പ്രൊഫ. ടി. ശോഭീന്ദ്രൻ, പഴയ ചിത്രം

നമ്മ കന്നട രാജ്യോത്സവം

മൊളക്കാൽമുരുവെന്ന പാഠപുസ്തകം- 6

20

ന്നട രാജ്യോത്സവം നവംബർ ഒന്നാം തീയതിയാണ്.
കർണാടകയുടെ എല്ലാ ഇടങ്ങളിലും അത് വലിയൊരു ഉത്സവമാണ്. മലയാളികളുടെ കേരളപ്പിറവി ആഘോഷം പോലെ. എന്നാൽ ബാംഗ്ലൂരിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മുമ്പൊക്കെ ആ ദിവസം ഒരു പേടിസ്വപ്നമായിരുന്നു. മലയാളികളും തമിഴന്മാരും അന്ന് കടതുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യില്ല. കന്നടിഗർ പ്രാദേശികവാദം ഒരു തീവ്രവാദമായി മാറുന്നതിന്റെ അനുഭവങ്ങൾ ബാഗ്ലൂരിൽ കുറച്ചു വർഷങ്ങളായി ആവർത്തിക്കുന്നു. പൊലീസും മറ്റു നിയമസംവിധാനങ്ങളും നോക്കുകുത്തിയാവുന്നു.
കന്നട പ്രാദേശികവാദത്തിന്റെ അന്നത്തെ നേതാവ് വാട്ടാൽ മദപ്പ നാഗരാജനായിരുന്നു. കന്നട ചലുവലിഗെ എന്നൊരു പാർട്ടി അവർ രൂപീകരിച്ചു. നമ്മുടെ നാട് നമ്മുടേത് എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ മലയാളികളുടെ മുന്നേറ്റം ഉണ്ടാക്കിത്തീർത്ത അസ്വസ്ഥതയാണ് അവരെ കലാപത്തിലേക്ക് നയിച്ചത്. പാർട്ടിയുടെ പിൻബലത്തിൽ അവർ തെരുവുകളിലും പട്ടണങ്ങളിലും ഇറങ്ങി മറുനാട്ടുകാരുടെ കടകളും സ്ഥാപനങ്ങളും അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വാഹനങ്ങൾ കത്തിച്ചു.
ഇതിന്റെ വാർത്തകൾ കഴിഞ്ഞവർഷത്തിലും പത്രങ്ങളിൽ വായിച്ചിരുന്നു. കർണാടകയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം അത്രവലുതായിരുന്നു. നഗരങ്ങളിൽ ജീവിക്കാനുള്ള വഴി തേടി വന്ന മറുനാട്ടുകാർ ധാരാളമുണ്ടായിരുന്നു. ഗ്രാമങ്ങളിലാകട്ടെ മറുനാട്ടുകാരെ അന്ന് കാണാനുമുണ്ടായിരുന്നില്ല.

മൊളക്കാൽമുരുവിലെ ഒരേയൊരു മറുനാട്ടുകാരനായ എന്നോട് ആദ്യമൊക്കെ ഇന്നാട്ടുകാർക്ക് തോന്നിയത് ഒരു കൗതുകമായിരുന്നെങ്കിൽ പിന്നീടതൊരു കറകളഞ്ഞ സ്നേഹം മാത്രമായാണ് ഞാൻ അനുഭവിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ആൾ മുതൽ ഏറ്റവും മേൽത്തട്ടിലുള്ളവർ വരെ അവരുടെ സ്നേഹബന്ധനത്തിൽ എന്നെ ചേർത്തുനിർത്തി.
ബാംഗ്ലൂർ നഗരത്തിൽ മറുനാട്ടുകാർക്കെതിരെ കലാപത്തിന് കോപ്പുകൂട്ടുമ്പോൾ മൊളക്കാൽമുരുവിലെ നാട്ടുകാർ അവരുടെ രാജ്യോത്സവത്തിന് എന്നെ അധ്യക്ഷനാക്കി വച്ചുകൊണ്ട് പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. അതിന് കാരണക്കാരനായത് മൊളക്കാൽമുരുവിൽ അന്നത്തെ ഒരേയൊരു ഡോക്ടറേറ്റുകാരനും ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്ന ഡോ.നരഹരിറാവു എന്ന ചെറുപ്പക്കാരനായിരുന്നു.
നരഹരിറാവുവും പ്രകാശയും ശിവജിയും ഗൗഡയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. മൊളക്കാൽമുരുവിൽ വന്നിറങ്ങുന്ന ദിവസങ്ങളിൽ നരഹരി എന്റെ മുറിയിൽ വരാറുണ്ടായിരുന്നു.

ഒരു ദിവസം എന്നോട് പറഞ്ഞു. ""മേഷ് ഇത്തവണ രാജ്യോത്സവത്തിൽ സംസാരിക്കണം.'' സത്യത്തിൽ ഞാനമ്പരന്നു. അതിനുകാരണം എനിക്ക് മൊളക്കാൽമുരുവിലെ ആളുകളെയും അവരുടെ ജീവിതത്തെക്കുറിച്ചും മാത്രമേ അറിയുള്ളൂ. രാജ്യോത്സവവേദിയിൽ വച്ച് അവരുടെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് പറയാനുള്ളതൊന്നും എനിക്കറിയില്ല.
എന്റെ അറിവില്ലായ്മ ഞാൻ ബോധ്യപ്പെടുത്തി.
നരഹരിറാവു പറഞ്ഞു.""അറിയാനൊന്നുമില്ല. അറിയേണ്ടതും പറയേണ്ടതുമെല്ലാം ഞാൻ പറഞ്ഞുതരാം. മേഷ് കൂടെ നിന്നാൽ മതി.''
ഞാൻ തലയാട്ടി.
നരഹരി പറയാൻ തുടങ്ങി.

ഡോ.നരഹരിറാവു

ഞാൻ ഒരു കടലാസിൽ അത് പകർത്താനും.
കന്നടനാടിന്റെ പൈതൃകം, ചരിത്രം, സംസ്‌കാരം എല്ലാം കൂടി ചേർത്ത് ഒറ്റയിരിപ്പിൽ ഞാൻ എഴുതിയെടുത്തു.
നല്ല കനപ്പെട്ട വാക്കുകൾ. കാച്ചിക്കുറുക്കിയ വാക്യങ്ങൾ, കാവ്യാത്മകമായ ഭാഷ.
ഞാനതു മുറിയിലിരുന്ന് പലയാവർത്തി വായിച്ചു പഠിച്ചു. മൊളക്കാൽമുരുവിലെ എന്റെ അനുഭവങ്ങളും അതോടൊപ്പം ചേർത്തുവച്ചുകൊണ്ട് നവംബർ ഒന്നിന് അന്നാട്ടിലെ ഗ്രാമീണർക്കു മുന്നിൽ ചെന്നു നിന്നു.
വൈകുന്നേരമാണ് പരിപാടി. മൊളക്കാൽമുരുവിലെ ജനാവലി മുഴുവനുമുണ്ട്. ഉദ്ഘാടനപരിപാടിക്കുശേഷം കുട്ടികളുടെയും പൊതുജനങ്ങളുടെയും കലാപരിപാടികളുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ ജനാവലിയൊട്ടാകെത്തന്നെ അവിടെ തമ്പടിച്ചിരുന്നു.
ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയും എത്തിച്ചേർന്നിട്ടുണ്ട്.
പ്രകാശയും ശിവജിയും എന്നെ അനുഗ്രഹിച്ചു.""മേഷെ ഗംഭീരമാക്കണം.''
ഞാനും വേദിയിൽ ചെന്നിരുന്നു.
നരഹരിറാവു എന്നോട് ചോദിച്ചു.""മേഷെ ഓ.കെയല്ലേ ?''
ഞാൻ ചെറുചിരിയോടെ അവനോട് ആണെന്നു പറഞ്ഞു. നരഹരിറാവു മൈക്കിന് മുന്നിലേക്ക് ചെന്ന് സ്വാഗതം പറയുന്നു.
എനിക്ക് മനസ്സിലൊരു അസ്വസ്ഥത കയറി വരുന്നതുപോലെ. ഇത്രയും നേരം എനിക്ക് ഒരു കുഴപ്പമുണ്ടായിരുന്നില്ല. വന്ന നാളുകളിൽ ക്ലാസ് മുറികളിൽ ചിലപ്പോൾ സംഭവിക്കാറുള്ള ഉച്ചാരണപ്പിശക് ഇവിടെയും സംഭവിക്കുമോ ?
അതൊരു പൊട്ടിച്ചിരിയായി മാറുമോ ?
അനാവശ്യമായ ചില ചിന്തകളാണ് മനസ്സിലേക്ക് ഇഴഞ്ഞു വരുന്നത്.
നുങ്കെമല ദൂരെ കാണുന്നു.
ഞാൻ കണ്ണടച്ചിരുന്നു.
നരഹരി എന്നെ അധ്യക്ഷനായി വേദിയിലേക്ക് ക്ഷണിച്ചു.
കന്നടഭാഷ മുലപ്പാൽപോലെ കുടിച്ചുവളർന്ന നാട്ടുകാരുടെ മുന്നിൽ ഒരു മലയാളിയായ ഞാൻ കന്നടയിൽ സംസാരിക്കാൻ പോകുന്നു.
ഞാൻ രണ്ടും കൽപിച്ച് എഴുന്നേറ്റു ചെന്നു.""മൊളക്കാൽമുരുവിന നണ്ണമെച്ചിന ജനഗളെ ഈ കന്നട നാടിന അഭിമാനികളെ''
അത് കേട്ടപ്പോൾ തന്നെ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
മുന്നിലിരിക്കുന്ന പരിചയക്കാരോട് ചിരിച്ചും അവരിലോരുത്തരുടെയും മുഖത്തേക്കു നോക്കിയും ഞാൻ അവരുടെ ജീവിതത്തെയും സംസ്‌കാരത്തെയും അവർ തന്ന സ്നേഹത്തെയും കുറിച്ചു സംസാരിച്ചു. ഒരു കന്നടക്കാരന്റെ ഉച്ചാരണശുദ്ധി എവിടെയും കൈവിടാതെ. നരഹരി പറഞ്ഞുതന്ന വാക്കുകളുടെ കനം ഒട്ടും കുറഞ്ഞുപോകാതെ. ആത്മവിശ്വാസത്തോടെയും നല്ല ഒഴുക്കോടെയും തന്നെ ഞാൻ പ്രസംഗം മുന്നോട്ടുകൊണ്ടുപോയി.""ദൈവം നിങ്ങൾക്ക് വരൾച്ചയുടെ ഒരു നാടും ജീവിതവും തന്നു. നിങ്ങൾ ദൈവത്തെപ്പോലെ മനസ്സിലെ എല്ലാ വരൾച്ചകളെയും മായ്ച്ചു കളഞ്ഞ് സ്നേഹത്തിന്റെ ഒരു പച്ചവിരിച്ചു തന്നു. ഈ ഭൂമിയോടും ഇവിടത്തെ ജനങ്ങളോടും ഞാൻ എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു. അതിന് ഞാൻ നന്ദി പറയുന്നു.'' എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ആളുകൾ നിറഞ്ഞ കയ്യടിയോടെ എന്നെ അഭിവാദ്യം ചെയ്തു.
വേദിയിൽ ചെന്നിരിക്കുമ്പോൾ നരഹരിറാവു
എന്റെ കൈപിടിച്ചു കുലുക്കി.
ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ നന്നായി എന്നൊരു കമന്റും. അന്നു രാത്രി ഉറങ്ങുമ്പോഴെല്ലാം മൊളക്കാൽമുരുവിലെ ജനങ്ങളോട് സംസാരിച്ച കന്നടവാചകങ്ങൾ എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ മുഴങ്ങുന്നുണ്ടായിരുന്നു.

21: നിലവിലില്ലാത്ത ഒരു മേൽവിലാസം

രു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞാൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. ലൈബ്രറിയിലെ സുഗുണയ്യ വന്ന് വാതിലിൽ മുട്ടിവിളിച്ചു.""മേഷെ നാട്ടിൽ നിന്നൊരാള് വന്നിട്ടുണ്ട്. വാതിൽ തുറക്ക്.''
ആരാണ് വന്നത് എന്ന അത്ഭുതത്തോടെയാണ് ഞാൻ വാതിൽ തുറന്നത്. സുഗുണയ്യയുടെ കൂടെ ഒരാൾ. അയാൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. സുഗുണയ്യ അയാളെ എന്നെ ഏൽപിച്ചിട്ട് താഴേക്ക് നടന്നുപോയി.
ഞാൻ ചോദിച്ചു. ""ആരാ എനിക്ക് മനസ്സിലായില്ലല്ലോ.''
അയാൾ പറഞ്ഞു.""മാഷിന് എന്നെ അറിയാൻ വഴിയില്ല. മാഷിനെ ഒന്നു പരി ചയപ്പെടാൻവേണ്ടി രായദുർഗയിൽ നിന്നും വരികയാണ്.'' അയാൾ പേരു പറഞ്ഞു.
കുട്ടൻപിള്ള. നാട് കൊല്ലം. ഇന്ന് ഞാനയാളെ ഓർമ്മിക്കുമ്പോൾ മറ്റൊരു മുഖം കൂടി തെളിഞ്ഞുവരുന്നു. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ. അദ്ദേഹത്തന്റെ ഒരേകദേശ രൂപമായിരുന്നു അയാൾക്ക്. കട്ടിയുള്ള ഒരു സ്ലാക്ക് ഷർട്ടും പാന്റ്സും ധരിച്ച ഒരു പരമയോഗ്യനായ ഒരാൾ. അയാൾ പറഞ്ഞു.
എനിക്ക് നാട്ടിൽ ബിസിനസാണ്. പാട്ടുസാരികളുടെ""ബിസിനസ്. രായദുർഗയിൽ വന്നാണ് അതെടുക്കുന്നത്. രണ്ടുമൂന്നു മാസം കൂടുമ്പോൾ ഇവിടെ വരാറുണ്ട്.''
രായദുർഗ മൊളക്കാൽ മുരുവിനടുത്തുള്ള ആന്ധ്രയുടെ ഭാഗമായ ഒരു പട്ടണമാണ്. മൊളക്കാൽമുരുവിലുള്ളവർ എന്താവശ്യങ്ങൾക്കും ഓടിപ്പോകുന്നത് രായദുർഗയിലേക്കാണ്.
ഞാൻ ചോദിച്ചു.""എന്നെപ്പറ്റി എങ്ങനെ അറിഞ്ഞു.''
അയാൾ പറഞ്ഞു.""മാഷ് പഠിപ്പിക്കുന്ന ഒരു പയ്യനെ രായദുർഗ അങ്ങാടിയിൽ വച്ച് കണ്ടിരുന്നു. ഞാൻ മലയാളിയാണെന്നറിഞ്ഞപ്പോൾ അവൻ ആദ്യം പറഞ്ഞത് മാഷിന്റെ പേരാണ്.''
മൊളക്കാൽമുരു ബസ് സ്റ്റാൻഡിനോടു ചേർന്ന
ബിൽഡിംഗിലാണ് മാഷ് താമസിക്കുന്നതെന്നും പറഞ്ഞു.
മാഷിനെ ഒന്ന് കണ്ടുപോകാമെന്ന് കരുതി.
മൊളക്കാൽമുരുവിൽ വച്ച് ഞാൻ കണ്ടുമുട്ടിയ ആദ്യത്തെ മലയാളിയായിരുന്നു അയാൾ. അതിന്റെ സന്തോഷം എന്റെ ഉള്ളിലുണ്ടായിരുന്നു.
ഞാൻ ശോഭീന്ദ്രൻ എന്ന് സ്വയം പരിചയപ്പെടുത്തി.
അയാൾ പറഞ്ഞു. ""എനിക്കറിയാം.''
ആ കുട്ടി പറഞ്ഞിരുന്നു.
അടുത്ത മുറികളിൽ ചിന്നപ്പയ്യയും വാസുദേവ മൂർത്തിയുമുണ്ടായിരുന്നു. ഞാൻ കുട്ടൻപിള്ളയെ അവർക്കു കൂടി ഒന്ന് പരിചയപ്പെടുത്തിയ ശേഷം താഴെ സിദ്ധയ്യയുടെ ചായക്കടയിലേക്ക് നടന്നു.
സിദ്ധയ്യ ചോദിച്ചു. ""ഇതാര് പരിചയമില്ലല്ലോ.''
ഞാൻ പറഞ്ഞു നാട്ടിൽ നിന്ന് വന്നതാണ്.
സിദ്ധയ്യ ചിരിച്ചുകൊണ്ടു പറഞ്ഞു.""ഓ സ്നേഹിതനാണ് അല്ലേ ?''
മറുപടി പറയുന്നതു കേൾക്കാനോ അതിനായി കാത്തിരിക്കാനോ സിദ്ധയ്യയ്ക്ക് നേരമുണ്ടായിരുന്നില്ല. ഞാനും കുട്ടൻ പിള്ളയും പുതിയൊരു സൗഹൃദത്തിന്റെ പച്ചപ്പിൽ പരസ്പരം നോക്കി ഒന്നു ചിരിച്ചു. ചായ കുടിക്കുന്നതിനിടയിൽ അയാൾ മടിയോടു കൂടിയെങ്കിലും തികച്ചും വൈകാരികമായി എന്നോട് സംസാരിക്കാൻ തുടങ്ങി.""മാഷെ, എനിക്കിവിടെ ചെറിയൊരു ബുദ്ധിമുട്ട് വന്നു ചേർന്നിട്ടുണ്ട്. എന്നെയൊന്നു സഹായിക്കാൻ പറ്റുമോ ?'' ഞാനതു പ്രതീക്ഷിച്ചതല്ല. എങ്കിലും അറിയാതെ ചോദിച്ചുപോയി""എന്താണ് പറ്റിയത് ?''
അയാൾ പറഞ്ഞു.""രായദുർഗയിൽ വച്ച് എന്റെ വണ്ടി ആക്സിഡന്റായി. ഒരു സൈക്കിൾ യാത്രക്കാരനെ തെറിപ്പിച്ച് വണ്ടി ഒരു മരത്തിൽ ചെന്നിടിച്ചു. അയാൾ ആസ്പത്രിയിലാണുള്ളത്. ഞാനും നടുതെറ്റി ആസ്പത്രിയിലായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് രണ്ടുപേരും രക്ഷപ്പെട്ടത്.''
എന്റെ മനസ്സ് ആ സംഭവങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. ചായ തണുത്തു തുടങ്ങുന്നു. സിദ്ധയ്യ അത് ഓർമ്മിപ്പിക്കാനെന്നോണം പറഞ്ഞു.""മേഷെ ചായ തണുക്കുന്നു. വിശേഷം പറഞ്ഞ് ചായക്കാര്യം മറന്നു അല്ലേ ?''
ഞാൻ ജീവിതത്തിന്റെ വഴിത്തിരിവുകളെ കുറിച്ച് ആലോചിക്കുകയായിരുന്നു. അന്യദേശത്ത് ബുദ്ധിമുട്ടിനിടയിൽ ഒരു മലയാളി ഒരു പരിചയവുമില്ലാത്ത മറ്റൊരു മലയാളിയെ അന്വേഷിച്ചു വരുന്നു. ഭാഷയാണോ ദേശമാണോ ഏതായിരിക്കും മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്നത് ? താത്വികമായി പലതും ചിന്തിക്കാനുള്ള സാധ്യത കൂടി ആ നിമിഷങ്ങൾക്ക് ഉണ്ടായിരുന്നു.
അയാൾ വീണ്ടും പറഞ്ഞു.""ആശുപത്രിയിൽ കിടക്കുന്ന ആൾ രണ്ടു ദിവസം കൊണ്ട് ഡിസ്ചാർജാവുമെന്നാണ് ഡോക്ടർ പറഞ്ഞത്.''""എന്റെ വണ്ടിയാണെങ്കിൽ വർക്ക്ഷോപ്പിലാണ്. അതു പുറത്തിറക്കണം എന്നിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ. മാഷിന് എന്നെ സഹായിക്കാൻ കഴിയുമോ ?'' അയാളുടെ ചായ പാതിയും കുടിക്കാതെ തണുത്തു തന്നെ കിടക്കുന്നു.
ഞാൻ പറഞ്ഞു.""കുട്ടൻപിള്ള വിഷമിക്കണ്ട നമുക്ക് എന്തെങ്കിലും വഴിയുണ്ടാകും.'' ഞങ്ങൾ റൂമിലേക്ക് തിരിച്ചു വന്നു. ഞാൻ ചോദിച്ചു.""രായദുർഗയിൽ എവിടെയാണ് താമസിച്ചിരുന്നത് ?''
അയാൾ പറഞ്ഞു.

പ്രകാശയോടൊപ്പം ടി.ശോഭീന്ദ്രൻ മൊളക്കാൽമൊരുവിലെ ഒരു കൽമലമുകളിൽ

""ഇന്നലെ വരെ ആശുപത്രിയിലായിരുന്നു. ഇന്നു പിന്നെ ഇങ്ങോട്ടു പോന്നു. നാളെ ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.''
ഞാൻ പറഞ്ഞു എന്നാൽ ഇന്നിവിടെ താമസിച്ചിട്ട് നാളെ രാവിലെ പോയാൽ മതി. അയാൾക്ക് എന്റെ വാക്കുകൾ വലിയ ആശ്വാസവും സന്തോഷവും നൽകിയിരുന്നു. അതോടെ അയാളെ സഹായിക്കണമെന്ന് അതിയായി ഞാനും ആഗ്രഹിച്ചു തുടങ്ങി.
ഞാൻ ചോദിച്ചു കുട്ടൻ പിള്ളയ്ക്ക് കാര്യങ്ങളൊക്കെ നടക്കാൻ എത്രത്തോളം പണം ആവശ്യമായി വരും. അയാൾ പറഞ്ഞു.""ആയിരത്തോളം രൂപ വേണ്ടിവരുമെന്നാണ് തോന്നുന്നത്. മാഷ് എഴുന്നൂറ് രൂപയെങ്കിലും തന്നാൽ മതി. എന്റെ കയ്യിൽ ഒരു മൂന്നൂറോളം രൂപയുണ്ട്.''
ഞാൻ അന്തിച്ചു നിന്നുപോയി. എനിക്ക് ഒരു മാസത്തെ ശമ്പളം 400 രൂപയോളമേയുള്ളൂ. രണ്ടു മാസത്തെ ശമ്പളമെങ്കിലും വേണം എഴുന്നൂറ് തികയ്ക്കാൻ. എന്റെ മനസ്സിന്റെ കണക്കു കൂട്ടലുകൾ കുട്ടൻ പിള്ള മനസ്സിൽ കാണുന്നുണ്ടാവണം. അയാൾ പറഞ്ഞു.""മാഷെ, മാഷ് തരുന്ന അഡ്രസിൽ നാട്ടിലെത്തിയാൽ ഒരാഴ്ചകൊണ്ട് തന്നെ ഞാൻ പണമയച്ചോളാം.''
ഞാൻ പറഞ്ഞു. ""നോക്കട്ടെ കുട്ടൻ പിള്ളേ നാളയാകുമ്പോഴേക്കും എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ നോക്കട്ടെ.''
രാത്രിയിൽ കുട്ടൻ പിള്ളയ്ക്കുവേണ്ടി ഞാൻ കട്ടിലൊഴിഞ്ഞു കൊടുത്തു.
കുട്ടൻ പിള്ള കിടക്കുന്നേരം പറഞ്ഞു.""എനിക്ക് പ്രായമായി വരികയാണ് മാഷെ. ഇനി ബിസിനസെല്ലാം മോനെ എൽപിക്കണം. അവൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്. ഇത്രയും ദൂരം വണ്ടിയോടിച്ചു വരാനൊന്നും ഇനി എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.''
ഞാൻ രാവിലെ കൊടുക്കേണ്ട പണത്തിന്റെ കാര്യം മാത്രമാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. ചിന്നപ്പയ്യയോട് അഞ്ഞൂറ് രൂപ കടമായി ചോദിച്ചുവച്ചിട്ടുണ്ട്. അവൻ പറഞ്ഞത് ഇന്ന് രാത്രി ക്ലബിലെ ചീട്ടുകളിയിൽ പണം വാരാനായാൽ തരാമെന്നാണ്.
ചിന്നപ്പയ്യയ്ക്ക് ഇന്ന് കൈനിറയെ കിട്ടണമെന്ന് അന്നാദ്യമായി ആഗ്രഹിച്ചു. കറുപ്പ് എണ്ണതേച്ചു മെഴുകിയ ആ രാത്രിയിൽ അതുമാത്രം മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാനുറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ ചിന്നപ്പയ്യയുടെ മുറിയുടെ വാതിൽക്കൽ ചെന്നുനിന്നു.
ഇവൻ ഇന്നലെ രാത്രി എപ്പോഴാണ് വന്നിട്ടുണ്ടാവുക.
വല്ലതും കിട്ടിയിട്ടുണ്ടാവുമോ അല്ലെങ്കിൽ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടോ ? ചിന്നപ്പയ്യയുടെ ഒരു വിവരവും അറിയുന്നില്ല. കുറച്ചുനേരം കൂടി കഴിയട്ടെ എന്നു വിചാരിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു.
അവനെത്തന്നെ വിചാരിച്ചിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ ചിന്നപ്പയ്യ മുറിയുടെ വാതിലിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവന്റെ മുഖത്ത് എന്താണുള്ളതെന്ന് വായിച്ചെടുക്കാൻ കഴിയുന്നില്ല.
അവൻ പറഞ്ഞു. ""മേഷൊന്ന് എന്റെ മുറിയിലേക്ക് വരണം.'' ഞാൻ ചെന്നു. ഹാങ്ങറിൽ തൂക്കിയിട്ട ഷർട്ട് കയ്യിലെടുത്തിട്ട് അവൻ ചോദിച്ചു.""പൈസ വേണ്ടേ ?''
ഞാൻ പറഞ്ഞു.""വേണം. അതിനായി കാത്തിരിക്കുകയായിരുന്നു.''
പോക്കറ്റിൽ മടക്കി വച്ചിരുന്ന നോട്ടുകൾ ചിന്നപ്പയ്യ കയ്യിലെടുത്ത് നിവർത്തിപ്പിടിച്ചു.
ഒരു ജാലവിദ്യക്കാരനെപ്പോലെ അതിവേഗത്തിൽ നോട്ടുകളോരോന്നായി എണ്ണാൻ തുടങ്ങി.
രണ്ടാം വട്ടവും അതേ പോലെ എണ്ണുന്നു. അതിൽ നിന്ന് 50 രൂപയുടെ പത്തു നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി. ചിന്നപ്പയ്യയോട് ഒരുമാസത്തെ സാവകാശം ചോദിച്ചുകൊണ്ട് ഞാനതു കയ്യിൽ വാങ്ങി.
ഞാൻ മനസ്സിൽ വിചാരിച്ചു. ഇന്നലെ ചിന്നപ്പയ്യ തൂത്തു വാരിയിട്ടുണ്ടാവും. ഇല്ലെങ്കിൽ ഇന്നു ഞാൻ ഈ അഭയാർത്ഥിക്കു മുന്നിൽ എന്തുചെയ്യുമായിരുന്നു.
എന്റെ കയ്യിലെ ഇരുനൂറു രൂപ കൂടി കൂട്ടി എഴുന്നൂറ് രൂപ ഞാൻ കുട്ടൻ പിള്ളയുടെ കയ്യിൽ വച്ചുകൊടുത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാൾ യാത്രയായപ്പോൾ ഒരു മനുഷ്യന്റെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു.
കുട്ടൻപിള്ള പോയി ഒരു മാസമായി. അയാളുടെ കത്തോ മണിയോർഡറോ വന്നില്ല.
ചിന്നപ്പയ്യയും വാസുദേവ മൂർത്തിയും ഒരു ദിവസം ഒന്നിച്ചിരിക്കുമ്പോൾ ചോദിച്ചു. ""അന്ന് വന്ന നാട്ടുകാരൻ പണമയച്ചു തന്നിരുന്നോ ?''
ഞാൻ പറഞ്ഞു. ""ഇല്ല.''
രണ്ടുപേരും കൂടി പറഞ്ഞു. ""അയാൾ തന്ന മേൽവിലാസത്തിൽ ഒരു കത്തയച്ചു നോക്കൂ''. അവർ പറഞ്ഞത് ശരിയാണ്. മേൽവിലാസം തന്നിട്ടുണ്ട്.
ഞാൻ ഒരാഴ്ചകൂടി കാത്തിരുന്നു.
പോസ്റ്റുമാൻ മുറിയിലേക്ക് വന്നതേയില്ല.
ഒടുവിൽ മേൽവിലാസം പരതിയെടുത്ത് പോസ്റ്റ് കാർഡിൽ ഞാനെഴുതി.കുട്ടൻപിള്ള, രാരിക്കൽ വീട്, അഞ്ചൽ.പി.ഒ, കൊല്ലം.
കത്ത് പിറ്റേ ദിവസം വൈകുന്നേരം കോളജ് പോസ്റ്റ് ബോക്സിൽ നിന്നും വിലാസക്കാരെന തേടിപ്പോയി.
മറുപടിക്കായി ഞാൻ കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞിരുന്നു. ഒരു ദിവസം പോസ്റ്റുമാൻ സ്റ്റാഫ് മുറിയിലേക്ക് കയറി വന്നുപറഞ്ഞു.""മേഷെ ഒരു കത്തുണ്ട്. മടക്കതപാലാണ്.''
ഞാനതു വാങ്ങി.
ഞാനയച്ച കത്ത് എന്റെ തന്നെ മേൽവിലാസത്തിൽ തിരിച്ചുവന്നിരിക്കുന്നു.
മേൽവിലാസത്തിനുമേൽ ചുവപ്പു മഷികൊണ്ട് രണ്ടു വരവരഞ്ഞിട്ടുണ്ട്. അതോടൊപ്പം ഒരു വശത്തായി കേരളത്തിലെ തപാലാപ്പീസിൽ നിന്നെഴുതിയ വരികൾ ഞാൻ വായിച്ചു."Addressee not known' (ഇങ്ങനെയൊരു മേൽവിലാസം നിലവിലില്ല.)
വിശ്വാസത്തിന്റെ ഒരു വണ്ടി യാഥാർത്ഥ്യത്തിന്റെ പാറക്കെട്ടിൽ ഇടിച്ചു തകർന്നു. അതിന്റെ പരിക്കുകളുമായി ഞാൻ എന്റെ കിടക്കയിൽ കുറേനേരം മലർന്നു കിടന്നു.

22: നാട് ഒഴുകി വന്ന പ്രദർശനോത്സവം

പ്രിൻസിപ്പൽ ഭീമാചാരി ഒരു ദിവസം എന്നോട് പറഞ്ഞു നാളെ മുതൽ നമുക്ക് വൈകുന്നേരങ്ങളിൽ ഷട്ടിൽ കളി തുടങ്ങണം. ഞാൻ റെഡിയായി. അങ്ങനെ ഞങ്ങൾ കളി തുടങ്ങി. വൈകുന്നേരത്തെ കളിയിൽ പിന്നീട് സുഖരാജും സീതണ്ണയുമൊക്കെ പങ്കുചേർന്നു.
ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന വൈകുന്നേരങ്ങളിൽ കുറച്ച് കുട്ടികൾ കോളജിന്റെ ഏതെങ്കിലും ഭാഗങ്ങളിലായി കളി കഴിയുന്നതുവരെ എന്നെ കാത്തിരിക്കാറുണ്ടായിരുന്നു. ഞാൻ മുറിയിലേക്ക് മടങ്ങുമ്പോൾ അവരും എന്റെ കൂടെ ചേരും. അവരുടെ വീടുകളൊന്നും ദൂരങ്ങളിലായിരുന്നില്ല. അവർക്കാകട്ടെ വീട്ടിലേക്ക് പോകാൻ ഒരിക്കലും ധൃതിയുമുണ്ടായിരുന്നില്ല. എന്റെ കൂടെ മുറിവരെ വരും. എന്നിട്ട് വരാന്തയിൽ നിന്നു കൊണ്ട് മൊളക്കാൽമുരു ബസ്സ്റ്റാൻഡിലേക്ക് നോക്കിയിരിക്കുകയും കുറെസമയം അവിടെ ചെലവഴിച്ച് പതിയെ മാത്രം മടങ്ങി പ്പോവുകയും ചെയ്തു.

ഒരു ദിവസം ഞാൻ അവരെ മുറിയിലേക്ക് വിളിച്ചു.
എന്റെ കയ്യിലുള്ള നൂറുകണക്കിന് ഫോട്ടോകൾ അവർക്കു കാണിച്ചുകൊടുത്തു.
കോഴിക്കോട്ട് വിപ്ലവം പത്രത്തിൽ ഒരു വർഷത്തോളം സബ് എഡിറ്ററായി ഞാൻ ജോലി ചെയ്തിരുന്നു. അക്കാലത്ത് ശേഖരിച്ച ദേശീയവും അന്തർദേശീയവുമായ കുറെ സംഭവങ്ങളെ കുറിക്കുന്നതായിരുന്നു ആ ഫോട്ടോസ്. അതുകണ്ടപ്പോൾ കുട്ടികൾക്ക് വലിയ കൗതുകമായി.
പത്രത്തിലെ നിറംമങ്ങിയ ഫോട്ടോകളല്ലാതെ പലരും ഇത്തരം ചിത്രങ്ങൾ നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു. മൊളക്കാൽമുരുവിലോ സമീപ പ്രദേശങ്ങളിലോ അക്കാലത്ത് ഒരു സ്റ്റുഡിയോപോലും ഉണ്ടായിരുന്നില്ല. ആ കോളജിൽ ഞാൻ പഠിപ്പിച്ചിരുന്ന കാലത്തൊന്നും ഓരോ ബാച്ച് കഴിയുമ്പോഴും ഇവിടത്തെപ്പോലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ഒരു പതിവും ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ ഒരു ക്യാമറയോ ഫോട്ടോയോ കണ്ടിട്ടില്ലാത്ത കുട്ടികളായിരുന്നു അവിടെ കൂടുതലായും ഉണ്ടായിരുന്നത്.
ഫോട്ടോയിൽ കൗതുകം പൂണ്ടു നിൽക്കുന്ന ഈ കുട്ടികളെ കണ്ടപ്പോൾ ഞാൻ പറഞ്ഞു.""നമ്മുടെ കോളെജിലെ എല്ലാ കുട്ടികൾക്കും ഇതു കാണാനായി ഒരവസരമുണ്ടാക്കിയാലോ ?''
ശ്രീവത്സ ആവേശത്തോടെ പറഞ്ഞു.
അതു നന്നായിരിക്കും മേഷെ.
സെയ്ഫുള്ളയും മറ്റുള്ളവരും പറഞ്ഞു.""ഈ എല്ലാ ചിത്രകളന്നൂ പ്രദർശനതല്ലി ഇടോണാ'' (നമുക്കിതു എല്ലാവരെയും കാണിക്കണം മേഷെ) പിറ്റേന്ന് ക്ലാസിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു.""കോളജിൽ ഒരു എക്സിബിഷൻ നടത്താൻ പോകുന്നു. നമുക്കിന്ന് അതിനെക്കുറിച്ച് സംസാരിക്കാം.''
കുട്ടികൾ വാചാലരായി.

ഞാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സണിന്റെയും ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ഓരോ കുട്ടിയും അത് അടുത്തു കാണാനായി തിടുക്കം കാട്ടുകയും ഒരു ഫോട്ടോകളുടെ മുന്നിൽ ക്ലാസ് കടലുപോല ഇളകി മറിയുകയും ചെയ്തു.
എക്സിബിഷൻ എങ്ങനെ നന്നായി നടത്താമെന്ന ആലോചന കുട്ടികൾക്ക് ഇട്ടുകൊടുത്തു.
ജീജാഭായ് എന്ന കുട്ടി എഴുന്നേറ്റു പറഞ്ഞു.""മേഷെ, നനഗെ ഒന്തു ഹൊസാ ആലോചനെ ബന്തിതെ''
(മേഷെ എനിക്കൊരു ഐഡിയ തോന്നുന്നു)
എല്ലാവരും അവളുടെ ആശയം കേൾക്കാൻ കാതോർത്തു. അവൾ പറഞ്ഞു. ""ഈ ക്ലാസിലുള്ള ഓരോ കുട്ടിയുടെയും വീട്ടിൽ കൗതുകം തോന്നുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ. അതുകൂടി ഇതിൽ നമുക്ക് ഉൾപ്പെടുത്തിയാലോ''
അത് നല്ലൊരു ആശയമായിരുന്നു.
ഞാൻ കൊണ്ടു വരാൻ കഴിയുന്നവരോട് കൈ പൊക്കാൻ പറഞ്ഞു. ആദ്യം ഒന്നു രണ്ടു കുട്ടികൾ കൈപൊക്കി. അതിന് പിന്നാലെ കുറച്ചു കൂടി കുട്ടികളും.
വൈകുന്നേരം കളി കഴിഞ്ഞപ്പോൾ ഞാൻ പ്രിൻസിപ്പലിനോട് ഇക്കാര്യം പറഞ്ഞു.
അദ്ദേഹമതിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
അതൊന്നും ഇവിടെ നടക്കില്ല മേഷെ എന്നാണ്. ഇവിടത്തെ കുട്ടികൾക്ക് അതിലൊന്നും ഒരു താത്പര്യവും ഉണ്ടാകില്ല.
പക്ഷെ കുട്ടികൾ സാധനങ്ങൾ കൊണ്ടുവരാൻ തുടങ്ങി.
ശ്രീവത്സയും സെയ്ഫുള്ളയും പറഞ്ഞു. ""മേഷെ നമുക്ക് എല്ലാ ക്ലാസിലും ചെന്നു പറയണം.'' അങ്ങനെ ഞാനും കുട്ടികളും ഓരോ ക്ലാസിലും ചെന്നു.
കുട്ടികൾ പറഞ്ഞു. ""മേഷെ എന്റെ കയ്യിൽ തുണിയിൽ സ്വന്തമായി തുന്നിയ എബ്രോയ്ഡറിയുണ്ട്.'' ചിലർ പറഞ്ഞു. ഞാൻ ഉണ്ടാക്കിയ പലതരം കരകൗശല വസ്തുക്കളുണ്ട്.
പറഞ്ഞത് ഒന്നോ രണ്ടോ പേരായിരുന്നെങ്കിലും തുണിത്തരങ്ങളിൽ ചിത്രപ്പണി ചെയ്തും കരകൗലവസ്തുക്കളുണ്ടാക്കിയും കൊണ്ടുവന്നവർ നിരവധിയായിരുന്നു. ഓരോന്നിന്റെയും മേൽ സ്വന്തം പേരെഴുതിയ ടാഗ് കുട്ടികൾത്തന്നെ കെട്ടിത്തൂക്കി. മൂന്നാലു ദിവസം കൊണ്ട് സ്പോർട്സ് മുറി സാധനങ്ങൾ കൊണ്ടു നിറഞ്ഞു. എല്ലാ ഒരുക്കങ്ങളുമായപ്പോൾ പ്രിൻസിപ്പലിനോട് സംസാരിച്ച് അടുത്ത തിങ്കളാഴ്ച പ്രദർശനത്തിനുള്ള തീയതി കണ്ടു.

സീതണ്ണയും സുഖരാജും ചിന്നപ്പയ്യയും വെള്ളിയാഴ്ചകളിൽ നാട്ടിലേക്ക് പോകുന്നത് കൊണ്ട് അധ്യാപകരാരും കൂടെയില്ല. ഒരുക്കങ്ങൾ ശനിയാഴ്ച തുടങ്ങിയെങ്കിലും തിങ്കളാഴ്ച പുലരുന്നതുവരെയും നീണ്ടു. ഓരോന്നും തരംതിരിച്ച് ഏറ്റവും നന്നായി ഒരുക്കി വയ്ക്കുന്ന പണി കഴിഞ്ഞ് പുലരാൻ നേരമാണ് മുറിയിൽ ചെന്നുകിടന്നത്.
ഒന്നുറങ്ങിയതേയുള്ളൂ.
പ്യൂൺ ചന്ദ്രണ്ണ വന്നു വിളിക്കുകയും പ്രിൻസിപ്പൽ ഉടൻതന്നെ കോളജിൽ എത്താൻ ആവശ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തു. എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല. എന്തെങ്കിലും പ്രശ്നം പറയാനാണോ വിളിപ്പിച്ചത് എന്ന
വേവലാതിയോടെ ഞാൻ കോളജിലേക്ക് ചെന്നു. അദ്ദേഹം വരാന്തയിൽതന്നെ നിൽക്കുന്നു.
അസ്സലായിട്ടുണ്ട് ശോഭിന്ദർ. ഞാൻ നേരത്തെ ഒരു വട്ടം കണ്ടു. ഇനി അധ്യാപകരോടൊപ്പം ഒന്നു കൂടി കാണാം എന്നു പറഞ്ഞു എന്നെയും കൂട്ടി നടന്നു.

പ്രദർശനഹാളിലേക്ക് കടക്കുന്ന വരാന്ത തൂണുകൾക്കിടയിൽ തുണികെട്ടി മറച്ച് ഗുഹാവഴി പോലെ രൂപപ്പെടുത്തിയിരുന്നു. വഴിയുടെ മുഖഭാഗത്ത് സ്വാഗതബോർഡ്. പ്രിൻസിപ്പലും ഞാനും അധ്യാപകരും ഹാളിലേക്ക് കടന്നു. കൃഷിയുപകരണങ്ങൾ, പുരാവസ്തുക്കൾ, പരമ്പരാഗതമായ അടുക്കള ഉപകരണങ്ങൾ, പലമാതിരി ആയുധങ്ങൾ, നാണയങ്ങൾ, കരകൗശലവസ്തുക്കൾ, ലോകസംഭവങ്ങളെ കാട്ടിത്തരുന്ന ഫോട്ടോകൾ ഇങ്ങനെയുള്ളതെല്ലാം മനോഹരമായി നിരനിരയായി അടുക്കി വച്ചിരിക്കുന്നു.

ശിവജി

കോളജ് മെയിൻ ഹാൾ ഒരു കാഴ്ചബംഗ്ലാവായി മാറിയത് കണ്ട് എല്ലാവരും അന്തംവിട്ടു നിന്നു. ഭീമാചാരി സന്തോഷം കൊണ്ട് എനിക്കും കുട്ടികൾക്കും നേരെ കൈനീട്ടി. എന്നിട്ടു പറഞ്ഞു.""നമുക്കിത് ജില്ലാകളക്ടറെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം.'' അതു തീരുമാനിക്കുന്നതിനായി അധ്യാപകരെ വിളിച്ചുകൂട്ടിയശേഷം അതിനുവേണ്ടി ആരെയൊക്കെയോ ബന്ധപ്പെട്ടു.

രണ്ടാംദിവസം ജില്ലാ കളക്ടർ വന്നു. അടുത്തുള്ള സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രദർശനം കാണാൻ പ്യൂൺ ചന്ദ്രണ്ണയുടെ കൈവശം പ്രിൻസിപ്പൽ ക്ഷണക്കത്തുകൊടുത്തു വിട്ടു. ചെറുതും വലുതുമായ കുട്ടികൾ വരിവരിയായി നിന്നു കണ്ടുപോയി. നാട്ടുകാർ മുഴുവനും വിവരമറിഞ്ഞു. എല്ലാവരും വന്നു കണ്ടു. ഓരോന്നിന്റെ പശ്ചാത്തലം വിവരിച്ചുകൊടുക്കാൻ
കുട്ടികളെ ഏർപ്പാടാക്കിയിരുന്നു. അവരത് നന്നായി ചെയ്തു.
പ്രകാശയും ശിവജിയും. ഗൗഡയും, നരഹരിറാവുവും തിപ്പസിയും, രാമചന്ദ്രയും വന്നു. ഓരോ ദിവസം കഴിയുന്തോറും കോളജ് ഒരു ഉത്സവത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരുന്നു.
കോളജിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടുകാരും നാഗോജി ബാവിയിലെ പരിചയക്കാരായ കർഷകരും കാഴ്ചകണ്ട് സന്തോഷമറിയിച്ചു. മൊളക്കാൽമുരുവിലെ ജനാവലിയാകെത്തന്നെയും അഞ്ചുദിവസം നീണ്ടുനിന്ന പ്രദർശനം കാണാൻ എത്തിച്ചേർന്നിരുന്നു.

