പ്രൊഫ. ടി. ശോഭീന്ദ്രൻ

മൊളക്കാൽമുരുവെന്ന പാഠപുസ്തകം

അധ്യായം ഒന്ന്

മൊളക്കാൽമുരു എന്റെ ജീവിതത്തിലെ ഒരു പാഠപുസ്തകമായിരുന്നു. അനുഭവങ്ങൾകൊണ്ട് സഫലവും ഓർമ്മകൾകൊണ്ട് ഹരിതാഭവുമായ ഒരിടം. ഡെക്കാൻപീഠഭൂമിയുടെ ഭാഗമായ ഉഷ്ണമേഖലാ ഭൂപ്രദേശം. കർണാടകത്തിനും ആന്ധ്രാപ്രദേശിനുമിടയിൽ അതിർത്തി പങ്കിടുന്ന മിശ്രസംസ്‌കാരത്തിന്റെ ഭൂമിക. മൗര്യരും കടമ്പരും വിജയനഗരരും കുന്തളദേശരും അടക്കം അനേകരാജവംശങ്ങൾ കഥകളുഴിതിട്ട നാട്. കന്നടയും തെലുങ്കും ഉർദുവും ഹിന്ദിയും ഇടകലർന്ന നാട്ടുമൊഴി വഴക്കങ്ങൾ. മുത്താറിയും നെല്ലും നിലക്കടലയും വിളയുന്ന പാടങ്ങൾ. ഉരുളക്കിഴങ്ങ് രൂപത്തിലുള്ള കൂറ്റൻ ഉരുളൻകല്ലുകളുടെ മലവാരങ്ങൾ. ഇളനീരിന്റെ മധുരപാകമനസ്സുള്ള മനുഷ്യർ. ഇതായിരുന്നു നാലുപതിറ്റാണ്ടുകൾക്കു മുമ്പ് ഞാൻ ജീവിച്ച മൊളക്കാൽ മുരു.

മൊളക്കാൽമുരു എനിക്ക് തന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളായിരുന്നു. ഇന്നലെകളിലേക്ക് പരതിനോക്കുമ്പോൾ പരലുകൾപോലെ പ്രിയപ്പെട്ടതൊക്കെയും ഓർമ്മയുടെ കൈവെള്ളയിൽക്കിടന്ന് ജീവനോടെ പിടയ്ക്കുന്നു. നാൽപത്തെട്ടു വർഷങ്ങൾക്കുശേഷം എന്റെ എഴുപത്തി മൂന്നാമത്തെ വയസ്സിൽ ഞാൻ ആ ഓർമ്മകളിലേക്ക് ഒരു നിയോഗംപോലെ തിരിച്ചുപോകുകയും അക്ഷരരൂപത്തിൽ അതിൽനിന്ന് ഒരു ജീവിതപുസ്തകം തുറന്നുവയ്ക്കുകയും ചെയ്യുന്നു.
മൊളക്കാൽമുരു തന്ന വിവിധങ്ങളായ അനുഭവങ്ങളാണ് ഒരു പച്ചമനുഷ്യനായി ജീവിക്കാനുള്ള എല്ലാവിധ പ്രചോദനങ്ങളും എനിക്ക് തന്നത്. 32 വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ പ്രകാശ എന്ന ഒരു മനുഷ്യന്റെ ആത്മസൗഹൃദത്തിന്റെ ശീതളഛായയിൽ നിന്നാണ് ഞാൻ മൊളക്കാൽമുരു എന്ന ഗ്രാമത്തെ സ്നേഹിച്ചു തുടങ്ങിയത്. അവിടെയുണ്ടായിരുന്ന ഓരോരുത്തരും ഇതേപോലെ എന്നെ അവരോടൊപ്പം ചേർത്തുനിർത്തി സ്നേഹം പകർന്നുതന്നു. അവിടത്തെ ആകാശവും ഭൂമിയും ഇവിടത്തെപ്പോലെ സുന്ദരവും സുഖദവും ആയിരുന്നില്ല. എങ്കിലും അവിടത്തെ മനുഷ്യരിൽ അതൊക്കെയും വേണ്ടതിലും അധികമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ, നാട്ടുകാരായ സുഹൃത്തുക്കൾ എല്ലാറ്റിനും അപ്പുറം എന്നെ ഭാഷയിലൂടെയും ജീവിതത്തിലൂടെയും വഴിനടത്തിച്ച എന്റെ പ്രിയ വിദ്യാർത്ഥികൾ. എല്ലാവരെയും ഞാൻ ഓർക്കുന്നു. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അത്രമാത്രം പ്രിയത്തോടെ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു.

മൊളക്കാൽമുരു റയിൽവേ സ്‌റ്റേഷൻ

വിദ്യാർത്ഥികൾ വളർത്തിയെടുത്ത അധ്യാപകനാണ് ഞാൻ എന്ന് അഭിമാനത്തോടെ എന്നും ഞാൻ ഓർക്കാറുണ്ട്. എവിടെയായിരുന്നാലും അവരെന്റെ കൂടെയുണ്ടായിരുന്നു. ഞാൻ അവരെ കേട്ടിരുന്നു. അവരോടൊപ്പം നടന്നിരുന്നു. പഠിപ്പിച്ചിരുന്നു. സ്നേഹിച്ചിരുന്നു. ഇതിനേക്കാൾ എത്രയോ കൂടിയ അളവിൽ കുട്ടികൾ ഇതൊക്കെയും എനിക്ക് തിരിച്ചു തരികയും ചെയ്തിരുന്നു. എന്നെ കന്നടപറയാനും എഴുതാനും പഠിപ്പിച്ചത് അവരായിരുന്നു. കന്നടനാടകത്തിൽ അഭിനയിക്കാനും നാട്ടിലെ പ്രസംഗവേദിയിൽ തലയുയർത്തിനിന്ന് കന്നടയിൽ പ്രസംഗിക്കാനും എന്നെ പ്രാപ്തനാക്കിയതും അവരായിരുന്നു.
ക്ലാസ് മുറികളിൽ സിലബസ് പഠിപ്പിക്കുന്ന ഒരധ്യാപകൻ മാത്രമായി മാറാതിരിക്കാനുള്ള ആദ്യവഴികാട്ടികൾ മൊളക്കാൽമുരുവിലെ എന്റെ കുട്ടികളായിരുന്നു. അവർ എന്റെ കൂടെ വരികയും ഞാൻ അവരുടെ കൂടെപ്പോവുകയും ചെയ്തു. അധ്യാപകനും വിദ്യാർത്ഥിയും വിരുദ്ധധ്രുവങ്ങളിലൂടെ സഞ്ചരിക്കേണ്ടവരല്ല; മറിച്ച് പരസ്പരം വഴികാട്ടികളായിത്തീർന്ന് ജീവിതത്തെയും അതിന്റെ ലക്ഷ്യത്തെയും പിന്തുടരേണ്ടവരാണ്.
ജീവിതം ഒരിക്കലും ക്ലാസു മുറികളിലല്ല. ഇക്കാര്യം ഞാൻ എന്നും കുട്ടികളോട് പറയാറുണ്ട്. ക്ലാസ് മുറിയിലെ ഇത്തിരിവട്ടത്തിൽനിന്ന് പ്രപഞ്ചത്തോളം വളരാനുള്ള ഒരു കാഴ്ചയും കാഴ്ചപ്പാടുമാണ് കുട്ടികൾക്ക് കിട്ടേണ്ടത്. ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് മാത്രമേ അത് സാധ്യമാവുകയുള്ളൂ. മൊളക്കാൽമുരുവിലെ കുട്ടികളെ ഞാൻ ഓർക്കുന്നതും ഒരുപക്ഷെ അവരെന്നെ ഓർക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണമാകുന്നതും ഞങ്ങൾ പരസ്പരം നൽകിയ അനുഭവവും ആത്മവിശ്വാസവും അത്രവലുതായതുകൊണ്ടു മാത്രമാണ്. അവരൊക്കെയും ഇന്ന് അറുപതു കഴിഞ്ഞവരാണ്. എങ്കിലും എന്റെ ഓർമ്മയിൽ അവർക്കിന്നും വയസ്സ് പതിനാറും പതിനേഴും തന്നെയാണ്. ഒരു പക്ഷെ അവരെന്നെ ഓർക്കുന്നുണ്ടെങ്കിൽ എനിക്കന്ന് വെറും 27 വയസ്സ് മാത്രമേയുള്ളൂ.

1972 മുതൽ 75 വരെയാണ് ഒരു അധ്യാപകൻ എന്ന നിലയിൽ മൊളക്കാൽമുരു ഗവ.ജൂനിയർ കോളെജിൽ ഞാൻ ജോലിചെയ്തത്. 1975 നവംബറോടു കൂടി ഞാൻ ആ ഗ്രാമത്തോടും അവർ തന്ന സ്നേഹത്തോടും യാത്ര പറഞ്ഞ് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളെജിൽ വന്നു ചേർന്നു. അത് ജീവിതത്തിന്റെ മറ്റൊരധ്യായമാണ്. ഇവിടെയുള്ള എന്റെ ജീവിതത്തെപ്പറ്റി കുറച്ചുപേർക്കെങ്കിലും അറിയാമായിരിക്കും. ഗുരുവായൂരപ്പൻ കോളെജിലെ ഇരുപത്തിയാറ് വർഷക്കാലത്തെ അധ്യാപകജീവിതവും 2002 ഓടെ കടന്നുപോയി. എങ്കിലും ഇവിടത്തെ എന്റെ ജീവിതത്തിന്റെ അധികമാരും അറിയാതിരുന്ന ഒരു ആമുഖമായിരുന്നു മൊളക്കാൽമുരുവിലെ എന്റെ രാപ്പകലുകൾ.
മൊളക്കാൽമുരു തന്ന ഓർമ്മകളുടെ ജലാശയം മനസ്സിലുണ്ട്. അതു മസ്സിൽനിന്ന് മാഞ്ഞുപോകുന്നതിന് മുമ്പ് അത്രയേറെ പ്രിയത്തോടെ ഞാനതിൽനിന്നും ഇത്തിരിയെങ്കിലും കോരിയെടുക്കുകയും വായനക്കാർക്ക് പകർന്നുതരികയും ചെയ്യുന്നു. സ്ഫടികസമാനമായ ഈ ഒർമ്മകളുടെ ജലാശയത്തിൽ എന്റെ ജീവിതത്തിന്റെ ആകാശവും ഭൂമിയുമുണ്ട്. ഞാൻ കണ്ട രാത്രികളും പകലുകളുമുണ്ട്. പ്രതീക്ഷയുടെ നക്ഷത്രങ്ങളും വേദനകളുടെ അമാവാസികളുമുണ്ട്. ഇതെല്ലാം കൂടിച്ചേരുന്ന ജീവിതത്തിന്റെ ഒരു അക്ഷരക്കൈമാറ്റമാണ് ഈ പുസ്തകം. സിലബസിനു പുറത്ത് ജീവിച്ച ഒരു അധ്യാപകജീവിതത്തിന്റെ ആത്മരേഖകൾ. എല്ലാം കഴിയുമ്പോൾ ജീവിതമെന്നത് കേവലം ഓർമ്മകൾ മാത്രമായിത്തീരുന്നു. ഓർമ്മകൾക്കും ഓർമ്മയിൽ ജീവിക്കുന്നവർക്കും ഓർമ്മകൾ തന്ന കാലത്തിനും നന്ദി.

അപരിചിതരുടെ കൂടാരങ്ങൾ

മൊളക്കാൽമുരുവിൽ ബസ്സെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. കണ്ടക്ടർ തട്ടിവിളിച്ചിട്ട് പറഞ്ഞു.മൊളക്കാൽമുരു ബന്താകിതേ. ഇല്ലി ഇളിദു കൊൾലി (മൊളക്കാൽമുരു എത്തി. ഇവിടെ ഇറങ്ങിക്കോളൂ)
ഞാൻ ധൃതിയിൽ ബസ്സിൽ നിന്നിറങ്ങി.
അത് മൊളക്കാൽമുരു ബസ്സ്റ്റാൻഡായിരുന്നു. വളരെ ചെറിയ ഒരു ബസ്സ്റ്റാൻഡ്. പാറക്കല്ലുകൾ ഉരുട്ടിവച്ചതുപോലുള്ള ചെറുകുന്നുകളാണ് ചുറ്റിലും. അസ്തമനത്തിന്റെ ചുകപ്പും രാത്രിയുടെ കറുപ്പും ഇടകലർന്ന വെളിച്ചം പാറക്കല്ലുകളുടെമേൽ പൊതിഞ്ഞിരുന്നു. വിട്ടുമാറാത്ത ഉഷ്ണം കാറ്റിനോപ്പം വന്ന് അപ്പോഴും എന്നെ തൊട്ടുരുമ്മുന്നുണ്ടായിരുന്നു.
കണ്ടക്ടർ ബസ്സിൽ നിന്ന് രണ്ടു മൂന്ന് തവണ ചിത്രദുർഗ്ഗ എന്ന സ്ഥലപ്പേര് വിളിച്ചു പറഞ്ഞു. മൊളക്കാൽമുരു ഗ്രാമത്തിന്റെ ജില്ലാ ആസ്ഥാനമാണ് ചിത്രദുർഗ. മണലൂതി പറപ്പിച്ചുകൊണ്ട് സന്ധ്യയോടൊപ്പം അടുത്ത ഒരു ദൂരത്തിലേക്ക് ബസ് യാത്രയായി.

അവിടെ രണ്ടു മൂന്ന് ചെറിയ കടകളുണ്ടായിരുന്നു.

മൊളക്കാൽമുരു ഗ്രാമത്തിലെ കുന്നിൻ പുറം

ഞാൻ അടുത്തുള്ള കടയിലേക്ക് ചെന്നു ചോദിച്ചു.മൊളക്കാൽമുരു ഗവ. ജൂനിയർ കോളെജ് എല്ലിദേ ?
മലയാളവും കന്നടവും കൂടിക്കലർന്ന എന്റേതായ ഭാഷയിലാണ് ഞാനയാളോട് സംസാരിച്ചത്. ഉടനെത്തന്നെ അയാൾ കൈകൊട്ടിക്കൊണ്ട് ഉച്ചത്തിൽ ഒരാളെ വിളിച്ചു.ചന്ദ്രണ്ണ, ഒബ്രു നിമ്മ കാളെജിക്കെ ധാരി കേൾത്തായിദ്ദാരെ. തോർസിക്കൊടീ. (ചന്ദ്രണ്ണാ, ഒരാൾ നിങ്ങളുടെ കോളെജിലേക്ക് വഴിചോദിക്കുന്നു. കാട്ടിക്കൊടുക്കൂ)
ഒരാൾ ചിരിച്ചുകൊണ്ടു അടുത്തേക്ക് വന്നു. വിനയത്തോടെ ചോദിച്ചു.എല്ലിന്താ, ഏനു വിഷയ സ്വാമി ?
ഞാൻ എനിക്ക് സാധ്യമായ ഒരു ഭാഷയിൽ പറഞ്ഞു. എനിക്ക് ഗവ. ജൂനിയർ കോളെജിലേക്ക് പോകണം. വഴിയറിയില്ല.ഈ ടൈമിക്കേ, യാക്കേ ഹോഗുത്തീരാ ?
(ഈ നേരത്തിലോ ? എന്തിന് പോകുന്നു ?)
ഈ സമയത്ത് അവിടെ ആരും ഉണ്ടാവില്ല. നിങ്ങൾ നാളെ വരൂ എന്നു പറഞ്ഞ് അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഞാൻ അയാളുടെ പേര് ഉറക്കെ വിളിച്ചു.
അയാളൊന്നു നിന്നു.

ഞാൻ പറഞ്ഞു: ഞാൻ കേരളത്തിൽനിന്നും വരുന്നു. കോളെജിൽ ലക്ചററായി ജോലികിട്ടിയത് ഇവിടെയാണ്. കോളെജ് ഒന്ന് കാണാൻവേണ്ടി വന്നതാണ്.
അയാൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി. അരികിലേക്ക് വന്ന് എന്റെ കൈപിടിച്ച് വന്ദിച്ചുകൊണ്ട് പറഞ്ഞു.ഞാൻ കോളെജിലെ പ്യൂണാണ് സാർ. എന്റെ കൂടെ വരൂ. കോളെജ് ഇവിടെ അടുത്താണ്. നമുക്കങ്ങോട്ട് പോകാം.
അയാൾ കടക്കാരനോട് വിളിച്ചു പറഞ്ഞു. ഇത് കേരളത്തിൽ നിന്ന് നമ്മുടെ കോളെജിൽ ചേരാൻ വന്ന മേഷാണ്. കടക്കാരൻ എന്റെ നേർക്ക് ചിരിച്ചുകൊണ്ടു ഒന്നു തൊഴുതു നിന്നു.കുടിയക്കേ ഏനു ബേക്കു സ്വാമി ? (കുടിക്കാൻ എന്ത് വേണം സാർ) അയാൾ ചോദിച്ചു.
ചന്ദ്രണ്ണയാണ് മറുപടി പറഞ്ഞത്.സിദ്ധയ്യാ നീവു എരഡു ഗ്ലാസ് ചായ കൊടീ
(നിങ്ങൾ രണ്ട് ഗ്ലാസ് ചായ എടുക്ക്)
ഞങ്ങൾ അവിടെയിരുന്ന് ഒന്നിച്ച് ചായ കുടിച്ചു.
ആ ചെറിയ പെട്ടിക്കടയിൽ വാഴപ്പഴം തുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഒന്നു രണ്ടെണ്ണം കഴിച്ചു. പൈസ എടുത്തു ഞാൻ അയാൾക്ക് നേരെ നീട്ടി. പക്ഷെ അയാളത് വാങ്ങിയില്ല.പർവാകില്ല സാർ, ഇതു നന്ന കടെ (സാരമില്ല സാർ ഇത് എന്റെ കട) എന്ന് പറഞ്ഞുകൊണ്ട് അയാൾ മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടി ചിരിച്ചു നിന്നു. ഇവിടെ വന്ന് ആദ്യമായി ഒന്നു മിണ്ടിയ ആ മനുഷ്യനു നേരെ ഒരു ചിരി മാത്രം പകരം കൊടുത്തുകൊണ്ട് ഞാൻ ചന്ദ്രണ്ണയുടെ കൂടെ നടന്നു.
ചന്ദ്രണ്ണയോട് ഞാൻ ചോദിച്ചു.

എനിക്ക് ഇന്നുതന്നെ ബാംഗ്ലൂർക്ക് മടങ്ങണം.എത്രമണിക്കാ ലാസ്റ്റ് ബസ് ?
ചന്ദ്രണ്ണ പറഞ്ഞുമേഷെ ഇന്നിനി ബസ്സില്ല. മേഷ് ഇന്നിവിടെ താമസിച്ച് നാളെ രാവിലത്തെ ബസ്സിന് പോയാൽ മതി.
താമസത്തെക്കുറിച്ച് ഞാൻ ആലോചിക്കുകപോലും ചെയ്തിട്ടില്ല. അതിനുളള ഒരു ഒരുക്കവും നടത്തിയിട്ടുമില്ല. ഈ രാത്രിയിൽ ഞാനെങ്ങനെ കഴിച്ചു കൂട്ടും. എവിടെ കിടക്കും ? ഇതായിരുന്നു മനസ്സിൽ ആദ്യം വന്ന ചിന്ത. മണലും കല്ലും കുടിക്കലർന്ന വഴിത്താരകളിലൂടെ ഞങ്ങൾ നടന്നു. കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഒരൊറ്റനില കെട്ടിടത്തിലേക്ക് യാത്ര അവസാനിച്ചു. സ്‌കൂൾപോലെ ഒറ്റനിരയിൽ കുറെ ക്ലാസ് മുറികൾ. മുറ്റത്ത് മെല്ലിച്ച് കുറച്ച് ചെറുമരങ്ങൾ. മുറ്റത്ത് വിരിച്ചിട്ട മണൽപ്പരപ്പിൽ അനേകമനേകം കാൽക്കുഴികൾ. ചന്ദ്രണ്ണ ഒരു മുറിയുടെ മുന്നിൽ ചെന്ന് മുട്ടി വിളിച്ചു. ഒരാൾ അതിൽ നിന്ന് പുറത്തേക്ക് വന്നു.
ചന്ദ്രണ്ണ പറഞ്ഞു.

മൊളക്കാൽമുരു ഗവ. ജൂനിയർ കോളേജ്​

കേരളത്തിൽ നിന്ന് വന്ന മേഷാ. നമ്മുടെ കോളെജിൽ ചേരാൻ.
അയാൾ എനിക്ക് നേരെ കൈകൂപ്പി.
ഞാനും അപ്രകാരം തന്നെ ചെയ്തു.
അയാൾ പറഞ്ഞു. ഞാൻ കോളെജിലെ ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനാണ്. പേര് ബസവരാജ.
ഞങ്ങൾ പരസ്പരം ചിരിച്ചുകൊണ്ട് കൈകൊടുത്തു.
ചന്ദ്രണ്ണ തിരിച്ചുപോയി.

എനിക്ക് ഇന്ന് തിരിച്ചുപോകാൻ കഴിയില്ല. അതുകൊണ്ടുമാത്രം ബസവരാജയുടെ മുറിയിൽ ഞാൻ ഈ രാത്രിയോടൊപ്പം ബന്ധിക്കപ്പെട്ടിരിക്കുന്നു.
കന്നട അറിയാത്തതുകൊണ്ട് ഞാൻ ബസവരാജയോട് ഇംഗ്ലീഷിലാണ് സംസാരിച്ചു തുടങ്ങിയത്. പക്ഷെ അയാളുടെ മറുപടി ഹിന്ദിയിലായിരുന്നു. ഞാൻ ഗ്രാമത്തെക്കുറിച്ചും കോളെജിനെക്കുറിച്ചും പലതും ചോദിച്ചു. അദ്ദേഹം വിശദമായിത്തന്നെ പലതും പറഞ്ഞു. ഓരോ സംഭാഷണത്തിനിടയിലും അയാൾ എന്നെ ഓർമ്മിപ്പിച്ചു.മേഷ് ബാംഗ്ലൂരിലെ വലിയ കോളെജിൽ പഠിപ്പിക്കുന്നു. അവിടത്തെ സൗകര്യങ്ങളൊന്നും ഇവിടെ ഇല്ല. ഇതൊരു വെറും ജൂനിയർ കോളെജാണ്.
ബസവരാജ പറഞ്ഞത് ശരിയായിരുന്നു. ബാംഗ്ലൂരിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. അമ്മാവന്റെ കൂടെ താമസിക്കാം. പരിചയക്കാരും സുഹൃത്തുക്കളും എല്ലാം അവിടെയുണ്ട്. നാട്ടിൽ നിന്ന് ബാംഗ്ലൂരിലെത്തിയപ്പോൾ നാടുവിട്ടതിന്റെ വ്യത്യാസംപോലും ഞാനറിഞ്ഞിട്ടില്ല. ബാംഗ്ലൂർ എന്റെ നാടുപോലെതന്നെ എന്നോട് അടുത്തു നിൽക്കുന്നു.
രണ്ടു ബെഞ്ചുകൾ കൂട്ടിചേർത്തു വച്ചാണ് മാഷ് കിടക്കുന്നത്.
എനിക്ക് കിടക്കാൻ ചുരുട്ടിവച്ച ഒരു പായ എടുത്തു തന്നു.
ബസവരാജ പത്തു മണിയോടെ കിടന്നു.
എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
ബാംഗ്ലൂരിലെ ഏറ്റവും സമ്പന്നമായ ഗോകുല ഏരിയയിലെ അമ്മാവന്റെ അപ്പാർട്ടുമെന്റിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ചകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വെളിച്ചം അറ്റുകിടക്കുന്ന രാത്രി. ഇലയനക്കം പോലുമില്ലാത്ത ശൂന്യമായൊരു രാത്രി കൺമുന്നിൽ നിവർന്നു കിടക്കുന്നു.
ബസവരാജ പറഞ്ഞത് ഞാനോർത്തു.
എന്തിനാണ് ഇത്രയും ദൂരം താണ്ടി ആന്ധ്രാപ്രദേശിനോട് അതിരുപങ്കിടുന്ന ഈ കുഗ്രാമത്തിൽ വന്നുചേർന്നത് ?
ഞാനും അതുതന്നെ ആവർത്തിക്കുന്നു.
ഇവിടെ വന്നത് എന്തിനാണ് ? ആരെക്കാണാനാണ് ?
എല്ലാവരും അത്രയധികം സ്നേഹത്തോടെ വിലക്കിയിട്ടും ഇവിടെവരെ വന്നു കാണണമെന്ന് തോന്നിയത് എന്തുകൊണ്ടായിരിക്കും ? സമാധാനം തരുന്ന ഉത്തരങ്ങളൊന്നും മനസ്സിൽ തോന്നുന്നില്ല. തോന്നലുകൾ, അതാണ് ; അതുമാത്രമാണ് പലപ്പോഴും ജീവിതത്തെ പലവഴികളിലൂടെയും നയിച്ചുകൊണ്ടിരിക്കുന്നത്.

കണ്ണടയ്ക്കാൻ തോന്നുന്നില്ല. ഉറക്കം വരുന്നുമില്ല. ഞാൻ വാതിൽ തുറന്ന് കോളെജ് വരാന്തയിൽ വന്നിരുന്നു. ഒരു ബൾബു മാത്രം മഞ്ഞവെളിച്ചത്തിൽ പുഞ്ചിരിച്ചു നിൽക്കുന്നു. പരിപൂർണ്ണമായ നിശബ്ദത. കാറ്റിന് ഇപ്പോൾ ഇത്തിരി തണുപ്പുരസം. കൈയിലെ മണൽത്തരികൾ തട്ടിമാറ്റിക്കൊണ്ട് ഞാൻ മുറ്റത്തെ മണലിലേക്ക് ഇറങ്ങി നടന്നു.
ആകാശത്ത് നക്ഷത്രങ്ങളുണ്ടായിരുന്നു. വായിക്കാനാവാത്ത ഏതോ ഭാഷയിലെഴുതിയ അക്ഷരങ്ങൾ പോലെ ചിതറിയ പല വെളിച്ചങ്ങളായി നക്ഷത്രങ്ങൾ താഴോട്ടു നോക്കി നിൽക്കുന്നു. ചെറുപ്പം തൊട്ടേ കാണുന്ന പരിചിതമായ ആകാശം തൊട്ടടുത്തുണ്ട്. എന്നിട്ടും ഞാനെത്തിച്ചേർന്ന ഈ ഭൂമി മാത്രം എനിക്കെന്താണ് ഇത്രമാത്രം അപരിചിതമായി തോന്നുന്നത് ?
സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. മുറിയിൽ ചെന്നു കിടക്കുമ്പോൾ അമ്മാവൻ പറഞ്ഞത് ഞാനോർത്തു. മുത്താറിയുണ്ടകൾ തിന്നുതുടങ്ങുമ്പോൾ നീ താനെ ഇവിടെത്തന്നെ തിരിച്ചു വരും.
ഞാൻ മനസ്സിൽ സങ്കൽപിച്ചു. ദൈവമേ മുത്താറിയുണ്ടകൾ എങ്ങനെയിരിക്കും. ജയിലിലെ ഗോതമ്പുണ്ടകൾ പോലെ ഒരു തടവു പുള്ളിയുടെ ജീവപര്യന്തത്തിന്റെ രുചിയായിരുക്കുമോ അതിന് ?
നാളത്തെ പ്രഭാതം എനിക്ക് തിരിച്ചുപോകാനുള്ളതാണ്.
ബാംഗ്ലൂരിലെ ചങ്ങാത്തങ്ങളിൽ പഴയതുപോലെ മുഴുകിച്ചേരുന്ന രാപ്പകലുകളെക്കുറിച്ച് ഞാനോർത്തു. എന്റെ ശിഷ്യനായ തിമ്മയ്യയെക്കുറിച്ചും. സ്റ്റാഫ് റൂമിന്റെ വാതിൽ പടിയും പിടിച്ചു തന്നെ കാത്തിരിക്കുന്ന ഒരു നിഷ്‌കളങ്കമായ മുഖം മനസ്സിൽ തെളിഞ്ഞു.

ഏത് ദൂരത്തെയും അത്രവേഗത്തിൽ തന്നെ ചെന്നു തൊടാൻ കഴിയുന്ന മനസ്സിനൊപ്പം ഞാനറിയാതെ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോകുന്നു. NB 8 അപ്പാർട്ടുമെന്റിന്റെ വാതിലുകൾ എന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നുണ്ടാവും.
നേരം വെളുക്കാൻ ഇനിയും സമയമുണ്ട്.
ബസ് വരുന്നതുവരെയുള്ള സമയത്തിനിടയിലെ ഒരു ചെറിയ ഇടവേള മാത്രമാണ് ഈ രാത്രി. അതുമാത്രം മനസ്സിൽ വിചാരിച്ചുകൊണ്ട് മൊളക്കാൽമുരുവിലെ അപരിചിതമായ ആ രാത്രിയോടൊപ്പം അന്നു ഞാൻ കിടന്നു.

അധ്യായം രണ്ട്

പ്രകാശത്തിന്റെ സഞ്ചാരപഥങ്ങൾ

കോളെജിന്റെ പിറകിലായി നീണ്ടു കിടക്കുന്ന കൽമലയുടെ താഴെ നിന്നുകൊണ്ട് ഞാൻ വിചിത്രമായ ആ കാഴ്ച കാണുകയായിരുന്നു. ആന വലുപ്പത്തിൽ ഉരുട്ടിയെടുത്ത് കൂട്ടിയിട്ടതുപോലെ വലുതും ചെറുതുമായ മഞ്ഞച്ച കല്ലുകൾ ! ഉരുളൻ കല്ലുകളുടെ മലനിരകൾ. അതിന്റെ ഇടയിടയിൽ ചെറു പച്ചപ്പോടെ തലയുയർത്തി നിൽക്കുന്ന കുറ്റിക്കാടുകൾ. ഉരുളൻ കല്ലുകളിൽ തട്ടിയും കാടുകളെ തൊട്ടുഴിഞ്ഞും കുന്നിറങ്ങി വരുന്ന മന്ദഗതിയായ രാവിലത്തെ തണുത്ത കാറ്റ്. അതിനുമീതെ മലർക്കെ തുറന്നിട്ട ഒരാകാശം. കൈയിൽ ദിക്സൂചകയന്ത്രമൊന്നുമില്ലെങ്കിലും പശ്ചിമഘട്ടത്തിനും ദക്ഷിണഘട്ടത്തിനും ഇടയിൽ കിടക്കുന്ന ഈ മഹാസമതലം ഡെക്കാൻ പീഠഭൂമിയാണെന്ന് എനിക്ക് അറിയാമായിരുന്നു. മഴ പെയ്യാൻ മടിക്കുന്ന നാട്.

"ഇത്രയും നല്ല ഒരു പ്ലാറ്റ് ഫോം ഇവിടെയുണ്ടായിട്ട് നീയെന്തിന് ഡെക്കാൻ പ്ലാറ്റോയിൽ പോയി തുലയണം' എന്നു ദ്വേഷ്യത്തോടെ ചോദിച്ച ബാംഗ്ലൂരിലെ സുഹൃത്തുക്കളെ ഞാനോർത്തു. ആ ദ്വേഷ്യത്തിൽ എത്രമാത്രം സ്നേഹമുണ്ടായിരുന്നിരിക്കണം. "അങ്ങോട്ട് പോവരുത് ' എന്ന അമ്മാവന്റെ വിലക്കിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം. പോയ ഇടങ്ങളിലൊക്കെയും രക്ഷയുണ്ടാവണമെന്ന് മാത്രം ആഗ്രഹിച്ച് കാത്തിരിക്കുന്ന അമ്മയുടെ മനസ്സിൽ എത്രമാത്രം പ്രാർത്ഥനകളുണ്ടായിരിക്കണം. ഇതിനിടയിൽ നാടും വീടും മഴക്കാലവും പച്ചപ്പുകളുമെല്ലാം കൂടി ഓർമ്മയിലേക്ക് ഓടി വരുന്നു.
ഇവിടെ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും സ്വന്തം നാടിന്റെ സൗഭാഗ്യത്തെക്കുറിച്ചും ആദ്യമായി എന്റെ മനസ്സ് ചിന്തിക്കുകയായിരുന്നു. ദൈവത്തിന്റെ കളിതമാശകളിൽ ചിലയിടങ്ങളിലെ ഭൂമി മനുഷ്യരെ ഇല്ലായ്മയുടെ പാഠങ്ങൾ പഠിപ്പിക്കുന്നു. എന്നിട്ടും ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അവരൊക്കെയും ജീവിതം കടന്നുപോവുന്നു. ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതരായവരാകട്ടെ കിട്ടിയ ചുറ്റുവട്ടത്തിന്റെ മഹാഭാഗ്യം എന്തെന്നുപോലും അറിയാതെ സ്വയം നശിക്കുകയും എല്ലാറ്റിനെയും നശിപ്പിക്കുകയും ചെയ്യുന്നു.

ഗ്രൗണ്ടിലെ മഴയുടെ പശിമയില്ലാത്ത പൊടിമണ്ണിലൂടെ ബസവരാജ ഓടുകയാണ്. അത് കഴിഞ്ഞ് വ്യായാമത്തിന്റെ കയ്യും കലാശങ്ങളും കാട്ടി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ അയാളുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ പൊടിപടലങ്ങളാൽ ഒരു മണൽൽരേഖ വരച്ചുകൊണ്ട് ഒരു സ്‌കൂട്ടർ ബസവരാജിന്റെ അരികിൽ വന്നുനിന്നു. പൊടിയടങ്ങുവാൻ ഒന്നിത്തിരി കാത്തിരുന്നശേഷം ഞാൻ അവരുടെ അടുത്തേക്കു നടന്നു. അപരിചിതനായ ഒരു മനുഷ്യൻ എനിക്കുനേരെ പുഞ്ചിരിച്ചു നിൽക്കുന്നു. എനിക്ക് നേരെ കൈനീട്ടി നിൽക്കെ ബസവരാജ പറഞ്ഞു.മേഷെ ഇത് പ്രകാശ. ഈ നാട്ടിലെ കാര്യപ്പെട്ട ഒരാളാണ്.

പ്രകാശയും ശോഭീന്ദ്രനും

എത്രയോ കാലങ്ങളായുള്ള പരിചയംപോലെ പ്രകാശ കന്നടവും ഹിന്ദിയും കൂട്ടിക്കലർത്തി പറഞ്ഞു. മേഷ് വന്നിട്ടുണ്ടെന്നറിഞ്ഞ് ഓടി വന്നതാണ്. വേഗം റെഡിയാകണം നമുക്ക് നാടൊക്കെ ഒന്നു ചുറ്റിക്കാണണ്ടെ ?
നല്ല ഉറച്ച ശബ്ദം. ചുമലിന് താഴെവരെ നീണ്ടു കിടക്കുന്ന സമൃദ്ധമായ മുടിയിഴകൾ. കഴുത്തു ഇടയ്ക്ക് വെട്ടിച്ചുകൊണ്ടുള്ള സംസാരം. ഇതായിരുന്നു അയാൾ.
ഞാനൊരമ്പരപ്പോടെ മനസ്സിൽ വിചാരിച്ചു.
കോളെജ് കണ്ടു. പകൽവെളിച്ചത്തിൽ അതിന്റെ
ചുറ്റുവട്ടവും കണ്ടു. ഇതിലപ്പുറം എന്ത് കാണാൻ ?
പ്രകാശ വാക്കുകൾകൊണ്ടും ശരീരംകൊണ്ടും ഒരു കടലുപോലെ ഇളകി മറിയുന്നുണ്ടായിരുന്നു. അതിനെല്ലാം അപ്പുറം അയാളെന്നെയും കൊണ്ടുപോകാൻ കാത്തിരിക്കുകയും ചെയ്യുന്നു.
ഞാൻ കുളിച്ച് കുപ്പായം മാറ്റി പുറത്തുവന്നപ്പോൾ അയാൾ സ്‌കൂട്ടർ സ്റ്റാർട്ടാക്കി പിറകിൽ വന്നിരിക്കാൻ പറഞ്ഞു.
ഞാൻ മറ്റൊന്നുമോർക്കാതെ അയാളുടെ പിറകിൽ ചെന്ന് ഇരുന്നു. നാട്ടിലെ വേണ്ടപ്പെട്ട ഈ ആൾക്ക് ഞാനെങ്ങനെയാണ് വേണ്ടപ്പെട്ടവനാകുന്നത് ?ഞാൻ ഇവിടെ വന്നത് ഇയാളെങ്ങനെ അറിഞ്ഞു ? ഇയാളെന്തിന്, എവിടേക്ക് എന്നെ കൊണ്ടുപോകുന്നു?
ഇതിനൊന്നും ഉത്തരം എനിക്കറിഞ്ഞു കൂടായിരുന്നു.

പ്രകാശയുടെ സ്‌കൂട്ടർ മൊളക്കാൽമുരു ബസ് സ്റ്റാൻഡിന്റെ മുന്നിലൂടെ പാഞ്ഞു. ഓട്ടത്തിനിടയിൽ അയാൾ എന്തൊക്കെയോ പറയുകയും കൈകൊണ്ട് ആരോടൊക്കെയോ ആംഗ്യങ്ങൾ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഓട്ടത്തിനിടയിലാണ് അത് സംഭവിച്ചത്. പ്രകാശയെ കണ്ടപ്പോൾ ഒരു ബസ് സൈഡിലേക്ക് ഒതുക്കി നിർത്തി. ഡ്രൈവർ തലവെളിയിലേക്കിട്ട് പ്രകാശയെ നോക്കുന്നു. പ്രകാശയാവട്ടെ എന്തൊക്കയോ ഡ്രൈവറോട് പറയുകയും ചെയ്യുന്നു. സ്‌കൂട്ടർ പിന്നെയും മുന്നോട്ടുപോവുന്നതിനിടയിൽ പ്രകാശ പറഞ്ഞു. ഇത് ഞങ്ങളുടെ ബസ്സ്. ഇതുപോലെ പത്തെണ്ണമുണ്ട്.
എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. പ്രകാശം എന്താണെന്ന് സയൻസ് ടീച്ചർ അന്നാദ്യമായി ചോദിച്ചപ്പോൾ ഉത്തരം മുട്ടിയതുപോലെ. പ്രകാശം എന്താണ് ? ഇന്നേവരെ അതിനുള്ള പൂർണ്ണമായ ഉത്തരം കിട്ടിയിട്ടേയില്ല. ഉത്തരംകിട്ടാത്ത പല കടങ്കഥകളിലൊന്നായി അതങ്ങനെ മനസ്സിൽ കിടക്കുന്നു.
ഗേറ്റു കടന്ന് ഒരു വലിയ വീട്ടിലേക്ക് സ്‌കൂട്ടർ ചെന്നു നിന്നു. പ്രകാശ സ്‌കൂട്ടറിൽ നിന്നിറങ്ങി എന്നോട് പറഞ്ഞു. ഇതാണ് എന്റെ വീട്. മേഷിന് വേണമെങ്കിൽ ഇനി ഇവിടെ താമസിക്കാം. ഞാൻ അയാളെ ഒന്ന് ഉറ്റുനോക്കി. ആകാശത്ത് നിന്ന് പ്രകാശത്തോടൊപ്പം ഉൽക്കകളും പൊട്ടി വീഴാറുണ്ടല്ലോ. ഇയാൾ പ്രകാശമോ അല്ലെങ്കിൽ തന്റെ മുന്നിൽ പൊട്ടി വീണ ഒരുൽക്കയോ ?
പ്രകാശയുടെ അച്ഛനും അമ്മയും വന്ന് ഉപചാരപൂർവ്വം കൈകൂപ്പി നിന്നു. പരിചയപ്പെട്ടു. അവരോടായി പ്രകാശ പറഞ്ഞു. ബസ്സ്റ്റാൻഡിലെ നമ്മുടെ കടയിലെ സിദ്ധയ്യ പറഞ്ഞാണ് കേരളത്തിൽ നിന്ന് മേഷ് വന്ന കാര്യം അറിഞ്ഞത്. നേരെ ചെന്ന് ഇങ്ങോട്ടു കൊണ്ടുവന്നു.

സിദ്ധയ്യ

അമ്മ പ്രഭാതഭക്ഷണത്തിനായി അകത്തേക്ക് വിളിച്ചു.
ഞങ്ങൾ കഴിക്കാനിരുന്നു. കൂടെ പ്രകാശയുടെ സഹോദരി അംബുജവുമുണ്ടായിരുന്നു. പതിനാറ് പതിനേഴ് വയസ്സുള്ള മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി.
പ്രകാശ പറഞ്ഞു.ഇതെന്റെ ഒരേയൊരു പെങ്ങളാണ്.മേഷുടെ കോളെജിലാണ് പഠിക്കുന്നത്. പി.യു.സിക്ക്.
(പ്രിഡിഗ്രി)മേഷ് ഇവളുടെ പഠിപ്പൊക്കെ ഒന്നു നോക്കണം. പഠിച്ചില്ലേൽ നല്ല പെടയും കൊടുക്കണം.
അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും.
അവൾ ചോദിച്ചു മേഷുടെ സബ്ജക്ട് ഏതാ ?
ഞാൻ പറഞ്ഞു. ഇക്കണോമിക്സ്.
അവൾ പറഞ്ഞു : ഞാൻ സയൻസാണ്.
പ്രകാശ പറഞ്ഞു ഇവൾ പഠിച്ചിട്ടുവേണം ഞങ്ങളുടെ ബിസിനസിന്റെ സയൻസൊന്ന് ശരിയാക്കിയെടുക്കാൻ.
അതുകേട്ട് അവളൊന്ന് കുണുങ്ങിച്ചിരിച്ചു
ചായകുടിച്ച് പുറത്തേക്കിറങ്ങുമ്പോൾ കോലായുടെ മറ്റൊരറ്റത്തുള്ള ഒരു മുറി പ്രകാശ തുറന്നു കാട്ടി.
എന്നിട്ട് പറഞ്ഞു. മേഷിന് ഈ മുറിയാൽ താമസിക്കാം. ഞാൻ ആ മനുഷ്യന്റെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഒന്നു ചൂഴ്ന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മൊളക്കാൽമുരുവിലെ ചെറുതും വലുതുമായ ഗ്രാമപാതകളിലൂടെ പ്രകാശയുടെ സ്‌കൂട്ടർ കുറച്ചുനേരം കൂടി പാഞ്ഞു പോയി. അയാൾ അവിടത്തേതായ പലതും കാട്ടിത്തരാനുള്ള പരിശ്രമത്തിലായിരുന്നു. ഒരു കോവിലിനു മുന്നിലെത്തിയപ്പോൾ അയാൾ പ്രാർത്ഥനാനിരതനായി.
സമയം പത്തുമണിയോടടുത്തപ്പോൾ പ്രകാശ പറഞ്ഞു. ആദ്യമായി ജോലിയിൽ പ്രവേശിക്കുകയല്ലേ വൈകിക്കണ്ട നമുക്ക് കോളെജിലേക്ക് പോകാം. ഇനിയുള്ള സ്ഥലങ്ങൾ നമുക്കിനിയും കാണാലോ. സ്‌കൂട്ടർ കോളെജിന്റെ വഴിയിലേക്ക് തിരിയുന്നു.

ഞാൻ പ്രകാശയോടായി പറഞ്ഞു.പ്രകാശ എനിക്കൊരു കാര്യം പറയാനുണ്ട്.
ഒരു തമാശപോലെ അതു കേട്ടിട്ട് അയാൾ പറഞ്ഞു.മേഷ് പറയ് ഞാൻ കേൾക്കുന്നുണ്ടല്ലോ
ഞാൻ പറയാൻ ശ്രമിച്ചു. അത്.. ഞാൻ ഈ കോളെജിൽ ചേരാൻ വന്നതല്ല. ഒന്നു കാണാൻവേണ്ടി മാത്രം വന്നതാണ്.
പ്രകാശ വണ്ടി നിർത്തി. എന്റെ നേർക്കൊന്നു നോക്കിക്കൊണ്ട് ഉദ്വേഗത്തോടെ ചോദിച്ചു. അപ്പോ കോളെജിൽ ചേരുന്നില്ലേ ?
ഞാൻ പറഞ്ഞു : ഒന്നും തീരുമാനിച്ചിട്ടില്ല. പ്രിൻസിപ്പലിനെ കണ്ടശേഷം എനിക്കിന്നു തന്നെ തിരിച്ചുപോകണം.

പ്രകാശയുടെ വണ്ടിയുടെ വേഗത ഒന്നു മന്ദഗതിയിലായി. ഏതോ ഒരു വിഷാദം അയാള ചുറ്റിപ്പറ്റി നിൽക്കുന്നതായി എനിക്ക് തോന്നി.
പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നടക്കുമ്പോൾ പ്രകാശയും എന്റെ കൂടെയുണ്ടായിരുന്നു. മേശപ്പുറത്ത് വച്ച പേരെഴുതിയ ബോർഡിലെ അക്ഷരങ്ങൾ ഞാൻ വായിച്ചു. പ്രൊഫ. ഭീമാചാരി. ആകാരംകൊണ്ടും അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു. പ്രകാശയും ഭീമാചാരിയും സുഹൃത്തുക്കളെപോലെ സംസാരിച്ചു. വീട് താമസം മറ്റു കാര്യങ്ങളെല്ലാം ഞാൻ ശരിയാക്കിവച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിനെ അയാൾ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു.
പ്രിൻസിപ്പൽ എന്നോട് അപ്പോയിന്റ്മെന്റ് ലെറ്റർ ചോദിച്ചു. അതു കാണിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

ഇന്ന് ജോയിൻ ചെയ്യുന്നില്ല സാർ. ഇവിടെ നിന്ന് മടങ്ങി ആലോചിച്ചശേഷം വിവരമറിയിക്കാം. പ്രകാശ വീണ്ടും എന്റെ മുഖത്തേക്ക് നോക്കുന്നു. എന്നിട്ട് പ്രിൻസിപ്പലിനോടായി ഇപ്രകാരം പറഞ്ഞു.സാർ എന്താണ് മേഷിങ്ങനെ പറയുന്നത്. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ. എന്താണിത്ര ആലോചിക്കാനിരിക്കുന്നത്.
ഞാൻ പറഞ്ഞു ബാംഗ്ലൂർ ഗവൺമെന്റ് കോളെജിൽ നിന്ന് റിസൈൻ ചെയ്തിട്ടില്ല. കുറച്ചു കാര്യങ്ങളും കൂടി അവിടെ ചെയ്തു തീർക്കാനുണ്ട്.
പ്രിൻസിപ്പൽ എന്നെയൊന്നു നോക്കി. ഞാൻ തിരിച്ചുവരില്ലെന്നു ഉറപ്പിക്കുന്ന മട്ടിൽ അയാളുടെ മനസ്സ് സഞ്ചരിക്കുന്നത് എനിക്കപ്പോൾ അറിയാൻ കഴിയുന്നുണ്ടായിരുന്നു. പ്രകാശ പിന്നീട് എന്നെ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളെ എല്ലാവർക്കും അറിയാം. ഓരോരുത്തരെയായി പരിചയപ്പടുത്തുമ്പോൾ അത്രമാത്രം ഇണക്കത്തോടെയാണ് അധ്യാപകർ അയാളോട് ഇടപഴകുന്നത്.
ഇന്റർവെൽ സമയത്ത് ക്ലാസ് മുറിയിൽനിന്ന് കുട്ടികൾ ഇളകി മറിഞ്ഞു പുറത്തേക്ക് വന്നു. പെട്ടെന്നുതന്നെ മുറ്റത്തും വരാന്തയിലും കുട്ടികൾ നിറഞ്ഞു. ഇന്നലെ രാത്രിയിൽ ശൂന്യമായി കണ്ട അതേ മുറ്റം പഴയ കാൽക്കുഴികളെ മായ്ക്കുകയും പുതിയ കാൽക്കുഴികൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

പ്രകാശ പറഞ്ഞു ബാംഗ്ലൂർക്ക് മടങ്ങുന്നുണ്ടെങ്കിൽ ഇപ്പോൾ ബസ്സുണ്ട്. ആറു മണിക്കൂറിലധികമെടുക്കും ബാംഗ്ലൂരിലെത്താൻ. ബസ്സ്റ്റാൻഡിലേക്ക് സ്‌കൂട്ടർ നീങ്ങിക്കൊണ്ടിരിക്കെ പ്രകാശയോട് ഞാൻ പറഞ്ഞു.എനിക്കൊരു മുത്താറി ഉണ്ട കിട്ടുമോ ?
പ്രകാശയ്ക്ക് പിടികിട്ടുന്നില്ല. അതുകൊണ്ടുതന്നെ അയാൾ അറിയാതെ ചോദിച്ചു പോയി.മുത്താറി ഉണ്ടയോ ?
ഞാൻ അതിന്റെ വലുപ്പം ബോധ്യപ്പെടുത്താൻ കൈപ്പത്തികൾ ഉരുട്ടിക്കാണിച്ചു കൊടുത്തു.ഓ ! മുദ്ദെ. അതു പറ എന്നു പറഞ്ഞുകൊണ്ട് പ്രകാശ പൊട്ടിച്ചിരിച്ചു. അയാൾ പഴയപോലെ വീണ്ടും ഉത്സാഹവാനായി. ബസണ്ണയുടെ ഭോജനശാലയിൽ ഉണ്ടാകുമെന്ന് പറഞ്ഞു അങ്ങോട്ടു പോയി. വണ്ടി പുറത്ത് നിർത്തി പ്രകാശ അകത്തേക്ക് വിളിച്ചു ചോദിച്ചു. ബസണ്ണയില്ലേ ?
ഒരാൾ പുറത്തേക്ക് വന്നു.മുദ്ദെ ഇദിയാ ? (മുദ്ദെ ഉണ്ടോ)ങാ ഇദെ. (ഉണ്ട്)
പ്രകാശ വണ്ടിയിൽ നിന്നിറങ്ങി. ബസണ്ണയോട് പറഞ്ഞു.
രണ്ടെണ്ണം വേണം. ഇലയിൽ പൊതിഞ്ഞെടുത്തോ. അയാൾ ഇലയിൽ തന്ന മുദ്ദെ കയ്യിൽ വച്ചു തന്നിട്ട് പ്രകാശ പറഞ്ഞു. മേഷ് പറഞ്ഞത് നന്നായി. വിശക്കുമ്പോൾ ബസ്സിലിരുന്ന് ഇതു കഴിക്കാം. ഞങ്ങളുടെ പ്രധാനഭക്ഷണം ഇതാണ്. ഞാനതു കയ്യിൽ ഏറ്റുവാങ്ങി നന്ദിയോടെ അയാളെ നോക്കി ഒന്നു ചിരിച്ചു.

സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോൾ പ്രകാശ പറഞ്ഞു. മേഷ് പോയിട്ട് വരാതിരിക്കരുത്. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ. ഇവിടെ മേഷിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. എന്തൊക്കെയായാലും വരണം.
ഞാൻ പറഞ്ഞു. വരും. അങ്ങനെത്തന്നെയാണ് വിചാരിക്കുന്നത്. പ്രകാശയുടെ മുഖത്ത് പുതിയൊരു വെളിച്ചം തെളിഞ്ഞു. ചായക്കടക്കാരൻ സിദ്ധയ്യയോട് അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മേഷ് പോവുകയാണ്. അടുത്ത ദിവസം വരും. ഞാൻ ബസ്സിൽ കയറുമ്പോൾ പ്രകാശയുടെ നേരെ എന്റെ കൈനീട്ടി. അയാൾ അതു സ്വീകരിച്ചുകൊണ്ട് എന്നെ യാത്രയാക്കി.

പ്രകാശയും കുടുംബവും

മൊളക്കാൽമുരുവിലെ കല്ലുമലകൾ ഉച്ചനേരത്ത് ഉരുകിത്തിളയ്ക്കുന്നുണ്ടായിരുന്നു. നീർപെയ്യാത്ത വന്ധ്യമേഘങ്ങൾ ആകാശത്ത് ചലനമറ്റു കിടക്കുന്നുണ്ടായിരുന്നു. ഞാൻ പ്രകാശ തന്ന ആ പൊതിയൊന്നു തുറന്നു. ആനയ്ക്കു തിന്നാൻ ഉരുട്ടി വച്ചതുപോലുള്ള തവിട്ടുനിറമുള്ള വലിയൊരുരുള. ഞാനതിലൊരു തുണ്ടെടുത്ത് വായിൽ വച്ചു. പുതിയൊരു രുചി. വേറിട്ട ഒരു രുചി. മനസ്സും ശരീരവും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രുചി. പൊതിഞ്ഞുവച്ച ഒരു ഉരുള അത്രമാത്രം ആസ്വദിച്ചുകൊണ്ടുതന്നെ ഞാൻ കഴിച്ചു തുടങ്ങി. ഓരോ പിടി വായിൽ വയ്ക്കുന്നതിനിടയിലും ഞാൻ പ്രകാശയെക്കുറിച്ച് തന്നെ ആലോചിച്ചു. ഒരു മുൻപരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ജീവിതത്തിൽ മറ്റാർക്കും കാണിക്കാൻ കഴിയാത്തവിധം സ്നേഹം കൊണ്ട് എന്നെ ബന്ധിച്ച് ചേർത്തുനിർത്തിയത് എന്തിനായിരിക്കും? തിരിച്ചുവരും എന്ന ഒരു വാക്കിന്റെ ചുവടുപറ്റി അയാൾ എത്ര നാൾ ആ ബസ്സ്റ്റാൻഡിൽ ഒരിടത്ത് കാത്തുനിൽക്കുമായിരിക്കും.
ബസ് ബാംഗ്ലൂരിനോട് അടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ എന്റെ മനസ്സാകട്ടെ അകന്നുകൊണ്ടിരിക്കുന്ന മൊളക്കാൽമുരുവിലേക്കുതന്നെ വീണ്ടും വീണ്ടും തിരിച്ചുപോവുകയായിരുന്നു.

അധ്യായം മൂന്ന്

ഇരുട്ടിൽ തെളിയുന്ന ഉൾവെളിച്ചങ്ങൾ

ബാംഗ്ലൂർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളെജിലെ അവസാന ദിവസമായിരുന്നു അത്. അന്നുമാത്രമാണ് പോകുന്ന വിവരം ഞാൻ എല്ലാവരോടുമായി പറഞ്ഞത്. ജോലി മാറുന്നത് മൊളക്കാൽമുരുവിലേക്കെന്നു പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. മറ്റു ചിലർ സ്നേഹത്തോടെ ഉപദേശിച്ചു. ഏറ്റവും മികച്ച ഒരു കോളെജിൽ നിന്ന് ഏതോ ഒരു ഹള്ളിയിലെ ജൂനിയർ കോളെജിലേക്കുള്ള യാത്ര, ചിലർ ഉള്ളിൽ ചിരിച്ചു. ഏതൊക്കെയോ കുട്ടികൾ റോസാപ്പൂക്കളുമായി വന്നു. മേശപ്പുറത്ത് തണ്ടോടു കൂടിയ ചുവന്ന റോസാപ്പൂക്കൾ. ചിലർ പേനയുമായി വന്നു. മറ്റു ചിലർ ഓട്ടോഗ്രാഫുകളുമായി. അവർക്ക് ഞാൻ അന്നേരം മനസ്സിൽ തോന്നിയ വാക്കുകളും ഓരോ റോസാപ്പൂവും പകരം നൽകി.

ഉച്ച കഴിഞ്ഞിരുന്നു. തിമ്മയ്യ, ശ്രീനിവാസയുടെ കൈപിടിച്ച് ഇക്കണോമിക്സ് ഡിപ്പാർട്ടുമന്റിന്റെ വാതിൽക്കൽ വന്നു നിന്നു. ഞാൻ അവരെ അകത്തേക്ക് വിളിച്ചു.
തിമ്മയ്യ മേശയോട് ചേർന്നുനിന്നു കൊണ്ടു പറഞ്ഞു.മേഷ് ഇവിടുന്ന് പോവുകയാണ് അല്ലേ ?
ഞാൻ പറഞ്ഞു. അതെ.
തിമ്മയ്യയുടെ പ്രകാശമറ്റു പോയ കണ്ണുകൾ നനഞ്ഞു വരുന്നത് ഞാൻ കണ്ടു.
അവൻ പറഞ്ഞു.

മേഷ് ഇന്നെന്റെ മുറിയിലേക്ക് വരുമോ ?
ഞാൻ പറഞ്ഞു. വരാം.
അവൻ ഹോസ്റ്റൽ മുറിയുടെ നമ്പർ പറഞ്ഞു തന്നു.
റൂം നമ്പർ 118.
കുറച്ചു കഴിഞ്ഞു ശ്രീനിവാസയുടെ കൈപിടിച്ച് അവൻ അവിടെ നിന്ന് പതുക്കെ ഇറങ്ങിപ്പോവുകയും ചെയ്തു.

ശോഭീന്ദ്രൻ പഴയകാല ചിത്രം

വൈകുന്നേരം ഞാൻ തിമ്മയ്യയുടെ ഹോസ്റ്റൽ മുറിയിലേക്ക് ചെന്നു. തിമ്മയ്യ ആ നേരംവരെ എന്നെ കാത്തുനിൽക്കുകയായിരുന്നു.
മുറിയിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് അവൻ വീർപ്പുമുട്ടി. എന്നെ സ്വീകരിക്കാൻ തിമ്മയ്യ വെപ്രാളപ്പെടുകയാണ്. അവൻ എന്റെ അടുത്തേക്ക് വന്നു. എന്റെ കൈകൾ പിടിക്കുകയും പിന്നെ ഗാഢമായി ആലിംഗനം ചെയ്യുകയും ചെയ്തു.
അവന്റെ വിരലുകൾ എന്റെ മുഖത്തുകൂടി ഒഴുകി. നെറ്റിയും ചെവിയും തലയും മുടിയും താടിയുമൊക്കെ തൊട്ടു കൊണ്ട് വിരലുകൾ ശ്രദ്ധാപൂർവ്വം ഇഴയുന്നു. അവന്റെ മുന്നിൽ കുറച്ചു നേരം ഞാനൊരു ശില്പം കണക്കെ നിന്നു.
ഞാൻ അവനോട് ചോദിച്ചു. എന്തു പറ്റി തിമ്മയ്യാ ?ഒന്നുമില്ല മേഷെ, പോകുന്നതിന് മുമ്പ് ഞാനൊന്നു മേഷെ കാണാൻ ശ്രമിക്കുകയാണ്.
അവനെന്നോട് ഇരിക്കാൻ പറഞ്ഞു.
ഞാനിരുന്നു.

അവന്റെ പരീക്ഷണം തുടരുന്നതിനിടയിൽ ഞാൻ ചോദിച്ചു. വിരലുകൾ കൊണ്ടു തൊടുമ്പോൾ നിനക്കൊരാളെ മനസ്സിൽ കാണാൻ കഴിയുമോ ?
അവൻ പറഞ്ഞു. കുറെയൊക്കെ കാണാൻ കഴിയും മേഷെ.ചെറുപ്പത്തിൽ ഞാൻ എല്ലാം കണ്ടതാണ്. മനുഷ്യരെയും ഭൂമിയേയും ആകാശത്തേയുമെല്ലാം. എട്ടാമത്തെ വയസ്സിൽ ഒരു പനി വന്നു. പനി മാറിയശേഷം കണ്ണുകൾ കൊണ്ട് പിന്നൊന്നും ഞാൻ കണ്ടിട്ടില്ല.
അങ്ങനെയൊരു കാര്യം ആദ്യമായി ഞാൻ കേൾക്കുകയായിരുന്നു. ഡിപ്പാർട്ടുമെന്റിലുള്ളവർക്കും കുട്ടികൾക്കും ഇതറിയുമായിരുന്നോ?
ജന്മനാ കാഴ്ചയില്ലാത്ത ഒരാളും കണ്ട കാഴ്ചകളുടെ ഓർമ്മകളിൽ ജീവിക്കുന്ന ഒരാളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ക്ലാസ്സിലിരിക്കുന്ന ഓരോ കുട്ടിയെയും പഠിപ്പിക്കുന്ന അധ്യാപകർ സൂക്ഷ്മമായി ശ്രദ്ധിച്ചെന്നു വരില്ല. പലപ്പോഴും അവരുടെ ജീവിതകഥകൾ അറിയാതെ പോവുകയോ വൈകി മാത്രം അറിയുകയോ ചെയ്യുന്നു. ഞാൻ ക്ലാസിലേക്ക് ചെല്ലുമ്പോൾ തിമ്മയ്യ എന്നും വാതിൽപ്പടിക്കൽ എന്നെ കാത്തു നിൽക്കാറുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞാൽ ഡിപ്പാർട്ടുമെന്റുവരെ കൂടെ വരികയും ചെയ്യും. എന്നും കാണുകയും മിണ്ടുകയും ചെയ്തിരുന്നു. എന്നിട്ടും അവനെപ്പറ്റി അറിയേണ്ട പ്രധാന കാര്യങ്ങൾപോലും അറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി.

അവൻ പറഞ്ഞു. അന്നു കണ്ട നിറങ്ങൾക്കും രൂപങ്ങൾക്കുമൊപ്പമാണ് ഇന്നും എന്റെ മനസ്സ് സഞ്ചരിക്കുന്നത്. ഓർമ്മകളിലൂടെ അവയെ അത്രമാത്രം ഇഷ്ടത്തോടെ ഞാൻ കൊണ്ടുനടക്കുന്നു.
അവന്റെ മുഖത്ത് ഉള്ളിലെ ഓർമ്മകളുടെ നിറഭേദങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. ഞാൻ വെളിച്ചം ഇറങ്ങി വരുന്ന ആകാശത്തിലേക്ക് വെറുതെയൊന്നു നോക്കി.
അവൻ പറഞ്ഞു.

മേഷെ, ആകാശത്തിന്റെ നീല നിറം എന്റെ മനസ്സിലുണ്ട്.നീലനിറം മാറി രാത്രിയോടെ എല്ലാം കറുക്കും.അപ്പോൾ നക്ഷത്രങ്ങളും നിലാവെളിച്ചവും കടന്നു വരും. ആകാശത്ത് അമ്പിളിക്കല കാട്ടിത്തന്ന് ഉണ്ടതും ഉറങ്ങിയതും ഇന്നലെയെന്നപോലെ ഇന്നും ഓർമ്മയുണ്ട്. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും എല്ലാ ദിവസവും ഞാൻ അറിയുകയും മനസ്സിൽ കാണുകയും ചെയ്യുന്നു.

ഒരു സംശയത്തിന്റെ അന്തിമമായ തീർപ്പിലെത്താനുള്ള ആഗ്രഹത്തോടെ അവൻ എന്നോട് ചോദിച്ചു.മേഷെ ഞാൻ അന്നു കണ്ട കാഴ്ചകളൊക്കെയും ഇന്നും അങ്ങനെത്തന്നെയല്ലേ ?

ഞാൻ പറഞ്ഞു.
ചെറുപ്പത്തിൽ ഒരു കുട്ടി കാണുന്ന കാഴ്ച്ചയാണ് ലോകത്തിലേക്ക് വച്ച് ഏറ്റവും ഭംഗിയേറിയ ഒന്ന്. വളരുന്തോറും കാഴ്ചകളിലെ കൗതുകം കുറഞ്ഞു കുറഞ്ഞു വരുന്നു. ജീവിതത്തിന്റെ നിത്യപരിചയങ്ങളിൽ കാഴ്ചകൾ വെറും കാഴ്ചകൾ മാത്രമായി മാറുന്നു. ഓർമ്മകൾക്കുള്ളത്ര ഭംഗി ഒരിക്കലും കൺമുന്നിലൂടെ കടന്നുപോവുന്ന ജീവിതത്തിനുണ്ടാവുകയില്ല.
ഞാൻ കയ്യിൽ കരുതിയ ഒരു ഡയറി തിമ്മയ്യയുടെ കയ്യിൽ വച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞു ഈ ഡയറിയിൽ നീ അന്നു വരെ കണ്ട നിറങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചും എഴുതണം. കഴിയുമെങ്കിൽ എനിക്ക് അയയ്ച്ചു തരണം.
അവന്റെ കണ്ണുകൾ സന്തോഷംകൊണ്ടു വിടർന്നു.
ആ ഡയറി നെഞ്ചോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.ഞാൻ എഴുതാം മേഷെ. ശ്രീനിവാസയെക്കൊണ്ട് എഴുതിപ്പിച്ച് ഞാനയച്ചു തരാം.

തിമ്മയ്യ എനിക്ക് കഴിക്കാൻ പലതരം പലഹാരങ്ങൾ എടുത്തു തന്നു. അവയോരോന്നും രുചിച്ചു നോക്കുന്നതിനിടയിൽ അവൻ പറഞ്ഞു. അമ്മ കൊടുത്തുവിട്ടതാണ്.ഈ കവറിലുള്ളത് മേഷിന് കൊണ്ടുപോകാനുള്ളതാണ്. അമ്മയ്ക്കും അത് വലിയ സന്തോഷമാകും. അമ്മയോട് എന്നും ഞാൻ മേഷിനെക്കുറിച്ച് പറയാറുണ്ടായിരുന്നു.
തിമ്മയ്യയോട് യാത്ര പറയാൻ നേരത്ത് അവനെന്നോട് ചോദിച്ചു. മേഷെ പുതിയ കോളെജിന്റെ വിലാസം തരുമോ ?
ഞാനൊരു കടലാസിൽ എഴുതി.ഗവ.ജൂനിയർ കോളെജ്, മൊളക്കാൽമുരു, പി.ഒ മൊളക്കാൽമുരു, ചിത്രദുർഗ ജില്ല, കർണാടക.
കടലാസ് അവന്റെ കയ്യിൽ കൊടുത്തു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻ ആ കടലാസും പിടിച്ച് വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നടന്നകലുന്നത് അവൻ കാണുന്നുണ്ടായിരിക്കുമോ? കടലാസിലെഴുതി നൽകിയ ആ മേൽവിലാസം വിരലുകൾ കൊണ്ട് തൊട്ടു അവൻ വായിക്കാൻ ശ്രമിക്കുകയാണോ?
തിമ്മയ്യ എട്ടാം വയസ്സിൽ അവസാനമായി കണ്ട ചുവപ്പു രാശി കലർന്ന അസ്തമന സൂര്യനെ അത്രയേറെ കൊതിയോടെ അന്നാദ്യമായി കുറേനേരം നോക്കി നിന്നു. ആകാശത്തിന്റെ നീലിമയിലേക്ക് ഇരുട്ടു പടികയറിവരുന്നതും നക്ഷത്രങ്ങൾ തെളിഞ്ഞുവരുന്നതും ആദ്യമെന്നതുപോലെ ഞാൻ കണ്ടു. പക്ഷിക്കൂട്ടങ്ങൾ ചിറകുകൾ വീശി പറന്നുപോവുന്നതും വഴിവക്കിലെ മരച്ചില്ലകളിൽ വന്ന് കോലാഹലങ്ങളുണ്ടാക്കി കൂടണയുന്നതും എന്നത്തെക്കാളും ശ്രദ്ധയോടെ ഞാൻ നോക്കി. കൂടിക്കൂടി വരുന്ന ഇരുട്ടിൽനിന്ന് അത്രമാത്രം വെളിച്ചത്തെ കണ്ടെത്തി ക്കൊണ്ട് ഞാൻ NB 8​ നിലകൊള്ളുന്ന ഗോകുലയിലേക്ക് മെല്ലെ മെല്ലെ നടന്നുപോയി.▮

(തുടരും) എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര


പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments