എട്ട്
മൊളക്കാൽമുരുവിലെ എന്റെ പുതിയ താമസസ്ഥലം ഓരോ ദിവസം കഴിയുന്തോറും സഹപ്രവർത്തകരുടെയും കുട്ടികളുടെയും സാന്നിധ്യംകൊണ്ട് സജീവമാവുകയായിരുന്നു. അവശേഷിച്ച അഞ്ചു മുറികളും ആരെയോ കാത്തിരുന്നു. ഒരു ദിവസം ലൈബ്രേറിയൻ സുഗുണയ്യ അതിലൊരു മുറിയിൽ വന്നു താമസം തുടങ്ങി.
അന്ന് രാത്രി സുഗുണയ്യ എന്നോട് ചോദിച്ചു.മേഷെ ഇവിടെ ആളുകൾ പല പ്രശ്നങ്ങളും പറഞ്ഞു
കേട്ടിരുന്നു. അങ്ങനെയൊന്നുമില്ലല്ലോ. അല്ലേ ?
ഞാൻ പറഞ്ഞു. ഒരു പ്രശ്നവുമുണ്ടാകില്ല. നുങ്കെമല കാലഭൈരവസ്വാമിയെ മനസ്സിൽ വിചാരിച്ചാൽ മാത്രം മതി.
സിദ്ധയ്യ എന്നോട് പറഞ്ഞതെന്തോ അതാണ് ഞാൻ സുഗുണയ്യയോട് പറഞ്ഞത്. അതിനുശേഷം എന്നും സുഗുണയ്യ കാലഭൈരവനെ മനസ്സിൽ വിചാരിച്ച് കിടന്നു. സുഖമായി ഉറങ്ങി. അധികം താമസിയാതെ കോളജിലെ എന്റെ സഹപ്രവർത്തകരായ സീതണ്ണയും സുഖരാജും ചിന്നപ്പയ്യയും വാസുദേവമൂർത്തിയും വന്ന് മറ്റു മുറികളിൽ താമസം തുടങ്ങി.
അന്നു രാത്രി അവരോടൊപ്പം ഇരിക്കുമ്പോൾ സുഗുണയ്യ പറഞ്ഞു.കിടക്കുമ്പോൾ നുങ്കെമല കാലഭൈരവനെ മനസ്സിൽ വിചാ
രിക്കണം. എന്നാൽ സുഖമായി ഉറങ്ങാം.
എനിക്ക് അതു കേട്ടപ്പോൾ ചിരി വന്നു.
വാർദ്ധക്യത്തിന്റെ വെള്ളിനരകൾക്കിടയിലും ആ ദമ്പതിമാർ എന്നും കുറെപ്പേർക്ക് വച്ചുവിളമ്പുകയും ഭക്ഷണത്തോടൊപ്പം ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാനുള്ള യാത്രകൾ ഒരു ബന്ധുവീട്ടിലേക്കുള്ള യാത്രകളായിട്ടാണ് എന്നും തോന്നിയിരുന്നത്
അന്നു ഞാൻ വെറുതെ പറഞ്ഞത് സുഗുണയ്യ കാര്യമായിത്തന്നെ എടുത്തിട്ടുണ്ട്. സുഗുണയ്യ മാത്രമല്ല അതിനുശേഷം വന്നവരെല്ലാം എന്നും കാലഭൈരവസ്വാമിയെ മനസ്സിൽ സ്മരിക്കുന്നുണ്ടാകണം. എല്ലാവരും സുഖമായി ഉറങ്ങുകയും ഒരല്ലലു മില്ലാതെ അവിടെ ജീവിക്കുകയും ചെയ്യുന്നു. അങ്ങനെ വെറുമൊരു പ്രേതാലയം മാത്രമായി വർഷങ്ങളോളം കിടന്നിരുന്ന ആ ബിൽഡിംഗ് മൊളക്കാൽമുരുവിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി മാറി. പ്രകാശയ്ക്കാകട്ടെ അതൊരു പുതിയ വരുമാനമാർഗമായിത്തീരുകയും ചെയ്തു.
ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒന്നിച്ചാണ് പോകുന്നത്. ബസണ്ണയുടെ ഭോജനശാലയിലേക്ക്. ബസണ്ണയും അയാളുടെ ഭാര്യ ഗൗരമ്മയും ചേർന്നാണ് കച്ചവടം നടത്തുന്നത്. ഗൗരമ്മയെ ഞങ്ങൾ ബസമ്മ എന്നാണ് വിളിച്ചിരുന്നത്. വീടിനോട് ചേർന്നുള്ള ഒരു വലിയ മുറിയാണ് ഭോജനശാല. നിലത്ത് പായ വിരിച്ചിട്ടുണ്ട്. അതിൽ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും ബസമ്മ ഞങ്ങളുടെ മുന്നിൽ മുത്തുഗ ഇല വിരിച്ചു വയ്ക്കും. പ്ലാശിന്റെ പത്തോളം ചെറിയ ഇലകൾ ഈർക്കിൾകൊണ്ട് കുത്തി ചേർത്തുവച്ചാണ് ഭക്ഷണം കഴിക്കാനുള്ള ഇല ഉണ്ടാക്കുന്നത്. മുത്തുഗ ഇല അണുനാശകശേഷിയുള്ള ഇലയാണ്. അന്ന് അതൊന്നും അറിയാതെയാണ് മുത്തുഗ ഇലയിൽ ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോയിരുന്നത്. ഉച്ചനേരത്ത് പച്ചരിച്ചോറും പച്ചക്കറിയുമാണ്. വൈകീട്ട് ചപ്പാത്തിയും ബാജിക്കറിയുമാണ് സാധാരണ ഉണ്ടാകാറുളളത്. മുദ്ദെ കഴിക്കുന്നവർക്ക് അതുമുണ്ടായിരുന്നു.
വാർദ്ധക്യത്തിന്റെ വെള്ളിനരകൾക്കിടയിലും ആ ദമ്പതിമാർ എന്നും കുറെപ്പേർക്ക് വച്ചുവിളമ്പുകയും ഭക്ഷണത്തോടൊപ്പം ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാനുള്ള യാത്രകൾ ഒരു ബന്ധുവീട്ടിലേക്കുള്ള യാത്രകളായിട്ടാണ് എന്നും തോന്നിയിരുന്നത്.
ഒരു ദിവസം രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി ഞാൻ മുറ്റത്ത് ഇറങ്ങിയതായിരുന്നു. വായയിൽ വെള്ളം കോളിയതേയുള്ളൂ. പെട്ടെന്ന് കാലിന്റെ ഇടതു പെരുവിരലിൽ നിന്ന് ഒരു പുകച്ചിൽ. പുകച്ചിലല്ല; കടച്ചിലായിരുന്നു. എല്ലാം കൂടിച്ചേർന്ന് ഞെരിപൊരികൊള്ളുന്ന ഒരു വലിയ വേദനയായിരുന്നു അത്. വേദനകൊണ്ടു ഞാൻ പുളഞ്ഞു. വിരലിൽനിന്ന് കാൽമുട്ടിലേക്കും വേദനപതഞ്ഞുയരുന്നു. അവിടെ നിന്ന് വീണ്ടും മേലോട്ട്. പിന്നെ വലുതുകാലിലേക്കും അത് പടരുന്നു. കാലടിയിൽ നിന്ന് മേലോട്ടുമേലോട്ടേക്ക് വേദനതിരയിളകി വരുന്നു.
ഞാൻ സഹനത്തിന്റെ അങ്ങേയറ്റത്തായിരുന്നു.
കൂടെയുളളവർക്ക് എന്താണെന്ന് മനസ്സിലായില്ല.
ഞാൻ എങ്ങനെയോ പറഞ്ഞു.എന്തോ എന്നെ കടിച്ചു.
സീതണ്ണയും സുഖരാജും എന്നെ താങ്ങിപ്പിടിച്ചു. വീടിന്റെ ചെറിയകോലായിൽ ഇരുത്തിച്ചു. ചുമരുചാരിയിരുന്നുകൊണ്ട് ഞാൻ കണ്ണുകൾ ഇറുകെയടച്ചു പിടിച്ചു. കണ്ണിൽ നിന്ന് കണ്ണുനീര് എടുത്തു ചാടുന്നുണ്ടായിരുന്നു. വിറപൂണ്ട ചുണ്ടിൽ നിന്ന് വേദനയുടെ ഒരു ഞരക്കം മാത്രം പുറത്തുവന്നു.
ബസണ്ണ വിളക്കെടുത്ത് കൊണ്ടു വന്ന് കൈകഴുന്നിടമാകെ പരതി.എന്നിട്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.ദൈവമേ ! ഒരു തേളാണ്. മൂത്തത്.
ഡെക്കാൻ പാറപ്രദേശങ്ങളിലെ തേളുകൾക്ക് മരുഭൂമിയിലെ തേളുകൾക്കെന്നപോലെ കൊടിയ വിഷമുണ്ട്. സുഖരാജും സീതണ്ണയും എന്നെ വിട്ട് തേളിനെ നോക്കാനായി പോയി. ബസവണ്ണ ഒരു വടിയെടുത്ത് അതിനെ തല്ലിക്കൊന്നു.
ബസവമ്മ എന്റെ കാലെടുത്ത് മടിയിൽ വച്ച് പച്ചമഞ്ഞൾ കൊണ്ടു കടിച്ചിടത്ത് ഉരച്ചുകൊണ്ടിരുന്നു. ഞാൻ പെരുകിപ്പെരുകിവരുന്ന വേദനയിൽ വിയർത്ത് ബോധരഹിതനായി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.
പിന്നീട് നടന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു.
ആരോ പ്രകാശയെ വിളിക്കാനായി ഓടിച്ചെന്നു.
പ്രകാശ സ്‌കൂട്ടറിൽ ഓടിക്കിതച്ചെത്തി.
എന്നെ സ്‌കൂട്ടറിൽ പ്രകാശയുടെ പിന്നിലായി പിടിച്ചിരുത്തി സുഖരാജ് അതിന്റെ പിന്നിലിരുന്ന് മൊളക്കാൽമുരു പ്രൈമറി ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
ആസ്പത്രിയിലെ മേശപ്പുറത്ത് ഞാൻ കുറേനേരം മലർന്നു കിടന്നു. ഡോക്ടർ ഒരു ഇഞ്ചക്ഷൻ തന്നിരുന്നു.
കണ്ണു തുറന്നു നോക്കുമ്പോൾ എല്ലാവരും എന്റെ ചുറ്റിലുമായി ഉണ്ടായിരുന്നു. തിരികെപ്പോവുമ്പോൾ കുറച്ചു ഗുളികകളും.
മൊളക്കാൽമുരു തന്ന വേദനയുടെ ഒരോർമ്മ ബസവണ്ണയാൽ കൊല്ലപ്പെട്ട ആ തേൾ തന്ന സമ്മാനമായിരുന്നു. പാമ്പിനെയല്ല അന്നാട്ടുകാരൊക്കെ ഭയപ്പെട്ടിരുന്നത് തേളിനെയായിരുന്നു. മൂന്നു ദിവസം ആ വേദന നീണ്ടുനിന്നു. വേദനസംഹാരി കൊണ്ടുപോലും മാറാത്ത പുകഞ്ഞു കത്തുന്ന വേദന നൽകാൻ അവിടത്തെ തേളുകൾക്ക് കഴിഞ്ഞിരുന്നു.
ഞാൻ വേദനിച്ചു കിടക്കുമ്പോൾ സുഗുണയ്യ മുറിയിലേക്കു വരും. തേൾകുത്തി മരിച്ചുപോയവരുടെ പലകഥകളും അയാൾക്ക് പറയാനുണ്ടായിരുന്നു. സുഗുണയ്യയുടെ മരണസുവിശേഷങ്ങൾ കേട്ട് ഞാൻ മനസ്സിൽ കരുതും ഒരുപക്ഷെ ഞാനും ഇവിടെ വച്ചു മരിച്ചുപോകുമായിരിക്കും. വിഷംതീണ്ടി നീലിച്ച ശരീരവുമായി വേദനകളൊന്നുമില്ലാതെ ഈ നാടിനോട് വിടപറഞ്ഞ് സ്വന്തം നാട്ടിലേക്ക് പോകുന്നത് പലപ്പോഴും മനസ്സിൽ കണ്ടു.
വേദനയോടൊപ്പം ശരീരം ചിലപ്പോൾ ചുട്ടുപഴുത്തു. കാലു മാത്രമല്ല ഇപ്പോൾ കൈവിരലുകൾ പോലും അനക്കാനാവുന്നില്ല, ഓരോ ചെറിയ അനക്കത്തിലും കടച്ചിലും വേദനയും കൂടി വരുന്നു. വേദനയുടെ ശരശയ്യയിൽ നിന്ന് പ്രകാശ എന്നെയും കൂട്ടി മൂന്നു ദിവസവും ആസ്പത്രിയിലേക്ക് വീണ്ടും വീണ്ടും പാഞ്ഞു.
ഇതിനിടയിൽ ഓരോ നേരവും ബസണ്ണയും ബസമ്മയും എനിക്കുള്ള ഭക്ഷണം ഇലയിൽ ഭദ്രമായി പൊതിഞ്ഞു കെട്ടി കൊടുത്തയച്ചു. പക്ഷെ അതൊന്നും കഴിക്കാനോ ഒന്നു രുചിച്ചു നോക്കാനോ പോലും ആ നേരങ്ങളിൽ ഞാൻ അശക്തനായിരുന്നു. എങ്കിലും വേദനയിൽ വെന്തുകിടക്കുന്നേരം പനിയുള്ള സമയത്ത് അമ്മ തീയിൽക്കാട്ടി ചുട്ടുതരുന്ന പപ്പടത്തിന്റെയും ഉള്ളിച്ചമ്മന്തിയുടെയും രൂചി പലപ്പോഴും എന്റെ നാവിൽ വന്നു തൊട്ടു. ഒരുവിധം നടക്കാൻ പ്രാപ്തിനേടിയ നാലാംനാൾ വേദനയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് കൂട്ടുകാരോടൊപ്പം ഞാൻ രാത്രി ഭക്ഷണത്തിനായി ബസവണ്ണയുടെ വീട്ടിലേക്ക് ചെന്നു. കൈകഴുകുന്നിടം അന്ന് തുടച്ചു മിനുക്കിവച്ച ഒരു വിളക്ക് മണ്ണെണ്ണയിൽ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. ചുറ്റുപാടുകളൊക്കെ വൃത്തിയാക്കി വച്ചിരുന്നു. ഭക്ഷണം കഴിച്ച് കഴിയുന്നതുവരെ ബസമ്മ കൂടെത്തന്നെ നിന്ന് പലതും ചോദിച്ചിരുന്നു.
പല ക്ഷേത്രങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും കല്ലിൽ കൊത്തിവച്ച ദേവരൂപങ്ങൾക്കു മുന്നിൽനിന്ന് പ്രാർത്ഥിക്കുകയോ വഴിപാട് കഴിക്കുകയോ ചെയ്തിട്ടില്ല
അവിടെ നിന്ന് യാത്ര പറയാൻ നേരം ബസമ്മ അരികിലേക്ക് വന്ന് ഇലയിൽ പൊതിഞ്ഞ ഒരു ചെറിയ പൊതി നീട്ടി. എന്നിട്ട് പറഞ്ഞു. നുങ്കെമല സിദ്ധേശ്വരസ്വാമിയുടെ പ്രസാദമാണ്. മേഷിനുവേണ്ടി മൃത്യുജ്ജയ ഹോമം കഴിപ്പിച്ച് പ്രാർത്ഥിച്ചതിന്റേതാണ്. സ്നേഹപൂർവ്വം തന്നെ ഞാനത് ഏറ്റുവാങ്ങി.
അതും കയ്യിൽ പിടിച്ച് താമസസ്ഥലത്തേക്ക് നടന്നുപോയി. നുങ്കെമല ഇരുട്ടും നിലാവും കൂടിച്ചേർന്ന് വിദൂരതയിൽ ആകാശം തൊട്ടു നിൽക്കുന്നുണ്ടായിരുന്നു. പല ക്ഷേത്രങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും കല്ലിൽ കൊത്തിവച്ച ദേവരൂപങ്ങൾക്കു മുന്നിൽനിന്ന് പ്രാർത്ഥിക്കുകയോ വഴിപാട് കഴിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ഓരോ വിശ്വാസങ്ങളുടെ ലോകത്ത് ജീവിക്കുന്നവരുടെ വിശ്വാസങ്ങളോട് ഒരിക്കലും എതിരു നിന്നിട്ടുമില്ല. ബസമ്മയുടെ സിദ്ധേശ്വരനും മറ്റുപലരുടെയും കാലഭൈരവസ്വാമിയും നുങ്കെമലയുമൊക്കെ വിശ്വാസികളുടെ മനസ്സിന്റെ ഉൾബലത്തിലാണ് ശിലയിൽ നിന്ന് ദേവനിലേക്ക് ഉയർന്നു നിൽക്കുന്നത് എന്നെനിക്ക് തോന്നി.
മുറിയിലെത്തിയപ്പോൾ വേദനകളെല്ലാം വിട്ടുപോയതുപോലെ തോന്നി. ബസമ്മ നൽകിയ ആ പ്രസാദം ഞാൻ എല്ലാവർക്കുമായി പകുത്തു നൽകി. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രസാദമധുരമായ ആ രാത്രി അങ്ങനെ കടന്നുപോയി.
ഒമ്പത്
ഗുഡദേരബാവിയിലേക്കുള്ള കുളിയാത്രകൾ
നാട്ടിലെ കുളങ്ങളിലും ചിറകളിലും കുളിച്ചു തിമർത്ത ഒരു ബാല്യകാലം പഴയ തലമുറയിൽപ്പെട്ട എല്ലാവരുടെയും മനസ്സിലുണ്ടാവും. ബാല്യകാലത്തിനപ്പുറം കടന്നുചെല്ലാത്ത ഒരോർമ്മയായി കുളംകുളികൾ ഓരോരുത്തരുടെയും മനസ്സിൽ അവശേഷിക്കുകയും ചെയ്യുന്നുണ്ടാവണം. ബാല്യകാലത്ത് ഞാനും ഇതുപോലെ പല കുളങ്ങളിലും കുളിച്ച് തിമർത്തിട്ടുണ്ട്. പക്ഷെ അതിനേക്കാളൊക്കെ മിഴിവോടെ മനസ്സിലിപ്പോഴും ബാക്കിയാവുന്നത് മൊളക്കാൽമുരുവിൽ പഠിപ്പിക്കുന്ന കാലത്ത് ഗുഡദേര ബാവിയിൽ പോയി കുളിച്ച കുളിയുടെ ഓർമ്മകളാണ്.
കോളജിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഗുഡദേര ബാവിയിലേക്ക്. എല്ലാ ശനിയാഴ്ചയും കുട്ടികൾ പത്തുമണിയോടെ എന്റെ മുറിയുടെ വരാന്തയിൽ ഹാജർ പറഞ്ഞു റെഡിയായി നിൽക്കും. എന്റെ മുറിയുടെ വാതിലുകൾ എന്നും അവർക്കു കൂടി തുറന്നിടാറുള്ളതിനാൽ കുട്ടികൾക്ക് അകത്തുവരാനും മുറിയിലിരിക്കാനും വർത്തമാനങ്ങൾ പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. യാത്രതുടങ്ങും മുമ്പുള്ള കുട്ടികളുടെ ആദ്യത്തെ നടപടിക്രമങ്ങൾ മുറിയിൽ കടന്ന് ഒഴാഴ്ച ഞാൻ ധരിച്ച വസ്ത്രങ്ങൾ ഒരു മുണ്ടിലിട്ടു ഭാണ്ഡമാക്കി വയ്ക്കലാണ്. ഇത് ഒരിക്കലും ഞാൻ അവരോട് പറഞ്ഞ് ചെയ്യുന്നതായിരുന്നില്ല. മറിച്ച് സ്വമേധയാ അവർ ഒരനുഷ്ഠാനം പോലെ തുടങ്ങിവച്ച ഒന്നായിരുന്നു അത്.
ഒരു ദിവസം ഞാൻ പറഞ്ഞു. നിങ്ങൾ എന്റെ തുണി മാത്രം എന്തിനാണ് പൊതിഞ്ഞു കൊണ്ടുപോകുന്നത്. നിങ്ങൾക്ക് തുണിയൊന്നുമില്ലേ ?
എല്ലാ കുട്ടികളും പറയാറുള്ള അതേ ഉത്തരമാണ് അവർ പറഞ്ഞത്.ബട്ടെ അമ്മ ഓഗീത്താരെ.
(അത് അമ്മ അലക്കിക്കോളും)
ഞാൻ പറഞ്ഞു.കുളത്തിൽ കുളിക്കുന്നതോടൊപ്പം നമ്മളുപയോഗിച്ച
തുണിയും കൂടി നമ്മൾ കഴുകണം. പല പണികളും ചെയ്തു വിഷമിക്കുന്ന അമ്മയ്ക്ക് അതു വലിയ ആശ്വാസമാവില്ലേ ?
അവർക്കും അത് ശരിയായി തോന്നിയിരിക്കണം. അടുത്ത ആഴ്ചമുതൽ ഓരോരുത്തരുടെയും കയ്യിൽ അവരുടെ മുഷിഞ്ഞ വസ്ത്രങ്ങളുടെ ഭാണ്ഡക്കെട്ടുകൾ കൂടെയുണ്ടായിരുന്നു.
ഞാൻ വെറുതെ ചോദിക്കും. വീട്ടിൽ പറഞ്ഞാണോ വന്നിരിക്കുന്നത് ?
അവർ ഉറച്ച സ്വരത്തിൽ പറയും.പറഞ്ഞിട്ടുണ്ട് മേഷെ, മേഷുടെ കൂടെയാണെന്ന് പറഞ്ഞാൽ പിന്നെ വീട്ടിൽ ഒരു പ്രശ്നവുമില്ല. കുട്ടികളിലൂടെ വീട്ടിലെ എല്ലാ അച്ഛനമ്മമാർക്കും ഞാൻ പരിചിതനാണെന്ന് കൂടി അറിഞ്ഞു തുടങ്ങുന്നു. ഓരോ കുട്ടിയുടെയും കയ്യിൽ ഇതുപോലെ അവരുടെ തുണികളുടെ ഭാണ്ഡക്കെട്ടുകളും അതോടൊപ്പം ഒരു ഭക്ഷണപൊതിയുമുണ്ടാകുമായിരുന്നു. ആദ്യകാലത്ത് മൂന്നോ നാലോകുട്ടികളിൽ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് പത്തുപതിനഞ്ചോളം കുട്ടികളുടെ കുളിസംഘയാത്രയായി അത് മാറി.
ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും നമ്മുടെ നാട്ടിലെത്തിച്ചേരുന്ന അരിക്കു പിന്നിൽ ഓരോ ഇടങ്ങളിലുമുള്ള കർഷകർ കടിച്ചിറക്കുന്ന പച്ചമുളകിന്റെ എരിവാണുള്ളത് എന്ന് അന്നുമുതലാണ് എനിക്ക് മനസ്സിലായിത്തുടങ്ങിയത്
ചതുരത്തിൽ കഴുത്തോളം മാത്രം വെള്ളമുള്ള ഒരു ചെറിയ ചിറയായിരുന്നു ഗുഡദേര ബാവി. ചുറ്റുമുള്ള കൽമലകളിൽ നിന്ന് ഉറന്നുവരുന്ന ശുദ്ധമായ ഉറവയാണ് കുളത്തിലെ വെള്ളത്തിന്റെ ഒരേയൊരു സ്രോതസ്സ്. മെയ് മുതൽ സെപ്തംബർ വരെയാണ് ഇവിടത്തെ മഴക്കാലമെങ്കിലും നമ്മുടെ നാട്ടിൽപെയ്യുന്ന മഴയുടെ കാലിലൊരംശംപോലും പ്രകൃതി ഈ ദേശത്തിന് അനുവദിച്ചു നൽകില്ല. ആകാശം പിശുക്കോടെ വച്ചുനീട്ടുന്ന മഴത്തുള്ളികളെ കൽമലകൾ സംഭരിച്ചു വയ്ക്കുന്നതുകൊണ്ട് കുന്നിന്റെ താഴ്വരകളിലുള്ള വയലുകൾ നെല്ലും മുത്താറിയും നിലക്കടലയും തരാനായി പച്ചവിരിച്ചു നിൽക്കുന്നു.
രാവിലെ കുളത്തിലിറങ്ങിയാൽ വൈകുന്നേരം വരെ വെള്ളത്തിൽ തന്നെയാണ്. കുട്ടികളുടെ കൂട്ടത്തിൽ പലരും നീന്തൽ പഠിച്ചത് അവിടെ ആ കുളത്തിൽ വച്ചായിരുന്നു. കുളിയും കളിയും വർത്തമാനവും തന്നെ. ഇടയ്ക്ക് ഞാൻ എന്റേതായ ഒരു കഥ പറയും. കുട്ടികൾ അവരുടെ കഥയും. ഇതിനിടയിൽ കൊണ്ടുവന്ന തുണികളുടെ അലക്കും കൂടി നടക്കും. അലക്കിയ തുണികൾ വയലിനോട് ചേർന്നുള്ള പുൽത്തകിടിയിലാണ് ഉണക്കാനിടുന്നത്. കുളത്തിന്റെ ചുറ്റുവട്ടമാകെയും വയലുകൾതന്നെയായിരുന്നു. പകൽച്ചൂടിൽ പാടത്ത് പണിയെടുക്കുന്ന കർഷകർക്കുള്ള ഭക്ഷണം ഉച്ചനേരത്ത് കൊണ്ടുവന്നു വയ്ക്കുന്നതും അവരത് കഴിക്കുന്നതും കുളക്കടവിന്റെ ചുറ്റുവട്ടത്തിൽ ഇരുന്നുകൊണ്ടായിരുന്നു. ഭക്ഷണപ്പൊതിയുമായി വരുന്ന സ്ത്രീകളോടൊപ്പം പലപ്പോഴും ചെറിയ കുട്ടികളും ഉണ്ടാകുമായിരുന്നു. ഭക്ഷണപ്പൊതിയുമായി വന്ന് അവിടെയുള്ള ഓരോ മരച്ചുവട്ടിലും അവർ തങ്ങളുടെ വീട്ടുകാരെ കാത്തിരിക്കും. കൈകാലുകളിൽ പറ്റിനിൽക്കുന്ന വിയർപ്പും ചെളിയും നീർച്ചാലിൽനിന്ന് വൃത്തിയാക്കി അവർ ഭക്ഷണം കഴിച്ചു തുടങ്ങും.
അവർ കഴിക്കുന്ന ഭക്ഷണം വീടുകളിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവരുന്ന മുദ്ദെകളായിരുന്നു. മുദ്ദെയും അതിനോടൊപ്പം ഒന്നോരണ്ടോ പച്ചമുളകും എന്നതായിരുന്നു അവരുടെ ഭക്ഷണക്രമം. മുദ്ദെയോടൊപ്പം കറി കൂടിയുണ്ടെങ്കിൽ നല്ലതായിരിക്കും. പക്ഷെ അവരുടെ മുദ്ദെയോടൊപ്പം ഒരിക്കലും കറി ഞാൻ കണ്ടിട്ടില്ല. മറ്റുള്ളവർക്കു തിന്നാൻ വേണ്ടി ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നവർ ഭക്ഷണത്തിന്റെ രൂചി എന്തെന്നു പോലും അറിയാതെ ജീവിക്കുന്നു. നാവിന് ഉപ്പിനോടൊപ്പം എന്തെങ്കിലും ഒരു രുചി കിട്ടാൻ വേണ്ടിയാണ് അവർ ഇടയ്ക്കിടയ്ക്ക് പച്ചമുളക് കടിച്ചുകൊണ്ടിരുന്നത്. ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും നമ്മുടെ നാട്ടിലെത്തിച്ചേരുന്ന അരിക്കു പിന്നിൽ ഓരോ ഇടങ്ങളിലുമുള്ള കർഷകർ കടിച്ചിറക്കുന്ന പച്ചമുളകിന്റെ എരിവാണുള്ളത് എന്ന് അന്നുമുതലാണ് എനിക്ക് മനസ്സിലായിത്തുടങ്ങിയത്.
കർഷകർ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. എനിക്കിഷ്ടപ്പെട്ട ഹോളിഗെയായിരിക്കും മിക്കവാറും എല്ലാ കുട്ടികളും കൊണ്ടുവരാറുണ്ടായിരുന്നത്. കുറച്ചുപേർ കേസരിയും, നിലക്കടലയും കൊണ്ടു വരും. ഹോളിഗെ മേഷിന് ഇഷ്ടമാണെന്ന് കുട്ടികൾ വീട്ടിൽ ചെന്ന് പറയുന്നുണ്ടാവണം. അതറിയാവുന്ന അമ്മമാർ ശർക്കരയുടെ മധുരം നന്നായി ചേർത്ത് അതുണ്ടാക്കി കുട്ടികളുടെ കയ്യിൽ കൊടുത്തുവിടുകയും ചെയ്യുന്നു. കുട്ടികളുടെയും വീട്ടുകാരുടെയും സ്നേഹമാണ് ഓരോ ഹോളിഗെയിലൂടെയും ഞാൻ അനുഭവിച്ചത്. ഓരോരുത്തരും അവർ കൊണ്ടുവരുന്നത് ഞാൻ കഴിക്കണമെന്നാണ് ആഗ്രഹിച്ചത്. അവരതു പറയുമ്പോൾ ഞാൻ അവരെ സമാധാനിപ്പിക്കാറുള്ളത് ഇങ്ങനെ പറഞ്ഞായിരുന്നു.
കുളിക്കുന്നതിനിടയിൽ കുട്ടികൾ പറയുന്ന വാക്കുകളിലൂടെയാണ് ഞാൻ കന്നടയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്
എന്റേത് ചെറിയൊരു വയറായതുകൊണ്ട് ഓരോരുത്തരും
കൊണ്ടുവന്നതിൽ നിന്ന് കുറച്ചെടുക്കാം എന്നായിരുന്നു. ഓരോരുത്തരിൽ നിന്നും ഇത്തിരിയെടുക്കുമ്പോൾ തന്നെ എന്റെ വയറു നിറയും. എല്ലാവരും പങ്കിട്ടെടുത്തു കഴിച്ചാലും പിന്നെയും കുറച്ചൊക്കെ ബാക്കിയാകുമായിരുന്നു. അതുകൊണ്ടുതന്നെ അമ്മമാരോടൊപ്പം വയലിൽ വന്ന കുട്ടികളെ ഞങ്ങൾ ഹോളിഗെ കാട്ടി അരികിലേക്ക് വിളിക്കും. അവർ അതുകണ്ട് ഓടി വരും. മുദ്ദെ മാത്രം കഴിച്ച് ശീലീച്ച ആ ഇളം ചുണ്ടുകൾ ഹോളിഗെയുടെ മധുരം വായിലിട്ട് ചവച്ചുകൊണ്ട് ആനന്ദിക്കുന്നതു കാണാൻതന്നെ ഒരു രസമായിരുന്നു. ഹോളിഗെയുമായി കൂട്ടായതോടെ കുട്ടികൾ പിന്നെപ്പിന്നെ എല്ലാ ശനിയാഴ്ചയും ഓർത്തു വരാൻ തുടങ്ങി. ഞങ്ങളുടെ വിളികേൾക്കാൻ അവർ കാത്തിരിക്കുകയും ഞങ്ങളോടൊപ്പം അവിടെയുള്ളപ്പോഴൊക്കെ അവർ മധുരം പങ്കിട്ടു കഴിക്കുകയും ചെയ്തു.
എന്റെ ഓർമ്മയിൽ സെയ്ഫുള്ളയും ശ്രീവത്സയുമാണ് ഞങ്ങളുടെ കുളിസംഘത്തിലുണ്ടായിരുന്ന പ്രധാനികൾ. സെയ്ഫുള്ളയ്ക്ക് കുട്ടികളെ കളിപ്പിക്കാൻ നല്ല വശമുണ്ടായിരുന്നു. ശ്രീവത്സയും കൂടെക്കൂടും. എല്ലാവരും ചേർന്ന് കുട്ടികൾക്ക് വേണ്ടി ചില പാട്ടുകൾ പാടിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. കുളക്കടവിലെ ഉച്ചനേരങ്ങൾ പിന്നീടങ്ങോട്ട് പണിയെടുക്കുന്നവരും അമ്മമാരും കുട്ടികളും ഞങ്ങളും കൂടിച്ചേർന്ന ഒരു കൂട്ടമായി മാറി. വിശേഷങ്ങൾ ചോദിക്കുകയും വിശേഷങ്ങൾ പറയുകയും ചെയ്യുന്നവരുടെ കൂട്ടം.
കുളിക്കുന്നതിനിടയിൽ കുട്ടികൾ പറയുന്ന വാക്കുകളിലൂടെയാണ് ഞാൻ കന്നടയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്. കുട്ടികളോട് സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും കടന്നുവരും. കുളക്കടവിൽ വച്ച് കർഷകരെന്നോട് സംസാരിക്കുന്നതും ഞാൻ അവരോട് സംസാരിക്കുന്നതും കന്നട മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ അവർ പറയുന്നതു കേൾക്കാനും അവരോട് കൂടുതൽ നേരം സംസാരിക്കാനും ശ്രമിച്ചു. അങ്ങനെ ക്രമേണ മലയാളം സംസാരിക്കുന്നതുപോലെ തന്നെ എനിക്ക് കന്നടയും എന്റെ സ്വന്തം ഭാഷയായിത്തീർന്നു. ഒരു ദിവസം ഉച്ചനേരത്തെ വിശ്രമത്തിനിടയിൽ ഞാൻ പറഞ്ഞു.
നിങ്ങളുടെ കൊയ്ത്തു പാട്ടുകൾ ഒന്നു കേൾപ്പിച്ചു തരുമോ ?
പെണ്ണുങ്ങളെല്ലാം കൂടി പരസ്പരം മന്ത്രിക്കാൻ തുടങ്ങി. ഒടുവിൽ അവരെല്ലാം കൂടി പറഞ്ഞു. രാമയ്യ പാട്.
അയാൾ ആദ്യം ഒന്നു മടിച്ചെങ്കിലും മനോഹരമായി പാടി.കടലിനിന്ത നീര ആവി
മോടവായിതു ; മോട ഗിരിഗെ
മുത്തനിടെ മളെയു ആയിതു
മളെയു നെലകെ ബീളലു
ബെളയു ആയിതു;
ബെളെദ കാളു നമഗെ താനു
അന്നവായിതു
(കടലിൽ നിന്ന് നീരാവി മേഘമായില്ലേ
മേഘം മലയെ മുത്തമിട്ട് മഴയുമായില്ലേ
മണ്ണിൽ വീണ മഴ നമുക്ക് വിളവു തന്നില്ലേ
വിളവായ ധാന്യമെല്ലാം അന്നമായില്ലേ
നമുക്കന്നമായില്ലേ...)
അറുപതു വയസ്സു കഴിഞ്ഞ ഒരാളുടെ തൊണ്ടയിൽ നിന്ന് മുളകീറിവരുന്നതുപോലെ നേർത്തൊരു ശബ്ദത്തിൽ ഒരു പാട്ട്. മുറുക്കാൻ വായിലിട്ട് ഇടയ്ക്കു തുപ്പിയും ചവച്ചുംകൊണ്ടിരിക്കാറുമുണ്ടായിരുന്ന പ്രായംചെന്ന പെണ്ണുങ്ങൾ വായിലുള്ള തെല്ലാം ദൂരേക്ക് കളഞ്ഞ് രാമയ്യയോടൊപ്പം കൂടിച്ചേർന്ന് വായ്ത്താരി പാടി. കുട്ടികൾ അതിന് താളം പിടിച്ചു.
കുറച്ച് നേരത്തെ വിശ്രമത്തിനുശേഷം കൃഷിക്കാർ വയലുകളിലേക്കും ഭക്ഷണവുമായി വന്നവർ വീടുകളിലേക്കും തിരിച്ചു പോയി. കുട്ടികളും ഞാനും വീണ്ടും കുളത്തിൽ മുങ്ങി നിവർന്നു. ഒരാഴ്ചത്തെ കുളി ഒരൊറ്റ ദിവസം കൊണ്ട് കുളിച്ചു തീർത്ത സന്തോഷത്തോടെയുള്ള ഒരു മുങ്ങലാണ് അവർക്കത്.
കുട്ടികൾ കുളിയിലൂടെയും അതിനിടയിലെ കളിയിലൂടെയും ആനന്ദിക്കുന്നതുപോലെ കന്നടയിലെ വാക്കുകളോരോന്നും കേട്ടും പറഞ്ഞുപഠിച്ചും ഞാനും അതിലൂടെ എന്റേതായ ഒരാനന്ദം അനുഭവിച്ചു. മലയാളമെന്നപോലെ കന്നട സംസാരിക്കാൻ ഞാൻ പഠിച്ചത് കുട്ടികളോടൊപ്പമുളള ഇത്തരം യാത്രകളിലൂടെയായിരുന്നു. വൈകുന്നേരം മടങ്ങുന്നതിനു മുമ്പായി ഉണക്കാനിട്ട തുണികളെല്ലാം എടുത്തു ഭാണ്ഡങ്ങളായി വയ്ക്കും. പമ്പയിൽ മുങ്ങി ശബരിമല കയറുന്ന തീർത്ഥാടകരെപ്പോലെ ചുമലിൽ ഭാണ്ഡത്തിന്റെ തിരുമുടിക്കെട്ടുകളുമായി വരിവരിയായി പാടവരമ്പത്തു കൂടി ഞങ്ങൾ തിരിച്ചു നടക്കും.
പ്രകൃതിക്കൊപ്പവും കുട്ടികളോടൊപ്പവുമുള്ള യാത്രകളാണ് എന്നെ ജീവിതത്തിലെ വിലയേറിയ പല അനുഭവപാഠങ്ങൾ പഠിപ്പിച്ചുതന്നത്. പാഠപുസ്തകങ്ങളിൽ നിന്നു പല അറിവുകളും കിട്ടുമായിരിക്കും. പക്ഷെ, സ്നേഹത്തിന്റെ നിറവും അനുഭവത്തിന്റെ തികവും ഇത്രത്തോളം മറ്റെവിടുന്നാണ് കിട്ടുക. ഞാൻ മൊളക്കാൽമുരുവിലെ കുട്ടികൾക്ക് കൊടുത്തതെന്താണെന്ന് എനിക്കറിയില്ല. പക്ഷെ ആ കുട്ടികൾ തിരിച്ചുതന്നതിന്റെ ഓർമ്മകളിലാണ് ഞാൻ പിന്നീടുള്ള കാലം ജീവിച്ചതും ഇപ്പോഴും ജീവിക്കാൻ ശ്രമിക്കുന്നതും.
പത്ത്
നിറങ്ങളെക്കുറിച്ച് ഒരു കത്ത്
തിമ്മയ്യയുടെ കത്തു വന്നു. വെളുത്ത കടലാസിൽ എഴുതിയ കറുത്ത അക്ഷരങ്ങളായി ഞാനത് വായിച്ചു.പ്രിയ ശോഭിന്ദർ സാർ,മേഷ് തന്ന ഡയറിയിൽ ഞാനിന്നും എഴുതിക്കൊണ്ടിരിക്കുന്നു. ശ്രീനിവാസയുടെ സഹായത്തോടെ. നിറങ്ങളെക്കുറിച്ച് അന്ന് സംസാരിച്ച ശേഷം ഞാൻ വീണ്ടും വീണ്ടും അതേപ്പറ്റിത്തന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കണ്ട നിറങ്ങളെയും അത് കാണിച്ചു തന്ന കാഴ്ചകളെയും അത്രയേറെ പ്രിയത്തോടെ ഞാനിന്നും എത്തിനോക്കുന്നു. ഓർത്തോർത്ത് എന്റെ മനസ്സിൽ കൊത്തിവച്ച നിറങ്ങളെ ഞാൻ ഇന്ന് മിനുക്കിയെടുക്കുന്നു. മേഷെ, ഞാൻ കണ്ട നിറങ്ങളോരോന്നും ഇന്ന് മേഷിനു കൂടി കാണിച്ചുതരാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ കണ്ടതും മേഷ് കണ്ടതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ ? സൂര്യന്റെ കുങ്കുമ നിറം ആകാശത്തിന്റെ നീലനിറം ഇലകളുടെ പച്ചനിറം ചന്ദ്രന്റെ വെള്ളനിറം ജമന്തിയുടെ മഞ്ഞനിറം ചെമ്പരത്തിയുടെ ചുവപ്പു നിറം
നിറങ്ങളെക്കുറിച്ച് മാത്രമായിരുന്നു ആ കത്ത്. ഓരോ പൂവിനെയും അവൻ ഓരോ നിറങ്ങളിൽ നിന്നും കണ്ടെടുത്ത് കാട്ടിത്തരുന്നു. രൂപങ്ങളിൽ നിന്ന് നിറങ്ങളും നിറങ്ങളിൽ നിന്ന് രൂപങ്ങളും അവൻ കണ്ടെടുക്കുന്നു.
സൂര്യനും അഗ്‌നിക്കും ഒരു നിറമെന്ന് അവൻ പറയുന്നു. ആകാശത്തിനും കടലിലും അതുപോലെ. എല്ലാ നിറങ്ങളും ചേർത്താൽ ഒരു മഴവില്ലാകുമെന്നും ചന്ദ്രനെപ്പോലെ ചിരിച്ചാൽ അത് വെളുപ്പാകുമെന്നും ചിരി മാഞ്ഞുപോയ ആകാശമാണ് രാത്രിയെന്നും അവൻ പറയുന്നു.
തിമ്മയ്യ രൂപങ്ങളിൽ നിന്ന് നിറങ്ങളെ വേർതിരിച്ചെടുത്ത് കാട്ടിത്തരുന്നു. ഇലയിൽ തൊടുമ്പോൾ പച്ചകുത്തിയ ഓർമ്മകൾ തിരിച്ചുവരുമെന്നും വീണുകിടക്കുന്ന ഒരിലയിൽ നിന്ന് മഞ്ഞയും തവിട്ടും കണ്ടെത്താൻ കഴിയുമെന്നും അവൻ പറയുന്നു.
തിമ്മയ്യ കത്ത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.എല്ലാ നിറങ്ങളും ചേർന്ന മഴവില്ല് മനസ്സിലുണ്ട്. അതു മാഞ്ഞുപോവാതിരിക്കാൻ എന്നും ആ ഓർമ്മകളെ ഞാൻ തുടച്ചു മിനുക്കിക്കൊണ്ടിരിക്കുന്നു. അന്നു ഞാൻ കണ്ട ആ നിറങ്ങളൊക്കെയും ഇപ്പോഴും അങ്ങനെത്തന്നെയല്ലേ മേഷെ.
അന്നു രാത്രി ഞാൻ മുറിയോട് ചേർന്ന വരാന്തയിൽ തനിച്ചിരുന്നുകൊണ്ട് ആലോചിക്കുകയായിരുന്നു. തിമ്മയ്യയുടെ കത്തിന് എന്ത് മറുപടിയാണ് എഴുതേണ്ടത് ?
ഇരുട്ടിൽ ആകാശത്ത് ചിതറിക്കിടക്കുന്ന വെളിച്ചത്തിന്റെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തുവയ്ക്കുവാൻ ആവാതെ മനസ്സിൽ ഇതുമാത്രം ഞാൻ എഴുതിവച്ചു.തിമ്മയ്യാ, നീ മനസ്സിൽ കാണുന്ന നിറങ്ങൾക്കുള്ളത്ര ഭംഗി അതിനെ എന്നും കണ്ടുകൊണ്ടിരിക്കുന്നവരുടെ കാഴ്ചകൾക്ക് ഉണ്ടാവില്ല.
നീ നിറങ്ങൾ മനസ്സിൽ കൊത്തിവച്ചവനാണ്.
ഞങ്ങളാകട്ടെ കണ്ണുകൊണ്ട് കാണേണ്ടതൊക്കെ കാണുകയും കണ്ടതെല്ലാം എളുപ്പം മറക്കുകയും ചെയ്യുന്നു. നീ കണ്ട പൂക്കളൊന്നും ഇപ്പൊഴും വാടിയിട്ടില്ല. അതിലെ നിറങ്ങൾക്ക് ഒരു മങ്ങലും ഏറ്റിട്ടുമില്ല.
അടുത്ത ദിവസത്തെ തപാലിൽ ഞാനെഴുതി അയച്ച കത്ത് ഇപ്പോൾ അവിടെ കിട്ടിയിരിക്കണം. ശ്രീനിവാസ അത് വായിച്ചുകൊടുക്കുന്നതും തിമ്മയ്യ കേട്ടിരിക്കുന്നതും വരാന്തയിലിരുന്ന് ആകാശം നോക്കിനിന്നിരുന്ന ആ രാത്രികളിൽ ഞാൻ പലവട്ടം കേൾക്കുന്നുണ്ടായിരുന്നു.
പതിനൊന്ന്
ഒരു ഉൾനാടൻ മധുരഹോളിഗെ
സീതക്കയുടെ കല്യാണമാണ് മറ്റന്നാൾ. ബസ് കൂഡ്ലിഗിയിലേക്ക് പോയിക്കൊണ്ടിരുന്നു. മൊളക്കാൽമുരുവിൽനിന്ന് കൂഡ്ലിഗിയിലേക്ക് പോകുന്ന ഒരേയൊരു ബസ്സാണിത്. കോളജിൽനിന്ന് സുഖരാജും ചിന്നപ്പയ്യയും വാസുദേവ മൂർത്തിയും ലൈബ്രേറിയൻ സുഗുണയ്യയും കൂടെയുണ്ടായിരുന്നു. ടാർറോഡിൽനിന്ന് ബസ് മൺപാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോൾ പൊടിമണ്ണ് ആകാശത്തോളം ഉയർന്നുപൊങ്ങി. ബസ് സ്റ്റോപ്പിൽ നിർത്തുന്ന സമയത്ത് തവിട്ട് കലർന്ന പൊടിമണ്ണ് വന്ന് ബസ്സിനെ പൊതിഞ്ഞുനിന്നു. വാതിൽ തുറന്ന് ഇറങ്ങുന്നവർ പടർന്നുകിടക്കുന്ന പൊടിമണ്ണിലേക്ക് ഇറങ്ങി അപ്രത്യക്ഷ്യരാവുന്നു. സ്റ്റോപ്പിൽനിന്നും കയറിയവരാകട്ടെ ബസ് നീങ്ങി കുറച്ചു കഴിഞ്ഞാൽ മാത്രമേ രൂപം കൊണ്ട് കൺമുന്നിൽ പ്രത്യക്ഷപ്പെടുകയുള്ളൂ.
കർണാടകയിലെ ഉൾനാടൻ ജീവിതമാണ് യാത്രയിൽ തെളിഞ്ഞു വരുന്നത്. മൺപാതകൾക്കിരുവശവും മുത്താറി വയലുകളായിരുന്നു. ചിലയിടങ്ങളിൽ വിശാലമായ നിലക്കടലകൃഷിപ്പാടങ്ങൾ. കരിഞ്ഞുകത്തിയ മണ്ണുപോലെ വരണ്ടുണങ്ങിയ ഒരുപാട് മനുഷ്യർ വെയിലത്ത് പണിയെടുത്തുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളിലെത്തുമ്പോൾ മണ്ണിന് വെള്ളത്തിന്റെ നനവും പശിമയുമുണ്ടായിരുന്നു. പച്ചപ്പിന്റെ മേലാപ്പു ചുറ്റിയ സമൃദ്ധിയുടെ കാഴ്ചകൾ യാത്രയിൽ ഇടവേളകൾപോലെ കടന്നുവന്ന് കണ്ണുകളെ സന്തോഷിപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്തതും ഒരു പക്ഷെ ഇനിയൊരിക്കലും കാണാനിടയില്ലാത്തതുമായ പലതരം കാഴ്ചകളിൽ മുഴുകി ബസ്സിനൊപ്പം ഞാനും മനസ്സുകൊണ്ട് പലവഴികളിലൂടെയും സഞ്ചരിച്ചു.
അതിഥികളായ ഞങ്ങളെ അവർ കല്യാണവീട്ടിലേക്ക് ശബ്ദാഭിഷിക്തരായി ആനയിക്കുകയായിരുന്നു. വധൂവരന്മാരെ സ്വീകരിച്ചു കൊണ്ടുപോകുന്നതുപോലെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ഞങ്ങൾ ഒരു സ്വപ്നംപോലെ ഒരു ഗ്രാമാന്തരത്തിലൂടെ ആനയിക്കപ്പെടുന്നു
ഗ്രാമാന്തരങ്ങളോരൊന്നായി ബസ് കടന്നുപോവുന്നു. ഒരു കുഗ്രാമത്തിലെത്തിയപ്പോൾ ബസ് നിന്നു. കുറെ ആളുകൾ അവിടെ കൂടി നിൽക്കുന്നു. അവർ ബസ്സിനെ കൈകാട്ടി നിർത്തിച്ചതാണ്. കണ്ടക്ടർ ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു. ഞങ്ങൾ പൊടിപടലങ്ങളിലേക്ക് ഇറങ്ങി നിന്നു. ആൾക്കൂട്ടം ബസ്സിൽ കയറിയിരുന്നില്ല. ബസ് പൊടിപരത്തിക്കൊണ്ടു കടന്നുപോയി. പൊടിയിൽ മൂടിപ്പോയ ആൾക്കൂട്ടം കൺമുമ്പിൽ പതിയെപ്പതിയെ വെളിപ്പെട്ടു വന്നു. അവരൊക്കയും തലപ്പാവ് ധരിച്ചിരുന്നു. വെള്ളനിറത്തിലുള്ള ഒരു പ്രത്യേക വസ്ത്രം ഉടുത്തിരുന്നു. അവരുടെ കയ്യിൽ ചെണ്ടപോലുള്ള വാദ്യോപകരണങ്ങളുണ്ടായിരുന്നു. അവർ അതിൽ താളം പിടിക്കാൻ തുടങ്ങി. ചിലരുടെ കയ്യിൽ തുന്നിക്കെട്ടിയ പൂമാലകളുണ്ടായിരുന്നു. ഒരരങ്ങ് കേളി പോലെ കൊട്ടിത്തീർന്നശേഷം സംഘത്തിൽ നിന്ന് ഒരാൾ ഞങ്ങളോട് ചോദിച്ചു.മൊളക്കാൽമുരുവിൽ നിന്നല്ലേ ?
ഒരമ്പരപ്പോടെ ഞങ്ങളെല്ലാവരും പറഞ്ഞു. അതെ.
അവർ അടുത്തേക്ക് വന്ന് വണങ്ങിക്കൊണ്ട് അഭിവാദ്യമർപ്പിച്ചു. പൂമാലകൾ കയ്യിലേന്തിയവർ സ്വാഗതമോതിക്കൊണ്ട് അത് ഞങ്ങളുടെ കഴുത്തിലണിയിച്ചു. ഇതിനിടയിൽ വാദ്യഘോഷം വീണ്ടുമുയർന്നുതാണു.
മന്ത്രിമാരെയും ചില വിശേഷപ്പട്ട അതിഥികളെയുമൊക്കെ ഇതുപോലെ സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. വളരെ സാധാരണക്കാരായ ഞങ്ങൾക്ക് കിട്ടിയ ഈ സ്വീകരണത്തിന്റെ അർത്ഥമറിയാതെ ഞങ്ങൾ ഉള്ളിൽ ചിരിക്കുകയും പരസ്പരം നോക്കുകയും ചെയ്തു.
അതിഥികളായ ഞങ്ങളെ അവർ കല്യാണവീട്ടിലേക്ക് ശബ്ദാഭിഷിക്തരായി ആനയിക്കുകയായിരുന്നു. വധൂവരന്മാരെ സ്വീകരിച്ചു കൊണ്ടുപോകുന്നതുപോലെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ഞങ്ങൾ ഒരു സ്വപ്നംപോലെ ഒരു ഗ്രാമാന്തരത്തിലൂടെ ആനയിക്കപ്പെടുന്നു. അതിന്റെയൊരു മായികമായ അനുഭവത്തിൽ മുഴുകി ഞങ്ങൾ അവരോടൊപ്പം നടന്നു. ചെറുകുടിലുകളിൽ നിന്ന് ഗ്രാമീണരായ ആളുകൾ അവരുടെ ആകാംക്ഷതുളുമ്പുന്ന കണ്ണുകളോടെ ഞങ്ങളെ എത്തിനോക്കുന്നുണ്ടായിരുന്നു. പാടത്തിന് നടുവിലൂടെ കുറച്ചുദൂരം നടന്നശേഷം ഞങ്ങൾ മറ്റൊരു മൺപാതയിലെത്തി. അവിടെയും കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു. അവിടെ അലങ്കരിച്ചുവച്ച രണ്ടു കാളവണ്ടികളുമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം വന്ന സംഘം കാളവണ്ടിയുടെ അരികിലെത്തിയപ്പോൾ നിന്നു. കാളവണ്ടിയോടൊപ്പം നിൽക്കുന്ന ആൾ തൊഴുതുകൊണ്ട് ഞങ്ങളോട് പറഞ്ഞു.നീവു ഈ ഗാഡിയല്ലി കുളിത്തുകൊളളി. നാവു നിമഗാകിയേ കായിദ്ദിദ്ദേവൂ
(ഈ വണ്ടിയിൽ കയറിക്കോളൂ. നിങ്ങളെ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നിരിക്കുന്നത്).
ഞങ്ങൾ നാലുപേരും പരസ്പരം നോക്കി. ആനയിക്കപ്പെടൽ കഴിഞ്ഞില്ലേ എന്ന അർത്ഥത്തിൽ. രണ്ടു വണ്ടികളിലായി കയറിയിരുന്നു. കുടമണികൾ കിലുക്കിക്കൊണ്ട് കാളവണ്ടികൾ പതുക്കെ ഓടി. അതിന്റെ കൊമ്പുകൾ മനോഹരമായി അലങ്കരിച്ചിരുന്നു. വണ്ടിയുടെ ഉൾവശവും മനോഹരമായിരുന്നു.
വണ്ടിക്കാരൻ ചോദിച്ചു.നീവു നമ്മ സീതാണ്ണന ജൊദെ മേഷുകളാകിദ്ദീരാ ?
(നിങ്ങൾ സീതണ്ണയുടെ കോളജിൽ പഠിപ്പിക്കുന്ന മേഷമ്മാരല്ലേ ?)
ഞങ്ങൾ പറഞ്ഞു. അതെ.
ചിന്നപ്പയ്യ ചോദിച്ചു.ഇതു യാവ ഊരു ? ഇന്നൂ ജാസ്തി ദൂര ഇദിയേൻരി ?
(ഇത് ഏതാണ് സ്ഥലം ? ഇവിടുന്ന് കുറെ ദൂരം പോകേണ്ടതുണ്ടോ ?മഹാദേവപുര ഇവിടുന്ന് ഒരു അരമൈൽദൂരമേയുള്ളൂ.
ഞാൻ ചോദിച്ചു.സീതണ്ണ തിരക്കിലാവും അല്ലേ ?
അയാൾ പറഞ്ഞു.തിരക്കൊന്നുമില്ല. നിങ്ങളെ സ്വീകരിക്കാനായി അദ്ദേഹം കാത്തിരിക്കുകയാണ്.
കാളവണ്ടിക്ക് കടന്നുപോകാൻ പാകത്തിലുള്ള ഒരു മൺപാതയായിരുന്നു അത്. പൊടിയുയരാത്ത വഴിയോരങ്ങളിൽ ഞാൻ കണ്ണുകൾ പായിച്ചു. അതിനിരുവശത്തും ഓലമേഞ്ഞ ചെറുവീടുകൾ. ഒരാൾക്ക് ഇരിക്കാൻ മാത്രം വീതിയുള്ളതായിരുന്നു അവരുടെ കോലായകൾ. കരിതേച്ചു മിനുക്കിവച്ച ചുമരും തറയും. അകത്തേക്ക് കുനിഞ്ഞു കയറാൻ പാകത്തിൽ മുൻഭാഗത്ത് ഒരൊറ്റവാതിൽ. ഒരേപോലെയിരിക്കുന്ന ഒരുപാട് വീടുകൾക്കിടയിലൂടെ കാളവണ്ടി ഒഴുകിപ്പോകുന്നു. വീടിനു പുറത്തുണ്ടായിരുന്ന ആളുകൾ കാളവണ്ടി കടന്നുപോവുമ്പോൾ വിനയത്തോടെ തൊഴുതു നിന്നു.
വണ്ടിക്കാരൻ പറഞ്ഞു.സീതണ്ണയുടെ അപ്പ ഇവിടത്തെ ഗൗഡയാണ്.നാട്ടുമൂപ്പൻ. അതുകൊണ്ടാണ് ആളുകൾ ഇങ്ങനെ ബഹുമാനിക്കുന്നത്.
ഞാൻ ചോദിച്ചു.നിങ്ങളുടെ ഗൗഡ നല്ല ആളാണോ ?
അയാളുടെ ശബ്ദം ഗൗരവത്തിലായി.ഈ ഗ്രാമത്തിന്റെ ശ്വാസം അദ്ദേഹത്തിന്റെ വാക്കിലാണ്.
എല്ലാവർക്കും വേണ്ടപ്പെട്ടവനാണ്. ഞങ്ങൾ ജീവിച്ചു
പോരുന്നത് അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ടാണ്. ഒരു
നല്ല മനുഷ്യൻ.
അവസാനം ഒരു കാര്യം കൂടി അയാൾ പറഞ്ഞു.ഗൗഡരു ഒള്ളെയവരിഗെ ഒള്ളയവരു കെട്ടവരിഗെ തുമ്പ കെട്ടവരു (ഗൗഡ നല്ലവർക്ക് നല്ലവൻ. മോശപ്പെട്ടവർക്ക് തികച്ചും മോശപ്പെട്ടവൻ)
പാത അവസാനിക്കുന്നിടം ഗൗഡയുടെ വീടാണ്. ഞങ്ങളുടെ സീതണ്ണയുടെ വീട്.
ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീട് അതായിരുന്നു. വിസ്താരമേറിയ മുറ്റം. അലങ്കരിച്ച പന്തൽവിതാനം. ചിരട്ടയോടുകൾകൊണ്ട് മേൽക്കൂര പൊതിഞ്ഞ വിസ്താരമേറിയ ഒരു ഒറ്റനില വീട്. സീതണ്ണ ഞങ്ങളെ കണ്ട് ഓടിവന്നു. കൈപിടിച്ചു സ്വീകരിച്ചു. കോലായിൽ സീതണ്ണയുടെ അച്ഛനായ ഗൗഡ ഇരിക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ആളുകൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അവർ വിനയപൂർവ്വം ഉത്തരവുകൾ സ്വീകരിക്കുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളൊന്ന് മുഖം കാണിച്ചു തൊഴുതു നിന്നു. തൊഴുതുകൊണ്ടുതന്നെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.
സീതണ്ണ ഞങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറി തന്നു. ബാഗും സാധനങ്ങളും വച്ച് കണ്ണാടിയിൽ വെറുതെ ഒന്നു നോക്കിയതാണ്. വഴിയരികിൽ കണ്ട പൊടി മൂടിക്കിടക്കുന്ന ഒരു ചെടിപോലെയിരിക്കുന്നു തലയും മേലും. തലയാകെ പൊടിപറ്റി ചെമ്പിച്ച മാതിരി. മേലാസകലം മണ്ണിന്റെ പൊടിപൂരം. ആരെങ്കിലുമൊക്കെ പരിചയപ്പെടാൻ വരും മുമ്പെ എത്രയും പെട്ടെന്നുതന്നെ ഒന്ന് കുളിച്ചുവരണമെന്നു തോന്നി. സീതണ്ണ പറഞ്ഞതനുസരിച്ച് ഞങ്ങളെല്ലാവരും വീടിനോട് ചേർന്നുള്ള ഒരു കുളത്തിൽ ചെന്നു മുങ്ങി. തണുത്ത വെള്ളം. നല്ല സുഖം. പൊടിമണ്ണിൽനിന്ന് പച്ചവെള്ളത്തിലേക്ക് ശരീരം പരകായപ്രവേശം ചെയ്യുകയാണ്. ഒന്നു മുങ്ങി നിവരുമ്പോഴേക്കും നല്ലൊരുണർവ്വ് തോന്നി. ആകെപ്പാടെ ഒന്നു വെടിപ്പായതുപോലെ. കണ്ണും മനസ്സും തുറന്നുതരുന്ന ഒരു അപൂർവ്വമായ കുളിയോർമ്മയായി അത് മനസ്സിൽ നിൽക്കുന്നു.
കുളി കഴിഞ്ഞ് കുളക്കരയിൽ ഞങ്ങൾ കുറച്ചുനേരം ഇരുന്നു. കുളത്തിനോട് ചേർന്ന് വിശാലമായ വയലുകൾ. വൈകുന്നേരത്തെ ഇളം കാറ്റ്. തെളിഞ്ഞ ആകാശം പറന്നുപോവുന്ന പക്ഷികൾ. പച്ചപ്പിന്റെ അറ്റമില്ലാത്ത കാഴ്ചകൾ. കർണാടകത്തിലെ ചില ഗ്രാമക്കാഴ്ചകൾ കേരളത്തെ ഓർമ്മിപ്പിക്കുന്നു.
മുറിയിലെത്തിയപ്പോൾ സീതണ്ണ ഞങ്ങളെ ഭക്ഷണം കഴിക്കാനായി കൊണ്ടുപോയി. അമ്മ ഭക്ഷണം വിളമ്പി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ സീതണ്ണയോട് പറഞ്ഞു.സീതണ്ണാ ഇവര പക്കതല്ലി ഊട്ടക്ക് കൂത്ത്ക്കോ
(മോനെ നീയും ഇവരുടെ കൂടെ ഇരുന്നോളൂ)
സീതണ്ണയും കൂടി ഞങ്ങളുടെ കൂടെയിരുന്നു.
ചുട്ടെടുത്തപാടുള്ള ഹോളിഗെ ഒരു പാത്രത്തിൽ. അതിനൊപ്പം ചേർത്തു കഴിക്കാൻ ഒരു മൊന്തയിൽ നിറയെ തേൻ. മറ്റൊരു മൊന്തയിൽ പാൽ. തേൻ ചേർത്തും ഇടയ്ക്കു പാൽ കൂട്ടിയും രുചിയോടെ ഹോളിഗെ എല്ലാവരും കഴിച്ചുകൊണ്ടിരുന്നു. ഗോതമ്പുകൊണ്ട് പരത്തിയെടുത്തുചുടുന്ന ചപ്പാത്തി പോലെയാണ് ഹോളിഗെ. അതിന്റെ ഉള്ളിൽ ശർക്കരയും തേങ്ങയും ചേർത്തു ചുട്ടെടുത്താൽ ഹോളിഗെ എന്ന മധുര പലഹാരമായി. തീരുന്നതിനു മുമ്പ് ചൂടോടെയുള്ള ഹോളിഗെ അമ്മ പാത്രത്തിൽ ഇട്ടു തരുന്നുണ്ടായിരുന്നു. ഇടയ്ക്ക് സീതണ്ണ എന്തോ ഓർമ്മിച്ചെടുക്കും പോലെ അമ്മയോട് പറഞ്ഞു.അമ്മേ, ശോഭ് മേഷിന് മുദ്ദെ ഇഷ്ടമാണ്. അതില്ലെ?
അമ്മ ഒരു മറവി പറ്റിയപോലെ വേഗത്തിൽ ചെന്ന് മുദ്ദെയുടെ ഒരു പാത്രം കൊണ്ടു വന്നു. അതിനോടൊപ്പം ചില തൊടുകറികളും.
ഇവിടത്തെ ഉരുളൻകല്ലും ഇന്നാട്ടുകാരുടെ പ്രധാന ഭക്ഷണമായ മുദ്ദെയും ഒരുപോലിരിക്കുന്നു. വലിയ ഉരുളകൾ. ഞാൻ അതിൽനിന്ന് ഒരെണ്ണമെടുത്ത് തിന്നാൻ തുടങ്ങി. മറ്റുള്ളവർ ഹോളിഗെയും അതുപോലുള്ള മറ്റു പലതിലും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഇതിനിടയിൽ കല്യാണപ്പെണ്ണ് സീതക്കയുടെ മുഖം ഒരു ചിരി തന്നുകൊണ്ട് അതുവഴിയെ കടന്നുപോയി.
സീതണ്ണ സുഖരാജിനോട് ചോദിച്ചു.നിങ്ങൾക്ക് മുദ്ദെ വേണ്ടേ ?
സുഖരാജ് ചിരിച്ചുകൊണ്ടു പറഞ്ഞു. മുദ്ദെ ശോഭ് മേഷ് തിന്നോട്ടെ. ഞങ്ങൾക്ക് ഇതു മതി. അതുകേട്ടു സുഗുണയ്യയും വാസുദേവ മൂർത്തിയും പൊട്ടിച്ചിരിച്ചു.
ഞാൻ പറഞ്ഞു. മുദ്ദെയെ കന്നടിഗർ കുറ്റം പറയരുത്. നിങ്ങടെ നാട്ടിലെ കോടിക്കണക്കിന് കർഷകർ കഴിക്കുന്ന ഭക്ഷണമാണിത്. അവരിത് കഴിച്ച് വിശപ്പുമാറ്റിയിട്ടാണ് നിങ്ങൾക്ക് തിന്നേണ്ട പലതും കൃഷി ചെയ്തുണ്ടാക്കുന്നത്.
സീതണ്ണയുടെ അമ്മയ്ക്ക് ഞാൻ പറഞ്ഞത് ഇഷ്ടമായി എന്നു തോന്നുന്നു. അതുകൊണ്ടാവാം. അവർ ഒരു മുദ്ദെ കൂടി എടുത്ത് എന്റെ പാത്രത്തിൽ ഇടാനൊരുങ്ങി.
ഞാൻ സീതണ്ണയെ നോക്കി പറഞ്ഞു.ഇത് മതി മാഷെ. ഇപ്പോൾത്തന്നെ അധികമായിപ്പോയി.
എഴുന്നേൽക്കുന്നതിനു മുമ്പ് അമ്മ ഒരു വലിയ ഗ്ലാസ് നിറയെ പാലുകൂടി കൊണ്ടുവന്നു. അതുകൂടി കുടിച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു പാമ്പ് വലിയൊരു ഇരയെ വിഴുങ്ങിയ പോലെയായി ഞങ്ങൾ. മധുരത്തിന്റെ മത്തുപിടിച്ച് മയക്കം വന്ന ആ രാത്രിയിൽ ഞങ്ങൾക്ക് ഉറങ്ങാൻ ഒരുങ്ങേണ്ടി വന്നില്ല. സീതണ്ണ വന്ന് ഉറങ്ങാനുള്ള ഇടങ്ങൾ കാട്ടിത്തരുന്നതിമുമ്പെ ഞങ്ങളെല്ലാവരും കിടക്കയിൽ വീണു ഉറങ്ങിക്കഴിഞ്ഞിരുന്നു.
(തുടരും)
എഴുത്ത്: ഡോ. ദീപേഷ് കരിമ്പുങ്കര