2018 ഡിസംബറിൽ ഞാൻ ശ്രീചിത്രയിലെ എന്റെ ജോലിയിൽ നിന്ന് പിരിഞ്ഞു. പക്ഷേ ഒരു വർഷം കരാറടിസ്ഥാനത്തിൽ തുടരാൻ ആവശ്യപ്പെട്ടതനുസരിച്ച് 2019 ഡിസംബർ വരെ അവിടെ തുടർന്നെങ്കിലും, അക്കാദമിക് പൊളിറ്റിക്‌സിന്റെ പാറയിൽ തട്ടി എന്റെ കരാർ ജോലിയുടെ കപ്പൽ തകർന്നു. അതോടെ 2020 ജനുവരിയോടെ ഞാൻ സ്വതന്ത്രനായി. എങ്കിലും തൃശൂർ അമല മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്ന ഫാദർ കുരിശ്ശേരിയുടെ സ്‌നേഹപൂർവമായ നിർബന്ധം കൊണ്ട് അവരുടെ കാൻസർ ഗവേഷണകേന്ദ്രത്തിന്റെ ചുമതലയേറ്റു. മാർച്ചിൽ അവിടെ ചേർന്നു.
ഇതിനിടെ ഫെബ്രുവരിയിൽ തന്നെ ‘അശനിസങ്കേതം' പോലെ കോവിഡിന്റെ ഇടിമുഴക്കങ്ങൾ ദൂരെ കേട്ടു തുടങ്ങിയിരുന്നു. ചൈനയിൽ നിന്നുള്ള വൈറസിനെപ്പറ്റി മലയാളത്തിൽ ആദ്യം ഒരു ലേഖനമെഴുതിയവരിൽ ഞാനും ഉൾപ്പെടും. വി. എസ്. രാജേഷ് എന്ന സ്‌നേഹിതന്റെ പ്രേരണയിൽ കേരളകൗമുദിയിൽ വല്ലപ്പോഴും ആരോഗ്യവിഷയങ്ങൾ എഴുതുമായിരുന്നു. ആ ലേഖനത്തിൽ വൂഹാൻ പ്രവിശ്യ പരിപൂർണമായി അടച്ചുപൂട്ടിക്കൊണ്ട് ചൈന വൈറസിനെ പ്രതിരോധിച്ചതിനെ അപലപിക്കുകയാണ് ഞാൻ ചെയ്തത്. ഒരു ഏകാധിപത്യ ഗവണ്മെന്റിന്റെ മനുഷ്യസ്വാതന്ത്ര്യത്തിനുമുകളിലുള്ള കടന്നുകയറ്റമായി അത് വ്യാഖ്യാനിക്കപ്പെട്ടു. പാശ്ചാത്യമാധ്യമങ്ങളിലെ റിപ്പോർട്ടുകളാണ് സ്വാഭാവികമായും എനിക്ക് അവലംബിക്കാൻ സാധിച്ചത്.
ആ സമയം കോവിഡ് കേരളത്തിലും ചർച്ചാവിഷയമായിക്കഴിഞ്ഞിരുന്നു. വുഹാനിൽനിന്ന് ഒരു വിദ്യാർത്ഥി ഇവിടെ തിരിച്ചുവന്നത് ഉൽക്കണ്ഠ ഉളവാക്കിയെങ്കിലും വൈറസിനെക്കുറിച്ച് ഒരു മുന്നറിയിപ്പുതരാൻ അത് സഹായിച്ചു
ആയിടെയാണ് കോവിഡിനെക്കുറിച്ചുള്ള രണ്ടുമൂന്നു ടി.വി ചർച്ചകളിൽ പങ്കെടുത്തത്. അതിലൊന്നിൽ പ്രധാന ചർച്ചാവിഷയം ആറ്റുകാൽ പൊങ്കാല അനുവദിക്കണമോ എന്നതായിരുന്നു. ഒരു പൊതുജനാരോഗ്യപ്രവർത്തകൻ എന്ന നിലയിൽ ആളുകൾ തിങ്ങിക്കൂടുന്നത് നിയന്ത്രിക്കുന്നതാണ് നല്ലതെന്ന എന്റെ അഭിപ്രായം പറഞ്ഞെങ്കിലും, ഇതുപോലെയൊരു നിലപാടെടുക്കാനുള്ള സർക്കാരിന്റെ ബുദ്ധിമുട്ടും ഞാൻ ചൂണ്ടിക്കാണിച്ചു. ഏതായാലും പൊങ്കാല യഥാവിധി നടന്നു. വേറോരു ചർച്ച ബാറുകളും ബിവറേജസ് കോർപ്പറേഷൻ വിൽപന കേന്ദ്രങ്ങളും അടയ്ക്കുന്നതിനെക്കുറിച്ചായിരുന്നു. ബാറുകൾ അടയ്ക്കണമെന്നും എന്നാൽ ബിവറേജ് ഔട്‌ലെറ്റുകൾ തുറന്നിരിക്കട്ടെ എന്നുമായിരുന്നു പൊതുഅഭിപ്രായം.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരു വിദഗ്ദ്ധ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം വന്നു. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ് എന്നെ ഫോണിൽ വിളിച്ച് യോഗത്തിൽ പങ്കെടുക്കണമെന്നപേക്ഷിച്ചത്. കേരളത്തിൽനിന്ന് പല മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യവിദഗ്ദ്ധർ പങ്കെടുത്ത യോഗമായിരുന്നു അത്. അവിടെയാണ് ആദ്യമായി സമ്പൂർണ ലോക്ക്ഡൗണിനെക്കുറിച്ച് ഒരു ചർച്ചയുണ്ടാകുന്നത്. ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്തത് എന്ന നിലക്കായിരുന്നു ആ ചർച്ച
എന്നാൽ ദിവസങ്ങൾക്കകം മാർച്ച് രണ്ടാം പകുതിയോടെ കേരളം പരിപൂർണ ലോക്ക്ഡൗണിലേക്കു പോയി. ഞാനും ഭാര്യയും തിരുവനന്തപുരത്തെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലായി. മക്കൾ രണ്ടുപേരും ബംഗളുരുവിൽ. അവരുടെ ജോലി "വർക്ക് ഫ്രം ഹോം' രീതിയിലേക്കു മാറിയിരുന്നു. ഞങ്ങൾ രണ്ടുപേരും പെൻഷൻ പറ്റിയതുകൊണ്ട് ജോലിക്ക് പോകേണ്ട കാര്യവും ഇല്ലായിരുന്നു. അങ്ങിനെ തികച്ചും സ്വതന്ത്രവും എന്നാൽ ശൂന്യവുമായ ഒരു ജീവിതശൈലിയിലേക്ക് മാർച്ച് അവസാനത്തോടെ പ്രവേശിക്കേണ്ടിവന്നു. മെഡിക്കൽ കോളേജിൽ ചേർന്ന പതിനെട്ടുവയസ്സു മുതൽ രാവിലെ എട്ടുമണിക്ക് പ്രവൃത്തി തുടങ്ങി ശീലിച്ചിട്ടുള്ള ഞങ്ങൾക്ക് വലിയ അപരിചിതത്വം അനുഭവപ്പെട്ട കാലമായിരുന്നു അത്. പ്രത്യേകിച്ച് എന്റെ ഭാര്യ അനസ്‌തേഷ്യാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നതുകൊണ്ട് ആശുപത്രിയിൽ നേരത്തെയെത്തുന്ന ശീലമായിരുന്നു വർഷങ്ങളായി. കാരണം അനസ്‌തേഷ്യ കൊടുത്തുകഴിഞ്ഞു വേണമല്ലോ ഓപ്പറേഷൻ തുടങ്ങാൻ. അതുകൊണ്ട് സർജനുമുന്നെ അനസ്തീസ്യോളജിസ്റ്റ് എത്തണമെന്നുള്ളത് ലോകത്തെവിടെയും അലിഖിത നിയമമാണ്. അതുകൊണ്ടുതന്നെ അവർക്കായിരുന്നു ഏറ്റവും തിക്കുമുട്ടൽ അനുഭവപ്പെട്ടത്.
അതോടൊപ്പം ചില ഉൽക്കണ്ഠകളും ഉയർന്നുവന്നു. പ്രായമുള്ളവർക്ക് രോഗം കൂടുതൽ അപകടകാരിയാണെന്ന അറിവ് ഭയപ്പെടുത്തുന്നതായിരുന്നു. പാശ്ചാത്യനാടുകളിൽ അപ്പോഴേക്കും കേസുകളുടെ എണ്ണം പെരുകി ആശുപത്രികളിൽ സ്ഥലമില്ലാതാവുന്നതിന്റെയും, ശവങ്ങൾ സംസ്‌കരിക്കപ്പെടാതെ കുന്നുകൂടുന്നതിന്റെയും മറ്റും ഭയാനകമായ വാർത്തകൾ മാധ്യമങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നു. നിരന്തരം വരുന്ന വാർത്തകൾ ഒന്നും സുഖകരമായിരുന്നില്ല. രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇന്ത്യയിലെയും വിദേശത്തെയും പല വിദഗ്ദ്ധരും ചില മോഡലുകൾ ഉപയോഗിച്ച് ഏപ്രിൽ പകുതിയോടെ കേരളത്തിൽ മാത്രം പത്തുലക്ഷത്തിലധികം കേസുകൾ ഉണ്ടാകും എന്നും മറ്റും പ്രവചനം നടത്തി. എന്നാൽ ഈ മോഡലുകൾ പലതും വളരെ കൃത്യതയോടെ അവതരിപ്പിക്കുമ്പോഴും, അവയുടെ അടിസ്ഥാനം അത്ര ബലമുള്ളതല്ല എന്ന എന്റെ അനുമാനം പിന്നീട് ശരിയാണെന്നു തെളിഞ്ഞു. ഇന്റർനെറ്റും മറ്റും ഒരു ശാപമാണോ എന്ന് ചിന്തിച്ച അവസരമായിരുന്നു അത്. എങ്കിലും കേരളം താരതമ്യേന കേസുകൾ കുറഞ്ഞ പ്രദേശമാണെന്നത് കുറച്ചൊക്കെ ആശ്വാസം നൽകി. ആയിടെ നമ്മുടെ സംസ്ഥാനവും ആരോഗ്യസംവിധാനവും ആരോഗ്യമന്ത്രിയും ഇതിന്റെ പേരിൽ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായി. ചെറിയ അസ്വസ്ഥതകളും തൊണ്ടയടപ്പും പോലും ഉറക്കം കെടുത്തി. പുറത്തൊന്നും പോകുന്നില്ലെങ്കിൽ പോലും പല തവണ കൈകഴുകി സ്വയം സമാധാനിച്ചു. ഈ സമയത്ത് ഞാനും കേരളത്തിന്റെ സവിശേഷമായ കോവിഡ് പ്രതിരോധത്തെപ്പറ്റി പല ഓൺലൈൻ ചർച്ചകളിലും പങ്കെടുത്തു. ചില ലേഖനങ്ങളും എഴുതി. വികേന്ദ്രീകൃത ഭരണക്രമം പൊതുജനാരോഗ്യപ്രവർത്തങ്ങളെ വളരെ സഹായിച്ചു എന്നുള്ള എന്റെ കാഴ്ചപ്പാട് ഞാൻ എല്ലാത്തിലും ആവർത്തിച്ചു.
പുതിയ സൗഹൃദങ്ങളുടെ, പഠനങ്ങളുടെ കാലം
കോവിഡിന്റെ കാലം പല പുതിയ സൗഹൃദങ്ങളുടെയും കാലമായി പെട്ടെന്നു മാറി. ആദ്യം ആരംഭിച്ചത് വെബിനാറുകളായിരുന്നു. വേറൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് പല പല വെബിനാറുകളിൽ ശ്രോതാവായും പ്രാസംഗികനായും പങ്കെടുത്തു. പലപ്പോഴും സന്ധ്യക്കും മറ്റും തുടങ്ങി രാത്രി അവസാനിക്കുന്ന പരിപാടികളും ഉണ്ടായിരുന്നു. പലർക്കും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനുള്ള ഔചിത്യം തീരെ ഇല്ല എന്ന സത്യം ഒരിക്കൽകൂടി മനസ്സിലാക്കേണ്ടിവന്ന പല സന്ദർഭങ്ങളും ഉണ്ടായി. ഇതോടൊപ്പം വന്ന മറ്റൊന്നാണ് ഓൺലൈൻ ക്ലാസുകൾ. അധ്യാപകനായിരുന്നതുകൊണ്ട് പല കൂട്ടങ്ങളിലും ക്ലാസ്സ് എടുക്കാൻ ക്ഷണമുണ്ടായി. ഓൺലൈൻ ക്ലാസുകളുടെ ഗുണവും ദോഷവും മനസ്സിലാക്കാൻ ഇവ ഉപകരിച്ചു. നമുക്ക് വീട്ടിലിരുന്ന് ക്ലാസ്സ് എടുക്കാം എന്നതുതന്നെയാണ് ഏറ്റവും വലിയ ഗുണം. എന്നാൽ വിദ്യാർത്ഥികൾ എന്തു ചെയ്യുകയാണെന്നോ, അവർ അവിടെത്തന്നെ ഉണ്ടോ എന്നുപോലുമോ അറിയാനാകത്ത അവസ്ഥ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. പക്ഷേ ഞാനൊരിക്കലും എന്റെ അറിവ് വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ട് കേൾക്കാത്തവരോടും ക്ലാസ്സിൽ ഉറങ്ങുന്നവരോടുമൊന്നും പണ്ടേ എനിക്ക് പിണക്കമൊന്നുമില്ല. ഞാൻ പറയുന്നത് കേൾക്കാൻ താൽപര്യമുള്ളവർ ശ്രദ്ധിച്ചുകൊള്ളും എന്നാണ് എക്കാലത്തും എന്റെ കാഴ്ചപ്പാട്.
കോവിഡ് കാലത്തിൽ പഠിപ്പിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയാണത്. മാത്രമല്ല, പരമ്പരാഗതമായ ലക്ചർ രീതികൾ വിട്ടിട്ട് കുറെക്കൂടി വിഡിയോകളും എക്‌സർസൈസുകളും ഉപയോഗിച്ചു ചെയ്യേണ്ട ഒന്നാണ് ഓൺലൈൻ അധ്യാപനം എന്ന ബോധ്യവും ഉണ്ടായി. പ്രത്യേകിച്ച് എന്റെ അടുത്തകാലത്തെ താൽപര്യമായ ഡാറ്റ അനാലിസിസ്- ഡാറ്റ സയൻസ് ക്ലാസ്സുകൾ ഫലപ്രദമായി ചെയ്യാനും അതിന് ഒരു രീതി ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു. ഇതിനിടെ ഒരു ആയുർവേദ മരുന്നിന്റെ ഗവേഷണ ഡാറ്റ വേറൊരാൾ അനലൈസ് ചെയ്തത് അവരുടെ താൽപര്യ പ്രകാരം പരിശോധിച്ച് ശരിയാണെന്നുറപ്പുവരുത്തുകയും ഉണ്ടായി. അതുപക്ഷേ ചില ഡോക്ടർ സുഹൃത്തുക്കൾക്കെങ്കിലും അലോസരം ഉണ്ടാക്കി എന്നു മനസ്സിലായി.
ഇതിനിടയിൽ ഇന്റർനെറ്റു വഴിയും മറ്റും പ്രത്യേക താൽപര്യങ്ങളുള്ള ചില ഗ്രൂപ്പുകളുമായി ബന്ധപ്പെടാൻ ഇടവന്നു. കോവിഡ് ഡാറ്റ അനലൈസ് ചെയ്യാനും, അതിന്റെ സൂക്ഷ്മതയെയും വാസ്തവികതയെയും പറ്റിയും ചർച്ച ചെയ്യാനും താൽപര്യമുള്ള ചിലരായിരുന്നു അത്. അങ്ങിനെയുള്ള ഒരു വെബ് ഗ്രൂപ്പിൽ R എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനും, അതുപയോഗിച്ച് കോവിഡിന്റെ പ്രയാണം ഗ്രാഫിലാക്കി പ്രദർശിപ്പിക്കാനും കഴിഞ്ഞു. അതോടൊപ്പം എനിക്കും കുറെ പുതിയ കാര്യങ്ങൾ പഠിക്കാനും അവസരം കിട്ടി. മലയാളികളായ പലരും ലോകത്ത് പല ഭാഗത്തും ഇരുന്ന് അന്യോന്യം സംവദിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പായിരുന്നു അത്. അവരുടെ ഭാഗമായത് കുറെയേറെ പുതിയ അനുഭവങ്ങളും വിവരങ്ങളും തന്നു. നമ്മുടെ ചെറുപ്പക്കാരുടെ കഴിവും കഠിനാധ്വാനവും ബോധ്യപ്പെടുത്തിയ ഒരനുഭവമായിരുന്നു അത്. രണ്ടു പുതിയ യുവസുഹൃത്തുകളോടുചേർന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് റിപ്പോർട്ടിങ്ങിന്റെ വ്യാപ്തിയെപ്പറ്റി ചെയ്ത സ്റ്റാറ്റിസ്റ്റിക്കൽ പഠനം ഒരു അന്താരാഷ്ട്ര ജേർണൽ പ്രസിദ്ധീകരണത്തിനായി സ്വീകരിച്ചതും ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്.
ബന്ധുക്കൾ തമ്മിലുള്ള കൂട്ടായ്മകളും കോവിഡ് കാലത്ത് സുലഭമായിരുന്നു. എന്നാൽ ഇവയിൽ പലതും ആദ്യത്തെ ചില കൂടിക്കാഴ്ചകൾക്കപ്പുറം പോയില്ല. ഒരുപാടൊന്നും പരസ്പരം പറയാനില്ലെങ്കിൽ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നത് ഒരു ബോറടിയായി പരിണമിക്കാനാണു സാധ്യത.
ആത്മനിർഭരത
ജോലിത്തിരക്കുമൂലം മാറ്റിവെച്ചിരുന്ന പല താൽപര്യങ്ങളും ഉയിർത്തെണീറ്റത് കോവിഡ് കാലത്താണ്. കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു അടുത്ത കാലത്ത് ചെയ്ത പെയിന്റിങ്ങുകൾ ഒരു വെബ് സൈറ്റിൽ ശേഖരിക്കണം എന്നത്. ഒരു നല്ല ഫോട്ടോഗ്രാഫറുടെയും വെബ് ഡിസൈനറുടെയും സഹായത്തോടെ അത് ചെയ്യാൻ പറ്റി. പൂർണതയിലെത്തി എന്ന് എനിക്കഭിപ്രായമില്ലെങ്കിലും ഒരു തുടക്കമായി.
അനേകവർഷങ്ങളായി കാണാൻ ബാക്കിവെച്ചിരുന്ന ഹോളിവുഡ് സിനിമകൾ- സഹധർമ്മിണിക്ക് അവയിലുള്ള താൽപര്യക്കുറവുമൂലം- പലതും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ കണ്ടുതീർത്തു. കൂടുതലും ക്രൈം ത്രില്ലറുകൾ- സിനിമയിൽ എന്റെ ടേസ്റ്റ് വളരെ ഉയർന്നതാണെന്നു പറയുക വയ്യ. ഓഡിയോ ബുക്ക്, പോഡ്കാസ്റ്റ് മുതലായ ആധുനിക സങ്കേതങ്ങളുമായി അടുത്തിടപഴകിയതും ഇപ്പോഴാണ്. പ്രത്യേകിച്ച് വായിക്കണമെന്നാഗ്രഹിച്ച് നടക്കാതെ പോയതും വായിച്ചിട്ട് മറന്നുപോയതുമായ പല ഇംഗ്ലീഷ് മലയാളം ക്ലാസിക്കുകളും ‘ചെവിയിലൂടെ' വായിക്കാൻ പറ്റി. പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷി, എന്നിവയൊക്കെ ഈ ലിസ്റ്റിൽ വരും. കൂടെ ടു കിൽ എ മോക്കിങ്ങ്‌ബേഡ് എന്ന സുന്ദരമായ അമേരിക്കൻ ക്ലാസിക്കും, മഹാമാരിയുടെ കാലത്ത് എല്ലാവരും വായിച്ചിരിക്കേണ്ട കമ്യുവിന്റെ ദ് പ്ലേഗും വീണ്ടും ഓഡിയോബുക്കിലൂടെ കേട്ടത് പുതിയൊരു അനുഭവമായി.
അതിലൊക്കെ ഉപരി എന്റെ സ്വന്തം മേഖലയായ പൊതുജനാരോഗ്യത്തെ സംബന്ധിച്ച് എപ്പിഡെമിയോളജി- രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പേരിൽ കുറെ ലേഖനങ്ങൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺ ലൈൻ പോർട്ടലായ ‘ലൂക്ക'യിൽ എഴുതി. അതിന് സാമാന്യം നല്ല പ്രതികരണവുമുണ്ടായി. ഉടൻ അത് പുസ്തകരൂപത്തിൽ ഇറങ്ങും എന്നറിയുന്നത് സന്തോഷം തരുന്ന കാര്യമാണ്.
എപ്പിഡെമിയോളജി എന്ന ശാസ്ത്രം നിലനിൽക്കുന്നു എന്നതുതന്നെ ഈ മഹാമാരിയുടെ കാലത്താണ് പലരും തിരിച്ചറിഞ്ഞത്. ഇപ്പോഴും എല്ലാവർക്കും ഇത് എന്താണെന്ന് ബോധ്യമുണ്ടോ എന്നറിയില്ല. ഇതിലേക്ക് എന്റെ പേരിൽ ഒരു ചെറിയ സംഭാവന ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.
പ്രതീക്ഷ
നവംബർ മാസമായപ്പോഴേക്കും തിരികെ ജോലിയിൽ പ്രവേശിക്കാനായി. എങ്കിലും തിരുവനന്തപുരം- തൃശൂർ യാത്ര പഴയപോലെ എളുപ്പമല്ല. ജോലിസ്ഥലത്തും മാസ്‌കും കൈകഴുകലും തുടരേണ്ടതുണ്ട്. ഇതിനിടെ പൂർത്തീകരിച്ച അമേരിക്കൻ തെരഞ്ഞെടുപ്പും നമ്മുടെ തന്നെ പഞ്ചായത്തു തെരഞ്ഞെടുപ്പും വളരെ സൂക്ഷ്മമായി പിന്തുടർന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല.
ഇപ്പോൾ വാക്‌സിനുകൾ ലഭ്യമായിരിക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് മുൻഗണനയുണ്ടെങ്കിലും, രോഗികളെ ചികിത്സിക്കുന്ന വിഭാഗമല്ലാത്തതുകൊണ്ട്- ഗവേഷണവും അധ്യാപനവും ആണ് എന്റെ ജോലിയുടെ സ്വഭാവം- ആദ്യത്തെ ലിസ്റ്റിൽ വാക്‌സിൻ കിട്ടുമെന്ന് പ്രതീക്ഷയില്ല. പക്ഷെ പ്രായം പരിഗണിച്ച് അധികം വൈകാതെ വാക്‌സിൻ ലഭിച്ചാൽ കുറെയൊക്കെ സുരക്ഷ മനസ്സിൽ കരുതാം. എങ്കിലും കുറെക്കാലം കൂടി അകലം പാലിക്കലും മാസ്‌കും കൈകഴുകലും നമ്മുടെ കൂടെത്തന്നെ കാണും എന്നാണ് എന്റെ അനുമാനം.
ഏതായാലും ലോകത്തെ പിടിച്ചുകുലുക്കിയ ഈ ചെറിയ വൈറസ് നമ്മെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ലത്തീൻ ഭാഷയിൽ ‘ഹൂബ്രീസ്' എന്നൊരു വാക്കുണ്ട്. ഏകദേശം ‘അഹന്ത' എന്ന് അർത്ഥം വരും. മനുഷ്യന്റെ ഹൂബ്രീസിനേറ്റ ഒരു ശക്തമായ അടിയായിരുന്നു കോവിഡ് 19. എങ്കിലും കുറഞ്ഞ കാലയളവിൽ അതിനു പ്രതിവിധി കണ്ടുപിടിക്കാനും മനുഷ്യനു കഴിഞ്ഞു എന്നത് പ്രതീക്ഷ നൽകുന്നു. ▮