എം.ജെ. രാധാകൃഷ്ണനെക്കുറിച്ച് പറയുമ്പോൾ ആളുകൾ ആദ്യം പറയുക എം.ജെ.യുടെ ലൈറ്റിംഗിന്റെ പ്രത്യേകതയെക്കുറിച്ചാണ്. തീർച്ചയായും എം.ജെ.യുടെ കാമറയുടെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹത്തിന്റെ ലൈറ്റിങ് തന്നെയായിരുന്നു. പ്രത്യേകിച്ചും ഗോൾഡൻ അവർ സമയങ്ങളിൽ ലൈറ്റിന്റെ മാജിക് മൊമന്റുകൾ നഷ്ടപ്പെട്ടാൽ അദ്ദേഹം വല്ലാതെ വിഷമിക്കുമായിരുന്നു. മോട്ടിവേഷണൽ ലൈറ്റിങ് കൃത്യമായി ഉപയോഗിക്കാൻ എം.ജെ. യ്ക്ക് അറിയാമായിരുന്നു.
അദ്ദേഹത്തിന്റെ ലൈറ്റിംഗിൽ വെളിച്ചത്തേക്കാൾ കൂടുതൽ ഇരുട്ടാണെന്നൊക്കെ ആളുകൾ പറയാറുണ്ട്. പക്ഷേ, ശ്രദ്ധിക്കേണ്ട ഒരു കാര്യം ലൈറ്റില്ലായ്മയിൽ നിന്നല്ല എം.ജെ. ഇരുട്ട് സൃഷ്ടിച്ചിരുന്നത്. ഫ്രെയിമിലെ ലൈറ്റില്ലായ്മ സൃഷ്ടിക്കാൻ അദ്ദേഹം നിരവധി ലൈറ്റുകൾ ഉപയോഗിക്കുമായിരുന്നു. ആ ലൈറ്റുകളുടെ കൃത്യമായ ഉപയോഗത്തിലൂടെയാണ്, ക്രമീകരണത്തിലൂടെയാണ് അദ്ദേഹം ഇരുളും വെളിച്ചവും സൃഷ്ടിച്ചിരുന്നത്. ഉദാഹരണത്തിന് പപ്പീലിയോ ബുദ്ധയിലെ ശങ്കരൻ എന്ന കഥാപാത്രത്തിന്റെ ഓലപ്പുരയിലെ പല രംഗങ്ങളും നിരവധി ലൈറ്റുകളുടെ സഹായത്താലാണ് ചിത്രീകരിച്ചത്. ഒരു ചെറിയ രംഗത്തിന്റെ ചിത്രീകരണത്തിന് പോലും അഞ്ചോ ആറോ ലൈറ്റിങ് സെറ്റപ്പുകൾ എം.ജെ. ഒരുക്കുമായിരുന്നു.
പലരും കരുതുന്നതുപോലെ മിനിമം ലൈറ്റുകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയിരുന്ന ആളല്ല എം.ജെ. പക്ഷേ, എത്ര ലൈറ്റുകൾ ഉപയോഗിച്ചാലും ഫ്രെയിമിൽ ആവശ്യമുള്ളതിലധികം ലൈറ്റ് കൊണ്ടുവരാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നു. ആ അർത്ഥത്തിൽ പ്രേക്ഷകർ ഫ്രെയിമിൽ കാണുന്നത് എപ്പോഴും മിനിമം ലൈറ്റ് മാത്രമായിരുന്നു.
പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ് ഒരു സിനിമാട്ടോഗ്രാഫർ. പ്രകൃതിയിൽ എങ്ങനെയാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ നിഴലും വെളിച്ചവും വീഴുന്നതെന്ന് മനസ്സിലാക്കുകയും അത് ഓർമയിൽ സൂക്ഷിക്കുകയും അതിനെ റിക്രീയേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. വെറുതെ റിക്രീയേറ്റ് ചെയ്യുകയല്ല, സിനിമയിലെ സാഹചര്യത്തിനനുസരിച്ച്, സംവിധായകന്റെ വിഷന് അനുസരിച്ച് വളരെ ഇൻറ്യൂട്ടീവ് ആയി ചെയ്യുന്നയാളായിരുന്നു എം.ജെ. രാധാകൃഷ്ണൻ. ഇത് അദ്ദേഹം ഏതെങ്കിലും അക്കാദമിയിൽ പോയി പഠിച്ചതല്ല, തന്റെ സ്വന്തം നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കിയതാണ്.
സിനിമയുടെ രാഷ്ട്രീയം എന്തുതന്നെയായാലും സിനിമയിൽ ചിത്രീകരിക്കുന്ന രംഗങ്ങൾ എത്രതന്നെ തന്റെ ഐഡിയോളജിക്ക് വിരുദ്ധമായിരുന്നാലും അതിലൊന്നും വിയോജിപ്പോ അമ്പരപ്പോ അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. വെളിച്ചവും അതിന്റെ മാനേജുമെന്റും അല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ വിഷയമായിരുന്നില്ല. അതിനുവേണ്ടി വളരെ നോൺ ട്രെഡീഷണൽ എന്നോ സില്ലി എന്നോ തോന്നാവുന്ന കാര്യങ്ങൾപോലും ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
സ്വാഭാവിക വെളിച്ചത്തിന്റെ ഒരു മാന്ത്രികനായിരുന്നു അദ്ദേഹം. മേഘങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അവ, എപ്പോൾ, എങ്ങനെ സൂര്യവെളിച്ചത്തെ ബാധിക്കും എന്ന് വളരെ മുമ്പേതന്നെ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. സ്വാഭാവിക വെളിച്ചത്തെ ഉപയോഗിക്കുന്നതുപോലെ തന്നെയായിരുന്നു വെളിച്ചത്തെ സ്വാഭാവികമാക്കി മാറ്റുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക്. പപ്പീലിയോ ബുദ്ധയിൽ രാത്രി ഓട്ടോറിക്ഷ തൊഴിലാളികൾ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന രംഗം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. നിരവധി ലൈറ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹം രാത്രിയുടെ സ്വാഭാവികത ആ രംഗങ്ങളിൽ കൊണ്ടുവന്നത്.
ലാക്കോണിക് (Laconic) എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കാരക്ടറിന് ഉടമയായിരുന്ന അദ്ദേഹം. പക്ഷേ, പലരും കരുതുന്നതുപോലെ തീരെ സംസാരിക്കാത്ത ആളുമായിരുന്നില്ല. വലിയ നർമബോധം ഉള്ള ആളായിരുന്നു. സൗഹൃദസദസ്സുകളിൽ അദ്ദേഹത്തിന്റെ പൊട്ടിച്ചിരി മുഴങ്ങിക്കേൾക്കാറുണ്ടായിരുന്നു.
പുതിയ കാലത്ത്, പഴയ എക്സ്പ്രഷണിസ്റ്റ് രീതിയിൽ നിന്ന് മാറി ലൈറ്റിങ് കുറേക്കൂടി സ്വാഭാവികമായി മാറി. അത് ഏറ്റവും നന്നായി മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്ത ആളായിരുന്നു എം.ജെ. രാധാകൃഷ്ണൻ. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരാൾ, ഇന്ത്യൻ സിനിമയിലെതന്നെ എക്കാലത്തെയും മികച്ച കാമറാമാന്മാരിൽ ഒരാൾ. ലോകത്തെ എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും അദ്ദേഹം കാമറ ചെയ്ത സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്, നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് അതിലൊന്നും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അടുത്ത് ചെയ്യാൻ പോകുന്ന സിനിമയിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
(തിങ്ക്‌ലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "എം.ജെ.രാധാകൃഷ്ണൻ; ഓർമപ്പുസ്തകം’ എന്ന പുസ്തകത്തിൽനിന്ന്)