കുഗോബെട്ടയിലേക്കുള്ള ഇപ്പോഴത്തെ വഴി

കുട്ടികൾ നട്ടുവളർത്തിയ നാട്ടുമരം

മൊളക്കാൽമുരുവെന്ന പാഠപുസ്തകം - 2

നാല്

ന്നെ രൂപപ്പെടുത്തിയ ഒരു പാഠപുസ്തകമായിരുന്നു മൊളക്കാൽമുരു. നാടും നാട്ടുകാരും കുട്ടികളും എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും അവരിലൊരാളായി കാണുകയും ചെയ്തു. ബാംഗ്ലൂർ കോളജിൽ പഠിപ്പിക്കുന്ന കാലത്ത് കോട്ടും ടൈയുമൊക്കെയായിരുന്നു അവിടത്തെ അന്തരീക്ഷം ആവശ്യപ്പെട്ടത്. മൊളക്കാൽമുരുവിലെത്തിയപ്പോൾ ആദ്യം ഞാൻ ഒഴിവാക്കിയത് കഴുത്തിൽ കെട്ടാനായി വാങ്ങിവച്ച ടൈകൾ ആയിരുന്നു. കോട്ടും അവിടെ ആവശ്യമുണ്ടായിരുന്നില്ല. പച്ചയായ മനുഷ്യരും അത്രയേറെ നിഷ്‌കളങ്കരായ കുട്ടികളും അന്നാട്ടിലെത്തിയ ആദ്യനാൾ തൊട്ട് എന്റെ അറിവിനെയും ഉറച്ചുപോയ ബോധ്യങ്ങളെയും തിരുത്തി. കോളജ് അധ്യാപകൻ എന്ന ഭാവത്തിൽ നിന്ന് മനുഷ്യൻ എന്ന പരമമായ സത്യത്തിലേക്ക് അതെന്നെ നയിച്ചു.
എനിക്ക് കുട്ടികളോട് സംസാരിക്കാൻ അവരുടെ ഭാഷ അറിയില്ലായിരുന്നു. ഞാൻ ഇംഗ്ലീഷിൽ അവരോട് സംസാരിച്ചു. പാഠപുസ്തകത്തെ മാറ്റി വച്ച് ജീവിതത്തെക്കുറിച്ചാണ് ഞാൻ അവരോട് സംസാരിച്ചു തുടങ്ങിയത്. ജനനത്തിനും മരണത്തിനും ഇടയിലെ ജീവിതകഥയുടെ പുസ്തകം ഞാൻ അവരുടെ മുന്നിൽ തുറന്നുവച്ചു. അതിൽ ഞാൻ ആദ്യം പറഞ്ഞത് എന്റെ ജീവിതകഥ തന്നെയായിരുന്നു. ഞാൻ ജനിച്ച നാട്. അവിടത്തെ ഭൂപ്രകൃതി. മനുഷ്യർ... അവിടെ നിന്ന് ദേശത്തിന്റെയും ഭാഷയുടെയും ജാതിമതങ്ങളുടെയും എല്ലാ അതിരുകളെയും ഇല്ലാതാക്കുന്ന ഭൂമി, സൗരയൂഥവും അനന്തകോടി നക്ഷത്രങ്ങളും ഉൾക്കൊള്ളുന്ന ആകാശം, പ്രപഞ്ചത്തിന്റെ പരമവിശാലതയിൽ നിന്ന് പിന്നെ ഞാൻ താഴെയിറങ്ങി വന്നു. കർണാടകയിലെ മൊളക്കാൽമുരു എന്ന ഈ ഗ്രാമത്തിലേക്ക്. അവിടെ ഒരു കോളജ്. ഈ ക്ലാസ് മുറി. രണ്ടു പാദങ്ങൾമാത്രം ചവിട്ടി നിൽക്കുന്ന രണ്ടടി മണ്ണിലേക്ക് ഒരു ജീവിതകഥ ഞാൻ ചുരുക്കിപ്പറഞ്ഞു.

എന്നിട്ട് ഞാൻ അവരോട് ചോദിച്ചു.നിങ്ങളിപ്പോൾ എവിടെയാണ് ?
കുട്ടികൾ ഭൂമിയും ആകാശവും മറ്റു ഗ്രഹങ്ങളും ചുറ്റിസഞ്ചരിച്ച് ചവിട്ടിനിൽക്കുന്ന രണ്ടടി മണ്ണിലേക്ക് നോക്കുന്നു. അതോടൊപ്പം കടന്നുവന്ന വഴിത്താരകളെക്കുറിച്ച് ഓർക്കുന്നു. ഞാൻ ചോദിച്ചു.പലവഴികളിലൂടെ സഞ്ചരിച്ച് ഇപ്പോൾ നിങ്ങളും ഇവിടെ എത്തി നിൽക്കുന്നു. അല്ലേ ?
പലരും പറഞ്ഞു.ഹവുദു സാർ, ഹവുദു.
ഞാൻ എല്ലാവരോടുമായി പറഞ്ഞു.കണ്ണടച്ചുകൊണ്ട് നിങ്ങളെല്ലാവരും മനുഷ്യവംശം കടന്നു വന്ന വിദൂരമായ ഇന്നലെകളിലേക്ക് നോക്കൂ.
കുട്ടികൾ അവർക്കാവുന്ന ദൂരത്തിൽ മനസ്സുകൊണ്ട് സഞ്ചരിച്ചു. വീടില്ലാത്ത, നാടില്ലാത്ത ഒരു കാലഘട്ടം പലരും മനസ്സിൽ കണ്ടു.
കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ. കുട്ടികൾ കൺതുറന്നു.
ഒരു കുട്ടിയോട് കണ്ടത് പറയാൻ പറഞ്ഞു.
അവൻ പറഞ്ഞു.മേഷെ, നാനു ആദിമാനവരു അലെദാടുവുതന്നു കണ്ടു.
(മാഷെ, ഞാൻ കുറെ നാടോടികളെ കണ്ടു)
മറ്റൊരാൾ പറഞ്ഞു.മേഷെ, നാനു അവരിഗളു ബേട്ടയാടുവുതന്നു കണ്ടു.
(മാഷെ, ഞാൻ അവർ നായാടുന്നതു കണ്ടു)
അടുത്തയാൾ പറഞ്ഞു.
മേഷെ, അവർ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്
അലയുകയായിരുന്നു.

ഞാൻ എല്ലാവരെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ട് എല്ലാവരോടുമായി വീണ്ടും കണ്ണടയ്ക്കാൻ പറഞ്ഞു.
അവർ ഒരു സിനിമ കാണുന്ന താത്പര്യത്തോടെ കണ്ണുകൾ അടച്ചിരുന്നു. നേരത്തെ കണ്ട കാഴ്ചയിൽ നിന്ന് കുറച്ചുകൂടി അടുത്തേക്ക് വരൂ. നിങ്ങൾക്കവിടെ പലതും കാണാൻ കഴിയും. അതൊക്കെ ഒന്നു കണ്ടു നോക്കൂ.
കുട്ടികൾ അവരുടെ ആത്മബോധങ്ങളിലൂടെ സഞ്ചരിച്ചു.
അതിനിടയിൽ ഞാൻ അവർക്ക് കാണാവുന്ന കാഴ്ചയുടെ സമൃദ്ധികളെപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കണ്ണുതുറക്കാൻ പറഞ്ഞു.
അവർ പ്രസന്നമായ മുഖത്തോടെ കണ്ണുകൾ തുറന്നു. സന്തോഷത്തിന്റെ ഒരു വലയത്തിനുള്ളിലിരുന്ന് അവർ കണ്ടതിനെപ്പറ്റി പറയാൻ ഒരുങ്ങി നിന്നു.
ഞാൻ ചോദിച്ചു.
നിങ്ങൾക്ക് എന്തൊക്കെ കാണാൻ കഴിഞ്ഞു.
ഒരു പെൺകുട്ടി വേഗത്തിൽ എഴുന്നേറ്റു നിന്നു.മേഷെ, ഞാനൊരു നദി ഒഴുകി വരുന്നതു കണ്ടു. അതിന്റെ തീരത്ത് വിശാലമായ വയലേലകളും കണ്ടു.
മറ്റൊരു കുട്ടി പറഞ്ഞു.മേഷെ ഞാനൊരു കുടിലു കണ്ടു. അവിടെ കുറേപ്പേർ താമസിക്കുന്നുണ്ടായിരുന്നു. ഞാൻ ആളുകൾ പലതരം പണിയിലേർപ്പെടുന്നത് കണ്ടു ഒരു ഗോത്രത്തലവനെ കണ്ടു. ചക്രങ്ങൾ കണ്ടു.
അങ്ങനെ ഓരോരുത്തരായി പലതും പറഞ്ഞു.
അവരെയെല്ലാം ഞാൻ ഒന്നു കൂടി അഭിനന്ദിച്ചു.
ഞാൻ പറഞ്ഞു. ഇനി നമ്മുടെ ജീവിതത്തിലേക്ക് വരാം. നമുക്ക് ജീവിക്കാൻ എന്തൊക്കെ വേണം ?
അവരുടെ ഉത്തരങ്ങൾ അവർ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ കണ്ടെത്തുന്നു.മനേ ബേക്കു (വീടു വേണം സാർ)ആഹാര മത്തു ബട്ടെ (ഭക്ഷണം വേണം. വസ്ത്രം)
ജോലി. കൂലി, ശമ്പളം, വാഹനങ്ങൾ, പദവികൾ
ആവശ്യങ്ങളുടെ പട്ടിക നീണ്ടു.
കല്യാണം, കുട്ടികൾ എന്ന് ചിലർ. അതോടെ ക്ലാസാകെ പൊട്ടിച്ചിരിയായി മാറുന്നു.
ഞാൻ ബോർഡിൽ ഇവർ പറഞ്ഞ ആവശ്യങ്ങളുടെ പട്ടികയുടെ ഒരു ഗ്രാഫ് വരച്ചു വച്ചു. എന്നിട്ട് ഞാൻ ചോദിച്ചു.
നിങ്ങളുടെ സങ്കല്പത്തിനനുസരിച്ച ഒരു വീട്ടിലാണോ
നിങ്ങൾ താമസിക്കുന്നത്.
പലരുടെയും മുഖം ഇരുണ്ടു.അല്ല സാർ, നന്ന മനെ തുമ്പ ചിക്കതു
(അല്ല സാർ. എന്റേത് ഒരു ചെറിയ വീടാണ്.)നൻതു അഷ്ടേ,
(എന്റേയും എന്റേയും...) ഒരു കുട്ടി പറഞ്ഞു.
ഞാൻ ഒരു നല്ല വീടിനെക്കുറിച്ച് സ്വപ്നം
കാണാറുണ്ട് മേഷെ. പക്ഷെ നടക്കില്ല. ഞാൻ പറഞ്ഞു. നല്ല സൗകര്യമുള്ള വീടും ഒരു സൗകര്യവുമില്ലാത്ത വീടുകളും ഉണ്ട്. നല്ല ഒരു വീടുണ്ടാക്കാൻ എന്താണ് വേണ്ടത് ?ഹണ ബേക്കു. (പണം വേണം)
എല്ലാവരും പറഞ്ഞു.

സഹപ്രവർത്തകരോടൊപ്പം മൊളക്കാൽമൊരുവിൽ ടി.ശോഭീന്ദ്രൻ

പണമില്ലാത്തതുകൊണ്ടാണ് പലരുടെയും വീടുകൾ സൗകര്യമില്ലാത്തതായി മാറുന്നത്. കുടിലുകളും ചായ്പുകളും ചേരികളും ഉണ്ടാവുന്നത് അതുകൊണ്ടാണ്. താമസിക്കാൻ ഒരു വീടില്ലാത്ത കോടാനുകോടികളുണ്ടാവുന്നതും അതുകൊണ്ടാണ്. പണമില്ലാത്തതുകൊണ്ടാണ് ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രങ്ങൾ വാങ്ങി ധരിക്കാനോ കഴിയാത്തത്. പണം ഒരു വ്യക്തിയുടെ ആവശ്യം മാത്രമല്ല. എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങളുടെ പിൻബലമാണത്.
ഞാൻ ബോർഡിലെഴുതിEveryone needs money. It is a common factor.Some get it in plenty; some others get it very scarcely.These are the two extremes.

ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യർ ജീവിക്കുകയും ജീവിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്ന ലോകത്ത് പണം പ്രധാനമായിത്തീരുന്നു. അത് സമൃദ്ധിയേയും ദാരിദ്ര്യത്തെയും സൃഷ്ടിക്കുന്നു. മനുഷ്യർക്കിടയിൽ അസമത്വത്തെ വളർത്തിയെടുക്കുന്നു. ഞാൻ ഓരോരുത്തരുടെയും വീട്ടിലേക്ക് പണം വരുന്ന വഴികളെക്കുറിച്ച് കുട്ടികളോട് ആലോചിക്കാൻ പറഞ്ഞു.
കുട്ടികൾ അവരുടെ അപ്പനും അമ്മയും വയലിലേക്ക് പോവുന്നത് കാണുന്നു. തുണി നെയ്യുന്നത്, വിറക് കീറുന്നത്, പലതരം കൂലിപ്പണികളിലേർപ്പെടുന്നത്. കുടുംബത്തിലെ എല്ലാവർക്കും വേണ്ടത് ഉണ്ടാക്കാൻ പാടുപെടുന്ന ഒരു ജീവിതചുറ്റുവട്ടം അവർ സ്വന്തം മനസ്സിനൊപ്പം തന്നെ സഞ്ചരിച്ച് കണ്ടുപിടിക്കുന്നു.
ഞാൻ പറഞ്ഞു. നമുക്ക് പഠിക്കാനുള്ള ഇക്കണോമിക്സ് ഇതു തന്നെയാണ്. പണത്തിന്റെ വരവും ചെലവും ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നു. ജീവിതത്തെയും സമൂഹത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു. അതിനെക്കുറിച്ച് നമുക്ക് ഇതുപോലെ ഒന്നിച്ച് അന്വേഷിക്കാം. ജനിച്ചു മരിച്ചുപോയവരെല്ലാം പലതരം ജീവിതയാത്രകളിലൂടെയാണ് കടന്നുപോയത്. നിങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ദിശകണ്ടെത്തുന്ന ഒരു യാത്രയിലാണ്. ഞാൻ നിങ്ങൾക്ക് ദിശകാണിച്ചു തരുന്നു. നിങ്ങൾ എനിക്കുള്ള ദിശയും കാണിച്ചുതരിക.

ക്ലാസ് കഴിഞ്ഞപ്പോൾ കുറച്ച് കുട്ടികൾ എന്റെ പിറകെ വന്നു. ഞാൻ അവരുടെ വാക്കുകൾക്ക് അന്നു ചെവികൊടുത്തു. അന്നു മാത്രമല്ല പിന്നീടങ്ങോട്ട് എന്നും ചെവികൊടുത്തു. ഏറെ താമസിയാതെ അവരെന്നോടൊപ്പം നടക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ കോളജിൽനിന്ന് ഒന്നിച്ചു മടങ്ങാനും ഒന്നിച്ച് നടക്കാനും കാത്തിരുന്നു. രാവിലെ നേരത്തെ ഞാൻ താമസിക്കുന്ന സ്ഥലത്തെത്തി എന്റെ കൂടെ കോളജിലേക്ക് നടന്നു. പിന്നെപ്പിന്നെ അവർ എന്നെ മൊളക്കാൽമുരുവിലെ പല ഇടങ്ങളിലേക്കും കൊണ്ടുപോയി. ചിരിച്ചും കൂട്ടുകൂടിയും ഉപദേശിച്ചും എനിക്കവരും ഞാനവർക്കും പരസ്പരം കൂട്ടായി മാറി. വീടോ നാടോ എന്നോടൊപ്പമില്ലാത്തതുകൊണ്ടാവാം അക്കാലങ്ങളിൽ എന്റെ സമയമത്രയും ഞാൻ അവർക്ക് നൽകി. അവരെന്നെ മതിമറന്നു സ്നേഹിക്കുകയും ഞാനവരുടെ സ്നേഹവലയത്തിൽ പെട്ടുപോവുകയും ചെയ്തു. ചുരുക്കത്തിൽ കുട്ടികളാൽ രൂപപ്പെട്ട ഒരധ്യാപകനായി ഒരു നാട്ടുമനുഷ്യനായി ഞാൻ മാറുന്നതിന്റെ തുടക്കം അതായിരുന്നു.

അഞ്ച്

കൂഗോബെട്ടയിലെ പ്രതിധ്വനികൾ

മൊളക്കാൽമുരുവിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് കൂഗോബെട്ട. ഇതിന്റെ അർത്ഥം പ്രതിധ്വനിമല എന്നാണ്. കുന്നുകൂട്ടിയിരിക്കുന്ന ഉരുളൻ കല്ലുകളുടെ നിരവധി മലകൾ അവിടെ ഉണ്ടെങ്കിലും കൂഗോബെട്ട കുട്ടികൾക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു. അതിന്റെ ഉച്ചിയിലേക്ക് കയറി കുട്ടികൾ ഉച്ചത്തിൽ കൂകും. അവരുടെ ശബ്ദം വിദൂരമായ ആകാശത്തും പാറക്കല്ലുകളിലും തട്ടി പ്രതിധ്വനിയുടെ ചെറുതരംഗങ്ങളായി തിരിച്ചു വരും. കൂഗോബെട്ടയിൽ നിന്ന് നോക്കിയാൽ മൊളക്കാൽമുരു ഗ്രാമം മുഴുവനും കാണാമായിരുന്നു.
ഒരു വെള്ളിയാഴ്ച കുട്ടികൾ പറഞ്ഞു.മേഷെ നമഗെ നാളെ കൂഗോ ബെട്ടഗേ ഹോഗോണാ ?
(മാഷെ നമുക്ക് നാളെ കൂഗിബെട്ടയിലേക്ക് പോകാമോ?)
കൂഗോബെട്ടയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. വിദൂരതകളിൽ മലകളോരോന്നും കാണുന്നു എന്നല്ലാതെ അവയുടെ പേരോ ദൂരമോ ചരിത്രമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. നാളെ ശനിയാഴ്ച ആയതുകൊണ്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു ദിവസമായതുകൊണ്ടും ഞാൻ പറഞ്ഞു.
നമുക്ക് പോകാം.

ടി. ശോഭീന്ദ്രൻ

പിറ്റേന്നു സെയ്ഫുള്ളയും അഞ്ചാറു കുട്ടികളും രാവിലെ ഒമ്പതു മണിയോടെ ഞാൻ താമസിക്കുന്ന പ്രകാശയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ വന്നുനിന്നു. അവിടെ നിന്ന് ഞങ്ങൾ ഒന്നിച്ചു നടന്നുതുടങ്ങി. ബാംഗ്ലൂരിൽ നിന്ന് ബസിൽ വരുമ്പോൾ വലുതും ചെറുതുമായ എത്രയോ പാറക്കൽ മലകൾ കണ്ടിട്ടുണ്ട്. പക്ഷെ അതിലൊന്നിലേക്ക് എത്തിച്ചേരുന്നത് ആദ്യമായിട്ടായിരുന്നു.
നടക്കുന്നതിനിടയിൽ പരമേഷി ചോദിച്ചു.മേഷെ, നിമ്മ മനെ കൽക്കത്തദല്ലി ഇതിയാ ?
(മാഷിന്റെ വീട് കൽക്കത്തയിലാണ് അല്ലേ ?)
കൽക്കത്തയിലെ ഞാനറിയാത്ത എന്റെ വീട് ഏതെന്നോലോചിച്ചുകൊണ്ട് ഞാൻ അവനോട് തിരിച്ചു ചോദിച്ചു.കൽക്കത്തയിലാണ് എന്റെ വീടെന്ന് ആരു പറഞ്ഞു ?മേഷ് ആദ്യമായി ക്ലാസിൽ വന്നപ്പോൾ പറഞ്ഞത് അങ്ങനെയല്ലേ ?
സെയ്ഫുള്ളയാണ് അതിന് മറുപടി പറഞ്ഞത്.
എനിക്ക് കാര്യം ഏകദേശം മനസ്സിലായി
ക്ലാസിലെ ആദ്യദിവസം കുട്ടികൾ നാടേതാണെന്ന് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞത് കാലിക്കറ്റ് എന്ന്. പക്ഷെ കുട്ടികൾ മനസ്സിലാക്കിയതാകട്ടെ കൽക്കത്ത എന്നും. രണ്ടിന്റേയും ദൂരമോർത്ത് അറിയാതെ ഞാനൊന്നു ചിരിച്ചുപോയി.
ഞാൻ പറഞ്ഞു. എന്റെ നാട് കൽക്കത്തയല്ല. കാലിക്കറ്റ്. മനസ്സിലായോ ?
കുട്ടികൾ അങ്ങനെയൊരു സ്ഥലം ഇതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. അതവരുടെ മുഖഭാവത്തിലുണ്ടായിരുന്നു.
ഞാൻ പറഞ്ഞു. കാലിക്കറ്റ് കേരളത്തിലാണ്.
കർണാടകത്തിന്റെ തൊട്ടപ്പുറത്ത്. ഒരബദ്ധം പറ്റിയതിന്റെ ജാള്യതയോടെ അവർ അത് കേട്ടു ഒന്നും പറയാതെ നിന്നു. ഞാൻ ചോദിച്ചു.കാലിക്കറ്റിനെപ്പറ്റി നിങ്ങൾക്ക് ഒന്നും അറിഞ്ഞു കൂടെ ? അവർ പറഞ്ഞു.കാലിക്കറ്റ് ഹെസരു ഇതേ മൊതലു കേളുത്തായിരുവതു
(ഇല്ല സാർ. ഞങ്ങൾ ആദ്യമായി കേൾക്കുകയാണ്)
ഞാൻ അവരോട് അല്പം ചരിത്രം പറഞ്ഞു.പോർച്ചുഗൽ രാജാവായ ഡോം മാനുവൽ ഇന്ത്യയിലേക്കയച്ച വാസ്കോ ഡ ഗാമ എന്ന നാവികനെപ്പറ്റി കേട്ടിട്ടില്ലേ ?
കുട്ടികൾ പറഞ്ഞു. അതുകേട്ടിട്ടുണ്ട് മേഷെ.വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയത് ഈ കാലിക്കറ്റിലാണ്. അതിന് മുമ്പ് അറബികളും യവനരും ഒക്കെ ഇവിടെ വന്നിരുന്നു. അതിൽ വാസ്‌കോ ഡ ഗാമ ഇരുപത്തി മൂന്നു പായക്കപ്പലുകളുമായി ആഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റിക്കടന്നുകൊണ്ട് കാലിക്കറ്റിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് നങ്കൂരമടിച്ചു. ഇന്ത്യയിൽ വൈദേശികാധിപത്യത്തിന്റെ ചരിത്രം തുടങ്ങിയത് അവിടെ നിന്നായിരുന്നു. ശരിക്കും എന്റെ നാടിന്റെ പേര് കോഴിക്കോട് എന്നാണ്. ബ്രിട്ടീഷുകാരാണ് അവർക്ക് ഉച്ചരിക്കാൻ സൗകര്യത്തിനു കാലിക്കറ്റ് എന്ന് വിളിച്ചു തുടങ്ങിയത്.

കടൽ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത കുട്ടികൾ മനസ്സിലെ കടൽചിത്രങ്ങളുമായി ഒരോ പാറക്കല്ലുകളിലേക്കും എടുത്തുചാടി. ഒരു കല്ലിൽ നിന്ന് അടുത്ത കല്ലിലേക്കുള്ള ചാട്ടമായിരുന്നു ആ മലകയറ്റം. ശ്രദ്ധിച്ചില്ലെങ്കിൽ കല്ലുകളുടെ ഇടയിലേക്ക് കാലു കുടുങ്ങി വലിയ അപകടമുണ്ടാകും.
മലമുകളിൽ എത്താറായപ്പോൾ കുട്ടികൾ കല്ലുകൾക്കിടയിൽ കുറ്റികളായി വളർന്നുനിൽക്കുന്ന കുട്ടിമരങ്ങളിൽനിന്ന് പച്ചനിറത്തിലുള്ള പഴങ്ങൾ പറിച്ചെടുക്കാൻ തുടങ്ങി. അത് കണ്ടിട്ട് ഞാനവരോട് ചോദിച്ചു.നിങ്ങളെന്താണ് പറിച്ചെടുക്കുന്നത് ?
അവർ കയ്യിൽ കരുതിയ ഒരു തുണിസഞ്ചിയിൽ പഴങ്ങളോരാന്നായി പറിച്ചു ശേഖരിക്കുന്നു.
കുട്ടികൾ അത്ഭുതത്തോടെ ചോദിച്ചുമേഷ് ഇതുവരേഗു തിന്തില്ലുവാ
(മേഷിത് ഇതുവരെ കഴിച്ചിട്ടില്ലേ ?)
ഒന്നെനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.നിമഗെ ഒന്തു സീതാഹണ്ണു
ഞാൻ അതെന്തെന്ന് അറിയാനുള്ള ആകാംക്ഷയോടെ അതിന്റ തോടു പൊട്ടിച്ചു വായിൽ വച്ചു. നല്ല മധുരം. കുരുവോടു കൂടിയ ആ പഴത്തിന്റെ രുചി നാട്ടിലെ ആത്തച്ചക്കയുടേതിന് സമാനമായിരുന്നു. (ഇന്ന് സീതപ്പഴം കടകളിൽ സാധാരണമാണെങ്കിലും അന്ന് മലയാളികൾക്ക് അത് അപരിചിതമായിരുന്നു)
സഞ്ചികളിൽ സീതപ്പഴം ശേഖരിച്ചുകൊണ്ട് ഞങ്ങൾ കിതച്ചുകൊണ്ട് കുന്നിന്റെ ഉച്ചിയിലെത്തി. കുന്നിന്റെ മുകളിൽനിന്ന് നോക്കുമ്പോൾ മൊളക്കാൽമുരു എന്ന ഗ്രാമം ഒരൊറ്റക്കാഴ്ചയുടെ ചുറ്റുവട്ടത്തിലേക്ക് ഒതുങ്ങുന്നു. നാട്ടിലെ കുന്നുകളിൽ നിന്ന് കാണുന്ന പച്ചപ്പിന്റെ ഒരു പരവതാനിയൊന്നും അവിടത്തെ കാഴ്ചകൾക്കുണ്ടായിരുന്നില്ല. എങ്കിലും അവിടെ ഭൂപ്രകൃതിയുടെ ആകാശവീക്ഷണം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഒരു മലമാത്രമല്ല ചെറുതും വലുതുമായ കുറെ മലനിരകൾ. പാറക്കൽ മലയുടെ താഴ്വരകളിൽ കാണുന്ന വീടുകൾ ഒരു തീപ്പെട്ടിക്കൂടുപോലെ അത്രമാത്രം ചെറുതായിരുന്നു. കുന്നിന്റെ ഒരു ചെരിവിൽ ഇടവിട്ടിടവിട്ട് ചുവപ്പു രാശി കലർത്തിക്കൊണ്ട് പ്ലാശുമരങ്ങൾ പൂത്തുനിൽക്കുന്നുണ്ടായിരുന്നു.
ഏതോ കാലത്ത് പണിത ഒരു കോട്ടയുടെ അടുക്കൽ ഞങ്ങൾ ചെന്നിരുന്നു. മലവാരത്തുനിന്ന് അഗാധതയിലേക്ക് തള്ളിനിൽക്കുന്നതരത്തിൽ വൃത്താകൃതിയിലുള്ള അതിന്റെ കൽച്ചുമരുകൾ സിമന്റോ മറ്റെന്തിങ്കിലോകൊണ്ടോ ഉറപ്പിച്ചു നിർത്തുകയോ തേക്കുകയോ ചെയ്തിരുന്നില്ല.
സീതപ്പഴം തിന്നുകൊണ്ടിക്കെ സെയ്ഫുള്ള കൈകൾ വായോട് ചേർത്തു വച്ചുകൊണ്ട് ഉച്ചത്തിൽ കൂകി.കൂ...
അതിന്റെ പ്രതിധ്വനികൾ ആകാശത്ത് അലയടിക്കുന്നു.
ഞാനും അതൊന്നു പരീക്ഷിച്ചു.
പിന്നെ ഓരോരുത്തരായി കൂകിത്തുടങ്ങി.
ഇതിനിടയിൽ ഒരുവൻ ഉച്ചത്തിൽ ഒരു പെൺകുട്ടിയുടെ പേര് വിളിച്ചു പറഞ്ഞു. എല്ലാവരും അതുകേട്ട് പൊട്ടിച്ചിരിച്ചു.
ഞാൻ ചോദിച്ചു. ആരാ ഈ രാധാമണിപരമേഷി മനസ്സിൽകൊണ്ടു നടക്കുന്ന പെണ്ണാണ് സാർ
ഞാൻ ഒന്നു ഗൗരവം നടിച്ചു ചോദിച്ചു.നമ്മുടെ കോളജിലാ ?
പരമേഷി ഒരു ചമ്മലോടെ എന്റെ നോട്ടത്തിൽ നിന്നും മുഖം വെട്ടിച്ചു നിന്നു. സെയിഫുള്ള പറഞ്ഞു. പത്താം ക്ലാസിൽ ഒന്നിച്ചു പഠിച്ചതാ. ഇതേവരെ ഇഷ്ടം പറഞ്ഞിട്ടില്ല മാഷെ.
മറ്റൊരുത്തൻ പറഞ്ഞു.എന്റെ വീട്ടിനടുത്താണ് സാർ അവളുടെ വീട്.അവളെ കാണാൻ വേണ്ടി ഇവൻ എന്റെ വീട്ടിൽ വരാറുണ്ട്. പക്ഷെ അവളെ കാണാറേയില്ല.

പറയാതെ ഉള്ളിന്റെയുള്ളിൽ കല്ലിച്ചു പോയ ഒരു പ്രണയം പരമേഷി കൊണ്ടുനടക്കുന്നതായി എനിക്ക് മനസ്സിലായി. സെയിഫുള്ള എഴുതിക്കൊടുത്ത പ്രേമലേഖനം അവനിപ്പോഴും പുസ്തകത്തിന്റെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ടു നടക്കുന്നു. അവൻ എവിടെ പോകുമ്പോഴും ആ പുസ്തകവും കൂടെ കൊണ്ടുപോകുന്നു. എവിടെ വച്ചെങ്കിലും കൊടുക്കാൻ കഴിഞ്ഞാലോ എന്ന പ്രതീക്ഷയോടെ. ഇങ്ങനെ ഓരോ കാര്യങ്ങളും കുട്ടികൾ എന്നോടായി തുറന്നു പറയുന്നു. അവർക്ക് എന്തും പറയാനും മനസ്സു തുറന്നുവയ്ക്കാനും ഉള്ള ഒരാളായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി.
ഏറ്റവും ഊർജ്ജസ്വലവും അതുപോലെ അപകടം പിടിച്ചതുമായ കൗമാരപ്രായത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ഒരു പിടിവലി ബഹളം കേൾക്കുന്നു.
സെയ്ഫുള്ള ഒരു തമാശയ്ക്ക് പരമേഷിയുടെ കയ്യിലെ പുസ്തകം പിടിച്ചു വാങ്ങാൻ ശ്രമിക്കുകയാണ്.
അവൻ കുതറി ഓടുന്നു. പാറക്കല്ലുകൾക്കിടയിലൂടെയുള്ള അവരുടെ ഓട്ടം കാണുമ്പോൾ എന്റെ നെഞ്ച് പിടച്ചു. ഓടുന്നതിനിടയിൽ കല്ലിനുള്ളിൽ കാലു കുടുങ്ങിയാൽപ്പിന്നെ ഇവിടുന്ന് താഴെയെത്തിക്കാൻ വലിയ പ്രയാസമാണ്. ഒന്നോ രണ്ടോ തവണ അവർ വട്ടം ചുറ്റി പാഞ്ഞു. ഞാൻ ശ്രദ്ധിക്കണമെന്ന് വിളിച്ചു പറഞ്ഞു. അതുകേട്ട് പരമേഷി ഓടി വന്ന് എന്റെ അടുത്ത് അഭയം പ്രാപിച്ചു. അവനെ തൽക്കാലം രക്ഷിക്കാനായി ഗൗരവം നടിച്ചു കൊണ്ടു ഞാനവരെ ശാസിച്ചു.
കുറച്ചു നേരം അവർ ശാന്തരായിരുന്നു.

ദൂരെ കാണുന്ന മലനിരകളിലേക്ക് തന്നെ ഞാൻ നോക്കി നിന്നു. ആകാശം മലകളെ തൊട്ടുരുമ്മുന്ന എത്രയോ കാഴ്ചകൾ കണ്ടിട്ടുണ്ട്. സമയകാലങ്ങൾക്കനുസരിച്ച് കാഴ്ചയുടെ രൂപവും ഭാവവും മാറി മാറി വരുന്നു. ഋതുഭേദങ്ങൾക്കനുസരിച്ച് ആകാശവും ഭൂമിയും മാറുന്നു.

മൊളക്കാൽമൊരു ഗ്രാമം

ഞാൻ പറഞ്ഞു. നിങ്ങൾ ജീവിതകാലം മുഴുവനും ഓർത്തിരിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഓരോ പ്രഭാതാകാശവും ഓരോ സന്ധ്യാകാശവും തികച്ചും വ്യത്യസ്തമാണ്. പ്രകൃതി വരയ്ക്കുന്ന, ഒരിക്കലും ആവർത്തിക്കാത്ത ഈ മനോഹര ആകാശചിത്രങ്ങൾ കൗതുകത്തോടെ കാണുന്നത് ഒരു ശീലമാക്കണം. അത് മനോവികാസത്തിലേക്കും ഭാവനാവികാസത്തിലേക്കും നമ്മെ നയിക്കും.
അവർ മലഞ്ചരിവുകളിലേക്ക് നോക്കി. ആദ്യമായി കാണുന്നതുപോലെ.
ഇവിടെ വരുമ്പോൾ സീതപ്പഴം തിന്നുന്നതിന്റെ മധുരം നാവിൽ അനുഭവപ്പെടുന്നതുപോലെ ശാന്തമായ മനസ്സോടെ ഈ കാഴ്ചകൾ കൂടി കാണുമ്പോൾ മനസ്സിലും അതിന്റെ മധുരം ഊറിവരും.
അവർ ഓരോ പാറക്കല്ലിലുമായി നിശബ്ദമായി കുറെ നേരം ഇരുന്നു. ചൂടുകാറ്റിൽ സീതപ്പഴച്ചെടിയുടെ കമ്പുകൾ ഉലഞ്ഞുതാഴുന്നു. ചെറുപക്ഷികൾ പഴം തിന്നു പറന്നുപോവുന്നു. കാടിനു തീപിടിച്ചപോലെ മലവാരങ്ങളിൽ പ്ലാശുമരങ്ങൾ പൂത്തു നിൽക്കുന്നു. പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടയിലുള്ള ഡെക്കാൻ പീഠഭൂമിയുടെ വരണ്ട താഴ്വരകളിലേക്ക് മീതെയുള്ള അനന്തമായ ആകാശം കാട്ടി ഞാനവരോട് പറഞ്ഞു.ചൂടു കൂടി വരുന്നു. നമുക്കിനി മടങ്ങാം.
ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. സെയ്ഫുള്ള ദൂരെയെവിടെയോ ഉള്ള അവന്റെ വീട് നിൽക്കുന്ന ഇടം കാട്ടിത്തന്നു. കുന്നിറങ്ങുന്നതിനിടിയിൽ ഒരാത്മഗതം പോലെ ഞാൻ പറഞ്ഞു.
ഈ ഭൂമിയിൽ എനിക്ക് താമസിക്കാൻ ഒരു വാടക
വീട് കിട്ടിയാൽ നന്നായിരുന്നു. എല്ലാവരും അതിനെക്കുറിച്ച് തലപുകഞ്ഞ് ആലോചിച്ചു.
മേഷിന് താമസിക്കാൻ പറ്റിയ സ്ഥലം എവിടെ ? ഒരു നിശബ്ദതയ്ക്കുശേഷം സെയ്ഫുള്ള ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയ കുട്ടിയെപ്പോലെ ആവേശത്തോടെ പറഞ്ഞു.മേഷ് താമസിക്കുന്ന വീട്ടിലെ പ്രകാശയുടെ ഒരു ബിൽ ഡിംഗ് ബസ് സ്റ്റാൻഡിന്റെ എതിർഭാഗത്തായുണ്ട്. അവിടെ ഒരു ഗ്രന്ഥാലയം. അതിനു മുകളിൽ കുറെ മുറികളുണ്ട്.
ഞാൻ അന്വേഷിക്കുന്നതെന്തോ അത് എന്റെ കാൽക്കീഴിൽ തന്നെയുണ്ടെന്ന അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു. കുട്ടികളോടൊപ്പമുള്ള നാടുകാണലിന്റെ ആദ്യദിവസത്തെ സന്തോഷവും നന്ദിയും പങ്കുവച്ചുകൊണ്ട് ഞാൻ അവരോട് യാത്ര പറഞ്ഞു.

അവർ തിരിച്ചുപോകാൻ നേരം സീതപ്പഴം നിറച്ചുവച്ച ഒരു സഞ്ചി എന്റെ കയ്യിൽ വച്ചു തന്നു. കുറച്ച് മതിയെന്ന് പറഞ്ഞു ഞാൻ തിരിച്ചു നൽകാൻ ആവുന്നതും ശ്രമിച്ചിട്ടും അവരത് സമ്മതിച്ചതേയില്ല. സീതപ്പഴം നിറച്ച സഞ്ചിയും കൈയിൽ പിടിച്ചു വീടിന്റെ ഗേറ്റിൽ നിന്ന് അവർ നടന്നു മറയുന്നതു വരെ ഞാൻ നോക്കി നിന്നു. പരമേഷി തന്റെ പ്രായത്തിന്റേതായ വേദനയേറ്റുവാങ്ങാനായി കയ്യിലെ പ്രണയപുസ്തകം നെഞ്ചോടു ചേർത്തുവച്ചുകൊണ്ട് അവരോടൊപ്പം ചേർന്നു നടന്നു മറഞ്ഞു.

അധ്യായം ആറ്

സ്വാതന്ത്ര്യത്തിലേക്ക് ഒരു ചുവട്

കൂഗോബെട്ടയിൽ വച്ച് സെയ്ഫുള്ള പ്രകാശയുടെ ബസ് സ്റ്റാൻഡിലെ ബിൽഡിംഗിന്റെ കാര്യം പറഞ്ഞതുമുതൽ എന്റെ മനസ്സിലെ ചിന്ത അതുമാത്രമായിരുന്നു. പ്രകാശയുടെ വീട്ടിൽ നിന്നും സ്വതന്ത്രവും സ്വസ്ഥവുമായ ഏതെങ്കിലും ഒരിടത്തേക്ക്. എന്റേതായ ഒരു ലോകം. ഒരൊറ്റ മുറിയാണെങ്കിലും അതു എന്റേതു മാത്രമാണെങ്കിൽ അതിനൊരു വല്ലാത്ത സുഖവും സ്വാതന്ത്ര്യവുമുണ്ട്. ഞാൻ അങ്ങനെയൊരു സ്വപ്നം കണ്ടുകൊണ്ട് അതിന്റെമേൽ കുറേ നാൾ അടയിരുന്നു.

പ്രകാശയുടെ ഇളയച്ചന്റെ മകൻ തിപ്പസ്സി

വീട്ടിൽനിന്ന് മാറുന്ന കാര്യം പ്രകാശയോട് പറയാൻ കഴിയില്ല. കാരണം അവൻ ഒരിക്കലും അതിന് സമ്മതിക്കില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. തികച്ചും അപരിചിതനായ എന്നെ സ്വന്തമെന്നപോലെ സ്നേഹിച്ച്, കോളജിൽ ചേർന്ന അന്നുതന്നെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ച ആ നല്ല മനസ്സിനെ മറികടന്ന് എങ്ങനെ ഇവിടെ നിന്ന് പോകും എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പ്രകാശയുടെ ഇളയച്ചന്റെ മകനായ തിപ്പസ്സി എന്റെ മുറിയിലേക്ക് കയറി വന്നു. പ്രകാശയിലൂടെ തിപ്പസ്സിയും എന്റെ സൗഹൃദവലയത്തിൽപ്പെടുന്ന ഒരാളായിരുന്നു. ഞാൻ തിപ്പസിയോട് വീടു മാറേണ്ട കാര്യം പറഞ്ഞു. ഈ വീട് എനിക്ക് സ്നേഹം മാത്രമേ തന്നിട്ടുള്ളൂ. ഈ മുറിയിൽ എനിക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. എങ്കിലും അന്യനായ ഒരാളുടെ സാന്നിധ്യം കൊണ്ട് ഈ വീടിലുള്ളവരുടെ സ്വകാര്യതപോലും നഷ്ടപ്പെടും. എനിക്കും അതുപോലെ സ്വതന്ത്രമായ ഒരിടത്ത് താമസിക്കാനാണ് താത്പര്യം. തിപ്പസ്സി അതിനുള്ള വഴിയെന്തെന്ന് പറഞ്ഞു തരുമോ ?
തിപ്പസി പറഞ്ഞു. മാഷ് പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ പ്രകാശ സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതോടൊപ്പം അവനതു കൂടി പറയുന്നു. ആ മുറിക്കുവേണ്ടി പലരും ചോദിച്ചിരുന്നു. ആർക്കും ഇതു വരെ കൊടുത്തിട്ടില്ല. മാത്രമല്ല ബസിന്റെ സാധനങ്ങളൊക്കെ അവിടെയാണ് സൂക്ഷിക്കുന്നത്. ഒരു ഗോഡൗൺപോലെ. അതിന്റെ വൃത്തികേടുകൾക്കിട യിൽ മേഷ് എങ്ങനെ അവിടെ ചെന്ന് താമസിക്കും?
എന്റെ മനസ്സ് വിഷാദമൂകമായി. ഒരു കുടുംബം ജീവിച്ചുപോരുന്ന വീട്ടിലെ മറുനാട്ടുകാരനായ ഒരാളുടെ ഒറ്റമുറി തടവറയേക്കാൾ ഇടുങ്ങിയതും ഇരുളടഞ്ഞതുമാണെന്ന് എനിക്ക് തോന്നി.
ഞാൻ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
സ്നേഹത്തെ ഖണ്ഡിക്കാനോ അതിനെ പ്രതിരോധിച്ചു മുന്നേറാനോ കഴിയാത്ത അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന് എത്രകാലം ഇങ്ങനെ ബന്ധനസ്ഥനായി ഇരിക്കാൻ കഴിയും. സ്നേഹം എന്നത് പലഘട്ടങ്ങളിലും മനുഷ്യനെ ഏറ്റവും ദുർബലമാക്കുന്ന ഒന്നാണെന്ന് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കി തുടങ്ങുന്നു. അതൊടൊപ്പം അതുതരുന്ന പകരംകിട്ടാത്ത സൗഖ്യത്തെ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
തിപ്പസിയും ഈ നേരങ്ങളിൽ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. ഒടുവിൽ ഒരുത്തരം കണ്ടെത്തിയ ഉണർവ്വോടെ അവൻ എന്നോട് വളരെ സ്വകാര്യമായി പറഞ്ഞു.പ്രകാശ ഇപ്പോൾ ഇതറിയണ്ട. നമുക്ക് മറ്റൊരു വഴിയിലൂടെ പോകുന്നതാണ് നല്ലത്.
ഞാൻ ചോദിച്ചു. ഏതാണ് ആ വഴി ?പ്രകാശയുടെ അച്ഛനോട് പറയാം.
എന്നിൽ ഒരു സന്തോഷം മുളപൊട്ടി.
അതു നല്ലൊരു വഴിയായി എനിക്കും തോന്നി.
ഞങ്ങൾ രണ്ടുപേരും കൂടി പ്രകാശയുടെ അച്ഛനെ കണ്ടു
അദ്ദേഹവും ആദ്യം ചോദിച്ചത് ഇവിടെ എന്താ ബുദ്ധിമുട്ട് എന്നായിരുന്നു. ഉത്തരമുണ്ടെങ്കിലും ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യമായി അത് മനസ്സിൽ വന്നു തറയ്ക്കുന്നു. തിപ്പസി പറഞ്ഞു. വീട്ടിൽ നിന്നല്ലേ മാറുന്നുള്ളൂ. അതും നിങ്ങളുടെതന്നെ മറ്റൊരു മുറിയിലേക്ക്. ബസ് സ്റ്റാൻഡ് ബിൽഡിംഗിന്റെ അവിടെയാവുമ്പോൾ മേഷിന് താഴെ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിക്കാനും ക്ലാസിലേക്ക് പഠിക്കാനുമൊക്കെ കുറച്ചു കൂടി സൗകര്യമാവും.
അദ്ദേഹം ആദ്യമത് സമ്മതിച്ചില്ലെങ്കിലും പിന്നെപ്പിന്നെ എന്റെ ആഗ്രഹം മനസ്സിലാക്കി അതിന് പച്ചക്കൊടി കാട്ടി.
എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഈ ലോകത്തിൽ ഞാനൊരു മുറിയുടെ അവകാശിയാവാൻ പോകുന്നു. അതെന്റെ സ്വാതന്ത്ര്യത്തിന്റെ സ്വർഗമായിരിക്കും. അതിന്റെ വരാന്തകളിലൂടെ ഏതു സമയത്തും നടക്കാം. ഏത് പാതിരാത്രിയിലും വരികയും പോവുകയും ചെയ്യാം. മൂളിപ്പാട്ടുകൾ പാടാം. കൂട്ടിൽ കിടന്ന ഒരു കിളി അതിന്റെ ആകാശത്തെ സ്വപ്നം കാണുന്നതുപോലെ എന്റേതുമാത്രമായ ഒരു ഇടത്തെപ്പറ്റി ഞാനും സ്വപ്നം കണ്ടു.
മുറി കാണാനായി ഞാനും തിപ്പസിയും പിറ്റേ ദിവസം അവിടെ ചെന്നു. ബസിന്റെ ടയറക്കം പല സാധനങ്ങളും വരാന്തയിലാകെ കൂട്ടിയിട്ടിരിക്കുന്നു. മാറുന്ന കാര്യം തത്ക്കാലം പ്രകാശ അറിയരുതെന്ന് ഞാനവനെ ഓർമ്മിപ്പിക്കുകയും ചെയ്തു. പ്രകാശയുടെ അച്ഛൻ രണ്ടു മൂന്ന് ദിവസംകൊണ്ട് സാധനങ്ങളെല്ലാം മാറ്റി വെള്ളപൂശി ബിൽഡിങ്ങിലെ എല്ലാ മുറികളും വൃത്തിയാക്കി. അടുത്ത ശനിയാഴ്ച അവധി ദിവസമാണ് അന്നേക്ക് താമസം മാറാൻ ഞാൻ ഒരുങ്ങിനിന്നു.
ഒരു ദിവസം പ്രകാശ എന്റെ മുറിയിലേക്ക് കയറി വന്നു. എന്നോട് ദ്വേഷ്യപ്പെടുകയും എന്തൊക്കെയോ വായിൽതോന്നിയത് പറയുകയും ചെയ്തു. ഞാൻ പ്രതീക്ഷിച്ചുനിൽക്കുന്ന ഒരു രംഗം എന്റെ മുമ്പിൽ ആടിത്തീർന്നു. ഏതായാലും പ്രകാശയ്ക്ക് എന്നോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സ്നേഹം കൊണ്ട് ഒരാൾ പറയുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ അർത്ഥം മാത്രമേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലാകുമായിരുന്നു. അതുകൊണ്ടുതന്നെ നിശബ്ദതകൊണ്ട് സ്നേഹത്തോട് യുദ്ധം ചെയ്തു ചിലപ്പോൾ ജയിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു.
പ്രകാശ ഒന്നുരണ്ടു ദിവസത്തേക്ക് എന്നെ കാണാതെ മനപ്പൂർവ്വം ഒഴിഞ്ഞു മാറി.
ഒരു ദിവസം വൈകുന്നേരം ഞാൻ കുട്ടികളോട് പറഞ്ഞു. നാളെ ഞാൻ ബസ് സ്റ്റാൻഡ് ബിൽഡിംഗിലേക്ക് താമസം മാറുന്നു. സാധനങ്ങളൊക്കെ അവിടേക്ക് കൊണ്ടുപോകാനായി നിങ്ങളും എന്റെ കൂടെ ഉണ്ടാവില്ലേ ?
എല്ലാവരും ആവേശത്തോടെ പറഞ്ഞു.നാവു ബറുത്തീവി സാർ (ഞങ്ങൾ ഉണ്ടാകും മേഷെ)
പ്രകാശയുടെ അച്ഛൻ പറഞ്ഞു.
കട്ടിലും കിടക്കയും കൂടി കൊണ്ടുപോയ്ക്കോളൂ.
കട്ടിലും കിടക്കയുമായി കുട്ടികൾ നടന്നു.
ബാഗും മറ്റു സാധനങ്ങളുമായി മറ്റു കുട്ടികളും.
എനിക്ക് അഭയം തന്ന വീടിനോടും ഞാൻ കുറച്ച് കാലം അന്തിയുറങ്ങിയ ആ മുറിയോടും യാത്ര പറഞ്ഞ് ഞാനിറങ്ങി. അതിന്റെ സ്നേഹപൂർണ്ണമായ ചുറ്റുപാടുകളോടും കൂടി വിട പറഞ്ഞു. പ്രകാശയുടെ അച്ഛനും അമ്മയും അംബുജവും നോക്കി നിൽക്കുന്നു. എന്നെ കൈപിടിച്ച് ഇവിടേക്ക് കൊണ്ടു വന്ന പ്രകാശമാത്രം ഇവിടം വിട്ടുപോകുമ്പോൾ കൂടെയില്ല. വേദനയും സന്തോഷവും സമ്മിശ്രമായിത്തീരുന്ന ഒരു മുഹൂർത്തത്തിലൂടെ ഞാൻ എന്റേതായ ഒരിടം തേടി കുട്ടികളോടൊപ്പം നടന്നുപോയി.

ഏഴ്

ഒരു പ്രേതാലയം എന്റെ നിദ്രാലയം

ഞാനും ഈ നാലു ചുമരുകളും മാത്രമുള്ള ഒരിടമെന്ന ആഗ്രഹം ഇന്ന് സഫലമായി. പരോളിലിറങ്ങിയ ഒരു തടവു പുള്ളിയെപ്പോലെ പുതിയ മുറിയിൽ ഞാൻ സന്തോഷിച്ചു. പ്രകാശയെപ്പറ്റി ആലോചിച്ചപ്പോൾ അകാരണമായ ഒരു ദുഃഖം മനസ്സിൽ നിറഞ്ഞുവരികയും ചെയ്തു. എത്രയോ കാലമായി അടച്ചിട്ട ജനാലകളിൽ കൂടി കാറ്റും വെളിച്ചവും എത്തിനോക്കി മുറിയിലാകെയും തങ്ങിനിൽക്കുന്നു. എല്ലാ വിരുന്നുകാരെയും സ്വീകരിക്കാൻ ചുമരുകൾ വെള്ളതേച്ചു ചിരിച്ചു നിൽക്കുന്നു.
വാതിൽ തുറന്നാൽ വരാന്തയാണ്. കാപ്പിറ്റൽ എച്ച് എന്നെഴുതിയതുപോലുള്ള വരാന്തകൾ. അതിലെ റോഡ് ഭാഗത്തെ വരാന്തയിൽ നിന്നാൽ മൊളക്കാൽമുരു ബസ് സ്റ്റാൻഡ് തൊട്ടുമുന്നിൽ, നീളമേറിയ ആ വരാന്തയുടെ ഒത്തനടുവിലായി കയറിവരാനും ഇറങ്ങിപ്പോവാനും ഒരു പിരിയൻ ഗോവണി. നടുവരാന്തയുടെ അപ്പുറവും ഇപ്പുറത്തുമായി മൂന്നു മുറികൾ വീതം ആകെ ആറു മുറികൾ. എന്റേത് പിറകുവശത്തെ വരാന്തയോട് ചേർന്നുനിൽക്കുന്ന അവസാനത്തെ മുറിയായിരുന്നു. മുറിയിലെ ഒരു ജാലകം തുറക്കുന്നത് ഈ വരാന്തയിലേക്കാണ്. മറ്റൊരു ജാലകം തുറന്നാൽ അരികിലൂടെ പോകുന്ന ഒരു പോക്കറ്റു റോഡും കുറെ വീടുകളും കാണാം. ഞാൻ കുറച്ചുനേരം ചുറ്റുവട്ടത്തിലെ പുതുക്കാഴ്ചകളിൽ മുഴുകി നിന്നു.

സന്ധ്യയോടടുത്തപ്പോൾ വാതിലിൽ ആരോ മുട്ടുന്നു. അത് പ്രകാശയായിരുന്നു. എനിക്ക് വലിയ ആശ്വാസം തോന്നി. അവന്റെ കയ്യിൽ ഷർട്ട് തൂക്കാനുളള ഹാങ്ങറും രണ്ട് കസേര കളുമുണ്ടായിരുന്നു. അത് മുറിയിൽ വച്ചുകൊണ്ട് ഒന്നും പറയാതെ അവൻ പിറകിലെ വരാന്തയുടെ ഒരൂ മൂലയിൽ ചെന്നു നിന്നു. പ്രകാശ അവന്റെ ഉള്ളിലെ സ്നേഹംകൊണ്ട് എന്നോട് ദേഷ്യം പ്രകടിപ്പിക്കുകയാണ്. കുറച്ചുനേരം ഞാനും അവിടെ ചെന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പ്രകാശയെ മുറിയിലേക്ക് വിളിച്ചു. ഒടുവിൽ അവൻ മുറിയിൽ വന്നിരുന്നു. എന്നോട് മനസ്സിൽ ബാക്കി വച്ച ഒരു സംശയം പോലെ ചോദിച്ചു.മേഷിന് വീട്ടിലെ താമസത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വന്നിരുന്നോ ?
ഞാൻ പറഞ്ഞു. അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ പല കാര്യത്തിനും ഇവിടെയാണ് എനിക്ക് കൂടുതൽ സൗകര്യം. അതുകൊണ്ടാണ് മാറണമെന്ന് വിചാരിച്ചത്.
പ്രകാശ ഒന്നും മിണ്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു.മേഷിന് ആ ഭാഗത്തെ മുറിയെടുത്താൽ പോരായിരുന്നോ?
ഞാൻ പറഞ്ഞു.രണ്ടും ഭാഗത്തും ജനലുകളുള്ള ഈ മുറിയാണ് എനിക്കി ഷ്ടപ്പെട്ടത്. അതാണ് ഇവിടത്തെ ഏറ്റവും നല്ല മുറി യെന്നു തോന്നി.
പ്രകാശ അതിന് ഒന്നു മൂളുക മാത്രം ചെയ്തു.
അവന്റെ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. പക്ഷെ അതെന്തെന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. രാത്രി പത്തു മണിയായിട്ടും പ്രകാശ മുറിയിൽത്തന്നെ ഇരിക്കുന്നു.
ഞാൻ ചോദിച്ചു. പ്രകാശ ആദ്യം താമസിച്ചിരുന്നത് ഇവി ടെയായിരുന്നു അല്ലേ ?
അവൻ പറഞ്ഞു. അതെ ഞങ്ങൾക്ക് താമസിക്കാൻ വേണ്ടി ഉണ്ടാക്കിയതായിരുന്നു ഇത്. പക്ഷെ ഞങ്ങൾ അധിക കാലം ഇവിടെ താമസിച്ചിട്ടില്ല.
ഞാൻ പറഞ്ഞു കുടുംബത്തോടൊപ്പം താമസിക്കാൻ ഈ ബസാർ വിട്ടിട്ടുള്ള ഇപ്പോഴത്തെ വീട് തന്നെയാണ് നല്ലത്. താത്കാലികമായി എത്തിച്ചേരുന്ന എന്നെപ്പോലെയുള്ളവർക്കാണ് ഇവിടം ഏറ്റവും ഉപകാരപ്പെടുക. വരാനും പോകാനുമൊക്കെ സൗകര്യമുള്ള ഇതുപോലൊരു സ്ഥലം ഇവിടെ വേറെയില്ല.
ബസ് സ്റ്റാൻഡിന് പിറകിലുള്ള ചിന്നഭദ്ര ടൂറിങ്ങ് ടാക്കീസിൽ നിന്ന് സിനിമയുടെ സംഭാഷണങ്ങൾ മുറിയിൽ നിന്നും നന്നായി കേൾക്കാം. ഇന്നലെ ശിവജി വാഞ്ച്രെയോടൊപ്പം സെക്കൻഡ്ഷോയിൽ കണ്ട പാതാളഭൈരവി സിനിമയാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. വാണിശ്രീയും ബി.എം വെങ്കിടേഷും കൂടി അഭിനയിച്ച കന്നടത്തിലെ ആദ്യകാല പ്രേതസിനിമ. പാട്ടിന്റെ രംഗമെത്തുമ്പോൾ ശബ്ദം കുറേക്കൂടി ഉച്ചത്തിലായി.
ഞാൻ സമയം നോക്കിക്കൊണ്ടു പറഞ്ഞുനേരം ഒരുപാട് വൈകിയില്ലേ പ്രകാശ വീട്ടിൽ പോയ്ക്കോളൂ.
അവൻ ഉത്സാഹം കെട്ടു നിൽക്കുക തന്നെയാണ്.
എന്താണ് മനസ്സിലെന്ന് അറിയാൻ ഒരു നിവൃത്തിയുമില്ല.
ഞാൻ ഒന്നു കൂടി ചോദിച്ചു.പ്രകാശ വീട്ടിലേക്ക് പോകുന്നില്ലേ ?
ഒടുവിൽ അതിന് മറുപടിയുണ്ടായി.ഇല്ല. മേഷിവിടെ ഒറ്റയ്ക്ക് കിടന്നാൽ ശരിയാവില്ല.
എനിക്ക് ചിരി വന്നു.ഞാൻ ഒറ്റയ്ക്കു തന്നെയല്ലേ കിടക്കാറ്. പിന്നെന്താ ?
ജനാലകൾ കാറ്റത്ത് ശക്തിയായി വന്നൊന്നിടിച്ചു.
പ്രകാശ പറഞ്ഞു. വീട്ടിൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ. ഇവിടെ തനിച്ച്.
ഞാൻ പ്രകാശയെ നിർബന്ധിച്ച് മുറിയിൽ നിന്നിറക്കി.
മുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടി. ഞാൻ പ്രകാശയേയും കൂട്ടി പിരിയൻ ഗോവണിയിറങ്ങി.
തീയേറ്ററിലെ അവസാനത്തെ ഷോ കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് തിരിച്ചുപോകാൻ തുടങ്ങുന്നു.

ഞാൻ പ്രകാശയോട് പറഞ്ഞു.വീടുവരെ ഞാനും വരാം. നടക്ക്.
പ്രകാശയും ഞാനും സംസാരമേതുമില്ലാതെ നടന്നു.
ഗേറ്റു തുറന്നു പ്രകാശ അകത്തേക്ക് പോയി.
ഇന്നലെവരെ അന്തിയുറങ്ങിയ എന്റെ മുറി വെളിച്ചമില്ലാതെ ഉറങ്ങിക്കഴിഞ്ഞിരുന്നു.
തിരകെ നടക്കുമ്പോൾ റോഡ് വിജനമായിരുന്നു.
നല്ല നിലാവുണ്ടായിരുന്നു.
ബസ് സ്റ്റാൻഡിനടുത്തെത്തിയപ്പോൾ സിദ്ധയ്യയെ കണ്ടു. അയാൾ കടയും പൂട്ടി നടന്നുവരികയാണ്.
കണ്ടപാടെ സിദ്ധയ്യ ചോദിച്ചു.മേഷെ, ഇഷ്ടു ഹൊത്തുനല്ലി എല്ലിഗെ ഹോഗുത്താ ഇദ്ദീരാ ? (മേഷെ ഈ സമയത്ത് എങ്ങോട്ടാണ് ?)
ഞാൻ പറഞ്ഞു. പ്രകാശയുടെ വീടുവരെ പോയതാണ്. ഇന്നു മുതൽ താമസം പ്രകാശയുടെ ഈ ബിൽഡിംഗിലേക്ക് മാറി.
അതുകേട്ടയുടനെ അത്ഭുതത്തോടെ അയാൾ ചോദിച്ചു. ഇവിടെയോ ?
ഞാൻ പറഞ്ഞു. അതെ. ഈ ബിൽഡിംഗിന്റെ മുകളിലെ അവസാനത്തെ മുറിയിൽ. വലതുഭാഗത്തുള്ള അവസാനത്തെ മുറിയിലോ ?
അയാൾ അത്രമാത്രം ഉദ്വേഗത്തോടെയാണ് അത് ചോദിക്കുന്നത്.
ഞാൻ ഒരപേക്ഷയോടെ പറഞ്ഞു.എനിക്ക് ഒരു തീപ്പെട്ടിയും മെഴുകുതിരികളും വേണമായിരുന്നു. വാങ്ങാൻ മറന്നു പോയി. സിദ്ധയ്യ ഒന്നെടുത്തു തരുമോ?
എല്ലാ കടകളും അടഞ്ഞു കഴിഞ്ഞതായി അയാൾക്കറിയാം. എങ്കിലും അയാൾ വെറുതെ ബസ് സ്റ്റാൻഡിലേക്ക് ഒന്നു തിരിഞ്ഞുനോക്കി.
ഇവിടെ ഇടയ്ക്കിടെ കറന്റ്പോകും അതൊന്നുള്ളത് നല്ലതാ. ഞാനെടുത്തുതരാമെന്ന് പറഞ്ഞ് അയാൾ കടയിലേക്ക് നടന്നു. ഞാനും അയാളുടെ പിറകെ നടന്നു.
ഒരു തീപ്പെട്ടിയും രണ്ടു മൂന്നു മെഴുകുതിരിയും എടുത്തു തന്നു. ഞാൻ പറഞ്ഞു ഒരു ടോർച്ചു കൂടി വേണം.
സിദ്ധയ്യ. ടോർച്ചിൽ ബാറ്ററി ഇട്ടു അതൊന്നു അടിച്ചുനോക്കി എന്റെ കയ്യിൽ തന്നു.
ഞാൻ ടോർച്ചടിച്ചു ചുറ്റുപാടുകളെ ഒന്നു നോക്കി.
ഇരുട്ടിൽ നല്ല വെളിച്ചം.
അതിനിടെ സിദ്ധയ്യ എന്നോട് ചോദിച്ചു.മേഷിന് ഇവിടത്തെ കഥകളൊക്കെ അറിയുമോ ?
ഞാൻ ചോദിച്ചു എന്തു കഥ ?മേഷ് താമസിക്കുന്ന സ്ഥലത്തിന്റെ കഥ.
സിദ്ധയ്യ ഒന്നു കൺമിഴിച്ചുകൊണ്ടാണത് പറഞ്ഞത്.മേഷ് താമസിക്കാൻ പോകുന്നത് ഒരു പ്രേതബാധയുള്ള സ്ഥലത്താ.
അപ്രതീക്ഷിതമായി അങ്ങനെയൊന്നു കേട്ടപ്പോൾ മനസ്സൊന്ന് ഞെട്ടിത്തരിച്ചു.
സിദ്ധയ്യ പറഞ്ഞു.പ്രകാശയുടെ വീട്ടിൽ താമസിക്കുന്നതായിരുന്നു മേഷിന് നല്ലത്. ഇവിടെ ഒറ്റയ്ക്ക് എങ്ങനെ കഴിഞ്ഞു കൂടാനാ.
എന്റെ മനസ്സിൽ രണ്ടു മുറികളും മാറി മാറി കടന്നു വരുന്നു. എത്രയോ ആഗ്രഹിച്ചു കിട്ടിയ ഒരു മുറി. പ്രകാശയുടെ അനിഷ്ടത്തിനുപോലും ഇടയാക്കി സ്വന്തമാക്കിയ ഒരു മുറി. അവിടെ ഒരു പ്രേതം കൂടി താമസിക്കുന്നു. അത് വല്ലാത്തൊരു കഥയായിപ്പോയി എന്നുതന്നെ ഞാൻ വിചാരിച്ചു.
സിദ്ധയ്യ മുറിയിലെ പ്രേതകഥയുടെ പിന്നാമ്പുറം കൂടി പറയുന്നു. പ്രകാശത്തിന് ഒരു സഹോദരനുണ്ടായിരുന്നു. അവൻ തൂങ്ങിമരിച്ചത് മേഷ് താമസിക്കുന്ന മുറിയിലാ. ഇവിടെ നിൽക്കാൻ കൊള്ളാതായതോടെയാണ് പ്രകാശയുടെ അച്ഛൻ ഇവിടം വിട്ട് പുതിയൊരു വീടെടുത്തു താമസം മാറിയത്.
പ്രകാശ എന്നോട് പറയാതെ പറയാൻ ശ്രമിച്ചത് ഇതായിരിക്കും എന്നു ഞാൻ ഊഹിച്ചു.
പെട്ടെന്നു കേൾക്കുമ്പോഴുണ്ടാകുന്ന അന്തമില്ലായ്മ പുറത്തു കാണിക്കാതെ ഞാൻ സിദ്ധയ്യയോട് പറഞ്ഞു.ഈ ഭൂമിയിൽ പ്രേതങ്ങൾക്കും താമസിക്കാൻ ഇടം വേണ്ടേ. എന്നെ അവിടെ കണ്ടാൽ അവൻ മറ്റേതെങ്കിലും മുറിയിലേക്ക് താമസം മാറിക്കോളും. ഇനി ആ മുറിയാണ് അവനു വേണ്ടതെങ്കിൽ ഞാൻ അടുത്ത മുറിയിലേക്ക് മാറിക്കൊള്ളാം.
ഞാൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്. പക്ഷെ സിദ്ധയ്യ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
അയാൾ പറഞ്ഞു. എന്താ മേഷെ ഇനിയൊരു വഴി. മേഷിനെ ഒറ്റയ്ക്ക് അവിടേക്ക് പറഞ്ഞയയ്ക്കാനും തോന്നുന്നില്ല.
ഞാൻ സിദ്ധയ്യയോട് പറഞ്ഞു. സിദ്ധയ്യ കടയടയ്ക്ക്. നമുക്ക് പോകാം. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ തമ്മിൽ ഒരു സമവായമാക്കിക്കൊള്ളാം.
അയാൾ പെട്ടിക്കടയുടെ മരവാതിൽ താഴ്ത്തിയടയ്ക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു. മാഷൊന്ന് ഇങ്ങോട്ട് വരീ. അയാൾ പിന്നുകൊണ്ട് തൂക്കിയിട്ടിരിക്കുന്ന കറുത്ത ചരടിൽ നിന്ന് ഒന്ന് വലിച്ചെടുത്തു. അത് കയ്യിൽ മടക്കിപ്പിടിച്ച് കണ്ണുകളടച്ച് സിദ്ധയ്യ എന്തൊക്കെയോ മന്ത്രിക്കുന്നു. അതിലേതാനും കുരുക്കുകളും ഇട്ടുകൊണ്ട് ഗൗരവഭാവത്തിൽത്തന്നെ കൺതുറന്നു. എന്നോട് ഇടതുകൈത്തണ്ട കാട്ടാൻ പറഞ്ഞു. ഞാൻ ഷർട്ടിന്റെ കൈ ഉള്ളിലേക്ക് മടക്കി വച്ച് അനുസരണയോടെ കൈകാട്ടിക്കൊടുത്തു. അയാൾ രണ്ടുമൂന്നുമടക്കായി ചുറ്റി കയ്യിൽക്കെട്ടി.
എന്നിട്ട് എന്നോട് പറഞ്ഞു. ഇനി മേഷ് ഒന്നിനെയും ഭയപ്പെടണ്ട. നുങ്കെമല കാലഭൈരവസ്വാമിയെ മനസ്സിൽ വിചാരിച്ചു കിടന്നോളൂ. പ്രേതങ്ങൾ ഒഴിഞ്ഞുപോയ്ക്കോളും.
ഞാൻ പിരിയൻ ഗോവണി കയറി. വരാന്തയിലൂടെ വാതിലിന് മുന്നിലെത്തി. മുറി തുറന്നു അകത്തു കയറി.
എന്റേതു മാത്രമായി ഒരു മുറിക്കുവേണ്ടിയായിരുന്നു കുറച്ചു കാലമായി ഞാൻ ആഗ്രഹിച്ചത്. അതു കിട്ടി. പക്ഷെ മുറിക്ക് വേറൊരു അവകാശി കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ ഒരു മനഃപ്രയാസം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീനിലയത്തിൽ ബഷീർ മരിച്ചുപോയ ഭാർഗവിക്കുട്ടിയുടെ ആത്മാവിനോട് സംസാരിക്കുന്നുണ്ട്. ഇത് ഒരു ആൺപ്രേതമാണ്. പെൺപ്രേതങ്ങളെപ്പോലെ ആൺപ്രതങ്ങളും ഉണ്ടാകുമോ ?
എനിക്കാണെങ്കിൽ അവന്റെ പേരുപോലും അറിയില്ല. ഭാഷയും നന്നായറിയില്ല.
അവനെന്നെയോ ഞാൻ അവനെയോ ഒരിക്കലും കണ്ടിട്ടില്ല. ഒരുപക്ഷെ അവൻ പ്രകാശയെപ്പോലെ ആയിരിക്കുമോ ? എന്തായിരുന്നാലും പ്രകാശയുടെ സഹോദരൻ എന്റേയും സഹോദരനാണല്ലോ എന്ന സമാധാനം മനസ്സിലുണ്ടായിരുന്നു.
ഉറങ്ങുന്നതിന് മുമ്പ് ജനവാതിലുകൾ തുറന്നു വച്ച് ഞാൻ വരാന്തയിലേക്ക് ഒന്നു ലൈറ്റടിച്ചു നോക്കി. ആരുമില്ല. ഞാൻ മാത്രം. ലോകം മുഴുവനും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉറങ്ങാതിരിക്കുന്നു. ലൈറ്റണച്ചു ഞാൻ മലർന്നു നിവർന്നുകിടന്നു. അതിനിടയിലും ഞാനത് ആലോചിക്കുകയായിരുന്നു. ഏതായിരുന്നു നല്ലത്. ഇവിടെയോ അവിടെയോ. സ്വന്തമെന്നപോലെ എന്നെ സ്നേഹിച്ച് കുടിയിരുത്തിയ ഒരു വീട്. എല്ലാരും ഉണ്ടായിരുന്ന വീട്. ആരോരുമില്ലാതെ ഞാൻ മാത്രമുള്ള ഈ മുറി. ഏതായിരുന്നു നല്ലത് ? ചില തീരുമാനങ്ങൾ മനുഷ്യരെ ഉത്തരം കിട്ടാതെ ചോദ്യങ്ങളിലേക്കും തീർപ്പിലെത്താനാവാത്ത വീണ്ടുവിചാരങ്ങളിലേക്കും നയിക്കുന്നു.
പുതിയ മുറിയുടെ പുതുഗന്ധം ശ്വാസം തിരിച്ചറിയുന്നുണ്ട്. ജനലിലൂടെ ഒഴുകി വരുന്ന കാറ്റ് അടുത്തു വന്ന് തട്ടിയും മുട്ടിയും പരിചയപ്പെടുന്നു. മുറിയുടെ ഗന്ധം ഞാനും എന്റെ ഗന്ധം മുറിയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ജീവിതത്തിന്റെ മാറിമാറി വരുന്ന മേൽക്കൂരകളെപ്പറ്റി ചിന്തിച്ച് ചിന്തിച്ച് ഏതോ ഒരു സമയത്ത് ഞാനുറങ്ങിപ്പോയി.
ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. വേഗംതന്നെ മുറിയിലെ ലൈറ്റിട്ടു നോക്കി. തട്ടിന്മേൽ വച്ചിരുന്ന പുസ്തകങ്ങളെല്ലാം തറയിൽ വീണു ചിതറിക്കിടക്കുന്നു. വീണുകിടക്കുന്ന പുസ്തകങ്ങൾ തറയിലിരുന്നുകൊണ്ട് ഞാൻ ഒരോന്നായി അടുക്കിയെടുത്തു. കട്ടിലിന്റെ അടിയിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ട് ഞാൻ ഞെട്ടി. ഭയത്തോടെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചുനോക്കി. ആ കാഴ്ചയിൽ നിന്ന് കണ്ണുകളെ പിന്തിരിപ്പിക്കാൻ ആഗ്രഹിച്ചുവെങ്കിലും അങ്ങോട്ടേക്ക് കൊളുത്തി വലിക്കുന്നതുപോലെ. പെട്ടെന്ന് ഒരു കറുത്ത പൂച്ച ചീറ്റലോടെ പുറത്തേക്ക് ചാടി ജനാലവഴി ഇറങ്ങിയോടി. ഞാൻ ജനാലയിലൂടെ ടോർച്ചടിച്ചു നോക്കി. ആരുമില്ല. പുറത്ത് നിലാവു മാത്രം. എന്റെ മനസ്സാകട്ടെ അമാവാസിപോലെ ഇരുണ്ടിരുണ്ടു വന്നു. സമയം ഒന്നരയോട് അടുത്തിരുന്നു.
ജനാലയിലൂടെ പൂർണ്ണചന്ദ്രൻ മേഘങ്ങൾക്കിടയിലൂടെ ഒഴുകിപ്പോവുന്നത് കാണാം. ചൂടുണ്ടായിരുന്നെങ്കിലും പൂച്ച ഇറങ്ങിയോടിയ ജനാല ഞാൻ അടച്ചുവച്ചു.
സിദ്ധയ്യ കയ്യിൽക്കെട്ടിത്തന്ന ചരട് ഇടയ്ക്ക് കൈവിരലുകളിൽ തടയുന്നു. ഞാൻ അറിയാതെ നുങ്കെമല കാലഭൈരവനെ മനസ്സിലോർത്തു. ഇപ്പോൾ കാറ്റ് മുറിയിലേക്ക് കടന്നു വരുന്നതേയില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ രാവിലെയായപ്പോൾ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോവുകയും ചെയ്തു. ▮

(തുടരും )

എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര






ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

Comments