അരങ്ങിനെ പ്രണയിക്കുന്നവരും പുതുതലമുറ നാടകപ്രവർത്തകരും അറിയേണ്ട ജീവിതമാണ് ഇ. അഹമ്മദ് മുസ്‌ലിം എന്ന നാടക അവധൂതൻ ജീവിച്ചു തീർത്തത്. അധികമാരും അറിയാതെയിരുന്നിട്ടും മരണം കൊണ്ട് എന്താണിദ്ദേഹത്തെ ഇത്രയധികം അടയാളപ്പെടുത്തുന്നത്. കാരണം അടുത്തറിഞ്ഞവർക്കെല്ലാം ഇഷ്ടമായിരുന്നു ഈ താന്തോന്നിയെ. എവിടെയാണ് ഈ മനുഷ്യന് പിഴവു പറ്റിയതെന്നായിരുന്നു നേരിൽ കാണുമ്പോഴെല്ലാം എന്റെ മനസ്സിലോടിയ പ്രധാന ചിന്ത. സാധാരണ മനുഷ്യരിൽ നിന്ന് വിഭിന്നമായി ആകർഷണീയമായ ശരീരാകൃതിയും ശബ്ദവും ലഭിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും കഥാപാത്ര സൃഷ്ടികൾക്ക് ഏറെ ഗുണപരമാണ്. അതൊക്കെ ആവോളം ലഭിച്ചിട്ടും സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ഒന്നാം റാങ്ക് നേടി പുറത്തിറങ്ങിയ ഈ കലാകാരന് എവിടെയാണ് വഴിതെറ്റിയത്.
ഈ ഓർമക്കുറിപ്പെഴുതാൻ ഒട്ടും യോഗ്യനല്ലാത്ത വ്യക്തിയെന്ന ബോധ്യത്തിൽ തന്നെയാണ് എന്റെ ചെറിയൊരനുഭവം ഇവിടെ കുറിക്കുന്നത്. കാരണം കൊല്ലംകാരനായിരുന്നിട്ടു കൂടി ഒരുതവണ പോലും അദ്ദേഹത്തോടൊപ്പം നാടകങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച വ്യക്തിയല്ല ഞാൻ. പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ദീർഘമായ കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയത് സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികളുടെ ഇടത്താവളം കൂടിയായ കുഞ്ഞേട്ടന്റെ വീട്ടിൽ വച്ചാണ്.
ഒരു കലാലയം മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട വ്യക്തി പിന്നീട് തെരുവിലലയേണ്ടി വന്നതിനാരാണ് ഉത്തരവാദികൾ? ഒരു പക്ഷേ ചിട്ടയായ ജീവിതത്തിന് കുറച്ചെങ്കിലും വിട്ടുകൊടുത്തിരുന്നെങ്കിൽ കേരളം കണ്ട മികച്ച നടൻമാരുടെ ശ്രേണിയിലേക്ക് ഈ പേരു കൂടി എഴുതിച്ചേർക്കാമായിരുന്നു
മഹാനായ ഈ പ്രതിഭയുടെ വ്യക്തിസവിശേഷതകൾ മനസ്സിലാക്കിയത് അദ്ദേഹത്തെ അടുത്തറിഞ്ഞ ചില മനുഷ്യരുടെ വാക്കുകളിലൂടെയായിരുന്നു. പ്രധാനമായും ശാസ്താംകോട്ട ദേവസ്വം കോളേജിൽ നാടക ശില്പശാലക്ക് പോയപ്പോഴായിരുന്നു യുവാവായിരുന്നപ്പോഴുള്ള ഇക്കയുടെ പ്രവർത്തന പാരമ്പര്യവും ജീവിതവും എന്താണെന്ന് ശരിക്കും മനസ്സിലായത്. ഒരു കലാലയം മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട വ്യക്തി പിന്നീട് തെരുവിലലയേണ്ടി വന്നതിനാരാണ് ഉത്തരവാദികൾ? ഒരു പക്ഷേ ചിട്ടയായ ജീവിതത്തിന് കുറച്ചെങ്കിലും വിട്ടുകൊടുത്തിരുന്നെങ്കിൽ കേരളം കണ്ട മികച്ച നടൻമാരുടെ ശ്രേണിയിലേക്ക് ഈ പേരു കൂടി എഴുതിച്ചേർക്കാമായിരുന്നു. നേരിട്ടറിയാവുന്നവരുടെ സോഷ്യൽ മീഡിയായിലെ ചെറു അനുസ്മരണ കുറിപ്പുകൾ അത് അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്.
ബ്രിട്ടീഷ് സംവിധായകനായ Tim Supple, 2006 ജൂണിൽ Stratford-upon-Avon ൽ നടന്ന ഷേക്‌സ്പിയർ നാടകകൃതികളുടെ Complete work festival- ലേക്ക് ‘മിഡ് സമ്മർ നൈറ്റ് ഡ്രീംസ്' നാടകം ചെയ്യാനായി ഇന്ത്യയിലെത്തിയിരുന്നു. ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നടീനടൻമാരെ തിരഞ്ഞെടുത്ത് ലോക പര്യടനത്തിനു കൂടി ഉതകുന്ന ഒരു നാടകം ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇന്ത്യയിലെ ശ്രദ്ധേയനായ നാടക സംവിധായകൻ റോയിസ്റ്റൻ ആബേൽ നിർദ്ദേശിച്ച പ്രകാരം ഞാനും രഞ്ജിത്ത് ജനാർദ്ദനനും കൂടിയാണ് അഭിനേതാക്കളെ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഓഡിഷനുവേണ്ടി തയ്യാറാക്കിയത്. റോയൽ ഷേക്‌സ്പിയർ കമ്പനിയുടെ ഭാഗമായി ലോകസഞ്ചാരം നടത്താൻ പോകുന്ന നാടകത്തിനു വേണ്ടിയാണെന്ന് അറിഞ്ഞതുകൊണ്ടുതന്നെ വളരെ ആവേശപൂർവ്വമായ പ്രതികരണവും പ്രകടനവുമായിരുന്നു എല്ലാവരും കാഴ്ചവച്ചത്.
പക്ഷേ വളരെ യാദൃച്ഛികമായി അവിടെയെത്തിയ അഹമ്മദിക്കയ്ക്ക് ജിജോയിയോടൊപ്പം ഒരു രംഗം അവതരിപ്പിച്ചു കാണിക്കാനുള്ള നിർദ്ദേശമാണ് സംവിധായകനിൽ നിന്ന് കിട്ടിയത്. ജിജോയിക്ക് ടിട്ടാനിയ എന്ന പെൺവേഷവും അഹമ്മദിക്കയ്ക്ക് ഒബ്‌റോൻ എന്ന കഥാപാത്രവുമായിരുന്നു ലഭിച്ചത്. യാതൊരു ചിന്താഭാരവുമില്ലാതെ ലാഘവത്തോടെ ആ വേഷം കൈകാര്യം ചെയ്ത ഇക്കയെ സംവിധായകന് നന്നേ ഇഷ്ടപ്പെട്ടു. പക്ഷേ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുന്നതിനു മുൻപേ അപ്രത്യക്ഷനാകുന്ന ഇക്കയെ വൈകാതെ തന്നെ സംവിധായകന് പരിപൂർണമായി മനസ്സിലായി. ഇടതടവില്ലാതെ മദ്യം ഉപയോഗിച്ചിരുന്ന ആ പ്രതിഭയ്ക്ക് അതില്ലാതെയുള്ള മുന്നോട്ട് അസാധ്യമായിരുന്നു. പിന്നീടുള്ള സ്വകാര്യ സംഭാഷണത്തിൽ നിന്ന്, ഇക്കയോടുള്ള സംവിധായകന്റെ അതീവ താൽപര്യം വ്യക്തമായിരുന്നു. പക്ഷെ വളരെയധികം ഉത്തരവാദിത്വമുള്ള ലോക പര്യടന നാടക സംഘത്തിലേക്ക് ഉൾപ്പെടുത്താവുന്ന ശാരീരിക- മാനസികാവസ്ഥയിലല്ല എന്ന കാരണത്താൽ മാത്രം ആ മഹാപ്രതിഭ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
ആ സംഘത്തിലേക്ക് തിരഞ്ഞെടുത്ത രണ്ടുപേർ തൃശ്ശൂർ ഗോപാൽജിയും, പി.ആർ.ജിജോയിയുമായിരുന്നു. Tim Supple തന്നെ പിന്നീടുള്ള നാടകയാത്രയിൽ അഹമ്മദ് മുസ്‌ലിം എന്ന നടന്റെ പ്രകടനം എത്രത്തോളം അദ്ദേഹത്തെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കിയിരുന്നതായി ജിജോയിയും പങ്ക് വച്ചിട്ടുണ്ട്. അരാജക ജീവിതം കൊണ്ട് അൽഭുതവും അവമതിപ്പും സൃഷ്ടിക്കുകയും, അവസരങ്ങളെ പുറംകാലുകൊണ്ട് തട്ടിക്കളയുകയും ചെയ്ത ജോൺ എബ്രഹാം, സുരാസു, അയ്യപ്പൻ തുടങ്ങിയവരുടെ വഴി തന്നെയായിരുന്നു അഹമ്മദ് മുസ്‌ലിം എന്ന നാടക സഞ്ചാരിയും തിരഞ്ഞെടുത്തത് എന്നത് ചരിത്രത്തിൽ എല്ലായ്‌പ്പോഴും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ അഹമ്മദ് മുസ്‌ലിമിന്റെ ബാപ്പ ഇബ്രാഹിം കുട്ടി കച്ചേരിയിലെ ആമീൻ ആയിരുന്നു. ഉമ്മ ഫാത്തിമ ബീവി. രണ്ടുപേരും ജീവിച്ചിരിപ്പില്ല. ഒരു യാഥാസ്ഥിതിക കുടുംബം.
ആ മനുഷ്യനെ കുറിച്ചുള്ള ഓർമകളെങ്കിലും പ്രവഹിക്കട്ടെ പുതിയ കാലത്തിന്റെ തിരിച്ചറിവുകൾക്ക്, പുതിയ അരങ്ങുകൾക്ക്, പുതിയ കഥാപാത്രങ്ങൾക്ക് കരുത്തുപകരാൻ
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പഠിക്കുമ്പോൾ പി.ബാലചന്ദ്രന്റെ ‘മകുടി' എന്ന നാടകത്തിലെ പാമ്പാട്ടിയെ അവതരിപ്പിച്ച് കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ ആയതോടുകൂടിയാണ് നടനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ നാളുകളിൽ കോളേജ് കലോൽസവത്തിന് അദ്ദേഹം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘കോടതി ലഞ്ചിന് പിരിയുന്നു', ‘ഉന്നതങ്ങളിൽ ഭാഗധേയം' എന്നീ നാടകങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒ.വി. വിജയന്റെ കഥയെ അടിസ്ഥാനമാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത ‘കടൽത്തീരത്ത്' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. തോപ്പിൽഭാസിയുടെ അപ്രകാശിത നാടകമായ 'അളിയൻ വന്നത് നന്നായി' വേദിയിലെത്തിച്ചതും അഹമ്മദാണ്. 1979 ലാണ് സ്‌കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിൽ പ്രവേശനം നേടിയത്.
2012 ൽ ലോക മലയാളം മാസികയിൽ അദ്ദേഹത്തിന്റെ അയൽക്കാരൻ കൂടിയായ അരുൺകുമാർ നടത്തിയ അഭിമുഖം അധികമാരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിലൊരു ചോദ്യം അദ്ദേഹത്തിന്റെ പേരിനെ പറ്റിയായിരുന്നു. പ്രത്യേകിച്ചും പേരിനോട് ചേർന്നുള്ള ഈ മുസ്‌ലിം. അതിനദ്ദേഹം കൊടുത്ത മറുപടിയിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ നിലപാടുകൾ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാം.
‘‘വാപ്പയിട്ട പേരാണ് അഹമ്മദ് മുസ്‌ലിം. എന്തോ എന്റെ സഹോദരന്മാരുടെ പേരിനോടൊന്നും മുസ്‌ലിം എന്ന് ചേർക്കാതെ എന്റെ ഒരു പേരിനോട് മാത്രം ഒരു മുസ്‌ലിം വന്നു ചേർന്നത് യാദൃച്ഛികതയായിരിക്കാം. സ്‌കൂളിൽ പഠിക്കുമ്പോൾ ഈ പേര് എന്നെ കുറച്ചൊക്കെ പരുക്കനാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ചിലർ പേരിനെക്കുറിച്ച് ചോദിക്കുമ്പോഴും തീരെ കുട്ടിയായിരുന്നപ്പോഴും എനിക്കു ചില ചിന്തകളുണ്ടായിരുന്നു. കൃഷ്ണപിള്ള, സുകുമാരൻ നായർ, കുഞ്ഞുകൃഷ്ണപിള്ള, കുഞ്ചു കുറുപ്പ് എല്ലാവർക്കും അങ്ങനെ പേരിനോട് ജാതിപ്പേർ ചേർക്കാമെങ്കിൽ എനിക്കെന്താ... ഒരു അഹമ്മദിനെന്താ മുസ്‌ലിം എന്ന് ചേർത്താലെന്ന് തോന്നിയിട്ടുണ്ട്. അധ്യാപകർ പോലും നീ മുസ്‌ലിം ആണെന്ന് ഞങ്ങൾക്കറിയാം, പിന്നെന്തിനാ പേരിനോടൊപ്പം ഒരു മുസ്‌ലിം എന്ന് ചോദിച്ചിട്ടുണ്ട്. പലപ്പോഴും പേരിനെക്കുറിച്ച് എല്ലാവരും ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ഞാൻ പ്രകോപിതനായിട്ടുണ്ട്.
ഞാൻ പറഞ്ഞല്ലോ അങ്ങനെ കുട്ടിക്കാലം മുതലേ എന്നെ ഒരു പരുക്കൻ പ്രകൃതം ഉള്ളയാളാക്കി മാറ്റി. അല്ലെങ്കിൽ പരുവപ്പെടുത്തിയെടുക്കാൻ മുസ്‌ലിം എന്ന പേര് പലപ്പോഴും ഒരു ബാധ്യതയായിട്ടുണ്ട്. ഒരു പേരിലെന്തിരിക്കുന്നു പ്രത്യേകിച്ച് ജാതി / സമുദായപ്പേരിന് എന്ന ചോദ്യത്തിനൊക്കെ പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കുന്നത് ഞാൻ പലയിടങ്ങളിൽ നിന്നും പിന്തള്ളപ്പെടുമ്പോഴാണ്. എല്ലാവരുടേയും ധാരണ ഞാനൊരു തീവ്ര മുസ്‌ലിം ആണെന്നാണ്. എന്നുപറഞ്ഞ്, ജാതിയോ മതമോ ആണ് ഇവിടെ എല്ലാം തീരുമാനിക്കുന്നതെന്ന് എന്നൊന്നും എനിക്ക് അഭിപ്രായമില്ല.
പക്ഷേ ഞാനൊരു തീവ്ര മത സ്‌നേഹിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നേ പറഞ്ഞുള്ളൂ.’’
പത്തനാപുരത്ത് ഗാന്ധിഭവനിൽ അശരണരായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ 64 മത്തെ വയസ്സിൽ അഹമ്മദ് മുസ്‌ലിം എന്ന നാടക സഞ്ചാരി ഒരു നീണ്ട ഉറക്കത്തിലേക്ക് പ്രവേശിച്ചു. ആ മനുഷ്യനെ കുറിച്ചുള്ള ഓർമകളെങ്കിലും പ്രവഹിക്കട്ടെ പുതിയ കാലത്തിന്റെ തിരിച്ചറിവുകൾക്ക്, പുതിയ അരങ്ങുകൾക്ക്, പുതിയ കഥാപാത്രങ്ങൾക്ക് കരുത്തുപകരാൻ. ▮