കുട്ടികളുടെ മനസ്സും അവരുടെ കഴിവും നമ്മുടെ സങ്കല്പങ്ങൾക്ക് അപ്പുറമാണ് സാർ. അത് വളർത്താൻ അവരുടെ കൂടെ നിന്നാൽ മാത്രം മതി. ഈ ലോകത്ത് അത്ഭുതങ്ങൾ പലതും നടക്കും

എല്ലാം കഴിഞ്ഞപ്പോൾ ഭീമാചാരി എന്റെ അടുത്തു വന്നു പറഞ്ഞു.
ശോഭീന്ദർ, അന്ന് മേഷ് പറഞ്ഞപ്പോൾ ഞാനിത്രയൊന്നും
പ്രതീക്ഷിച്ചില്ല. ഇത് എനിക്ക് സങ്കല്പിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.
ഞാൻ പറഞ്ഞു. കുട്ടികളുടെ മനസ്സും അവരുടെ കഴിവും നമ്മുടെ സങ്കല്പങ്ങൾക്ക് അപ്പുറമാണ് സാർ. അത് വളർത്താൻ അവരുടെ കൂടെ നിന്നാൽ മാത്രം മതി. ഈ ലോകത്ത് അത്ഭുതങ്ങൾ പലതും നടക്കും. ഇത് ചെറിയ കാര്യമാണ്. ഇതിലും മികച്ചത് കണ്ടെത്താൻ ഇനിയും അവരെ സഹായിക്കുക. അത്രമാത്രം.
എല്ലാറ്റിനും കൂടെയുണ്ട് എന്ന് ഭീമാചാരി പറഞ്ഞു.
വളരെ കണിശക്കാരനും പരമ്പരാഗതരീതികളോട് നിർബന്ധ ബുദ്ധിയുമുള്ള ഒരാളായിട്ടു കൂടി അദ്ദേഹം അത് പറഞ്ഞത് ഒരു മാറ്റത്തിന്റെ തുടക്കമായി എനിക്ക് തോന്നി.
""അരേ ശോഭീന്ദർ ജീ യേ തോ ലാ ജവാബ് ഹെ'' (ഇതു ഗംഭീരമായിട്ടുണ്ട്) എന്നു പറഞ്ഞു ഹിദായത്തുള്ള ഹുസൈനി എന്നെ കെട്ടിപ്പിടിച്ചു. എല്ലാ അധ്യാപകരും അഭിനന്ദനം അറിയിക്കുകയും ഇതിന്റെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു.
വൈകുന്നേരം മുറിയിലേക്ക് മടങ്ങുന്നേരം ഞാൻ
കുട്ടികളോട് പറഞ്ഞു.""നിങ്ങളുടെ ഈ ആത്മാർത്ഥതയ്ക്കും പരിശ്രമത്തിനും ഞാനൊരു സമ്മാനം കണ്ടു വച്ചിട്ടുണ്ട്.''
കുട്ടികൾ ചോദിച്ചു. ""എന്താണ് സമ്മാനം.''
ഞാൻ പറഞ്ഞു. ""അത് നാളെ പറയാം.''
പിറ്റേന്ന് രാവിലെ മുതലേ കുട്ടികൾ വന്ന് സമ്മാനം ചോദിച്ചു തുടങ്ങി. വൈകുന്നേരം ഞാൻ പറഞ്ഞു.""സമ്മാനം ഒരു യാത്രയാണ്. അടുത്ത ശനിയാഴ്ച നമുക്ക് അശോകസിദ്ധാപുരത്തേക്ക് പോകാം.''
കുട്ടികൾ ഉച്ചത്തിൽ ആർത്തുവിളിച്ചു. അവരിൽ മുളപൊട്ടിയ സന്തോഷത്തിന്റെ അലയൊലികളുമായി ഞങ്ങൾ മൊളക്കാൽമുരുവിലേക്ക് ഒന്നിച്ചു നടന്നു.

ഇരുപത്തിമൂന്ന്

ചിന്നപ്പയ്യയുടെ ചീട്ടുകൊട്ടാരങ്ങൾ

ചിന്നപ്പയ്യയുടെ പാന്റിന്റെയും ഷർട്ടിന്റെയും പോക്കറ്റുകൾ നിറയെ എന്നും നോട്ടുകെട്ടുകളുണ്ടായിരുന്നു. വൈകുന്നേരം കോളജ് വിട്ട് മുറിയിലെത്തിയാൽ ഒരു കുബേരനെപ്പോലെ എല്ലാവരോടുമായി ചിന്നപ്പയ്യ പറയും.
എല്ലാവരും വരൂ. നമുക്കൊരു ചായ കുടിക്കാം.
വൈകുന്നേരത്തെ ചായ എന്നും ചിന്നപ്പയ്യയുടെ വകയായിരുന്നു. ചായയോടൊപ്പം എല്ലാവർക്കും രണ്ട് മനസിനക്കായ് ബജിയും (മുളക്ബജി) കൂടിയുണ്ടാകും. ചിന്നപ്പയ്യ ഇതുവരെയും ചായയുടെ പൈസകൊടുക്കാൻ ആരെയും സമ്മതിച്ചിട്ടില്ല.
ഇറങ്ങാൻ നേരം കടക്കാരനോട് ചോദിക്കും""എത്രയായി ?''
കടക്കാരൻ ഒരു നാലുപേരുടെയും കൂട്ടി
എന്നും പറയാറുള്ളത് എട്ടണ എന്നു തന്നെയാണ്.
എന്നിട്ടും ചിന്നപ്പയ്യ എത്രയായി എന്ന് ഒരിക്കലും ചോദിക്കാതിരുന്നിട്ടില്ല.
ചായയുടെ പൈസ കൊടുക്കാൻ ചിന്നപ്പയ്യ പാന്റിന്റെ വലതുവശത്തെ പോക്കറ്റിൽ ആദ്യം പരതും. അതിൽ നിന്ന് ഒരു നോട്ടുകെട്ടെടുത്ത് അതിവേഗം എണ്ണിത്തീർക്കുകയും അത് ഭദ്രമായി അതേ പോക്കറ്റിൽ തിരികെ വയ്ക്കുകയും ചെയ്യും. ഒന്ന് രണ്ട്, അഞ്ച്, പത്ത് രൂപയുടെ നോട്ടുകൾ. അതും തിരികെ വച്ച് ഷർട്ടിന്റെ പോക്കറ്റിലുള്ള നോട്ടുകൾ കൂടി ചിന്നപ്പയ്യ എണ്ണിത്തീർക്കും. എല്ലാം എണ്ണിക്കഴിഞ്ഞ് കണക്കൊപ്പിച്ച ശേഷം പോക്കറ്റിന്റെ അടിയിൽ നിന്ന് അമ്പതു പൈസയെടുത്ത് കടക്കാരന് കൊടുത്തിട്ട് പറയും.""ദാ അമ്പത്.''
ബാക്കി രണ്ട് പൈസ വാങ്ങി പോക്കറ്റിൽ ഭദ്രമായി വയ്ക്കുകയും ചെയ്യും.
ചിന്നപ്പയ്യ എല്ലാ ദിവസവും അമ്പതുപൈസ ചായയ്ക്കു കൊടുക്കുകയും പോക്കറ്റിലുള്ള എല്ലാ നോട്ടുകെട്ടുകളും ഒരു ജാലവിദ്യക്കാരന്റെ കയ്യൊതുക്കത്തോടെ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യും. ചിന്നപ്പയ്യയുടെ നോട്ടെണ്ണൽ കാണുന്ന ആളുകൾക്കെല്ലാം എന്നും ഒരു കൗതുകമായിരുന്നു. ആദ്യമായി ഇക്കാഴ്ച കാണുന്നവർ വാ പൊളിച്ചു അതുതന്നെ നോക്കി നിന്നുപോവാറുണ്ട്. ഇത്രയധികം പണം ഒരിക്കലും അവർ ആരുടെയും കയ്യിൽ കണ്ടിട്ടുപോലുമില്ലായിരുന്നു.

ചായകുടിച്ചു മടങ്ങുമ്പോൾ ചിന്നപ്പയ്യ ഞങ്ങളുടെ കൂടെ മുറിയിലേക്ക് വരാറുണ്ടായിരുന്നില്ല. നീളമേറിയ സിൽക്കി മുടിയും തുള്ളിച്ചുകൊണ്ട് നല്ല വസ്ത്രങ്ങൾ മാത്രം ധരിച്ചു ഒരു മൂളിപ്പാട്ടും പാടി ഉത്സാഹഭരിതനായി അദ്ദേഹം നടന്നുപോകും. ചിന്നപ്പയ്യ എന്നും വൈകുന്നേരങ്ങളിൽ പോയിരുന്നത് മൊളക്കാൽമുരുവിലെ ഒരു ചീട്ടുകളി സങ്കേതത്തിലേക്കായിരുന്നു.
ചിന്നപ്പയ്യ ചീട്ടുകളിയിലെ രാജാവായിരുന്നു. മൊളക്കാൽ മുരുവിൽ എന്റെ അടുത്ത മുറിയിൽ താമസമായ കാലംതൊട്ട് ചിന്നപ്പയ്യയുടെ വൈകുന്നേരങ്ങളും രാത്രികളും ചീട്ടുകളി കേന്ദ്രത്തിലായിരുന്നു. വൈകുന്നേരം പോയാൽ ചിലദിവസങ്ങളിൽ പുലർച്ചെവരെയും ചിന്നപ്പയ്യ സമയകാലങ്ങൾ മറന്നുകൊണ്ട് കളിക്കും. പോക്കറ്റു നിറയെ കാശുമായി എന്നും തിരിച്ചു വരികയും ചെയ്യും. അർദ്ധരാത്രിക്കു ശേഷം അവശേഷിക്കുന്ന കുറച്ചു മണിക്കൂറുകളിൽ മാത്രമായിരുന്നു ചിന്നപ്പയ്യയുടെ ഉറക്കവും വിശ്രമവും. രാത്രിയിലെ ചീട്ടുകളി കാരണം ചിന്നപ്പയ്യ കോളജിൽ വരാതിരിക്കുകയോ ക്ലാസുകൾ മുടക്കുകയോ ചെയ്തിട്ടില്ല.
ഓഫീസേഴ്സ് ക്ലബിലെ ചീട്ടുകളിയിൽ ബാങ്ക് ഉദ്യോഗസ്ഥരും ബ്ലോക്ക് ഓഫീസർമാരും പൊലീസുകാരും അവിടത്തെ സമ്പന്നരായ മറ്റുചില ആളുകളുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുന്ന രാത്രികളിൽ ഇവർ ക്ലബിലെ ഒരു വട്ടമേശയ്ക്കു ചുറ്റുമിരുന്ന് ചീട്ടുകൾകൊണ്ട് റമ്മിയുടെ ലാഭനഷ്ടങ്ങളുടെ ചൂതാട്ടങ്ങളിലൂടെ എന്നും സഞ്ചരിച്ചുകൊണ്ടിരുന്നു.
ഓഫീസേഴ്സ് ക്ലബിൽ ഒരു ദിവസം എന്തോ ഒരു കാര്യത്തിന് ചിന്നപ്പയ്യയെ അന്വേഷിച്ചു പോയിട്ടുണ്ട്. ക്ലബിനോട് ചേർന്ന സാമാന്യം വലിയൊരു മുറിയിൽ ഒരു വട്ടമേശയുടെ ചുറ്റുമിരുന്ന് അഞ്ചാറുപേർ കളിക്കുന്ന രംഗം അന്നാണ് ഞാൻ ആദ്യമായി കണ്ടത്.
ചിന്നപ്പയ്യ എന്നെ കണ്ടയുടനെ അടുത്തേക്ക് വിളിച്ചു. ഒരു കസേര അരികിലേക്ക് ഇട്ടു തന്നിട്ട് ഇരിക്കാൻ പറഞ്ഞു. അന്നേരം ഒരു റൗണ്ട് കളി കഴിഞ്ഞിരുന്നു.
കളിക്കാരിലൊരാൾ ഒരു നോട്ടുബുക്കിൽ കിട്ടിയ പോയന്റുകൾ എഴുതി വയ്ക്കുന്നുണ്ടായിരുന്നു.
ചിന്നപ്പയ്യ എന്നോട് പറഞ്ഞു.""ആറുപേരിൽ മൂന്നുപേർ ഔട്ടായി. ഇനി രണ്ടുപേർ കൂടിയുണ്ട്. മേഷ് ഇത്തിരി നേരമിരുന്നാൽ നമുക്ക് ഒന്നിച്ചുപോകാം.''
ചിന്നപ്പയ്യയുടെ പേരുകേട്ട ചീട്ടുകളി മികവ് എങ്ങനെ എന്നറിയാനുള്ള ഒരു കൗതുകത്തിന് ഞാൻ അദ്ദേഹത്തിന്റെ പിറകിൽ ഇരുന്നു.
ചിന്നപ്പയ്യ നടുനിവർന്നിരുന്ന് മാന്ത്രികവേഗത്തിൽ ചീട്ടു പലവട്ടം കശക്കിക്കശക്കി, അവശേഷിക്കുന്ന കളിക്കാരുടെ നേരെ പതിമൂന്നു ചീട്ടുകൾ വീതമിട്ടു.
കാർഡിൽ വന്നു ചേർന്നത് ഭാഗ്യമോ നിർഭാഗ്യമോ ? എല്ലാവരും അതുവച്ച് ഒത്തുനോക്കുന്നു. എല്ലാവരുടെയും മനസ്സിന്റെ ചലനങ്ങൾ മുഖഭാവത്തിലും അവരുടെ ശരീരചലനങ്ങളിലും പ്രകടമാവുന്നു, ഏറ്റവും ഒടുവിൽ ചിന്നപ്പയ്യ തന്റെ കാർഡെടുത്ത് ഒത്തു നോക്കുന്നു.
അക്കങ്ങളുടെ സീരീസിൽ ഒരു നിരയൊത്തു.
ഒരു ജോക്കറിനെ എടുത്തു വച്ചു മറ്റൊരു നിരയും.
ബാക്കിയുള്ള രണ്ടു നിരകൾ കൂടി ഇനിയൊപ്പിക്കണം.
ഒരു കളിക്കാരൻ ഒരു ചീട്ടിറക്കി.
ചിന്നപ്പയ്യ മുകളിൽനിന്ന് മറ്റൊന്നെടുത്ത് വേണ്ടാത്ത ഒന്നിറിക്കി. മൂന്നാമത്തെ നിരയും ചിന്നപ്പയ്യ സെറ്റാക്കി വച്ചു.
കിട്ടിയതും കിട്ടാനുള്ളതും തമ്മിലുള്ള കണിശമായ കണക്കുക്കൂട്ടലിലാണ് ചീട്ടുകളിയുടെ വിജയപരാജയങ്ങൾ. വേണ്ടാത്ത ഒന്നിനെ ഇറക്കുമ്പോൾ വേണ്ട ഒന്നിലേക്ക് എത്തിച്ചേരുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ ഭാഗധേയങ്ങൾ കൂടി വിജയപരാജയങ്ങളെ നിർണയിക്കുന്നുണ്ടാകും.
ഇറക്കലും എടുക്കലും നടന്നുകൊണ്ടിരുന്നു.
കുറച്ചു സമയത്തിനുശേഷം ചിന്നപ്പയ്യ ആവേശത്തോടെ പറഞ്ഞു. ഫിനിഷ്ഡ്.
ഒരാൾ നോട്ടുബുക്കിൽ എഴുതിവച്ച പോയന്റുകൾ ആകെപ്പാടെ കൂട്ടിനോക്കി. എന്നിട്ട് എല്ലാവരും കേൾക്കെ കിട്ടിയ പോയന്റുകളുടെ കണക്കു പറഞ്ഞു.""ചിന്നപ്പയ്യ 84 രാജശേഖര റാവു 306 തിപ്പയ്യ 315''
നോട്ടു പുസ്തകത്തിന്റെ ഉള്ളിൽ തിരുകിവച്ചിരുന്ന നോട്ടുകൾ മുഴുവനും എടുത്ത് ചിന്നപ്പയ്യയുടെ കയ്യിൽക്കൊടുത്തു.
പണം പോയതിന്റെ നിരാശ മറ്റ് അഞ്ചുപേരുടെ മുഖത്ത്.
ചിന്നപ്പയ്യയ്ക്ക് സന്തോഷം മാത്രം.
ചിന്നപ്പയ്യ ശീട്ടു നിരത്തുന്നതുപോലെ വേഗത്തിൽ അതെണ്ണി പോക്കിറ്റിൽ എടുത്തു വച്ചു.

ടി.ശോഭീന്ദ്രൻ / ഫോട്ടോ : മുഹമ്മദ് ഹനാൻ

കൂടെക്കളിക്കുന്ന ഒരാൾ പറഞ്ഞു. ""ഇനി അടുത്ത കളിക്ക് ചീട്ടിടാം.''
ചിന്നപ്പയ്യ കസേരയിൽ നിന്ന് എഴുന്നേറ്റു പറഞ്ഞു.""ഇന്നു ഞാൻ നിർത്തി. മേഷുടെ കൂടെ പോവുന്നു.''
കൂട്ടത്തിലുള്ള ഒരാൾ അടുത്ത കളിക്കുവേണ്ടി വീണ്ടും ചീട്ടു കശക്കി.
തിരിച്ചു നടക്കുന്നതിനിടയിൽ ചിന്നപ്പയ്യ പറഞ്ഞു.""മേഷ് വന്നതുകൊണ്ട് ഇന്ന് നല്ല ഐശ്വര്യമുണ്ട്. കളി ജയിച്ചത് കണ്ടില്ലേ.''
അതുകേട്ട് ഞാൻ വെറുതെ ഒന്നു ചിരിച്ചു.
ഞാൻ ചിന്നപ്പയ്യയോട് ചോദിച്ചു. ""ഭാഗ്യനിർഭാഗ്യങ്ങളുടെ ഈ കളിയിൽ കളിക്കാരന് എന്തെങ്കിലും റോളുണ്ടോ ?''
ചിന്നപ്പയ്യ പറഞ്ഞു. ""ചീട്ടുകളിക്ക് ഭാഗ്യം ഒരു ഘടകമാണ്. പക്ഷെ സെറ്റ് ഒപ്പിക്കാൻ വേണ്ടി ചീട്ട് എടുക്കുമ്പൊഴും കൊടുക്കുമ്പോഴുമുള്ള തിരഞ്ഞെടുപ്പും കണക്കുകൂട്ടലുമാണ് ചീട്ടുകളിയുടെ വിജയപരാജയങ്ങൾക്ക് കാരണമാവുന്നത്. മുമ്പിലും പിന്നിലും കാർഡിറക്കുന്നവന്റെ മനസ്സു കൂടി വായിക്കാൻ ഒരു നല്ല കളിക്കാരന് കഴിയണം. അതുണ്ടെങ്കിൽ ഏതൊരാൾക്കും നല്ലൊരു ചീട്ടുകളിക്കാരനാവാം.''
ചിന്നപ്പയ്യയുടെ വീട് ദോഡ്ഡ ബല്ലാപ്പൂരിലായിരുന്നു. പക്ഷെ അവധി ദിവസങ്ങളിലെ പകൽവേളകളിൽ ചിന്നപ്പയ്യയെ കാണണമെങ്കിൽ ബാംഗ്ലൂർ നഗരത്തിലെ മെജസ്റ്റിക്കിനടുത്തുള്ള ചീട്ടുകളി കേന്ദ്രത്തിലേക്ക് പോണം. മൊളക്കാൽമുരുവിൽ നിന്ന് ഒരവധി ദിവസം ഞാൻ ബാംഗ്ലൂരിലുള്ള അമ്മാവന്റെ വീട്ടിൽ ചെന്നതായിരുന്നു. അവിടെ വച്ച് ഞാൻ ചിന്നപ്പയ്യയെ കാണാൻ ഒരു ദിവസം അവിടെ ചെന്നിരുന്നു. നഗരത്തിലെ കേമന്മാരുടെ കൂടെകളിക്കുന്ന ചിന്നപ്പയ്യയെ അത്ഭുതത്തോടെ ഞാനന്ന് നോക്കി നിന്നു.
പിന്നീട് മൊളക്കാൽമുരു വിട്ട് വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി ഞാൻ അമ്മാവന്റെ വീട്ടിൽ വന്നു. അന്നെന്റെ കൂടെ വല്യമ്മാവന്റെ മകനായ ഭുവനും ഉണ്ടായിരുന്നു. ഞാൻ ഭുവനോട് പറഞ്ഞു.""എന്റെ കൂടെ പഠിപ്പിച്ച ഒരു ചങ്ങാതിയുണ്ടായിരുന്നു. ചിന്നപ്പയ്യ എന്നു പേരായി. അവൻ ചിലപ്പോൾ ഇവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് എന്റെ മനസ്സു പറയുന്നു.''
ഭുവൻ പറഞ്ഞു. ""കാണണമെങ്കിൽ നമുക്ക് പോകാം.''
ഞാനും ഭുവനും കൂടി നഗരത്തിലൂടെ നടന്നു.
ഞാൻ പറഞ്ഞു. ""അവൻ ഇവിടെ ഉണ്ടെങ്കിൽ മെജസ്റ്റിക്കിലാണ് ഉണ്ടാവുക.'' ഞങ്ങൾ മെജസ്റ്റിക്കിലേക്ക് നടന്നു. അവിടെയുള്ള ഒരു ബിൽഡിംഗിന്റെ ചവിട്ടുപടികൾ കയറി അന്നു കണ്ട സ്ഥലത്തേക്ക് നീങ്ങി. പല മേശകൾക്കു ചുറ്റിലുമായി അവിടെ പല കളിക്കൂട്ടങ്ങളുണ്ടായിരുന്നു. ഞാൻ ഓരോ മേശയിലെ മുഖങ്ങൾക്കിടയിലും ചിന്നപ്പയ്യയെ പരതി. നീട്ടിവളർത്തിയ ഒരു സിൽക്ക് മൂടി മുഖങ്ങൾക്കിടയിൽ ഇളകി കളിക്കുന്നു.
ഞാൻ അങ്ങോട്ട് ചൂണ്ടിക്കാട്ടിയിട്ട് ഭുവനോട് പറഞ്ഞു. അത് ചിന്നപ്പയ്യയാണോ എന്നൊരു സംശയം.
ഞങ്ങൾ മേശയുടെ അരികിലേക്ക് ചെന്നു.
സിൽക്ക് മുടിയുള്ള ആ മധ്യവയ്സ്‌കൻ എന്നെ കണ്ടു.
ശോഭീന്ദർ എന്ന ഒറ്റവിളിയിൽ എല്ലാമുഖങ്ങളും എന്റെ നേരെയായി.
ചിന്നപ്പയ്യ കൂടെക്കളിക്കുന്നവരോട് പറഞ്ഞു.
ഞാൻ സ്‌കൂട്ടായി. നിങ്ങൾ തുടർന്നോളൂ.
ചിന്നപ്പയ്യ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു.
എനിക്ക് അത്ഭുതം തോന്നി. വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചതേയല്ല. പക്ഷെ കണ്ടു എന്ന യാഥാർത്ഥ്യം മനസ്സിൽ കുറെനേരം ഒരത്ഭുതമായിത്തന്നെ നിന്നു.
ചിന്നപ്പയ്യ ഞങ്ങളെ ബാംഗ്ലൂരിലെ ഒരു വലിയ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കാൻ എന്തൊക്കെയോ വിഭവങ്ങൾക്ക് ഓർഡർ കൊടുത്തു. എന്നെ കണ്ട സന്തോഷം ചിന്നപ്പയ്യ പ്രകടിപ്പിക്കുകയായിരുന്നു.
ഞാൻ ഭുവനോട് പറഞ്ഞു.
ഒരു കാലത്ത് ചിന്നപ്പയ്യ എന്നും ഞങ്ങൾക്ക് വൈകുന്നേരത്തെ ചായയും മുളകുബജിയും വാങ്ങിത്തരുമായിരുന്നു. അതു കേട്ട് ചിന്നപ്പയ്യ അന്നൊരു രഹസ്യം എന്നോട് പറഞ്ഞു.
മേഷെ വൈകുന്നേരം നിങ്ങൾക്കെല്ലാവർക്കും ചായവാങ്ങിത്തന്ന് കളിക്കാൻ പേകുന്ന ദിവസങ്ങളിലൊക്കെ ഭാഗ്യം ചീട്ടിന്റെ രൂപത്തിൽ എന്റെ കൂടെ നിൽക്കാറുണ്ടായിരുന്നു.
ഞങ്ങൾക്ക് വാങ്ങിത്തരുന്ന ചായയുടെയും ചിന്നപ്പയ്യയുടെ ഭാഗ്യത്തിന്റെയും പരസ്പരബന്ധത്തിന്റെ കഥകേട്ട് ഞാൻ കുറെനേരം ചിരിച്ചുപോയി.
അന്നും ഹോട്ടലിൽ പണം കൊടുക്കുന്ന സമയത്ത് ചിന്നപ്പയ്യ ഓരോ പോക്കറ്റിൽ നിന്നും നോട്ടുകെട്ടുകളെടുത്ത് എണ്ണുകയും അതിൽ നിന്ന് നോട്ടുകളെടുത്ത് കൗണ്ടറിലിരിക്കുന്ന ആളുടെ നേരെ നീട്ടുകയും ചെയ്തു.
അന്ന് കണ്ടതിൽ പിന്നെയൊരിക്കലും ചിന്നപ്പയ്യയെ ഞാൻ കണ്ടിട്ടില്ല. ചിന്നപ്പയ്യയെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിച്ച് ഞാൻ രണ്ടുതവണ പിന്നെയും മെജസ്റ്റിക്കിൽ പോയിരുന്നു എങ്കിലും കണ്ടില്ല. സഹഅധ്യാപകനായ കാളയ്യ ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു. ചിന്നപ്പയ്യ ഇപ്പോൾ ഇല്ല. അന്നത് കേട്ടപ്പോൾ എന്റെ മനസ്സ് കുറേനേരം വലിയൊരു ഞെട്ടലിലായിരുന്നു.
പക്ഷെ ഇപ്പോൾ ഞാൻ വിചാരിച്ചുപോവുന്നു. മറ്റൊരു ലോകത്തിലിരുന്ന് കേമന്മാരായ ഏതൊക്കെയൊ കളിക്കാർക്കൊപ്പം ചിന്നപ്പയ്യ ഇപ്പോഴും കളി തുടരുന്നുണ്ടാവും എന്ന്. കാരണം എവിടെയായിരുന്നാലും ചിന്നപ്പയ്യയ്ക്ക് കളിക്കാതിരിക്കാനാവില്ല. പോക്കറ്റിൽനിന്നും നോട്ടുകെട്ടുകളെടുത്ത് എണ്ണുന്ന ചിന്നപ്പയ്യയുടെ ആ കൈകൾ രാത്രിയിലെ നക്ഷത്രങ്ങൾക്കിടയിൽ ഇന്നും ഞാൻ അറിയാതെ തിരഞ്ഞുപോവുന്നു.▮

(തുടരും)​​​​​​​

​​​​​​​​​​​​​​​​​​​​​എഴുത്ത്​: ഡോ. ദീ​പേഷ്​ കരിമ്പുങ്കര


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

Comments