കമല സുരയ്യ

മാധവിക്കുട്ടിയുടെ
മതപരിവർത്തനം

സന്ദിഗ്ദ്ധതകളും വൈരുദ്ധ്യങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ സര്‍ഗാത്മകമനസ്സില്‍ നിന്ന് പുറപ്പെട്ട ചില വാക്കുകളെ ചൂണ്ടി, ഇസ്‍ലാം മതത്തോടുള്ള ആഭിമുഖ്യത്തില്‍ നിന്നാണ് കമലയുടെ മതപരിവര്‍ത്തനം സംഭാവ്യമായതെന്നും വ്യാഖ്യാനിക്കാന്‍ കഴിയും- വി. വിജയകുമാർ എഴുതുന്ന പരമ്പര അവസാനിക്കുന്നു.

നീർമാതളത്തിന്റെ പൂവ്
ഭാഗം എട്ട്

‘ശാസ്ത്രവിപ്ലവങ്ങളുടെ ഘടന' എന്ന വിഖ്യാതമായ പുസ്തകം രചിച്ച തോമസ് കുണ്‍, ശാസ്ത്രവിപ്ലവങ്ങളെ മതപരിവര്‍ത്തനവുമായി സദൃശീകരിച്ചു കാണുന്നുണ്ട്. സ്വയം രൂപപ്പെടുത്തിയ വിചാരമാതൃകാവ്യതിയാനം (Paradigm Shift) എന്ന പരികല്‍പ്പന ഉപയോഗിച്ച് ശാസ്ത്രവിപ്ലവങ്ങളുടെ ഘടനയെ വിശദീകരിക്കുന്ന അദ്ദേഹം, ശാസ്ത്രചരിത്രത്തിലെ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നിയാമകമായ നീതീകരണങ്ങളില്ലെന്ന് എഴുതുന്നു.

തോമസ് കുണിന്റെ സദൃശീകരണം അപ്പടി ശരിയാണെങ്കില്‍ മതപരിവര്‍ത്തനത്തിനും നിയാമകമായ നീതീകരണങ്ങളില്ലെന്നു പറയാന്‍ കഴിയും, അങ്ങനെയൊരു പ്രസ്താവം അദ്ദേഹത്തിന്റേതായി ഇല്ലെങ്കിലും. മാതൃകാവ്യതിയാനത്തിനുമുമ്പ് മുയലുകളായിരുന്നവ അതിനുശേഷം കൊക്കുകളായി തീരുമെന്ന് തോമസ് കുണ്‍ പറയുന്നു. മാധവിക്കുട്ടിയില്‍ ഭാഗികമായെങ്കിലും അത് അങ്ങനെയല്ല. ഗുരുവായൂരിലെ തന്റെ ശ്രീകൃഷ്ണനെ തന്നോടൊപ്പം കൊണ്ടുപോന്നുവെന്നും അതിന് മുഹമ്മദ് എന്നു പേരിട്ടുവെന്നും അവര്‍ പറഞ്ഞു. മതമൂല്യവിചാരത്തില്‍, മതത്തിന്റെ ധനാത്മകവശങ്ങളെ കാണുകയും സര്‍വ്വമതസാരവുമേകം എന്നു കരുതുകയും ചെയ്യുന്നവളെയാണ് ഇവിടെ നാം കാണുക.

നമ്മുടെ കഥാനായികയുടെ മതപരിവര്‍ത്തനം കേരള സമൂഹത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. ഇതിനെ കുറിച്ച് പല രീതികളില്‍ കമല സംസാരിച്ചിട്ടുണ്ട്. കമലയുടെ ജീവിതത്തെ സാകല്യത്തില്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് കമല മതത്തെയോ മതജീവിതത്തെയോ കാര്യമായി ഗണിക്കുന്നതായി കാണാന്‍ കഴിയില്ല. മതങ്ങളെ ഭര്‍ത്സിക്കുന്ന വാക്കുകളും കവിതകളും കമല നേരത്തെ എഴുതിയിട്ടുണ്ട്.

മതങ്ങളെ നന്മയുടെ നിറകുടങ്ങളായി കാണാന്‍ കമലക്കു കഴിഞ്ഞിരുന്നതേയില്ല. മതപരിവര്‍ത്തനത്തിനുശേഷവും ഈ സമീപനം കമല തുടര്‍ന്നിരുന്നുവെന്നു വേണം കരുതാന്‍.

This then was not only inheritance, this ancient
Virus that we nurtured in the soul so
That where at sundown, the muezzin's high wail sound from
The mosque, the chapel bell announced the angelus, and
From the temple rose the brahmin's assonant chant, we
Walked with hearts grown scabrous with a hate. illogical
(The Inheritance)

ആത്മാവില്‍ ശുശ്രൂഷിച്ചു പരിപാലിക്കുന്ന
ഈ പ്രാക്തന വെറസ്
പിന്തുടര്‍ച്ചാപാരമ്പര്യം മാത്രമല്ല,
സൂര്യാസ്തമനത്തില്‍ പള്ളിമിനാരങ്ങളില്‍ നിന്നും
വിലാപം പോലെ ഉതിരുന്ന
മൊല്ലാക്കയുടെ ബാങ്കുവിളികള്‍. കുരിശുപള്ളികളിലെ
മാലാഖമാരുടെ മണിയൊച്ചകള്‍.
ക്ഷേത്രങ്ങളില്‍ നിന്നുയരുന്ന
ബ്രാഹ്‌മണരുടെ ആവര്‍ത്തിച്ചുറപ്പിച്ച
മന്ത്രോച്ചാരണങ്ങള്‍.
ഞങ്ങള്‍ നടന്നു, യുക്തിരഹിതം.
വിദ്വേഷം കൊണ്ടു
ചുരുണ്ട ഹൃദയങ്ങളുമായി.
(പൈതൃകം)

മതങ്ങളെ നന്മയുടെ നിറകുടങ്ങളായി കാണാന്‍ കമലക്കു കഴിഞ്ഞിരുന്നതേയില്ല. മതപരിവര്‍ത്തനത്തിനുശേഷവും ഈ സമീപനം കമല തുടര്‍ന്നിരുന്നുവെന്നു വേണം കരുതാന്‍. തന്റെ കനേഡിയന്‍ സുഹൃത്തായ മെറിലിയോട് അവര്‍ ഇങ്ങനെ പറയുന്നുണ്ട്: 'ഞാന്‍ മതത്തെ ഗൗനിക്കുന്നതേയില്ല. മതം എന്നാല്‍ വസ്ത്രം പോലെയാണ്. ഈ മുസ്‍ലിം വസ്ത്രം കണ്ടില്ലേ, അതു പോലെ.'
നിയാമകമായ നീതീകരണങ്ങളില്ലാത്ത വിചാരമാതൃകാവ്യതിയാനങ്ങളെ കുറിച്ചു പറയുന്ന കുണിനെ ഇതര രൂപത്തില്‍ പ്രസക്തമാക്കുന്നതാണ്, ഈ വാക്കുകള്‍. ഇങ്ങനെ പറയുന്നതിനു മുന്നേ എല്ലാ സത്യവുമെഴുതണമെന്ന് മെറിലിയോട് കമല നിര്‍ദ്ദേശിക്കുന്നുമുണ്ട്: 'പ്രണയത്തിനായി ഞാന്‍ എന്തുചെയ്തു എന്നെഴുതണം.' പ്രണയസാക്ഷാത്ക്കാരത്തിനായി താന്‍ എന്തും ചെയ്യുമെന്ന് മലബാറിലെ പ്രണയത്തിന്റെ രാജകുമാരി വ്യംഗ്യരൂപത്തില്‍ മെറിലിയോടു പറയുന്ന മുഹൂര്‍ത്തമാണിത്. അവരുടെ കൃതികളെന്ന പോലെ ജീവിതവും പ്രണയാന്വേഷണമായിരുന്നെന്ന് നന്നായി തെളിയുന്നു, ഇവിടെ.

സ്‌നേഹത്തെ അന്വേഷിച്ചുള്ള യാത്രയിലാണ്, ശ്വസനതാളത്തോടൊപ്പം നിങ്ങളുടെ മതത്തേയും അസ്വസ്ഥതയേതുമില്ലാതെ താന്‍ സ്വീകരിച്ചതെന്ന് കാമുകനോട് കമല പറയുന്നു, കവിതയില്‍

Love was the only religion
I ever recognized.
We arrive with love words,
it became even more relevant,
I made our anxieties mine,
the rhythm of your breathing,
the forgotten ache of your calloused feet
and then without unease
your religion too… (March of the Mercenaries)

ഞാന്‍ എപ്പോഴും തിരിച്ചറിഞ്ഞ ഒരേയൊരു മതം
സ്‌നേഹമായിരുന്നു.
സ്‌നേഹവാക്കുകളുമായി നാം എത്തുന്നു
അത് ഏറെ പ്രസക്തമായിരുന്നു.
ഞാന്‍ എന്റേതാക്കി
നമ്മുടെ ഉല്‍ക്കണ്ഠകളെ
നിങ്ങളുടെ ശ്വസനത്തിന്റെ താളം
തഴമ്പിച്ച പാദങ്ങളിലെ മറന്നുപോയ വേദന
എന്നിട്ട് അസ്വസ്ഥതയേതുമില്ലാതെ
നിങ്ങളുടെ മതവും
(കൂലിപ്പടയാളികളുടെ കവാത്ത്)

സ്‌നേഹത്തെ അന്വേഷിച്ചുള്ള യാത്രയിലാണ്, ശ്വസനതാളത്തോടൊപ്പം നിങ്ങളുടെ മതത്തേയും അസ്വസ്ഥതയേതുമില്ലാതെ താന്‍ സ്വീകരിച്ചതെന്ന് കാമുകനോട് കമല പറയുന്നു, ഈ കവിതയില്‍. തന്റെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളെയെല്ലാം കവിതയിലേക്കു പകര്‍ത്തിയവള്‍ മതപരിവര്‍ത്തനത്തിന്റെ സന്ദര്‍ഭത്തെയും ഒഴിവാക്കുന്നില്ല.

മറ്റ് വ്യാഖ്യാനങ്ങളുമാകാം. സന്ദിഗ്ദ്ധതകളും വൈരുദ്ധ്യങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ സര്‍ഗാത്മകമനസ്സില്‍ നിന്ന് പുറപ്പെട്ട ചില വാക്കുകളെ ചൂണ്ടി, ഇസ്‍ലാം മതത്തോടുള്ള ആഭിമുഖ്യത്തില്‍ നിന്നാണ് കമലയുടെ മതപരിവര്‍ത്തനം സംഭാവ്യമായതെന്നും വ്യാഖ്യാനിക്കാന്‍ കഴിയും. വൈധവ്യത്തെ അശുഭവും അശ്രീകരവും അസുന്ദരവുമായി കാണുന്ന ഒരു സംസ്‌കാരത്തോടുള്ള പ്രതിഷേധവും വൈധവ്യത്തിനു ശേഷവും ജീവിതത്തിന്റെ കാമനകളെ സ്വാഗതം ചെയ്യുന്ന, അതിന്റെ വിഹിതമായ പൂരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരത്തോടുള്ള താല്‍പ്പര്യവും ഈ മതംമാറ്റത്തിലുണ്ടായിരുന്നുവെന്ന് എം.എന്‍. കാരശ്ശേരി നിരീക്ഷിക്കുന്നുണ്ട്. കമലയുടെ മതം മാറ്റത്തിനുശേഷമുള്ള നാളുകളിലാണ് 'വണ്ടിക്കാളകള്‍' എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ പ്രസാധനത്തിനായി കമലയുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന ആഴ്ചപതിപ്പിന്റെ എഡിറ്റര്‍ കമല്‍ റാം സജീവിന്റെ നോട്ടത്തില്‍, ഈ മതംമാറ്റം ഏറെ പുരോഗനാത്മകവും എഴുത്തുകാരിയില്‍ സന്തുഷ്ടി നിറയ്ക്കുന്നതുമായിരുന്നു.

ഇസ്‍ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ, ഒരു നാലാപ്പാട്ടുകാരി എന്ന നിലയില്‍ തനിക്ക് ഇസ്‍ലാം സമുദായത്തോടുള്ള കടപ്പാട് തീര്‍ക്കുകയായിരുന്നുവെന്ന് കമല മെറിലിയോടു പറയുന്നുണ്ട്.

2014-ല്‍ ദേവിന്ദ്ര കോഹ്‍ലി സമാഹരിച്ച തെരഞ്ഞെടുത്ത കവിതകളില്‍ 2004 മെയ് മാസത്തില്‍ എഴുതിയ അന്നേവരെ അപ്രകാശിതമായിരുന്ന ഒരു കവിത വായിക്കാം.

He found himself woven
as silken woof
for the warp of my existence
A certain loom had worked
overtime, yes it was
Allah's handiwork
Neither his nor mine
(At God's Loom)

അവന്‍ സ്വയം നെയ്യുകയായിരുന്നു.
പട്ടുനൂലിന്റെ ഊടുകള്‍
എന്റെ അസ്തിത്വത്തിന്റെ പാവിനുവേണ്ടി
ഏറെ നേരം
സവിശേഷം ഒരു തറി
പ്രവര്‍ത്തിച്ചിരുന്നു
അതെ, അത് അല്ലാഹുവിന്റെ കരവിരുതായിരുന്നു.
അവന്റെയോ എന്റെയോ അല്ല
(ദൈവത്തിന്റെ തറിയില്‍)

കമലാസുരയ്യയുടെ മൂത്ത മകന്‍ എം.ഡി. നാലാപ്പാട് പറയുന്നത്, അമ്മയ്ക്ക് എഴുപതുകളുടെ പകുതി മുതലേ ഇസ്‍ലാം മതത്തോട് ആഭിമുഖ്യമുണ്ടായിരുന്നുവെന്നാണ്. ഇര്‍ഷാദ് അഹമ്മദ്, ഇംതിയാസ് അഹമ്മദ് എന്നിങ്ങനെ രണ്ടുപേരുടെ ജീവിതത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ തന്റെ അമ്മ വഹിച്ച പങ്കിനെ കുറിച്ച് എം.ഡി. നാലാപ്പാട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഇവരുടെ ഖുര്‍ആന്‍ പഠനത്തില്‍ തന്റെ അമ്മ സഹായിയായി പങ്കു ചേരുകയും ഇസ്‍ലാമിക ഗ്രന്ഥം ഇവരോടൊപ്പം അഭ്യസിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
എം.ഡി. നാലാപ്പാട്ട് ഇങ്ങനെ എഴുതുന്നു: ‘‘ക്ഷേത്രങ്ങളില്‍ പോകാതെയും താന്‍ ജനിച്ച മതത്തിലെ ആചാരങ്ങളില്‍ പങ്കുചേരാതെയും പതുക്കെയായിരുന്നു ആ മാറ്റം. പുറത്തുപോകുമ്പോള്‍ ഇടയ്ക്കിടെ ബുര്‍ഖ ധരിക്കുമായിരുന്നു. കുടുംബത്തിലെ ചില അംഗങ്ങളെ ബാധിക്കുമല്ലോ എന്ന കാരണത്താല്‍ അമ്മ തന്നെ അത് പുറത്തുപറയാതിരുന്നതാണ്. ഒരു ദിവസം അമ്മ എന്നെയും ഭാര്യ ലക്ഷ്മിയെയും വിളിപ്പിച്ചു. അമ്മ മതപരിവര്‍ത്തനം ആഗ്രഹിക്കുന്നു, പരസ്യമായി അതു പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് അമ്മയ്ക്ക് അറിയേണ്ടിയിരുന്നത്. മൂത്ത മകന്‍ എന്ന നിലയില്‍, അമ്മയ്ക്ക് എന്റെ അഭിപ്രായം അറിയേണ്ടതുണ്ടായിരുന്നു. ഒരു പ്രശ്‌നവുമില്ല എന്ന് ഞാനും ഭാര്യയും ഉറപ്പുനല്‍കി. അമ്മ വളരെയധികം സന്തോഷവതിയായി. അമ്മ പോയതിനുശേഷം എന്നെക്കുറിച്ച് പലരും മോശമായി എഴുതി. തിരിച്ച് ഹിന്ദുവായി എന്നു പറയാതിരിക്കാന്‍ ഞാന്‍ അമ്മയെ നിര്‍ബ്ബന്ധിച്ചു എന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്ക് വളരെ ദുഃഖം തോന്നി’’.
മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന കാര്യങ്ങളെ, പിതാക്കന്മാരെയും ഭര്‍ത്താക്കന്മാരെയും ആണ്‍മക്കളെയും പൂര്‍ണമായും അനുസരിക്കണമെന്ന ശാസനത്തെ തന്റെ അമ്മ ജീവിതാവസാനം വരെ നിരാകരിച്ചുവെന്നും മൂത്തമകന്‍ എഴുതിയിരിക്കുന്നു. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ പോരാടിയ ഒരു സ്ത്രീയെ, ദശലക്ഷക്കണക്കിനു സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് സ്ത്രീത്വത്തെ ശാക്തീകരിക്കാന്‍ കരുത്തേകിയ ഒരു വ്യക്തിയെ, എല്ലാത്തരം സ്വാധീനങ്ങള്‍ക്കും വിധേയപ്പെടുന്നവളായിട്ടാണ് മെറിലി വേസ്‌ബോഡിന്റെ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന അഭിപ്രായവും കമലയുടെ മൂത്തമകന്‍ പ്രകടിപ്പിക്കുന്നു. പ്രണയമായിരുന്നു കമലയെ ഇസ്‍ലാമിലേക്കു നയിച്ചതെന്ന മെറിലിയുടെ വ്യാഖ്യാനത്തെയും അദ്ദേഹം സ്വീകരിക്കുന്നില്ല.

മതപരിവര്‍ത്തനം മാധവിക്കുട്ടിക്ക് നിസ്സാരമായ ഒരു കാര്യമായിരുന്നു. പക്ഷേ, പുറംലോകത്തിനും പ്രബുദ്ധമെന്നു കരുതപ്പെടുന്ന കേരളത്തിന്റെ പൊതുബോധത്തിനും താങ്ങാനാവാത്ത ഉല്‍പ്പതിഷ്ണുത്വമായിരുന്നു അത്.

എന്നാല്‍, മെറിലി പ്രണയത്തിന്റെ കഥ മാത്രമല്ല എഴുതിയിരുന്നത്. ഇസ്‍ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ, ഒരു നാലാപ്പാട്ടുകാരി എന്ന നിലയില്‍ തനിക്ക് ആ സമുദായത്തോടുള്ള കടപ്പാട് തീര്‍ക്കുകയായിരുന്നുവെന്ന് കമല മെറിലിയോടു പറയുന്ന സന്ദര്‍ഭത്തെയും അവര്‍ എഴുതിയിട്ടുണ്ട്. കമല മെറിലിയോട് അമ്മുവിന്റെ കഥ പറയുന്നു. അയിത്തപ്പെട്ട നാലാപ്പാട്ടെ പെണ്ണ് അമ്മുവിന് അഭയം നല്‍കിയത് ഒരു മുസ്‍ലിം യുവാവായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അമ്മുവിനെ അവളുടെ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവത്രെ. താന്‍ ഈ രഹസ്യം നാലാപ്പാട്ടുള്ളവരോടു ചോദിക്കുമ്പോള്‍ അവര്‍ അതു മറക്കാന്‍ ഉപദേശിക്കുകയായിരുന്നുവെന്നും കമല പറയുന്നുണ്ട്. തനിക്ക് അമ്മുവിനു വേണ്ടി ഇസ്‍ലാം സമുദായത്തോടു കടപ്പാടു തീര്‍ക്കണമായിരുന്നു. കുട്ടികളുടെ നാടകത്തിന്റെ അരങ്ങില്‍ മുസ്‍ലിം സ്ത്രീയുടെ വേഷമണിഞ്ഞതിന് ശകാരിക്കുകയും സുരയ്യ എന്ന നടി ഒരു ചലച്ചിത്രത്തില്‍ ധരിച്ച ഗറാറ എന്ന ഇസ്‍ലാമിക വേഷം ധരിക്കാനുള്ള തന്റെ ആഗ്രഹം അനുവദിക്കാതിരിക്കുകയും ചെയ്ത അച്ഛന്റെ പാരമ്പര്യത്തോടുള്ള കമലയുടെ അബോധത്തിന്റെ പ്രതികാരവുമായിരിക്കാം അത്. 'തനിക്കാരെയാ വിശ്വാസം? ഗോയിന്നാരത്തെ തേവരെയാ അതോ സര്‍വ്വശക്തനായ അല്ലാഹുവിനെയോ. ആലോചിച്ചു പറയണം’- സ്‌കൂളിലെ കൂട്ടുകാരി കയ്യാവിയുടെ ചോദ്യവും കമലയുടെ മനസ്സില്‍ എക്കാലവും ഉണ്ടായിരുന്നിരിക്കണം. ലോകത്തിന്റെയും ജീവിതത്തിന്റെയും ബഹുസ്വരതയെ, സാമൂഹിക ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട ജനായത്തമൂല്യങ്ങളെ നമ്മുടെ എഴുത്തുകാരി അന്തരാ ഉള്‍ക്കൊണ്ടിരുന്നു. അതുകൊണ്ട് മതപരിവര്‍ത്തനം അവര്‍ക്ക് നിസ്സാരമായ ഒരു കാര്യമായിരുന്നു.
പക്ഷേ, പുറംലോകത്തിനും പ്രബുദ്ധമെന്നു കരുതപ്പെടുന്ന കേരളത്തിന്റെ പൊതുബോധത്തിനും താങ്ങാനാവാത്ത ഉല്‍പ്പതിഷ്ണുത്വമായിരുന്നു അത്. മാധവിക്കുട്ടി തന്നെ എഴുതുന്ന ജാനുവമ്മയുടെ വാക്കുകളായിരുന്നു പൊതുബോധത്തിന്റേത്. ‘കമലുട്ട്യേമക്ക് ഇങ്ങനൊരു പോഴത്തം പറ്റുംന്ന് ഞാന്‍ വിചാരിച്ചില്യ. പഠിച്ചുപഠിച്ചു പണിക്കരായീന്ന് അമ്മാമ പറയണ കേട്ടിട്ട്ണ്ട്’.
എന്നാല്‍, മാധവിക്കുട്ടിയുടെ ജാനുവമ്മ കാര്യത്തിന്റെ മറുവശം കൂടി കാണുന്നവളായിരുന്നു - 'അതു നാളെ നസ്ത്രാണിച്ചി ആയാലും ഞാന്‍ അതിനെ പര്യേസിയ്ക്കില്ല. നാളെ പൊറക്കെ വാലൊക്കെയായി ചട്ടേം ഇട്ട് പള്ളിയ്ക്ക് പുവ്വാണെങ്കി അതും അയ്‌ന്റെ ഇഷ്ടം. ബാക്കിള്ളോര്‍ക്ക് അതോണ്ടെന്താ ഗുണോം ദോഷോം?'

ലോകപ്രശസ്തയും മലബാറിലെ സവര്‍ണ്ണകുടുംബത്തിലെ അംഗവുമായ ഒരു എഴുത്തുകാരി ഇസ്‍ലാം മതം സ്വീകരിച്ചുവെന്നത് അധീശത്വത്തിനും യാഥാസ്ഥിതികത്വത്തിനും കിട്ടിയ വലിയൊരു പ്രഹരമായിരുന്നു. ഇവരുടെ പ്രതികരണങ്ങള്‍ ആദ്യന്തം അക്രമാസക്തമായിരുന്നു. കമലയ്ക്കു നേരെ നിരവധി വധഭീഷണികള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.

സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ അധികാര ശക്തികളുടെയും സിയോണിസത്തിന്റെയും ഹിന്ദുത്വവാദികളുടെയും ഒക്കെ നേതൃത്വത്തില്‍ ലോകമെമ്പാടും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍, ലോകപ്രശസ്തയും മലബാറിലെ സവര്‍ണ്ണകുടുംബത്തിലെ അംഗവുമായ ഒരു എഴുത്തുകാരി ഇസ്‍ലാം മതം സ്വീകരിച്ചുവെന്നത് അധീശത്വത്തിനും യാഥാസ്ഥിതികത്വത്തിനും കിട്ടിയ വലിയൊരു പ്രഹരമായിരുന്നു. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തോടുള്ള ഇവരുടെ പ്രതികരണങ്ങള്‍ ആദ്യന്തം അക്രമാസക്തമായിരുന്നു. കമലയ്ക്കു നേരെ നിരവധി വധഭീഷണികള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. ഹിന്ദുത്വയുടെ കേരളത്തിലെ സൈദ്ധാന്തികനായ പി. പരമേശ്വരന്‍ നടത്തിയ രണ്ടു പ്രസ്താവനകള്‍ ആ പ്രസ്ഥാനത്തിന്റെ അസഹിഷ്ണുതയെ നന്നായി വെളിവാക്കുന്നതായിരുന്നു. മതപരിവര്‍ത്തനത്തിന്റെ സമയത്ത് 'ഇസ്‍ലാമിനെ ദൈവം രക്ഷിക്കട്ടെ' എന്നും എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ 'പതിവ്രതാ പുരസ്‌കാരം വാസവദത്തയ്‌ക്കോ' എന്നും പ്രതികരിച്ച അദ്ദേഹം മലയാളത്തിന്റെ വിശ്വപ്രശസ്തയായ എഴുത്തുകാരിയെ തന്റെ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവഹേളിക്കുകയായിരുന്നു. കമല തീവ്രവാദികളായ ഇസ്‍ലാമിസ്റ്റുകൾക്ക് കീഴടങ്ങുകയാണെന്ന ആരോപണവും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തി. തസ്ലിമാ നസ്രിന്റെ ഇന്ത്യയിലെ സന്ദര്‍ശനത്തിനിടയില്‍ അവരെ കാണാന്‍ കമല ശ്രമിക്കാതിരുന്നത് ഇതു മൂലമാണെന്ന പ്രചരണങ്ങളുമുണ്ടായിരുന്നു. കമലയുടെ വീടിനു കാവലാളുകളായി സുരക്ഷാഭടന്മാരെ സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടിവന്നു. അവര്‍ പുറത്തിറങ്ങുമ്പോഴും സുരക്ഷാഭടന്മാര്‍ ആവശ്യമായിരുന്നു. എന്‍.ഡി.എഫ് എന്ന സംഘടനയുടെ അംഗങ്ങളും കമലയുടെ സുരക്ഷയ്ക്കായി ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരോടും മറ്റും സംസാരിക്കുന്നതില്‍ നിന്നും കമലയ്ക്ക് സര്‍ക്കാര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി.

38 വയസ്സുള്ള സാദിഖ് അലി എന്ന യുവാവുമായുള്ള പ്രണയത്തിന്റെ തുടര്‍ച്ചയിലാണ് കമല മതപരിവര്‍ത്തനം പ്രഖ്യാപിക്കുന്നതെന്നാണ് മെറിലി വേസ്‌ബോഡ് എഴുതുന്നത്. സാദിഖ് അലി കമലയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. 1999 ഡിസംബര്‍ 16-ാം തീയതി ലളിതമായ ഒരു ചടങ്ങില്‍ വച്ചായിരുന്നു അത്. കമലാസുരയ്യ എന്ന പേരും അവര്‍ സ്വീകരിച്ചു. ഇതിനു മുന്നേ സാദിഖ് അലിയുമായി കമല നിരന്തരം ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും ലൈംഗികബന്ധം പുലര്‍ത്തിയിരുന്നുവെന്നും കമലയെ ഉദ്ധരിച്ച് മെറിലി എഴുതുന്നു. പില്‍ക്കാലത്ത്, മാധവിക്കുട്ടിയെ കുറിച്ച് കമലിന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ആമി എന്ന ചലച്ചിത്രം ഈ കാര്യത്തെയും ചിത്രണം ചെയ്യുന്നുണ്ട്. സാദിഖ് അലി എന്നത് വ്യാജനാമമാണെന്നും കമലയുടെ കാമുകന്‍ മലബാറിലെ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവാണെന്നും കരുതുന്നവരുമുണ്ട്. ഇയാള്‍ കമലയ്ക്ക് പാര്‍ലമെന്റംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. കമലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് ഇയാള്‍ വിദേശസംഘടനകളില്‍ വലിയ തുക കൈപ്പറ്റിയെന്ന ആരോപണം ഹൈന്ദവസംഘടനകളും മലബാറിലെ ഒരു സാംസ്‌കാരികപ്രവര്‍ത്തകനായ എ.പി. അഹമ്മദും ഉന്നയിച്ചിരുന്നു. എന്തായാലും, കമലയുടെ പ്രണയം വിവാഹത്തിലേക്ക് നയിക്കപ്പെട്ടില്ല. അതില്‍ കമല വേദനിച്ചിരുന്നുവെന്നാണ് മെറിലി എഴുതുന്നത്. കമലയുടെ മേലുദ്ധരിച്ച കവിതയില്‍ നിന്ന് ഈ വരികള്‍ കൂടി വായിക്കാം.

Where is the paradise
we together dreamt of,
gardens filled with nightingales' song
angels sliding down the blue skies?
I do not anymore hold you
in my arms. An ache lives within,
an ache that does not seem to die...
(March of the Mercenaries)

നാം ഒരുമിച്ചു സ്വപ്നം കണ്ട
പറുദീസ എവിടെയാണ്?
വാനമ്പാടികളുടെ പാട്ടുകള്‍ നിറഞ്ഞ
പൂന്തോപ്പുകള്‍?
നീലാകാശത്തിലൂടെ തെന്നിനീങ്ങുന്ന മാലാഖമാര്‍?
എന്റെ കരങ്ങളില്‍
ഇനി ഞാന്‍ നിന്നെ ചേര്‍ത്തുപിടിക്കില്ല.
ഒരു വേദന ഉള്ളില്‍ നിറയുന്നു,
ഒരിക്കലും ശമിക്കില്ലെന്നു തോന്നുന്ന ഒരു വേദന... (കൂലിപ്പടയാളികളുടെ കവാത്ത്)

മതംമാറ്റത്തിനു ശേഷം, ചന്ദ്രിക ദിനപ്പത്രവും മഹിളാചന്ദ്രിക മാസികയും ചേര്‍ന്നു സംഘടിപ്പിച്ച ഒരു യോഗത്തില്‍ കമലാസുരയ്യ പങ്കെടുക്കുമ്പോള്‍ അവരോടൊപ്പം മെറിലിയുമുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനുമുമ്പ് എന്‍.ഡി.എഫിന്റെ യോഗത്തില്‍ പങ്കെടുക്കണമെന്ന സമ്മര്‍ദ്ദം കമലയുടെ മേലുണ്ടായിരുന്നുവെന്ന് തന്റെ അനുഭവസാക്ഷ്യമായി മെറിലി പറയുന്നുണ്ട്.

38 വയസ്സുള്ള സാദിഖ് അലി എന്ന യുവാവുമായുള്ള പ്രണയത്തിന്റെ തുടര്‍ച്ചയിലാണ് കമല മതപരിവര്‍ത്തനം പ്രഖ്യാപിക്കുന്നതെന്നാണ് മെറിലി വേസ്‌ബോഡ് എഴുതുന്നത്.

ചന്ദ്രിക ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോടു നടന്ന യോഗത്തില്‍ കമലയെ കാണാനും കേള്‍ക്കാനും ധാരാളം സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരുന്നു. കമല അവരെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞു. ജന്മനാട്ടില്‍ മതംമാറ്റത്തിന്റെ അസ്വാരസ്യങ്ങള്‍ അടങ്ങിയ ഒരു സന്ദര്‍ഭത്തില്‍, കമല പര്‍ദ്ദയുമണിഞ്ഞ് വീണ്ടും നാലാപ്പാട്ട് സന്ദര്‍ശിക്കുന്നുണ്ട്. പുന്നയൂര്‍ക്കുളത്തേക്കുള്ള ഈ യാത്രയിലും മെറിലി അവരോടൊപ്പമുണ്ടായിരുന്നു. നാലാപ്പാട്ടേക്കുള്ള മനുഷ്യരൂപത്തിലുള്ള അവസാനസന്ദര്‍ശനമാണിതെന്ന് അവിടെവച്ച് അവര്‍ പറഞ്ഞു. ഒരു നീലപ്പൊന്മാനായി ഇവിടെ ഇനിയും വരുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തന്റെ വീതത്തിലുണ്ടായിരുന്ന നാലാപ്പാട്ടെ സ്ഥലം കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി കമല നല്‍കി. അക്കാദമി ഈ സ്ഥലമേറ്റെടുക്കുന്ന സന്ദര്‍ഭത്തിലും ഹിന്ദുത്വവാദികള്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍, അവിടെ കമലാസുരയ്യ സ്മാരകമുണ്ട്. അത് ശോചനീയമായ അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം കെ.പി. നിര്‍മല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

കമലയുടെ അവസാനകാലങ്ങളില്‍, ഇളയമകന്‍ ജയസൂര്യയോടൊപ്പം പൂനയിലായിരുന്നു അവര്‍ താമസിച്ചത്. 2009 മെയ് 31ന് കമലാസുരയ്യ അന്തരിച്ചു. മൃതദേഹം സംസ്‌കരിക്കുന്ന സമയത്തും ഹിന്ദുത്വവാദത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. കമലയുടെ മൃതദേഹം എന്തുചെയ്യുമെന്നത് ഒരു തര്‍ക്കപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചു. എം.ഡി. നാലാപ്പാട്ട് ഇങ്ങനെ എഴുതുന്നു: ‘‘അമ്മയുടെ അവസാനമായി എന്നു തിരിച്ചറിവില്‍ ആ മുഖത്തേക്കു നോക്കുമ്പോള്‍ എന്റെ കണ്ണു നിറയും. അമ്മ അതും നോക്കി കിടക്കും, പിന്നെ കയ്യില്‍ പിടിക്കാന്‍ ശ്രമിക്കും. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമമാണ്. ജഹാംഗീര്‍ ഹോസ്പിറ്റലില്‍ എന്റെ ഭാര്യ ലക്ഷ്മിയും ജയസൂര്യയുടെ ഭാര്യ ദേവിയും അമ്മയ്ക്ക് മാറിമാറി കൂട്ടിരുന്നു.

മല സുരയ്യ മലയാളികള്‍ക്ക് ഇപ്പോഴും ഒരു ദുരൂഹസമസ്യയാണ്. അവരെ അപരിചിതത്വത്തോടെ നോക്കുന്നവരാണ് ഏറെയും.

അമ്മയുടെ കവിതകള്‍ ലക്ഷ്മി ചൊല്ലിക്കേള്‍പ്പിച്ചു കൊടുക്കും. ...ആര്യോഗ്യനില വഷളായിക്കൊണ്ടിരിക്കേഅമ്മ പറഞ്ഞു; 'എന്നെ ചുടാന്‍ പാടില്ല’. അത്രകാലവുമില്ലാത്ത ഗൗരവം അമ്മയുടെ മുഖത്തുണ്ടായിരുന്നു, അതുപറയുമ്പോള്‍. ലക്ഷ്മി പുറത്തുവന്ന് അമ്മ സംസാരിച്ചതിനെ കുറിച്ചു പറഞ്ഞു. അമ്മയുടെ ആജ്ഞയായി ഞാന്‍ അതു സ്വീകരിച്ചു. രണ്ടു ദിവസം കൂടി അമ്മ അസുഖങ്ങളോട് മത്സരിച്ചു. ...അമ്മയുടെ ഭൗതികശരീരം ഏത് ആചാരപ്രകാരം സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് സംസാരമുണ്ടായി. മൂത്ത മകനെന്ന നിലയില്‍ എന്റെ തീരുമാനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. അമ്മയുടെ ആജ്ഞ അനുസരിക്കുക എന്നതാണ് മകനെന്ന നിലയിലുള്ള എന്റെ കടമ. അതു ഞാന്‍ നിറവേറ്റി’’.

മല സുരയ്യ മലയാളികള്‍ക്ക് ഇപ്പോഴും ഒരു ദുരൂഹസമസ്യയാണ്. അവരെ അപരിചിതത്വത്തോടെ നോക്കുന്നവരാണ് ഏറെയും. സ്വാതന്ത്ര്യത്തിന്റെ മഹനീയത മനസ്സിലാകാത്ത സമൂഹമാണോ ഇത്? എപ്പോഴും നിയന്ത്രണങ്ങളിലും പരിമിതികളിലും സ്വയം തളച്ചിടാന്‍ ആഗ്രഹിക്കുന്നവര്‍! കമലാസുരയ്യ മാറിയുടത്തു പരീക്ഷിച്ച ഉടുപുടവകള്‍കണ്ട് ഇപ്പോഴും ഭയക്കുന്നവര്‍. അങ്ങനെയെങ്കില്‍ തന്നെയും, ചിലര്‍ക്കെങ്കിലും സ്വയം വിമര്‍ശനാത്മക പരീക്ഷണങ്ങളില്‍ കമലയുടെ ജീവിതം പാഠവും ആശ്രയവുമാണ്. കമലാസുരയ്യയെ പരിചയമായി തുടങ്ങുകയും അവര്‍ക്കൊപ്പം നടക്കാന്‍ ശീലിക്കുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മാവബോധത്തിന്റെയും വഴിയിലാണെന്നു ഉറപ്പിക്കാം.

അവലംബം:

1. The Structure of Scientific Revolutions - Thomas S Kuhn, University of Chicago Press, 2012.
2. https://www.mathrubhumi.com/literature/features/md-nalapat-writes-about-her-mother-kamaladas-alias-kamala-surayya-1.7565042.
3. Wages of Love - Kamala Das, Harper Collins, India, 2013.
4. The Love Queen of Malabar: Merilly Weisboard, McGill-Queen's University Press 2010.
5. Selected Poems - Kamala Das, Penguin Books, India, 2014.

(അവസാനിച്ചു)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments