നെൽസൺ മണ്ടേലക്ക്
ഇന്ത്യൻ അധ്യാപകരുടെ മെമ്മോറാൻഡം

1997-ൽ എം.എ. ബേബി രാജ്യസഭാംഗമായിരിക്കേ, ഞങ്ങളെ കാണാനും ഇന്ത്യൻ അദ്ധ്യാപകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും ഞങ്ങളോടൊപ്പം വന്ന് കുറച്ചു ദിവസങ്ങൾ ചെലവഴിച്ചത് ട്രാൻസ്കൈയിലെ ഇന്ത്യക്കാർക്ക് പൊതുവേ ആത്മവിശ്വാസം പകർന്ന കാര്യമായിരുന്നു- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 46

1993 ദക്ഷിണാഫ്രിക്കൻ മലയാളിയെ സംബന്ധിച്ച് നിർണായക മുഹൂർത്തമായിരുന്നു. അത് മലയാളികൾ തമ്മിലുള്ള അനാവശ്യ കിടമത്സരങ്ങൾ മൂലമാണെന്ന് കേട്ടിട്ടുണ്ട്. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്ന് പരസ്പരം ധരിച്ചുവച്ചിരുന്നവർ തമ്മിൽ ശമ്പളത്തിൽ വലിയ ഏറ്റക്കുറച്ചിലുള്ളതായി ചിലർ ‘കണ്ടുപിടിച്ച’താണ് കാരണം. അങ്ങനെയുള്ള ‘കണ്ടുപിടുത്തങ്ങൾ’ വലിയ സ്ഫോടനങ്ങൾക്കുള്ള വഴിമരുന്ന് മാത്രമാണ്. ആവഴിമരുന്ന് ഒരു ദിവസം അങ്ങ് പൊട്ടിത്തെറിച്ചു. ചിലർ മറ്റു ചിലരുടെ വിദ്യാഭ്യാസ യോഗ്യതാ -പത്രങ്ങൾ (ഡിഗ്രികളും മറ്റും) ബോംബെയിൽ നിന്നും മറ്റും വാങ്ങിയതാണെന്ന് വിദ്യാഭ്യാസവകുപ്പിൽ പരാതി ബോധിപ്പിച്ചു.

അക്കാലത്ത് ദക്ഷിണാഫ്രിക്കൻ വിദ്യാഭ്യാസ വകുപ്പുകളിൽ വിപ്ലവകരമായ മാറ്റത്തിന്റെ വലിയ ചലനങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. അടിമത്തം നിലനിന്നിരുന്ന എല്ലാ നാടുകളിലെയും അസമത്വത്തിന്റെയും അനീതിയുടെയും അടിസ്ഥാനകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്, ഭൂരിപക്ഷ സമൂഹത്തിൽ അടിച്ചേൽ‌പ്പിക്കപ്പെട്ട നിരക്ഷരതയാണ്. ചരിത്രപരമായ അത്തരം തെറ്റുകൾ പിഴുതെറിയുന്ന ശ്രമകരമായ ജോലിക്കിടയിൽ പ്രവാസികൾക്കിടയിലെ കൊതിക്കെറുവുകളും ദക്ഷിണാഫ്രിക്കൻ വിദ്യാഭ്യാസവകുപ്പ് മാറ്റിക്കൊടുക്കണം എന്ന് കരുതുന്നത് അൽ‌പം കടന്ന കൈയാണ്. പക്ഷേ നമ്മൾ വിട്ടുകൊടുക്കില്ല.

​ക്രിസ് ഹാനി
​ക്രിസ് ഹാനി

ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളുടെയും (ഇന്ത്യൻ, യുഗാണ്ടൻ, കെന്യൻ, ഘാനയൻ) വിദ്യാഭ്യാസ യോഗ്യതകൾ അതത് സർവ്വകലാശാലകളിൽ നിന്ന് ‘വെരിഫൈ’ ചെയ്ത് എത്തിക്കാൻ ഗവൺമെന്റ് ഉത്തരവിട്ടു. കേരളത്തിലെ ഡിഗ്രികൾ കൂടുതലും കേരള യൂണിവേഴ്സിറ്റിയിൽനിന്നായിരുന്നതിനാൽ അതിന് ഒരാളെ ചുമതലപ്പെടുത്തിവിട്ടു.

പോയ ആൾ തിരികെവന്നപ്പോൾ എന്തോ ചില അസ്വാരസ്യങ്ങൾ അദ്ദേഹത്തിന് ചെല്ലും ചെലവും കൊടുത്ത് അയച്ചുവിട്ട ഇന്ത്യൻ സമൂഹവുമായി ഉണ്ടായെന്ന് കേട്ടിട്ടുണ്ട്. ഇത്തരം ‘പ്രധാന’ കാര്യങ്ങളെല്ലാം അംടാട്ട കേന്ദ്രീകരിച്ചാണ് നടന്നിരുന്നത് എന്നതിനാൽ ചെറുപട്ടണങ്ങളിലുള്ളവർ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല. അതെല്ലാം ഞങ്ങൾക്ക് വാർത്തകളായിരുന്നു.

ഞങ്ങളുടെ ഡിഗ്രികളും മറ്റും വെരിഫൈ ചെയ്യിച്ച് നേരിട്ട് അയച്ചുതന്നത് എം.എസ്. കുമാറും എ. ഐ.ആറിൽ നിന്ന് ആ കാലത്ത് വിരമിച്ച കൈതമുക്കിലെ കൃഷ്ണൻ നായരുമായിരുന്നു. അദ്ദേഹത്തിന്റെ മകൾ ലതയും ഭർത്താവ് സോമൻ പിള്ളയും (2023 ഏപ്രിൽ 17ന് അന്തരിച്ചു) ദക്ഷിണാഫ്രിക്കയിൽ 1980-കൾ മുതൽ ജോലി ചെയ്തുവരുന്നവരായിരുന്നു. (കൃഷ്ണൻ നായർ സാറിനെ കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ പോയി കണ്ടിരുന്നു. ഇപ്പോഴും ആരോഗ്യവാനായും പ്രസന്നവദനനായും ഇരിക്കുന്നു, അദ്ദേഹം.)

ക്രിസ് ഹാനിയെ വെടിവെച്ചുകൊന്ന വാടകക്കൊലയാളി യാനുസ് വാലുസ്. 2012-ൽ ഇയാളെ മോചിപ്പിച്ചു.
ക്രിസ് ഹാനിയെ വെടിവെച്ചുകൊന്ന വാടകക്കൊലയാളി യാനുസ് വാലുസ്. 2012-ൽ ഇയാളെ മോചിപ്പിച്ചു.

ആ വിഷമഘട്ടത്തിലായിരുന്നു നിയമനങ്ങളും പ്രവാസി സ്ഥലംമാറ്റങ്ങളും താൽക്കാലികമായി മരവിപ്പിച്ചിരുന്നത്. നാല് വ്യത്യസ്ത ദിശകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവിശ്യാടിസ്ഥാനത്തിൽ വിന്യസിക്കുക, അതിൽത്തന്നെ വേണ്ടത്ര യോഗ്യതകളില്ലത്തവരെ അവർ നിയമിക്കപ്പെട്ടിരുന്ന ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് പിൻവലിക്കുക; ഇങ്ങനെ ഒരായിരം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന ഒരു രാജ്യത്താണ് നമ്മൾ ‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച്’ തമ്മിൽത്തമ്മിൽ തുറന്ന പോരിനായി തയാറെടുത്തിരുന്നത്.

1996 ആയിട്ടും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഞങ്ങളുടെ ട്രാൻസ്കൈ അപ്പോഴേക്ക് ‘ഈസ്റ്റേൺ കെയ്പ്’ പ്രവിശ്യയായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരുന്നു. തലസ്ഥാനം തൊട്ടടുത്ത ബാന്റുസ്റ്റാൻ ആയിരുന്ന സിസ്കൈയുടെ തലസ്ഥാനമായ ബിഷോ എന്ന പട്ടണം.

ക്രിസ് ഹാനിയുടെ അകാലവിയോഗത്തെ തുടർന്ന്, ഒട്ടും വൈകാതെ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിഷോയിൽ കൂടിയ വമ്പൻ പൊതുയോഗത്തിനുനേർക്ക് ദക്ഷിണാഫ്രിക്കൻ ഡിഫൻസ് ഫോഴ്സ് എപാർതൈഡ് കാലത്തെ ക്രൂരതയാണ് പ്രയോഗിച്ചത്. എസ് എ സി പി സെക്രട്ടറി ജനറൽയായിരുന്ന സ. ക്രിസ് ഹാനി, പതിവു പോലെ ഞായറാഴ്ച രാവിലെ പത്രം വാങ്ങിക്കൊണ്ടുവന്ന് വീടിന്റെ പൂമുഖത്ത് വായിക്കാൻ തായാറെടുക്കുന്ന നേരത്താണ് പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചിൽ തുടരെത്തുടരെയുള്ള വെടിയേറ്റ് മരിച്ചുവീണത്. പോളണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയിൽ കുടിയേറിയ യാനുസ് വാലുസ് (Janusz Walus) എന്ന വാടകക്കൊലയാളിയാണ് ക്രിസ്നെ വെടിയുതിർത്തുകൊന്നത്. സ. ക്രിസ് ഹാനി ജീവിച്ചിരുന്നെങ്കിൽ ‘മണ്ടേലയ്ക്കുശേഷം ആര്?’ എന്ന ചോദ്യത്തിന് ‘ഹാനി’ എന്ന ഉത്തരം രാജ്യത്തിന് മൊത്തത്തിൽ സുരക്ഷിതത്വത്തിന്റെ രക്ഷാമന്ത്രമായി പ്രതിദ്ധ്വനിച്ചേനേ.

ഇടയ്ക്കിടെ വഴിമാറിസഞ്ചരിക്കുന്നത് അറിയാതെയല്ല. ക്ഷമിക്കുക.

1993-ലെ പ്രവാസികളുടെ പ്രശ്നം ആദർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നോ? അല്ല. അതേക്കുറിച്ച് കൂടുതൽ പറയാൻ ഈ ഓർമകളിൽ മനഃപ്പൂർവം ഇടം നൽകുന്നില്ല. കാരണം, ആ പ്രശ്നത്തെപ്പറ്റി എന്തു പറഞ്ഞാലും അത് വിവാദമായിത്തീരുകയേ ഉള്ളൂ. ഒന്നുരണ്ട് കാര്യങ്ങൾ വ്യക്തമാക്കാതെ ഇത് മുന്നോട്ടുകൊണ്ടുപോകാനാവില്ല.

സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷത്തിലെ പ്രധാന ആകർഷണകേന്ദ്രം മഹാത്മജിയുടെ മകന്റെ മകനും രാജാജിയുടെ (സി. രാജഗോപാലാചാരി) മകളുടെ മകനുമായ ഗോപാൽകൃഷ്ണ ഗാന്ധി ആയിരുന്നു.
സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷത്തിലെ പ്രധാന ആകർഷണകേന്ദ്രം മഹാത്മജിയുടെ മകന്റെ മകനും രാജാജിയുടെ (സി. രാജഗോപാലാചാരി) മകളുടെ മകനുമായ ഗോപാൽകൃഷ്ണ ഗാന്ധി ആയിരുന്നു.

ഒന്ന്, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രധാന തൊഴിലാളി സംഘടനകളിൽ ഒന്നായ SOUTH AFRICAN DEMOCRATIC TEACHERS’ UNION അഥവാ SADTU പ്രവാസികളുടെ ശമ്പളം നാട്ടുകാരുടേതുപോലെ തന്നെ ‘സ്ട്രീം ലൈൻ’ ചെയ്യണം എന്ന ആവശ്യത്തിന് നിരുപാധിക പിന്തുണ നൽകി.

അവരുമായുള്ള സംഭാഷണങ്ങളിൽ തുടക്കം മുതൽ സജീവമായി പങ്കെടുത്ത ഒരാൾ എന്ന നിലയിൽ അവർക്ക് നമ്മളോടുള്ള സഹഭാവം എനിക്ക് നന്നായി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. എനിക്കു മാത്രമല്ല, ഇന്ത്യക്കാരെ ഞങ്ങളുടെ ആവശ്യങ്ങൾക്കു പിന്നിൽ അണിനിരത്താനും ഇന്ത്യൻ അസോസിയേഷനു കഴിഞ്ഞു. അത് നന്നായി ഫലം കണ്ടു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ ഈ വിഷയത്തിൽ കാണിച്ച താൽ‌പര്യത്തെപ്പറ്റി പിന്നീട് ദർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഫസ്റ്റ് സെക്രട്ടറിയായി വന്നു ചേർന്ന കെ.ജെ. ഫ്രാൻസിസിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീച്ചർമാർക്ക് സ്ഥിരനിയമനം നൽകുക എന്നതായിരുന്നു ഒരു വലിയ ആവശ്യം. അതു കൂടാതെ ട്രാൻസ്കൈ പോലുള്ള പഴയ ബാന്റുസ്റ്റാനുകളിൽ പെൻഷൻ സ്ക്കീമുകളിൽ പ്രവാസികളെ മുൻ കാല പ്രാബല്യത്തോടെ ഉൾപ്പെടുത്തി ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക, മെഡിക്കൽ എയ്ഡ് പദ്ധതികളിൽ അവരെ ചേരാൻ അനുവദിക്കുക എന്നിവയെല്ലാം ഞങ്ങളുടെ ന്യായമായ ആവശ്യങ്ങളായിരുന്നു.

‘സാഡ്ടു’വിന്റെ ശക്തമായ പിന്തുണ കൂടിയായപ്പോൾ അവയെല്ലാം സാർത്ഥകമാവാനുള്ള സാദ്ധ്യത വീണ്ടും ഉറച്ചു. അതിന്റെയൊപ്പം എം.എ. ബേബിയുടെ സന്ദർശനവും ഞങ്ങളുടെ ദക്ഷിണാഫ്രിക്കൻ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിൽ വലിയ പങ്കു വഹിച്ചു. എസ്.എ. സി.പി (സൗത്താഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി), എ. എൻ.സി നയിക്കുന്ന യു.ഡി.എഫിലെ ശക്തരായ രാഷ്ട്രീയസാന്നിദ്ധ്യമായിരുന്നു. ക്രിസ് ഹാനി പോയെങ്കിലും ജോ സ്ലോവോയെപ്പോലുള്ള മുൻനിര നേതാക്കൾ അപ്പോഴും പാർട്ടി നേതൃനിരയിൽ സജീവമായി ഉണ്ടായിരുന്നു.

1997-ൽ രാജ്യസഭാംഗമായിരിക്കേ, ഇന്ത്യൻ അദ്ധ്യാപകരുടെ   പ്രശ്നങ്ങൾ നേരിട്ടറിയാനെത്തിയ എം.എ. ബേബിക്കൊപ്പം യു. ജയചന്ദ്രൻ പീറ്റർമാരിറ്റ്സ് ബർഗ് റെയിൽവേ സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം. മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാർ മർദ്ദിച്ച് ട്രെയിനിൽനിന്ന് തള്ളിയിട്ട സ്ഥലമാണ്  പീറ്റർമാരിറ്റ്സ് ബർഗ്.
1997-ൽ രാജ്യസഭാംഗമായിരിക്കേ, ഇന്ത്യൻ അദ്ധ്യാപകരുടെ   പ്രശ്നങ്ങൾ നേരിട്ടറിയാനെത്തിയ എം.എ. ബേബിക്കൊപ്പം യു. ജയചന്ദ്രൻ പീറ്റർമാരിറ്റ്സ് ബർഗ് റെയിൽവേ സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം. മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാർ മർദ്ദിച്ച് ട്രെയിനിൽനിന്ന് തള്ളിയിട്ട സ്ഥലമാണ് പീറ്റർമാരിറ്റ്സ് ബർഗ്.

ഞങ്ങളുടെ അന്നത്തെ അസോസിയേഷൻ പ്രസിഡന്റ് യൂണീട്രായിലെ പ്രൊഫ. ജിമ്മി ജേക്കബ്സ് ആയിരുന്നു. അസോസിയേഷൻ സെക്രട്ടറിമാരായിരുന്നു കോട്ടയത്തുകാരൻ മാത്യു പാലമറ്റവും ഞാനും. അന്നത്തെ ഇന്ത്യൻ ഹൈ കമീഷണർ ഗോപാലകൃഷ്ണ ഗാന്ധി ആയിരുന്നു. മുൻപൊരിക്കൽ പ്രൊഫ. ജിമ്മിയും ഞാനും ഒന്നിച്ച് ഒരു മലയാളിയെ കാണാതായ കേസിനെപ്പറ്റി സംസാരിക്കാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ (അദ്ധ്യാപകരുടെ) പ്രശ്നങ്ങളോട് സഹഭാവമുള്ള വ്യക്തിയായിരുന്നു. ഞങ്ങൾ കൂടിക്കാഴ്ചയിൽ ഇത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ: ഞങ്ങളുടെ പ്രശ്നം സമയബന്ധിതമായി പരിഹരിച്ചാൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് അങ്ങ് ഞങ്ങളുടെ അതിഥിയാവുമോ?
അപ്പോൾത്തന്നെ അദ്ദേഹം അതിന് സമ്മതം മൂളി. ഞങ്ങൾ തിരികെ അംടാട്ടയ്ക്ക് മടങ്ങി.

പ്രശ്നപരിഹാരത്തിന് പതുക്കെയെങ്കിലും പൂർണവിരാമമുണ്ടാവുമെന്നറിഞ്ഞ ആഹ്ലാദത്തിൽ അൽ‌പം വൈകിയാണെങ്കിലും ഞങ്ങൾ ട്രാൻസ്കൈയിലെ മുഴുവൻ ഇന്ത്യക്കാരും ഒത്തു ചേർന്ന് സെപ്തംബർ 13-ന് സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചു. വിദ്യാഭ്യാസവകുപ്പിലെ ഏറ്റവും ശക്തരായ ഞങ്ങളുടെ മേലധികാരികൾ, സി.ഒ.എസ്.എ.ടി.യു (കൊസാട്ടു), എസ്.എ.സി.പി, പി.എ.സി, എ.എൻ. സി തുടങ്ങി ദക്ഷിണാഫ്രിക്കയിലെ പ്രധാന രാഷ്ട്രീയ- സാമൂഹിക സംഘടനകളെല്ലാം അവരുടെ ‘ടോപ് ബ്രാസി’നെ അയച്ച് ഞങ്ങളുടെ ആ ആഘോഷം വർണ്ണാഭവും ജീവസ്സുറ്റതുമാക്കി. എല്ലാറ്റിന്റെയും പ്രധാന ആകർഷണകേന്ദ്രം മഹാത്മജിയുടെ മകന്റെ മകനും രാജാജിയുടെ (സി. രാജഗോപാലാചാരി) മകളുടെ മകനുമായ ഗോപാൽകൃഷ്ണ ഗാന്ധി ആയിരുന്നു. ഇതിലെല്ലാം ഒരു ചെറിയ നേട്ടം എനിക്കുണ്ടായിരുന്നു എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ വെറുമൊരു ‘ത്യാഗി’ ആയിപ്പോകും. അന്നത്തെ പരിപാടികളുടെ ‘മാസ്റ്റർ ഓഫ് സെറിമണീസ്’ ആ‍യിരിക്കാൻ എന്നെ തീരുമാനിച്ചത് ഇന്ത്യൻ അസോസിയേഷൻ എക്സി. കമ്മിറ്റി ആയിരുന്നു. ഗോപാൽ കൃഷ്ണ ഗാന്ധി ഉൾപ്പടെയുള്ളവർ എന്നെ അതിനുശേഷം അനുമോദിച്ചപ്പോൾ അത് മുഴുവനും പൊള്ള വാക്കുകളായിരുന്നു എന്നു ഞാൻ അന്നു കരുതിയില്ല; ഇന്നും കരുതുന്നില്ല. എന്റെ ഭാഗ്യം എന്നു മാത്രമേ കരുതുന്നുള്ളു.

ആ ഇടക്കാലത്തു തന്നെ ഞങ്ങൾക്ക് നെൽസൺ മണ്ടേലയെ കാണാനുള്ള അവസരവുമുണ്ടായി. മണ്ടേലയുടെ ബന്ധുവാണ് ട്രാൻസ്കൈയിലെ ചീഫ് ണ്ഡമാസെയുടെ കുടുംബം. അവിടുത്തെ ചീഫ് മരിച്ചപ്പോൾ മണ്ടേല അവരെ സന്ദർശിക്കാനെത്തി. ആ അവസരത്തിൽ, അദ്ദേഹത്തെ കണ്ട് വിദ്യാഭ്യാസവകുപ്പിന് നൽകിയ മെമോറാൻഡത്തിന്റെ പകർപ്പ് അദ്ദേഹത്തിനും കൂടി നൽകാം എന്നു കരുതിയാണ് മാമച്ചൻ, മാത്യു പാലമറ്റം, ഞാൻ എന്നിവർ മറ്റൊരു ടീച്ചറുടെ സഹായത്തോടെ ചീഫ് ണ്ഡമാസെയുടെ സ്ഥലത്ത് എത്തിയത്. അന്ന് ഗ്രാക്കാ മഷേലിനെ മണ്ടേല വിവാഹം ചെയ്തിരുന്നില്ല. പക്ഷെ എവിടെപ്പോയാലും അവർ കൂടെയുണ്ടാവുമായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് അവരെ പരിചയപ്പെടുത്തിത്തന്നു, ‘മീറ്റ് മൈ ലേഡി, ഗ്രാക്ക’. മെമോറാൻഡം വാങ്ങി അപ്പോൾത്തന്നെ തന്റെ സെക്രട്ടറിയെ ഏൽ‌പ്പിച്ചിട്ട് ഇത്രയും കൂടി പറഞ്ഞു, ‘ഗെറ്റ് നൊസീമോ ടു ആക്റ്റ് ഓൺ ദിസ് ഇമ്മീഡിയറ്റ്ലി’.
നൊസീമോ എന്നത് അന്നത്തെ ഞങ്ങളുടെ വിദ്യാഭ്യാസമന്ത്രിയായിരുന്ന നൊസീമോ ബലിൻഡ്ലേല ആയിരുന്നു.

ഇത്തരം സമ്മർദ്ദങ്ങൾ പലേടത്തു നിന്നും വന്നു കൊണ്ടിരുന്നപ്പോൾ വിദ്യാഭ്യാസ അധികൃതർക്ക് അവയ്ക്കു മീതെ ചാരിയിരിക്കാനാവില്ലായിരുന്നു. ഇതിനെല്ലാം പുറമേ ഇപ്പോൾ കോട്ടയത്തുണ്ടെന്ന് ഞാൻ കഴിഞ്ഞ ദിവസം അറിയാനിടയായ വിജയനും ഞാനും ഈസ്റ്റേൺ കെയ്പ് സംസ്ഥാന അസംബ്ലി നടക്കുന്നേടത്ത് എത്തി മന്ത്രിയെയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും കണ്ട് ഞങ്ങളുടെ വിഷമങ്ങൾ വിശദീകരിച്ചു. അവരെല്ലാവരും എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാം എന്നേറ്റു.
ഈ ലോബിയിംഗിനു സമാന്തരമായി ഒരു ഘാനിയൻ പൗരൻ ഗവർമെന്റിനെതിരായി ഒരു കേസ് ഫയൽ ചെയ്തിരുന്നു. നമുക്ക് പൊതുസമൂഹത്തിൽ നിന്ന് ഇത്രയേറെ പിന്തുണയുള്ളപ്പോൾ നാം എന്തിന് ഒരു കേസിനു പോകണം എന്നായിരുന്നൂ കേസിൽ ചേരാതെ നിന്ന ഞങ്ങളെപ്പോലുള്ളവർ ചിന്തിച്ചത്.

നെൽസൺ മണ്ടേലയും ഗ്രാക്കാ മഷേലും
നെൽസൺ മണ്ടേലയും ഗ്രാക്കാ മഷേലും

ഒരു മലയാളിയുടെ തിരോധാനം സംബന്ധിച്ചാണ് പ്രൊഫ. ജിമ്മി ജേക്കബ്സും ഞാനും ആദ്യം ഗോപാൽ കൃഷ്ണ ഗാന്ധിയെ കണ്ടത്. കാണാതെ പോയ ആ‍ളുടെ പേരും മറ്റ് വിശദാംശങ്ങളും ഈ നറേറ്റീവിൽ ഉൾപ്പെടുത്തുന്നില്ല. ആ കുടുംബം ഞങ്ങളുമായി നല്ല അടുപ്പമുള്ളവരായിരുന്നു. നയ്റോബിയിലെ രണ്ടാം വനവാസത്തിൽ ഞങ്ങൾ അയൽക്കാരായി കുറച്ചുനാൾ കഴിഞ്ഞവരുമാണ്. പ്രൊഫ. ജിമ്മി ജേക്കബ്സ്ന്റെ നാട്ടുകാരനായിരുന്നു (ഉടുമ്പന്നൂർ, തൊടുപുഴ) അയാൾ. അവരുടെ ജീവിതം കീഴ്മേൽ മറിച്ച ദുരന്തം സംഭവിക്കുന്നതിന്റെ തൊട്ടു മുൻപത്തെ ആഴ്ച അവരിരുവരും കുസൃതിക്കുട്ടന്മാരായ മൂന്നു മക്കളുമൊത്ത് അംടാട്ടയിൽ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അയാളുടെ കുടുംബം കൊച്ചിയിലുണ്ട് എന്ന് ഞങ്ങൾ അറിയുന്നു.

1997-ൽ എം.എ. ബേബി രാജ്യസഭാംഗമായിരിക്കേ, ഞങ്ങളെ കാണാനും ഇന്ത്യൻ അദ്ധ്യാപകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും ഞങ്ങളോടൊപ്പം വന്ന് കുറച്ചു ദിവസങ്ങൾ ചെലവഴിച്ചത് ട്രാൻസ്കൈയിലെ ഇന്ത്യക്കാർക്ക് പൊതുവേ ആത്മവിശ്വാസം പകർന്ന കാര്യമായിരുന്നു. സാധാരണഗതിയിൽ ‘പ്രവാസി’ എന്ന മൂന്നക്ഷരവാക്കിനെ യൂറോപ്പ്, വടക്കേ അമേരിക്ക, മദ്ധ്യപൂർവ്വദേശങ്ങൾ എന്നിങ്ങനെ മാത്രം കണ്ടിരുന്ന നാട്ടിലെ വ്യവസ്ഥാപിത –രാഷ്ട്രീയത്തിന്റെ വികലമായ വീക്ഷണകോണിൽ നിന്ന് അൽ‌പമെങ്കിലും മാറുവാൻ ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിഞ്ഞത് ഞങ്ങളുടെ ഇടപെടലിലൂടെയാണെന്നു പറഞ്ഞാൽ അത് വെറും ‘തള്ള്’ ആയി തള്ളിക്കളയാൻ ആർക്കുമാവില്ല. 1997 ജനുവരി മുതൽ പ്രവാസികളുടെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചു. ‘ദക്ഷിണാഫ്രിക്ക ഈ രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്’ എന്ന് മണ്ടേല ആയിടയ്ക്ക് ഒരു പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത് കുടിയേറ്റക്കാരായും അല്ലാതെയും ദക്ഷിണാഫ്രിക്കയിൽ അഭയം തേടിയ എല്ലാവർക്കും ഒരുപോലെ ആത്മവിശ്വാസവും ധൈര്യവും പകർന്ന വാക്കുകളായിരുന്നു.

(തുടരും)


Summary: nelson mandela and indian teachers in eastern cape u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments