ടി.എസ്. ഷാൻബാഗ് തന്റെ പുസ്തകക്കടയിൽ / Photo: Mahesh Bhat, Twitter

ഷാൻബാഗ്: ബംഗളൂരുവിലെ അസാധാരണ
​പുസ്തക വിൽപനക്കാരൻ

ഇത്ര സമചിത്തതയോടെ, അല്പം പോലും വേദനയോ ഖേദമോ ഇല്ലാതെ തന്റെ ജോലിയിൽ നിന്ന് പിൻവാങ്ങിയ ഒരാണിനെയോ പെണ്ണിനെയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല- 84ാം വയസിൽ, മെയ് നാലിന്, കോവിഡ് ബാധിച്ചു മരിച്ച ബംഗളൂരു നഗരത്തിലെ പ്രീമിയർ ബുക്ക്ഷോപ്പ് ഉടമ ടി.എസ്. ഷാൻബാഗിനെക്കുറിച്ചുള്ള ഓർമകൾ

2009 ൽ ടി.എസ്. ഷാൻബാഗ് ബംഗളൂരുവിലെ തന്റെ പ്രീമിയർ ബുക്ക് ഷോപ്പ് പൂട്ടുന്നതിനു തൊട്ടുമുമ്പ് ആശ ഘോഷും കാതലീൻ ഡർഗീസും ചേർന്ന് അദ്ദേഹത്തെക്കുറിച്ച് ഒരു എടുത്തിരുന്നു. ആ ഷോർട്ട് ഫിലിം സമർപ്പിച്ചത് യൗവനത്തിൽ തന്നെ മരണം കവർന്ന ഫോട്ടോഗ്രാഫറായ രാഘവ് ശ്രേയസിനാണ്. രാഘവ് ശ്രേയസ് ഷാൻബാഗിന്റെ പുസ്തകക്കടയിലെ പതിവുസന്ദർശകനായിരുന്നു.

ഈ ചെറുചലച്ചിത്രത്തിൽ പ്രീമിയർ ബുക്ക്ഷോപ്പ് ഉടമയും കോശീസ് പരേഡ് കഫെയുടെ ഉടമയും ഒത്തുചേരുന്ന ആകർഷക രംഗമുണ്ട്. പ്രീമിയർ ബുക്ക്ഷോപ്പിൽ നിന്ന് കോശീസ് കഫെയിലേക്ക് കഷ്ടിച്ച് നൂറടി ദൂരമേയുള്ളു. തന്റെ ബുക്ക് ഷോപ്പ് തുറക്കുന്നതിനുമുമ്പ് ഷാൻബാഗ് മിക്കപ്പോഴും കാപ്പി കുടിച്ചിരുന്നത് അവിടെനിന്നായിരുന്നു.
ഒരു പക്ഷേ, ആ ഷോർട്ട്ഫിലിമിലെ ഏറ്റവും ഹൃദ്യമായ സന്ദർഭം തുടക്കത്തിലാണ് വരുന്നത്. ഒരു അമ്മ കൗമാരക്കാരനായ തന്റെ മകന്റെ കൂടെ ബ്രിട്ടീഷ് ലൈബ്രറിയിലേക്ക് പോവുന്ന വഴിക്ക് ഷാൻബാഗിന്റെ പ്രീമിയറിൽ കയറുന്നു. അന്ന് ബ്രിട്ടീഷ് ലൈബ്രറി കോശീസിന്റെ മുകളിലായിരുന്നു. പ്രീമിയർ ബുക്ക്ഷോപ്പിലേക്ക് കയറിയപ്പോൾ ഇതാണോ ലൈബ്രറി എന്ന് മകൻ അമ്മയോട് ചോദിക്കുന്നു. അല്ലെന്ന് അമ്മ പറഞ്ഞപ്പോൾ ഇവിടെ ലോകത്തുള്ള എല്ലാ പുസ്തകങ്ങളുമുണ്ടല്ലോ എന്ന് അവൻ അത്ഭുതം കൂറി പറയുന്നു.

ഷാൻബാഗ് സ്റ്റോക്ക് ചെയ്തിരുന്ന പുസ്തകങ്ങളുടെ അപാരമായ വ്യാപ്തിയും വൈവിധ്യവും മാത്രമല്ല അദ്ദേഹത്തെ പതിവുകാർക്ക് പ്രിയങ്കരനാക്കിയത്, ആ മനുഷ്യന്റെ ഊഷ്മളതയും ഉദാരതയും കൂടിയാണ്.

ഊഷ്മളം, ഉദാരം

ഞാൻ ആദ്യമായി പ്രീമിയർ സന്ദർശിക്കുന്നത് 1979 ലാണ്; എന്റെ ഇരുപതുകളിൽ. പിന്നീടുള്ള മൂന്ന് പതിറ്റാണ്ട്, 2009 ൽ പൂട്ടുന്നതുവരെ, ആ പുസ്തകക്കടയും അതിന്റെ ഉടമസ്ഥനും എന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറി. ഇളയവരായ എന്റെ കൂട്ടുകാർ പ്രീമിയറിൽ പോയിരുന്നപ്പോൾ അവർ ചെറിയ കുട്ടികളായിരുന്നു. ആക്റ്റിവിസ്റ്റായ അചൽ പ്രബലയുടെ പ്രീമിയറിനെപ്പറ്റിയുള്ള ഓർമകൾ, അചലിന് ആറോ ഏഴോ വയസ്സുള്ളപ്പോൾ തുടങ്ങുന്നു. ഒരിക്കൽ അചലിനെ പ്രീമിയറിൽ ഇരുത്തി രക്ഷിതാക്കൾ അടുത്തുള്ള ഒരിടത്തേക്ക് ചില കാര്യങ്ങൾക്കായി പോയി. അചൽ കുട്ടികളുടെ പുസ്തകങ്ങളുടെ പുറങ്ങൾ മറിച്ചുനോക്കിയും വായിച്ചും അവിടെ ചെലവഴിച്ചു. അചൽ അപ്പോൾ കരുതിയിരുന്നത് പ്രീമിയർ സാക്ഷാൽ ഒരു വായനശാലയാണെന്നാണ്. പിന്നീട് വളർന്നുവന്നപ്പോൾ തന്റെ സാഹിതീയവും രാഷ്ട്രീയവുമായ വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തിയത് പ്രീമിയറിൽ നിന്ന് വാങ്ങി വായിച്ച പുസ്തകങ്ങളായിരുന്നുവെന്ന് അചൽ ഓർക്കുന്നു.

രാമചന്ദ്ര ഗുഹ ടി.എസ്. ഷാൻബാഗിനൊപ്പം പ്രീമിയർ ബുക്ക് ഷോപ്പിൽ / Photo courtesy: Raghav Shreyas

ഷാൻബാഗ് കട പൂട്ടി കുറച്ചുവർഷം കഴിഞ്ഞപ്പോൾ അചലിനൊപ്പം ഞാൻ ഷാൻബാഗ് താമസിക്കുന്ന ബംഗളൂരുവിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബസവേശ്വര നഗറിലുള്ള വീട്ടിൽ പോയിരുന്നു. ആഹ്ലാദപൂർണമായിരുന്നു ആ സന്ദർശനം. ഇത്തരം ഒത്തുകൂടൽ കൂടെക്കൂടെ ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പിന്നീട് ഷാൻബാഗ് ബംഗളൂരുവിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് വീണ്ടും കണ്ടത്. കുറച്ചുനേരം ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചു.

ഷാൻബാഗിന്റെ മരണവാർത്തയറിഞ്ഞപ്പോൾ ഞാൻ അചലിനെ വിളിച്ചു. ഷാൻബാഗ് പോയെന്നറിഞ്ഞപ്പോൾ അവൻ കരഞ്ഞു. ഞാനും കൂടെ കരയാൻ തുടങ്ങി. ഞാൻ പതുക്കെ ഫോൺ താഴെവെച്ചു. ഞങ്ങളിരുവരും തനിച്ച് ഷാൻബാഗിനെക്കുറിച്ചുള്ള ഓർമകളിലേക്കുപോയി.
ആ ഫോൺവിളി കഴിഞ്ഞ് 24 മണിക്കൂറിനുശേഷം കൂടുതൽ ശാന്തമനസ്സോടെയാണ് ഞാനിത് എഴുതുന്നത്. ഇപ്പോൾ എനിക്ക് കൂടുതൽ ക്രിയാത്മകമായി ഷാൻബാഗ് എന്താണ് ഞങ്ങളുടെ നഗരത്തിന് നൽകിയത് എന്നതിനെക്കുറിച്ച് ആലോചിക്കാൻ പറ്റും.

വിവേക് വാൽസല്യപൂർവം ഒരു പുസ്തകത്തെ തലോടി നെടുവീർപ്പോടെ ആ പുസ്തകം വാങ്ങാൻ കഴിയില്ലെന്ന വ്യഥയിൽ മാറ്റിവെച്ചപ്പോൾ ഷാൻബാഗ് സഹാനുഭൂതിയോടെ ‘ആ പുസ്തകം എടുത്തോളൂ, നാളെ കൊണ്ടുവന്നാൽ മതി' എന്നുപറഞ്ഞത് വിവേക് ഓർക്കുന്നു.

ഇംഗ്ലീഷ് നോവലിസ്റ്റായ ആന്തണി പവൽ പറഞ്ഞതുപോലെ;
‘പുസ്തകങ്ങൾ ഒരു മുറിയെ അലങ്കരിക്കുന്നു. ഒരു വേള പുസ്തകവിൽപനക്കാർ, അവരിൽ ഏറ്റവും ഉത്തമരായവർ, ഒരു സമൂഹത്തെയാണ് പരിപോഷിപ്പിക്കുന്നത്.' നാല് പതിറ്റാണ്ട് മുഴുവൻ ഷാൻബാഗും പ്രീമിയർ ബുക്ക്ഷോപ്പും, ആംഗലേയത്തിലുള്ള പുസ്തകങ്ങൾ വാങ്ങുകയും വായിക്കുകയും ചെയ്യുന്ന ബംഗളൂരു നിവാസികളുടെ പുസ്തകതാൽപര്യത്തെയും അവയോടുള്ള അമിതമായ ഇഷ്ടത്തെയും പോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു. ഷാൻബാഗ് സ്റ്റോക്ക് ചെയ്തിരുന്ന പുസ്തകങ്ങളുടെ അപാരമായ വ്യാപ്തിയും വൈവിധ്യവും മാത്രമല്ല അദ്ദേഹത്തെ പതിവുകാർക്ക് പ്രിയങ്കരനാക്കിയത്, ആ മനുഷ്യന്റെ ഊഷ്മളതയും ഉദാരതയും കൂടിയാണ്.

എഴുത്തുകാർക്കു വേണ്ടിയുള്ള ബുക്ക്ഷോപ്പ്

പ്രീമിയറുമായുള്ള എന്റെ ബന്ധത്തെപ്പറ്റി പലപാട് ഞാൻ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ മറ്റുപലരുടെയും പ്രീമിയറിനെപ്പറ്റിയുള്ള ഓർമകൾ പറയാം. കന്നഡ നോവലിസ്റ്റ്​ വിവേക് ഷാൻബാഗ് പ്രീമിയറിൽ ആദ്യമായി പോകുന്നത് 18 വയസ്സുള്ളപ്പോഴാണ്. അന്ന് വിവേക് കൊങ്കൺ തീരത്തുനിന്ന് പുതുതായി ബംഗളൂരുവിൽ വന്ന ഒരു നാണംകുണുങ്ങിയായിരുന്നു. വിവേക് വാൽസല്യപൂർവം ഒരു പുസ്തകത്തെ തലോടി നെടുവീർപ്പോടെ ആ പുസ്തകം വാങ്ങാൻ കഴിയില്ലെന്ന വ്യഥയിൽ മാറ്റിവെച്ചപ്പോൾ ഷാൻബാഗ് സഹാനുഭൂതിയോടെ ‘ആ പുസ്തകം എടുത്തോളൂ, നാളെ കൊണ്ടുവന്നാൽ മതി' എന്നുപറഞ്ഞത് വിവേക് ഓർക്കുന്നു. പിന്നീട് വിവേകിന് തനിക്കാവശ്യമുള്ള ഏതു പുസ്തകവും വാങ്ങാനുള്ള പ്രാപ്തി വന്നപ്പോൾ ഇന്ത്യയിലെവിടെയും കിട്ടാത്ത പുസ്തകങ്ങൾ ശേഖരിക്കാനുള്ള ഷാൻബാഗിന്റെ കഴിവിൽ വലിയ മതിപ്പുണ്ടായി. വിവേകിന് പോളിഷ്- അമേരിക്കൻ എഴുത്തുകാരനായ ഐസക് ബഷെവിസ് സിംഗറിന്റെ നോവലുകളോടും ചെറുകഥകളോടും അതിയായ ആകർഷണമുണ്ടായിരുന്നു. തന്റെ കൈവശമുള്ള സിംഗറിന്റെ മുപ്പത് പുസ്തകങ്ങളിൽ ഭൂരിഭാഗവും ഷാൻബാഗിൽ നിന്ന് കരസ്ഥമാക്കിയതാണെന്ന് വിവേക് ഓർക്കുന്നു. ഒന്നിനു പുറകെ ഒന്നായി സിംഗറിന്റെ കൃതികൾ വിവേകിനുവേണ്ടി ഷാൻബാഗ് വരുത്തുകയായിരുന്നു. ആമസോണിനും ആബെ ബുക്സിനും ക്രെഡിറ്റ് കാർഡിനും മുൻപുള്ള അക്കാലത്ത് ഒരൊറ്റ കസ്റ്റമറിനുവേണ്ടി ഷാൻബാഗ് കാണിച്ച അസാധാരണമായ താത്പര്യമാണ് ഇത് വെളിപ്പെടുത്തുന്നത്.

കന്നഡ നോവലിസ്റ്റ് വിവേക് ഷാൻബാഗ് / Photo: Wikimedia Commons

തന്റെ കടയിലേക്ക് ഒന്നോ രണ്ടോ പ്രാവശ്യം വന്നവരുടെ കാര്യത്തിലും ഷാൻബാഗ് അങ്ങനെത്തന്നെ ആയിരുന്നു. ഒരു കസ്റ്റമറുടെ അഭിരുചിയും താൽപര്യവും മനസ്സിലായാൽ അവർ ഏതുതരത്തിലുള്ള പുസ്തകമാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻകൂട്ടി ഗ്രഹിക്കാനും തന്റെ വിപുലമായ ശേഖരത്തിൽ നിന്ന് അവ എടുത്തുകൊടുക്കാനുമുള്ള അപൂർവസിദ്ധി വളർത്തിയെടുത്തിരുന്നു ഷാൻബാഗ്. ഷാൻബാഗിന്റെ മരണവിവരമറിഞ്ഞ സാമ്പത്തികശാസ്ത്ര എഴുത്തുകാരനായ രാഹുൽ ജേക്കബ് എനിക്ക് മെയിൽ അയച്ചു: ‘ആൽഗൊരിതങ്ങൾ തീരുമാനിക്കുന്നതിന്​ വളരെ മുമ്പ്​ (തെറ്റായി) ആഗോളവത്കരണത്തെക്കുറിച്ച് ജഗദീഷ് ഭഗവതി എഴുതിയ ഗ്രന്ഥങ്ങൾ ഞാൻ വായിച്ചേക്കാം എന്ന് ഷാൻബാഗിന് അറിയാമായിരുന്നു, എനിക്ക് താത്പര്യമുണ്ടാകുക ഡിഡിയന്റെയോ ഒൻഡാച്ചിയുടെയോ കൃതികളാണെന്നും അദ്ദേഹത്തിന്​ തോന്നിയിരുന്നു. അവരുടെ പുസ്തകങ്ങൾ പ്രീമിയറിലെ മൂലയിലെവിടെയോ ഒളിച്ചിരിപ്പുണ്ടാകുമായിരുന്നു.'

ജീവശാസ്ത്രജ്ഞനായ വിദ്യാനാഥ് നഞ്ചുണ്ടയ്യ എനിക്കെഴുതി: ""ഷാൻബാഗിന്റെ കടയിലുണ്ടായിരുന്ന പുസ്തകശേഖരത്തിന്റെ വ്യാപ്തി ആശ്ചര്യജനകമായിരുന്നു.. അവയിൽ ഏത് തെരഞ്ഞെടുക്കണം എന്നത് പ്രയാസമുള്ള കാര്യവുമായിരുന്നു. ശിവരാമമൂർത്തിയുടെ ദ ആർട്ട് ഓഫ് ഇന്ത്യയും ഇ.ഒ വിൽസന്റെ സോഷ്യോബയോളജിയും സ്​മള്ളിയന്റെ ലോജിക് പസ്സിൽസും ഞാൻ വാങ്ങിയത് ഷാൻബാഗിന്റെ പ്രീമിയറിൽ നിന്നാണ്. ലജ്ജയും ശങ്കയും സമ്മേളിച്ച ചിരിയായിരുന്നു ഷാൻബാഗിന്റേത്. എപ്പോഴൊക്കെ ഞാൻ പ്രീമിയറിൽ പോയിട്ടുണ്ടോ അപ്പോഴെല്ലാം വലിയ പുസ്തകക്കൂമ്പാരങ്ങളിൽ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് "ഈ പുസ്തകം നിങ്ങൾക്ക് ഇഷ്ടപ്പെടും' എന്നു പറയുമായിരുന്നു. അതെപ്പോഴും ശരിയുമായിരുന്നു. ഇതേ അനുഭവം മറ്റുള്ളവരും എന്നോട് പറഞ്ഞിട്ടുണ്ട്.''

ഞാൻ ഷാൻബാഗിന്റെ വിയോഗം ട്വീറ്റ് ചെയ്തപ്പോൾ മറ്റു പലരും അദ്ദേഹത്തെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചു. ഒരാൾ എഴുതി: ""വളരെ ദുഃഖം തോന്നുന്നു. ഞാൻ അദ്ദേഹത്തിന്റെ കടയിൽ പതിവായി, അത് പൂട്ടുന്നതുവരെ പോകാറുണ്ടായിരുന്നു. അദ്ദേഹത്തോട് നമുക്ക് ‘അങ്കിൾ ഇപ്പോൾ ടൈറ്റാണ്, പുസ്തകം പിന്നെ എടുത്തോളാം' എന്നു പറയാമായിരുന്നു. അപ്പോൾ അദ്ദേഹം ഗണ്യമായ ഡിസ്‌കൗണ്ട് തന്ന് പുസ്തകം കൊണ്ടുപോകാനും പണം ശമ്പളം കിട്ടിയിട്ട് തന്നാൽ മതിയെന്നും പറയുമായിരുന്നു. വല്ലാത്ത ഒരു മനുഷ്യൻ.''

പ്രീമിയർ ബുക് ഷോപ്പിന്റെ വാടക കെട്ടിട ഉടമസ്ഥൻ വർധിപ്പിച്ചതിനാൽ അത് പൂട്ടുകയാണെന്ന് ഷാൻബാഗ് അറിയിച്ചപ്പോൾ ഏറെക്കുറെ എല്ലാം ബംഗളൂരിയൻമാരും പണം സംഭാവന ചെയ്യാൻ മുന്നോട്ടുവന്നത് ഓർമയുണ്ടോ?

രണ്ടാമത്തെയാൾ എഴുതി: ""സുനിൽ ഗവാസ്‌കർ തന്റെ ഗ്രന്ഥമായ സണ്ണി ഡേയ്സ് ഓട്ടോഗ്രാഫ് ചെയ്യാൻ പ്രീമിയറിൽ വരുന്നുണ്ടെന്ന് ഷാൻബാഗ് വിളിച്ചു പറഞ്ഞു. ഗവാസ്‌കറിന്റെ ഒപ്പോടു കൂടിയ ആ ഗ്രന്ഥം എന്റെ കൈവശമുണ്ടെന്ന് പറയുകയും ഷാൻബാഗിന് നന്ദി അറിയിക്കുകയും ചെയ്തത് ഇപ്പോഴും ഓർക്കുന്നു.'' മൂന്നാമതൊരാൾ എഴുതി: ""വാസ്തവത്തിൽ പ്രിയമുളള ഓർമകൾ. ഞാനൊരു മാനേജ്മെൻറ്​ വിദ്യാർഥിയായിരിക്കെ ഷാൻബാഗ് നിർദേശിച്ചിരുന്ന പുസ്തകങ്ങളാണ് വായിച്ചിരുന്നത്. സൗമ്യവും സൗഹാർദപരവും ഹൃദയാവർജകവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എല്ലാ ബംഗളൂരിയൻസിലും ഷാൻബാഗ് പുസ്തകവായനാശീലം ആവേശിപ്പിച്ചു.''

നാലാമത്തെയാൾ അനുസ്മരിച്ചു: ""നിരവധി മണിക്കൂർ ഷാൻബാഗിന്റെ പുസ്തകശേഖരത്തിലൂടെ അലക്ഷ്യമായി നോക്കിനടന്നിട്ടുണ്ട്. ഒടുവിൽ ആവേശപൂർവം ഒന്നെടുത്ത് വീട്ടിലേക്ക് പോകും.''

സാഹിത്യം, ശാസ്ത്രം, യാത്ര, മാനേജ്മെൻറ്​, സ്പോർട്സ് എന്നിങ്ങനെ സകല വിഷയങ്ങളിലുമുള്ള അതിവിപുലമായ ഗ്രന്ഥസഞ്ചയമുണ്ടായിരുന്നു പ്രീമിയറിൽ. ഇന്ത്യയിലെ മറ്റൊരു പുസ്തകശാലയിലും ഇല്ലാത്തത്ര വൈവിധ്യവും വൈപുല്യവും. അവയോടൊപ്പം ഓരോ വായനക്കാരനും താല്പര്യമുള്ള ഗ്രന്ഥകാരനെയും ഗ്രന്ഥത്തെയും വ്യവച്ഛേദിച്ചറിയാൻ മിടുക്കുള്ള ഒരു ഉടമയും. വെറുതെയല്ല ഷാൻബാഗ് വായനക്കാരുടെ സ്നേഹവും ആദരവും നേടിയത്. ട്വിറ്ററിൽ ഒരു വ്യക്തി കുറിച്ചു: ""പ്രീമിയർ ബുക് ഷോപ്പിന്റെ വാടക കെട്ടിട ഉടമസ്ഥൻ വർധിപ്പിച്ചതിനാൽ അത് പൂട്ടുകയാണെന്ന് ഷാൻബാഗ് അറിയിച്ചപ്പോൾ ഏറെക്കുറെ എല്ലാം ബംഗളൂരിയൻമാരും പണം സംഭാവന ചെയ്യാൻ മുന്നോട്ടുവന്നത് ഓർമയുണ്ടോ? വായനക്കാരുടെ ഹൃദയസ്പർശിയായ ഈ മനോഭാവം കണ്ട് ഷാൻബാഗ് ഏതാനും വർഷം കൂടി കട പൂട്ടാതെ മുന്നോട്ടുകൊണ്ടുപോയി.''

Photo courtesy: Raghav Shreyas

ഷാൻബാഗിനെ അത്രമേൽ വായനക്കാർ സ്നേഹിക്കാൻ കാരണം അദ്ദേഹത്തിൽ അലിഞ്ഞു ചേർന്ന കനിവും കാരുണ്യവുമായിരുന്നു. അഭിഭാഷകയായ ആരതി മുണ്ട്കുർ ആ പുസ്തകശാലയോടൊപ്പമാണ് വളർന്നത്. അമ്മയോട് പ്രീമിയറിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുവരാൻ അപേക്ഷിക്കുക മാത്രമല്ല, താൻ സ്വരൂപിക്കുന്ന പോക്കറ്റ് മണികൊണ്ടും അവർ പുസ്തകങ്ങൾ വാങ്ങിക്കുമായിരുന്നു. ആരതി പിന്നെ മുംബൈ സർവകലാശാലയിൽ ഉപരിപഠനാർഥം പോയി. അവർ ബംഗളൂരുവിൽ തിരിച്ചെത്തിയപ്പോൾ ഉടനെ പ്രീമിയറിലേക്കും പോയി. അപ്പോൾ ഷാൻബാഗ് കൊങ്കണി ഭാഷയിൽ ആരതിയെ വാൽസല്യത്തോടെ അഭിവാദനം ചെയ്തശേഷം ഇംഗ്ലീഷിൽ പറഞ്ഞു: ""സ്വന്തം പണം കൊണ്ട് ആരതി ഇവിടെനിന്ന് വാങ്ങിയ ആദ്യപുസ്തകം ഡാഡി ലോങ് ലെഗ്സ് അല്ലേ?''; അതായിരുന്നു ഷാൻബാഗ്.

ഒരു ക്രെഡിറ്റ് കാർഡ് മെഷീൻ വാങ്ങാൻ ഷാൻബാഗിനെ പ്രേരിപ്പിച്ചത് ഞാനാണ്. നഗരത്തിലെ മറ്റു പുസ്തകക്കടകളിലെല്ലാം അതുണ്ടെന്നും മൽസരത്തിൽ പിടിച്ചുനിൽക്കാൻ അതാവശ്യമാണെന്നും ഞാൻ ഷാൻബാഗിനെ ബോധിപ്പിച്ചു. എന്നെപ്പോലുള്ള ദീർഘകാല കസ്റ്റമേഴ്സിൽ മിക്കവാറും പണം കൊടുത്തുതന്നെയാണ് അപ്പോഴും അവിടെനിന്ന് പുസ്തകങ്ങൾ വാങ്ങിയിരുന്നത്. പുസ്തകം കൊണ്ടുപോയി വായിച്ച് ആഴ്ചകൾ കഴിഞ്ഞാണ് പലപ്പോഴും ഞങ്ങൾ പണം നൽകിയിരുന്നത്.

ഷാൻബാഗിന്റെ ബുക് ഷോപ്പിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദ്വിഭാഷാ എഴുത്തുകാരനായ സുഗത ശ്രീനിവാസരാജു എന്നെ ഓർമിപ്പിച്ചതുപോലെ ധാരാളം കന്നഡ എഴുത്തുകാരുടെ സാഹിതീയ ചക്രവാളം വിസ്തൃതമാക്കുന്നതിൽ പ്രീമിയർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സുഗതയുടെ അച്ഛനും നാടകകൃത്തുമായ സി. ശ്രീനിവാസരാജു പ്രീമിയറിൽ നിന്ന് നാടക സിദ്ധാന്തവുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങൾ വാങ്ങി ശേഖരിച്ചിട്ടുണ്ട്. മഹാനായ സംവിധായകൻ ബി.വി. കാരന്ത് ബംഗളൂരു സന്ദർശിക്കുമ്പോൾ ശ്രീനിവാസരാജുവിനെ വിളിച്ച് പ്രമീയറിൽ വെച്ചു കാണാം എന്ന് പറയുമായിരുന്നു. അവർ അവിടെയുള്ള പുസ്തകങ്ങൾ പലതും നോക്കിയും മറിച്ചും പിന്നെ കോശീസിലേക്ക് പോകും. ഒരു മണിക്കൂറോളം കോശീസിൽ ഇരുന്ന് ഗൗരവപൂർണവും സൃഷ്ടിപരവുമായ സംവാദം നടത്തും. ഞാൻ പ്രീമിയറിൽ പോകുമ്പോൾ പലപ്പോഴും കന്നഡ കവിയായ പ്രതിഭ നന്ദകുമാറിനെയും കന്നഡ നിരൂപകനായ ജി.കെ. ഗോവിന്ദയെയും കന്നഡ എഡിറ്ററായ സുദ്ര ശ്രീനിവാസിനെയും തമിഴ് എഴുത്തുകാരനായ ജി. ശിവരാമകൃഷ്ണനെയും അവിടെ കണ്ടിട്ടുണ്ട്.

ഉള്ളിന്റെ ഉള്ളിൽ സംതൃപ്തിയും സമാധാനവുമുണ്ടായിരുന്നു ഷാൻബാഗിന്. ഇതാണ് നഗരവും ലോകവും അടിമുടി മാറിയപ്പോഴും പ്രീമിയർ ബുക് ഷോപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് പ്രാപ്തി നൽകിയതും റിയൽ എസ്റ്റേറ്റ് വില കുതിച്ചുയർന്നപ്പോൾ കട പൂട്ടാൻ അദ്ദേഹത്തെ സന്നദ്ധനാക്കിയതും.

ഷാൻബാഗിന്റെ ലജ്ജാശീലമായ പെരുമാറ്റത്തിന്റെ മറുപുറത്ത് കുസൃതിയിൽ ചാലിച്ച നർമബോധവും ഉണ്ടായിരുന്നു. വികൃതിത്തമുള്ള ഈ രസികത്വം അദ്ദേഹവുമായി വളരെ അടുപ്പമുള്ളവർക്ക് മാത്രം കരുതിവെയ്ക്കപ്പെട്ടതായിരുന്നു. ഉള്ളിന്റെ ഉള്ളിൽ സംതൃപ്തിയും സമാധാനവുമുണ്ടായിരുന്നു ഷാൻബാഗിന്. ഇതാണ് നഗരവും ലോകവും അടിമുടി മാറിയപ്പോഴും പ്രീമിയർ ബുക് ഷോപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് പ്രാപ്തി നൽകിയതും റിയൽ എസ്റ്റേറ്റ് വില കുതിച്ചുയർന്നപ്പോൾ കട പൂട്ടാൻ അദ്ദേഹത്തെ സന്നദ്ധനാക്കിയതും.
ഇത്ര സമചിത്തതയോടെ, അല്പം പോലും വേദനയോ ഖേദമോ ഇല്ലാതെ തന്റെ ജോലിയിൽ നിന്ന് പിൻവാങ്ങിയ ഒരാണിനെയോ പെണ്ണിനെയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ഞാനും അചലും 2016 ൽ ഷാൻബാഗിനെ കാണാൻ പോയപ്പോൾ പ്രീമിയറിലുണ്ടായിരുന്ന കാലത്തെ അതേ ഊഷ്മളതയും ദയാലുത്വവും അദ്ദേഹം പ്രസരിപ്പിച്ചു. ആ കുസൃതിയും കൈവിട്ടിരുന്നില്ല. വായനക്കാർ എങ്ങനെ അദ്ദേഹത്തെ ഗാഢമായി സ്നേഹിച്ചുവോ അതേപോലെ അയൽപക്കക്കാരും അദ്ദേഹത്തെ വളരെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.
ഷാൻബാഗിന്റെ മരണശേഷം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട അനേകം അഭിപ്രായ പ്രകടനങ്ങളിൽ ജോർജ്ജ് എലിയറ്റിന്റെ ഒരു ഉദ്ധരണിയുണ്ടായിരുന്നു : ""ലോകത്തിന്റെ നന്മ വളർത്തുന്നതിൽ ഭാഗികമായി പങ്കുവഹിക്കുന്നത് ചരിത്രപ്രധാനമല്ലെന്ന് നാം കരുതുന്ന പ്രവൃത്തികളാണ്. അത്തരം പ്രവൃത്തികൾക്ക് നാം കടപ്പെട്ടിരിക്കുന്നത് നമ്മുടെ കൺവെട്ടത്തുനിന്ന് മറഞ്ഞ് വിശ്വസ്തതയോടെ ജീവിതം നയിച്ചവരോടും അവർ അന്ത്യവിശ്രമം കൊള്ളുന്ന സന്ദർശകരില്ലാത്ത ശവക്കല്ലറകളോടുമാണ്.''

ചരിത്രശക്തികൾ തങ്ങൾക്കു പിന്നിലുണ്ടെന്ന് അവകാശപ്പെടുന്ന ചില വൃഥാഭിമാനികളും വൈരനിര്യാതനോൽസുകരുമായ മനുഷ്യരേക്കാൾ എത്രയോ അധികം ലോകത്തിന് നന്മ ചെയ്തിരിക്കുന്നു ടി.എസ്. ഷാൻബാഗ്. ▮

വിവർത്തനം : ലിഷ. കെ.കെ.


രാമചന്ദ്ര ഗുഹ

സാമൂഹിക ശാസ്​ത്ര, ചരിത്ര ഗവേഷകനും എഴുത്തുകാരനും കോളമിസ്​റ്റും. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും പ്രമുഖ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. ദിസ്​ ഫിഷേഡ്​ ലാൻഡ്​, നാച്വർ- കൾചർ- ഇമ്പീരിയലിസം: എ​സ്സേ ഓൺ എൻവയോൺമെൻറൽ ഹിസ്​റ്ററി ഓഫ്​ സൗത്ത്​ ഏഷ്യ, ഇന്ത്യ ആഫ്​റ്റർ ഗാന്ധി തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

Comments