പ്രിയ എ.എസ്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

ആദ്യത്തെ പുസ്തകത്തിന്റെ സമർപ്പണതാളിൽ അച്ഛന്, അമ്മയ്ക്ക്, ആശുപത്രികൾക്ക് എന്നു കുറിച്ച കഥാകൃത്തും വിവര്ത്തകയുമായ പ്രിയ എ. എസ്., തന്റെ ചികിത്സാ ജീവിതത്തിലെ ഡോക്ടർമാരെക്കുറിച്ച് എഴുതുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ‘IMA നമ്മുടെ ആരോഗ്യം’ 2025 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

തോ ഒരു ഡോക്ടർ ഇംഗ്ളീഷിൽ എഴുതിയ ഒരു കഥയാണ് ഞാൻ എന്നാണെനിയ്ക്ക് പലപ്പോഴും തോന്നാറ്. എന്റെ ഏറ്റവുമാദ്യത്തെ കേസ് ഷീറ്റ് മഞ്ഞനിറമായി പൊടിഞ്ഞുതുടങ്ങി. അതിന്റെ ഫോട്ടോകോപ്പി എടുത്തുവച്ചിട്ടുണ്ടെങ്കിലും ആ ഒറിജിനൽ മഞ്ഞനിറത്താൾ ഞാൻ കളഞ്ഞിട്ടില്ല. പഴയ ടൈപ്പ് റൈറ്റിങ് മെഷീനിൽ മെഡിക്കൽ റ്റേംസ് ഉപയോഗിച്ചെഴുതിയ കുറെയേറെ വാചകങ്ങളുണ്ട് അതിൽ. ഒന്നാം വാചകം ഇങ്ങനെയാണ്:

A thin built little girl. This child was brought to us with the complaints of bouts of haematemesis for 1 day prior to admission. She had vomited out about 1000cc of blood which also contained clots.

അങ്ങനെ പോകുന്നു ഞാൻകുട്ടി എന്ന ഇത്തിരിപ്പോന്നയാളെക്കുറിച്ചുള്ള ഇംഗ്ലീഷ് കഥ. ആ കഥാപാത്രത്തിൽ നിന്നു പിന്നെ മലയാളത്തിൽ കഥകളുണ്ടായത് കാലനിശ്ചയം. അല്ലെങ്കിലും കാലനിശ്ചയത്തിനപ്പുറത്തായി എന്താണീ ഭൂമിയിൽ നടക്കാറുള്ളത്? ആദ്യത്തെ പുസ്​തകത്തിന്റെ സമർപ്പണതാളിൽ അച്ഛന്, അമ്മയ്ക്ക്, ആശുപത്രികൾക്ക് എന്നു കുറിച്ച ഒരാളാണ് ഞാൻ. ഈ മൂന്ന് അടിസ്​ഥാന ശിലകളിന്മേൽ പടുത്തുയർത്തിയതാണ് എന്റെയീ ജന്മം. ഈ മൂന്നു കാര്യങ്ങളിലേതെങ്കിലുമൊന്നില്ലായിരുന്നുവെങ്കിൽ എന്നേ പാഴ്ജന്മമായി മണ്ണടിഞ്ഞുപോയേനെ ഞാൻ.

അദ്ധ്യാപകരായ അമ്മയും അച്ഛനും അവരുടെ സ്​ക്കൂൾ ലൈബ്രറിയിൽ നിന്നെടുത്തുകൊണ്ടുവന്ന പുസ്​തകങ്ങളിൽ വച്ച് ഞാൻ കണ്ടുമുട്ടിയ പലതരം ജീവിതങ്ങളിൽനിന്നും, അച്ഛന്റെയും അമ്മയുടെയു മൊപ്പം കേറിയിറങ്ങിയ ആശുപത്രികളിലെ ഇരുട്ടിൽ നിന്നും കടഞ്ഞെടുത്ത വെളിച്ചമാണ് എന്റെ ഉൾക്കാഴ്ച ഉരുത്തിരിച്ചെടുത്തത് എന്നാണെന്റെ വിശ്വാസം. ആ ഉൾക്കാഴ്ചയാണ് എന്നെ കഥാകൃത്താക്കിയത്. എന്റെ കണ്ണും മനസ്സും ചുറ്റുപാടുകാഴ്ചകൾ, ജീവിതങ്ങൾ, വികാരവിചാരങ്ങൾ ഒക്കെ പിടിച്ചെടുക്കാൻ പാകത്തിൽ സംവേദനക്ഷമമായത് ആശുപത്രികളിലെ സൂചിമുനത്തുമ്പുകൾ കണ്ടാവണം.

എന്റെ സ്വന്തം കഥ പറയാനാണെങ്കിൽ, രക്തം ഛർദ്ദിക്കുന്ന കുട്ടിയായിരുന്നു ഞാൻ നാലുവയസ്സിലേ തന്നെ. ജുവനൈൽ റ്റി ബി എന്നായിരുന്നു ആദ്യ സംശയം. പിന്നെ പഴങ്ങനാട് സമരിറ്റൻ ഹോസ്​പിറ്റലിലെ കാർഡിയോ തൊറാസിക് സർജൻ ഡോ: ടി.എം. ജോസഫിനെ കണ്ടപ്പോൾ, Portal Hypertension with Oesophageal Varices എന്ന മെഡിക്കൽ നാമത്തിലേക്ക് ഡോക്ടർ അതിനെ പരാവർത്തനം ചെയ്തു.

രണ്ട് മേജർ ഓപ്പറേഷൻസ് നടന്നു; നാലുവയസ്സിലും ഏഴുവയസ്സിലും. 1973-ൽ Cavo Mesenteric Shunt -Dw, 1975-ൽ Tanner's Operation with Splenectomy.

ആദ്യത്തെ പുസ്​തകത്തിന്റെ സമർപ്പണതാളിൽ അച്ഛന്, അമ്മയ്ക്ക്, ആശുപത്രികൾക്ക് എന്നു കുറിച്ച ഒരാളാണ് ഞാൻ. ഈ മൂന്ന് അടിസ്​ഥാന ശിലകളിന്മേൽ പടുത്തുയർ ത്തിയതാണ് എന്റെയീ ജന്മം.
ആദ്യത്തെ പുസ്​തകത്തിന്റെ സമർപ്പണതാളിൽ അച്ഛന്, അമ്മയ്ക്ക്, ആശുപത്രികൾക്ക് എന്നു കുറിച്ച ഒരാളാണ് ഞാൻ. ഈ മൂന്ന് അടിസ്​ഥാന ശിലകളിന്മേൽ പടുത്തുയർ ത്തിയതാണ് എന്റെയീ ജന്മം.

പക്ഷേ ചോപ്പൻ കലാപരിപാടി നിർവിഘ്നം തുടരുകയാണുണ്ടായത്. ഡിഗ്രി ഒന്നാം വർഷത്തിലെത്തിയ 1985- ൽ കലാപരിപാടി രൂക്ഷമായി. മൂന്നാമത് ഓപ്പറേഷൻ വേണമെന്നായി. വലിയ കൺഫ്യൂഷനിലായി എല്ലാവരും. ബോംബെയിൽ ജോലിയും ജീവിതവുമായി കഴിഞ്ഞ അമ്മാവൻ ബോംബെ പരിചയത്തിലെ ഡോക്ടർ ഉമാമേനോൻ വഴി, ഗ്യാസ്ട്രോ എൻ്ററോളജിയിൽ പ്രശസ്​തനായ ബോംബെ ഹോസ്​പിറ്റലിലെ ഡോക്ടർ നിരഞ്ജൻ എച്ച്. ബങ്ക ഓപ്പറേഷൻ വഴിയല്ലാതെ ഉള്ളുകള്ളികൾ കണ്ടുപിടിച്ച് ചികിത്സിക്കുന്ന എൻഡോസ്​ക്കോപ്പി എന്ന പുതുവിദ്യയിൽ കേമനാണ് എന്ന അറിവുമായെത്തി. കൂത്താട്ടുകുളം ദേവമാതയിൽ ഡോക്ടർ ഫിലിപ്പ് അഗസ്റ്റിനും ആ വഴിയിലുണ്ട് എന്ന് ഡോക്ടർ ജോസഫ് പറഞ്ഞുവെങ്കിലും ബോംബെ മതി എന്നു കുടുംബം തീരുമാനമെടുത്തു.

ഡോക്ടർ ബങ്കയാണ് ആദ്യമായി എനിയ്ക്ക് എൻഡോസ്​ക്കോപ്പി ചെയ്യുന്നത്. മൂന്ന് എന്ന HB കൗണ്ടിൽ തളർന്നുകുഴഞ്ഞു വീൽചെയറിൽ വിമാനം കയറിയ ഞാൻ ‘ഒരു കശ്മീരി ആപ്പിൾ പോലെ’ തുടുത്തു എന്നു പറഞ്ഞ് എന്നെ ചികിത്സാവഴിയേ നാണിപ്പിച്ചു ചിരിപ്പിച്ചു ഡോക്ടർ ബങ്ക. സ്​ക്ലീറോതെറാപ്പി വഴി അപകടമേഖലയെ കരിക്കലും പിടിക്കലും പിന്നെ തകൃതിയായി നടന്നു പലതവണ. എം.എ പഠനകാലത്ത് തോന്നി, ഓരോ ആറുമാസം കൂടുമ്പോഴും വിമാനമേറിയുള്ള ബോംബേ യാത്ര കാരണം പൈസയും ക്ലാസും കുറച്ചൊന്നുമല്ലല്ലോ പോകുന്നത്, ഇതിനെന്തു മറുവഴി എന്ന്. ഡോക്ടർ ബങ്ക അപ്പോൾ നിർദ്ദേശിച്ച പേരാണ് ഡോക്ടർ വാലത്ത് ബാലകൃഷ്ണൻ. അന്നദ്ദേഹം എറണാകുളം സുധീന്ദ്ര ഹോസ്​പിറ്റലിലായിരുന്നു.

പക്ഷേ ആ സൗമ്യസ്​നേഹവാന്റെ അടുത്ത് ചികിത്സ നടന്നത് വളരെ കുറച്ചുകാലം മാത്രം. അന്നെനിയ്ക്ക് ചെറുകഥയ്ക്ക് ‘ഗൃഹലക്ഷ്മി’ അവാർഡ് കിട്ടിയിരുന്നു. അമ്മ അതു പറഞ്ഞു കേൾപ്പിച്ചപ്പോൾ, കഥ എഴുതുന്ന കുട്ടിയാണ് അല്ലേ, അപ്പോപ്പിന്നെ നോക്കിക്കാണണ്ടേ ചുറ്റുമുള്ളതെല്ലാം, എൻഡോസ്​ക്കോപ്പി സമയത്ത് കണ്ണുകെട്ടുകയൊന്നും വേണ്ട അല്ലേ എന്നു ചോദിച്ചു ചിരിച്ചു. വിദ്യാർത്ഥിയായിരിക്കെ ഏതാനും കൂട്ടുകാരൊത്ത് രാജ്യത്തെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ് പേപ്പർ ബോയ്’ നിർമ്മിച്ചയാളുടെ കലാഹൃദയമാണ് എന്നോടങ്ങനെ ചോദിച്ചത് എന്ന് പതിയേ അറിഞ്ഞു. പക്ഷേ ഡോക്ടർ ചില ഹൃദയാരോഗ്യ പ്രശ്നങ്ങളാൽ സുധീന്ദ്ര ഹോസ്​പിറ്റൽ ഒരു വർഷത്തിനകം തന്നെ വിട്ടു, അദ്ദേഹം എന്നെ ഡോക്ടർ ഫിലിപ്പ് അഗസ്റ്റിനെ ഏൽപ്പിച്ചു.

‘‘കഥ എഴുതുന്ന കുട്ടിയാണ്, അല്ലേ, അപ്പോ പ്പിന്നെ നോക്കിക്കാണണ്ടേ ചുറ്റുമുള്ളതെല്ലാം, എൻഡോസ്​ക്കോപ്പി സമയത്ത് കണ്ണുകെട്ടുകയൊന്നും വേണ്ട അല്ലേ’’ എന്ന് ആ ഡോക്ടർ ചോദിച്ചു ചിരിച്ചു. വിദ്യാർത്ഥിയായിരിക്കെ ഏതാനും കൂട്ടുകാരൊത്ത് രാജ്യത്തെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ് പേപ്പർ ബോയ്’ നിർമ്മിച്ചയാളുടെ കലാഹൃദയമാണ് എന്നോടങ്ങനെ ചോദിച്ചത് എന്ന് പതിയേ അറിഞ്ഞു.
‘‘കഥ എഴുതുന്ന കുട്ടിയാണ്, അല്ലേ, അപ്പോ പ്പിന്നെ നോക്കിക്കാണണ്ടേ ചുറ്റുമുള്ളതെല്ലാം, എൻഡോസ്​ക്കോപ്പി സമയത്ത് കണ്ണുകെട്ടുകയൊന്നും വേണ്ട അല്ലേ’’ എന്ന് ആ ഡോക്ടർ ചോദിച്ചു ചിരിച്ചു. വിദ്യാർത്ഥിയായിരിക്കെ ഏതാനും കൂട്ടുകാരൊത്ത് രാജ്യത്തെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ് പേപ്പർ ബോയ്’ നിർമ്മിച്ചയാളുടെ കലാഹൃദയമാണ് എന്നോടങ്ങനെ ചോദിച്ചത് എന്ന് പതിയേ അറിഞ്ഞു.

പിന്നെ ഞാൻ എം.ജി യൂണിവേഴ്സിറ്റിക്കാരിയും ഏറ്റുമാനൂർക്കാരിയുമായി. ചോപ്പാക്രമണം ഇല്ലാത്ത നീണ്ട ഇടവേളയായിരുന്നു പിന്നീട്. കാലക്രമേണ അസുഖത്തിന്റെ ഫ്രീക്വൻസി കുറഞ്ഞുവരും എന്ന ഡോക്ടേഴ്സിന്റെ അനുമാനം സത്യമാവുകയാണെന്നു ഒരാശ്വാസം തോന്നി.

പക്ഷേ വീണ്ടുമെത്തി അപ്രതീക്ഷിതമായി വായിൽ ചോരപ്പുളിപ്പ്. ഒരു നെടുനീളനടിയേറ്റപോലെ ഞാനന്നേരം തകർന്നുപോയി. കോട്ടയത്തെ പ്രൈവറ്റ് ഹോസ്​പിറ്റലിൽ വച്ച് കടന്നുപോകേണ്ടിവന്ന ഒരു സ്​ക്ലീറോതെറാപ്പി അനുഭവം, ആക്കം കൂടിയ മറ്റൊരടിയായി അന്നെന്നെ പാടേ തകർത്തുതരിപ്പണമാക്കിക്കളഞ്ഞു.

സീരിയസ് ആശുപത്രി പരിപാടികളോട് കുട്ടിക്കാലം മുതലേ യാതൊരു പേടിയുമില്ലാത്ത എനിയ്ക്ക് Ryle's Tube Insertion മഹാ പേടിയായിരുന്നു എന്നും. അന്നൊക്കെയത് റബ്ബർ ട്യൂബാണ്. റബ്ബറി​ന്റെ വൃത്തികെട്ട നാറ്റവും കൂടി സഹിച്ചേപറ്റൂ. ഉള്ളിലെ രക്തസ്രാവം നിയന്ത്രിച്ചുനിർത്താൻ അതു കൂടിയേ തീരൂതാനും. എന്റെ നാടായ എരമല്ലൂരിൽ നിന്ന് അമ്മയുടെ മടിയിൽ രക്തമയഏടു കഴിഞ്ഞു തളർന്നു കുഴഞ്ഞു കിടക്കുന്ന ഞാനുമായി തോപ്പുംപടിപ്പാലം കയറി ആശുപത്രിയിലേക്ക് ടാക്സി കുതിയ്ക്കുമ്പോഴേ ഇനിയുള്ള സ്​ഥിരം ഏടായ Ryle's Tube-ലേക്ക് എത്ര മിനിട്ടു ദൂരം എന്ന് ഞാൻ പിടയ്ക്കാൻ തുടങ്ങും.

കാറിലും ആശുപത്രി മുറിയിലും വച്ച് ഞാൻ എല്ലാവരോടും കെഞ്ചും, ട്യൂബിടണ്ട മൂക്കിൽക്കൂടി. ഞാനിനി ഛർദ്ദിക്കില്ല. ശരി ശരി എന്ന് തലകുലുക്കി നിൽക്കുന്നവരെ കണ്ട് സമാധാനത്തോടെ കണ്ണടയ്ക്കുന്ന ഞാൻ അടുത്തൊരു നിമിഷം കാണുക സക്ഷൻ ചെയ്ത് ഉള്ള് വൃത്തിയാക്കാൻ തയ്യാറെടുത്തു നിൽക്കുന്ന സന്നദ്ധസംഘത്തെയാണ്. (ഉള്ളിലെ ബ്ളഡ് സക്ഷൻ ചെയ്ത് കളഞ്ഞേ പറ്റൂ എന്ന് നിർബന്ധം പിടിക്കുന്നവരുടെ മുമ്പിൽ മൂക്കുപൊത്തി കമിഴ്ന്നു കിടന്ന് മൂക്കൊളിപ്പിച്ചു പിടിക്കുന്ന കലാപരിപാടിയിൽ വിദഗ്ധയായ ഒരു കുട്ടിയായിരുന്നു എന്നും ഞാൻ).

സീരിയസ് ആശുപത്രി പരിപാടികളോട് കുട്ടിക്കാലം മുതലേ യാതൊരു പേടിയുമില്ലാത്ത എനിയ്ക്ക് Ryle's Tube Insertion മഹാ പേടിയായിരുന്നു എന്നും
സീരിയസ് ആശുപത്രി പരിപാടികളോട് കുട്ടിക്കാലം മുതലേ യാതൊരു പേടിയുമില്ലാത്ത എനിയ്ക്ക് Ryle's Tube Insertion മഹാ പേടിയായിരുന്നു എന്നും

വലുതായി ജോലിക്കാരിയായിട്ടും Ryle's Tube വേണ്ട വേണ്ട എന്ന പറച്ചിലിൽ തന്നെയായിരുന്നു ആ കോട്ടയം അദ്ധ്യായത്തിലും ഞാൻ. അച്ഛന്റെ നിരന്തരമായ റെക്കമൻഡേഷനിൽ മനസ്സില്ലാമനസ്സോടെ ആശുപത്രിക്കാർ അത് സമ്മതിച്ചു ഒടുക്കമെങ്കിലും തിയറ്ററിൽ കയറ്റിയിട്ട് ഒരു മണിക്കൂറായിട്ടും ഒരു വിവരവും പുറത്തേക്കു കിട്ടാതെ വിഷമിച്ചുനിന്ന അച്ഛനോട് ഉള്ളു മുഴുവൻ ബ്ളഡാണ്, ഒന്നും കാണാൻ വയ്യ, അതു മുഴുവൻ വാഷ് ചെയ്യാൻ കുറച്ചൊന്നും പോരാ നേരം എന്നു ഇടയ്ക്കെപ്പോഴോ പുറത്തേക്കുവന്ന ഡോക്ടർ ദേഷ്യപ്പെട്ടു എന്ന് ഞാൻ പിന്നീടറിഞ്ഞു. അതിനിടെ എപ്പോഴോ ഡോക്ടർ തന്റെ വെള്ളക്കോട്ടിൽ രക്തം തെറിച്ചു, ഉടുപ്പു മാറ്റണം എന്നു പറഞ്ഞ് എന്റെ ഉള്ളിലേക്കിട്ട സ്​ക്ളീറോതെറാപ്പി ട്യൂബോടെ എന്നെ കിടത്തിയിട്ട് അടുത്തുള്ള ക്വാർട്ടേഴ്സിലേക്കു പോയി. വായ്ക്കുള്ളിലേക്കു കുത്തിക്കയറ്റിവച്ച മൗത് പീസുമായി വായടക്കാനാവാതെ, തൊണ്ടയറ്റത്തോളം കരച്ചിലുമായി ഞാനന്ന് കിടന്ന ഗതികെട്ട കിടപ്പ് ജീവനുള്ളിടത്തോളം കാലം ഞാൻ മറക്കില്ല. എനിയ്ക്കന്ന് ആ നിമിഷം ഒരിയ്ക്കലുമുണ്ടാകാതത്തുപോലെ ജീവിതം മടുത്തു. ഡോക്ടർമാരെ ജീവിതത്തിലാദ്യമായി ഞാൻ വെറുത്തു. അസുഖം ഭേദമായി വീണ്ടും ജോലിയിൽ പ്രവേശിച്ചിട്ടും ആ ഏട് ഉള്ളിൽ തളം കെട്ടി നിന്നു, എനിയ്ക്കൊന്നിലേക്കും എന്നെ ചേർത്തുനിർത്താനാവാതായി. ഞാൻ ലോങ് ലീവെടുത്തു. ബൊതീക് എന്ന ആശയത്തിലെ നിറങ്ങളിൽ കുളിച്ചാൽ ഞാൻ ശരിയാകും എന്ന തോന്നലും അതിനുള്ള ശ്രമങ്ങളുമായി പിന്നെ രണ്ടു വർഷം. ഞാൻ ചെക്കപ്പിനേ പോയില്ല, ഒരിടത്തേയ്ക്കും. അത്രയ്ക്കും മടുത്തുപോയിരുന്നു രോഗിക്കുപ്പായം.

അതിനിടെ, പതിമൂന്നു വർഷം ഊഷരഭൂമിയായി കിടന്ന എന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞനങ്ങി. കോട്ടയത്തെ പ്രശസ്​ത ഗൈനക്കോളജിസ്റ്റ് ഒരു മാസം നോക്കിയ ശേഷം പറഞ്ഞു, ഇവിടം പോര, അവസാനം എന്തെങ്കിലും പ്രശ്നമായാലോ? നല്ല ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഉള്ളയിടത്തുപോണം. കിളിരൂർ കേസിലെ ഗൈനക്കോളജിസ്റ്റായിരുന്ന ആ ഡോക്ടർ ഇനിയും ഒരു പ്രശ്നം ഏറ്റെടുക്കേണ്ട എന്ന മട്ടിൽ കൈയൊഴിഞ്ഞതുപോലെയാണ് തോന്നിയത്. ആകെ ചതഞ്ഞ് ഉത്സാഹം കെട്ട് ഞാനിരുന്നപ്പോൾ തിരുനക്കരെയുള്ള എന്റെ പ്രിയപ്പെട്ട ഡോക്ടർ ബാലചന്ദ്രൻ പറഞ്ഞു, ഡോക്ടർ വാലത്ത് ബാലകൃഷ്ണൻ എത്തിയിട്ടുണ്ട് അമൃതയിലെ ഗ്യാസ്ട്രോയിൽ. അങ്ങനെ ആദ്യമായി അമൃത ഹോസ്​പിറ്റലിെൻ്റ പടികയറി.

പ്രിയ. എ.എസ് അച്ഛൻ കെ.ആർ. സദാശിവൻ നായർ, അമ്മ ആനന്ദവല്ലി എന്നിവർക്കൊപ്പം.
പ്രിയ. എ.എസ് അച്ഛൻ കെ.ആർ. സദാശിവൻ നായർ, അമ്മ ആനന്ദവല്ലി എന്നിവർക്കൊപ്പം.

ഡോക്ടർക്കെന്നെ ഓർമ്മയുണ്ടായിരുന്നു, കേസ്​ഷീറ്റുകൾ കൂടാതെതന്നെ. ഡോക്ടർ കുറേ ടെസ്റ്റുകൾ നിർദ്ദേശിച്ചു. അദ്ദേഹം എന്റെ മുഖത്തു നോക്കുന്നേയില്ല എന്നു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ടെസ്റ്റ് റിപ്പോർട്ടുകൾ നോക്കിയശേഷം ഡോക്ടർ ചിരിച്ചുകൊണ്ട് എന്റെ കണ്ണിൽ നോക്കി ചോദിച്ചു; ‘‘You dont want to terminate, അല്ലേ?’’ എന്റെ കണ്ണ് തുളുമ്പാറായതു നോക്കി ഡോക്ടർ പറഞ്ഞു, ‘‘I know this is precious for you’’.

പിന്നെ ഡോക്ടർ എന്നെ ഗൈനക്കോളജിയിലെ ഡോക്ടർ രാജാമ്മാളുടെ അടുത്തേ ക്കയച്ചു. ഡോക്ടർ രാജാമ്മാളും എന്നെ അലിവോടെ ചേർത്തുനിർത്തി. ഞങ്ങൾ രണ്ട് ഏറ്റുമാനൂർക്കാരികളായും പരസ്​പരം തൊട്ടറിഞ്ഞു. കുഞ്ഞുണ്ണിയെ സിസേറിയൻ ചെയ്തെടുത്ത ശേഷമുള്ള ദിവസം രാവിലെ ഞാൻ നോക്കുമ്പോ ഡോക്ടർ രാജാമ്മാൾ, ഇതാരാ നോക്കൂ പ്രിയേ എന്നു പറഞ്ഞ്, കാർ പാർക്കിങ് ഏരിയയിൽ വച്ച് കൈയോടെ കൂട്ടിയ ഡോക്ടർ ബാലകൃഷ്ണനുമായി എന്റെ അടുത്തെത്തിനിൽക്കുന്നു. ആ നിമിഷത്തിന് ഇപ്പോഴുമെന്റെ മുമ്പിൽ എന്തു മിഴിവാണെന്നോ? രണ്ടു ദൈവങ്ങളെ ജീവനോടെ കാണുന്നതു പോലുണ്ടായിരുന്നു അത്.

കുഞ്ഞുണ്ണിയ്ക്ക് രണ്ടുവയസ്സായപ്പോൾ പിന്നെയുമെത്തി രക്തവിപ്ലവം. കൂടാതെ ഡീപ് വെയിൻ ത്രോബോസിസും ഹെപ്പറ്റെറ്റിസും സ്​പൈൻ റ്റിബിയും. അതിന്റെയൊക്കെ ഓർഡർ എനിയ്ക്കുതന്നെ തെറ്റിപ്പോവുന്നു ഇപ്പോഴോർത്തുനോക്കുമ്പോൾ.

ഒരിയ്ക്കൽ ഒരു അസുഖഏടിന് പരിഹാരം കാണാനാവാതെ വലഞ്ഞപ്പോൾ ഡോക്ടർ ബാലകൃഷ്ണൻ എന്റെ കട്ടിലിന്റെയോരത്തിരുന്ന് പറഞ്ഞു, ‘പ്രിയാ യു നോ ദാറ്റ് ദേർ ആർ റ്റൈംസ് വെൻ മെഡിക്കൽ സയൻസ് ഓൾ സോ ഈസ് ഹെൽപ്ലെസ്​.’

എന്റെ എല്ലാ പരിഭവവും പരാതിയും പുരികം ചുളിയ്ക്കലുകളും ആ ഏറ്റുപറച്ചിലിൽ അലിഞ്ഞുപോയി. മനുഷ്യരും ദൈവവും പോലും നിസ്സഹായരായ കാഴ്ചക്കാരാവുന്ന ചില ഇടങ്ങളുള്ള ഈ ജീവിതത്തിൽ മെഡിക്കൽ സയൻസിനും നിസ്സഹായത എന്ന തലയിലെഴുത്തിലേക്കു കയറിപ്പോകാം ചിലചില ഇടങ്ങളിൽ വച്ച് എന്ന് ഞാനാദ്യമായി സർവ്വാത്മനാ അംഗീകരിക്കുകയായിരുന്നു ആ നിമിഷം.

ഡോക്ടർ പിന്നെ A Passion Named Life, Fire in my Belly എന്നിങ്ങനെ ആത്മകഥാപരമായ രണ്ടു പുസ്​തകങ്ങൾ എഴുതി. ഒരിയ്ക്കൽ ഞാൻ കൺസൾട്ടിങ് റൂമിനു പുറത്തിരിക്കെ, വേറെ ഏതോ ഡോക്ടർ ആ ക്യാബിനിലേയ്ക്ക് പോകുന്നതു കണ്ടു. അടുത്തതായി ഞാൻ കയറി ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഫോറൻസിക്കിലെ ഡോക്ടർ ഉമാദത്തനാണ് വന്നത്. അദ്ദേഹത്തിന് എന്റെ Fire in my Belly ട്രാൻസ്ലേറ്റ് ചെയ്യണം എന്ന് ആഗ്രഹം. സത്യത്തിൽ പ്രിയയെയാണ് ഞാനതിന് കണ്ടുവച്ചിരുന്നത്. വിവർത്തനത്തിന് കിട്ടിയ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനേക്കാളും വലുതായിരുന്നു എനിയ്ക്കാ വാക്ക്. ഇപ്പോഴും ഞാനത് കൊണ്ടുനടക്കുന്നു കൂടെ.

സ്​പൈൻ റ്റി ബി കാലത്ത് ഞാൻ ന്യൂറോ വിങ്ങിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പല പല തവണ എന്റെ സ്വന്തം അസുഖവും പുതു അസുഖവും തമ്മിൽ മരുന്നുകളാൽ ക്ലാഷ് വന്ന് ഞാൻ ഹോസ്​പിറ്റലിലായി. അപ്പോഴേയ്ക്ക് എന്റെ ജീവിതത്തിലെ കൂട്ടും കൈ വിട്ടുപോയിരുന്നു. അച്ഛന്റെ പരിഭ്രാന്തമായ ഫോൺ വിളികൾ, ഡോക്ടർ ബാലകൃഷ്ണൻ വീട്ടിലിരുന്നും അറ്റൻഡ് ചെയ്തു. ബോധം മായലിലേക്ക് ഞാൻ താണുപോയിക്കൊണ്ടിരിക്കുന്ന വളരെ ക്രിട്ടിക്കലായ അവസ്​ഥയായപ്പോൾ ഹോസ്​പിറ്റലിൽ താൻ എത്താത്ത ദിവസമായിട്ടും ഫോണിലൂടെ കാര്യങ്ങൾ നിർദ്ദേശങ്ങളിലൂടെ നിയന്ത്രിച്ചു നിർത്തി എന്നെ വൈകീട്ടായപ്പോഴത്തേക്ക് ജീവനിലേക്ക് പിടിച്ചുകയറ്റി.

എന്നും ഗ്യാസ്ട്രോയിലെ ഒ പിയും റൗണ്ട്സും കഴിഞ്ഞ് ഡോക്ടറെന്നെ കാണാൻ ന്യൂറോ വിങ്ങിലേക്ക് വന്നു. അപ്പോഴേയ്ക്ക് മൂന്നു മണിയായിട്ടുണ്ടാവും. ഡോക്ടർ ഊണു കഴിച്ചിട്ടുണ്ടാവില്ല അന്നേരവും. എറണാകുളം നഗരത്തിലൂടെ വണ്ടി മരടിലെ വീട്ടിൽ എത്തണം. എന്നിട്ടാണ് ഊണ്. ആ ക്ഷീണത്തിനിടയിലും, പഴയ ചിരി തിരിച്ചെത്തിയല്ലോ എന്നു പറഞ്ഞ് എന്റെ ബെഡിൽ നീല ഷർട്ടുകാരനായി ഇരുന്ന ഇരിപ്പ് അത് എന്റെ കൂടെയുണ്ടാവും എന്നും. മരടിലെ ആ വീട്ടിൽ പോയിട്ടുണ്ട്. സരളയാൻ്റിയെയും മകൻ സന്ദീപനെയും കൊച്ചുമകനെയും ഒക്കെ കണ്ട് സംസാരിച്ചിട്ടുണ്ട്. മകൾ വിജയ എന്നെ പോലെ പ്രൊഫ. മധുകർ റാവു സാറിന്റെ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയായിരുന്നു.

രണ്ടാമതും പോയി, അന്നു പോയത് നിശ്ചലമായ ആ രൂപത്തിനോട് യാത്ര പറയാൻ. ഒരിയ്ക്കൽ ഒരു ചെക്കപ്പ് വേളയിൽ ഡോക്ടറെന്നോട് പറഞ്ഞു, ഞാൻ ലിവറിന്റെ സ്​പെഷ്യലിസ്റ്റ് ആയ ഡോക്ടർ ഹരിയെ ഏൽപ്പിയ്ക്കാൻ പോവുകയാണ് പ്രിയയെ. ഞാൻ പെട്ടെന്ന് സ്‍തബ്ധയായി. ഡോക്ടർ എന്നെ കൈയൊഴിയുകയാണ്, ഇനിയും ഒരു പുതു ഡോക്ടറുടെ കൈകാര്യം ചെയ്യലുകളിലൂടെ കയറിയിറങ്ങാൻ വയ്യ എനിയ്ക്ക് എന്ന് ഞാൻ ഉള്ളാലെ വിങ്ങിപ്പൊട്ടി. ഡോക്ടറുടെ ഫോൺ വിളിയെ തുടർന്ന് വാതിൽ തുറന്നു കയറിയ ആ പ്രസരിപ്പുകാരനെ കണ്ടതും എന്റെ ഉള്ള് തണുത്തു. ആ ഡോക്ടർ ഹരികുമാർ ആർ. നായർ പിന്നെ, പുതുശ്ശേരി രാമചന്ദ്രൻ എന്റെ പേരപ്പനാണ് എന്നു പറഞ്ഞ്, എൻഡോസ്​ക്കോപ്പി വേളയിൽ മുരുകൻ കാട്ടാക്കടയുടെ ‘രേണുക’ ചൊല്ലിത്തന്ന് എന്റെ അസുഖങ്ങളെയും എന്റെ എഴുത്തിനെയും ഒരുപോലെ തൊട്ടു.

പോകുന്നതിനും മുമ്പ് ഡോക്ടർ ഹരികുമാറിനെ എന്നെയേൽപ്പിച്ചിരുന്നില്ല എങ്കിൽ ഞാനെന്തുചെയ്തേനെ എന്ന് ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്. ഇപ്പോ ഡോക്ടർ ഹരികുമാർ മാറിപ്പോകുന്ന ആശുപത്രികളിലേയ്ക്ക് ഞാനും പുറകേ പോകുന്നു. കഴിഞ്ഞമാസം വയറിന്റെ അൾട്രാസൗണ്ട് സ്​കാൻ ചെയ്യാനായി അമൃതയിൽ ചെന്നപ്പോൾ ജെൽ പുരട്ടാനെത്തിയ ടെക്നീഷ്യൻ പെട്ടെന്ന് എന്റെ മുഖത്തേക്കുറ്റു നോക്കി ചോദിച്ചു, ‘ഡോക്ടർ ബാലകൃഷ്ണൻ്റടുത്ത് സ്​ഥിരമായി വന്നിരുന്നയാളല്ലേ?‘ ഞാൻ തലയാട്ടി. അവർ മാസ്​ക്കെടുത്തു മാറ്റിയപ്പോൾ ഞാനവരെ തിരിച്ചറിഞ്ഞു. അവർ ചുറ്റുമുള്ള റേഡിയോളജിസ്റ്റുകളോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു ഡോക്ടർ ബാലകൃഷ്ണനുള്ളപ്പോൾ സ്​ഥിരമായി അവിടെ വന്നിരുന്നയാളാണ്. ഞാനവിടെയാണല്ലോ നിന്നിരുന്നത്. പുതിയ പല ഡോക്ടർമാരും ഡോക്ടർ ബാലകൃഷ്ണനോ, എന്ന മട്ടിൽ നിന്നു.

എം.ജി യൂണിവേഴ്സിറ്റിക്കാരിയും ഏറ്റുമാനൂർക്കാരിയുമായി മാറിയ ശേഷം ചോപ്പാക്രമണം ഇല്ലാത്ത നീണ്ട ഇടവേളയായിരുന്നു പിന്നീട്. കാലക്രമേണ അസുഖത്തിന്റെ ഫ്രീക്വൻസി കുറഞ്ഞുവരും എന്ന ഡോക്ടേഴ്സിന്റെ അനുമാനം സത്യമാവുകയാണെന്നു ഒരാശ്വാസം തോന്നി.
എം.ജി യൂണിവേഴ്സിറ്റിക്കാരിയും ഏറ്റുമാനൂർക്കാരിയുമായി മാറിയ ശേഷം ചോപ്പാക്രമണം ഇല്ലാത്ത നീണ്ട ഇടവേളയായിരുന്നു പിന്നീട്. കാലക്രമേണ അസുഖത്തിന്റെ ഫ്രീക്വൻസി കുറഞ്ഞുവരും എന്ന ഡോക്ടേഴ്സിന്റെ അനുമാനം സത്യമാവുകയാണെന്നു ഒരാശ്വാസം തോന്നി.

എത്ര വലിയ നല്ല ഡോക്ടറായാലും ഡോക്ടർമാരുടെ നിലനിൽപ്പിനുമിത്രയേ ആയുസ്സുള്ളോ എന്ന് എനിയ്ക്കൊരാന്തൽ വന്നു. ഗ്യാസ്ട്രോ എൻ്ററോളജിയിൽ DM നേടിയ ആദ്യ ഇൻഡ്യൻ ഡോക്ടർമാരിലൊരാളാണെന്നതോ ഇൻഡ്യൻ ആർമിയിൽ മെഡിക്കൽ വിഭാഗത്തിൽ മേജറായിരുന്നതോ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായെത്തി പിന്നെ തന്റെ നേതൃത്വത്തിൽ അവിടെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തുടങ്ങിയെന്നതോ രാജ്യത്തെ മികച്ച ഡോക്ടർക്കുള്ള ബി സി റോയ് അവാർഡ് ലഭിച്ചെന്നുള്ളതോ എല്ലാം കാലം മറന്നേക്കാം, പക്ഷേ ഞാൻ എന്ന രോഗിയുടെ ഉള്ളിലൂറുന്ന സ്​നേഹവും ബഹുമാനവും എങ്ങനെ മായാൻ എന്ന് പിന്നെ മെല്ലെ ഞാനെന്നത്തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.

ഡോക്ടറുടെ ആ രണ്ടു പുസ്​തകവും ഞാൻ, കൈ നീട്ടിയാൽ തൊടാവുന്ന അടുത്തു വച്ചിട്ടുണ്ട്. A Passion Named Life എന്നെനിയ്ക്കു പറഞ്ഞു തന്നത് ഡോക്ടറും കൂടിയല്ലേ? ഇപ്പോഴും ഡോക്ടർ എന്റെ FB Friend ആണ്.

ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയുക, എന്റെ ജീവൻമശായിയെ കുറിച്ച്?

‘IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Article written by Priya S in the March 2025 issue of IMA's publication 'Nammude arogyam'


പ്രിയ എ.എസ്

കഥാകാരി, വിവർത്തക. ഓരോരോ തിരിവുകൾ, പ്രിയ എ.എസിന്റെ കഥകൾ, മഞ്ഞമരങ്ങൾ ചുറ്റിലും, ജാഗരൂക, വയലറ്റ് പൂച്ചകൾക്ക് ശൂ വെക്കാൻ തോന്നുമ്പോൾ എന്നിവ പ്രധാന കഥാ സമാഹാരങ്ങൾ. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ (അരുന്ധതി റോയ്), ജന്മാന്തര വാഗ്ദാനങ്ങൾ (ജയശ്രീ മിശ്ര) എന്നിവ വിവർത്തന കൃതികൾ.

Comments