മണ്ടേലയുടെ മടക്കം, ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ അപചയം, അവർ ഇതും കടന്നുപോകും

പൊരുതിനേടിയ സ്വാതന്ത്ര്യം, നിർഭാഗ്യവശാൽ ബുദ്ധിപൂർവ്വം ഉപയോഗിക്കാത്തതിന്റെ ഫലങ്ങൾ മണ്ടേല അധികാരം വച്ചൊഴിഞ്ഞ് സ്വകാര്യജീവിത ത്തിലേക്ക് മടങ്ങിയതോടെ എ എൻ സി പാർട്ടിയിലും ഗവൺമെന്റിലും തലനീട്ടിത്തുടങ്ങി. ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ അതിന്റെ തുടർച്ച കൂടിയാണ്- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 48

1994-ൽ അധികാരമേറ്റ മണ്ടേല ഗവൺമെന്റിനു മുന്നിൽ ഉടനടി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ അനേകമുണ്ടായിരുന്നു. അധികാരമാറ്റത്തെ, അത് സംഭവിച്ചു കഴിഞ്ഞിട്ടും, മാനസികമായി ചെറുക്കുന്ന നിയമപാലക -വകുപ്പുകൾ, സ്ഥാനങ്ങളും പ്രതാപവും അസ്തമിച്ചു എന്ന് പൂർണമായും അറിവുണ്ടായിരുന്ന, പല സർക്കാർ സംവിധാനങ്ങളുടെയും മേധാവികൾ, കൂടിക്കുഴഞ്ഞു കിടക്കുന്ന വിദ്യാഭ്യാസവകുപ്പുകൾ, ഭൂപരിഷ്കരണം; അങ്ങനെ ആയിരമായിരം പ്രശ്നങ്ങൾ.

വിദ്യാഭ്യാസം ഇതിൽ സുപ്രധാനമായിരുന്നു. മണ്ടേലയുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സിബുസിസോ ബെങ്ഗു എന്ന മൃദുഭാഷിയായ അക്കാദമിക് ആയിരുന്നു. മന്ത്രിയാവും മുൻപ് ക്വാസുളു നറ്റാൽ ഭരണാധികാരിയായിരുന്ന ചീഫ് മങ്ഗൊസുത്തു ബുത്തെലെസിയുടെ സ്വന്തം സൃഷ്ടിയായ ഇൻകാത്താ ഫ്രീഡം പാർട്ടിയിലായിരുന്നു, പ്രൊഫ. ബെങ്ഗു. വെള്ള, കറുപ്പ്, സങ്കരം, ഇന്ത്യൻ എന്നിങ്ങനെ ഭിന്നിച്ചു കിടന്ന വകുപ്പുകളെ ഏകോപിപ്പിക്കുക എന്നത് ദുഷ്കരമായിരുന്നു. പ്രവിശ്യാവിഭജനം വലിയ പരുക്കുകളില്ലാതെ നടത്താനായെങ്കിലും വിദ്യാഭ്യാസവകുപ്പ് കീറാമുട്ടി തന്നെയായിരുന്നു.

പ്രൊഫ. സിബുസിസോ ബെങ്ഗു

ട്രാൻസ്കൈ ഉൾപ്പെട്ട ഈസ്റ്റേൺ കെയ്പ് പ്രവിശ്യയിൽ 1996-ൽ ആദ്യമായി ഒരു പൊതുപരീക്ഷ എല്ലാ സ്കൂളുകൾക്കും വേണ്ടി നടത്തി. എല്ലാ വിഷയങ്ങളുടെയും മാർക്കിംഗ് (ഇവിടെ വാലുവേഷൻ എന്നു പറയുന്നത്) കേന്ദ്രീകൃതമായിരുന്നു. ഇംഗ്ലീഷ് രണ്ടാം ഭാഷ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ചെയ്യുന്ന വിഷയമായതിനാൽ അതിന്റെ മാർക്കിംഗ് ‘മാൻപവർ’ മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ആ പ്രാവശ്യത്തെ പരീക്ഷയിൽ ഒരു സീനിയർ മാർക്കറായി എനിക്ക് നിയമനം ലഭിച്ചു. ‘ഫോർട്ട് ഹേർ’ (FORT HARE) യൂണിവേഴ്സിറ്റി ആയിരുന്നു ഞങ്ങളുടെ മാർക്കിംഗ് സെന്റർ.

നെൽസൺ മണ്ടേല, ക്രിസ് ഹാനി, ഒലിവർ ടാംബോ, കവി ഡെന്നിസ് ബ്രുട്ടസ്, നോവലിസ്റ്റ് ജോസഫ് ഡീഷോ തുടങ്ങിയ പ്രതിഭാശാലികളുടെ ആദർശങ്ങൾ രൂപപ്പെടുത്തിയ സർവ്വകലാശാലയാണ് ഇന്നും തലയുയർത്തി നിൽക്കുന്ന ഫോർട്ട് ഹെയർ. (പരിഹസിക്കുകയല്ല, ഒരു സത്യം പറയുകയാണ്; ‘ഹെയർ’ എന്നതിന് ‘ഹരേ’ എന്നു പറയുന്ന മലയാളികൾ അനേകമുണ്ട്.) ഒന്നാംതരം മുറികൾ, ഗംഭീരൻ ഡൈനിംഗ് സൗകര്യങ്ങൾ എന്നിങ്ങനെ സുന്ദരമായ അന്തരീക്ഷം ആ സെന്ററിന്റെ ഡയറക്ടർ ഞങ്ങൾക്ക് ഒരുക്കിത്തന്നിരുന്നു. ആ മാർക്കിംഗിനിടയ്ക്ക് അവിടെയുണ്ടായ വംശീയസംഘർഷങ്ങൾ ഏറെയാണ്. ഞങ്ങളുടെ ചീഫ് മാർക്കർ ഒരു ആഫ്രിക്കാനറായിരുന്നു എന്നത് കാര്യങ്ങൾ കറുത്തവർക്കെതിരായി തിരിക്കാൻ എളുപ്പമാക്കി.

കുറെയേറെ ആഫ്രിക്കാനർ സ്ത്രീകളുണ്ടായിരുന്നു. അവർ വഴക്ക് വിലയ്ക്കു വാങ്ങാൻ വന്നവരാണ് എന്നു പറയുന്നതാണ് ശരി. മാർക്കിംഗിന് ഇത്രയേറെ കറുത്തവരെ കണ്ടപ്പോൾ അവർ അസ്വസ്ഥരായി. ദക്ഷിണാഫ്രിക്കയിൽ ‘ഫാം സ്കൂളുകൾ’ എന്നൊരിനം സ്കൂളുകളുണ്ട്. രാജ്യത്തെ വലിയ ഫാമുകൾ മിക്കവാറും എല്ലാം ആഫ്രിക്കാനർമാരുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ന്യൂനപക്ഷ സർക്കാർ സാമൂഹികസംഘടനകളിൽ നിന്നും അന്തർദ്ദേശീയ നിരീക്ഷകരിൽ നിന്നുമുള്ള സമ്മർദ്ദത്തിന് വിധേയരായതിനെത്തുടർന്നാണ് ഫാം സ്കൂളുകൾ നിലവിൽ വന്നത്. ഫാം തൊഴിലാളികളുടെ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടിയിരിക്കണം എന്ന നിർബ്ബന്ധത്തിന്റെ ഫലമാണ് അത്. ഈസ്റ്റേൺ കേപ്പിലെ വലിയ ഗ്രാമപ്രദേശങ്ങളിൽ വലിയ ഫാമുകൾ (എസ്റ്റേറ്റുകൾ) ഉണ്ടായിരുന്നു. ഓറഞ്ച്, പ്രിക്ക്ലി പെയർ, അവക്കാഡോ എന്നീ ഫലങ്ങൾ, അങ്ഗോറാ ആടുകൾ, പാൽ, അതിന്റെ ഉൽ‌പ്പന്നങ്ങൾ എന്നിവയാണ് പ്രധാന കാർഷികോൽ‌പ്പന്നങ്ങൾ. എൺപതിലധികം ഫാം സ്കൂളുകളുണ്ട് ഈസ്റ്റേൺ കെയ്പ്പിൽ. ഇവയിൽ പലതിലും വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്ത വെള്ളക്കാർ വർഷങ്ങളായി ജോലി ചെയ്തുവരുന്നു. കറുത്തവരോടൊപ്പം മാർക്കിംഗിലും മറ്റും ചേർന്നാൽ തങ്ങളുടെ കള്ളി വെളിച്ചത്താവുമെന്ന് അവർ ഭയന്നു. വെള്ളക്കാരി സ്ത്രീകളുടെ ‘കലിപ്പി’ന് അതും ഒരു കാരണമായിരുന്നിരിക്കാം.

നെൽസൺ മൻഡേലയുടെ വീടിനു മുന്നിലെ കാവൽപ്പുര. പതിവ് മോർണിംഗ് നടത്തം കഴിഞ്ഞു മടങ്ങുന്ന മൻഡേല ആണ് ചിത്രത്തിൽ

ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഞങ്ങൾ മാർക്ക് ചെയ്തിരുന്നത്. ഒരു സീനിയർ മാർക്കറുടെ കീഴിൽ എട്ട് മാർക്കർമാർ വരെയുണ്ടാവും. അത്തരം ഒരു സീനിയർ മാർക്കറായിരുന്നു ഞാൻ. എന്റെ ഗ്രൂപ്പിലുണ്ടായിരുന്നവരെല്ലാം കറുത്തവരായിരുന്നു. ഒരു വലിയ ഹാളിൽ ഞങ്ങൾ ആറു ഗ്രൂപ്പുകൾ ഇരുന്ന് മാർക്ക് ചെയ്യുമ്പോൾ ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞുള്ള സെഷനിൽ വഴക്കാളിയായ ഒരു വെള്ളക്കാരി ഇടിച്ചുകയറി വന്ന് എന്റെ നേർക്ക് പുലഭ്യം ചൊരിയാൻ തുടങ്ങി. ഓരോ സീനിയർ മാർക്കർക്കുമുള്ള സ്ക്രിപ്റ്റുകൾ ആ ആളുടെ പേരെഴുതി മുകൾനിലയിലെ സ്റ്റ്രോംഗ് റൂമിൽ വച്ചിരിക്കും. അങ്ങനെ വച്ചിരിക്കുന്നതിൽ നിന്ന് അവൾക്ക് അവകാശപ്പെട്ട ഒരു ‘ബാച്ച്’ കാണാനില്ല. അവൾ നോക്കിയപ്പോൾ സീനിയർ മാർകേഴ്സിൽ രണ്ട് ഇന്ത്യക്കരേയുള്ളൂ. അതിൽ ‘ദുർബ്ബലൻ’ എന്നു തോന്നിക്കുന്ന ഞാനായിരിക്കണം പ്രതി.

അവൾ അവളുടെ ഭാഷ്യം പറഞ്ഞു തീർന്നപ്പോൾ ഞാൻ ഉറക്കെത്തന്നെ എല്ലാവരും കേൾക്കെ പറഞ്ഞു, ‘പ്ലീസ് ഗെറ്റ് ഔട്ട്’.
അതു കഴിഞ്ഞ് ഇത്രയും കൂടി, ‘നിന്റെ സ്ക്രിപ്റ്റ് ഞാൻ എടുത്തെന്ന് സംശയമുണ്ടെങ്കിൽ നീ മി. നൂട്ട് (ചീഫ് മാർക്കർ) നോട് പോയി പറയ്. ഇവിടം ഇപ്പോൾ ഇത്രയും പേരുടെ ഓഫീസ് ആണ്. ശല്യം ചെയ്യാതെ പ്ലീസ് ഗെറ്റ് ഔട്ട്’.

ഞാൻ വീണ്ടും ജോലിയിൽ മുഴുകി. ചായബ്രേക്കിന്റെ സമയത്ത് നൂട്ട് എന്ന ഞങ്ങളുടെ ചീഫ് അവളെ എന്റെ അടുത്ത് പറഞ്ഞുവിട്ടിരിക്കുന്നു, മാപ്പു പറയാൻ. ഞാൻ വളരെ സ്പഷ്ടമായി, വിരോധം ഒട്ടും മറച്ചുവയ്ക്കാതെ അവളോട് ‘നിന്റെ മാപ്പ് ചുരുട്ടി ചായയുടെ കൂടെ കഴിക്കാൻ നൂട്ടിനു കൊടുക്ക്’ എന്ന് പറഞ്ഞുവിട്ടു. ആ സംഭവം ഞങ്ങളുടെ മാർക്കിംഗ് സംഘത്തിൽ പെട്ടെന്ന് (ഇന്നത്തെ ഭാ‍ഷയിൽ) ‘വൈറൽ’ ആയി.

വെള്ളക്കാർ ചിലപ്പോൾ മൂഢമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. നൂട്ട് വിവരമറിഞ്ഞയുടൻ എന്നെ സ്വകാര്യമായി കണ്ട് ആ ടീച്ചറുടെ പേരിൽ മുകളിലേക്ക് പരാതി അയക്കരുതേ എന്നഭ്യർത്ഥിച്ചു. മാർക്കിംഗ് തീരുന്ന ദിവസം പോകുന്നവർക്ക് ഒരു ലഞ്ച് ബോക്സ് തയാറാക്കി തന്നു, സെന്റർ ഡയറക്ടർ. നൂട്ട് തന്റെ മാർക്കർമാരെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: ഇന്ന് നാം താൽക്കാലികമായെങ്കിലും പിരിയുകയാണ്. പിരിയുന്നതിനു മുൻപുള്ള ഈ ലഞ്ച് നമുക്ക് ഒരുമിച്ച് കഴിക്കാം.

ഞാൻ നൂട്ടിനോട് പറഞ്ഞു, “ഈ കൂട്ടത്തിൽ പരസ്യമായി വർണ്ണവെറി പ്രകടിപ്പിച്ച ചില വെള്ളക്കാരുണ്ട്. അവർ ഇപ്പോൾ പരസ്യമായി അവരുടെ പെരുമാറ്റം തെറ്റായിപ്പോയി എന്ന് ഏറ്റു പറഞ്ഞ് മാപ്പു ചോദിച്ചാലല്ലാതെ ഞാൻ ഈ ‘ഫെയ്ക്’ സൌഹൃദപ്പാർട്ടിയിൽ ചേരില്ല’’.
അതിന് അവർ തയാറല്ലായിരുന്നു. മൂന്നോ നാലോ പേരൊഴികെ മറ്റെല്ലാവരും അത് ഒരർത്ഥത്തിൽ ബഹിഷ്കരിച്ചു. നൂട്ടിനും അയാളുടെ വെള്ളപ്പടയ്ക്കും എതിരെ ഒരു പരാതി പരീക്ഷാ ചീഫ്ന് കൊടുത്തിരുന്നെങ്കിൽ അതൊരു വലിയ സംഭവമായി മാറിയേനെ.

ഉംറ്റാറ്റ വൈൽഡ് കോസ്റ്റ്

പുതിയ പ്രവിശ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മാർക്കിംഗ് അങ്ങനെ അവസാനിച്ചു. വർഷാവസാനം റിസൾട്ട് വരുമ്പോൾ ഞങ്ങളുടെ വിദ്യാർത്ഥിനിയായ സെറീന എബ്രഹാമിന് സ്റ്റേറ്റിൽ (പ്രവിശ്യയിൽ) ഒന്നാം സ്ഥാനമുണ്ടാവും എന്നു തന്നെ ഞങ്ങൾ കരുതി. അത്രയ്ക്ക് കുറ്റമറ്റതായിരുന്നു സെറീനയുടെ അക്കാദമിക് വർക്ക്. ഭാഷകളിലെ പ്രാവീണ്യം ആ കുട്ടിയെ മറ്റു വിഷയങ്ങൾ നിഷ് പ്രയാസം കൈകാര്യം ചെയ്യാൻ സഹായിച്ചിട്ടുണ്ടാവണം. പക്ഷേ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തകർത്ത് ആ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിയായി തെരഞ്ഞെടുത്തത് പോർട്ട് എലിസബെത്തിലെ ‘എലീറ്റ്’ വെള്ളക്കാരുടെ സ്കൂളിലെ ഒരു വെള്ളക്കുട്ടിയെ ആണ്.
ആ കുട്ടിയോട് വിരോധമുണ്ടായിട്ടല്ല, പക്ഷേ ഞങ്ങളുടെ കുട്ടിയിൽനിന്ന് ഒന്നാം റാങ്ക് തട്ടിയെടുത്തതായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. അപ്പോൾത്തന്നെ സ്കൂൾ ഈ രണ്ടു കുട്ടികളുടെയും വിശദമായ മാർക്കുലിസ്റ്റുകൾ മന്ത്രി നൊസീമോ ബലിൻഡ്ലേലയ്ക്ക് അയച്ചുകൊടുത്തു. അന്നു തന്നെ മന്ത്രി സെറീനയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിക്കുകയും ചെയ്തു. പത്രങ്ങളെ അറിയിച്ചെങ്കിലും ഒരു പത്രവും അവർക്ക് പറ്റിയ തെറ്റ് തിരുത്തിയില്ല.
സെറീന ഇപ്പോൾ ആസ്ട്രേലിയയിലാണെന്നു കേട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കെയ്പ് ടൗണിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്ത ശേഷമാണത്രേ പോയത്. ഞാൻ പഠിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളുടെ മുൻനിരയിൽ തന്നെ സെറീന ഉണ്ടാവും.

സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകമായിരുന്നു അത്. വർഷങ്ങൾ നീണ്ടുപോയ ഒരു ഉത്സവം.

നേരത്തേ പറഞ്ഞ, വിദ്യാർത്ഥിനിയുടെ ഒന്നാം റാങ്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനു തുല്യമല്ലെങ്കിലും, പരസ്യമായ വംശവെറിക്ക് കറുത്തവർ വിധേയരാവുന്നതിന്റെ ഒരു ഉദാഹരണം. അതു കൂടി ചേർത്തില്ലെങ്കിൽ ഈ അദ്ധ്യായം പൂർണമാവില്ല.

ഞങ്ങളുടെ ടൗണിലെ ഏറ്റവും പഴയ സ്കൂളാണ് അംടാട്ട ഹൈ സ്ക്കൂൾ. 1990-കളോടെ മാത്രമാണ് വെള്ളക്കാരല്ലാത്തവർക്ക് അവിടെ പ്രവേശനം നൽകിത്തുടങ്ങിയത്. വെള്ളക്കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളായതിനാൽ ആധുനിക സൗകര്യ ങ്ങളുള്ള ലൈബ്രറിയും ലബോറട്ടറിയും മറ്റും മറ്റ് വിദ്യാർത്ഥികൾക്ക് കൈപ്പാടകലെയായിരുന്നു. പുതിയ പ്രവിശ്യകൾ നിലവിൽ വന്നതോടെ ആ സ്കൂളും കൂടി ഞങ്ങളുടെ ജില്ലയിലെ മറ്റൊരു സ്കൂളായി. വകുപ്പുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായിരുന്നൂ അത്. ജില്ലയിലെ സ്കൂളുകളെ ‘ക്ലസ്റ്ററുകൾ’ ആക്കി വേർതിരിച്ചപ്പോൾ ഞങ്ങളുടെ സ്കൂളിന്റെ ക്ലസ്റ്ററിലാണ് അംടാട്ട ഹൈ സ്ക്കൂൾ വന്നത്. ഭാഷകൾക്കാണ് ക്ലസ്റ്ററുകൾ ഏറ്റവും ആവശ്യം. പന്ത്രണ്ടാം ക്ലാസിൽ 60 മാർക്കിന്റെ ഓറൽ ആണുള്ളത്. വായന, ശ്രദ്ധിച്ചു കേൾക്കൽ, ചർച്ച, സ്വന്തമായി ഒരു പ്രസംഗം ഇങ്ങനെയാണ് ഞങ്ങൾ ഓറലിനെ തരംതിരിച്ചിരുന്നത്. ഓരോന്നിനും മാർക്ക് നൽകാൻ റൂബ്രിക് ഉണ്ട്.

ഉംറ്റാറ്റ ഹൈ സ്ക്കൂൾ

ആ പരീക്ഷ വളരെ പ്രയോജനപ്രദമായിരുന്നു; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും. ഓരോ സ്കൂളിലെയും വിവിധ ഭാഷാദ്ധ്യാപകർ ക്ലസ്റ്ററിലെ സ്കൂളുകളിൽ ഒന്നൊന്നായി പോയി ഓറൽ നടത്തും ഒരു ദിവസം; ചിലപ്പോൾ രണ്ടു ദിവസം നീണ്ടു പോകാറുണ്ട്, ഈ വ്യായാമം. ഇതിനുവേണ്ടി ഞങ്ങളുടെ എച്ച്.ഒ.ഡി ഉൾപ്പടെ ഉള്ളവർ അംടാട്ട ഹൈ സ്കൂളിൽ ഫോൺ ചെയ്ത് സമയം തീരുമാനിച്ച് അവിടെയെത്തിയപ്പോൾ അംടാട്ട ഹൈയുടെ പ്രിൻസിപ്പൽ പറയുന്നു, “നോ ബ്ലാക്ക് ഈസ് ഗോയിംഗ് റ്റു എക്സാമിൻ മൈ ചിൽഡ്രൻ’’.

ഇതു കേട്ട ഞങ്ങൾ ഷോക്കടിച്ചതുപോലെ നിന്നു പോയി. ആ ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ അദ്ധ്യാപികയാണ് ഞങ്ങളുടെ എച്ച്.ഒ.ഡി. ആ പ്രിൻസിപ്പലാണെങ്കിൽ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാതെ ആ പദം അലങ്കരിക്കുന്ന ഒരു വെള്ളക്കാരൻ. ഞങ്ങൾ തിരിച്ചു പോന്നു. എന്തുതന്നെയായാലും ഞങ്ങൾ വിജയിച്ചു. ഒരു ചെറിയ വിജയം. ഇനി ആ സ്കൂളിൽ പോയി ഓറൽ നടത്തണമെങ്കിൽ അവിടത്തെ പ്രിൻസിപ്പൽ ഞങ്ങളുടെ സ്റ്റാഫ് റൂമിൽ നിന്ന് ‘ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം’ എന്ന് പറയണം. എന്നിട്ടും ഇമ്മാനുവൽ എന്നു പേരുള്ള ആ പ്രിൻസിപ്പൽ വന്നില്ല. അയാൾ തന്റെ ഡെപ്യൂട്ടിയെ അയച്ചു. ബെൽമാൻ എന്നു പേരുള്ള ഒരാൾ. അയാൾ പ്രിൻസിപ്പലിനെ വിമർശിച്ചു സംസാരിച്ചതിനുശേഷം മാപ്പ് പറഞ്ഞു.

ഉംറ്റാറ്റ ഹൈസ്ക്കൂൾ ക്രിക്കറ്റ് ടീം, 1939

സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങൾ ദക്ഷിണാഫ്രിക്ക എങ്ങനെ സമാധാനപരമായി മറികടക്കുമെന്ന് സംശയിച്ചവർ ഏറെയായിരുന്നു. കല്ലുകടികൾ ഏറെ ഉണ്ടായെങ്കിലും അവയെ അതിജീവിച്ച് ദക്ഷിണാഫ്രിക്കൻ ജനത മുന്നോട്ടു തന്നെ പോയി.

പൊരുതിനേടിയ സ്വാതന്ത്ര്യം, നിർഭാഗ്യവശാൽ ബുദ്ധിപൂർവ്വം ഉപയോഗിക്കാത്തതിന്റെ ഫലങ്ങൾ മണ്ടേല അധികാരം വച്ചൊഴിഞ്ഞ് സ്വകാര്യജീവിത ത്തിലേക്ക് മടങ്ങിയതോടെ എ എൻ സി പാർട്ടിയിലും ഗവൺമെന്റിലും തലനീട്ടിത്തുടങ്ങി. അപചയത്തിന്റെ അവസാന അധ്യായങ്ങൾ മനസ്സ് മരവിച്ച ദക്ഷിണാഫ്രിക്കൻ ജനത എഴുതിച്ചേർക്കാൻ തുടങ്ങിയിരിക്കുന്നതിന്റെ നേർസാക്ഷ്യം ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പറയുന്നു.

ഉംറ്റാറ്റ ഹൈസ്ക്കൂൾ ഫൂട്ബോൾ ടീം, 1939

100% പിന്തുണയിൽനിന്ന് എ.എൻ സിയ്ക്ക് 42% ആണ് 2024-ൽ പിന്തുണ. ഇനി അവർക്ക് ഒരു ഐക്യമുന്നണി ഗവൺമെന്റ് രൂപീകരിക്കാൻ പിന്തുണയ്ക്കായി സമീപിക്കേണ്ടിവരുന്ന പാർട്ടികൾ വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക്ക് അലയൻസ്, മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ എം കെ (ഉംഖോണ്ടോ വെ സിസ്വെ: Spear of the Nation), പീറ്റർ മൊക്കാബയുടെ പിൻഗാമിയായി അറിയപ്പെടുന്ന ജൂലിയസ് മലേമയുടെ ഇ.എഫ്.എഫ് തുടങ്ങിയവരുമായിട്ടാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജനാധിപത്യത്തിന്റെയും സ്വതന്ത്ര മാദ്ധ്യമങ്ങളുടെയും സാർവജനീനമായ വംശീയ സൗഹൃദത്തിന്റെയും അങ്ങനെയുള്ള എല്ലാ നല്ല സാമൂഹിക ഘടകങ്ങളുടെയും അസ്തമനകാലം ആരംഭിക്കുകയാണോ?

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും മനുഷ്യത്വഹീനമായ സാമൂഹിക വ്യവസ്ഥിതിയായിരുന്നു അപ്പാർതൈഡ്. ആ ഭീകരതയെ എതിർത്ത് തോൽ‌പ്പിച്ചവരാണ് ദക്ഷിണാഫ്രിക്കന്മാർ. അവർ ഇതും കടന്നുപോകും.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments