ആഫ്രിക്കൻ വസന്തങ്ങൾ - 59
കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച അസന്തുഷ്ടമായ അനുഭവങ്ങളല്ല ഞങ്ങളുടെ ആഫ്രിക്കൻ ജീവിതത്തിന്റെ ആകെത്തുക. പക്ഷേ,ആ അനുഭവങ്ങളും കൂടി ചേരാതെ ആഫ്രിക്കയിലെ വസന്തകാലങ്ങൾ മധുരതരമായ സ്മരണകളാവില്ല. ദക്ഷിണാഫ്രിക്കയിൽ തൊഴിൽ ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഏത് വിദേശിക്കും പറയാനുണ്ടാവും വെള്ളക്കാരിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള വംശീയമായ ഒറ്റപ്പെടുത്തലും ആക്രമണവും. രണ്ടു തരത്തിലാണ് വെള്ളക്കാരുടെ വംശീയത ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നത്. ആഫ്രിക്കാനർമാരായ വെള്ളക്കാർ അവരുടെ വംശീയത മറച്ചു വയ്ക്കില്ല. നീ കറുമ്പൻ ആണ് അല്ലെങ്കിൽ കൂലി ആണ്. ഇതാണ് ഇതരവംശജരോട് അവർ പറയുകയും കാണിക്കുകയും ചെയ്യുക. ഇതിനേക്കാൾ ആയിരം മടങ്ങ് വിഷലിപ്തമാണ് ബ്രിട്ടീഷ് വംശജരായ വെള്ളക്കാരുടെ വംശീയത. അവർ നമ്മളോട് സ്നേഹം ഭാവിക്കും. അനുകമ്പ കാണിക്കും. പക്ഷേ, ആ നേരമൊക്കെയും നമ്മെ അവർ കൂടി ഉൾപ്പെടുന്ന അധികാരവൃത്തങ്ങളിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യും. ഇതിനൊക്കെ അപവാദങ്ങൾ ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട് എന്ന് പറയാം. വ്യക്തിയിലേക്ക് തിരിയുകയും വൈയക്തികമായ വേദനകളും ഏകാകിതയുടെ പിടച്ചിലുമെല്ലാം തീവ്രമായി അനുഭവിക്കുന്ന ഒരു ചിന്താസംസ്കാരം വളർത്തിയെടുക്കുകയും ചെയ്തതിൽ ആധുനിക പാശ്ചാത്യചിന്താപദ്ധതികൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇതിനു നിദർശനമാണ് നിയൂ ബെത് സേദ എന്ന ഗ്രാമത്തിലെ ഏകാന്തസ്മാരകം. ഹെലൻ മാർട്ടിൻസ് എന്ന അസാധാരണ പ്രതിഭയുടെ വീടിനു നൽകിയിട്ടുള്ള പേരാണ് ‘കൂമൻ വീട്’(The Owl House). നമ്മുടെ രവി (ഓർമ്മയില്ലേ, ഖസാക്കിലെ രവിയെ?) കൂമൻ കാവ് പുനർസന്ദർശിച്ച കാലത്തിന് സമാന്തരമായി ഹെലൻ മാർട്ടിൻസ് എന്ന ഏകാകിനി പണിഞ്ഞുയർത്തിക്കൊണ്ടിരുന്ന ഒരു വിചിത്ര ഭവനമാണ് ‘കൂമൻ വീട്’ (OWL HOUSE). ഹെലൻ മാർട്ടിൻസ് എന്ന പെൺകുട്ടി അവളുടെ ജീവിതം ചെലവഴിച്ചത് ഇന്ന് ‘കൂമൻ വീട്’ എന്ന് അറിയപ്പെടുന്ന ഭവനത്തിലാണ്. വളരെ കർക്കശമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ‘കാൽവിനിസ്റ്റ്’ വിഭാഗത്തിൽപ്പെട്ടവരായിരുന്നു ബെത് സേദയിലെ ക്രിസ്ത്യാനികൾ. ആദിപാപത്തിന്റെ കറ മായാത്തവരാണ് മനുഷ്യർ എന്ന് കാൽവിനിസം വിശ്വസി. അത്തരം ഒരു സാമൂഹിക ചുറ്റുപാടിൽ തന്റെ ഗർഭം അലസിപ്പിച്ച് ആ സമൂഹത്തെ വെല്ലുവിളിച്ചവളായിരുന്നു ഹെലൻ. പള്ളിയിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തപ്പെട്ടപ്പോൾ അവൾ തന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഏകാന്തതയുടെ ആ വർഷങ്ങളിലാണ് ഹെലനിലെ ശില്പിയെ അവൾ കണ്ടെത്തിയത് അസാധാരണമാം വിധം വർണ്ണങ്ങൾ ചാലിച്ച് അനനുകരണീയമായൊരു ചിത്ര- ശില്പകലാശൈലിക്കും ഹെലൻ അവിടെയിരുന്ന് തുടക്കം കുറിച്ചു. ഹെലന്റെ ശില്പങ്ങളെയും വർണ്ണാഭമായ ചിത്രങ്ങളെയും പറ്റി പല കഥകളുണ്ട്. തന്റെ വീട്ടിൽ ഏതാണ്ട് ഒരു ഒളിവുജീവിതം നയിച്ചിരുന്ന ഹെലന്റെ ശിൽപ്പിയും ചിത്രകാരിയുമായുള്ള വികാസ പരിണാമങ്ങളുടെ യഥാർത്ഥ കാര്യകാരണങ്ങൾ ഇന്നും അജ്ഞാതമാണ്. സിമന്റ് ഉപയോഗിച്ച് കൂസ് മൽഗാസ് എന്ന സഹായിയുമൊത്ത് ഹെലൻ രൂപമേകിയ ശില്പങ്ങൾ ആ പഴയ വീട്ടുമുറ്റത്ത് ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ കൂടുതലും കൂമന്മാരുടെയും ഒട്ടകങ്ങളുടെയും വിചിത്രരൂപികളായ മനുഷ്യരുടെയും ശില്പങ്ങളാണ്. മനസ്സിന്റെ താളം ഏകതാനമാക്കാനുള്ള നിസ്സഹായയായ ഒരു സ്ത്രീയുടെ വന്യശ്രമങ്ങളായിരുന്നിരിക്കണം വീടിനകത്തെ ചുമരുകളിലും ജനാലകളിലും കാണുന്ന കടും നിറങ്ങളിലുള്ള ചായക്കൂട്ടുകൾ. ഹെലൻ ഈ ചായക്കൂട്ടുകളിൽ കുപ്പിച്ചിൽക്കഷണങ്ങളും ചില്ല് പൊടിച്ചതും ചേർത്ത് അവയ്ക്ക് തിളക്കവും നൽകി.
ബെത് സേദാ ഗ്രാമത്തിലേക്ക് ഹൈവേയിൽ നിന്ന് കടക്കുമ്പോൾത്തന്നെ ഒരു അഭൌമമായ നിഗൂഢതയിലേക്ക് ചെന്നു കയറുന്നതുപോലെയാണ് അനുഭവപ്പെടുക. ഒരൊറ്റ ചെമ്മൺ പാതയേയുള്ളു, കൂമൻ വീട്ടിലേക്ക്. ആ മണ്ണിന് ദക്ഷിണാഫ്രിക്കയിൽ മറ്റെങ്ങും കാണാത്ത ചുവപ്പുണ്ട്. തന്റെ എഴുപത്തൊമ്പതാം വയസ്സിൽ കോസ്റ്റിക് സോഡ അമിതമായി കലക്കി കുടിച്ച് ഹെലൻ മാർട്ടിൻസ് മരണത്തെ പുൽകുമ്പോൾ അവർ വിചാരിച്ചിരിക്കുമോ തന്റെ വീട് ഒരു ദേശീയപൈതൃകമായി ഭാവിയിൽ ആഘോഷിക്കപ്പെടുമെന്ന്?
ഈസ്റ്റേൺ കേപ്പിൽ ‘വന്യതീരങ്ങൾ’ (wild coast) കഴിഞ്ഞാൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിക്കാറുള്ള ഇടമായിരിക്കണം കൂമൻ വീട്. അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള പീഡനങ്ങളും (സ്വന്തം പിതാവിൽ നിന്നു പോലും) വേദനകളും അവരുടെ മാനസികനിലയുടെ തുലനം നഷ്ടപ്പെടുത്തിയിരിക്കാം. അതിന്റെ പ്രതിഫലന മാണ് അവരുടെ വർണ്ണരഹിതമായ ശിൽപ്പങ്ങളിലും ചായക്കൂട്ടുകളിലെ ചില്ലുപൊടിയുടെയും ഉടഞ്ഞ ചില്ലുപാത്രങ്ങളുടെയും തിളക്കങ്ങളിലും നാം തിരഞ്ഞു കണ്ടെടുക്കേണ്ടത്. 1976ൽ ഹെലൻ മരണമടയുമ്പോൾ അവർക്ക് സഹായിയായുണ്ടായിരുന്ന കൂസ് മൽഗാസ് എന്നയാൾ ആദ്യം അവിടം വിട്ടു പോയെങ്കിലും ‘കൂമൻ വീടിന്റെ സ്നേഹിതർ’ എന്ന് സ്വയം വിളിച്ചിരുന്ന ഒരു സംഘം കലാപ്രേമികളുടെ നിരന്തരമായ അഭ്യർത്ഥന ചെവിക്കൊണ്ട് അയാൾ തിരികെ വരികയും അതിന്റെ പുനരുദ്ധാരണം അടക്കമുള്ള ജോലികൾ ഏറ്റെടുക്കയും ചെയ്തു. രണ്ടായിരമാമാണ്ടിൽ കൂസ് അന്തരിച്ചു. അപ്പോഴേക്ക് കൂമൻ വീടും അവിടത്തെ ശില്പങ്ങളും ദേശീയപൈതൃകസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിരുന്നു.
തന്റെ മാതാപിതാക്കളുമായി ഹെലന് ഉണ്ടായിരുന്ന ഒട്ടും സുഖകരമല്ലാത്ത ബന്ധം പിതാവിനെ സ്വന്തം വീട്ടിൽ നിന്ന് ഒരു ഔട്ട്ഹൌസിലേക്ക് മാറ്റുന്നതിലാണ് അവസാനിച്ചത്. അതിന്റെ മുന്നിൽ ഇന്നും ഹെലൻ എഴുതിയ ഒരു പേര് കാണാം: LION’S DEN (സിംഹത്തിന്റെ മട). കൂമൻ വീട് കണ്ടു മടങ്ങുമ്പോൾ ഞാൻ വല്ലാതെ ഡിപ്രെസ്സ്ഡ് ആയിരുന്നു. അതിനു കാരണം ആ വീടിനു പിന്നിലുള്ള അസ്വാസ്ഥ്യം ജനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. കൂമൻ വീട് ഇന്നും ദക്ഷിണാഫ്രിക്കയിൽ ‘ഔട്ട്സൈഡർ’ ആർട്ടിന്റെ ഒരു പ്രതീകമായി നില കൊള്ളുന്നു.
2008-09 കാലത്ത് നാട്ടിൽ നിന്നുള്ള ചില അപ്രതീക്ഷിത -സന്ദർശകര സ്വീകരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടായി.
ഒരു ദിവസം ഒരാൾ എന്റെ ലാൻഡ് ഫോണിൽ വിളിക്കുന്നു: ‘ഓർമ്മയുണ്ടോടോ ഈ ശബ്ദം?’ എന്ന് ചോദിച്ചപ്പോൾ -ത്തന്നെ എന്റെ മനസ്സ് തുടിച്ചു. മുരളി (നടൻ) ആയിരുന്നു.
കേപ്പ് ടൗണിൽ നിന്നാണ് വിളിക്കുന്നത്. ഒരു തമിഴ് സിനിമയുടെ (ആദവൻ) ഷൂട്ടിംഗിന് വന്നതാണ്. സൂര്യയും നയൻ താരയുമാണ് സഹതാരങ്ങൾ. ഉദയനിധി സ്റ്റാലിൻ നിർമ്മാതാവും. മുരളിക്ക് ഞങ്ങളുടെ സ്ഥലത്തേക്കു വരാൻ സമയം ഉണ്ടാവില്ല. അതുകൊണ്ട് അയാൾ എന്നെ അങ്ങോട്ട് ക്ഷണിക്കുകയാണ്. മുരളി തിരുവനന്തപുരത്ത് വന്ന ആദ്യദിനങ്ങൾ മുതൽ ഉള്ള സുഹൃദ്ബന്ധമാണ് ഞങ്ങൾ തമ്മിൽ. എന്റെ ‘വെയിൽക്കാലങ്ങൾ’ എന്ന പരമ്പരയിൽ അതേക്കുറിച്ച് ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. എത്ര ഇണപിരിയാത്ത സുഹൃത്താണെങ്കിലും എന്നെ കാണണമെങ്കിൽ ഇങ്ങോട്ടു വരണം എന്ന ഒരു മന:സ്ഥിതി കുറേ വർഷങ്ങളായി ഞാൻ വളർത്തിയെടുത്തിരുന്നു. അതുകൊണ്ട് മുരളിയെ കാണാനും എവിടെയെങ്കിലുമൊക്കെ പോകണമെങ്കിൽ കൊണ്ടുപോകാനും ഞാൻ മകളോട് പറഞ്ഞു. അവൾ പതിവായി മുരളിയെ കാണുകയും കേരള സംഗീതനാടക അക്കാദമിയുടെ നാടകോത്സവത്തിന് യു.സി.റ്റിയിലെ ഡ്രാമാ ഡിപ്പാർട്ട്മെന്റിൽ നിന്ന് നാടകപ്രവർത്തകരെ സംഘടിപ്പിച്ചു കൊടുക്കുകയുമെല്ലാം ചെയ്തു. അന്ന് ഫോൺ ചെയ്യുമ്പോഴെല്ലാം അവൾ പറഞ്ഞിരുന്നു, “ഈ അങ്കിളിന് ഒട്ടും വയ്യ എന്നു തോന്നുന്നു അച്ഛാ.”
മുരളിയും എന്നോട് ക്ഷീണമാണെന്ന് പറയാറുണ്ടാ യിരുന്നു. വിന്റർ കടുത്ത സമയമായിരുന്നു അത്. കേപ്പ് ടൌണിൽ എച്ച് 1 എൻ 1 പടർന്നു പിടിച്ചിരുന്നു. തിരിച്ചു പോകുന്നതിന്റെ തലേന്ന് “നാട്ടിൽ വരുമ്പോൾ കാണാം” എന്ന് പലയാവർത്തി പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. മുരളി നാട്ടിലെത്തിക്കഴിഞ്ഞ് ഏതോ ഷൂട്ടിംഗ് നടക്കുന്നിടത്തുവച്ച് സുഖമില്ലാതായി എന്ന് മലയാളപത്രത്തിൽ വായിച്ചു. അതു കഴിഞ്ഞ് അധികം വൈകാതെ ഒരു ദിവസം എന്റെ ഫോണിന്റെ കുഞ്ഞു ജാലകത്തിൽ സ. ബേബിയുടെ സന്ദേശം വന്നു നിൽക്കുന്നത് കണ്ടു. Murali passed away.
പിന്നീട് സ്ഥിരമായി നാട്ടിലേക്ക് പോരുന്നതിനു മുൻപ് പല തവണ വന്നുപോയെങ്കിലും മുരളിയുടെ കുടുംബത്തെ ഞാൻ സന്ദർശിച്ചില്ല. അവരെ എനിക്ക് അറിയില്ലെന്നുള്ളതാണ് സത്യം. എത്ര പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചാലും മുരളിയുമയുള്ള സൗഹൃദം വിശദീകരിക്കാൻ എനിക്ക് ചിലപ്പോൾ കഴിയില്ലായിരിക്കും. ഇന്നും മുരളിയെ ഞങ്ങൾ ഓർക്കുന്നുണ്ട്. കൊച്ചുനാരായണന്റെ മരണവാർത്ത അറിഞ്ഞപ്പോൾ കൊച്ചുനാരായണൻ നിർമ്മിച്ച ‘ഞാറ്റടി’ ആണല്ലോ മുരളിയുടെ ആദ്യചിത്രം എന്ന് ഞാനോർത്തു. ഭരത് ഗോപി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നൂ അത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ വിപിൻ മോഹൻ സ്വതന്ത്രമായി ക്യാമറാവിഭാഗം ചെയ്ത ആദ്യ ചിത്രവും ഞാറ്റടി ആയിരുന്നു. തെറ്റിയെങ്കിൽ ക്ഷമിക്കുക. വിപിനും ഗിരിജയും (പേര് തെറ്റിയിട്ടില്ലെന്ന് വിശ്വസിക്കുന്നു) തമ്മിലുള്ള വിവാഹം നടക്കുന്നതും അക്കാലത്തായിരുന്നു. അതിനു ശേഷം ഏറെനാൾ കഴിയും മുൻപ് ഒരു ദിവസം വീണ്ടും എന്റെ ലാൻഡ് ഫോണിൽ ഒരു വിളി വന്നു.
“I am phoning from the S.A.C.P central committee office. A comrade from Kerala is here. He would like to meet you.”
ആരായിരിക്കും അത്?
തുടരും