സന്ധ്യാ മേരി

എന്റെ മുടി
എന്റെ ജീവിതം
എന്റെ ഇഷ്ടം

​സമൂഹം ചൂണ്ടിക്കാണിച്ച വഴിയിൽനിന്ന്​ മാറി പൂർണമായും സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്നത് എപ്പോഴും എളുപ്പമായിരുന്നോ എന്നുചോദിച്ചാൽ സത്യത്തിൽ ആയിരുന്നു. അതിനൊരിത്തിരി ധൈര്യം മാത്രം മതി. ആ ധൈര്യം എനിക്കുണ്ടെന്ന് ആദ്യമായി മനസ്സിലായത് ആ ആദ്യത്തെ മുടിമുറിക്കലോടെയാണ്. ​

കുറച്ചുവർഷങ്ങൾക്കുമുമ്പ് പതിവുപോലെ കൊച്ചി കലൂരുള്ള എന്റെ ഓഫീസിൽനിന്ന്​ പാലാരിവട്ടത്തുള്ള വീട്ടിലേക്ക് നടക്കുകയായിരുന്നു. മെയിൻ റോഡ് ഒഴിവാക്കി പോക്കറ്റ് റോഡുകളിലൂടെ നടന്ന് കലൂർ സ്റ്റേഡിയം ക്രോസ് ചെയ്താണ് പാലാരിവട്ടത്തെത്താറ്. സ്റ്റേഡിയത്തിനകത്ത് വെറുതെ കിടക്കുന്ന സ്ഥലത്ത് ഒരു സ്ത്രീ സ്ഥിരമായി നൈറ്റിയൊക്കെ ഇട്ട് പശുവിനെ തീറ്റാറുണ്ടായിരുന്നു.
അന്ന് അവർ പെട്ടെന്ന് എന്റെ മുന്നോട്ടുവന്ന് ഒരുമാതിരി അധികാരസ്വരത്തിൽ ചോദിച്ചു, ‘ഈ മുടി എന്താ ഇങ്ങനെയാക്കിയേക്കണത്? വല്ല നേർച്ചേം ആണോ?' പെട്ടെന്നുണ്ടായ ചോദ്യത്തിൽ ആകെ പതറിപ്പോയ ഞാൻ, ‘അല്ല...വെറുതെ' എന്നൊക്കെ പറഞ്ഞ് അവിടന്നു സ്‌കൂട്ടായി. സത്യത്തിൽ അവിടെ വാലിഡായ ഒരേയൊരുചോദ്യം, ‘നിങ്ങളെന്താണു സ്ത്രീയേ, ഒരു നൈറ്റിയുമിട്ട് ഒരു പശുവിനേം കൊണ്ട് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചെയ്യുന്നത്?' എന്നതുമാത്രമായിരുന്നു. എന്നാൽ അവർക്കത് വളരെ നോർമലായിട്ടും എന്റെ ചേർത്തുവെട്ടിയ മുടി വളരെ അബ്‌നോർമലായിട്ടുമാണ് തോന്നിയത്!

ഒരു കുഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അതും വളരെ യാഥാസ്ഥിതികമായ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ. എൺപതുകളിൽ സ്‌കൂൾ വിദ്യാഭ്യാസവും തൊണ്ണൂറുകളിൽ കോളേജ് വിദ്യാഭ്യാസവും. പള്ളിയായിട്ടും സമൂഹമായിട്ടും കുടുംബമായിട്ടും നിയന്ത്രണങ്ങളുടെയും അരുതുകളുടെയും തീർത്താൽതീരാത്ത ഒരുലിസ്റ്റ് ഓരോ പെൺകുട്ടിയുടേയും കൈയിലേക്ക് എടുത്തുതരുന്ന കാലം. ഞാൻ എന്റെ മമ്മയിൽനിന്ന്​ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യം ‘നാട്ടുകാർ എന്തുപറയും' എന്നതായിരുന്നു!
നാട്ടുകാരുടെ ഭാഗ്യത്തിന് അവർക്ക് പറയാനുള്ള അവസരങ്ങൾ ഞാനായിട്ട് ഇഷ്ടംപോലെ ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു.

രാവിലെ പോണിടെയിലും കെട്ടി കോളേജിൽപോയ ഞാൻ വൈകിട്ട് ബോയ്കട്ടുമായി തിരിച്ചെത്തിയപ്പോൾ സ്വാഭാവികമായും വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ പ്രശ്‌നമായി.

എന്റെ വെട്ടിയ മുടിക്കുപിന്നിൽ എന്റെ ഇഷ്ടം എന്ന ഒറ്റ രാഷ്ട്രീയമേയുള്ളൂ. മുടി വെട്ടിയ എന്റെ ലുക്കാണ് എനിക്കിഷ്​ടം. ചേർത്തുവെട്ടിയ മുടിയോടുകൂടിയ എന്റെ തലയോട് എനിക്ക് നാർസിസം എന്നുതന്നെ പറയാവുന്ന കടുത്ത സ്നേഹമുണ്ട്. എന്റെ നോട്ടത്തിൽ നന്നായി ചേർത്തുവെട്ടിയ മുടി പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒരു സെൻഷ്വൽ എലമെൻറ്​ കൊടുക്കുന്നുണ്ട്! സെൻറ്​ തെരേസാസിൽ പ്രീ ഡിഗ്രിക്ക് ചേർന്നപ്പോഴായിരുന്നു ഞാനാദ്യമായി പാർലറിൽ പോയി മുടി മുറിക്കുന്നത്. (പിന്നീട് ഇടക്കൊക്കെ കഴുത്തറ്റം മുടി വളർത്തിയിട്ടുണ്ടെങ്കിലും അതൊക്കെ വെട്ടാൻ വേണ്ടിയുള്ള വളർത്തലായിരുന്നു.) അതിനുമുമ്പ് വീട്ടിലെ തുണി മുറിക്കുന്ന കത്രിക കൊണ്ട് ആരേക്കൊണ്ടെങ്കിലുമൊക്കെ തോളറ്റം മുറിപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

രാവിലെ പോണിടെയിലും കെട്ടി കോളേജിൽപോയ ഞാൻ വൈകിട്ട് ബോയ്കട്ടുമായി തിരിച്ചെത്തിയപ്പോൾ സ്വാഭാവികമായും വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ പ്രശ്‌നമായി. നാട്ടിലെ ആദ്യ ബോയ്കട്ടുകാരിയായിരുന്നു ഞാൻ! ഒരു വിപ്ലവം നടത്തുക എന്ന ഒരുദ്ദേശ്യവും എനിക്കില്ലായിരുന്നു. കാരണം, പരമാവധി ആളുകളുടെ ശ്രദ്ധയാകർഷിക്കാതെ ഒരു സൈഡീക്കൂടെ അങ്ങുപോവുക എന്നതാണ് അന്നും ഇന്നും എന്റെ താത്പര്യം. അന്ന് എന്റെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായാണ് ഞാനതുചെയ്തത് എങ്കിലും പിന്നീടാലോചിച്ചപ്പോൾ, സത്യത്തിൽ അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. സമൂഹം ചൂണ്ടിക്കാണിച്ചുതന്ന എല്ലാറ്റിൽ നിന്നുമുള്ള മാറിനടത്തത്തിന്റെ തുടക്കം.

അന്ന് എന്റെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായാണ് ഞാനതുചെയ്തത് എങ്കിലും പിന്നീടാലോചിച്ചപ്പോൾ, സത്യത്തിൽ അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു.

മാനസിക വളർച്ചയ്ക്ക് മാതൃകയാക്കാവുന്നതോ അതിനു പ്രചോദിപ്പിക്കുന്നതോ ആയ ആരും, ഒന്നും ചെറുപ്പത്തിൽ എനിക്കുചുറ്റും ഉണ്ടായിരുന്നില്ല. എന്നിരിക്കിലും ഏതാണ്ട് പത്താംക്ലാസ് എത്തിയപ്പോൾത്തന്നെ എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി വളരെ abstract and vague ആയ ഒരു ഐഡിയ എനിക്കുണ്ടായിരുന്നു.

എന്റെ പപ്പയും മമ്മയും പിന്നെ എനിക്കുചുറ്റുമുള്ള അനേകം ചാച്ചന്മാരും ആന്റിമാരും ജീവിക്കുന്നതുപോലെ എനിക്കു ജീവിക്കണ്ട. എനിക്ക് ജീവിതത്തിൽ നിറച്ച് സന്തോഷം വേണം. നിറച്ച് സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവപ്പായിരുന്നു എന്റെ മുടിവെട്ടൽ. എന്റെ ഇഷ്ടങ്ങളിലേക്ക്, എന്റെ സന്തോഷങ്ങളിലേക്ക്, എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവപ്പ്. അത്ഭുതപ്പെടുത്തുംവിധത്തിൽ, പിന്നീടുള്ള കാലത്ത് എന്റെ ഇഷ്ടത്തിനും സന്തോഷങ്ങൾക്കുമനുസരിച്ചാണ് ഞാൻ ജീവിച്ചത്. നാട്ടുകാരും വീട്ടുകാരും പറഞ്ഞതൊക്കെ എന്റെ വെട്ടിക്കളഞ്ഞ മുടിപോലെ ഞാൻ അവഗണിച്ചു. എനിക്ക് ഇഷ്ടമുള്ളിടത്തോളം കാലം, ഞാൻ സന്തോഷമായിരുന്നിടത്തോളം കാലം പുറത്തുനിന്നും നോക്കുമ്പോൾ ‘ശരിയല്ല' എന്നുപോലും തോന്നിയേക്കാവുന്ന ബന്ധങ്ങളിൽ ഞാൻ തുടർന്നു. പിന്നീട് ‘എനിക്ക് ഇതിനേക്കാൾ സന്തോഷം സാധ്യമാണ്' എന്ന് എനിക്കുതോന്നിയപ്പോൾ ആ ബന്ധങ്ങളിൽനിന്നും പുറത്തുകടന്നു. അടിമയോ അസംതൃപ്തയോ ആയി ഒരു ബന്ധത്തിലും ഞാൻ ജീവിച്ചില്ല. ഇടയ്ക്കിടെ വെട്ടിവീണുകൊണ്ടിരുന്ന എന്റെ മുടിയിഴകൾ ഞാൻ എത്രമാത്രം സ്വതന്ത്രയാണെന്ന് നിറഞ്ഞ ആനന്ദത്തോടെ എന്നെ ഓർമിപ്പിച്ചു. ഒരു ഗംഭീരൻ പോക്കായിരുന്നു അത്. അപ്പോഴൊക്കെ മുടി പറ്റെവെട്ടിയ എന്റെ തല എന്നോട് പറഞ്ഞുകൊണ്ടിരുന്നു, ‘സന്ധ്യാ മേരീ നീ കിടുവാണ്!'

പൊതുവെ സ്ത്രീകൾ ബാറിൽ പോകാത്ത കാലത്ത് ബാറിൽ പോയപ്പോഴും സ്ത്രീകൾ ബിവറേജസിൽ ക്യൂ നിൽക്കാത്ത കാലത്ത് ക്യൂ നിന്നപ്പോഴും ഒട്ടും സെയ്ഫല്ല എന്നു കണക്കാക്കപ്പെടാവുന്ന ഇടങ്ങളിൽ കിടന്നുറങ്ങിയപ്പോഴുമൊക്കെ എന്റെ മൊട്ടത്തല, തിരിച്ചറിയപ്പെടാതിരിക്കാൻ എന്നെ സഹായിച്ചിട്ടുണ്ടാവാം! തിരിച്ചറിയപ്പെടുന്നതിൽ എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലാതിരുന്നെങ്കിലും. (വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽവച്ച് ഞാനും മൂന്ന് ആൺകൂട്ടുകാരും ഒരു പാതിരാക്ക് അത്യാവശ്യം നല്ല മദ്യപാനത്തിനുശേഷം ഓട്ടോ വിളിച്ചു. ഞങ്ങൾ നാലുപേരും കൂടി പുറകിലിരിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഡ്രൈവർ ഞാൻ ചെറുക്കനാണെന്നുകരുതി എന്നെ മുന്നിലേക്കുവിളിച്ചു, ‘ഛോട്ടൂ, തൂ ഇഥർ ആ! പിന്നെ കുറേക്കാലത്തേക്ക് എന്റെ ഇരട്ടപ്പേര് ഛോട്ടു എന്നായിരുന്നു!)

എന്റെ മുടി (മുടിയില്ലായ്മ) കൊണ്ടും രീതികൾകൊണ്ടും ചെറുപ്പം മുതൽതന്നെ ചാർത്തിക്കിട്ടിയിരുന്ന ടോംബോയ് ഇമേജ് എന്നെ ശരിക്കും ഇറിറ്റേറ്റ് ചെയ്തിരുന്നു.

മുടിയെ ഫെമിനിനിറ്റിയുമായി ബന്ധിപ്പിക്കുന്നത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ‘ആണുങ്ങളേപ്പോലെ മുടീം വെട്ടി' എന്നത് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു കാര്യമാണ്. എന്നെ സംബന്ധിച്ച് എന്റെ ഫെമിനിനിറ്റിക്ക് മുടിയുടെ പിൻബലം ആവശ്യമില്ല. എന്റെ പ്രണയങ്ങളിലൊന്നും മുടിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല! എന്നാൽ ഇപ്പോഴും പെൺകുട്ടികൾ ഫെമിനിനിറ്റി- മുടി ബന്ധത്തിൽ വിശ്വസിക്കുന്നുണ്ടെന്നതാണ് തമാശ. വേഷത്തിലൊക്കെ പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും അവർ പൊതുവെ മുടി കളഞ്ഞിട്ടുള്ള ഒരു പരിപാടിക്കും തയ്യാറല്ല! എന്റെ മുടി (മുടിയില്ലായ്മ) കൊണ്ടും രീതികൾകൊണ്ടും ചെറുപ്പം മുതൽതന്നെ ചാർത്തിക്കിട്ടിയിരുന്ന ടോംബോയ് ഇമേജ് എന്നെ ശരിക്കും ഇറിറ്റേറ്റ് ചെയ്തിരുന്നു. തൊണ്ണൂറുകളുടെ അവസാനം തിരുവനന്തപുരത്തെ കാർത്തിക ലോഡ്ജ് കേന്ദ്രമായി ഉണ്ടായിരുന്ന ഒരു വലിയ സൗഹൃദക്കൂട്ടത്തിലെ ഒരേയൊരു പെണ്ണായിരുന്നു ഞാൻ. പലപ്പോഴും കൂട്ടുകാർതന്നെ അതിന് നിന്നെയാരാ പെണ്ണായി കൂട്ടിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാനത് നഖശിഖാന്തം എതിർത്തിട്ടുണ്ട്! കാരണം പെണ്ണായിരിക്കുന്നതിനപ്പുറം ആഹ്ലാദമുള്ള കാര്യമെന്തുണ്ട്!

മുടിവെട്ടാകട്ടെ, തെണ്ടിത്തിരിഞ്ഞുനടക്കലാവട്ടെ, മദ്യപാനവും കൂട്ടുകൂടലുമാവട്ടെ, ഞാനിഷ്ടപ്പെട്ട ഒട്ടുമിക്ക നല്ല കാര്യങ്ങളും ആണുങ്ങൾക്കായി റിസർവ് ചെയ്ത ഒരു വൃത്തികെട്ട പാട്രിയാർക്കൽ സൊസൈറ്റിയിലാണ് ഞാൻ ജനിച്ചത്

ചെറുപ്പത്തിൽ ഞാനും അനിയനും കസിൻസായ ആൺകുട്ടികളും ഒക്കെകൂടി സ്‌കൂൾ വിട്ടുവന്നാൽ പാടത്തേക്കോടുമായിരുന്നു. അവിടെ ഞങ്ങളും അയൽവക്കത്തെ ചെറുക്കന്മാരും കൂടി ആദ്യകാലങ്ങളിൽ കുട്ടിയും കോലും തുടങ്ങിയ നാടൻ കളികളും പിന്നീട് ക്രിക്കറ്റും ഫുട്ബോളും കളിച്ചു. തിരിച്ചുവരുമ്പോൾ മമ്മ മുറ്റത്തെ പേരമരത്തിൽനിന്ന്​ വെട്ടിയ വടിയുമായി കാത്തുനിൽക്കുന്നുണ്ടാവും, ‘ആണുങ്ങളുടെ കൂടെ കാള കളിച്ചുനടക്കുന്നതിനു' ശിക്ഷയുമായി. ആണായ അനിയൻ കാളകളിക്കേണ്ടവനായതുകൊണ്ട് അവനൊരിക്കലും അടികിട്ടിയില്ല! എന്റെ ഭാഗ്യക്കേടിന് ‘പശു കളിച്ചുനടക്കാൻ' അടുത്തുള്ള പെൺകുട്ടികളൊന്നും തയ്യാറുമല്ലായിരുന്നു! ഇത്തരം കളികളൊക്കെ ആണുങ്ങൾ മാത്രമാണ് കളിച്ചിരുന്നത് എന്നതുകൊണ്ട് കാളകളിക്കലല്ലാതെ എനിക്കു വേറേ നിവൃത്തിയുണ്ടായിരുന്നില്ല.

ആണുങ്ങളേപ്പോലെയാവാനായി ഞാൻ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇതുപോലത്തെ കളികളാവട്ടെ, മുടിവെട്ടാകട്ടെ, തെണ്ടിത്തിരിഞ്ഞുനടക്കലാവട്ടെ, മദ്യപാനവും കൂട്ടുകൂടലുമാവട്ടെ, ഞാനിഷ്ടപ്പെട്ട ഒട്ടുമിക്ക നല്ല കാര്യങ്ങളും ആണുങ്ങൾക്കായി റിസർവ് ചെയ്ത ഒരു വൃത്തികെട്ട പാട്രിയാർക്കൽ സൊസൈറ്റിയിലാണ് ഞാൻ ജനിച്ചത് എന്നതായിരുന്നു പ്രശ്നം. അവിടെ സമൂഹം ചൂണ്ടിക്കാണിച്ച വഴിയിൽനിന്ന്​ മാറി പൂർണമായും സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്നത് എപ്പോഴും എളുപ്പമായിരുന്നോ എന്നുചോദിച്ചാൽ സത്യത്തിൽ ആയിരുന്നു. അതിനൊരിത്തിരി ധൈര്യം മാത്രം മതി. ആ ധൈര്യം എനിക്കുണ്ടെന്ന് ആദ്യമായി മനസ്സിലായത് ആ ആദ്യത്തെ മുടിമുറിക്കലോടെയാണ്. ​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments