മാധവദാസ്, മാധവിക്കുട്ടി

വിഷാദം പൂക്കുന്ന ദാമ്പത്യം

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം. ‘നീർമാതളത്തിന്റെ പൂവ്’ എന്ന പരമ്പരയുടെ അഞ്ചാം ഭാഗം.

നീർമാതളത്തിന്റെ പൂവ്,
ഭാഗം അഞ്ച്

മ്മുടെ എഴുത്തുകാരിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് അവർ തന്നെ എഴുതിയ ആഖ്യാനങ്ങളിലെ വസ്തുതകളെ സമാഹരിക്കാനാണ് ഈ ഭാഗത്തു ശ്രമിക്കുന്നത്.

കമലയുടെ സർഗ്ഗാത്മക ജീവിതത്തെ രൂപീകരിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നതിൽനാലാപ്പാട്ടു തറവാടെന്ന പോലെ മാധവദാസുമൊത്തുള്ള ദാമ്പത്യ ജീവിതത്തിനും വലിയ പങ്കുണ്ട്. ‘എന്നെ വിവാഹജീവിതം ദുഃഖിപ്പിച്ചില്ലെങ്കിൽ ഞാൻ ലക്ഷണമൊത്ത ഒരൊറ്റ കവിത എഴുതുമായിരുന്നില്ല. ഒരൊറ്റ ചെറുകഥ രചിക്കുമായിരുന്നില്ല. എന്നെ വേദനിപ്പിച്ചവരെയും വേദനയെയും ഞാൻ ഇന്നു നന്ദിയോടെ മാത്രം ഓർക്കുന്നു’ എന്ന് സ്വയം തിരിച്ചറിഞ്ഞ് പറയാൻ കമലയെ പ്രേരിപ്പിക്കുന്നിടത്തോളം ദാമ്പത്യജീവിതം അവരുടെ എഴുത്തിന്റെ കലയിൽ നിർണ്ണായകമായിരുന്നു.

എഴുത്തുകാരിയുടെ കടമ അവളെ തന്നെ ബലിമൃഗമാക്കുകയാണെന്ന് കമല പ്രഖ്യാപിക്കുന്നുമുണ്ട്. കവിതയ്ക്കു വേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നുവെന്ന് അവർ മുഴുവൻ എഴുത്തുകാരോടുമായി പറയുന്നു. ഈ പക്വത ആർജ്ജിക്കുന്നതിൽ മാധവിക്കുട്ടിക്ക് തന്റെ ജീവിതപാഠങ്ങൾ ഏറെ പ്രാധാന്യമുള്ളതായി മാറിത്തീർന്നിരുന്നു.

1949 ഫെബ്രുവരി 5 ന് കമലയുടെ വിവാഹം നടന്നു. അവർക്ക് അപ്പോൾ 15 വയസ്സാണ്. അടുത്ത ബന്ധു കൂടിയായിരുന്ന മാധവദാസ് ആയിരുന്നു വരൻ. വരന് വധുവിനേക്കാളും 15 വയസ്സോളം* മൂപ്പുണ്ടായിരുന്നു. ഒരാഴ്ചയിലേറെ നീണ്ട ആഘോഷമായിരുന്നു, വിവാഹം.

‘നിങ്ങൾ ഒരു ശരീരം മാത്രമാകുന്നു. നിങ്ങളുടെ ഉടമയും ദൈവവുമായവൻ ആ ശരീരം ഉപയോഗിക്കുന്നു. നിങ്ങൾ നിങ്ങളുടെ ശരീരം അവനെ ഏൽപ്പിക്കുന്നു’

നാലാപ്പാട്ടു മുതൽ മാധവദാസിന്റെ അമ്പാഴത്തേൽ വീടു വരെയുള്ള വഴിയോരങ്ങൾ അലങ്കരിക്കപ്പെട്ടു. കല്യാണത്തിന്റെ ഭാഗമായി മേജർ സെറ്റു കഥകളി വരെ ഉണ്ടായിരുന്നു. ഇങ്ങനെയൊരു ആഘോഷം നാലാപ്പാട്ട് അതിനു മുന്നേ ഉണ്ടായിട്ടില്ലെന്ന് സുലോചന എഴുതുന്നുണ്ട്.

കല്യാണോത്സവത്തിന് ചെലവിട്ട തുകയുടെ കാൽഭാഗം ഞങ്ങൾക്കു തന്നിരുന്നുവെങ്കിൽ പിന്നീട് ബോംബെ സാന്ത്രാക്രൂസിലെ വീട്ടിൽ വിശന്നുവലഞ്ഞ് ജീവിക്കേണ്ടി വരുമായിരുന്നില്ലെന്ന് കമലയും ഓർക്കുന്നു. മഹാഘോഷങ്ങൾക്കു ശേഷം സാന്ത്രാക്രൂസിലെത്തുമ്പോൾ മാധവദാസിന്റെ കൈയ്യിൽ 18 രൂപയാണുണ്ടായിരുന്നത്.

‘വിഷാദം പൂക്കുന്ന മരങ്ങൾ' എന്ന പുസ്തകത്തിൽ തന്റെ വിവാഹജീവിതത്തിലെ ആദ്യ നാളുകളെ കുറിച്ച് കമല എഴുതുന്നു. മാധവദാസ് മിക്കവാറും ഒരു പ്രതിനായകന്റെ വേഷത്തിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു

കൽക്കത്തയിലെ വീട്ടിലെ കുശിനിക്കാരൻ നാരായണൻ നായർ ബംഗാളിപ്പെണ്ണെന്നു വിളിക്കുന്ന ചിത്ര വർത്തമാനത്തിനിടയിൽ കമലയോട് കല്യാണം കഴിക്കുന്നതിനു മുന്നേ മൂത്തവരുടെ ഉപദേശം തേടണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഈ വിവാഹത്തിനു സമ്മതിക്കരുതെന്ന് അവൾ കമലയോടു ഉപദേശിക്കുകയും ചെയ്തിരുന്നു.

മണിപ്പുരി നൃത്തം പഠിച്ചത് വ്യർത്ഥമാകുമെന്ന് അവൾ പറഞ്ഞു. എന്നാൽ, അച്ഛനേക്കാളും ദയാലുവായിരിക്കും ദാസേട്ടനെന്നും കല്യാണം കഴിഞ്ഞാൽ തന്റെ അനാഥത്വം അവസാനിക്കുമെന്നും കമല സങ്കൽപ്പിച്ചു. കല്യാണരാത്രിയിൽ ആമിയോപ്പുവിന്റെ കണ്ണുകളിൽ കൗമാരം കൊളുത്തിയിരുന്ന വിളക്കുകളണഞ്ഞുവോ എന്നു പറയാൻ താനാളല്ലെന്നു കൂടി അനിയത്തി എഴുതിയിരിക്കുന്നു.

''...ആമിയോപ്പുവിന് അമ്മയിൽ നിന്നോ അമ്മമ്മയിൽ നിന്നോ സംഭവിക്കാൻ പോവുന്നതിനെ പറ്റി ചെറിയൊരു സൂചന പോലും ലഭിച്ചിരിക്കാനിടയില്ല... അമ്മ, മരുമകനോട് 'ആമി തികച്ചും നിഷ്‌ക്കളങ്കയായൊരു കുട്ടിയാണ് ട്ടോ ദാസേ' എന്ന് ഏറെ ശങ്കിച്ചു പറയുകയുണ്ടായി’’.

ഒരു പക്ഷേ 'എന്റെ കഥ'യേക്കാൾ യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന വസ്തുതാവിവരണങ്ങൾ ‘വിഷാദം പൂക്കുന്ന മരങ്ങൾ' എന്ന പുസ്തകം നൽകുന്നുണ്ട്.

‘വിഷാദം പൂക്കുന്ന മരങ്ങൾ' എന്ന പുസ്തകത്തിൽ തന്റെ വിവാഹജീവിതത്തിലെ ആദ്യ നാളുകളെ കുറിച്ച് കമല എഴുതുന്നു. മാധവദാസ് മിക്കവാറും ഒരു പ്രതിനായകന്റെ വേഷത്തിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു, ഒരു പക്ഷേ 'എന്റെ കഥ'യേക്കാൾ യാഥാസ്ഥിതികത്വത്തെ പ്രകോപിപ്പിക്കുന്ന വസ്തുതാവിവരണങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദ്യം പുറത്തിറങ്ങിയ കൃതി എന്നതു കൊണ്ടു കൂടിയാകാം 'എന്റെ കഥ'യെ യാഥാസ്ഥിതികത്വം കൂടുതൽ ആക്രമിച്ചത്. '‘എന്റെ കഥ'യുടെ പ്രസിദ്ധീകരണത്തോടെ ആ കൃതി മാത്രമല്ല, മാധവിക്കുട്ടിയുടെ ഇതര രചനകളും സാഹിത്യലോകത്തെ അവരുടെ സ്ഥാനവും സ്ഥാപിക്കപ്പെടുന്നുണ്ടല്ലോ?

വിവാഹത്തിനു മുന്നേ, കമലയും ജ്യേഷ്ഠനും മാധവദാസും ഒരുമിച്ചു നടക്കുന്ന ഒരു സന്ദർഭത്തിൽ, ദാസ് തന്നെ സ്പർശിക്കാൻ ശ്രമിക്കുന്നതും നാലാപ്പാട്ടെ ഒരു മുറിയിൽ വച്ച് അയാൾ തന്നെ കടന്നുപിടിച്ചു ചുംബിക്കുന്നതും കമല എഴുതിയിട്ടുണ്ട്.

മറ്റൊരു കാരണവുമുണ്ടാകാം.
ദാമ്പത്യജീവിതത്തിൽ പുരുഷന്റെ കാമാതുരത കൊണ്ട് വേദനിക്കുന്ന സ്ത്രീയെയാണ് കമല ഇവിടെ എഴുതുന്നത്. പുരുഷാധികാരത്തിന് സദാചാരത്തിന്റെ ശകാരവുമായി അവരെ ആക്രമിക്കാനുള്ള പഴുതുകൾ കുറവായിരുന്നു.

'വിഷാദം പൂക്കുന്ന മരങ്ങളി’ലെ വിവരണങ്ങളും മെറിലി വെയ്‌സ്‌ബോഡിനോട് തന്റെ ദാമ്പത്യജീവിതത്തെ കുറിച്ച് കമലാദാസ് പറഞ്ഞ കാര്യങ്ങൾ ആ വിദേശ വനിത രേഖപ്പെടുത്തിയതും ചേർത്തുവച്ചാൽ നമ്മുടെ എഴുത്തുകാരി അനുഭവിച്ച വേദനയുടെയും അസംതൃപ്തിയുടെയും സ്‌നേഹരാഹിത്യത്തിന്റെയും ബൃഹത് രൂപം ലഭിക്കും. തന്റെ ആത്മകഥാക്കുറിപ്പുകളിലൂടെയും സ്മരണകളിലൂടെയും മാധവിക്കുട്ടി നൽകുന്ന ജീവിതാനുഭവങ്ങൾക്കുപരിയായി അവരുടെ ആന്തരികലോകത്തിലേക്കും ലൈംഗികജീവിതാനുഭവങ്ങളിലേക്കും മെറിലി വെയ്‌സ്‌ബോഡ് എഴുതിയ 'മലബാറിലെ പ്രണയത്തിന്റെ രാജകുമാരി' (The Love Queen of Malabar) എന്ന പുസ്തകം സഞ്ചരിക്കുന്നുണ്ട്. കേരളത്തിലും കാനഡയിലുമായി മാസങ്ങളോളം പല പ്രാവശ്യം കമലയോടൊപ്പം താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്ത മെറിലി, കവിയോടൊപ്പമുള്ള അനുഭവങ്ങളുടെ വിവരണങ്ങളിലൂടെയും അഭിമുഖസംഭാഷണങ്ങളിലൂടെയും മലയാളിയുടെ സാമാന്യബോധത്തെ ഭേദിക്കുന്ന ധാരാളം വിവരങ്ങൾ നൽകുന്നു.

മാധവിക്കുട്ടി, മെറിലി വെയ്‌സ്‌ബോഡ് / Photo: Screengrab from a youtube video by merrily weisbord

വിവാഹത്തിനു മുന്നേ, കമലയും ജ്യേഷ്ഠനും മാധവദാസും ഒരുമിച്ചു നടക്കുന്ന ഒരു സന്ദർഭത്തിൽ, ദാസ് തന്നെ സ്പർശിക്കാൻ ശ്രമിക്കുന്നതും നാലാപ്പാട്ടെ ഒരു മുറിയിൽ വച്ച് അയാൾ തന്നെ കടന്നുപിടിച്ചു ചുംബിക്കുന്നതും കമല എഴുതിയിട്ടുണ്ട്. ലൈംഗികജീവിതത്തെ കുറിച്ച് 15 വയസ്സുകാരിക്ക് കാര്യമായ ധാരണകൾ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ധാരണകൾ ഉണ്ടായിരുന്നെങ്കിൽ അത് നോവൽ പുസ്തകങ്ങളിൽനിന്നും പരിചാരികമാരുടെ സംഭാഷണങ്ങളിൽ നിന്നും ലഭിച്ചവ മാത്രമായിരുന്നു.

‘ആണുങ്ങള് പിച്ചിച്ചീന്തു’മെന്ന് ദേവകി പറയുമ്പോൾ‘അവർക്കെന്താ കൊക്ക്ണ്ടാ, നഖണ്ടാ’ എന്നു ചോദിക്കുന്നതിനു മാത്രം കഴിയുന്ന അറിവായിരുന്നു അത്. വിവാഹത്തെ കുറിച്ച് വളരെ കാൽപ്പനികമായ സങ്കൽപ്പങ്ങൾ കമല സൂക്ഷിച്ചിരുന്നുവെന്നും കരുതണം. എന്നാൽ അനുഭവയാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
‘‘നീ അപ്പം ചോദിച്ചു, പക്ഷേ, നിനക്ക് ഒരു കല്ലാണ് കിട്ടിയത് എന്ന് കുട്ടിക്കാലത്ത് ഞാൻ ബൈബിളിൽ വായിച്ചിരുന്നു. ഞാൻ കാംക്ഷിച്ചത് പ്രണയമായിരുന്നു. കിട്ടിയത് മൃഗീയമായ കാമം മാത്രം’’ എന്നു പിന്നീടു പറയേണ്ടി വരുന്നതിനെയാണ് ദാമ്പത്യജീവിതം കമലയ്ക്കു നീട്ടിയത്.

‘‘അതു ഭയങ്കരമായിരുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഭീകരശിക്ഷ. അയാളുടെ ലിംഗം എന്റെ അടിവയർ തുളച്ചുകയറി. എന്നിൽ നിന്നും രക്തമൊഴുകാൻ തുടങ്ങി’’.
ഇതിന്റെ ഫലമായി അവർക്ക് അനങ്ങുവാനോ മൂത്രമൊഴിക്കുവാനോ വയ്യാതായി.

മെറിലി എഴുതുന്നത് ഉദ്ധരിച്ചു ചേർക്കാം** : ‘‘അവളുടെ ഭർത്താവിനാകട്ടെ പ്രഭു കുടുംബങ്ങളിൽ വേലയ്ക്കു നിൽക്കുന്ന പെൺകുട്ടികൾ നൽകിയിട്ടുള്ള കാമാതുരത മാത്രമേ അറിയുകയുള്ളൂ. വിവാഹശേഷം പത്തു ദിവസത്തോളം അയാൾ അവളിലേക്കു പ്രവേശിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവളെ കീറിപ്പറിക്കുകയായിരുന്നു അയാൾ. അവളുടെ ശരീരപ്രകൃതിക്ക് അനുയോജ്യനായിരുന്നില്ല അയാൾ.
എന്നോടു ക്ഷമിക്കൂ. ഞാൻ ഒരുപക്ഷേ മറ്റു പെൺകുട്ടികളെ പോലെ സാധാരണരീതിയിലുള്ളവളാകില്ല. അവൾ ഭർത്താവിനോടു മാപ്പു ചോദിക്കുന്നു.
അതെ, അതു ശരിയാണെന്ന് അയാൾ സമ്മതിക്കുന്നു.
‘അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് എന്നിലേക്കു പ്രവേശിക്കുവാനായി എനിക്കവിടെ ഒരു ദ്വാരമില്ല’, കമല വീട്ടിലെ വേലക്കാരിയോടു പറഞ്ഞു.
ആർത്തവത്തിന്റെ അഞ്ചാം ദിവസം ലൈംഗികബന്ധത്തിനു ശ്രമിക്കുവാൻ ആ വേലക്കാരി നിർദ്ദേശിച്ചു. അന്ന് ഒരു കാട്ടുപോത്തിനെ പോലെ അയാൾ അവളിലേക്കു പ്രവേശിച്ചു.
‘‘അതു ഭയങ്കരമായിരുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഭീകരശിക്ഷ. അയാളുടെ ലിംഗം എന്റെ അടിവയർ തുളച്ചുകയറി. എന്നിൽ നിന്നും രക്തമൊഴുകാൻ തുടങ്ങി’’.
ഇതിന്റെ ഫലമായി അവർക്ക് അനങ്ങുവാനോ മൂത്രമൊഴിക്കുവാനോ വയ്യാതായി.
‘‘വല്ലാത്ത വേദനയായിരുന്നു. ശക്തമായ രക്തവാർച്ചയുമുണ്ടായി’’.
‘‘… ഒരു സാധാരണ മനുഷ്യന്റെ ലിംഗവലിപ്പമായിരുന്നില്ല അത്. അതൊരു കുതിരയുടെ ലിംഗം പോലെയിരുന്നു’’.
ആ വലിപ്പം അയാൾക്ക് അഭിമാനകരമായിരുന്നു. ‘ദാസ് ഭാഗ്യവാനാണ്’, ഒരിക്കൽ അയാളുടെ അമ്മാവൻ പറഞ്ഞുവത്രെ. ‘അയാളെ വിവാഹം ചെയ്യുവാൻ ഭാഗ്യം ലഭിക്കുന്ന സ്ത്രീയും ഭാഗ്യവതിയാണ്’.
‘‘നിനക്ക് രക്തവാർച്ചയുണ്ടാകുന്നത് നിന്റെ കുഴപ്പം കൊണ്ടാണ്’’, കമലയുടെ ഭർത്താവ് ശകാരിച്ചു. ''ഇതാ, ഇതു കണ്ടോ, നീ ഭാഗ്യവതിയാണ്. നിനക്ക് ഇതു ലഭിച്ചില്ലേ?''
അപ്പോൾ അതു കണ്ട് ഭയചകിതയായി കമല അവിടെ നിന്നും മാറിപ്പോയി’’.

മാധവിക്കുട്ടി, മെറിലി വെയ്‌സ്‌ബോഡ് / Photo: Fan Facebook page

ഏകപത്‌നീവ്രതനെ ആഗ്രഹിച്ച കമലയോട് വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിയുന്നതിനു മുന്നേ താൻ ആറു സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്നും ഗുഹ്യരോഗം ബാധിച്ചിരുന്നുവെന്നും ഭർത്താവ് വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ഗുഹ്യരോഗം പകർന്നു കിട്ടുമോയെന്ന് കമല ഭയപ്പെട്ടു. ആർസെനിക്കും സ്വർണ്ണവും തനിക്ക് മരുന്നായി കുത്തിവച്ചുവെന്നും രോഗം ഭേദപ്പെട്ടുവെന്നും ദാസ് കമലയെ സമാധാനിപ്പിച്ചു.

ലൈംഗികബന്ധം അവൾക്ക് വേദനാജനകവും മനം മടുപ്പിക്കുന്നതുമായ പ്രവൃത്തിയായി മാറി. ഭർത്താവ് അവരെ 'കൊത്തിനുറുക്കി'. ആദ്യ ഗർഭത്തിന്റെ നാളുകളിൽ മദ്യപിച്ചു വന്ന ഭർത്താവ് അഞ്ചു തവണ തന്നെ കാമം കൊണ്ട് ആക്രമിച്ചുവെന്നും തനിക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലായെന്നും കമല എഴുതിയിരിക്കുന്നു. ഭർത്താവിന്റെ സുഹൃത്തായ ഗോപീമേനോൻ ദാസിനെ ശകാരിക്കുകയും കമലയുടെ അച്ഛന്റെ വീട്ടിലേക്ക് അവളെ അയക്കാൻ അയാളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, കമലയുടെ ആവശ്യത്തിനു വഴങ്ങി നാലാപ്പാട്ട് അമ്മമ്മയുടെ അടുത്തേക്കാണ് അവളെ വിടുന്നത്.

മൂന്നുമാസം ഗർഭിണിയായി നാലാപ്പാട്ടെത്തിയ കമലക്ക് ഒരു പേടിസ്വപ്നം അവസാനിച്ചതായി തോന്നി. അമ്മമ്മയുടെ ഗർഭശുശ്രൂഷക്കിടയിലും വീണ്ടും നാലാപ്പാട്ടെ കുട്ടികളിലൊന്നായി അവൾ മാറി. മറ്റു കുട്ടികൾ പാവാടയും ജാക്കറ്റും ധരിച്ചപ്പോൾ പതിനഞ്ചാം വയസ്സിലേ മുതിർന്നു ഗർഭിണിയായ കമല തന്റെ ദേഹത്ത് സാരിയാണ് ചുറ്റിയത്. മാധവദാസ് നീലക്കടലാസിലെഴുതിയ സ്‌നേഹവചനങ്ങൾ എല്ലാ ആഴ്ചയിലും അയച്ചു കൊണ്ടിരുന്നു. അതു വായിച്ചു രോമാഞ്ചം കൊള്ളാൻകഴിയുന്നതിലും ഏറെ അകലെയായിരുന്നു യാഥാർത്ഥ്യമെന്നാണ് കമല പിന്നീടെഴുതുന്നത്.

‘‘എന്റെ ഭർത്താവിന്റെ ആകാരസൗഷ്ഠവത്തെ വാഴ്ത്തിക്കൊണ്ട് ഞാൻ അദ്ദേഹത്തിനു ദുഃഖം നിറഞ്ഞ കത്തുകളെഴുതി. എന്നിൽ താൽപ്പര്യമുണ്ടാവാൻ വേണ്ടി ലൈംഗികകാര്യങ്ങളെ കുറിച്ചും ഞാൻ എഴുതി’’.

ദാസേട്ടനെ കുറിച്ചോർക്കുമ്പോൾ അവളുടെ കൈത്തലം ഭയം കൊണ്ടു വിയർത്തു. കാമത്തിനോടുള്ള ഭയം കുറയാൻ അക്കാലത്ത് അവൾ ഗീതാഗോവിന്ദം വായിച്ചു. എങ്കിലും ആ മൃഗീയജീവിതത്തിലേക്ക് മടങ്ങിപ്പോകില്ലെന്ന് സ്വയം ഓർമ്മിപ്പിച്ചു. ചിറളയത്തു നിന്ന് തന്റെ കുട്ടിയേയും കൊണ്ട് നാലാപ്പാട്ടേക്കു തിരിച്ചെത്തിയ അമ്മമ്മയുടെ അമ്മയാകാൻ അവൾ ആഗ്രഹിച്ചു. മുറ്റമടിക്കുന്ന പത്മാവതിയോട് കമല പറഞ്ഞു, ''ഇനി അവിടെ പോയാൽ ഞാൻ ക്ഷീണം കൊണ്ടു ചത്തു പോകും''.
''മടങ്ങിപ്പോണ്ട. ഇനി ആ ബന്ധം വേണ്ടാന്നു തൊറന്നു പറഞ്ഞോള’’.
''പക്ഷേ, എനിക്കു പിറക്കുന്ന കുട്ടിക്ക് ഒരച്ഛൻ വേണ്ടേ''

ഈ കാലയളവിൽ കുഴങ്ങിയ ഒരു മാനസികാവസ്ഥയിലായിരുന്നു കമലയെന്ന് വിവിധ ആഖ്യാനങ്ങൾ താരതമ്യം ചെയ്താൽ നമുക്കു തോന്നും. കുഞ്ഞിനു മൂന്നു മാസം പ്രായമായപ്പോൾ ഭർത്താവിനെഴുതിയ കത്തുകളെ കുറിച്ച് 'എന്റെ കഥ'യിൽ അവർ എഴുതുന്നുണ്ട്:
‘‘എന്റെ ഭർത്താവിന്റെ ആകാരസൗഷ്ഠവത്തെ വാഴ്ത്തിക്കൊണ്ട് ഞാൻ അദ്ദേഹത്തിനു ദുഃഖം നിറഞ്ഞ കത്തുകളെഴുതി. എന്നിൽ താൽപ്പര്യമുണ്ടാവാൻ വേണ്ടി ലൈംഗികകാര്യങ്ങളെ കുറിച്ചും ഞാൻ എഴുതി.... ഒരു മാസത്തെ അവധിയെടുത്ത് അദ്ദേഹം വന്നപ്പോൾ... ആ അവധിക്കാലത്തിന്റെ ആദ്യരാത്രി ഞങ്ങൾ ഉറങ്ങിയത് പടിപ്പുരമാളികയിലായിരുന്നു. ...ലൈംഗികവൃത്തികളോടു വികർഷണഭാവവുമായി ഞാനെന്റെ കിടക്കയിൽ കിടക്കുക പതിവായിരുന്നു... വൈകുന്നേരങ്ങളിൽ ഞാൻ കുളിച്ച് മുടിക്കെട്ടിൽ പാരിജാതപ്പൂക്കളണിഞ്ഞ് അദ്ദേഹത്തെ കാത്തുനിന്നു. പക്ഷേ, അദ്ദേഹം തന്റെ ഏതെങ്കിലും സുന്ദരിയായൊരു ബന്ധുവിന്റെ തോളിൽ ചാരിനടന്നാണ് വരിക… എന്റെ യാതന കഠിനമായിരുന്നു.''
പിന്നീട് നവരച്ചോറു ചികിത്സയിലൂടെ തന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനെ കുറിച്ചും ഭർത്തൃബന്ധത്തെ തന്നെ മറന്നുപോയതിനെ കുറിച്ചും ബന്ധുവായ ഒരു ചെറുപ്പക്കാരൻ മാളികമുറിയിൽ വച്ച് തന്നെ ചുംബിച്ചതിനെ കുറിച്ചും കമല എഴുതിയത് 'എന്റെ കഥ'യിൽ വായിക്കാം.

മോനുവിന് ഒന്നര വയസ്സായപ്പോൾ, കമലയുടെ അച്ഛൻ ബോംബെയിൽ ഒരു ഫ്ലാറ്റ് വാങ്ങി.*** അതോടെ മടങ്ങിപ്പോകാതിരിക്കാനുള്ള എല്ലാ ഒഴികഴിവുകളും പ്രതീക്ഷകളും കമലയിൽ അവസാനിച്ചു. വീണ്ടും ദാമ്പത്യജീവിതത്തിന്റെ പ്രക്ഷുബ്ധതയിലേക്ക് അവൾ നയിക്കപ്പെട്ടു.

മാധവിക്കുട്ടി മകനോടൊപ്പം

അപ്പോഴേക്കും സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിച്ച മാധവദാസ് വലിയ മാനസിക സംഘർഷത്തിലായിരുന്നു. മാനസിക സംഘർഷം തീർക്കാനെന്ന ഭാവത്തോടെ അയാൾ രാത്രിയിൽ പല പ്രാവശ്യം സുരതക്രിയയിൽ മുഴുകി. മാധവദാസ് ഉഭയലൈംഗികതയിൽ സന്തോഷം കണ്ടെത്തിയിരുന്ന ആളായിരുന്നു. അദ്ദേഹം കമലയോട് സ്വവർഗരതിയെ കുറിച്ചു സംസാരിക്കുന്നുണ്ട്. ദാസിന് തന്റെ സ്‌നേഹിതനെ കാണാതെ ജീവിക്കാൻ കഴിയുമായിരുന്നില്ല.

തന്റെ പിറന്നാൾ ദിവസം രാവിലെ സുഹൃത്തുമായി മുറിയിൽകയറി വാതിലടച്ചു പൂട്ടുന്ന മാധവദാസ് തന്റെ സ്ത്രീത്വത്തോട് തന്നിൽ തന്നെ അവജ്ഞ ഉണ്ടാക്കിയതായി കമല എഴുതുന്നു. കമലയെ പുരുഷവേഷം ധരിപ്പിച്ച് മടിയിൽ പിടിച്ചിരുത്തി സുന്ദരക്കുട്ടപ്പാ എന്നു വിളിക്കുന്നു, അദ്ദേഹം. ഈ ലാളനയിൽ കമല സന്തോഷവതിയായി തോന്നുന്നുണ്ടെന്നു മെറിലി സൂചിപ്പിക്കുന്നുണ്ടെങ്കിലും ദാസിന്റെ മനോവൈകൃതത്തിന്റെ പ്രദർശനമായി അതിനെ ഗണിക്കുന്നതായും തോന്നും. അമേരിക്കൻ വായനക്കാരെ ആകർഷിച്ച എഴുത്തുകാരനായ ഒബ്രി മേനോൻ ദാസിന്റെ പ്രിയമിത്രവും സ്വവർഗാനുരാഗിയുമായിരുന്നു.

പത്തൊമ്പതാമത്തെ വയസ്സിൽ കമല രണ്ടാമത്തെ കുട്ടിയുടെ അമ്മയായി. ഗർഭപാത്രത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. അമിതമായ രക്തസ്രാവമുണ്ടായി. ഈ ശസ്ത്രക്രിയക്കു കാരണം നിങ്ങളുടെ ഭർത്താവിന്റെ ലിംഗമാണെന്ന് ലേഡി ഡോക്ടർ കമലയോടു പറയുന്നുണ്ട്.

''തനിക്ക് ലൈംഗികമായ ഉത്തേജനം ലഭിക്കുവാൻ ഞാൻ മറ്റൊരു പുരുഷനുമായി രമിക്കുന്നത് സങ്കൽപ്പിക്കേണ്ടി വരുമെന്ന് ദാസേട്ടൻ പറഞ്ഞു.... ഏതു പുരുഷനെയാണ് ഞാൻ കാമുകനായി സങ്കൽപ്പിക്കേണ്ടത് എന്നു തീരുമാനിക്കുന്നതും ദാസേട്ടൻ തന്നെയായിരുന്നു.... ഒരു ദിവസം ഞാൻ പറഞ്ഞു, ''മറ്റുള്ളവരെ മനസ്സിൽ കണ്ടുകൊണ്ട് എന്നെ ആക്രമിക്കുന്നതിലും ഭേദം അവരെത്തന്നെ സഹശയനത്തിനു വിളിക്കുകയാണ്. എനിക്ക് ഈ ബാദ്ധ്യതയിൽ നിന്ന് മോചനം കിട്ടണം’’.

''നിനക്ക് ലൈംഗികസംതൃപ്തി വേണ്ടേ'', അദ്ദേഹം ചോദിച്ചു.
''ഞാൻ ഞാനായിത്തന്നെ ശയിക്കുമ്പോൾ മാത്രമേ എനിക്കു സുഖവും സംതൃപ്തിയും കിട്ടുകയുള്ളൂ. ഇതേവരെ നാം കിടപ്പറയിൽ നടത്തിയത് വെറുമൊരു പൊറാട്ടുകളി’’.

പത്തൊമ്പതാമത്തെ വയസ്സിൽ കമല രണ്ടാമത്തെ കുട്ടിയുടെ അമ്മയായി. ഗർഭപാത്രത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. അമിതമായ രക്തസ്രാവമുണ്ടായി. ഈ ശസ്ത്രക്രിയക്കു കാരണം നിങ്ങളുടെ ഭർത്താവിന്റെ ലിംഗമാണെന്ന് ലേഡി ഡോക്ടർ കമലയോടു പറയുന്നുണ്ട്. ഈ കാലയളവിൽ, ഇനിയൊരു വിവാഹത്തിന് അച്ഛൻ അനുമതി നൽകില്ലെന്ന വാക്കുകൾ അമ്മയിൽ നിന്ന് കമല കേൾക്കുന്നുണ്ട്. കമലയ്ക്ക് ദാസിനോടൊപ്പം താമസിക്കാൻ കൽക്കത്തയിലേക്കു പോകേണ്ടി വന്നു. ഉഴുതുമറിക്കൽ അവിടെയും തുടർന്നു. ''ഒരിക്കൽ ബന്ധപ്പെട്ട് പതിനഞ്ചു മിനുട്ടു കഴിയുമ്പോൾ അയാൾ വീണ്ടും ഉണരും. വീണ്ടും ഇതൊക്കെ ആവർത്തിക്കും’’, അപമാനിതമാകുന്ന സ്ത്രീത്വത്തിന്റെ അവസ്ഥയായിരുന്നു അത്.

മാധവിക്കുട്ടി, മാധവ്ദാസ്, മക്കളായ മാധവ്, ചിന്നന്‍

ഔദ്യോഗികകാര്യങ്ങളിലെ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി മേലുദ്യോഗസ്ഥന്മാരോടും മന്ത്രിയോടും മറ്റും 'സഹകരിക്കാൻ' മാധവദാസ് നിർദ്ദേശിക്കുന്നതിനെയും അതിനു നിർബ്ബന്ധിതയാകുകയും ചില ബന്ധങ്ങളിൽ കീഴ്‌പ്പെടുകയും ചെയ്തതിനെയും കുറിച്ചു പറയുന്ന നമ്മുടെ എഴുത്തുകാരി, തന്റെ വൈവാഹികജീവിതം എത്രമാത്രം സങ്കീർണ്ണവും സംഘർഷഭരിതവുമായിരുന്നെന്ന് വെളിപ്പെടുത്തുന്നുണ്ട്.

പലപ്പോഴും വിഷാദരോഗത്തിലേക്കും മാനസിക ചികിത്സയിലേക്കും അവർ നയിക്കപ്പെടുന്നു. തനിക്കു പ്രാന്തായി എന്നു തന്നെ സുഹൃത്തായ മെറിലിയോടു കമല പറയുന്നുണ്ട്.
'Fond husband, ancient settler in the mind.
Old fat spider, weaving webs of bewilderment
Be kind, You turn me into a bird of stone, a granite'
('The Stone Age')

(സ്‌നേഹമുള്ള ഭർത്താവ്,
മനസ്സിൽ പുരാതനം കുടിയേറിയവൻ
പഴയ തടിച്ച ചിലന്തി,
സംഭ്രമത്തിന്റെ വലകൾ നെയ്യുന്നു
ദയയുള്ളവനായിരിക്കണേ,
നിങ്ങൾ എന്നെ കല്ലിന്റെ പക്ഷിയാക്കി മാറ്റുന്നു, കരിങ്കല്ലിന്റെ.)

ഈ അനുഭവലോകം തന്റേതു മാത്രമാണെന്നു ചുരുക്കിക്കാണാൻ അവർ തയ്യാറല്ലായിരുന്നു. ഏറിയും കുറഞ്ഞും വ്യത്യസ്തതകളോടെയാണെങ്കിലും ഇന്ത്യയിലെ സ്ത്രീജീവിതത്തിന്റെ അവസ്ഥയായി കമല ഇതിനെ കാണുന്നു. അവർ മെറിലിയോടു പറയുന്നത് ഇങ്ങനെയാണ്: ‘‘നിങ്ങൾ ഒരു ശരീരം മാത്രമാകുന്നു. നിങ്ങളുടെ ഉടമയും ദൈവവുമായവൻ ആ ശരീരം ഉപയോഗിക്കുന്നു. നിങ്ങൾ നിങ്ങളുടെ ശരീരം അവനെ ഏൽപ്പിക്കുന്നു. ... നിങ്ങൾ ഉറങ്ങുന്നത് നിങ്ങളുടെ ഭർത്താവിന്റെ മെത്തയിലാണ്. നിങ്ങളൊരിക്കലും ആ മെത്തയെ നിങ്ങളുടെ മെത്ത എന്നു പറയില്ല’’.

മാധവിക്കുട്ടി, മൂന്നാമത്തെ മകന്‍ ജയസൂര്യക്കൊപ്പം / Photo via Fan Page

കമല മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നത് കോഴിക്കോട്ടുവച്ചാണ്. അച്ഛനും അമ്മയും ബിലാത്തികുളത്ത് താമസിക്കുന്ന കാലം. പ്രസവശേഷം കൊച്ചുമകനേയും കൊണ്ട് ആമിയോപ്പു ഡൽഹിയിലേക്കു മടങ്ങുന്നതിനെ കുറിച്ച് സുലോചന നാലാപ്പാട്ട് എഴുതുന്നു. പിൽക്കാലത്ത് അമ്മയ്ക്കു സുരക്ഷിതസ്ഥാനമായി തീർന്നത് ഈ മൂന്നാമത്തെ മകനായ ജയസൂര്യയാണെന്നും സുലോചന എഴുതുന്നുണ്ട്. കമലയുടെ കവിതയിൽ ഇങ്ങനെ വായിക്കാം:

‘‘എന്റേതും എന്നിലുണ്ടായിരുന്നതുമായ
ഇരുട്ടിൽ നിന്നു വേർപിരിഞ്ഞ്
ഒരു അമാവാസത്തിന്റെ ചെളിയിൽനിന്ന്
അവൻ പിറന്നു വീണു.
ജയസൂര്യ, എന്റെ പൊന്നുമകൻ.
തെറ്റുകളിൽ നിന്ന്
ഒരു ശരി പിറന്നു വീണിരിക്കുന്നു’’.

രക്തസ്രാവം അമിതമായതിനെ തുടർന്ന് മുപ്പത്തിയേഴാം വയസ്സിൽ കമലയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടു. അവർക്ക് ഈസ്ട്രജൻ ഹോർമോൺ ചികിത്സ ഡോക്ടർ നിർദ്ദേശിച്ചു. അവ തുടർച്ചയായി കഴിച്ചപ്പോൾ ഹൃദ്രോഗബാധയുണ്ടായി. മാധവദാസിന്റെ ഒരു ബർമ യാത്രയ്ക്കു ശേഷം ഒരു കൂട്ടുകാരനോടൊത്തുള്ള ചിത്രം അദ്ദേഹം കമലയെ കാണിക്കുന്നുണ്ട്. തുടർന്ന് ദാസ് പറഞ്ഞ സ്വവർഗരതിയുടെ കഥകൾ, ലൈംഗികകർത്തവ്യങ്ങളിൽ നിന്നും മുക്തയാകണമെന്ന ചിന്തയിലേക്ക് തന്നെ നയിച്ചതായി മെറിലി കമലയിൽ നിന്ന് കേട്ട് എഴുതിയിരിക്കുന്നു.

'എന്റെ കഥ' സൃഷ്ടിച്ച കലുഷിതമായ അന്തരീക്ഷം നാലാപ്പാട്ടുള്ള ചിലരിൽ പോലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും മാധവദാസിൽ അത് എന്തെങ്കിലും നിഷേധാത്മകമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കിയില്ലെന്നു കരുതണം.

'എന്റെ കഥ'യുടെ പ്രസാധനത്തോടെ കമല എഴുത്തുകാരി എന്ന നിലയിൽ ഏറെ പ്രശസ്തയായി. അവരുടെ കവിതകളും കഥകളും സഹൃദയസമക്ഷം ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു. ഇത് മാധവദാസുമായുള്ള ബന്ധത്തിലും മാറ്റം വരുത്തുന്നുണ്ട്. മാധവദാസ് കമലയുടെ എഴുത്തിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റൊരു തലത്തിൽ 'എന്റെ കഥ' സൃഷ്ടിച്ച കലുഷിതമായ അന്തരീക്ഷം നാലാപ്പാട്ടുള്ള ചിലരിൽ പോലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെങ്കിലും മാധവദാസിൽ അത് എന്തെങ്കിലും നിഷേധാത്മകമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കിയില്ലെന്നു കരുതണം. താൻ പ്രശസ്തയായതോടു കൂടി ദാസ് അവരെ ബഹുമാനിക്കാൻ തുടങ്ങിയെന്ന് കമല പറയുന്നുണ്ട്. ഭാര്യ സമ്പാദിക്കുന്ന പണത്തോടുള്ള ആഗ്രഹം ഇതിനു കാരണമായിരിക്കാമെന്ന സൂചനകളുള്ള വാക്കുകളും കമല പറയുന്നു. ജനസമ്മതിയുള്ളവളുടെ ഭർത്താവായിരിക്കാൻ മാധവദാസ് ഇഷ്ടപ്പെട്ടു. എഴുത്തുകാരി എന്ന നിലയ്ക്കുള്ള സാമൂഹികാംഗീകാരം ലഭിച്ചതിനു ശേഷം തന്റെ ജീവിതം അനുഗ്രഹങ്ങൾ നിറഞ്ഞതായെന്നു കമല മെറിലിയോടു പറയുന്നുണ്ട്.

'എന്റെ കഥ'യുടെ പ്രസാധനത്തോടെ കമല എഴുത്തുകാരി എന്ന നിലയിൽ ഏറെ പ്രശസ്തയായി.

1983-ൽ മാധവദാസ് സർവ്വീസിൽ നിന്ന് വിരമിച്ചു. ഈ നാളുകളിൽ, ഭാര്യയുടെ സാഹിത്യപ്രവർത്തനങ്ങളുടെ മാനേജരെ പോലെ അദ്ദേഹം പണിയെടുക്കുന്നു. നിന്റെ ബാലിശമായ രോഷവും കവിതയും കൊണ്ട് നീ എന്നെ ഭയപ്പെടുത്തി എന്നു ദാസ് കമലയോടു പറയുന്നുണ്ടത്രേ. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ദാസേട്ടനു വേണ്ടി മധുരനാരങ്ങ വാങ്ങിക്കാൻ പോകുന്ന കമലയെ കുറിച്ചു നാം വായിക്കുന്നുണ്ട്. പാർക്കിൻസൻസ് രോഗം ബാധിച്ചു സംസാരശേഷിയും സ്വബോധവും നശിച്ചു കിടന്നപ്പോഴും വീട്ടിൽ തന്നെ അദ്ദേഹത്തെ പരിചരിക്കുകയാണ് കമല ചെയ്തത്. ഡോക്ടർമാർ വീട്ടിൽ വന്ന് അദ്ദേഹത്തെ പരിശോധിച്ചു. മാധവദാസിന്റെ ശരീരം ഭ്രൂണത്തിന്റെ കിടപ്പിനെ അനുകരിക്കുന്നതിനെയും രണ്ടു കൈപ്പത്തികളും ഒടിഞ്ഞ ചിറകുകൾ പോലെ വലിഞ്ഞതിനെയും കുറിച്ചു കമല ഡയറികുറിപ്പുകളിൽ എഴുതുന്നുണ്ട്. ദുഃസ്വപ്നങ്ങൾ കണ്ട് അദ്ദേഹം ഉറക്കെ നിലവിളിച്ചു. വേദനാസംഹാരികളുടെ ഉപയോഗം അദ്ദേഹത്തിന്റെ ശരീരത്തെ കൂടുതൽ ക്ഷീണിതമാക്കിയിരുന്നു. മാധവദാസ് 1992-ൽ മരിച്ചു. മോനുവിന്റെ ഭാര്യ ലക്ഷ്മി ഉറക്കമൊഴിഞ്ഞ് മൃതദേഹത്തിന്റെ അടുത്തിരിക്കുന്നതിനെയും രോഗാവസ്ഥയിൽ പോലും അവളുടെ തമാശകൾ കേട്ട് ദാസ് ചിരിക്കാറുള്ളതിനെയും ഓർക്കുന്നു, കമല. അദ്ദേഹത്തിന്റെ വാച്ച് കമല ലക്ഷ്മിക്കു സമ്മാനിക്കുന്നു.

'And I didnot any longer know
Why I ought to rise from the bed at all
I walk the highway alone
He was a sunshade
He was my home, now I must walk
naked as a babe...'
('The lament of a widow')

(പിന്നീടൊരിക്കലും ഞാൻ അറിഞ്ഞില്ല
ഈ കിടക്കയിൽ നിന്ന് എഴുന്നേൽക്കേണ്ടത് എന്തിനാണ്?
ഞാൻ ഒറ്റയ്ക്ക് വിസ്തൃതവഴികളിലൂടെ നടക്കുന്നു
അവൻ ഒരു കുടയായിരുന്നു
എന്റെ വീടായിരുന്നു,
ഇപ്പോൾ എനിക്ക് നടക്കണം
ഒരു കുഞ്ഞിനെപ്പോലെ നഗ്നയായി...)

കമലയുടേയും മാധവദാസിന്റേയും ദാമ്പത്യജീവിതത്തിന്റെ യഥാർത്ഥ സ്വഭാവം എന്തായിരുന്നുവെന്ന് അന്വേഷിക്കാനുള്ള താൽപ്പര്യം വായനക്കാർക്കുണ്ടാകും. തന്നിലെ രണ്ടു വ്യക്തികളിൽ ഒരാൾ സഹിക്കുകയും അടുത്തയാൾ എഴുതുകയുമായിരുന്നുവെന്ന് കമല പറഞ്ഞതായി മെറിലി എഴുതുന്നു: ‘‘എന്റെ കുട്ടികളെ ഇഷ്ടമായിരുന്നതിനാലാണ് എനിക്കു പിടിച്ചു നിൽക്കാനായത്. മാത്രമല്ല, എങ്ങനെയോ ഞാൻ അദ്ദേഹത്തേയും സ്‌നേഹിച്ചു’’.
ജീവിതം തുടരുന്നതിനു വേണ്ടി ശത്രുക്കളേയും സ്‌നേഹിക്കേണ്ടതിനെയും അവർക്ക് ഒരു കപ്പ് ചായ നൽകേണ്ടതിനെയും കുറിച്ചുള്ള മാധവിക്കുട്ടിയുടെ വിശാലമനസ്സിന്റെ ധാരണയെ ഉദ്ധരിക്കുന്ന മെറിലി, ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിലും കമല ഭർത്താവായ മാധവദാസിനു മാപ്പു നൽകുകയും സ്‌നേഹിക്കുവാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു നിഗമിക്കുന്നു: ‘‘ആ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹത്തേയും സുദൃഢബന്ധത്തേയും അളക്കാനോ തിട്ടപ്പെടുത്താനോ ഉള്ള അർഹത നമുക്കാർക്കുമില്ലെന്ന സത്യത്തിലേക്കുണരണ’’ മെന്നാണ് കമലയുടെ അനുജത്തി സുലോചന നാലാപ്പാട്ട് എഴുതുന്നത്.

അവലംബം:
1. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
2. ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2019.
3. എന്റെ ജ്യേഷ്ഠത്തി കമല - സുലോചന നാലാപ്പാട്ട്, മാതൃഭൂമി ബുക്‌സ്, 2023.
4. ഡയറിക്കുറിപ്പുകൾ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2009.
5. The Love Queen of Malabar: Merilly Weisboard, McGill-Queen's University Press 2010.
6. Selected Poems - Kamala Das, Penguin Books, India, 2014.

കുറിപ്പുകൾ:
*ചില ആഖ്യാനങ്ങളിൽ ഇരുപതു വയസ്സോളം മൂപ്പുണ്ടായിരുന്നുവെന്നു പറയുന്നതും കാണുന്നുണ്ട്. സുലോചന നാലാപ്പാട്ട് എഴുതുന്നത്, വിവാഹസമയത്ത് ദാസേട്ടന് 29 വയസ്സുണ്ടായിരുന്നുവെന്നാണ്.
** മെറിലി വെയ്‌സ്‌ബോഡ് എഴുതിയ 'മലബാറിലെ പ്രണയത്തിന്റെ രാജകുമാരി' (The Love Queen of Malabar) എന്ന പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾക്ക് മിക്കവാറും എം.ജി. സുരേഷിന്റെ പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.
*** 'എന്റെ കഥ'യിൽ തന്റെ ഭർത്താവ് ഫ്ലാറ്റ് വാങ്ങിയതായി എഴുതുമ്പോൾ 'വിഷാദം പൂക്കുന്ന മരങ്ങ'ളിൽ അച്ഛനാണ് ഫ്ലാറ്റ് വാങ്ങിയതെന്നാണ് എഴുതുന്നത്.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments