നാടുവാഴിത്തത്തിന്റേയും ബ്രിട്ടീഷ് കോളനിവാഴ്ചയുടേയും നേരനുഭവങ്ങളിലൂടെ കടന്നുപോന്ന് മലബാർ കലാപാനന്തര ‘മനുഷ്യ'ജീവിതവും, ദേശീയ- നവോത്ഥാന- കമ്യൂണിസ്റ്റ് പ്രസ്ഥാനവുമെല്ലാം കൂടി പാകപ്പെടുത്തിയെടുത്ത ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നാളുകളിലേക്കുദിച്ചുയർന്ന കേരളീയ സാമൂഹികതയുടെ ഗതിവിഗതികൾ ഒരു നൂറ്റാണ്ടുകാലത്തെ സ്വജീവിതവുമായി കണ്ണിചേർത്ത ജീവിതസാക്ഷ്യമായിരുന്നു ഡോ. പി.കെ. വാരിയർ.
‘‘പി.കെ. വാരിയർ എന്ന പേര് എനിക്ക് ഔദ്യോഗിക രേഖകളിൽ മാത്രമേയുള്ളൂ. എല്ലാവരുമെന്നെ വിളിയ്ക്കുന്നത് ‘കുട്ടിമ്മാൻ' എന്നാണ്... ഒരോമനത്തവും, സ്‌നേഹവായ്പുമൊക്കെ ആ പേരിലുണ്ടെന്ന് കേൾക്കുമ്പോൾ എനിക്കുതോന്നും'' (സ്മൃതിപർവ്വം, പു. 201). അതെ, എല്ലാവരുടേയും കുട്ടിമ്മാൻ ആയിരുന്നു അദ്ദേഹം; സമാനതകളില്ലാത്ത ഒരു സാന്നിധ്യം.
67 വർഷം മാനേജിംഗ് ട്രസ്റ്റിയായി, ശ്രദ്ധാപൂർവമുള്ള കരുതലിലും, ജാഗ്രതയോടെയുള്ള കാവലിലും അനുദിനം വളർന്ന് ആഗോളതലത്തിലേക്കുയർന്ന കോട്ടക്കൽ ആര്യവൈദ്യശാല അദ്ദേഹത്തെ ആദരിക്കാൻ ‘ശതപൂർണിമയുടെ നിറവിൽ' എന്ന ആഘോഷ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന ദീപ്ത സന്ദർഭത്തിലായിരുന്നു ആ വേർപാട്. ഒരു നൂറ്റാണ്ട് കാലത്തിന് സാക്ഷ്യം വഹിച്ച ആ ജീവിതത്തെ സമഗ്രതയിൽ രേഖപ്പെടുത്താൻ ആർക്കാണാവുക? ഓർത്തെടുക്കുന്ന മാത്രയിൽത്തന്നെ ഊർന്നുപോകുന്നതാകാം ഓരോ സന്ദർഭങ്ങളിലും അനുഭവിച്ചറിയാൻ സാധിച്ച ഇടപെടലുകളിലെ ഊർജം എന്നുവരാം. എങ്കിലും ഇത്തരം ഓർമകൾ മാത്രമാണ് നമുക്കിനി സാധ്യമായത്.
അറിവിന്റെ വഴികളെക്കുറിച്ച് സ്മൃതിപർവ്വത്തിൽ അദ്ദേഹം പറയുന്നു: ‘‘അധീതി, ബോധം, ആചരണം, പ്രചാരണം ഇങ്ങനെ നാലാണ് അറിവിന്റെ വഴികൾ. അധീതി പഠനമാണ്... ഗ്രഹിച്ചത് മനസ്സിൽ തറയ്ക്കുകയും, പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവുനേടുകയുമാണ് ബോധം ചെയ്യുന്നത്... പഠിച്ചതുപോലെ പ്രവർത്തിക്കുകയാണ് ആചരണം.. മൂന്നുതരത്തിലും കൈവന്ന വിജ്ഞാനത്തെ സമൂഹത്തിന് മുഴുവൻ ലഭിക്കുമാറാകുന്നതാണ് പ്രചാരണം'' (സ്മൃതിപർവ്വം, പു. 244).
തൊഴിലെടുക്കുന്നവരോടൊപ്പം, സുതാര്യതയോടെ
ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് ആശയങ്ങളിലുണ്ടായ താൽപര്യവും, സ്വാതന്ത്ര്യസമരത്തിന്റേയും ജനാധിപത്യ പ്രസ്ഥാനങ്ങളുടേയും ഭാഗമാകാൻ സാധിച്ചതുവഴിയുണ്ടായ ഉയർന്ന രാഷ്ട്രീയബോധവും ആര്യവൈദ്യശാലയിലെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ഇടപെടലുകളിൽ തെളിഞ്ഞുകാണാം. സുഗമമായ പ്രവർത്തന സൗകര്യത്തിനുണ്ടാക്കിയ ട്രസ്റ്റീ ബോർഡ്, കരുതലോടെ എഴുതിവെച്ച ഒസ്യത്ത്, ലാഭേച്ഛയില്ലാത്ത ചികിത്സാസൗകര്യങ്ങൾ, സാമൂഹിക സേവന താൽപര്യവും ആയുർവേദത്തിന്റെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള ചട്ടങ്ങളും ചിട്ടകളും- എല്ലാം കൂട്ടായ്മയോടെ കോർത്തിണക്കിയുള്ള പ്രവർത്തനരീതികൾ കൊണ്ട് ‘ആര്യവൈദ്യശാലയിലെ മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും മാതൃകാപരമായിരുന്നു' എന്നുറപ്പാക്കുന്നുണ്ട് (സ്മൃതിപർവ്വം, പു. 237).
കോട്ടക്കൽ ആര്യവൈദ്യശാല ഒരു സ്ഥാപനമായി നിലവിൽ വന്നതോടെ, പാരമ്പര്യരീതിയിൽ നിന്ന് വിട്ട് ‘ഫാക്ടറി' സങ്കല്പത്തിലേക്ക് ആയുർവേദ ഔഷധനിർമാണത്തെ മാറ്റിയെടുക്കുകയും , ആയുർവേദ ഗവേഷണത്തെ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ നൂതന മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
1962 ലാണ് ആദ്യമായി കൂലിക്കൂടുതൽ ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം ചെയ്തത്. ജനുവരി 10 മുതൽ ഒരുമാസം നീണ്ട സമരം ഫെബ്രുവരി 10-ന് അവസാനിക്കുമ്പോൾ ലേബർ കമീഷണറുമായുള്ള ചർച്ചയിൽ തീരുമാനിച്ചതിനേക്കാൾ അഞ്ചു രൂപ കൂടുതൽ നൽകി.
പ്രതികാരനടപടികളില്ലാതെ സമരം അവസാനിപ്പിച്ചതുവഴി മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള ബന്ധം ശക്തമായി. സുതാര്യമായി ഈ ബന്ധം നിലനിർത്താനാവുന്നതിൽ രണ്ടു കാരണങ്ങളാണുള്ളതെന്ന് അദ്ദേഹം സ്മൃതിപർവ്വത്തിൽ ഓർമിക്കുന്നു: ‘‘ആര്യവൈദ്യശാലയുടെ വളർച്ചയിൽ തൊഴിലാളികൾക്കുള്ള പങ്ക് നിസ്സീമമാണ്... സ്ഥാപനം നന്നായി നടക്കുന്നതിനു വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുമെന്നല്ലാതെ അധികാരഭാവത്തിൽ പെരുമാറുന്ന രീതി മാനേജ്‌മെന്റിന് ഇല്ല... ഇതൊരു ധർമ്മസ്ഥാപനമാണെന്നും തങ്ങളുമതിന്റെ ഭാഗമാണെന്നുമുള്ള ബോധവും പക്വതയാർന്ന നേതൃത്വവും തൊഴിലാളികൾക്കുണ്ട്.'' (സ്മൃതിപർവ്വം, പു 321).
67 വർഷം ഈ ധർമസ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായി, കൂടെയുള്ളവരോട് സമഭാവനയോടെയും സമചിത്തതയോടെയും, സഹവർത്തിത്വത്തോടെയും ഇടപെട്ടുപോന്ന അദ്ദേഹം ആകെ രണ്ടു തവണയാണ് തൊഴിൽസമരങ്ങൾ നേരിടേണ്ടിവന്നതെന്നും ‘Be fair and be firm' എന്ന തത്വമാണ് മാനേജ്‌മെൻറ് തൊഴിലാളികളുമായുള്ള ബന്ധത്തിൽ പുലർത്തിയിട്ടുള്ളതെന്നും സ്മൃതിപർവ്വത്തിൽ രേഖപ്പെടുത്തുന്നുണ്ട്. 1962 ലേയും, 1981 ലേയും രണ്ടു തൊഴിൽ സമരങ്ങളും ശിക്ഷാനടപടികളില്ലാതെ പരിഹരിച്ചു എന്ന ചാരിതാർത്ഥ്യം പങ്കുവെയ്ക്കുമ്പോൾ കമ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതരീതികളിൽ പുലർത്തുന്ന ഭരണാധികാരിയെയാണ് കാണാനാവുക.
ആയുർവേദത്തിന്റെ രാഷ്ട്രീയം
വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ ചെറുകാട് എഴുതിയ നമ്മളൊന്ന്, മണ്ണിന്റെ മാറിൽ, ശനിദശ, മുത്തശ്ശി തുടങ്ങിയ എല്ലാ കൃതികളിലും മനുഷ്യരുടെ ജീവിതാവകാശസമരങ്ങൾ ചർച്ചാവിഷയമാകുമ്പോൾ ആര്യവൈദ്യശാലയിലെ സുഹൃത്തക്കൾക്കുവേണ്ടി ചെറുകാട് എഴുതിയ ഡോ. കചൻ എന്ന സാമൂഹ്യനാടകത്തിലെ മുഖ്യകഥാപാത്രം ‘ആര്യവൈദ്യശാല'യാണെന്നും ആയുർവേദത്തിന്റെ നവോത്ഥാനമാണ് റിയലിസ്റ്റിക് സങ്കേതങ്ങളുപയോഗിക്കുന്ന ഈ നാടകത്തിന്റെ സന്ദേശമെന്നും ഡോ. പി.കെ. വാരിയർ സമർത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ നിരീക്ഷണ പ്രകാരം, നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആധുനികർ പാരമ്പര്യത്തെ പരിഹസിക്കുന്നു. ‘‘അമൂല്യമായതൊക്കെ ഭാരതീയമാണെന്നും പുറത്തുനിന്നു വന്നതൊക്കെ മ്ലേച്ഛമാണെന്നും'' വാദിച്ച പഴമക്കാരുടെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടിയാണ് രണ്ടാംഘട്ടം. ‘‘ഭാരതത്തിന്റെ പാരമ്പര്യങ്ങളെ മാനിക്കണം, പുതിയ അറിവുകൾ അതെവിടുന്നുണ്ടായതായാലും സ്വീകരിക്കുകയും വേണം'' എന്ന ഒത്തുതീർപ്പിന്റെ മൂന്നാംഘട്ടം.
ദേശീയതയുടെ പുതിയ മുഖമായി കാലോചിത പരിഷ്‌കാരങ്ങളോടെ ആയുർവേദത്തെ ആധുനിക ജീവിതത്തിന്നനുയോജ്യമാകുന്ന വിധത്തിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ആര്യവൈദ്യൻ' എന്ന ബിരുദം ആര്യവൈദ്യപാഠശാലയിൽ ആരംഭിച്ചപ്പോൾ ഹിന്ദി പഠിക്കുന്നതുപോലെ, നൂൽനൂൽക്കുന്നതുപോലെ, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് ആയുർവേദം പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന് കെ. കേളപ്പനെപ്പോലുള്ളവർ ഉപദേശിച്ചതായി സ്മൃതിപർവ്വത്തിൽ പരാമർശമുണ്ട്. ആയുർവേദത്തിന്റെ ഈ ‘രാഷ്ട്രീയ'മാണ് ഡോ. കചൻ അരങ്ങിൽ ആവർത്തിക്കുന്നതത്രെ. ഈ നാടകത്തിൽ ആയുർവേദമോ അലോപ്പതിയോ സ്വീകരിക്കേണ്ടത് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നത് ‘ബുദ്ധിജീവകൾ' അല്ല, വേലക്കാരൻ ചാത്തുവാണ്.
ആയുർവേദവും അലോപ്പതിയും സഹകരിച്ചുപോവുക എന്ന, കോട്ടക്കൽ ആര്യവൈദ്യശാലയുടേയും, ആദ്യം ആയുർവേദവും പിന്നീട് അലോപ്പതിയും പഠിച്ച പി.എസ്. വാരിയരുടേയും, സമന്വയമാർഗമാണ് നാടിനുനല്ലത് എന്ന ആശയമാണ് ചെറുകാട് ഡോ. കചനിൽ മുന്നോട്ടുവെയ്ക്കുന്നത്. ഡോ. പി.കെ. വാരിയരുടെ ഭാഷയിൽ; ‘‘ആയുർവേദ മേഖലയിൽ പുതുമയും പഴമയും തമ്മിലുള്ള സംഘർഷത്തെ മാത്രമല്ല, ദേശീയതയും സ്വാതന്ത്ര്യവുമൊക്കെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്നുകൂടി വ്യക്തമാക്കുന്ന നാടകമാണ് ഡോ. കചൻ. സ്വാതന്ത്ര്യസമരത്തിൽ ദേശീയതയുടെ ചിഹ്നമായി ആര്യവൈദ്യശാലയെ ഈ നാടകത്തിൽ ചെറുകാട് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു'' (സ്മൃതിപർവ്വം, പു. 269-70).
‘‘സ്ത്രീകൾ നടത്തുന്ന പ്രവർത്തനം അധികമാരും അറിയില്ല'' എന്ന് കൂടെയുള്ളവരെ അദ്ദേഹം ഓർമ്മിപ്പിക്കുന്നത് സമകാലീന സ്ത്രീജീവിതത്തെക്കുറിച്ചു ആകാംക്ഷപ്പെടുന്ന ഏതൊരാൾക്കും ആവർത്തിക്കാവുന്ന ഒരു വാചകമാണ്.
ഈ വിശകലനസന്ദർഭത്തിൽ ജീവൻമശായിയെക്കുറിച്ചും അദ്ദേഹം നിരീക്ഷിക്കുന്നണ്ട്:‘‘വൈദ്യവിദ്യ പരമ്പരാഗതമായി പരിരക്ഷിക്കുന്ന മഹാവൈദ്യനാണ് ജീവൻമശായ്. നാഡിയുടെ ചലനം നോക്കി മരണത്തിന്റെ സമയംപോലും കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിരുന്ന ആളാണദ്ദേഹം, ശാസ്ത്രപാണ്ഡിത്യത്തിനും അനുഭവജ്ഞാനത്തിനും കുറവുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ‘ആരോഗ്യനികേതനം' തകർന്നടിഞ്ഞുപോയി''. (സ്മൃതിപർവ്വം, പു. 266).
ജീവൻമശായി പരാജയപ്പെട്ടത് ശാസ്ത്രത്തിന്റെ തെറ്റുകൊണ്ടോ, ജീവൻമശായിയുടെ പാണ്ഡിത്യത്തിന്റെ കുഴപ്പംകൊണ്ടോ അല്ലെന്നും, കാലം പുതിയ ചികിത്സാരീതിക്കൊപ്പമായപ്പോൾ തന്റെ കുലവിദ്യയെ കാലോചിതമായി പരിഷ്‌കരിക്കാൻ വേണ്ട ഹൃദയവിശാലത അദ്ദേഹത്തിനില്ലാതെ പോയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കേരളീയർ ‘കേരളത്തിന്റെ ജീവൻ മശായി'' എന്ന് ഡോ. പി.കെ. വാരിയരെ വിളിക്കുമ്പോൾ കേരളവും കേരളീയതയും എങ്ങനെയാണ് ഏതുനിർണായക ഘട്ടത്തിലും രാഷ്ട്രീയമായി വ്യതിരിക്തമാകുന്നത് എന്ന് വ്യക്തമാക്കുന്ന നിരീക്ഷണമായി ഉദാഹരിക്കാവുന്നതാണിത്.
എങ്കിലും ആയുർവേദപഠനം കാലികമായി മെച്ചപ്പെട്ടുകൊണ്ടേയിരിക്കണമെന്നും ജീവിതത്തിൽനിന്നും ആരോഗ്യ ചിന്താപദ്ധതികളിൽനിന്നും ഊർജ്ജം ഉൾക്കൊള്ളണമെന്നും ആയുർവേദത്തിന്റെ ജ്ഞാനമണ്ഡലത്തേയും പഠനപ്രവർത്തന പദ്ധതികളേയും പരിഷ്‌കരിക്കാൻ അതാതുകാലത്തെ ശാസ്ത്ര-സാങ്കേതിക വിദ്യാപ്രയോഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നുമുള്ള ആഗ്രഹം സഹജീവികളോട് (ചെറുതും വലുതുമായ ആരായാലും) പങ്കുവെയ്ക്കാൻ തെല്ലും മടി കാണിച്ചിട്ടില്ല അദ്ദേഹം.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്നത്തെ ആയുർവേദപഠനത്തിന് രണ്ടു പ്രധാനപ്പെട്ട ദോഷങ്ങളുണ്ട്.
1. ‘‘കാണാതെ പഠിക്കുക എന്നൊരേർപ്പാട് ഇപ്പോഴില്ല. ശ്ലോകം പഠിക്കേണ്ടതില്ല. ഉള്ളടക്കമറിഞ്ഞാൽ പോരേ എന്നാണ് കുട്ടികൾ ആലോചിക്കുക. വായിച്ചതുതന്നെ വായിക്കുകയും അത് മനസ്സിലിട്ട് കൊണ്ടുനടക്കുകയും ചെയ്യമ്പോഴാണ് പുതിയ ആശയങ്ങൾ തോന്നുക.’’
2. ‘‘ഇപ്പോഴത്തെ കുട്ടികൾക്ക് സംസ്‌കൃതത്തിൽ അടിസ്ഥാനമില്ല എന്നതാണ് മറ്റൊരു തകരാറ്. പ്രായോഗിക വിജ്ഞാനത്തിൽ അധിഷ്ഠിതമായ പഠനരീതി ഇപ്പോൾ ഇല്ല. ഉപരിഗവേഷണത്തിന് അതത്യാവശ്യമാണ്.’’ (സ്മൃതിപർവ്വം, പു. 87-88).
പഠിതാക്കളുടെ ശ്രദ്ധ ഈ ദോഷങ്ങൾ പരിഹരിച്ച് ജ്ഞാനോല്പാദനത്തിലേർപ്പെടുക എന്നതായിരിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
സംസ്‌കൃതം പഠിക്കാത്തവർക്കും ആയുർവേദപഠനം സ്വായത്തമാക്കാനും ശ്ലോകരീതിയിലുള്ള പഠനസാമഗ്രികൾ ‘മലയാള'ത്തിലാക്കി ഹൃദിസ്ഥമാക്കാനുമുള്ള ഗൗരവപൂർണമായ ശ്രമങ്ങൾ ഇനിയുള്ള കാലത്തെ പഠന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ നിന്ന് ഉണ്ടാകുമ്പോൾ മാത്രമേ ഈ സ്വയം വിമർശനത്തിന് പരിഹാരമാകൂ.
എന്തായാലും, കോട്ടക്കൽ ആര്യവൈദ്യശാല ഒരു സ്ഥാപനമായി നിലവിൽ വന്നതോടെ, പാരമ്പര്യരീതിയിൽ നിന്ന് വിട്ട് ‘ഫാക്ടറി' സങ്കല്പത്തിലേക്ക് ആയുർവേദ ഔഷധനിർമാണത്തെ മാറ്റിയെടുക്കുകയും, ആയുർവേദ ഗവേഷണത്തെ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ നൂതന മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ഇത് ആയുർവേദചികിത്സാ
രീതിയെത്തന്നെ പുതുക്കി പണിയുകയും പുതിയ ജ്ഞാന ഘട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.
കോയ്മകൾക്കെതിരായ ജീവിതം
ധാരാളം വായിക്കുകയും, കവിതയെഴുതുകയും വളരെ അടുപ്പമുള്ളവർക്ക് കവിതയിൽ കത്തയയ്ക്കുകയും, സമസ്യാ പൂരണങ്ങളിലും, കാവ്യ ചർച്ചകളിലുമേർപ്പെടുകയും, ശ്രീദേവീ കൃഷ്ണകുമാർ എന്ന പേരിൽ 1956ൽ കവനമാലിക എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കുകയും 1965ൽ അന്തരിക്കുകയും ചെയ്ത തന്റെ വലിയോപ്പോളെക്കുറിച്ച് സ്മൃതിപർവ്വത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ദൈനംദിന ജീവിതത്തിൽ ബന്ധങ്ങളിൽ രണ്ടുപേരും പുലർത്തിയിരുന്ന ശ്രദ്ധയെ സൂചിപ്പിക്കുന്നു.
സ്ത്രീജീവിതം ഏറെ ക്ലേശകരവും കലുഷിതവുമാകുന്ന എല്ലാ സന്ദർഭങ്ങളിലും ‘പ്രയാസ'മനുഭവിക്കുന്നവരോടൊപ്പമാവുക എന്നതായിരുന്നു കുട്ടിമ്മാന്റെ ജീവിതത്തിന്റേയും സന്ദേശം. നിത്യജീവിതത്തിൽ അത്യന്തം ക്ലേശകരമായ അത്തരം സന്ദർഭങ്ങൾ അനുഭവിച്ചിട്ടുള്ളവരോട് അദ്ദേഹത്തിനുള്ള അനുകമ്പയും കരുതലും സ്മൃതിപർവ്വത്തിന്റേയും അന്തർധാരയാണ്. തന്റെ വലിയോപ്പോളെക്കുറിച്ച് അദ്ദേഹം കുറിക്കുന്നു: ‘‘സ്വതന്ത്രചിന്തകളും വ്യക്തിത്വവും അവസാന നാൾ വരെ അവർ കാത്തുപോന്നു. അനുകരണീയവും ആദരണീയവുമായിരുന്നു ഓപ്പോളുടെ ജീവിതം’’. അവരുടെ അന്ത്യസന്ദേശമിതായിരുന്നു: ‘‘എനിക്കൊരു മതത്തിലും ജാതിയിലും വിശ്വാസമില്ല. അതുകൊണ്ട് മരണസമയത്തും മരണാനന്തരവും യാതൊരു ആചാരാനുഷ്ഠാനങ്ങളും നടത്തരുത് എന്ന് എന്റെ മക്കളോട് അപേക്ഷിക്കുന്നു.'' (സ്മൃതിപർവ്വം, പു. 142).
‘തടി കൂടിവരുന്നുണ്ട്. ശ്രദ്ധിക്കണം. കുറച്ച് തടി കുറയ്ക്കണം, പ്പൊ എന്തൊക്കെയാ കഴിക്ക്ണത്'; ഏറ്റവും അവസാനം 2020 ഫെബ്രുവരി അവസാനം കൈലാസമന്ദിരത്തിലെ പത്തായപ്പുരയിൽ ചെന്നു കണ്ടപ്പോൾ കുട്ടിമ്മാൻ ചോദിച്ചു.
‘ആരെയും അമ്പരപ്പിക്കുന്ന വൈദുഷ്യ'മുണ്ടായിരുന്ന മനോരമ തമ്പുരാട്ടി; കൈലാസമന്ദിരത്തിലെ കാര്യങ്ങൾ നിഷ്‌കർഷയോടെ നോക്കി നടത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മ പാർവതി (കുഞ്ചി) വാരസ്യാർ; 1934ൽ ആദ്യമായി ആര്യവൈദ്യ ബിരുദം നേടിയ എ. അമ്മുക്കുട്ടിയമ്മ; കുട്ടിക്കാലത്ത് തനിക്കു ‘തൃത്താലി' ചാർത്തിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനെ മാത്രമേ വരനായി സ്വീകരിക്കൂ എന്ന വാശിയിൽ ‘സംബന്ധ'ത്തിനു വഴങ്ങാതിരുന്ന, കവിതാ വാസനയും സാഹിത്യ രസികത്വവുമുള്ള ശ്രീദേവിത്തമ്പുരാട്ടി; പുരോഗമന കാഴ്ചപ്പാടുകളോടെ ചെറുപ്പക്കാരികൾക്കുവേണ്ടി പ്രവർത്തിക്കുകയും ബാലചന്ദ്രിക എന്ന സ്ത്രീസമാജത്തിന്റെ നേതൃത്വം വഹിക്കുകയും, ‘സംബന്ധ' സമ്പ്രദായം അവസാനിപ്പിക്കണമെന്നും നമ്പൂതിരിമാരെ കല്യാണം കഴിക്കില്ലെന്നും തീരുമാനിച്ച് ‘വലിയൊരു വിപ്ലവ'മായി സ്വജാതിയിൽ നിന്ന് എം.കെ. രാജയെ വിവാഹം കഴിക്കുകയും ചെയ്ത കുഞ്ഞനുജത്തിത്തമ്പുരാട്ടി; നിത്യബ്രഹ്‌മചര്യം മനസാ വരിക്കുകയും അക്കാര്യം തന്റെ പങ്കാളിയോട് (ജയപ്രകാശ് നരായണൻ) ആദ്യരാത്രി ഉറച്ച മനസ്സോടെ തുറന്നുപറയുകയും, വേണമെങ്കിൽ വേറെ വിവാഹം ചെയ്യാം ഇല്ലെങ്കിൽ നമുക്ക് ഒന്നിച്ചു കഴിയാം എന്ന് ഓർമിപ്പിക്കുകയും ചെയ്ത സാത്വികയും സൗമ്യയുമായ പ്രഭാവതി; തന്റെ കുട്ടിക്കാലത്ത്, കോവിലകക്കളത്തിലെ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മതിലകത്ത് അമ്മു എന്ന ഹെഡ്മിസ്ട്രസ്; സ്വന്തം സഹോദരിമാരായ കുഞ്ഞിക്കുട്ടി വാരസ്യാർ, ശ്രീദേവി വാരസ്യാർ, കുഞ്ഞിലക്ഷ്മി വാരസ്യാർ, മാധവിക്കുട്ടി വാരസ്യാർ; 1937ൽ കണ്ടാൽ ഭ്രമിക്കത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത തന്റെ ജ്യേഷ്ഠനെ (മാധവവാരിയർ) വല്ലാതെ ഇഷ്ടപ്പെട്ട് പ്രേമവിവാഹത്തിലേർപ്പെട്ട നല്ല സുന്ദരിയായ, 1953 ഡിസംബർ 12 ന് അദ്ദേഹത്തോടൊപ്പം വിമാനാപകടത്തിൽപ്പെട്ട് ജീവൻനഷ്ടപ്പെട്ട എട്ടത്തിയമ്മ സരോജിനി; പണ്ഡിതയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുമായ എം. ലീലാവതി; സ്വാതന്ത്ര്യലബ്ധിക്കുശേഷം വന്ന നെഹ്‌റു മന്ത്രിസഭയിൽ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന, ആയുർവേദത്തോടും പാരമ്പര്യസമ്പ്രദായത്തോടും വലിയ മതിപ്പില്ലാതിരുന്ന രാജകുമാരി അമൃത് കൗർ; ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി; പ്രധാനവൈദ്യൻ എസ്. വാരിയരുടെ ജീവിതപങ്കാളിയും, കോട്ടയ്ക്കൽ മഹിളാ സമാജത്തിൽ ഡോ. പി.കെ. വാരിയരുടെ ജീവിതപങ്കാളിയായ ‘മാധവിക്കുട്ടി'യോടൊപ്പം മുന്നണിപ്രവർത്തകയുമായിരുന്ന തങ്കം; കോട്ടക്കൽ ആര്യവൈദ്യശാലയിലെ Centre for Medical Plants and Research-ന്റെ നേതൃത്വം വഹിക്കുന്ന ഇന്ദു ബാലചന്ദ്രൻ; കൈലാസ മന്ദിരത്തിൽ വരുന്ന എത്രയോ വലുതും ചെറുതുമായ ആളുകളെ ഹൃദ്യമായി സ്വീകരിച്ച് ആതിഥ്യമൊരുക്കുന്നതിൽ നേതൃത്വം നൽകുന്ന ലക്ഷ്മി; കൈലാസ മന്ദിരത്തിന് ജീവൻ നൽകുന്ന സരസ്വതി, ഭവാനി, റീന, രതി, ഷൈലജ, സുഭദ്ര; തേങ്കുറിശ്ശിക്കാരിയായ കുറ്റിപ്പുറം സ്‌കൂൾ ഹെഡ്മിസ്ട്രസ്; തൃപ്പുണിത്തുറ സംഗീത കോളേജിലെ സംഗീതം ടീച്ചർ; വൈദ്യശാലയിൽ ചികിത്സയ്ക്കുവന്ന കാനഡയിലുള്ള മധ്യവയസ്‌കയായ സ്ത്രീ തുടങ്ങി താൻ ജീവിച്ച ഒരു നൂറ്റാണ്ടുകാലത്ത് കേട്ടും കണ്ടും പരിചയിച്ചും സ്‌നേഹിച്ചും കൂടെ ജീവിച്ചും പോന്ന ശക്തരും ഊർജസ്വലരുമായ സ്ത്രീകളെ പറ്റി തികച്ചും സഹജീവിബോധത്തോടെ പരാമർശിക്കുന്നുണ്ട് അദ്ദേഹം സ്മൃതിപർവ്വത്തിൽ.
‘‘സ്ത്രീകൾ നടത്തുന്ന പ്രവർത്തനം അധികമാരും അറിയില്ല'' എന്ന് കൂടെയുള്ളവരെ അദ്ദേഹം ഓർമ്മിപ്പിക്കുന്നത് സമകാലീന സ്ത്രീജീവിതത്തെക്കുറിച്ചു ആകാംക്ഷപ്പെടുന്ന ഏതൊരാൾക്കും ആവർത്തിക്കാവുന്ന ഒരു വാചകമാണ്.
തന്റെ ‘സ്വകാര്യ'ജീവിതത്തെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങളേ സ്മൃതിപർവ്വത്തിലുള്ളൂ - അമ്മ, മാധവിക്കുട്ടി എന്നീ അധ്യായങ്ങൾ ഒഴിച്ചാൽ. എത്ര സാന്ദ്രമായിട്ടാണ് തന്റെ കൂടെയുള്ളവരെ അദ്ദേഹം തിരിച്ചറിയുന്നത്! കൂടെയുള്ളവർ അദ്ദേഹത്തേയും!
അദ്ദേഹത്തിന് 60 വയസ്സ് തികഞ്ഞപ്പോൾ സമർപ്പിച്ച ഉപഹാരമായ പ്രതിഷ്ഠ എന്ന കാവ്യസമാഹാരത്തിൽ, തന്റെ ജീവിതപങ്കാളി, മാധവിക്കുട്ടി, ജീവിതയാത്രയുടെ പാതിവഴി ഒന്നിച്ചുതാണ്ടിയതിനെക്കുറിച്ച് ‘‘ശിരസ്സിൽ ക്ലേശത്തിൻ തീ-
ച്ചുമടും ചുമത്തു കൊ-
ണ്ടിരുപാന്ഥർ നാമൊന്നായ്
തുടർന്നോരീയാത്രയിൽ''
എന്ന് പരാമർശിക്കുന്നു. ഇത് അവർ താണ്ടിയ ജീവിതത്തിലെ ക്ലേശങ്ങളെയും പ്രയാസങ്ങളെയും സൂചിപ്പിക്കുന്നു. ‘‘സുഖമായി പോയി, എന്നെ തനിച്ചാക്കിയിട്ട്'' എന്നാണ് അവരുടെ വേർപാടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്. ഒരുപക്ഷേ ക്ലേശങ്ങളിൽ തങ്ങളെ തടഞ്ഞിടാതെ സ്‌നേഹാർദ്രവാത്സല്യങ്ങളോടെ തമ്മിൽ ചേർത്തുപിടിച്ച് അവർ ജീവിച്ചുപോന്നതിന്റെ കേട്ടും കണ്ടും അറിഞ്ഞ അനുഭവസാക്ഷ്യങ്ങൾ സഹജീവികളിൽനിന്നും ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
താൻ ജനിച്ച വർഷം നടന്ന, കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച, മലബാർ കലാപത്തെക്കുറിച്ച് ഡോ. പി.കെ. വാരിയർ എഴുതുന്നു: ‘‘ലഹളയുടെ പേരിൽ മലബാറിൽ നടമാടിയ ക്രൂരതയ്ക്ക് ചരിത്രത്തിൽ സമാനതകളില്ല. മുസ്ലിം സമുദായത്തിൽപ്പെട്ട പുരുഷന്മാരെയെല്ലാം ക്രൂരമായി മർദ്ദിച്ചു, കൊന്നൊടുക്കി, അല്ലാത്തവരെ ആൻഡമാനിലേക്ക് നാടുകടത്തി. അധികം പേരും നിരപരാധികളാണ്... വിചാരണയില്ല, വിസ്താരമില്ല. മാപ്പിളയാണെന്നുകണ്ടാൽ മതി, എന്ത് ക്രൂരതയും ചെയ്യാം'' (സ്മൃതിപർവ്വം, പു. 93).
അക്കാലത്ത് സാധാരണക്കാരായ മുസ്ലിം കുടുംബങ്ങൾക്ക് അത്താണിയായിരുന്നു പി.എസ്. വാരിയരും കൈലാസമന്ദിരവും. മലബാർ കലാപത്താൽ അനാഥരായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണവും ജീവിതസൗകര്യവുമെത്തിക്കുന്നതിൽ പി.എസ്. വാരിയർ വളരെ ജാഗ്രത കാണിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചാൽ മാത്രമേ മുസ്ലിം വിഭാഗത്തിന് മെച്ചമുണ്ടാകൂ എന്ന് വാദിച്ച ഉല്പതിഷ്ണുക്കളിൽ പ്രധാനിയായ വളപ്പിൽ അഹമ്മദ് മുസ്ലിയാർ ചങ്കുവെട്ടി, പറപ്പൂർ, ആട്ടീരി എന്നിവിടങ്ങളിൽ സ്‌കൂളുകൾ സ്ഥാപിച്ചു. ദാരിദ്ര്യത്തോടും തങ്ങളുടെതന്നെ സമുദായത്തിലെ യാഥാസ്ഥികരോടും മല്ലിട്ട് നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആരും വിലയിരുത്തിയിട്ടില്ല. ‘‘വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി സമുദായത്തിൽ നടത്തിയിരുന്ന നവോത്ഥാന പ്രവർത്തനങ്ങൾക്കു തുല്യമായിരുന്നു മുസ്ലിയാരെപ്പോലുള്ളവരുടെ ശ്രമങ്ങൾ'' (സ്മൃതിപർവ്വം, പു. 97) എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഇങ്ങനെ ‘കോയ്മ'കൾക്കെതിരായ ജീവിതങ്ങളെ തന്റെ ആത്മകഥയിൽ പ്രത്യേകം പരാമർശിക്കുന്നത് കൂടുതൽ പഠനഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ജാതി മതലിംഗ ഭേദങ്ങൾക്കതീതമായി, എങ്ങനെ ‘മനുഷ്യരാ'യി ജീവിക്കാമെന്നതിന്റെ ഉത്തമോദാഹരണങ്ങളാണിവയെല്ലാം.
ചില കുടുംബക്കാഴ്ചകൾ
ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകളൊന്നുമില്ലാതിരുന്ന കുട്ടിക്കാലത്ത്, അമ്മുച്ചേച്ചിയുടേയും (കുട്ടിമ്മാന്റെ മകൾ സുഭദ്ര) ചന്ദ്രേട്ടന്റേയും (വല്യമ്മാവൻ പി.വി. രാമവാരിയർ മാഷുടെ മകൻ കെ.വി. രാമചന്ദ്രൻ) ‘വിവാഹാ'വസരത്തിലാണ് കുട്ടിമ്മാനെ ആദ്യമായി കാണുന്നത്. പതിനൊന്നു വയസ്സുള്ള ഒരു കുട്ടിയെ സംബന്ധിച്ച് അതൊരു ദൂരക്കാഴ്ച മാത്രം! പിന്നീട് കുട്ടിമ്മാന്റെ ജീവിതത്തെ ഓരങ്ങളിൽ നിന്നെങ്കിലും അറിയാൻ സാധിച്ചിട്ടുണ്ട്. കൈലാസമന്ദിരത്തിന്റെ പത്തായപ്പുരയുടെ കോണിപ്പടികൾ കയറി ഒട്ടും ഔപചാരികതകളില്ലാതെ അടുത്തുചെന്ന് സ്‌നേഹാദരങ്ങളോടെ തൊടാനും, സന്തോഷത്തോടെ കെട്ടിപ്പിടിച്ച് ആ ഹൃദയതാളം അറിയാനും അവസരങ്ങൾ - സ്‌നേഹ സന്ദർശനങ്ങൾ - ജീവിതവഴികളിൽ ഏറെ ഊർജ്ജമായിട്ടുണ്ടെനിക്ക്. മനുഷ്യബന്ധങ്ങൾ, കുടുംബം, രാഷ്ട്രീയം, സമൂഹം, സംസ്‌കാരം, കല-കവിത, നാടകം- തുടങ്ങി എന്തുമാകട്ടെ, ജീവിതത്തിന്റെ ഏതുമണ്ഡലത്തെക്കുറിച്ചായാലും, നേരിൽ കാണുന്ന സന്ദർഭങ്ങളിൽ ചുരുങ്ങിയ സമയംകൊണ്ട് അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
ഞങ്ങളുടെ കുടുംബത്തിലെ ആർക്ക് എന്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും അക്കാര്യം കുട്ടിമ്മാനുമായി ചർച്ചചെയ്യുന്ന രീതി ഉണ്ടായിരുന്നു. അച്ഛന്റെ (എം.ആർ. വാരിയർ) മുൻകൈയിലാണ് ചർച്ച നടക്കുക. എന്തെങ്കിലും കാരണത്താൽ കുട്ടിമ്മാനെ നേരിട്ടുകാണാൻ അച്ഛന് പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ, കുട്ടിമ്മാനെ കാണാനും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും എനിക്കാണ് അവസരം ലഭിക്കുക. ശ്രദ്ധയോടെ കേൾക്കും - ചില ചോദ്യങ്ങൾ, ഉറപ്പാക്കലുകൾ, ആകാംക്ഷകൾ, സംശയങ്ങൾ - അതങ്ങനെ തുടരും. എന്തെല്ലാം ചികിത്സാരീതികൾ തുടരാമെന്ന് വിശദമായി പറഞ്ഞുതരും - മരുന്നുകളിലെ ചേരുവകൾ, കഴിച്ചാലുള്ള ഗുണങ്ങൾ, പത്ഥ്യത്തിന്റെ പ്രാധാന്യം എല്ലാം. കൂടുതൽ സംശയങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അപ്പപ്പോൾ അറിയിക്കാനും ഉപദേശിക്കും. ഇതാണ് പതിവുരീതി. ഇങ്ങനെ അദ്ദേഹവുമായുള്ള ചിരപരിചയം കൊണ്ട് സഹജീവികൾക്ക് പകർന്നുകിട്ടുന്ന ധൈര്യം ചെറുതല്ല - ഡോക്ടർമാർക്കായാലും, രോഗികൾക്കായാലും, സഹപ്രവർത്തകർക്കായാലും.
അച്ഛനും കുട്ടിമ്മാനുമായി നിരന്തരം രാഷ്ട്രീയം സംസാരിക്കും. 1940കളിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി രാഷ്ടീയപ്രവർത്തനത്തിനിറങ്ങിയ ‘സഖാക്കൾ' എന്നതുകൊണ്ടുള്ള അടുപ്പം, ഇ.എം.എസും എ.കെ.ജിയും മുതൽ ചെറുകാടും കല്ലാട്ട് കൃഷ്ണനും വരെ രണ്ടുപേരുടേയും ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ദിശ തെളിയിച്ച സഖാക്കളെപ്പറ്റി തെളിച്ചമുള്ള അനുഭവങ്ങൾ അവർ തമ്മിൽ പങ്കുവെയ്ക്കുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഒരുപക്ഷേ, അത്തരം തുറന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചതിന്റെ സ്വാതന്ത്ര്യം കൊണ്ടായിരിക്കാം, തമ്മിൽ കാണുമ്പോൾ ഏതു വിഷയവും സംശയമില്ലാതെ സംസാരിക്കുന്ന രീതി ഞങ്ങൾക്കിടയിൽ ഉണ്ടായിവന്നത്.
അമ്മയുടെ അഭാവത്തിൽ ചന്ദ്രേട്ടനേയും സഹോദരിയായ ഭദ്രേടത്തിയേയും പോറ്റി വളർത്തിയ, എന്റെ അമ്മമ്മ (എന്റെ അമ്മ ഇന്ദിരയും അവരും വളരെ ചെറുപ്രായം മുതൽ ഒന്നിച്ചുവളർന്നവരാണ്)യോട് എന്നും ഒരു സഹോദരിയോടെന്നപോലെ അടുത്ത പെരുമാറ്റമായിരുന്നു. കുട്ടിമ്മാൻ എന്നാണ് അമ്മമ്മയും വിളിക്കുക - സമപ്രായക്കാരായിരുന്നു അവരെങ്കിലും. കുട്ടിമ്മാനുമായുള്ള സ്‌നേഹബന്ധം അമ്മമ്മയുടെ ജീവിതത്തിൽ, ആരോഗ്യശീലങ്ങളിൽ, ഉണ്ടാക്കിയ അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്. അമ്മമ്മയെ മാറാവ്യാധിയായി തന്നെ ബാധിച്ച ‘എക്‌സിമ', ചികിത്സിച്ചു മാറ്റിയത് കുട്ടിമ്മാന്റെ ചികിത്സാവിധികളും ദുർഗാസ്മാന്റെ (എന്റെ അമ്മയുടെ അനുജൻ - കോട്ടക്കൽ ആര്യവൈദ്യശാലയിൽ ദീർഘകാലം ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്) ശ്രദ്ധയോടെയുള്ള പരിചരണവുമായിരുന്നു. ഋതുഭേദത്തിനനുസരിച്ച് നന്നാലുമാസം കൂടുമ്പോൾ മാറ്റി മാറ്റിക്കഴിക്കേണ്ട കഷായങ്ങളും അനുബന്ധ ചികിത്സകളും കുട്ടിമ്മാൻ ഉപദേശിച്ചതുപ്രകാരം അവസാനകാലം വരെ ചിട്ടയോടെ ശീലിച്ചിരുന്നു അമ്മമ്മ. കുറിപ്പടികൾ പോലും വേണ്ട - അത്രയ്ക്ക് ഹൃദിസ്ഥമായിരുന്നു ആ ചികിത്സാവിധികൾ - അമ്മമ്മയ്ക്ക്.
സ്‌നേഹാർദ്രമായ നേർസാക്ഷ്യങ്ങൾ
‘തടി കൂടിവരുന്നുണ്ട്. ശ്രദ്ധിക്കണം. കുറച്ച് തടി കുറയ്ക്കണം, പ്പൊ എന്തൊക്കെയാ കഴിക്ക്ണത്'; ഏറ്റവും അവസാനം 2020 ഫെബ്രുവരി അവസാനം കൈലാസമന്ദിരത്തിലെ പത്തായപ്പുരയിൽ ചെന്നു കണ്ടപ്പോൾ കുട്ടിമ്മാൻ ചോദിച്ചു.
കഴിക്കുന്ന മരുന്നുകളെക്കുറിച്ചാണ് അന്വേഷണം.
ദിനചര്യകളെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞു. രാത്രി ഭക്ഷണം വൈകരുത്. അമ്മയ്ക്ക് (ഇന്ദിരയ്ക്ക്) പ്രമേഹമുള്ളതല്ലേ? മധുരം കഴിക്കാതിരിക്കുന്നത് നന്ന്. ഒരു സുഹൃത്തിനോടെന്നപോലെ കുട്ടിമ്മാൻ അപ്പപ്പോൾ കഴിക്കുന്ന മരുന്നുകൾ, ഭക്ഷണം, പാലിക്കുന്ന ചിട്ടകൾ എല്ലാം ആവർത്തിച്ച് ഓർമ്മിപ്പിക്കും - എപ്പോൾ കാണുമ്പോഴും - അവസാന കൂടിക്കാഴ്ചയിലും അതൊക്കെ പറയാൻ മറന്നില്ല. ലോകത്തെ പിടികൂടിയ കോവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തിലാണ് ഏറ്റവും അവസാനമായി കുട്ടിമ്മാനെ കണ്ടത്. ഇനിയും കാണാം എന്നുപറഞ്ഞാണ് പിരിഞ്ഞതെങ്കിലും ആ ആഗ്രഹം ബാക്കിയായി.
ഏറ്റവും നിഷ്‌കളങ്കമായി, സുതാര്യമായി, അനുകമ്പയോടെ, മന്ദസ്‌മേരത്തോടെ വ്യക്തമായി സംവദിക്കുവാൻ, അനുഭവജ്ഞാനം കൊണ്ട് സിദ്ധിച്ച അറിവ് കൂടെയുള്ളവർക്ക് കരുതലോടെ പകരുവാൻ ശ്രമിക്കുകയും അതിൽ പരിപൂർണ്ണമായി വിജയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
ഒരിക്കൽ കുട്ടിമ്മാനെ കണ്ട് ചികിത്സ നിശ്ചയിക്കാൻ പോയി. പത്തായപ്പുരയിൽ ചെന്നാണ് കാണുക. ഇടതുകാലിന് വേദന കൂടി മുട്ടിനു താഴെയുള്ള മസിലുകൾ ശോഷിക്കുണ്ടെന്നു കണ്ടപ്പോൾ നവരക്കിഴിയും കൂട്ടത്തിൽ ആട്ടിൻമാംസം മറ്റു പല പച്ചമരുന്നുകളോടൊപ്പം ചേർത്തരച്ചു ലേപനമാക്കി മസിൽ ചുരുങ്ങുന്ന ഭാഗത്ത് കെട്ടിവെച്ച് (ഉപന്നാഹം എന്നാണ് അതിന് കുട്ടിമ്മാൻ പറഞ്ഞ വാക്ക്) ഒരുമണിക്കൂർ കഴിഞ്ഞ് മഹാമാഷതൈലം പുരട്ടിത്തടവാൻ ചികിത്സ നിശ്ചയിച്ചു. ധർമാശുപത്രിയിൽ ചികിത്സിക്കാൻ അവസരം കിട്ടി. ദുർഗാസ്മാൻ ആയിരുന്നു ആയുർവേദത്തിന്റെ ഡോക്ടർ. സൂപ്രണ്ട് അലോപ്പതി ഡോക്ടർ ബാലചന്ദ്രേട്ടന്റെ ശ്രദ്ധയും അവിടത്തെ രോഗികൾക്ക് പ്രത്യേകം ലഭ്യമാണ്. ധർമാശുപത്രിയിലെ നവരക്കിഴിച്ചികിത്സാകാലം (മൂന്നുവർഷം) വൈദ്യശാലയിലെ കിടത്തിച്ചികിൽസാരീതികൾ നേരിട്ടനുഭവിക്കാൻ സാധിച്ചിട്ടുണ്ട് എല്ലാ ബുധനാഴ്ചയും കുട്ടിമ്മാന്റെ രോഗീസന്ദർശനമുണ്ടാകും. ഏതു സംശയത്തിനും ക്ഷമയോടെ ഉത്തരം കിട്ടും.
അകത്തേക്ക് കഴിക്കാത്തവർക്ക് ഇങ്ങനെ ശരീരത്തിൽ പ്രശ്‌നങ്ങളുള്ള പ്രത്യേക ഭാഗങ്ങളിൽ കെട്ടിവെച്ച് ചികിത്സിക്കുന്നതിന്റെ കാര്യകാരണങ്ങൾ അദ്ദേഹം വിശദീകരിക്കും. മാംസ ഭക്ഷണം ശീലിക്കാതെ പോയതിൽ ഞാൻ ‘ഖിന്ന'യായ ഒരു സന്ദർഭമായിരുന്നു അത്. കൂടെ ജീവിക്കുന്നവർ കഴിക്കുമ്പോഴും ആ രീതിയിൽ നിന്ന് ഇപ്പോഴും വിട്ടുനിൽക്കുന്നതിൽ വളർന്നുവന്ന സാഹചര്യത്തിലെ ശീലത്തിന്റെ പ്രശ്‌നം മാത്രമേയുള്ളൂ. അജമാംസം കഴിക്കുന്നതിന്റെ ഗുണങ്ങൾ, മരുന്നുകളിൽ മാംസം ചേർക്കുന്നവിധം, തുടങ്ങി ക്ലാസെടുക്കുന്ന ഗൗരവത്തോടെ എല്ലാം വിശദീകരിക്കും. ‘ശരീരമാദ്യം ഘലുധർമ്മസാധനം' എന്ന് ഓർമിപ്പിക്കും. ശരീരത്തിലെ നവദ്വാരങ്ങളും ശുചിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അതെങ്ങനെയൊക്കെ ചെയ്യണം എന്ന രീതികൾ, ഭക്ഷണത്തിൽ കൃത്യനിഷ്ഠ പാലിക്കേണ്ട വിധം, തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും സംശയനിവാരണം നടത്തിത്തരും - തന്റെ മുന്നിൽ വരുന്ന ഏതൊരാളോടും അദ്ദേഹം ഇങ്ങനെയൊക്കെത്തന്നെയാണ്.
ഏറ്റവും നിഷ്‌കളങ്കമായി, സുതാര്യമായി, അനുകമ്പയോടെ, മന്ദസ്‌മേരത്തോടെ വ്യക്തമായി സംവദിക്കുവാൻ, ജീവിതത്തിലെ അനുഭവജ്ഞാനം കൊണ്ട് സിദ്ധിച്ച അറിവ് കൂടെയുള്ളവർക്ക് കരുതലോടെ പകരുവാൻ, എന്നും ശ്രമിക്കുകയും അതിൽ പരിപൂർണമായി വിജയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ‘‘അച്ഛൻ ശാന്തനും സാത്വികനുമായിരുന്നു.... ഇത്ര നല്ല ഒരച്ഛനെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല'' (സ്മൃതിപർവ്വം, പു. 82) എന്ന് കുട്ടിമ്മാൻ സ്വന്തം അച്ഛനെക്കുറിച്ച് പറയുന്നത് അക്ഷരം പ്രതി ആവർത്തിക്കാനാകും അമ്മുച്ചേച്ചിക്കും എന്ന് എപ്പോഴും തോന്നാറുണ്ടെനിക്ക്. സമാനതകളില്ലാത്ത ആ സ്‌നേഹസാന്നിദ്ധ്യം ഇല്ലാതായിരിക്കുന്നു.
‘വരണം, നമുക്കിനിയും കൂടണം' എന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള താൽകാലിക യാത്രപറച്ചിലുകൾ ഇനിയില്ല എന്നു ഞാൻ തിരിച്ചറിയുന്നു. ഏറെ സമാധാനം നൽകുന്ന മൃദുസ്പർശം, തോളിലൊരു തട്ടൽ, നിറഞ്ഞ ചിരി, കുശലാന്വേഷണങ്ങൾ, ചർച്ചകൾ, എല്ലാം ഇനി ഓർമകളിൽ മാത്രം - ധന്യം ഈ ജീവിതം. ▮