ഒന്ന്:
അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് പിരീഡ്.
ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസിൽ കയറാനായി ബെല്ലടിച്ച നേരം ആ അധ്യാപകൻ കയറി വന്നു. നിറയെ താടിയുള്ള കണ്ണട വച്ച മുഖം, ഇൻസെർട്ട് ചെയ്ത ഷർട്ടും പാന്റും വേഷം. കയ്യിൽ ഇംഗ്ലീഷ് ടെക്സ്റ്റ് പുസ്തകവുമുണ്ട്. ആ മനുഷ്യൻ ഞങ്ങൾക്ക് എന്നും കേട്ടെഴുത്ത് ഇടുമായിരുന്നു. ഓരോരുത്തരെയും അടുത്തുവിളിച്ച് നോട്ടുപുസ്തകം കയ്യിൽ വാങ്ങിച്ച് തെറ്റുകൾ ചുവന്ന മഷിയാൽ തിരുത്തും. അക്ഷരതെറ്റുണ്ടായാൽ ബൈക്കിന്റെ കീചെയ്യിൻ കൊണ്ട് ചെവിയുടെ മൃദുലമായ ഭാഗത്ത് അമർത്തി പിടിച്ച് തിരുമ്മും. ആ വേദനയിൽ വിദ്യാർത്ഥി പുളയുന്നതുനോക്കി അയാൾ ചീത്ത പറയും. ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ സ്‌കൂളിൽ വന്ന് അയാളോട് സംസാരിച്ചെങ്കിലും ഈ രീതി ആ അധ്യാപകൻ തുടർന്നു. കാട്ടിടവഴികളും പാറയും താണ്ടി വേണം സ്‌കൂളിലെത്താൻ.
ഒന്നാം വർഷ ഡിഗ്രി ക്ലാസിൽ ഫിലോസഫി ഓഫ് സയൻസ് പഠിപ്പിക്കുന്ന വേളയിൽ ഒരു അധ്യാപകൻ ‘ജ്ഞാനത്തിന്റെ ദ്വീപ് വളരും തോറും അജ്ഞതയുടെ തീരദേശവും വളരുന്നു' എന്ന് ആനന്ദിനെ ഉദ്ധരിച്ച് പറഞ്ഞതോർക്കുന്നു. ആ പീരിയഡിന്റെ സിംഹഭാഗവും ആനന്ദും, കൃതികളും കടന്നുവന്നു. വായനയ്ക്ക് പുതിയ ദിശാബോധമുണ്ടാക്കി തന്ന ക്ലാസായിരുന്നു അത്.
ആ വേദന സൃഷ്ടിച്ച മാനസികവും ശാരീരികവുമായ വേദന മൂലം സ്‌കൂളിലേക്കുള്ള പാതിവഴി നടന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നത് ഒരു ശീലമാക്കിയ ദിനങ്ങളായിരുന്നു അത്. അയൽക്കാരനായ ഒരു അധ്യാപകനാണ് ഒരിക്കൽ സ്‌കൂൾ വരെ കൊണ്ടുചെന്നാക്കിയത്. അദ്ദേഹം അന്നുതന്നെ ഇംഗ്ലീഷ് അധ്യാപകനോട് ഞാൻ അനുഭവിക്കുന്ന വേദന പറഞ്ഞിട്ടാണോ എന്തോ പിന്നീട് അയാൾ ആ രീതിയിൽ ഉപദ്രവിച്ചിട്ടില്ല. പക്ഷെ ആ വേദന സൃഷ്ടിച്ച മാനസികാഘാതം ഇന്നും വിട്ടൊഴിയാതെ ഒപ്പമുണ്ട്. അകാരണമായ ഭയവും വിഷാദവും ഉള്ളിൽ പെരുകുന്നു. ബാല്യകാലത്തെ മുറിവുകൾ നിറം മങ്ങാതെ വേദന വിട്ടൊഴിയാതെ മനസ്സിൽ എവിടെയൊക്കെയോ നിലനിൽക്കുന്നു.
ഇത്രയും ടോക്‌സിക്കായ ഒരു അധ്യാപകന്റെ പ്രവൃത്തി പലരും വീട്ടിലോ സ്‌കൂളിലോ പരാതിപ്പെടാൻ മടിച്ചു. പരാതി പറയേണ്ട ഇടങ്ങൾ അതിലും ടോക്‌സിക്കായതിനാൽ ആവും. ഒരു അധ്യാപകൻ എങ്ങനെയാവരുത് എന്നതിന് ഇത്രയും മികച്ച മാതൃക വേറെ കണ്ടിട്ടില്ല. വിദ്യാർത്ഥികളെ ക്രൂരമായി വേദനിപ്പിച്ച് അവരുടെ ഉള്ളിലെ ആത്മവിശ്വാസവും സന്തോഷവും യു.പി. ക്ലാസ്സുകളിൽ തല്ലികെടുത്തിയ അയാളെ എങ്ങനെയാണ് ഓർമിക്കാനാവുക. അയാളുടെ പരിഹാസവചനങ്ങളും മർദ്ദനവും ഏൽപ്പിച്ച മാനസികാഘാതം ഇന്നും പൂർണമായും വിട്ടുമാറിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം നിരവധി പേർ ചേർന്നതു കൂടിയാണ് അധ്യാപകസമൂഹം. പ്രൈമറി ക്ലാസ്സുകളിൽ അധ്യാപകരുടെ ടോക്‌സിക് പെരുമാറ്റം മൂലം ജീവിതകാലം മുഴുവൻ ട്രോമയിലകപ്പെട്ടു പോകുന്ന നിരവധി പേരുണ്ട്. യഥാസ്ഥിതികത്വവും സദാചാരബോധവും ജാതി മതചിന്തയുടെ വിഷലിപ്തബോധവും ഉള്ളിൽ പേറി സ്‌കൂളിലും കോളേജിലും സർവ്വകലാശാലയിലും വിഹരിക്കുന്നവർ.
രണ്ട്:
ആർദ്രതയുടെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ച, രാഷ്ട്രീയ ജീവിയായി പുലരാൻ പരിശീലിപ്പിച്ച, വിവേകപൂർണമായ പെരുമാറ്റത്താൽ ഉള്ളകമാകെ നിറച്ച അധ്യാപകരും ഉണ്ട്. സ്വജീവിതം ധന്യമാക്കുന്ന മഹിതമായ ആശ്ലേഷത്താൽ വിദ്യാർത്ഥിയുടെ ജീവിതത്തെ കൂടുതൽ ശോഭനമാക്കുന്നവരും ഉണ്ട്.
1. ഒന്നാം വർഷ ഡിഗ്രി ക്ലാസിൽ ഫിലോസഫി ഓഫ് സയൻസ് പഠിപ്പിക്കുന്ന വേളയിൽ ഒരു അധ്യാപകൻ ‘ജ്ഞാനത്തിന്റെ ദ്വീപ് വളരും തോറും അജ്ഞതയുടെ തീരദേശവും വളരുന്നു' എന്ന് ആനന്ദിനെ ഉദ്ധരിച്ച് പറഞ്ഞതോർക്കുന്നു. ആ പീരിയഡിന്റെ സിംഹഭാഗവും ആനന്ദും, കൃതികളും കടന്നുവന്നു. വായനയ്ക്ക് പുതിയ ദിശാബോധമുണ്ടാക്കി തന്ന ക്ലാസായിരുന്നു അത്. നോവലുകളും കവിതാശകലങ്ങളും ക്ലാസ്സിൽ കടന്നുവന്നു.
സൗന്ദര്യാത്മക വിദ്യാഭ്യാസത്തെക്കുറിച്ചും ഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. റിച്ചാർഡ് ഫെയ്മാന്റെ ലെക്ച്ചറുകളെക്കുറിച്ചും, മൂന്നു വാള്യങ്ങളായി അത് പ്രസിദ്ധീകരിച്ചതിനെക്കുറിച്ചും ആ അധ്യാപകൻ തുടർന്നുള്ള ക്ലാസിൽ പറയുകയുണ്ടായി. ശാസ്ത്രവിദ്യാർത്ഥികളിൽ അരാഷ്ട്രീയബോധം വളരുന്നതിനെക്കുറിച്ച് വാചാലനായി. ഉന്നതമായ രാഷ്ട്രീയബോധത്തെക്കുറിച്ച് നിരന്തരം പറഞ്ഞു. Science in History എന്ന് ആദ്യമായി കേട്ടത് ആ ക്ലാസിൽ നിന്നാണ്.
2. മാഷ് ഗണിതശാസ്ത്രമാണ് എടുത്തിരുന്നത്. ഇത്രയും കരുണാനിർഭരമായ ഹൃദയമുള്ള മറ്റൊരാളുമായി ക്ലാസുമുറിയിൽ സംവദിക്കാനുള്ള അവസരം മുൻപ് ലഭിച്ചിരുന്നില്ല. ഗണിതശാസ്ത്രത്തെ രസകരമായി, എളുപ്പമായി, സൂക്ഷ്മമായി പഠിക്കാനുള്ള അനേകം മാർഗങ്ങൾ അയാൾ കാട്ടി തന്നു. നിരന്തരം പ്രോബ്ലങ്ങൾ ചെയ്യിപ്പിച്ചു. തമാശകൾ പറഞ്ഞു. കഥകൾ പറഞ്ഞു.
3. ഒരാൾ മലയാളമാണ് പഠിപ്പിച്ചത്. വിദ്യാർത്ഥികളുമായുള്ള അയാളുടെ ബന്ധത്തിന്റെ ദൃഢത വിവരണാതീതമാണ്. ‘‘സ്വൈര്യമാം തെളിവാക്കിൽ ജ്ഞാനത്തിനഗാധതത/ഗൗരവപുരികത്തിൻ കീഴിലാ സ്‌നേഹാർദ്രത '' എന്ന കവിവാക്യം പ്രകാശിച്ചുനിന്ന ഇടപെടലായിരുന്നു. അയാൾ ക്ലാസ് മുറികളെ സംവാദകേന്ദ്രങ്ങളാക്കി. ഒത്തുചേർന്ന് രൂപപ്പെടുത്തുന്നതാണ് അറിവ് എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു. ആനന്ദിനെയും ഒ. വി. വിജയനെയും സക്കറിയെയും എം. ഡി. രാമനാഥനെയും ടി. എം. കൃഷ്ണയെയും ഒരു ഡിഗ്രി ഫിസിക്‌സ് വിദ്യാർത്ഥിക്ക് പരിചയപ്പെടുത്തിയതിൽ, വിശാലമായ ലോകത്തെ മുറുകെ പുണരാൻ ഒരോ വിദ്യാർത്ഥിയെയും പ്രാപ്തനാക്കിയതിൽ ആ അധ്യാപകന് പങ്കുണ്ട്.
4. മരത്തിൽ നിന്ന് കാലിടറി താഴെ വീണ നാലാം ക്ലാസുകാരനെ ചേർത്തുപിടിച്ച വേദനയാറ്റിയ ഒരു ടീച്ചറുണ്ട്. വാത്സല്യവും കരുണയും എന്തെന്ന് പഠിപ്പിച്ചൊരാൾ. ‘ഈ വല്ലിയിൽ നിന്ന് ചെമ്മേ ' എന്ന് മധുരോദാരമായ ശബ്ദത്തിൽ ചൊല്ലി തന്ന ടീച്ചർ. അറിവിന്റെ പൊരുൾ അവിടെ നിന്ന് ബോധ്യപ്പെട്ടു.
5. ഇദ്ദേഹം ക്ലാസ് മുറിയിൽ പഠിപ്പിച്ചിട്ടില്ല. മോളിക്യൂലാർ ബയോളജി ആയിരുന്നു അദ്ദേഹത്തിന്റെ മേഖല. എങ്കിലും മലയാളവിഭാഗത്തിൽ പഠിച്ച എന്നെയും സുഹൃത്തിനെയും ആ മനുഷ്യൻ കൈകൾ നീട്ടി സ്വീകരിച്ചു. അദ്ദേഹം ഞങ്ങളെ ചലച്ചിത്രോത്സവങ്ങളിലേക്കും പുസ്തകശാലകളിലേക്കും നയിച്ചു. രാഷ്ട്രീയവും ചരിത്രവും നിത്യസംവാദവിഷയങ്ങളായി. രാഷ്ട്രീയമുക്തമായി ഒരു ജീവിതവ്യവഹാരവുമില്ലെന്ന് ആ മനുഷ്യൻ നമ്മളെ പഠിപ്പിച്ചു. ഊഷരമായ ഒരു ഭൂമിയിൽ അയാൾ ചെടികൾ നട്ടു, വെള്ളമൊഴിച്ചു. അവ തളിർക്കുന്നതും നോക്കി നിന്നു.
ഈ ഉദാഹരണങ്ങളെല്ലാം ഓർമയിൽ പതിഞ്ഞുപോയ അധ്യാപകരെയും അവരുടെ വിദ്യാർത്ഥികളോടുള്ള സമീപനത്തെയും കുറിച്ചാണ്.ഇത് പൂർണ്ണമല്ല. നിരന്തരം പുതുക്കാൻ മനസ്സുകാണിക്കുന്ന ജനാധിപത്യബോധ്യത്തോടെ ഇടപെടുന്ന, ജീവിതവ്യവഹാരങ്ങളെല്ലാം രാഷ്ട്രീയബദ്ധമാണ് എന്ന ഉറച്ച ബോധ്യവും നിലപാടുമുള്ള അധ്യാപകർ നിരന്തരം കലഹിച്ചുകൊണ്ട് തെരുവിലിറങ്ങി മുദ്രവാക്യം വിളിച്ച്, വിദ്യാർത്ഥികളുമായും ഗവേഷകരുമായും ചേർന്ന് നിന്ന് ഹൃദയം തുറന്ന് ഇവിടെയുണ്ട്. ഈ ശീലങ്ങൾക്ക് അപവാദമായി നിൽക്കുന്ന, അധ്യാപനം ഒരു ഏകാധിപതിയുടെ സിംഹാസനമാണെന്ന് സ്വയം വിചാരിച്ച് ഇരിക്കുന്നവരെ ഇളക്കാനായി, കടപുഴക്കിയെറിയാനായി. കൂടുതൽ വിവേകവും സ്‌നേഹവും ജാഗ്രതയും സംവാദാത്മകതയും അറിവുമുള്ള മനുഷ്യരായി പുലരാൻ ഉതകുന്ന സമീപനം അധ്യാപനത്തിൽ സ്വീകരിക്കുന്നവരെയെല്ലാം ഓർക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.