ആദർശവാദികളുടെ മകൾ

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം. ‘നീർമാതളത്തിന്റെ പൂവ്’ എന്ന പരമ്പരയുടെ നാലാം ഭാഗം.

ഭാഗം നാല്:

ഗാന്ധിയൻ ജീവിതരീതി സ്വീകരിച്ചിരുന്ന രക്ഷകർത്താക്കളുടെ ശിക്ഷണത്തിൽ വളരുന്ന മാധവിക്കുട്ടി കടുത്ത നിറങ്ങളുടേയും ആർഭാടത്തിന്റേയും ആരാധികയായിരുന്നു. എന്നാൽ, ബാല്യത്തിലും കൗമാരത്തിലും അവൾക്ക് നിറങ്ങളുടെ ലോകം നിഷേധിക്കപ്പെടുന്നു. അച്ഛന്റേയും അമ്മയുടേയും ആദർശങ്ങൾക്കനുസരിച്ചു ജീവിക്കാൻ അവൾ നിർബ്ബന്ധിക്കപ്പെടുന്നു.

‘ആമിക്കു പട്ടുകുപ്പായം വേണന്നോ? ആയ് ആയ് ആയ് ഡിസ്‌ഗ്രേസ്ഫുൾ. നീ ആരടെ കുട്ടിയാ? നിന്റെ അച്ഛനും അമ്മയും പട്ട് ഉപയോഗിക്കില്ലല്ലോ? നിന്റെ അമ്മയെ കണ്ട് പഠിക്ക്. അമ്മ ഖദർ സാരി മാത്രമല്ലേ ഉട്ക്ക്ണ്? അമ്മ പട്ടുസാരി ഉടുക്കണത് നീ കണ്ടിട്ടുണ്ടോ? ആഡംബരഭ്രമം നന്നല്ല’.

‘എനിക്കു ചോന്ന സിൽക്ക് ഫ്രോക്ക് വേണം’, ഞാൻ പറഞ്ഞു.

‘ചോന്ന സിൽക്ക് ഫ്രോക്കോ? നീ നാടകത്തില് രാജാപ്പാർട്ട് കെട്ടാൻ പോകുന്നുണ്ടോ? ഛെ. എന്റെ മകള് ചോന്ന സിൽക്ക് കുപ്പായോം ഇട്ടു നടക്കണതു കണ്ടാൽ ആളള് എന്താ വിചാരിക്ക്വാ?’

മാധവിക്കുട്ടിയും ബാലാമണിയമ്മയും

ജീവിതം കുറച്ചുകൂടി പകിട്ടുള്ളതായിക്കഴിഞ്ഞാൽ അതൊരുത്സവമായിത്തീരുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്ന് 'എന്റെ കഥ' എന്ന ആദ്യകാല കൃതിയിൽ തന്നെ മാധവിക്കുട്ടി എഴുതുന്നുണ്ട്.
‘തീവ്രമായ സാരള്യം ജീവിതരീതിയാക്കാൻ എന്റെ മാതാപിതാക്കന്മാരെ പഠിപ്പിച്ച മഹാത്മാഗാന്ധിയെ ഞാൻ നിശ്ശബ്ദമായിട്ടെങ്കിലും ശപിച്ചു’.
എല്ലാ കാമനകളേയും അടക്കി ആദർശവും ലാളിത്യവും നിലനിർത്തി ജീവിക്കുന്ന തന്റെ അമ്മയുടെ സ്ഥിതിയിൽ അവർക്കു സഹതാപവുമുണ്ടായിരുന്നിരിക്കണം. എന്നാൽ, വളരെ സാത്വികമായ ജീവിതം നയിച്ച തന്റെ അമ്മയ്ക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ അതു തുറന്നു പറയുന്നതിനോ ഓർമക്കുറിപ്പുകളിൽ എഴുതുന്നതിനോ മാധവിക്കുട്ടി തയ്യാറാകുന്നില്ല. എന്നാൽ, ഇതിനോട് മറ്റൊരു രീതിയിൽ പ്രതികരിച്ച് തന്റെ കാമനകളോടും ധിഷണയോടും അവർ സത്യസന്ധത പാലിക്കുന്നു. 'മീനാക്ഷിയമ്മയുടെ മരണം' എന്ന കഥ അവർ എഴുതുന്നു. കഥയിലെ മീനാക്ഷിയമ്മയ്ക്ക് മാധവിക്കുട്ടിയുടെ അമ്മയും മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട കവിയുമായ ബാലാമണിയമ്മയോട് സഹൃദയരായ മലയാളി വായനക്കാർക്ക് സാദൃശ്യം തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. കഥയിലെ മീനാക്ഷിയമ്മ നാലാപ്പാട്ടെ ബാലാമണിയമ്മയാണെന്നു പറയുകയല്ല, എന്നാൽ മീനാക്ഷിയമ്മയുടെ ചിത്രണത്തിൽ ബാലാമണിയമ്മയുടെ ജീവിതം പ്രേരണയായിട്ടുണ്ടെന്നതു നിസ്സംശയമാണ്. ജീവിതസ്വപ്നങ്ങളെയും കാമനകളെയും നിഷേധിക്കുന്ന ആദർശവാദത്തിന്റെ ഫലരാഹിത്യത്തെ എഴുതുന്ന കഥയാണത്.

ആദർശവാദത്തിന്റെ നിസ്സഹായതകളെ കുറിച്ച്, അതിന്റെ യാഥാർത്ഥ്യമെന്താണെന്ന് മാധവിക്കുട്ടി ഇതരവാക്കുകളിൽ തെളിച്ചുപറയുന്നു. അത് ആദർശവാദത്തിന്റെ നാട്യങ്ങൾക്കെതിരെ നിൽക്കുന്നു.

മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണം' എന്ന കഥ ഒരു ആദർശവാദിയുടെ ജീവിതാന്ത്യത്തെയാണ് ചിത്രീകരിക്കുന്നത്. മീനാക്ഷിയമ്മ ഗാന്ധിയൻ ആദർശങ്ങളിൽ അചഞ്ചലമായി വിശ്വസിച്ച് ജീവിതം നയിച്ചവളാണ്. മഹാത്മജി ഗുരുവായൂർ തൊഴാൻ വന്നപ്പോൾ, മീനാക്ഷിയമ്മ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് ഊരിക്കൊടുത്തു. പിന്നെ, ഒരിക്കലും സ്വർണം ധരിച്ചിട്ടില്ല. പതിനഞ്ചാം വയസ്സിൽ ഖദർ ഉടുത്തുതുടങ്ങി. എൺപത്തേഴാം വയസ്സിലും ഖദർ തന്നെ വേഷം. നാടിന്റെ അഭിമാനമായി, ഗാന്ധിയൻ ആദർശവാദത്തിന്റെ പ്രതീകമായി നാട്ടിലെ പ്രമാണികളുടെ വാക്കുകളിലൂടെ നായിക അവതരിപ്പിക്കപ്പെടുന്നു. നായികയുടെ ആദർശം സാമാന്യം ദീർഘമായി തന്നെ കഥയിൽ വിസ്തരിക്കപ്പെടുന്നുണ്ട്. ഇപ്പോൾ, മീനാക്ഷിയമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്.

‘ഇനി രക്ഷപ്പെടില്ല. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു’.

ഇഹലോകത്തോടുളള എല്ലാ കെട്ടുകളും അഴിയുകയാണ്. ഗാന്ധിയൻ ആദർശങ്ങൾക്കു വേണ്ടി പച്ച ജാക്കറ്റും ആഭരണങ്ങളും ഉപേക്ഷിച്ചവൾ, മനസ്സിന്റെ ഉള്ളിന്റെയുളളിൽ അവയെ എപ്പോഴും അഭിലഷിച്ചിരുന്നു. അടക്കിപ്പിടിച്ച ഈ കാമനകൾ പുറത്തേക്ക് പ്രവഹിക്കുകയാണ്.

ഗാന്ധിയൻ ആദർശങ്ങൾക്കു വേണ്ടി പച്ച ജാക്കറ്റും ആഭരണങ്ങളും ഉപേക്ഷിച്ചവൾ, മനസ്സിന്റെ ഉള്ളിന്റെയുളളിൽ അവയെ എപ്പോഴും അഭിലഷിച്ചിരുന്നു.

‘വല്യമ്മയ്ക്ക് എന്തോ മോഹം?’, രമണി ചോദിച്ചു.
രോഗിണിയുടെ കണ്ണുകൾ വികസിച്ചു.
‘പച്ച ജാക്കറ്റിടാൻ മോഹാ’, രോഗിണി മന്ത്രിച്ചു. ‘വല്യമ്മയ്ക്ക് എന്താ വേണ്ടേ?എന്തു വേണമെങ്കിലും തരാം’.
‘പാലയ്ക്കാ മോതിരം’, രോഗിണി പറഞ്ഞു.
‘മീനാക്ഷിയേടത്തിക്ക് വല്ലതും വേണോ’, അപ്പുക്കുട്ടൻ നായർ സസ്‌നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകൾ ജ്വലിച്ചു. അവരുടെ ചുണ്ടുകൾ വിറച്ചു.
‘പച്ച ജാക്കറ്റ്. പാലയ്ക്കാ മോതിരോം. പിന്നെ ഒന്നും വേണ്ട’.

മീനാക്ഷിയമ്മയുടെ ആദർശ ജീവിതത്തെക്കുറിച്ച് അറിയാവുന്ന നാട്ടുകാർക്ക് ഇത് പിച്ചും പേയും പറച്ചിലായി തോന്നുന്നുണ്ട്. എന്നാൽ, മനസ്സിന്റെ അടിത്തട്ടിൽ നിന്നു വരുന്ന അഭിലാഷപ്രകടന ങ്ങളാണിതെന്ന് കഥാകാരിയിലൂടെ വായനക്കാർ ഉറപ്പിക്കുന്നു. പ്രശ്‌നങ്ങളുടെ ഇരുവശവും കാണുന്ന യുക്തിചിന്ത മാധവിക്കുട്ടിയെ നയിച്ചിരുന്നു. ചിലപ്പോഴെങ്കിലും ആദർശബോധത്തിന്റെ നിരർത്ഥകതയെ വിവൃതമാക്കുന്നതിന് അതു സഹായകമായി. തന്റെ അമ്മമ്മയിൽ നിന്നും അമ്മയിൽ നിന്നും സൗന്ദര്യത്തിന്റെയും സഹജീവനത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ സ്വായത്തമാക്കിയ കമല ആദർശവാദത്തിന്റെ നിരർത്ഥകതയെ മനസ്സിലാക്കുകയും അതിനെ തന്റെ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കാൻ ഉറപ്പിക്കുകയും ചെയ്തു.
'എന്റെ കഥ'യിലെ ഈ വാക്യങ്ങൾ കൂടി ഓർക്കുക: ‘വടക്കേ അറയുടെ വാതിൽപ്പടി മേൽ ഒരു രഹസ്യമെന്ന പോലെ ഒരു കണ്ണാടിത്തുണ്ട് വേലക്കാരി ഒളിച്ചു വച്ചിരുന്നു. കണ്ണാടി നോക്കി രസിക്കൽ ദുരഭിമാനം പ്രദർശിപ്പിക്കലാണെന്ന് നാലാപ്പാട്ടുള്ളവർ വിശ്വസിച്ചു. അവനവന്റെ രൂപത്തെ പറ്റിയുള്ള മനഃപൂർവ്വം വളർത്തിക്കൊണ്ടു വന്ന ആ അശ്രദ്ധയും ദുരഭിമാനത്തിന്റെ ഒരു വകഭേദമാണെന്ന് അവർ അറിഞ്ഞില്ല. മനുഷ്യർക്കു സാധാരണയുള്ള ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ഒരാൾ ദൈവത്തെ കബളിപ്പിക്കുവാനാണ് ശ്രമിക്കുന്നത്’.
തന്റെ കാമനകളെ തുറന്നെഴുതിയ നമ്മുടെ കഥാനായിക സദാചാരനിഷ്ഠരായ മാതാപിതാക്കളുടെ കുട്ടിയായി താൻ ജനിച്ചതെങ്ങനെയാണെന്ന് അത്ഭുതപ്പെടുകയും ചെയ്യുന്നുണ്ട്. സ്‌ത്രൈണകാമനകളെ തുറന്നെഴുതുമ്പോഴും ധർമ്മാധർമ്മവിചാരങ്ങളിലേക്കു പോകുന്ന മനസ്സ് മാധവിക്കുട്ടിക്കുണ്ടായിരുന്നു. സ്‌ത്രൈണകാമനകൾ ആദർശവാദത്തേയും മഹാത്മാഗാന്ധിയുടെ അനാസക്തിയേയും പ്രതിക്കൂട്ടിലാക്കുമ്പോൾ ധർമ്മാധർമ്മവിചാരങ്ങളിലൂടെ അവയോട് സഹതാപമോ കരുണയോ പ്രകടിപ്പിക്കുന്നു.

ആദർശം മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും വേണ്ടിയാകുന്നതിനു പകരം ഇവ ആദർശത്തിനു വേണ്ടിയായിത്തീരുന്ന അവസ്ഥയെയാണ് മാധവിക്കുട്ടി തന്റെ ധിഷണയും വിവേകവും കൊണ്ട് ആക്രമിക്കുന്നത്.

കേവല മൂല്യങ്ങളെക്കുറിച്ചുളള സങ്കൽപ്പനങ്ങളിൽ മുഴുകിയിരിക്കുന്ന ആദർശവാദി തനിക്കുവേണ്ടി ഒരു സവിശേഷലോകം നിർമിച്ചെടുക്കുന്നു. ഈ അന്തർലോകത്തിൽ യഥാർത്ഥ ലോകത്തിന്റെ ചലനനിയമങ്ങൾ അന്യമായി മാറിനില്ക്കുന്നു. ആദർശവാദത്തിന്റെ ഈ സവിശേഷലോകം ഒരു തടവറയാണ്. ആദർശവാദി ഈ തടവറയ്ക്കുളളിൽ സ്വയം അടച്ചിടുന്നു. സ്വയം വരിച്ച പാരതന്ത്ര്യത്തിന്റെ സഹനത്തിലൂടെ ദിവ്യത്വം പ്രഖ്യാപിക്കുന്നു. ചില ആദർശവാദികളിൽ അഹന്ത നിറഞ്ഞുനില്ക്കുന്നതും നാം അറിയുന്നു. അയവില്ലാത്ത ഒരു മനോഘടന തനിയെ രൂപം കൊളളുന്നു. അതിസ്വകാര്യതയുടേയും മസോക്കിസത്തിന്റേയും മൂലകങ്ങളെ പ്രദർശിപ്പിക്കുന്നു. ഗാന്ധിയിൽ ഹിറ്റ്‌ലറേക്കാളും ഹിംസയുണ്ടെന്ന സിസെക്കിന്റെ നിരീക്ഷണത്തിന്റെ സ്രോതസ്സ് ഇതു കൂടി ആയിരിക്കണം. ആദർശവാദത്തിന്റെ നിസ്സഹായതകളെ കുറിച്ച്, അതിന്റെ യാഥാർത്ഥ്യമെന്താണെന്ന് മാധവിക്കുട്ടി ഇതരവാക്കുകളിൽ തെളിച്ചുപറയുന്നു. അത് ആദർശവാദത്തിന്റെ നാട്യങ്ങൾക്കെതിരെ നിൽക്കുന്നു. ആദർശവാദത്തിന്റെ നിഷ്ഫലതയെ കാരുണ്യലേശമന്യേ തെളിച്ചു കാണിക്കുന്നു. ആദർശവാദത്തിനെതിരായ ആഖ്യാനം മൂല്യബോധചിന്തകളെ അനാദരിക്കുന്നതല്ല. മൂല്യങ്ങളെ കേവലമായി കാണുന്ന വീക്ഷണത്തെയാണ് അത് ആക്രമിക്കുന്നത്. ആദർശം മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും വേണ്ടിയാകുന്നതിനു പകരം ഇവ ആദർശത്തിനു വേണ്ടിയായിത്തീരുന്ന അവസ്ഥയെയാണ് മാധവിക്കുട്ടി തന്റെ ധിഷണയും വിവേകവും കൊണ്ട് ആക്രമിക്കുന്നത്.

തന്റെ അമ്മമ്മയിൽ നിന്നും അമ്മയിൽ നിന്നും സൗന്ദര്യത്തിന്റെയും സഹജീവനത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ സ്വായത്തമാക്കിയ കമല ആദർശവാദത്തിന്റെ നിരർത്ഥകതയെ മനസ്സിലാക്കുകയും അതിനെ തന്റെ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കാൻ ഉറപ്പിക്കുകയും ചെയ്തു.

അമ്മയുടെ ശാരീരികദൗർബ്ബല്യങ്ങളെ കുറിച്ച് പലയിടങ്ങളിലായി മകൾ എഴുതുന്നുണ്ട്. നാഗരികപരിഷ്‌കാരങ്ങൾ ശീലിക്കാനും ബാലാമണിയമ്മയ്ക്കു കഴിഞ്ഞിരുന്നില്ല. ആംഗലഭാഷ സംസാരിക്കുമ്പോൾ അമ്മയ്ക്ക് തപ്പൽ അനുഭവപ്പെട്ടിരുന്നു. ഒരിക്കൽ വീട്ടിൽ സരോജിനിനായിഡു വന്നപ്പോളെടുത്ത അമ്മയോടോപ്പം സെറ്റിയിലിരിക്കുന്ന ചിത്രം കാണുന്ന മാധവിക്കുട്ടിക്കു തോന്നുന്നത് അമ്മ ഒന്നും സംസാരിക്കാൻ മെനക്കെട്ടിരിക്കില്ല എന്നാണ്. ആ കോട്ടം അച്ഛൻ തീർത്തിരിക്കാമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. അമ്മ മൗനം കൊണ്ടു കൂടിയാണ് സൽപ്പേരു നേടിയതെന്നു പറയാൻ മാധവിക്കുട്ടി പ്രേരിതയാകുന്നു. എന്നാൽ, സംസ്‌കാരസമ്പന്നകളായ മിത്രങ്ങളുടെ മുന്നിൽ വച്ച് ‘രതിമൂർച്ഛയോ? അങ്ങനെ യാതൊന്നും ഞാൻ അനുഭവിച്ചിട്ടില്ല’ എന്നു പറയുന്ന അമ്മയെ കുറിച്ചും അവർ എഴുതിയിരിക്കുന്നു. ശൃംഗാരം എന്ന വാക്കിന്റെ അർത്ഥം അമ്മ അറിഞ്ഞതേയില്ല എന്നു കൂടി എഴുതുന്നു.

താൻ ജീവിച്ച ജീവിതത്തിലെ സ്ത്രീ ആയിരുന്നുവോ ബാലാമണിയമ്മയുടെ കവിതകളിലെ സ്ത്രീ?

അമ്മയും അച്ഛനും ചേർച്ചയില്ലാത്ത ദമ്പതികളായിരുന്നുവെന്നാണ് കമല മനസ്സിലാക്കുന്നത്. പക്ഷേ, അവരെ ആദർശദമ്പതികളായിട്ടാണ് പുറത്തുള്ളവർ കരുതിയിരുന്നത്. അമ്മയുടെ ആത്മീയതയിലുള്ള താൽപ്പര്യങ്ങളാണ് അവരുടെ സ്വരചേർച്ചയില്ലായ്മയ്ക്കു കാരണമായതെന്ന ഒരു നിരീക്ഷണവും മകളുടേതായിട്ടുണ്ട്. അമ്മയുടെ ലളിതമായ കവിതകൾ ഉറക്കെ ചൊല്ലുമായിരുന്ന അച്ഛൻ തത്ത്വചിന്താപരമായ കവിതകളുടെ പേരിൽ അസഹിഷ്ണുത കാണിച്ചു. ബാലാമണിയമ്മയുടെ ചിന്തയിൽ അമ്മാവനായ നാരായണമേനോനുള്ള സ്വാധീനത്തിന്റെ പേരിൽ പോലും കലഹങ്ങളുണ്ടാകുന്നു. കമലയുടെ വാക്കുകൾക്കു ശേഷവും നമ്മുടെയെല്ലാം ഉപബോധമനസ്സുകളിൽ ഇപ്പോഴും ബാലാമണിയമ്മയും വി എം നായരും ആദർശശദമ്പതികളായി തുടരുകയും ചെയ്യുന്നു.

താൻ ജീവിച്ച ജീവിതത്തിലെ സ്ത്രീ ആയിരുന്നുവോ ബാലാമണിയമ്മയുടെ കവിതകളിലെ സ്ത്രീ? വി. എം. നായർ ഇഷ്ടപ്പെട്ട ലളിതകവിതകളെയും പല മലയാളികളും കൊണ്ടാടിയ മാതൃത്വത്തെ കുറിച്ചുള്ള കവിതകളെയും ചൂണ്ടി ഈ ചോദ്യത്തോട് ധനാത്മകമായി പ്രതികരിക്കുന്നവർ ഉണ്ടാകണം. എന്നാൽ, കൂട്ടിൽ നിന്ന് പറന്നു പോകാനാഗ്രഹിച്ചിരുന്ന ഒരു കിളി കൂടി ബാലാമണിയമ്മയിലുണ്ടായിരുന്നുവെന്നു വേണം കരുതാൻ. ചിലപ്പോഴെങ്കിലും ഈ മനോഭാവം തീവ്രരൂപങ്ങൾ ആർജ്ജിക്കുകയും ചെയ്തിരിക്കണം.

ബാലാമണിയമ്മ

‘സാന്ധ്യരാഗം നഭസ്സിൽ പരക്കുമ്പോൾ
ശാന്തിയറ്റെൻ മനസ്സു പിടയ്ക്കുന്നു
വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ, ഞാ-
നൊട്ടു വാനിൽ പറന്നു നടക്കട്ടെ’. ('വിട്ടയയ്ക്കുക' - ബാലാമണിയമ്മ) എന്ന വരികൾ ഇതിനുള്ള സാക്ഷിമൊഴികളുമാണ്.

ഈ വരികളെ ചൂണ്ടി മാധവിക്കുട്ടിയുടെ ജീവിതത്തിലെയും രചനകളിലെയും സ്വാതന്ത്ര്യവാഞ്ഛകളുടെ ഉത്ഭവസ്ഥാനങ്ങൾ ബാലാമണിയമ്മ തന്നെയെന്ന നിരീക്ഷണങ്ങൾ ഉണ്ടായിട്ടുമുണ്ട്*. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെടുകയും വലിയ വിമോചനാകാംക്ഷകളെ തന്റെ രചനകളിലൂടെ പ്രകാശിപ്പിക്കുകയും ചെയ്ത മകളുടെയും ആ മകളുടെ സിദ്ധിക്കു പ്രേരകമായ അമ്മയുടെയും കവിതകളെ മൂല്യനിർണ്ണയനത്തിനു വിധേയമാക്കുന്ന മലയാളി സഹൃദയർ എല്ലാ പ്രത്യയശാസ്ത്രപരിമിതികളും മനസ്സിലാക്കി കൊണ്ടു തന്നെ അമ്മയുടെ കവിതകൾക്കു ഉയർന്ന മൂല്യം നൽകുമെന്നു ഞാൻ കരുതുന്നു.

തന്റെ കൗമാരത്തിലെ അനുഭവങ്ങൾ എഴുതുമ്പോൾ, കൽക്കത്തയിലെ യുദ്ധാനന്തരജീവിതകാലത്ത് അച്ഛൻ ഒരു അധികാരിയെ പോലെയാണ് പെരുമാറിയിരുന്നതെന്നു കമല ഓർത്തെടുക്കുന്നു. മകളുടെ വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്ന്, ഭക്ഷണമേശയിലേയും പൊതുസ്ഥലങ്ങളിലേയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് വി.എം. നായർക്ക് ചില നിർബ്ബന്ധങ്ങളുണ്ടായിരുന്നു. പുതിയ വേഷങ്ങൾ അണിയാനുള്ള കാമനകൾ പൂത്തിരുന്ന കാലത്ത് സഹഭാവമേതുമില്ലാതെ അവ നിഷേധിക്കപ്പെട്ടതായി കമല എഴുതുന്നു.
‘ഗറാറ എന്ന വസ്ത്രത്തിന്റെ ഭംഗി ഞാൻ റോണയുടെ വസ്ത്രധാരണരീതി കണ്ടതിനു ശേഷമാണ് മനസ്സിലാക്കിയത്. അത് ഒരു ഇസ്ലാമികവസ്ത്രമായിരുന്നു. പാവാട പോലെ തോന്നിക്കുന്ന പൈജാമകൾ. എനിക്കും അത്തരം വസ്ത്രങ്ങൾ ധരിക്കുവാൻ ആഗ്രഹമുണ്ടെന്ന് ഞാൻ ഒരു ദിവസം രാവിലെ അച്ഛനോടു പറഞ്ഞു.
ഇപ്പോൾ ഇറങ്ങിയ ഒരു പടത്തിൽ സുരയ്യ എന്ന നടി ഒരു ഗറാറ ധരിച്ചിരിക്കുന്നത് അച്ഛൻ കണ്ടില്ലേ? ഞാൻ ചോദിച്ചു. അതൊക്കെ മാപ്പ്‌ളാരുടെ വേഷാ, നിനക്കു ചേരില്ല. അച്ഛൻ പറഞ്ഞു. പിന്നീട് ആ വിഷയം അവതരിപ്പിച്ചില്ല’.

കമലയുടെ എഴുത്തിലും ജീവിതത്തിലും സവർണ്ണസംസ്‌കാരത്തിന്റെ മൂലകങ്ങൾ ദമിതമായി കിടപ്പുണ്ടോ? ചില വാക്യങ്ങളെങ്കിലും വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സ്വജീവിതം കൊണ്ടു തന്നെ കമല അവരോടു മറുപടി പറഞ്ഞിട്ടുണ്ട്.

നാലാപ്പാട്ടെ വീട്ടിൽ കുട്ടികൾ നാടകം കളിക്കുമ്പോൾമുസ്‍ലിം സ്ത്രീയുടെ വേഷമണിഞ്ഞതിന്റെ പേരിൽ അച്ഛൻ ദ്വേഷപ്പെടുന്നതും ആമി തന്റെ സ്മരണകളിൽ ഓർക്കുന്നുണ്ട്. എന്നാൽ, ‘നായമ്മാരുടെ വീട്വോള് എത്ര കെടക്കണ്, എന്തിനാ കുട്ട്യേ മാപ്ലക്കുടീപ്പോയത്’ എന്ന ദേവകിയുടെ ചോദ്യത്തിന് ‘ആ പഠിപ്പൊന്നും ദേവകി പഠിപ്പിയ്ക്കണ്ട’ എന്നു മറുപടി പറയുന്ന അമ്മമ്മ കമലയ്ക്കുണ്ടായിരുന്നു. എനിക്കു കയ്യാവിയെ വല്യ ഇഷ്ടാന്ന് അമ്മമ്മയോടു പറയുമ്പോൾ തെളിഞ്ഞ അവരുടെ മുഖം അത്യധികം കരുണാർദ്രമായിരുന്നെന്ന് കമല എഴുതിയിരിക്കുന്നു. നാലാപ്പാട്ടെ വീട്ടിൽ താമസിക്കുന്ന കാലത്ത് കമലയുടെ കൂടെ പഠിച്ച കുട്ടിയായിരുന്നു, കയ്യാവി. സ്‌നേഹിത കയ്യാവിയുടെ ഒരു ചോദ്യം മറ്റൊരു സന്ദർഭത്തിൽ കമല എഴുതുന്നുണ്ട്.
‘തനിക്കാരെയാ വിശ്വാസം? ഗോയിന്നാരത്തെ തേവരെയാ അതോ സർവ്വശക്തനായ അല്ലാഹുവിനെയോ. ആലോചിച്ചു പറയണം’. കൗമാരകാലത്തെ ഇത്തരം അനുഭവങ്ങളോടുള്ള അബോധത്തിന്റെ പ്രതികരണം കൂടിയായിരുന്നോ കമലയുടെ ഇസ്‍ലം മതപരിവർത്തനമെന്ന് ആലോചിക്കാവുന്നതാണ്. കമല തന്റെ നാമത്തോടൊപ്പം കൂട്ടിച്ചേർക്കുന്നത് സുരയ്യ എന്ന നാമമാണ്.

കമലയുടെ എഴുത്തിലും ജീവിതത്തിലും സവർണ്ണസംസ്‌കാരത്തിന്റെ മൂലകങ്ങൾ ദമിതമായി കിടപ്പുണ്ടോ? ചില വാക്യങ്ങളെങ്കിലും വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സ്വജീവിതം കൊണ്ടു തന്നെ കമല അവരോടു മറുപടി പറഞ്ഞിട്ടുണ്ട്. ബാല്യകാലസ്മരണകൾ ആരംഭിക്കുന്നത് അമ്മമ്മയോടൊപ്പം കോവിലകത്തു പോകുന്നതിന്റെ വിവരണങ്ങളോടെയാണല്ലോ.
‘ഒരു പുൽപ്പായ ഞങ്ങൾക്കുവേണ്ടി ഒരു സ്ത്രീ നിലത്തുവിരിച്ചു തന്നു. അവരാരും ഞങ്ങളുടെ പായയിൽ ഇരുന്നില്ല. ...മടങ്ങുമ്പോൾ അമ്മമ്മ പറഞ്ഞു. അവരെയാരേയും തൊടുവാനുള്ള അവകാശം ഞങ്ങൾക്കില്ലെന്ന്’.


മറ്റൊരു സന്ദർഭത്തിൽ വള്ളിയെ അനുകരിച്ച് അടിയൻ എന്നു പറയുന്നവളോടു അമ്മമ്മ കമല തീയ്യത്തിയല്ലെന്നു പറയുന്നതും ‘ഞാനേതാ ജാതി’ എന്ന് അവൾ തിരിച്ചു ചോദിക്കുന്നതും വായിക്കാം. ജാതിയെ കുറിച്ചുള്ള ജിജ്ഞാസയ്ക്കപ്പുറം സന്ദേഹങ്ങൾ കൂടി ചെറുപ്രായത്തിലേ കമലയിൽ അങ്കുരിക്കുന്നുണ്ട്. അത് പിന്നീട് തീവ്രമാകുന്നതും ജാതിക്കെതിരായ തീർപ്പിൽ എത്തുന്നതുമാണ്.

കമലയുടെ ഇസ്‍ലാം മതപരിവർത്തനം എന്തെല്ലാം ഇതരപ്രേരണകൾ കൊണ്ട് വ്യാഖ്യാനിച്ചു വിശദീകരിച്ചാലും അതിനു സന്നദ്ധമാകുന്ന മനസ്സിന്റെ സവർണവിരുദ്ധത അനന്യമെന്നു വിശേഷിപ്പിക്കാവുന്നതാണ്. ഏറെ സ്വതന്ത്രമായ ഒരു മനസ്സിനു മാത്രം സാദ്ധ്യമാകുന്നതായിരുന്നു അത്. സവർണ വർഗ്ഗീയവാദം ഏറെ കലി കൊണ്ടതു വെറുതെയല്ല. വർഗ്ഗീയവാദത്തെ കുറിച്ചും പുരുഷാധിപത്യ സമൂഹത്തെ കുറിച്ചും നീണ്ട നീണ്ട പ്രബന്ധങ്ങൾ എഴുതിയ ബുദ്ധിജീവികൾക്കോ സൈദ്ധാന്തികന്മാർക്കോ കഴിയാത്ത പലതും തന്റെ ജീവിതം കൊണ്ടും ആർക്കും ഹൃദിസ്ഥമാക്കാൻ കഴിയുന്ന രചനകൾ കൊണ്ടും (ഓർമക്കുറിപ്പുകൾ കൊണ്ടു കൂടിയും) കമലാസുരയ്യ സാദ്ധ്യമാക്കി. ഒരു സദസ്സിൽ പ്രഭാഷണത്തിനുശേഷം തന്റെ അടുത്തു വന്നിരുന്ന പണ്ഡിതനോട്, ‘ബുദ്ധിജീവിയാണല്ലേ?' എന്നു ചോദിക്കുന്നതിലെ ആർജ്ജവം പ്രയോഗങ്ങളിൽ നിന്ന് വളരെ അകന്നു നിൽക്കുന്ന സിദ്ധാന്തങ്ങളുടെ നിഷ്ഫലതയെ കുറിച്ചുള്ള കമലയുടെ വിശ്വാസത്തിൽ നിന്നും സഹജാവബോധത്തിൽ നിന്നും ഉയിരെടുത്തതാകണം. ആ ചോദ്യത്തിലെ പരിഹാസം സ്ത്രീയെന്ന നിലയിൽ സ്ത്രീപക്ഷമല്ലാത്ത സമൂഹത്തിനുനേരെ അവർ എപ്പോഴും തൊടുത്തു കൊണ്ടിരുന്ന വാക്ശരങ്ങളിലൊന്നു കൂടിയായിരുന്നു. കമല, ആമി, ഉത്ഭ, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ എന്നിങ്ങനെ കേരളം പല പേരുകളിൽ വിളിച്ചത് വൈവിദ്ധ്യങ്ങളുടെയും പലമകളുടെയും ആൾരൂപമായിരുന്നവളെയാണ്.

മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളെ വിവരിക്കുന്ന കമല അച്ഛൻ അമ്മയെ ആരാധിച്ചിരുന്നുവെന്നത് സ്പഷ്ടമാണെന്നും പറയുന്നുണ്ട്.

വി.എം. നായർ കൽക്കത്തയിൽ താമസിച്ചിരുന്ന കാലത്ത് അവിടുത്തെ ഏറ്റവും ധനികനായ മലയാളിയായിരുന്നു. വാൾഫോർഡ് കമ്പനിയുടെ ജനറൽ മാനേജരായിരുന്ന അദ്ദേഹത്തിന് ശമ്പളത്തോടൊപ്പം ഓരോ കാറിന്റെ വിൽപ്പനക്കും രണ്ടു ശതമാനം കമ്മീഷനും ലഭിച്ചിരുന്നു. തന്റെ അച്ഛന്റെ ജീവിതത്തിലെ വിഭജിതാവസ്ഥയെ കുറിച്ചു കമല പറയുന്നുണ്ട്. ബാലാമണിയമ്മ തന്റെ ആദർശത്തെ എല്ലായിടത്തും എല്ലായ്‌പോഴും പാലിച്ചപ്പോൾ, വി.എം. നായരുടെ കുടുംബജീവിതവും ഉദ്യോഗജീവിതവും രണ്ടു ധ്രുവങ്ങളിലായിരുന്നു. വീട്ടിൽ ഖദർ. ഓഫീസിലേക്ക് പാശ്ചാത്യവസ്ത്രങ്ങൾ. ഹാൾ ആന്റ് ആൻഡേഴ്‌സണിൽ നിന്നു വാങ്ങിയ മിനുമിനുത്ത അടിവസ്ത്രങ്ങളാണ് അച്ഛൻ ഉപയോഗിച്ചിരുന്നതെന്നു കമല എഴുതുന്നു. എന്നാൽ, അദ്ദേഹം ഒരിക്കലും മദ്യം കഴിച്ചിരുന്നില്ലെന്ന കാര്യവും അവർ ഓർത്തെടുക്കുന്നു. അച്ഛന്റെ ദാനശീലത്തെയും പല സംഭവങ്ങളുടെ വിവരണങ്ങളിലൂടെ മാധവിക്കുട്ടി സ്മരിക്കുന്നു. മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളെ വിവരിക്കുന്ന കമല അച്ഛൻ അമ്മയെ ആരാധിച്ചിരുന്നുവെന്നത് സ്പഷ്ടമാണെന്നും പറയുന്നുണ്ട്. ഉൽകൃഷ്ടയായ ഒരു മാതാവിന്റെ മക്കളായി പിറന്ന മക്കളുടെ ഭാഗ്യത്തെ കുറിച്ച് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചിരുന്നു. അച്ഛന്റെ ഇത്തരം പ്രസ്താവനകൾ മക്കളിൽ കടുത്ത അപകർഷതാബോധമാണത്രേ ഉണ്ടാക്കിയത്. മാതാവിന്റെയോ പിതാവിന്റെയോ ലാളനകളില്ലാതെയാണ് താൻ വളർന്നതെന്നാണ് കമല സ്വയം കരുതുന്നതെങ്കിലും അവരോടുള്ള പ്രകടിപ്പിക്കാൻ കഴിയാത്ത സ്‌നേഹഭാരം കൊണ്ട് അവർ തളരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

കമല മെട്രിക്കുലേഷൻ പരീക്ഷയിൽ പരാജയപ്പെടുന്നതോടെ അവളുടെ അച്ഛൻ പെട്ടെന്നുതന്നെ മകൾക്ക് വരനെ കണ്ടെത്തുന്നു. കമല തന്റെ കനേഡിയൻ സുഹൃത്തായ മെറിലിയോടു പറഞ്ഞ വാക്കുകൾ കമലയെ കുറിച്ചെഴുതിയ പുസ്തകത്തിൽ അവർ ഉദ്ധരിക്കുന്നുണ്ട്; ‘ഈ കുടുംബത്തിന്റെ സൽപ്പേരു നീ കളഞ്ഞു കുളിച്ചു. ഇനി നിന്നെ ഞാൻ പഠിപ്പിക്കില്ല. കല്യാണം കഴിപ്പിച്ചയക്കും. അല്ലാതെ നിന്നെപ്പോലെ ഒരുത്തിയെ എന്തുചെയ്യണം?'
കമല മെറിലിയുടെ അച്ഛനോടു പറഞ്ഞ വാക്കുകളും അവർ എഴുതുന്നു; ‘പതിനെട്ടു തികയാത്ത പെൺകുട്ടികൾ വിവാഹിതരാകരുതെന്നാണ് നിയമം. എന്റെ ക്ലാസിലെ കുട്ടികളാരും വിവാഹം കഴിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ വിവാഹം ക്രൂരമാണെന്നു തോന്നി’.

നാലാപ്പാട്ട് വല്യമ്മാവനിൽ നിന്നു കിട്ടിയ വലിയ പ്രോത്സാഹനങ്ങളെ കുറിച്ചും കമല എഴുതുന്നുണ്ട്. കൂട്ടുകാരായ കുട്ടികൾക്ക് കമല കഥ പറഞ്ഞു കൊടുക്കുന്നതു കേൾക്കുന്ന വല്യമ്മാവൻ അവളുടെ കഥ പറയാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. (കഥാപ്രസംഗത്തേക്കാളും രസമാണ് ആമിയുടെ കഥ കേൾക്കാനെന്ന് കുടുംബസമേതം നാലാപ്പാട്ട് താമസിക്കാനെത്തിയ പത്മാവതിയമ്മ പറയുന്നത് മറ്റൊരു പ്രകരണത്തിൽ നാം വായിക്കുന്നുണ്ട്.) പുസ്തകങ്ങളുടെ ലോകത്തേക്ക് ആമിയേയും ജ്യേഷ്ഠനേയും നയിച്ചത് വല്യമ്മാവനായിരുന്നു. നാലാപ്പാട്ടെ വീട്ടിലെ അമ്മാവന്റെ പുസ്തകശേഖരം ആമിയ്ക്കും ജ്യേഷ്ഠനുമായി എപ്പോഴും തുറക്കപ്പെട്ടിരുന്നു. വായിച്ചാൽ മാത്രം പോരാ, ചിന്തിക്കുകയും വേണം എന്ന വല്യമ്മാവന്റെ വാക്കുകൾ കേട്ട അവർ ചിന്തിക്കാൻ ശ്രമിക്കുന്നതിന്റെ ആഖ്യാനം വായിച്ച് നാം ഉള്ളിൽ ചിരിക്കുന്നു.
‘മൂവാണ്ടൻ മാവിന്റെ വടക്കേ കൊമ്പത്ത് കുതിരപ്പുറത്ത് ഇരിക്കുന്നവനെ പോലെ ആസനസ്ഥനായി ജ്യേഷ്ഠൻ ചിന്തിക്കുവാൻ തുടങ്ങി. ഇലഞ്ഞിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ മെല്ലെ ആടിക്കൊണ്ട് ഞാനും ചിന്തിക്കുവാൻ എന്നെത്തെന്നെ പരിശീലിപ്പിച്ചു’.
വല്യമ്മാവന്റെ വാക്കുകളേയും പ്രവൃത്തികളേയും പാണ്ഡിത്യത്തേയും ഏറെ ബഹുമാനാദരങ്ങളോടെയാണ് മാധവിക്കുട്ടി കണ്ടിരുന്നത്. ഇതാകട്ടെ, അദ്ദേഹത്തിന്റെ ചില ദോഷങ്ങളെ ന്യൂനീകരിച്ചു കാണുന്നതിനു പ്രേരിപ്പിക്കുകയോ കാരണമാകുകയോ ചെയ്യുന്നുണ്ടോയെന്ന സന്ദേഹമുണർത്താൻ പര്യാപ്തവുമാണ്.

നാലപ്പാട്ട് നാരായണ മേനോൻ

കുട്ടികൃഷ്ണമാരാര് തന്റെ വീട്ടിലെ ദാരിദ്ര്യം സഹിയാത്ത ഒരു സന്ദർഭത്തിൽ നാരായണമേനോനോട് കുറച്ചു തുക ചോദിക്കുകയും നാരായണമേനോൻ അതു നൽകാതിരിക്കുകയും ചെയ്ത സംഭവത്തേയും അവരിലുണ്ടായ അകൽച്ചയേയും മാധവിക്കുട്ടി തന്റെ സ്മരണകളിൽ പരാമർശിക്കുന്നു. നാരായണമേനോൻ വേണ്ടത്ര പണമില്ലാത്ത ആളായിരുന്നുവെന്നും പണമില്ലാത്തതു കൊണ്ടാണ് മാരാര് ചോദിച്ച തുക കൊടുക്കാതിരുന്നതെന്നും മാധവിക്കുട്ടി പറയുന്നു. തന്റെയടുത്ത് സഹായാഭ്യർത്ഥനയുമായി വരുന്ന ആരേയും മാധവിക്കുട്ടിയുടെ അമ്മമ്മ വെറും കയ്യോടെ പറഞ്ഞു വിടുന്നതായി ആഖ്യാനങ്ങളിലൊന്നും കാണുന്നില്ല. അവർ എല്ലാവരേയും സഹായിക്കുന്നു. ആടു വാങ്ങാനായി അഞ്ചു രൂപ നൽകി അമ്മമ്മ ഒരാളെ സഹായിക്കുന്ന അനുഭവം മാധവിക്കുട്ടി എഴുതുന്നുണ്ട്. നാലാപ്പാട്ടെ ആശ്രിതരായ പലർക്കും പണം നൽകി സഹായിക്കാൻ അമ്മമ്മയ്ക്കു കഴിയുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, നാരായണമേനോന് വരുമാനം ഇല്ലായിരുന്നുവെന്നും നാലാപ്പാട്ടെ വരുമാനം കയ്യാളിയിരുന്ന തന്റെ അമ്മമ്മയോടു പണം ചോദിക്കാൻ മൂത്തമ്മാവൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് മാധവിക്കുട്ടി കരുതുന്നത്. 'സമ്പന്നനെന്നു തോന്നിപ്പിക്കുന്ന വസ്ത്രധാരണരീതി, ജീവിതശൈലി പക്ഷേ കീശയിൽ പൈസയില്ല എന്ന കാര്യം രഹസ്യമാക്കി വച്ചു.'
എന്നാൽ, ധനഃസ്ഥിതി നശിച്ചവരേയും പാമരന്മാരയവരുടെ കുടുംബത്തിലെ കുട്ടികളേയും വല്യമ്മാമന് ഇഷ്ടമായിരുന്നില്ലെന്ന് മാധവിക്കുട്ടി പറയുന്നുമുണ്ട്. അവരെ നാലാപ്പാട്ടു തറവാട്ടിൽ കാണുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നില്ല. വല്യമ്മാവന്റെ പൊങ്ങച്ചമനോഭാവമായി മാധവിക്കുട്ടി ഇതിനെ കാണുന്നു. മാരാർക്ക് അഞ്ചു രൂപ കൊടുക്കാതിരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ പ്രകൃതത്തിന്റെ തുടർച്ചയായി മനസ്സിലാക്കുകയായിരിക്കില്ലേ ഉചിതമെന്ന സന്ദേഹം നമുക്കുണ്ടായേക്കാം.

നാലാപ്പാട്ടു തറവാടിനേയും തന്റെ മാതാപിതാക്കളേയും കുറിച്ച് മറകളേതുമില്ലാതെ തുറന്നെഴുതുന്നതാണ് ഈ സ്മരണകളിൽ നാം വായിക്കുന്നത്. തന്റെ ദാമ്പത്യജീവിതത്തെ കുറിച്ചും ഇതേ തുറന്ന ധിഷണയോടെ എഴുതാനും സുഹൃത്തുക്കളോടും പറയാനുമുള്ള ആത്മശക്തി കമല പ്രകടിപ്പിക്കുന്നതും നമുക്ക് അറിയാവുന്നതാണല്ലോ?

(കുറിപ്പ്: * തൃശൂരിൽ 'സദസ്സി'ന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് ഷീജ വക്കം നടത്തിയ നിരീക്ഷണമാണ് ഇവിടെ ഓർക്കുന്നത്).

അവലംബം:
1. ബാല്യകാലസ്മരണകൾ - മാധവിക്കുട്ടി, ഡിസി ബുക്‌സ്, കോട്ടയം, 2023.
2. വർഷങ്ങൾക്കു മുമ്പ് - മാധവിക്കുട്ടി, കറന്റ് ബുക്‌സ്, തൃശൂർ, 2019.
3. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
4. നീർമാതളം പൂത്ത കാലം - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1997.
5. ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2019.
6. പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകൾ - സമാഹരണം : സുലോചന നാലാപ്പാട്ട്, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2023.

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments