എം.എം. ലോറൻസ്; വിപ്ലവത്തിന്റെ ബ്രേക്കിംഗ് പോയിന്റ്

‘‘ഇപ്പോൾ പി.വി. അൻവറിനെ പോലൊരാൾ പാർട്ടിയുടെ ശുദ്ധീകരണത്തൊഴിലാളിയായി വരുമ്പോൾ സി.പി.എം ചെന്നുപെട്ട പ്രത്യശാസ്ത്രപ്രതിസന്ധി പെരുമ്പറമുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു. എം.എം. ലോറൻസ് വിടപറയുമ്പോൾ അദ്ദേഹത്തിന് ബസോ സ്വത്തോ ഒന്നുമില്ലായിരുന്നു എന്ന സത്യം തിരിച്ചറിയപ്പെടുന്നു. എന്നാൽ, വിഭാഗീയതയുടെ ഫലം നുകർന്നവർ ഇന്ന് കോടീശ്വരന്മാരായി മാറി. അവർക്കെതിരെ ശബ്ദിക്കാൻപോലും കഴിയാതെ പാർട്ടി സ്വരൂപം തളർന്നുപോയി. ഈ പ്രതിസന്ധിയിലാണ് ലോറൻസിന്റെ രാഷ്ട്രീയവായന പ്രസക്തമാകുന്നത്’’- അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിനെക്കുറിച്ച് എൻ.എം. പിയേഴ്സൺ എഴുതുന്നു.

വിപ്ലവത്തിനൊരു ബ്രേക്കിംഗ് പോയന്റ് ഉണ്ടോ? ഉണ്ടെങ്കിൽ അതാണ് എം.എം. ലോറൻസ്.

വില്യം മോറിസ് (William Morris) എന്ന ഉട്ടോപ്യൻ സോഷ്യലിസ്റ്റ് ചിന്തകനെക്കുറിച്ച് ഇ.പി. തോംസൺ (Edward Palmer Thompson) എഴുതിയ പുസ്തകത്തിന്റെ പേര് ‘വില്യം മോറിസ്; റൊമാന്റിക് ടു റവല്യൂഷനറി’ (William Morris: Romantic to Revolutionary) എന്നാണ്. അതിൽ മോറിസ് പറയുന്നത് ഒരു വിപ്ലവകാരി കാല്പനികനായിരിക്കും എന്നാണ്.

17-ാം വയസ്സിൽ കമ്മ്യൂണിസ്റ്റായി രക്തപ്രതിജ്ഞ ചെയ്ത ലോറൻസ് റൊമാന്റിക്കായിരുന്നു. എറണാകുളത്തെ മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യൂവിന്റെയും മകൻ പൗരോഹിത്യക്കുപ്പായം അന്വേഷിച്ചല്ല ജീവിതം ആരംഭിച്ചത്. പകരം സായുധ കലാപത്തിന്റെ കനൽവഴിയിലൂടെ സഞ്ചരിക്കാൻ പ്രതിജ്ഞയെടുക്കുകയും വിപ്ലവത്തെ ഒരു ആഗ്രഹമായി ജീവിതത്തിലേക്ക് സ്വാശീകരിക്കകുയുമാണ് ലോറൻസ് ചെയ്തത്.

ഓരോരുത്തരും ഓരോരുത്തരുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കുകയും ഓരോരുത്തർക്കും ഓരോരുത്തരുടെ ആവശ്യമനുസരിച്ച് ലഭിക്കുകയും ചെയ്യുന്ന നീതിയുടെ ലോകമായിരുന്നു ലോറൻസിന്റെ ആഗ്രഹം. കമ്മ്യൂണിസത്തിന്റെ ആശയം ലോറൻസിന്റെ സിരകളിലേയ്ക്ക് പകർത്തുന്നത് ജ്യേഷ്ഠൻ എബ്രഹാം മാടമാക്കലായിരുന്നു. കൽക്കത്ത തീസിസിന്റെ തീയും പുകയും അടിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനോട് പറഞ്ഞു; ‘അനുജാ ഞാനില്ല രണദിവയെ വിഴുങ്ങാൻ, സായുധ സമരവും അക്രമവും എന്റെ വഴിയല്ല.’ അങ്ങനെ എബ്രഹാം കമ്മ്യൂണിസത്തോട് വിടപറഞ്ഞു. ലോറൻസ് അതിനോട് പറ്റിച്ചേർന്നു.

വിപ്ലവത്തിന്റെ മുഖ്യ ഏജൻസി തൊഴിലാളിവർഗമാണെന്ന് വിശ്വസിച്ച നേതാവായിരുന്നു ലോറൻസ്. വ്യവസായത്തൊഴിലാളികളും റെയിൽവേ തൊഴിലാളികളും വിപ്ലവത്തിന്റെ പ്രധാന ഏജൻസിയാണെന്ന് ലെനിൻ വിലയിരുത്തി. മാവോയുടെ കാഴ്ചപ്പാടിൽ അത് കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. ലോറൻസിന് അത് തുറമുഖത്തൊഴിലാളികളും പീടികത്തൊഴിലാളികളും തോട്ടികളുമായിരുന്നു.

എബ്രഹാം ലോറൻസ്
എബ്രഹാം ലോറൻസ്

ലോറൻസിന്റെ ചെറുപ്രായത്തിലുള്ള വിപ്ലവ സങ്കല്പങ്ങൾ ഇന്ന് മാറിപ്പോയി. തൊഴിലാളിവർഗ്ഗം ഇന്ന് പ്രധാന ഏജൻസിയല്ല. അന്ന് തൊഴിലാളി ഏജൻസിയാണെന്ന് കരുതപ്പെട്ടിരുന്നു. അതുകൊണ്ടാണ് ആലുവ വ്യവസായ തൊഴിലാളി നേതാവായ കെ.സി. മാത്യു വിപ്ലവത്തിന് ആഹ്വാനം ചെയ്തത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുന്തമുന നാലുപേരടങ്ങിയ ആത്മഹത്യാ സ്ക്വാഡിലായിരുന്നു: കെ.സി. മാത്യു, വി. വിശ്വനാഥമേനോൻ, കെ.യു. ദാസ്, എം.എം. ലോറൻസ്.
അവ‌ർ തീരുമാനിച്ചു. അവർ നടപ്പിലാക്കി. പ്രൊഫഷണൽ റവല്യൂഷനറികളുടെ തലച്ചോറായി പ്രവർത്തിച്ച ഇവർ വിപ്ലവത്തിന്റെ തീക്കനലിനെ ഊതിപ്പെരുപ്പിക്കുകയായിരുന്നു.

വിപ്ലവം വന്ന വഴി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തീയല പോലെ തിളങ്ങുന്ന ഏടാണ് ‘ഇടപ്പള്ളി’. പക്ഷെ യാഥാസ്ഥിതിക പാർട്ടിയായി സി.പി.എം മാറിയപ്പോൾ പാർട്ടി ഇടപ്പള്ളിയെ തള്ളി.

ഇടപ്പള്ളി പാർട്ടിയുടെ മുന്നിലുയർത്തിയ പ്രധാനചോദ്യം ‘നയം മാറിയാൽ ചരിത്രം മാറുമോ?’ എന്നതായിരുന്നു. സായുധസമരരീതി തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോളാണ് പാർട്ടി ഇടപ്പള്ളിയെ തള്ളിയത്. പക്ഷെ അപ്പോഴും പുന്നപ്ര വയലാറോ, കരിവെള്ളൂരോ പാർട്ടി മറന്നില്ല.

ബി.ടി. രണദിവെയ്ക്കൊപ്പം എം.എം. ലോറൻസ്
ബി.ടി. രണദിവെയ്ക്കൊപ്പം എം.എം. ലോറൻസ്

വിപ്ലവങ്ങളെ മോഹങ്ങളാക്കിയ മനുഷ്യരാണ് കലാപങ്ങളിൽ ചോര ചിതറിയത്. അവർ മരണം കൊണ്ട് ചരിത്രത്തെ തിരുത്തിയും അടയാളപ്പെടുത്തിയും കടന്നുപോയി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എഴുതാൻ രക്തസാക്ഷികളുടെ രക്തം വേണമായിരുന്നു.

ഇടപ്പള്ളിയിൽ പോലീസ് ബ്ലെയ്‌ഡിന് വരഞ്ഞ് ഉപ്പും മുളകും തേച്ച് പുകയിട്ട കെ.യു. ദാസിന്റെ രക്തം വേണമായിരുന്നു. പോലീസ് ലോക്കപ്പിലിട്ട് ഇടിച്ച് നുറുക്കിയ ജോസഫിന്റെ ഹൃദയരക്തം വേണമായിരുന്നു. ‘ഓർമ്മകളാണ് ജീവിതം’ എന്ന് നമ്മോട് ഒപ്പം നടന്ന് എറിക് ഹോബ്സ്ബാം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എം.എം. ലോൻസ് വിടപറഞ്ഞപ്പോൾ ആ ഓർമ്മകൾ ഒരിക്കൽക്കൂടെ നാം ചർച്ചചെയ്യുന്നു.

പാർട്ടി പിടിക്കാൻ വി.എസ് ഷാഡോ കമ്മിറ്റികൾ ഉണ്ടാക്കി. സി.ഐ.ടി.യു നേതാക്കൾക്കെതിരെ മർമ്മറിംഗ് ക്യാമ്പയിൻ നടത്തി. എറണാകുളം നഗരത്തിൽ ലോറൻസിന് ഒരുപാട് സമ്പത്തുണ്ടെന്നും സിറ്റിയിലെ നിരവധി സ്വകാര്യ ബസുകൾ ലോറൻസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പറഞ്ഞുള്ള മർമ്മറിംഗ് ക്യാമ്പയിൻ ശക്തി പ്രാപിച്ചു.

ഒരു ദിവസം ചരിത്രത്തിലേയ്ക്ക് പൊട്ടിവീണ ആകസ്മികതയായിരുന്നില്ല ഇടപ്പള്ളി. അതിന് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ടായിരുന്നു. സേലം ജയിലിലെ കൂട്ടക്കൊലയും ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരുന്ന സായുധ കലാപങ്ങളും ഇടപ്പള്ളിയെ രൂപപ്പെടുത്തിയ രാഷ്ട്രീയ ഭൂമികയായിരുന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും സ്വാതന്ത്ര്യം ലഭിച്ചോ എന്ന ചോദ്യം ഉറക്കെ ചോദിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. കോൺഗ്രസിന്റെ ഇടക്കാല സർക്കാർ ബ്രിട്ടീഷ് സർക്കാരിന്റെ തൊഴിലാളിവിരുദ്ധനയം തുടരകയായിരുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ വർക്ക്‌ഷോപ്പിൽ ബ്രിട്ടീഷുകാരുടെ തൊഴിലാളിവിരുദ്ധനയം കോൺഗ്രസിന്റെ ഇടക്കാല സർക്കാർ തു‌ടർന്നു. വർക്ക്‌ഷോപ്പിൽനിന്ന് ഒരു ദിവസം ആറ് തൊഴിലാളികളെ പിരിച്ചുവിട്ടു. സംഘടിത തൊഴിലാളിവർഗം സമരം ആരംഭിച്ചു. ഇന്ത്യയിലെ 1200 റെയിൽവേ സ്റ്റേഷനുകൾ നിശ്ചലമായി. സമരം ഒരുമാസത്തിലധികം നീണ്ടു.

1960 കാലഘട്ടത്തിൽ എറണാകുളം ബോട്ട് ജെട്ടിയിലെക്ക് നടത്തിയ ജാഥയിൽ എം.എം. ലോറൻസ്
1960 കാലഘട്ടത്തിൽ എറണാകുളം ബോട്ട് ജെട്ടിയിലെക്ക് നടത്തിയ ജാഥയിൽ എം.എം. ലോറൻസ്

പോലീസ് സൂപ്രണ്ട് ഹാരിസണിന്റെ നേതൃത്വത്തിൽ സമരസഖാക്കളെ പോലീസ് ആക്രമിച്ചു. പോലീസ് ലാത്തിച്ചാർജ്ജിലും വെടിവെപ്പിലും നിരവധി പേർ മരിച്ചു. 1950 ഫെബ്രുവരി ഒന്നിന് സേലം ജയിലിൽ 19 സഖാക്കളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.

അതിനുമുന്നേ തന്നെ കേരളത്തിൽ കൽക്കത്താ തീസിസിന്റെ ആവേശത്തിൽ സായുധ സമരത്തിന് ആഹ്വാനമുണ്ടായി. ഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവി ഗ്രൂപ്പുകളെ പ്രചോദിപ്പിച്ചു. സായുധസമര കാഹളം മുഴങ്ങി. 1949 ഒക്ടോബറിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ചെങ്കൊടി ഉയർത്തി. ജയിലിൽ കലാപമുണ്ടായി. സഖാവ് മുഹമ്മ അയ്യപ്പനെയും കൂത്താട്ടുകുളം രാമകൃഷ്ണപിള്ളയെയും പോലീസ് തല്ലിക്കൊന്നു.

ഈ കാലഘട്ടത്തിൽത്തന്നെയായിരുന്നു കേരത്തിലെ ഗ്രാമങ്ങളിൽ നെല്ലെടുപ്പ് സമരവും കർഷക കലാപങ്ങളും നടന്നത്. കയ്യൂർ സമരവും തെലുങ്കാല പോരാട്ടവും പോരാളികളുടെ രക്തം തിളപ്പിച്ചു. 1949 ഡിസംബർ 31ന് ശൂരനാട്ട് ജനങ്ങളും പോലീസും ഏറ്റുമുട്ടി. അഞ്ച് പോലീസുകാരെ കമ്മ്യൂണിസ്റ്റുകാരും ജനങ്ങളും ചേർന്ന് തല്ലിക്കൊന്നു. പകരം പോലീസ് അഞ്ച് സഖാക്കളെ ലോക്കപ്പിലിട്ട് തല്ലിക്കൊന്നു. കൊലയ്ക്ക് കൊല. അഞ്ചിനഞ്ച്. അതായിരുന്നു നയം. ഈ അന്തരീക്ഷം കലാപത്തിന് തീ പിടിപ്പിക്കുന്നതായിരുന്നു.

എ.കെ.ജിക്കൊപ്പം എം.എം. ലോറൻസ്
എ.കെ.ജിക്കൊപ്പം എം.എം. ലോറൻസ്

സർക്കാരിനെ പ്രതിരോധിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും സമരം ചെയ്യാൻ റെയിൽവേ തൊഴിലാളികൾ തീരുമാനിച്ചു. 150 മാർച്ചിൽ അഖിലേന്ത്യാ റെയിൽവേ പണിമുടക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി - പാർട്ടിയുടെ കമ്മിസാർ സഖാവ് രണദിവെ തന്നെ നേരിട്ട് ആഹ്വാനം ചെയ്യുന്നു. അത് ആവേശമായി മാറി. മുകളിൽ സൂചിപ്പിച്ച വെടിമരുന്നിന്റെ മണമുള്ള അന്തരീക്ഷം രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് സാധ്യത ഒരുക്കിയിരുന്നു.

ഇന്ത്യയിൽ എല്ലായിടത്തും സമാന സ്ഥിതിയായിരുന്നു. ആലുവയിലാകട്ടെ പാർട്ടിയുടെ അണ്ടർ ഗ്രൗണ്ട് സംവിധാനം ശക്തമായി പ്രവർത്തിച്ചിരുന്ന സമയം. അങ്കമാലി മുതൽ എറണാകുളം വരെ തീവണ്ടി ഓടരുത് എന്നതായിരുന്ന പാർട്ടിയുടെ തീരുമാനം. കഴിയുന്നത്ര ഭംഗിയായി തൊഴിലാളികളുടെ പങ്കാളിത്തത്തോടുകൂടി അത് നിർവഹിക്കുക എന്നതായിരുന്നു തീരുമാനം. അതിന് കഴിഞ്ഞില്ലെങ്കിൽ റെയിൽപ്പാളം ബോംബുവച്ച് തകർത്തെങ്കിലും വണ്ടി ഓടുന്നത് തടയണം. ഇതിനുവേണ്ടി ആസൂത്രിത പ്രവർത്തനങ്ങൾ നടന്നു.

ഓരോ തൊഴിലാളിയുടെയും വീട്ടിൽ സമരപ്രചാരണ സ്ക്വാഡ് എത്തി. സ്ക്വാഡ് പ്രവർത്തനത്തിന്റെ സമാപനം ഇളമക്കരയിലെ അന്തിച്ചന്തയിൽ നടന്നു. ഇരുന്നൂറോളം പേർ പങ്കെടുത്തു. അത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അപ്പോൾ നിരോധിത പാർട്ടിയാണ്. എല്ലാ സമയങ്ങളും ലംഘിച്ച് പാർട്ടി നേതാക്കൾ പരസ്യമായി അന്തിച്ചന്തയിൽ പ്രസംഗിച്ചു. പങ്കെടുത്തവരേക്കാൾ കൂടുതൽ പരിഭ്രാന്തരാക്കിയത് കാഴ്ചക്കാരായിരുന്നു. വരാൻപോകുന്ന കലാപത്തിന്റെ കാറ്റ് കാഴ്ചയിലുണ്ടായിരുന്നു.

കേരളത്തിന്റെ ചരിത്രത്തിൽ മലം ചുമന്ന് ജീവിച്ചവരെ മനുഷ്യനായി കണ്ടത് ലോറൻസായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ മലം ചുമന്ന് ജീവിച്ചവരെ മനുഷ്യനായി കണ്ടത് ലോറൻസായിരുന്നു.

അതുവരെ പാർട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാര്യങ്ങൾ നടന്നു. അടുത്ത ദിവസം കാര്യങ്ങൾ അനിയന്ത്രിതമായി. തൊഴിലാളികളെ ബോധവത്കരണം നടത്തുന്നതിനിയിൽ തൊഴിലാളി നേതാവ് എൻ.കെ. മാധവനും കെ.എ. വറുതുട്ടിയും പോലീസ് പിടിയിലായി. പോലീസ് മൽപ്പിടുത്തം നടത്തിയാണ് അവരെ കീഴ്പ്പെടുത്തിയത്. ഇത് കണ്ടപ്പോൾ പലരും പറഞ്ഞ കാര്യം കിവംദന്തിയായി പരക്കം പാഞ്ഞു. അത് പിന്നട് പടർന്നുകയറിയത് ഭയപ്പെടുത്തുന്ന വാർത്തയായിട്ടായിരുന്നു. പോലീസ് ഒളിവിലായിരുന്ന രണ്ട് കമ്മ്യൂണിസ്റ്റുകളെ ഓടിച്ചിട്ട് പിടിച്ചെന്നും അതിലൊരാളെ തല്ലി​ക്കൊന്നുവെന്നും വാർത്തയുണ്ടായി.

സി.പി.എം ഫോറം പാർട്ടിയിലെ ഇരുണ്ട ഇടങ്ങളിലേക്ക് വെളിച്ചം വീഴ്‌ത്തി. അതുമായി ലോറൻസിന് ബന്ധമില്ലായിരുന്നെങ്കിലും ലോറൻസിനെതിരെ നടപടിക്ക് അത് ആയുധമാക്കിയിരുന്നു. അങ്ങനെ ലോറൻസ് സി.പി.എം കേന്ദ്രകമ്മിറ്റിയി നിന്നും ഇ‌ടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടു.

അന്ന് രാത്രി, ഇപ്പോൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു രഹസ്യയോഗം ചേരാൻ എറണാകുളം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ തീരുമാനിച്ചിരുന്നു. അറസ്റ്റും വാർത്തയും അറിഞ്ഞ ഏലൂർ ഭാഗത്തുള്ള സഖാക്കൾ യോഗത്തിനു പോകണ്ടെന്ന് തീരുമാനിച്ചു. എന്നാൽ എറണാകുളം ഭാഗത്തുള്ള ആർക്കും എൻ.കെ. മാധവനെയും വറുതുട്ടിയെയും അറസ്റ്റ് ചെയ്ത കാര്യം അറിയില്ലായിരുന്നു. അവർ സന്ധ്യയായപ്പോൾ രഹസ്യയോഗത്തിനായി പോണേക്കരയിലെ ഓടിപ്പറമ്പത്തു പുരയിടത്തിലേക്ക് എത്തി.

എം.എം. ലോറൻസിന്റെ നേതൃത്വത്തിലാണ് റെയിൽ വഴി എറണാകുളം സംഘം എത്തിയത്. സംഗത്തിൽ വിശ്വനാഥ മേനോൻ, വി.സി. ചാഞ്ചൻ, വി.പി. സുരേന്ദ്രൻ, ടി.ടി. മാധവൻ, കുഞ്ഞപ്പൻ, കൃഷ്ണപിള്ള തുടങ്ങിയവരുണ്ടായിരുന്നു. അവരെ അവിടേയ്ക്ക് സ്വീകരിച്ചത് സെൻട്രൽ സഖാക്കളായിരുന്നു. ആലുവ വ്യവസായ തൊഴിലാളി യൂണിയൻ നേതാവും ബുദ്ധിജീവിയുമായ കെ.സി. മാത്യു, പാർട്ടിയുടെ ആയുധ പരശീലകനായ കെ.യു. ദാസ്, വിദ്യാർഥി ഫെഡറേഷൻ നേതാവായ ഇടപ്പള്ളി ശിവൻ എന്നിവർ എറണാകുളം സംഘത്തെ വരവേറ്റു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ, പഴയ ചിത്രം / Photo: MM Lawrance, FB
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ, പഴയ ചിത്രം / Photo: MM Lawrance, FB

ലോറൻസിനെയും സഖാക്കളെയും അവർ കാര്യങ്ങൾ ബോധ്യപ്പെടുത്തി. മാധവൻ മൃതപ്രായനാണെന്ന് കേൾക്കുന്നു, നമ്മൾ ഇടപെട്ടാൽ ഒരുപക്ഷേ രക്ഷിക്കാൻ കഴിയും, നിശ്ശബ്ദതയെ മുറിച്ചുമാറ്റി മാത്യു പറഞ്ഞു: “നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി എൻ.കെയെ ബലമായി മോചിപ്പിക്കണം.”
അതൊരു നിർദ്ദേശമല്ല, ആജ്ഞയായിരുന്നു. നടപ്പാക്കാൻ ആത്മഹ്യത്യാസ്ക്വാഡ് റെഡിയായി. കെ.സി. മാത്യു ക്യാപ്റ്റൻ. എം.എം. ലോറൻസ്, വി. വിശ്വനാഥമേനോൻ, കെ.യു. ദാസ് എന്നിവർ സ്ക്വാഡ് അംഗങ്ങൾ. ആ രഹസ്യ യോഗം വിളിച്ചുചേർത്തത് എൻ.കെ. മാധവനായിരുന്നു. നേതാവ് ജയിലായപ്പോൾ ജയിൽ തകർത്ത് സഖാവിനെ പുറത്തുകൊണ്ടുവരണം എന്നർ തീരുമാനിച്ചു.

കൽക്കത്ത തീസിസിന്റെ തീ തലയിൽ കത്തുപിടിച്ചാളിയപ്പോളും ലോറൻസിന്റെ കോമൺസെൻസ് പ്രവർത്തിച്ചുകൊണ്ടിരുന്നു. സാഹസികനീക്കം പരാജയപ്പെടുമെന്ന് ലോറൻസിന് തോന്നി. അദ്ദേഹം വിശ്വനാഥമേനോനെ അരികിലേയ്ക്ക് മാറ്റിനിർത്തി പറഞ്ഞു: “സഖാവെ എനിക്ക് ഇതിനോട് യോജിപ്പില്ല. നമുക്ക് സ്ഥലമറിയില്ല. എത്ര പോലീസുകാരുണ്ടെന്ന് അറിയില്ല. നമ്മുടെ കയ്യിൽ ആയുധങ്ങളില്ല. പോലീസിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ല.” വിശ്വനാഥ മേനോന്റെ പ്രതിരണം ഇങ്ങനെയായിരുന്നു: “സഖാവ് പറഞ്ഞത് ഞാൻ മാത്യുവിനെ അറിയിക്കാം.”
എന്നാൽ അതിൽ ലോറൻസിന് താല്പര്യം തോന്നിയില്ല. ഓപ്പറേഷനിലുള്ള വിയോജിപ്പ് ഉപേക്ഷിക്കാൻ ലോറൻസ് തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: “താൻ പറയേണ്ട, പറഞ്ഞാൽ താൻ ഭീരുവാണെന്ന് വരും. നാം ഭീരുക്കളാണെന്ന് വരും. ഏതായാലും ചാവാൻ വന്നതല്ലേ, പോയാൽ പോകട്ടെ.”
ഈ നിശ്ചയദാർഢ്യമായിരുന്നു ചരിത്രത്തെ ചുവപ്പിച്ചത്. ലോറൻസ് അന്ന് കോമൺസെൻസിന് തലവെച്ചിരുന്നെങ്കിൽ ഇടപ്പള്ളി പോലീസ്‌സ്റ്റേഷൻ ആക്രമണം നടക്കില്ലായിരുന്നു. ഇടപ്പള്ളി സംഭവത്തിൽ തൽക്ഷണത അല്ലെങ്കിൽ ഇമ്മഡിയസി വളര കൂടുതലായിരുന്നു.

ലോറൻസ് അന്ന് കോമൺസെൻസിന് തലവെച്ചിരുന്നെങ്കിൽ ഇടപ്പള്ളി പോലീസ്‌സ്റ്റേഷൻ ആക്രമണം നടക്കില്ലായിരുന്നു. ഇടപ്പള്ളി സംഭവത്തിൽ തൽക്ഷണത അല്ലെങ്കിൽ ഇമ്മഡിയസി വളര കൂടുതലായിരുന്നു.

ഭീകരമായ മർദനം

പോലീസ്‌സ്റ്റേഷൻ ആക്രമിച്ച് സഖാക്കളെ വിമോചിപ്പിക്കാനുള്ള ലോറൻസിന്റെയും കൂട്ടുകാരുടെയും ശ്രമം പരാജയപ്പെട്ടു. സംഭവത്തിൽ രണ്ട് പോലീസുകാർ മരിച്ചു; മാത്യുവും വേലായുധനും. രണ്ട് പോലീസുകാരുടെ ജീവരക്തം തളംകെട്ടിയ ഇടപ്പള്ളി പോലീസ്‌സ്റ്റേനിൽ നിന്ന് അധികാര സ്വരൂപം ബൂട്ടണിഞ്ഞിറങ്ങിയത് അനേകായിരം മനുഷ്യരുടെ നെഞ്ചിൻകൂടുകൾക്ക് മുകളിലേയ്ക്കായിരുന്നു.

പോലീസ് ബൂട്ടിനും ലാത്തിക്കും വിശ്രമമില്ലായിരുന്നു. മനുഷ്യരുടെ തല തല്ലിപ്പൊളിച്ചും നെഞ്ചിടിച്ച് തകർത്തും അത് മുന്നോട്ടുനീങ്ങി. നിരവധി പേർ ചോരതുപ്പി. കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടവരും തല്ലുവാങ്ങി. നിരവധ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അവർ അപമാനിക്കപ്പെട്ടു. സഖാക്കളെക്കൊണ്ട് സഹപ്രവർത്തകരുടെ രക്തവും മൂത്രവും നക്കിച്ചു. കെ.യു. ദാസ് എന്ന ധീര സഖാവിന്റെ ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞ് മുളകരച്ചുതേച്ച് കെട്ടിത്തൂക്കി പുകയിട്ടു. അവസാനം പുറമ്പോക്കിൽ കുഴിച്ചുമൂടി പോലീസ് കാവലിരുന്നു. ഒരു ടെറർ ചിത്രത്തെ നിഷ്പ്രഭമാക്കുന്ന പൊലീസ് ഭീകരത നാടെങ്ങും നിറഞ്ഞു. ഇടപ്പള്ളിയുടെ നിറം ചുവപ്പായത് അങ്ങനെയാണ്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ മാത്യുവിന്റെ മകൻ ജോസ് എം.എം. ലോറൻസിന്റെ മൃതദേഹത്തിനരികെ
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ മാത്യുവിന്റെ മകൻ ജോസ് എം.എം. ലോറൻസിന്റെ മൃതദേഹത്തിനരികെ

രണ്ട് പോലീസുകാരെ കൊന്നതിനുപകരം രണ്ട് സഖാക്കളുടെ ജീവനെടുത്തു. കെ.യു. ദാസിനെയും ജോസഫിനെയും പോലീസ് മർദിച്ചുകൊന്നു. പതിനേഴു പേരാണ് ആക്‌ഷനിൽ പങ്കെടുത്തത്. അതിൽ രണ്ടുപേരെ തിരിച്ചറിയാനോ കേസിൽ പ്രതിയാക്കാനോ പോലീസിന് കഴിഞ്ഞില്ല. 33 പേരെ പ്രതിചേർത്ത് കേസെടുത്തു. ലോറൻസ് 30-ാം പ്രതിയായിരുന്നു. സംഭവം കഴിഞ്ഞ് പോലീസ് രണ്ടുപേരെ തല്ലിക്കൊന്ന് ഏതാണ്ട് രണ്ടുമാസം കഴിഞ്ഞതിനുശേഷമാണ് ലോറൻസ് അറസ്റ്റിലാവുന്നത്. അതും കൂടെയുള്ള ഒരാളുടെ ഒറ്റുകാരണം. കോറിയൽ ദാമോദരനായിരുന്നു ആ ഒറ്റുകാരൻ.

കമ്മ്യൂണിസ്റ്റ് പാർട്ടി ‘ഗോസ്റ്റ് ഓർഗനൈസേഷന്റെ’ സ്വഭാവത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എല്ലാ രഹസ്യങ്ങളും ടെക്‌മാൻ, കൊറിയർ തുടങ്ങിയ സംവിധാനങ്ങളിലാണ് സുരക്ഷിതമായിരുന്നത്. ചിലപ്പോൾ ഇവരെയും മറയിൽ നിർത്തിയാണ് കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിരുന്നത്. ലോറൻസിന്റെ വിശ്വസ്തനായിരുന്നു കോറിയർ ദാമോദരൻ. സംഭവത്തിനുശേഷം കെ.സി. മാത്യുവും ലോറൻസും ഒരുമിച്ച് കണ്ടത് കോറിയർ ദാമോദരന്റെ ശ്രമഫലമായിട്ടായിരുന്നു.

പക്ഷേ, ദാമോദരൻ അപ്പോഴേക്കും പോലീസ് പ്രലോഭനത്തിലായിക്കഴിഞ്ഞിരുന്നു. അതറിയാതെയാണ് ലോറൻസും മാത്യുവും ദാമോദരനു മുന്നിൽവച്ച് കൂടിക്കാഴ്ചയ്ക്ക് പദ്ധതി തയ്യാറാക്കിയത്. ഭാവിപരിപാടി ആസൂത്രണം ചെയ്യാനും ഗൗരവമായ ചില നീക്കങ്ങൾ നടത്താനും അവർ ഒരുമിച്ചിരിക്കാനും തീരുമാനിച്ചു.
എല്ലാ കാര്യങ്ങളും ചെയ്യാൻ ദാമോദരനെ ചുമതലപ്പെടുത്തി.
1950 ഏപ്രിൽ 23ന് എറണാകുളം മാരുതി വിലാസ് ലോഡ്ജിൽ കാണാൻ ധാരണയായിരുന്ന.
ദാമോരൻ സമയം നിശ്ചയിച്ചു- രാത്രി എട്ടുമണി.

ലോറൻസ് ഒളിവിടത്തിൽ നിന്ന് പുറത്തിറങ്ങി. പറഞ്ഞ സമയത്ത് മാരുതി വിലാസിലേയ്ക്ക് നീങ്ങി. പക്ഷേ,ടി.ഡി. റോഡിൽ കയറിയപ്പോഴേക്കും ലോറൻസ് അപകടം മണത്തു. ഡോക്ടർ കുഞ്ഞാലൂസ് നഴ്‌സിഗ് ഹോം മുതൽ ടി.ഡി. റോഡ് വരെ പതിവിലും കൂടുതൽ ആളുകൾ. അവർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അത് അല്പം അസ്വാഭാവികമായി ലോറൻസിന് തോന്നി. പക്ഷേ, ലോറൻസ് മുന്നോട്ടുതന്നെ നീങ്ങി.

ഹോസ്റ്റലിന്റെ പടിക്കലെത്തിയ ലോറൻസ് ഒരു പരിചയക്കാരനെ കണ്ടു. അയാളോട് ലോറൻസ് ചോദിച്ചു: “തോമാച്ചനെ കണ്ടോ?”
കെ.സി. മാത്യുവിന്റെ ഒളിവിലെ പേരായിരുന്ന തോമാച്ചൻ.
“ഇല്ല’’, സുഹൃത്തിന്റെ ശബ്ദത്തെയും ലോറൻസ് സംശയിച്ചു. അയാൾ തിരിച്ചുനടക്കാൻ തുടങ്ങി. അപ്പോൾ മുന്നിൽ കോറിയർ ദാമോദരൻ. ദാമോദരനോടും ലോറൻസ് തോമാച്ചനെക്കുറിച്ച് അന്വേഷിച്ചു. പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. ലോറൻസ് പിൻനടക്കം തുടർന്നു. എന്നിട്ട് ദാമോദരനോട് പറഞ്ഞു: “ഞാൻ പോകട്ടെ.”
അപ്പോൾ ദാമോദരൻ പറഞ്ഞു: “പോകല്ലേ. ഒരു കാര്യം പറയാനുണ്ട്.”
വളരെ ഉച്ചത്തിലായിരുന്നു ദാമോദരന്റെ സംഭാഷണം. അത് ലോറൻസിന് കേൾക്കാനുള്ളതായിരുന്നില്ല. പോലീസിനുള്ള സന്ദേശം. ഒറ്റുകാരന്റെ ഉച്ചത്തിലുള്ള ശബ്ദം.

കൂടെ നടന്നവരാണ് പല പ്രമുഖരെയും ഒറ്റിയത്. ചരിത്രത്തിന് തെറ്റിയില്ല. ദാമോദരന്റെ വേഷപ്പകർച്ച തിരിച്ചറിയാൻ വൈകി. അഞ്ചുപേർ ലോറൻസിനുമേൽ ചാടിവീണു. ഒരാൾ മുടി കുത്തിപ്പിടിച്ചു. രണ്ടുപേർ ഇരു കൈകളും ഞെരിച്ചമർത്തി. രണ്ടുപേർ ചുറ്റിപ്പിടിച്ചു. ഒന്ന് കുതറാൻ പോലും ലോറൻസിനായില്ല. അവർ അദ്ദേഹത്തെ ജയിലിലെത്തിച്ചു. തോർത്തിന് കൈകൾ കെട്ടി കമഴ്‌ത്തിക്കിടത്തി. അല്പം കഴിഞ്ഞപ്പോൾ മാത്യുവും കൂടെവന്ന രാമവർമ്മ തമ്പുരാനും ചതിയിൽപ്പെട്ട് പോലീസ് വലയിലായി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്ര വ്യക്തതയോടെ വർഗസമര സിദ്ധാന്തം പഠിക്കാനും പഠിപ്പിക്കാനും കഴിഞ്ഞതാണ് ലോറൻസിന്റെ സംഭാവന.
ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്ര വ്യക്തതയോടെ വർഗസമര സിദ്ധാന്തം പഠിക്കാനും പഠിപ്പിക്കാനും കഴിഞ്ഞതാണ് ലോറൻസിന്റെ സംഭാവന.

പോലീസിന്റെ ഭാഷയിൽ നഗരപ്രദക്ഷണം ആരംഭിച്ചു. മൂന്നു പേരെയും സീ ലോഡ്ജിനു മുന്നിലുള്ള ഷൺമുഖം റോഡിലൂടെ അടിച്ചുനടത്തി. ഫസ്റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ ഈ കാഴ്ചകണ്ട് നിലവിളിച്ചു. ഈ സമയത്ത് ലോറൻസിന്റെ ജ്യേഷ്ഠൻ എബ്രഹാം കടൽഭിത്തിയിലിരുന്ന് കാറ്റ് കൊള്ളുന്നുണ്ടായിരുന്നു. പോലീസ് ഇടിച്ചുനടത്തിക്കൊണ്ടുപോകുന്നത് ലോറൻസിനെയാണെന്ന് ആദ്യം അദ്ദേഹത്തിന് മനസിലായില്ല. നഗരപ്രദിക്ഷണം ഒന്നരക്കിലോമീറ്റർ പിന്നിട്ട് സബ് ജയിലിനുമുന്നിലാണ് അവസാനിച്ചത്. പോലീസിനെ വെട്ടിക്കൊന്ന ലോറൻസിനെയും മാത്യുവിനെയും പോലീസ് ആചാരപൂർവമാണ് സെല്ലിലേക്ക് സ്വീകരിച്ചത്.

ലോക്കപ്പ് മുറിയിലേക്ക് കടക്കാനുള്ള ഇടനാഴിയിൽ അമ്പത് പോലീസുകാർ നിരന്നുനിന്നു. ഇരുപുറവുമയി നിരന്നുനിന്ന അവർക്കിടയിലൂടെ വേണം ലോറൻസിന്റെ ശരീരത്തിന് സെല്ലിലെത്താൻ. ലോറൻസിനെ അവ ഇടനാഴിയിലേക്ക് തള്ളി. പിന്നെ ഓരോ ബൂട്ടും ആ ശരീരത്തെ ചവിട്ടിനിരക്കി. നൂറ് ബൂട്ടുകളുടെ താഡനമേറ്റ് ലോറൻസിന്റെ ശരീരം സെല്ലിലേക്ക് തെറിച്ചുവീണു. അപ്പോൾ ആ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ചോരയിൽ പൊതിഞ്ഞ ഒരു ശരീരരൂപം. അതിഭീകര മർദനത്തിന്റെ സ്മാരകമായ ലോറൻസ് പിന്നീട് കമ്മ്യൂണിസ്റ്റ് പൈതൃകത്തിന്റെ നിത്യസ്മാരകമായി.

വർഗസമര നായകൻ

എം.എം. ലോറൻസിന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ് ചെങ്കൊടി മുളച്ചതെന്നത് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാവനയാണ്. കേരളത്തിന്റെ ചരിത്രത്തിൽ മലം ചുമന്ന് ജീവിച്ചവരെ മനുഷ്യനായി കണ്ടത് ലോറൻസായിരുന്നു. ലോറൻസിനെ മറ്റ് തൊഴിലാളി നായകരിൽനിന്ന് വ്യത്യസ്തനാക്കിയത് ഈ കാഴ്ചപ്പാടായിരുന്നു.

തോട്ടിത്തൊഴിലാളി യൂണിയൻ- അതൊരു ലോറൻസിയൻ കൺസെപ്റ്റായിരുന്നു. മലം ചുമക്കുന്നവരുടെ അരികിലെത്തി ലോറൻസ് പറഞ്ഞു: “നീ മനുഷ്യനാണ്.”
അവർക്ക് അത് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. തോട്ടിയെ മനുഷ്യനായിക്കണ്ട ലോറൻസിനെക്കുറിച്ച് ബാലചന്ദ്രൻ കവിതയെഴുതി. അങ്ങനെ തോട്ടി എന്ന കവിത പിറന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട്

ആവശ്യത്തിന് വസ്ത്രമില്ലാതെ, തല ചായ്‌ക്കാൻ കൂരയില്ലാതെ, ചെയ്യുന്ന തൊഴിലിന് അർഹമായ കൂലിയില്ലാതെ യന്ത്രം പോലെ അവർ പണിയെടുത്തു. അവരെ തൊഴിലാളിയാണെന്ന് ബോധ്യപ്പെടുത്താനാണ് ലോറൻസ് ശ്രമിച്ചത്. വർഗ്ഗബോധമാണ് തൊഴിലാളിയുടെ കരുത്ത്. അത് തിരിച്ചറിയലാണ്, ആ തിരിച്ചറിവാണ് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ തൊഴിലാളി യൂണിയൻ നേതാവിനെ ലോറൻസിൽ നിർമ്മിച്ചത്. കൊച്ചിയിലെ മലം ചുമട്ടുകാരെയും പീഡികത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും വർഗബോധത്തണലിലേക്കാണ് ലോറൻസ് പിടിച്ചിരുത്തിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്ര വ്യക്തതയോടെ വർഗസമര സിദ്ധാന്തം പഠിക്കാനും പഠിപ്പിക്കാനും കഴിഞ്ഞതാണ് ലോറൻസിന്റെ സംഭാവന. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ലോറൻസ് നടത്തിയ സ്റ്റഡി ക്ലാസുകൾ അതിന്റെ ഉദാഹരണങ്ങളാണ്. സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ നേതൃത്വപദവി അലങ്കരിച്ചപ്പോൾ ട്രേഡ്‌യൂണിയൻ പ്രവർത്തനത്തിന്റെ മികവിനുള്ള അംഗീകാരമായി അത് മാറി. ഇന്ന് കൃത്യമായി തൊഴിലാളിവർഗരാഷ്ട്രീയം അറിയുന്നവർ സി.പി.എമ്മിൽ ഇല്ലാതായി. അതിന്റെ ഫലം, സി.പി.എം തൊഴിലാളിവർഗ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച അവസ്ഥയിലെത്തിയതാണ്.

പുതിയ കാലത്തിന്റെ ക്ലാസ് സ്ട്രഗ്ളിനെക്കുറിച്ച് ഞാൻ സഖാവ് ലോറൻസുമായി ഒരിക്കൽ സംസാരിച്ചിരുന്നു. 1999- ൽ എം. പെറിൽമാൻ എഴുതിയ ‘Class Warfare in the Information’ എന്ന പുസ്തകത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ‘ഇൻഫർമേഷൻ ഏജ്’ എന്നത് മൊബൈൽ സേവനങ്ങളും ഇന്റർനെറ്റും കമ്പ്യൂട്ടറുകളും നയിക്കുന്ന മനുഷ്യജീവിത്തിന്റെ കാലമാണ്. അവിടെ തൊഴിലാളിവർഗത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പുതയ മാർഗം കണ്ടെത്തണമെന്ന് അഭിപ്രായമുള്ള നേതാവായിരുന്നു ലോറൻസ്. ഇൻഫമേഷൻ ഏജ് സംഘർഷങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. പുതിയ വർഗസമരം ആരംഭിക്കുകയാണെന്ന് ലോറൻസ് പറഞ്ഞിരുന്നു.

ഐ.ടി മേഖലിൽ ട്രേഡ് യൂണിയൻ സാധ്യമല്ലെന്ന് കരുതിയ സമയത്ത്, അവിടെ യൂണിയൻ ഉണ്ടാക്കുകയാണ് ലോറൻസ് ചെയ്തത്. ഇൻഫർമേഷൻ ഏജിൽ എങ്ങനെ വർഗസമരം മുന്നോട്ടുകൊണ്ടുപോകണം എന്ന് വ്യക്തതയുള്ള നേതാവായിരുന്നു അദ്ദേഹം.

ഐ.ടി മേഖലയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആദ്യ യൂണിയൻ ഉണ്ടാക്കിയപ്പോൾ അതിന്റെ ബുദ്ധിമുട്ട് അദ്ദേഹം തിരിച്ചറിഞ്ഞു. ലോറൻസ് പറഞ്ഞത്, അത് തോട്ടിത്തൊഴിലാളി യൂണിയൻ ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു. കാരണം, ഐ.ടി മേഖലയിൽ പണിയെടുക്കുന്നവരുടെ മനോനിലയെ പ്രധാനമായും സ്വാധീനിക്കുന്നത് പണമാണ്. പണത്തിനുമുന്നിൽ സ്വത്വബോധം ഉരിഞ്ഞെറിയുന്നവരാണ് അവർ.

വി.എസ്. വിപ്ലവസൂര്യനും ലോറൻസ് അഴിമതിക്കാരനുമായ ബൂർഷ്വയും. ഇതിനെ സഖാക്കൾ ആഘോഷിച്ചു. അതിന്റെ ഫലം അതിഭയാനകമായിരുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ലോറൻിനെ തോൽപ്പിക്കാൻ ശ്രമം നടന്നു. പക്ഷെ ഒരു വോട്ടിന് ജയിച്ച് ലോറൻസ് സംസ്ഥാന കമ്മിറ്റിയിൽ പിടിച്ചുനിന്നു.

എട്ടുമണിക്കൂർ ജോലി എന്നത് സ്ഥാപിച്ചെടുക്കാൻ അനേകർ രക്തസാക്ഷിയായതാണ് തൊഴിലാളിവർഗ സമരചരിത്രം. പക്ഷെ, ഐ.ടി മേഖലയിൽ പണിയെടുക്കുന്നവർ പണത്തിന് 14 മണിക്കൂർ പണിയെടുക്കാൻ തയ്യാറാകുന്നു. ഈ മനോനില അവര അന്യവത്കരിക്കുന്നു. മാർക്സ് സൂചിപ്പിച്ച അന്യവത്കരണം ഭയാനകമായ രീതിയിൽ ബാധിച്ചവരാണ് ഐ.ടി രംഗത്തള്ളവർ എന്ന് ലോറൻസ് തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അതിന് പരിഹാരം കാണുംമുമ്പ് അദ്ദേഹത്തിന് വിട പറയേണ്ടിവന്നു.

വിഭാഗീയതയുടെ രക്തസാക്ഷി

ലോറൻസിന്റെ പ്രൊഫൈലിൽ സി.പി.എമ്മിന്റെ വിഭാഗീയത കൂടി എഴുതിവെക്കണം. സി.പി.എമ്മിന്റെ സംഘടനാ ജീർണ്ണതയിൽ വിഭാഗീയത വഹിച്ച പങ്ക് വലുതാണ് എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമ്പോൾ അതിന് സഹായിച്ച സി.ഐ.‌ടി.യുപക്ഷത്തിന്റെ കരുത്തനായിരുന്നു ലോറൻസ്. അവരുടെ പുറത്താക്കലിൽ ഒരു പങ്ക് ലോറൻസിനുമുണ്ടായിരുന്നു. ഗൗരിയമ്മ സി.ഐ.ടി.യു നേതാവായിരുന്നു. പക്ഷേ സംഘടനയിലെ തർക്കം ഗൗരിയമ്മയുടെ പുറത്താക്കലിലാണ് കലാശിച്ചത്. പിന്നീട് യുദ്ധം അച്ചുതാനന്ദനും സി.ഐ.ടി.യും തമ്മിലായിരുന്നു.

കോഴിക്കോട്ട് സംസ്ഥാന സമ്മേളനത്തിന് മുമ്പുള്ള കാലം അച്ചുതാനന്ദന്റെ സർവ്വാധിപത്യ കാലമായിരുന്നു. എം.വി. രാഘവനെ പുറത്താക്കുന്നതിന് ഒരു കാരണമായി വന്നത്, വി.എസും എം.വി. രാഘവനും തമ്മിൽ നടന്ന സംഭാഷണസമയത്ത് കൊണ്ടുവന്ന ചായ എം.വി. രാഘവൻ കുടിച്ചില്ലെന്നതു കൂടിയായിരുന്നു. കോഴിക്കോട്ട് സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടിയു‌ടെ ഇന്നർ സർക്കിളുകളിൽ എടുത്ത ഒരു സുപ്രധാന തീരുമാനമാണ് പിന്നീട് വിഭാഗീയതയുടെ വളമായി മാറിയത്.

കെ.ആർ. ഗൗരിയമ്മ
കെ.ആർ. ഗൗരിയമ്മ

സംഘടനാരഗത്ത് പ്രവർത്തിക്കുന്നവർ പാർലിമെന്ററി രംഗത്തേയ്ക്കും പാർലിമെന്ററി രംഗത്തുള്ളവർ സംഘടനാരംഗത്തേക്കും മാറണമെന്നതായിരുന്നു തീരുമാനം. എല്ലാവരും സമ്മതിച്ച ആ തീരുമാനം സെക്രട്ടറി തെരഞ്ഞെടുപ്പ് സമയത്ത് ലംഘിക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇ.കെ. നായനാരുടെ പേര് നിർദ്ദേശിക്കപ്പെട്ടു. പറഞ്ഞുറപ്പിച്ചതിന് വിപരീതമായി അച്ചുതാന്ദന്റെ പേര് വീണ്ടും സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടു. മത്സരത്തിന് മുഹൂർത്തം കുറിച്ച് തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് വോട്ടിന് നായനാർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നു. തന്നെ തോല്പിച്ചത് സി.ഐ.ടി.യു ഗ്രൂപ്പാണെന്ന് അച്ചുതാനന്ദൻ തിരിച്ചറിഞ്ഞു. അന്ന് വി.എസ്. പ്രതിജ്ഞയെടുത്തു, സി.ഐ.‌ടി.യുവിനെ ഗളഹസ്തം ചെയ്യുമെന്ന്. പിന്നീട് കേരളം കണ്ടത് പകതീർക്കലിന്റെ കണക്കാണ്. സി.ഐ.ടി.യു നേതാക്കളെ പൂർണ്ണമായും വെട്ടിനിരത്തി.

കേരളത്തിൽ പാർട്ടി പിടിക്കാൻ വി.എസ് ഷാഡോ കമ്മിറ്റികൾ ഉണ്ടാക്കി. സി.ഐ.ടി.യു നേതാക്കൾക്കെതിരെ മർമ്മറിംഗ് ക്യാമ്പയിൻ നടത്തി. എറണാകുളം നഗരത്തിൽ ലോറൻസിന് ഒരുപാട് സമ്പത്തുണ്ടെന്നും സിറ്റിയിലെ നിരവധി സ്വകാര്യ ബസുകൾ ലോറൻസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പറഞ്ഞുള്ള മർമ്മറിംഗ് ക്യാമ്പയിൻ ശക്തി പ്രാപിച്ചു. ലോറൻസ് മുടിവെട്ടാൻ പോകുന്നതുവരെ പാർട്ടിയുടെ കാറിലാണെന്ന് പ്രചാരണം വന്നു. ലോറൻസ് പുതിയ ബൂർഷ്വാസിയായി. പാർട്ടിക്കകത്തുനിന്ന് വന്ന ഈ പ്രചാരണം ലോറൻസിനെ അൺപോപ്പുലറാക്കി. വി.എസ്. വിപ്ലവസൂര്യനും ലോറൻസ് അഴിമതിക്കാരനുമായ ബൂർഷ്വയും. ഇതിനെ സഖാക്കൾ ആഘോഷിച്ചു. അതിന്റെ ഫലം അതിഭയാനകമായിരുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ലോറൻിനെ തോൽപ്പിക്കാൻ ശ്രമം നടന്നു. പക്ഷെ ഒരു വോട്ടിന് ജയിച്ച് ലോറൻസ് സംസ്ഥാന കമ്മിറ്റിയിൽ പിടിച്ചുനിന്നു. അതുതന്നെ ബാലാനന്ദൻ ലോറൻസിനെ എണ്ണി ജയിപ്പിച്ചെന്നായിരുന്നു ആരോപണം.

വി.എസ്. അച്യുതാനന്ദന്‍
വി.എസ്. അച്യുതാനന്ദന്‍

കൊല്ലം സമ്മേളനം ഡ്രസ് റിഹേഴ്സലായിരുന്നു. പാലക്കാട് സമ്മേളനം ഒറിജിനൽ വെട്ടുശാലയായി. സമ്മേളനാനന്തരം വി.എസ് പറഞ്ഞത്, പാലക്കാടൻ തീക്കാറ്റിൽ അഴിമതിക്കാർ കരിഞ്ഞുതൂർന്നെന്നാണ്. കേരളത്തിലുടനീളം ഷാഡോ കമ്മിറ്റികൾ ബലപ്പെടുത്തി അച്ചുതാനന്ദൻ പക്ഷം പാലക്കാട് സമ്മേളനത്തിൽ സി.ഐ.ടി.യു നേതൃത്വത്തെ വെട്ടിനിരത്തി. ഒ. ഭരതൻ, സി. കണ്ണൻ, കെ.എൻ. രവീന്ദ്രനാഥ്, എം.എം. ലോറൻസ്, വി.ബി. ചെറിയാൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയ തൊഴിലാളിവർഗ നേതാക്കളെല്ലാം വെട്ടിവീഴ്ത്തപ്പെട്ടു. തുടർന്നിറങ്ങിയ സി.പി.എം ഫോറം പാർട്ടിയിലെ ഇരുണ്ട ഇടങ്ങളിലേക്ക് വെളിച്ചം വീഴ്‌ത്തി. അതുമായി ലോറൻസിന് ബന്ധമില്ലായിരുന്നെങ്കിലും ലോറൻസിനെതിരെ നടപടിക്ക് അത് ആയുധമാക്കിയിരുന്നു. അങ്ങനെ ലോറൻസ് സി.പി.എം കേന്ദ്രകമ്മിറ്റിയി നിന്നും ഇ‌ടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടു.
ഇതെല്ലാം ചെയ്തപ്പോൾ പാർട്ടി ചെയ്തത് കേരളത്തിൽനിന്ന് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വേരറുത്തുകളയുകയായിരുന്നു. സി.ഐ.ടി.യുവിന്റെ അഖിലേന്ത്യാ നേതാവും പാർട്ടി ബുദ്ധിജീവിയുമായ കെ.എൻ. രവീന്ദ്രനാഥിനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് വെട്ടി ഒരു ഘടകം പോലും നൽകാതെ തൃശങ്കുവിൽ നിർത്തി. അങ്ങനെ പാർട്ടിയുടെ അടിത്തറമാന്തലായി വിഭാഗീയ പ്രവർത്തനം.

നിശ്ശബ്ദനായി നിന്നുകൊണ്ടാണ് പിന്നീട് ലോറൻസ് പാർട്ടിയിലേക്ക് തിരിച്ചുകയറയിത്. എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ലോറൻസ് അച്ചുതാനന്ദൻ ദുർബലാകുന്നതുവരെ കാത്തിരുന്നു. അങ്ങനെ മലപ്പുറം സമ്മേളനം വന്നു. ‘വിജയൻ മിന്നൽപ്പിണറായ’ ആ സമ്മേളനം അച്ചുതാന്ദൻ പക്ഷത്തിന്റെ ശവമെടുപ്പ് നടത്തി. ആ സമ്മേളനത്തിലാണ് ലോറൻസ് വീണ്ടും സി.പി.എം സംസ്ഥാനസമിതിയിൽ തിരിച്ചെത്തിയത്.

ഇതിനിടയിൽ പക ഒടുങ്ങാത്ത വിഭാഗീയത പാർട്ടിയെ ദ്രവിപ്പിച്ചുകൊണ്ടരുന്നു. അത് ആരും തിരിച്ചറിഞ്ഞില്ല. ഇപ്പോൾ പി.വി. അൻവറിനെ പോലൊരാൾ പാർട്ടിയുടെ ശുദ്ധീകരണത്തൊഴിലാളിയായി വരുമ്പോൾ സി.പി.എം ചെന്നുപെട്ട പ്രത്യശാസ്ത്രപ്രതിസന്ധി പെരുമ്പറമുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു. ലോറൻസ് വിടപറയുമ്പോൾ അദ്ദേഹത്തിന് ബസോ സ്വത്തോ ഒന്നുമില്ലായിരുന്നു എന്ന സത്യം തിരിച്ചറിയപ്പെടുന്നു. എന്നാൽ, വിഭാഗീയതയുടെ ഫലം നുകർന്നവർ ഇന്ന് കോടീശ്വരന്മാരായി മാറി. അവർക്കെതിരെ ശബ്ദിക്കാൻപോലും കഴിയാതെ പാർട്ടി സ്വരൂപം തളർന്നുപോയി. ഈ പ്രതിസന്ധിയിലാണ് ലോറൻസിന്റെ രാഷ്ട്രീയവായന പ്രസക്തമാകുന്നത്.


Summary: M. M. Lawrence, a breaking point of revolution. N M Pearson writes about MM Lawrance and Edappally Police Sation Attack and its background.


എൻ.എം. പിയേഴ്​സൺ

ഇടതുപക്ഷ രാഷ്​​ട്രീയവും പ്രത്യയശാസ്​ത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എഴുത്തും നടത്തുന്നു. റെഡ്​ സല്യൂട്ട്​, പരിസ്​ഥിതി പ്രത്യയശാസ്​ത്രവും മാർക്​സിയൻ പ്രതിസന്ധിയും, ശിരസ്സറ്റ രക്തസാക്ഷി എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments