെ ചെറിയ ശതമാനം മാത്രമേ അദ്ധ്യാപനത്തിനും ആതുരസേവനത്തിനും പുറമേയുള്ള മേഖലകളിൽ (കച്ചവടം പോലെ) വ്യാപരിച്ചിരുന്നുള്ളു എന്നതാവാം. കെന്യയിൽ നേരേമറിച്ച് സ്വാഭാവികതയുടെ മുഖംമൂടികൾക്കു പിന്നിലെ നിഗൂഢവർണങ്ങൾ പിൽക്കാലത്ത് ഞങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്തു. ഞങ്ങൾ ഇടപെട്ടിരുന്നത് കൂടുതലും കിക്കുയു, ലുവോ എന്നീ ഗോത്രക്കാരുമായിട്ടായിരുന്നു. കിക്കുയു നല്ല കർഷകരും മഹാബുദ്ധിശാലികളും പണത്തോട് ആർത്തിയുള്ളവരുമായിരുന്നു. കിക്കുയുകളെപ്പറ്റി രസകരമായ കഥ മറ്റു ഗോത്രക്കാർ പറയും: ഒരു കിക്കുയു മരിച്ചു എന്നറിഞ്ഞ് അവന്റെ വീട്ടിൽ നിങ്ങൾ ദുഃഖം അറിയിക്കാനെത്തി എന്നിരിക്കട്ടെ. അൽ‌പനേരം മരിച്ചു കിടക്കുന്നയാളുടെ മുന്നിൽ നിന്നശേഷം ആ മുറി വിട്ടിറങ്ങുമ്പോൾ പോക്കറ്റിൽ നിന്ന് ഒരു വെള്ളിനാണയം താഴേക്കിടണം. എന്നിട്ട് ഒന്നു തിരിഞ്ഞു നോക്കണം. മരിച്ചയാൾ അനങ്ങിയിട്ടില്ലെങ്കിൽ ആ കിക്കുയു മരിച്ചു എന്നുറപ്പിക്കാം. കാരണം, നാണയക്കിലുക്കം കേട്ടാൽ തല പൊക്കി നോക്കാത്ത കിക്കുയു മരിച്ച കിക്കുയു ആണ്.

ഞങ്ങളുടെ തിക്ക ജീവിതം കുറച്ചു വർഷങ്ങൾ നീണ്ടു. നല്ല ചില സൗഹൃദങ്ങളും കുറേ യാത്രകളും അവയുടെ മറക്കാനാവാത്ത സ്മരണകളും ആ ജീവിതം ഞങ്ങൾക്ക് നൽകി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments