ആഫ്രിക്കൻ
വസന്തങ്ങൾ - 51
ഞങ്ങളുടെ സ്കൂൾ 1983 മുതൽ അംടാട്ടാ റോമൻ കാത്തലിക് ഡയോസിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളുകളുടെ തരംതിരിവ് വന്നപ്പോൾ മതസ്ഥാപനങ്ങളുമായി ബന്ധമുള്ള വിദ്യാലയങ്ങൾ ഒന്നുകിൽ ‘പബ്ലിക്’ (അഥവാ സർക്കാർ വക) സ്കൂളുകളായി മാറുക; അല്ലെങ്കിൽ മതസ്ഥാപനങ്ങളുടെ ഒപ്പം നിൽക്കുക എന്നു വന്നു. അങ്ങനെ നിന്നാലും ആ സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണവും മേൽനോട്ടവും ഉണ്ടായിരിക്കും. ഹോളി ക്രോസ് സ്ഥാപിതമായപ്പോൾ തന്നെ, ആ സ്കൂൾ പ്രിൻസിപ്പൽ എക്കാലവും ഒരു കന്യാസ്ത്രീ ആയിരിക്കുമെന്ന് അതിന്റെ ഉടമസ്ഥരായ ട്രസ്റ്റും കത്തോലിക്കാ ഡയോസിസുമായി കരാർ ഉണ്ടായിരുന്നത്രെ. അത് മിക്കവാറും സിസ്റ്റർ ലെയ്ൻ നിർദ്ദേശിച്ചതാവാം. എന്നാൽ മാറ്റങ്ങൾ ആരംഭിക്കുമ്പോൾ ‘ഫുണ്ടാ ട്രസ്റ്റ്’ എന്ന സ്കൂൾ മാനേജർമാർ ആ വാക്ക് പാലിക്കാൻ വിസമ്മതിച്ചു. അതോടെ ഹോളി ക്രോസ് ഒരു ‘കത്തോലിക്ക’ സ്‌കൂൾ അല്ലാതായി.
ഒറ്റപ്പെടൽ കാരണം സംഭവിച്ച സാംസ്കാരികമൂല്യച്യുതി ദക്ഷിണാഫ്രിക്കയിലെ എല്ലാ വംശങ്ങളെയും പല വിധത്തിലാണ് ബാധിച്ചിരുന്നത്. വെള്ളക്കാരെ സംബന്ധിച്ച് അത് ലോകത്തിനു നേരെ വാതിൽ കൊട്ടിയടച്ചു; മറ്റു വംശജരെ അത് ‘ക്ലോസ്ട്രോഫോബിയ’യിൽ അകപ്പെടുത്തി
എങ്കിലും സ്‌കൂൾ നിയമാവലി മാറ്റാൻ അദ്ധ്യാപകരും രക്ഷകർത്താക്കളും തയ്യാറായില്ല. ഹോളി ക്രോസിന്റെ ദൈനംദിന നടത്തിപ്പിലെ അച്ചടക്കം, മതപഠനം (കത്തോലിക്കർക്കു മാത്രം നിർബ്ബന്ധിതം, മറ്റുള്ളവർക്ക് വേണമെങ്കിൽ ചേരാം) തുടങ്ങിയ, സ്‌കൂളിന്റെ അന്തഃസ്സത്ത നിലനിർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ട്രസ്റ്റും ശുഷ്കാന്തി കാണിച്ചു. അതുകൊണ്ട് ഹോളി ക്രോസ് ഒരു നല്ല ‘ക്രിസ്റ്റ്യൻ’ സ്കൂൾ ആയി അറിയപ്പെട്ടു. അക്കാദമിക് ആയും ഞങ്ങൾ ഈസ്റ്റേൺ കേപ്പിലെ വലിയ പാരമ്പര്യം അവകാശപ്പെട്ടിരുന്ന സ്കൂളുകളുടെ ഒപ്പം നിന്നു. കണക്കിലും സയൻസിലും ‘കറുത്തവർ’ എന്നും പിന്നോക്കമാണെന്ന തെറ്റിദ്ധാരണ മാറ്റാൻ മിസ് മേരി മത്തായിയെയും സ്കറിയാ ചെറിയാനെപ്പോലെയുമുള്ള അർപ്പണബോധമുള്ള അദ്ധ്യാപകർ പ്രതിഫലേച്ഛയില്ലാതെ കുട്ടികൾക്ക് നിരന്തരമായ ‘ഡ്രിൽ’ നടത്തി അവരുടെ കഴിവുകൾക്ക് മൂർച്ചയും തിളക്കവുമേറ്റി.
ഏകീകരണപ്രക്രിയയുടെ ആദ്യഘട്ടത്തിൽ തന്നെ ഹോളി ക്രോസ് മാത്‌സ് വകുപ്പിലെ മോട്സിലീലി എന്നു പേരുള്ള സൂത്തു (Sotho: tribe) വിദ്യാർത്ഥി ലോക മാത്‌സ് ഒളിമ്പ്യാഡിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. ഇന്നയാൾ രാജ്യത്തെ അറിയപ്പെടുന്ന ഒരു ആക്ച്വേറിയൽ സയന്റിസ്റ്റ് അഥവാ ആക്ച്വറി ആണ്.
ഇത്രയും നീട്ടിപ്പരത്തി പറയാനുള്ള പ്രധാന കാരണം, ഈ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിൽ നിന്ന് ഒഴിയണം എന്ന് ഡയോസിസ് ഞങ്ങളെ അസ്വസ്ഥരാക്കുന്ന വിധത്തിൽ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഞങ്ങൾക്ക് പോകാൻ വേറെ സ്ഥലമില്ല. ഞങ്ങളുടെ പ്രിൻസിപ്പൽ മിസിസ് ബെറ്റേല കെട്ടിടനിർമാണഫണ്ടിന്റെ തുക ഒരു പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ടായിരുന്നു. അത് തുച്ഛമായ ഒരു തുകയായിരുന്നു. അതുപയോഗിച്ച് ഒരു ഷെഡ്ഡ് കെട്ടാൻ മാത്രമേ പറ്റൂ. അങ്ങനെ ഞങ്ങൾ പ്രവിശ്യാ ഗവൺമെൻ്റിനെ സമീപിച്ചു. ഇന്നു ചിത്രങ്ങളിൽ കാണുന്ന ഹോളി ക്രോസ് ഹൈസ്കൂളിന്റെ പ്രധാന കെട്ടിടം ഈസ്റ്റേൺ കേപ്പ് ഗവൺമെന്റ് പണി കഴിപ്പിച്ചു തന്നതാണ്. മുൻപ് സ്കൂൾ പ്രവർത്തിച്ചിരുന്നത് സി.ബി.സ്‍യിൽ (Central Business District) ആയിരുന്നെങ്കിൽ 2005 ആരംഭം മുതൽ സൗത്ത് റിഡ്ജ് പാർക് എന്നു പേരുള്ള അംടാട്ടയിലെ ഒരു സമ്പല്‍സമൃദ്ധമായ പ്രദേശത്ത് ഹോളി ക്രോസ് പുനരവതരിച്ചു. ഇന്നു കാണുന്ന ഹോളി ക്രോസ് അവിടെത്തന്നെ തുടരുന്നു. ഞാൻ വിട്ടു പോരുന്ന വർഷം (2016) തന്നെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ആയിരത്തിനടുത്തെത്തിയിരുന്നു.
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഹോളി ക്രോസ് ഒരു നല്ല വാർഷിക മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നില്ല. 2004ൽ ഒരു മാഗസിൻ തയാറാക്കാനുള്ള സ്റ്റാഫ് നോമിനിയായി എന്നെ തെരഞ്ഞെടുത്തു. അത്തരം ഒരു ‘കൺസെപ്റ്റ്’ ഒപ്പം സഹകരിക്കാനുണ്ടായിരുന്ന സഹപ്രവർത്തകർക്ക് ഒട്ടും മനസ്സിലായിരുന്നില്ല. ബാന്റുസ്റ്റാനിലെ അഭ്യസ്തവിദ്യരുടെ പല ബൗദ്ധികപ്രശ്നങ്ങളിൽ ഒന്നാണ് ആ ‘മനസ്സിലാകായ്മ’.
ഒറ്റപ്പെടൽ കാരണം സംഭവിച്ച സാംസ്കാരികമൂല്യച്യുതി ദക്ഷിണാഫ്രിക്കയിലെ എല്ലാ വംശങ്ങളെയും പല വിധത്തിലാണ് ബാധിച്ചിരുന്നത്. വെള്ളക്കാരെ സംബന്ധിച്ച് അത് ലോകത്തിനു നേരെ വാതിൽ കൊട്ടിയടച്ചു; മറ്റു വംശജരെ അത് ‘ക്ലോസ്ട്രോഫോബിയ’യിൽ അകപ്പെടുത്തി അവരുടെ ലോകദർശനത്തെ വികലമാക്കി. ഈ ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും തങ്ങളുടെ വിമോചനത്തിനായി പോരാടുന്നുണ്ടെന്ന് അവർ മനസ്സിലാക്കിയിരുന്നു. ജനറൽ ഹോളോമിസ അധികാരം പിടിച്ചെടുക്കുവോളം ട്രാൻസ്കൈ ഉൾപ്പടെയുള്ള എല്ലാ ബന്റുസ്റ്റാനുകളും ദക്ഷിണാഫ്രിക്കൻ ന്യൂനപക്ഷ-വംശീയ ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളും പാദസേവകരും ആയിരുന്നു. അടിമത്തം അടിച്ചേൽപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രകാശധോരണിയിൽ കണ്ണഞ്ചിപ്പോകുക സ്വാഭാവികമാണ്. അവരുടെ ഏറ്റവും ലോലമായ ബൗദ്ധിക വ്യാപാരങ്ങളെ പോലും ദോഷകരമായി സ്വാധീനിക്കാൻ നൂറ്റാണ്ടുകളുടെ അടിമത്തത്തിനു കഴിഞ്ഞിരുന്നു. നിത്യജീവിതത്തിലേക്ക് കടന്നുവന്നിരുന്ന ഓരോ പുതിയ ചിന്തയും നവലോക -സ്പന്ദനത്തിന്റെ പാദപതനവും സംശയത്തിന്റെ കണ്ണാടിയിലൂടെയാണ് അവർ കണ്ടിരുന്നത്. ഫ്രാന്റ്സ് ഫാനൺന്റെ വിശ്രുത പോസ്റ്റ് കൊളോണിയൽ ഗ്രന്ഥമായ ‘റെച്ചെഡ് ഓഫ് ദി എർത്തി’ന്റെ അവതാരികയിൽ ഷോൺ പോൾ സാർത്ര് ഇപ്രകാരം പറയുന്നു: “ഒരു അധിനിവേശ സമൂഹത്തിൽ ജീവിക്കുന്ന തദ്ദേശീയർ എപ്പോഴും മാനസികപിരിമുറുക്കത്തിന്റേതായ ഒരവസ്ഥയിലാണ് ജീവിക്കുക.” (The condition of a native living in a colonised society is a nervous condition).
ആഫ്രിക്കയിലെ കോളനിവൽക്കരണം ഇന്ത്യയിൽ സംഭവിച്ചതിനേക്കാൾ ഏറെ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായുള്ള ‘യജമാന- ദാസ’ സങ്കല്പങ്ങൾ ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് ഉരുത്തിരിഞ്ഞത്. ഇന്ത്യക്കാരെന്ന നിലയിൽ അത് മനസ്സിലാക്കാൻ നാം ബാദ്ധ്യതപ്പെട്ടവർ കൂടിയാണ്. എന്നാൽ അത് നേരാംവണ്ണം അറിയാൻ നാം മിക്കവാറും ശ്രമിക്കാറില്ല. ബുദ്ധിപരമായ ആ അലസത കാരണം ഇന്ത്യക്കാർ ഏറെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നമ്മെ സംശയത്തിൽ തുടങ്ങി, അവജ്ഞയിലും വെറുപ്പിലും അവസാനിക്കുന്ന വൈരത്തോടെ വീക്ഷിക്കുന്ന തദ്ദേശീയരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.
ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് അധിനിവേശകർ ഇന്ത്യയിൽ നിന്ന് ‘ഇറക്കുമതി’ ചെയ്ത, ഒന്നിലും പ്രത്യേകിച്ച് നൈപുണ്യമില്ലാത്ത (കൂടുതലും നല്ല കറുത്ത നിറമുള്ള) തൊഴിലാളികളെ കയറ്റിയ ആദ്യത്തെ കപ്പൽ ദർബനിലെത്തിയത് 1860 നവംബർ15നാണ്. ആ ഒരു ‘കൺസൈന്മെന്റി’ൽ 342 ദക്ഷിണേന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ട്രൂറോയുടെ ചുവടു പിടിച്ച് പിന്നെയും ഇന്ത്യൻ തൊഴിലാളികളെ തേടി മറ്റ് കപ്പലുകൾ വന്നു. അങ്ങനെ വന്ന് ദക്ഷിണാഫ്രിക്കയിൽ ‘കുടുങ്ങിപ്പോയവർ’ അനേകമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ വന്നിറങ്ങിയവരുടെ അഞ്ചാം തലമുറ ഇന്ത്യക്കാരാണ് ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് 1 മുതൽ 4 വരെയുള്ള കോളനികളിൽ ഇന്ന് തിങ്ങിപ്പാർക്കുന്നത്. ‘ചാറ്റ്സ് വർത്ത്’ എന്നയിടവും ഇന്ത്യക്കാരുടെ കേന്ദ്രമാണ്.
അടിമത്തം അടിച്ചേൽപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രകാശധോരണിയിൽ കണ്ണഞ്ചിപ്പോകുക സ്വാഭാവികമാണ്. അവരുടെ ഏറ്റവും ലോലമായ ബൗദ്ധിക വ്യാപാരങ്ങളെ പോലും ദോഷകരമായി സ്വാധീനിക്കാൻ നൂറ്റാണ്ടുകളുടെ അടിമത്തത്തിനു കഴിഞ്ഞിരുന്നു.
നമ്മെ (ഇന്ത്യയിൽ നിന്ന് ഇപ്പോൾ വരുന്നവരെ) കാണുന്നതും സംസാരിക്കുന്നതുമെല്ലാം അവർക്ക് വലിയ സന്തോഷമാണ്. തമിഴും തെലുങ്കും സംസാരിക്കുന്നവരാണ് കൂടുതൽ. തമിഴ് നാട്ടു ബന്ധങ്ങളുള്ളതിനാൽ തമിഴ് സിനിമകൾ, തമിഴ് മട്ടിലുള്ള ക്ഷേത്രങ്ങൾ- അങ്ങനെ തമിഴ് മയമാണ് എല്ലാം. തെന്നിന്ത്യൻ കലാകാരരെ വൻ തുക കൊടുത്ത് ദർബനിലെ ‘ഇന്ത്യക്കാർ’ (Durban Indians) പരിപാടികൾക്ക് കൊണ്ടുവരാറുണ്ട്. വിസ സംബന്ധിച്ച തടസം നീങ്ങിയ 90-കളുടെ ആദ്യപാദത്തിൽത്തന്നെ എസ് പി ബിയും യേശുദാസും ഉഷാ ഉതുപ്പും എല്ലാം വന്നു. 2001-ൽ ഉണ്ണിമേനോൻ ഭാവതാ ഹരിണിയുമൊത്ത് വന്നപ്പോൾ ഞങ്ങൾ പോയിരുന്നു. തമിഴ് പാട്ടുകളും മലയാളം പാട്ടുകളുമെല്ലാം ഉണ്ണി പാടി. വലിയ ജനപ്രീതിയാർജ്ജിച്ച പരിപാടിയായിരുന്നു അത്.
അൽപം പ്രായം ചെന്ന ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെല്ലാം മദ്രാസിൽ (ചെന്നൈ) ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവരായിരിക്കും. കൂടുതൽ പേരും മനോരമ എന്ന തമിഴ് നടിയുടെ ആരാധകരാണ്. പരിചയപ്പെട്ട് അൽപ്പം അടുപ്പമായിക്കഴിഞ്ഞാൽ അവർ മനോരമയുമൊന്നിച്ചുള്ള ഫോട്ടോകൾ കാണിച്ചു തരും.
ഈ വക കാര്യങ്ങളൊന്നും കറുത്തവരെ ബാധിക്കാറില്ല. ടി വിയിലല്ലാതെ അവർ സിനിമ കാണുന്നത് വർഷാന്ത്യത്തിൽ ഫാമിലി ഹോളിഡേആഘോഷിക്കാൻ ദർബനിലോ കേപ്പ് ടൌണിലോ പോകുമ്പോൾ മാത്രമായിരിക്കണം. അംടാട്ടയിൽ ഞങ്ങൾ ചെല്ലുന്ന കാലത്ത് ഒരു സിനിമാ ഹാളുണ്ടായിരുന്നു. സ്ഥിരമായി മൂന്നാംകിട മാർഷ്യൽ ആർട്ട്സ് ചിത്രങ്ങൾ മാറി മാറീ കാണിച്ചുകൊണ്ടിരുന്ന ഒരു ഹാൾ. വർഷങ്ങൾക്കു ശേഷം അംടാട്ടയിൽ ആരംഭിച്ച ഒരു ആദ്യകാല മാളിനോടു ചേർന്ന് ഒരാൾ ഒരു ഇരട്ട തിയേറ്റർ തുടങ്ങി. അത് പക്ഷേ അല്പായുസ്സായിരുന്നു. വിനോദത്തിനായി കുടുംബത്തോടൊപ്പം സിനിമ കാണാൻ പോകുക എന്നത് ക്ലോസകളുടെ ശീലമല്ല. മൃദുലമായ ഭാവങ്ങൾ ഭാര്യയോടും കുട്ടികളോടും കാണിക്കുന്നത് ദൗർബല്യമായി കരുതുന്നവരാണ് ശരാശരി ആഫ്രിക്കൻ പുരുഷൻ. പ്രത്യേകിച്ച് ക്ലോസ പുരുഷൻ. എല്ലാവരും അങ്ങനെയാണെന്നല്ല സൂചിപ്പിക്കുന്നത്. അങ്ങനെ അല്ലാത്തവർ ധാരാളമുണ്ട്; കേട്ടോ.
തമിഴും തെലുങ്കും സംസാരിക്കുന്നവരാണ് കൂടുതൽ. തമിഴ് നാട്ടു ബന്ധങ്ങളുള്ളതിനാൽ തമിഴ് സിനിമകൾ, തമിഴ് മട്ടിലുള്ള ക്ഷേത്രങ്ങൾ- അങ്ങനെ തമിഴ് മയമാണ് എല്ലാം.
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുമ്പോഴാണ് പന്ത്രണ്ടാം ക്ലാസിന്റെ ‘വാലെഡിക്ടറി’ എന്നത് കല്യാണത്തിനു തുല്യമായ ആർഭാടവും മോടിയും പ്രദർശിപ്പിക്കേണ്ട സന്ദർഭമാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. ‘ഫെയർവെൽ’ എന്ന ഉത്സവം ലക്ഷ്യമാക്കിയാണ് വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസിൽ സമയം തള്ളി നീക്കുക. അന്ന് ധരിക്കേണ്ട വേഷഭൂഷാദികൾക്ക് എത്ര പണം ചെലവഴിക്കാനും രക്ഷകർത്താക്കൾ യാതൊരു ലോഭവും കാണിക്കില്ല. പക്ഷേ, അംടാട്ടയിലെ ഹോളി ക്രോസ് ഹൈസ്ക്കൂളിന് ചില വ്യത്യസ്തതകളുണ്ടായിരുന്നു. ഞങ്ങളുടെ ഫെയർവെൽ അവിടെ അടുത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിന്റെ ബാങ്ക്വെറ്റ് ഹാളിലാണ് നടത്താറുള്ളത്. വിദ്യാർത്ഥിയോടൊപ്പം ഒരു രക്ഷകർത്താവിന് സൗജന്യമായി പങ്കെടുക്കാം. രണ്ടു രക്ഷകർത്താക്കൾക്കും പങ്കെടുക്കണമെങ്കിൽ അതിൽ ഒരാളുടെ ചാർജ്ജ് നൽകിയേ പറ്റൂ. യാതൊരു കാരണവശാലും രാത്രി 9:30 കഴിഞ്ഞ് ഹോളിഡേ ഇന്നിൽ ആരും കറങ്ങിത്തിരിയാൻ പാടില്ല. മദ്യം നിഷിദ്ധം. 2002 വരെ ഇതെല്ലാം വിഘ്നങ്ങളൊന്നുമില്ലാതെ നടന്നു. കുട്ടികളുടെ അംഗസംഖ്യ വർദ്ധിച്ചപ്പോൾ മറ്റു സ്ഥലങ്ങൾ കണ്ടു പിടിക്കേണ്ടിവന്നു.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സ്കൂളിലെ ഫോർമൽ പാർട്ടി കഴിഞ്ഞ് വിദ്യാർത്ഥികൾ അവരുടെ സ്വന്തം പാർട്ടിക്ക് പോകും. അതിനായി അവർ ഏതെങ്കിലും സങ്കേതം കണ്ടു പിടിച്ചിട്ടുണ്ടാവും. അവിടെ മദ്യം ഒഴുകും, ‘നടക്കാൻ പാടില്ലാത്തത്’ പലതും നടക്കും.
ഫെയർവെൽ പാർട്ടിയിൽ നിന്ന് സ്കൂൾ ചിലരെ ഒഴിവാക്കും. മദ്യപാനം, മറ്റ് ലഹരി ഉപയോഗം, സ്കൂളിൽ ചേർന്ന ശേഷം സ്കൂളിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മട്ടിൽ പെരുമാറിയിട്ടുള്ളതിന്റെ തെളിവ്, ഇങ്ങനെയുള്ള കാരണങ്ങളാൽ വിലക്കപ്പെടാം. ഇന്നത്തെ നിലയിൽ ഏതാണ്ട് 40000 രൂപയൊക്കെ ചെലവാക്കിയാണ് വിദ്യാർത്ഥികൾ ഫെയർവെല്ലിന് തയാറാവുക. അതു കൊണ്ടാണ് ഡിസിപ്ലിൻ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ വളരെ നേരത്തേ തന്നെ, വിലക്കുണ്ടെങ്കിൽ അത് അറിയിക്കാൻ സ്കൂൾ ബാദ്ധ്യസ്ഥമാവുന്നത്. ഒരിക്കൽ ഞങ്ങൾക്ക് ഒരു അബദ്ധം പറ്റി. വളരെ ഗുരുതരമായ അച്ചടക്കപ്രശ്നങ്ങളുള്ള ഒരു കുട്ടിയെ വിവരമറിയിക്കാൻ വിട്ടുപോയി. അവന് ഒരു ‘തള്ളിനു’ള്ള വിഷയമായി അത്. ‘എന്നെ ഒരു സ്കൂളിനും ‘ബാൻ’ ചെയ്യാനൊന്നും പറ്റില്ല” എന്നു പറഞ്ഞ് അദ്ദേഹം സതീർത്ഥ്യർക്കിടയിൽ അഴിഞ്ഞാടി. വിവരമറിഞ്ഞ് ഞങ്ങൾ അയാളെ വിളിച്ചു. കാര്യമന്വേഷിച്ചപ്പോൾ അയാൾ പറയുകയാണ്: “ഐ ഹാവ് ഇൻവെസ്റ്റെഡ് സം കാഷ് ഫോർ ദിസ് പാർട്ടി. സോ ഐ ഷുഡ് ബി അലൌഡ് റ്റു ഗോ’’.
വെറുമൊരു ഔത്സുക്യം കൊണ്ട് ഞാൻ അന്വേഷിച്ചു, ‘ഹൌ മച്ച് ഈസ് യുവർ ഇൻവെസ്റ്റ്മെന്റ്?”
കണ്ണിമ വെട്ടാതെ അയാൾ പറഞ്ഞു, ‘8000 Rand, sir’.
അന്നത്തെ എക്സ്ചേഞ്ച് റേറ്റിന് 64000 രൂപ!
ഞാൻ സ്തംഭിച്ചിരുന്നു.
(തുടരും)