പുനത്തിൽ രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കിയ ഒരു ‘സ്വയംമരണം’

മരണത്തിന്റെ തൊട്ടുമുമ്പുള്ള മൂന്നോ നാലോ ദിവസം ആരോടും സംസാരിക്കാൻ പോലും പുനത്തിൽ കുഞ്ഞബ്ദുള്ള തയ്യാറായില്ല. ഡോക്ടർ എന്ന നിലയിൽ ശരീരത്തിന്റെയും ഭാവനാശാലിയായ എഴുത്തുകാരൻ എന്ന നിലയിൽ മനസ്സിന്റെയും എല്ലാ അവസ്ഥാന്തരങ്ങളും പഠിക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം മുന്നിലെത്തിക്കഴിഞ്ഞ മരണത്തെ സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു- ജീവിതം പോലെ അസാധാരണമായ പുനത്തിലിന്റെ മരണത്തെക്കുറിച്ചാണ്​ ഈ അനുഭവക്കുറിപ്പ്​

സാഹിത്യത്തിലും ജീവിതത്തിലും നിലയ്ക്കാത്ത ഓളങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. പ്രതീക്ഷിക്കാനാവാത്ത ചുവടുകളായിരുന്നു അദ്ദേഹത്തിന്റേത്. ആരും മടിക്കുന്ന പലതും അദ്ദേഹം ചെയ്തു. പലരെയും അസ്വസ്ഥരാക്കുംവിധം സംസാരിച്ചു. ജീവിച്ചിരിക്കെ അത്ഭുതങ്ങൾ കാണിച്ച പുനത്തിലിന്റെ മരണവും അസാധാരണമായിരുന്നു.

രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കിയ ഒരു ‘സ്വയംമരണ'മായിരുന്നു അത്! രോഗബാധിതനായ ശേഷമുള്ള വിശ്രമജീവിതവും വിവാദമായി എന്നത് ഒരുപക്ഷേ പുനത്തിലിന് മാത്രം അവകാശപ്പെട്ട ചരിത്രമായിരിക്കും.
മുപ്പതാമത്തെ വയസ്സിലാണ് പുനത്തിൽ വടകരയിൽ ഡോക്ടറായി പ്രാക്ടീസ് തുടങ്ങുന്നത്. എഴുത്തിൽ സജീവമാകുന്ന അക്കാലം മുതൽ കാൽനൂറ്റാണ്ടിലേറെ ‘അച്ചടക്ക’ത്തോടെ ജീവിച്ച ആളായിരുന്നു അദ്ദേഹം.

ഡോക്ടർ എന്ന നിലയിൽ കൃത്യമായി പ്രാക്ടീസ്. രാവിലെ നാലുമണിയോടെ എഴുന്നേറ്റ് ചിട്ടയോടെ എഴുത്ത്​. ആഴ്ചാവസാനങ്ങളിലൊഴിച്ച് ദിവസവും ആശുപത്രിയിൽനിന്ന് നിത്യേന വീട്ടിൽ എത്തും. വീട്ടിലിരുന്നാണ് സുഹൃത്തുക്കളോട് നേരംപോക്കുകൾ പങ്കുവച്ചിരുന്നത്. വീട്ടിൽനിന്ന് ഭക്ഷണം, വീട്ടിൽത്തന്നെ ഉറക്കം. നല്ല കുടുംബ- ദാമ്പത്യജീവിതം നയിച്ചിരുന്നപ്പോഴാണ് നല്ല രചനകൾ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അരാജകത്വവും എഴുത്തും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നഷ്ടജാതകം എന്ന ആത്മകഥയിലും പലപ്പോഴായി നടത്തിയ അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അതിശയകരമായ പൂർണതയിലേക്ക് അദ്ദേഹം പോകുന്നത് അവസാന ഇരുപതുവർഷത്തിനിടയിലാണ്. അതിന്റെകൂടി അനിവാര്യമായ പരിസമാപ്തിയായിരുന്നു അദ്ദേഹത്തിന്റെ രോഗവും മരണവും.
രോഗം ബാധിച്ച ആളെ സംബന്ധിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ രോഗത്തിൽനിന്ന് വിടുതൽ നേടി ജീവിതത്തിലേക്കു മടങ്ങിവരണമെന്ന് പുനത്തിൽ ആഗ്രഹിച്ചിരുന്നില്ല. എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ, ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഗുണപരമായ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടേയില്ല.

ആൽക്കഹോൾ പോയ്സ​ണിങ് എന്നു വിളിക്കാവുന്ന ഒരു ഘട്ടത്തിലാണ് അദ്ദേഹം ആശുപത്രിയിലാവുന്നത്. തലച്ചോറിലെ കോശങ്ങൾക്കു സംഭവിച്ച ക്ഷതംമൂലം ഫിസിക്കൽ ബാലൻസ് നഷ്ടമായി. അതിന്റെ ഭാഗമായി ചെറിയ തോതിൽ ഓർമനഷ്ടവും സംഭവിച്ചിരുന്നു. മരണകാരണമായിത്തീരുന്ന രീതിയിൽ പ്രധാന ശരീരാവയവങ്ങൾക്ക് എന്തെങ്കിലും കുഴപ്പം അവസാനകാലം വരെ സംഭവിച്ചിരുന്നില്ല. മരണത്തിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് വൃക്കകളുടെ പ്രവർത്തനം മന്ദീഭവിക്കുന്നത്.

അതിബുദ്ധിമാനായ, വലിയ ഭാവനാശേഷിയുള്ള വ്യക്തിയായിരുന്നു പുനത്തിൽ എന്ന് നാം ഓർക്കണം. അതിലുപരി അദ്ദേഹം ഒരു ഡോക്ടർകൂടിയായിരുന്നു. മനുഷ്യന്റെ ശരീരശാസ്ത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എഴുപത്തിമൂന്നാമത്തെ വയസ്സിൽ ഓർമയ്ക്കും ശരീരത്തിന്റെ ബാലൻസിനും നഷ്ടം സംഭവിച്ച സാഹചര്യത്തിൽ ഒരു ദീർഘകാല കിടപ്പിനുള്ള സാധ്യത അദ്ദേഹം മനസ്സിലാക്കിയിരുന്നു. പഴയ രീതിയിലുള്ള ‘രാജകീയ' ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ തിരിച്ചറിവിൽ നിന്നുകൊണ്ട് പുനത്തിൽ മരണത്തെ സ്വയം പുൽകുകയായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.

ഭയരഹിതനായി മരണത്തിലേക്ക്

പുനത്തിലിന്റെ മരണം നേരിട്ടുള്ള ഒരു ആത്മഹത്യയല്ലെന്ന് മാത്രമേ പറയാൻ കഴിയൂ. പക്ഷേ, ഘട്ടംഘട്ടമായി ഈ ലോകം വിട്ടുപോകാനുള്ള ഒരു ആഗ്രഹത്തിലേക്ക് അദ്ദേഹം എത്തിയിരുന്നു. അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ടെന്നാണ് തോന്നുന്നത്.

‘അമ്മ മരിക്കുമ്പോൾ എനിക്ക് അഞ്ചുവയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛൻ മരിക്കുന്നത് ഞാൻ ഡോക്ടറായ ശേഷമാണ്. അപ്പോഴും ഞാൻ കരഞ്ഞില്ല. കാരണം, മരണമെന്താണെന്ന് എനിക്കറിയാമായിരുന്നു' എന്ന് എഴുതിയ ആളാണ് പുനത്തിൽ. ഭൂമിയിൽ ജീവിച്ചിരുന്നതിനേക്കാൾ സ്വർഗത്തിൽ അല്ലെങ്കിൽ ഭാവനയുടെ ആകാശത്തിൽ ജീവിച്ച വ്യക്തിയാണ് പുനത്തിൽ.

മരണമെന്നാൽ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വിശാലമായ ആകാശത്തേക്കുള്ള പറന്നുപോകലാണെന്ന് ഭാവനചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. ‘ഞാൻ കാരക്കാട്ടെ പള്ളിപ്പറമ്പിൽ കിടക്കും. അവിടെ എന്റെ ഭാര്യയും കുട്ടികളുമൊക്കെ വന്നുചേരും. പിന്നീട് ഞങ്ങൾ കോടിക്കണക്കിന് ആത്മാക്കൾ ചിത്രശലഭങ്ങളായി സ്വർഗത്തിലേക്ക് പറന്നുപോകു'മെന്ന് അദ്ദേഹം പറയുന്നുണ്ട്. മരിച്ച് ആയിരം കൊല്ലത്തിനുശേഷം മക്കളും പേരമക്കളും അവരുടെ പേരമക്കളുമായി പള്ളിപ്പറമ്പിൽനിന്ന് സ്വർഗത്തിലേക്ക് ഒരുമിച്ച് പറന്നുപോകുന്നതിനെക്കുറിച്ച് സ്വപ്നം കാണാനുള്ള ഭാവനയുണ്ടായിരുന്നു പുനത്തിലിന്. മരണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, വളരെ റൊമാന്റിക്കായി ഉൾക്കൊള്ളുകയും ചെയ്തിരുന്നു.

ആദ്യകൃതിയിൽത്തന്നെ അദ്ദേഹം എഴുതുന്നത് പള്ളിപ്പറമ്പിനെക്കുറിച്ചും ഖബറിനുമുകളിലെ അടയാളക്കല്ലുകളെക്കുറിച്ചുമാണ്. മരണം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. നമ്മളെല്ലാം ഭയപ്പെടുന്നതുപോലെ അകന്നുനിൽക്കേണ്ട ഒന്നായിട്ടല്ല, വളരെ ഇഷ്ടത്തോടെ ചേർത്തുനിർത്തേണ്ട ഒന്നായിട്ടാണ് പുനത്തിൽ കുഞ്ഞബ്ദുള്ള മരണത്തെ കണ്ടിരുന്നത്. എഴുത്തിൽ പലയിടത്തും മരണത്തെ അതിസുന്ദരമായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.

ക്ഷേത്രവിളക്കുകൾ എന്ന പ്രശസ്തമായ കഥയിലെ ഒരു വാചകം ഇങ്ങനെയാണ്: ‘അമ്പലച്ചുമരിലെ നെയ്‌വിളക്കുകൾ ചിലത് വീണ്ടും അണഞ്ഞുതുടങ്ങി. വിളക്കുകൾ ഓരോന്നായ് അണയുമ്പോൾ ആൽമരങ്ങളുടെ ഇലകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു.'
മരണത്തിൽ ഏതൊരു മനുഷ്യനാണ് പേടിയില്ലാത്തത് എന്ന മറുചോദ്യം നമ്മുടെ സാമാന്യയുക്തിയിൽ ഉയർന്നേക്കാം. യുക്തിയുടെയോ വിശ്വാസത്തിന്റെയോ അളവുപാത്രങ്ങളിൽ ഒതുങ്ങാത്ത പ്രതിഭാശാലിയാണ് പുനത്തിൽ എന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. അതുകൊണ്ടാണ് അദ്ദേഹം മരണത്തോട് കാണിച്ച ഉപാസന നമുക്ക് അത്രവേഗം മനസ്സിലാകാതെ പോകുന്നത്.

വളരെ ചെറുപ്പത്തിൽ അമ്മയെ പള്ളിപ്പറമ്പിലേക്ക് കൊണ്ടുപോയത് മുതൽ കേട്ട കഥകളാണ് അദ്ദേഹത്തെ രൂപപ്പെടുത്തുന്നത്. ഇച്ചാച്ച (അച്ഛന്റെ സഹാദരി) യായിരുന്നു പുനത്തിലിനെ വളർത്തിയത്. അവരുടെ മടിയിൽ കിടന്ന് കേട്ടിരുന്നത് ജിന്നുകളുടെയും മലക്കുകളുടെയും ഇഫ്‌രീത്തുകളുടെയും കഥകളായിരുന്നെന്ന് പുനത്തിൽ എഴുതിയിട്ടുണ്ട്. അദൃശ്യരായ, ആകാശസഞ്ചാരികളായ, സ്വർഗാവകാശികളായ ആളുകളായിരുന്നു ചെറുപ്പം മുതൽ പുനത്തിലിന്റെ കൂട്ടുകാർ.

സൗഹൃദം ആഘോഷിച്ചിരുന്ന, രുചിയുള്ള ഭക്ഷണം കഴിച്ചിരുന്ന, മുന്തിയ മദ്യം കഴിക്കാൻ ആഗ്രഹിച്ച, സ്ത്രീകളോടൊപ്പം വിലക്കോ സംശയമോ ഇല്ലാതെ ജീവിക്കാൻ ഇഷ്ടപ്പെട്ട വ്യക്തിയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. അതിനാൽത്തന്നെ ഇതൊന്നുമില്ലാത്ത ഒരു ജീവിതം അദ്ദേഹത്തിന് സങ്കൽപ്പിക്കാൻ പോലുമാവില്ല. സാധാരണ മനുഷ്യരെപ്പോലെ ശയ്യാവലംബിയായിട്ടായാലും ജീവിതം വലിച്ചുനീട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

കഴുവേറി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘അവസാനം അയാൾ മരിക്കാൻ തന്നെ തീരുമാനിച്ചു. ഒരു പ്രത്യാശയ്ക്കും വകയില്ലാത്ത ഈ ജീവിതവലയത്തിൽനിന്നും ഒളിച്ചോടുകയല്ലാതെ മറ്റെന്തുചെയ്യും?'

കണ്ണടയും മുമ്പേ കണ്ണടച്ച്

വെറും ഊഹങ്ങളല്ലേ ഇതെല്ലാം, എന്ത് തെളിവാണ് നിങ്ങൾക്ക് തരാൻ കഴിയുക എന്ന മറുചോദ്യവും സ്വാഭാവികമാണ്. ഇതിനെല്ലാം യുക്തിഭദ്രമായ തെളിവുകൾ നമ്മുടെ മുമ്പിലുണ്ട് എന്നതാണ് യാഥാർഥ്യം. അവസാന രണ്ടുകൊല്ലവും കണ്ണടച്ച് കിടക്കുകയായിരുന്നു അദ്ദേഹം എന്നതാണതിൽ പ്രധാനം. അത്യപൂർവ സന്ദർഭങ്ങളിൽ മാത്രമേ അദ്ദേഹം കണ്ണുതുറന്നിരുന്നുള്ളൂ.

കണ്ണുതുറക്കാതിരിക്കാൻ കഴിയാത്ത ഒരു അസുഖവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ലോകത്തെ, ഭൂമിയെ കൈവിട്ട് കഴിഞ്ഞിരുന്നു, കാണാൻ ആഗ്രഹിച്ചിരുന്നില്ല എന്നതുമാത്രമായിരുന്നു അതിനു കാരണം. ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുമ്പോൾ കണ്ണുതുറക്കും, കഴിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൊണ്ടുപോയി കിടത്താൻ ആവശ്യപ്പെടും. എന്നിട്ട് വീണ്ടും കണ്ണടച്ച് കിടക്കും.

അടുത്തുപോയി ‘കുഞ്ഞിക്കാ... കുഞ്ഞിക്കാ'... എന്ന് കുറേസമയം വിളിച്ച് കഴിഞ്ഞാൽ കണ്ണുതുറന്ന് ‘ആ മാഷു വന്നോ' എന്നെല്ലാം ചോദിച്ച് ഒരു രണ്ട് മിനിട്ടു നേരത്തേക്ക് കണ്ണുതുറക്കും. ‘കുഞ്ഞിക്കാ കണ്ണടയ്ക്കല്ലേ'യെന്ന് പറയുമ്പോഴേക്കും കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ടാവും. എം. മുകുന്ദനെപ്പോലെ ഹൃദയബന്ധമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ചെന്നാൽ പത്തുമിനിട്ടെല്ലാം അവരോട് മനസ്സുതുറന്ന് ഇടപഴകുമായിരുന്നത് മാത്രമാണ് ഇതിന് അപവാദം.

ഞാൻ എഡിറ്റ് ചെയ്ത ശിലയിൽ തീർത്ത സ്മാരകങ്ങൾ എന്ന അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ഫ്‌ളാറ്റിൽ വച്ചാണ് നടത്തിയത്. എം. എ. ബേബി, എം. മുകുന്ദൻ, സക്കറിയ, ആനന്ദ് തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ സന്നിഹിതരായിരുന്നു. അന്ന് അദ്ദേഹം വളരെ സരസമായി അവരോടെല്ലാം സംസാരിച്ചു. ഇത്തരത്തിൽ സംസാരിക്കാനോ ഓർമ്മ പുതുക്കാനോ അദ്ദേഹത്തിന് ശാരീരികമായി ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഈ സന്ദർഭങ്ങളെല്ലാം ഓർത്തെടുക്കുന്നത്.

ജീവിതം നീട്ടിയെടുക്കാൻ ആഗ്രഹിച്ചില്ല

പുനത്തിൽ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലാണെന്നും സുഹൃത്തുക്കളെയൊന്നും കാണാനനുവദിക്കുന്നില്ലെന്നുമുള്ള വാർത്ത പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കകമാണ് എം.എ. ബേബി പങ്കെടുത്ത പുസ്തകപ്രകാശനം കോഴിക്കോട് ടൗൺഹാളിൽ നടന്നത്. പുനത്തിലുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് എം.എ. ബേബി. വാർത്തയുടെ അടിസ്ഥാനത്തിൽ ബേബി ഈ കാര്യം പലരോടും അന്വേഷിച്ചിരുന്നു. കേളുവേട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും ഞാനുമെല്ലാമുള്ള ഒരു വേദിയിലായിരുന്നു പുസ്തകപ്രകാശനം നടന്നത്. രാത്രി വണ്ടിക്ക് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകേണ്ടതിനാൽ പരിപാടി കഴിയുന്നതിനു മുമ്പ് തന്നെ എന്നെയും കൂട്ടി അദ്ദേഹം പുനത്തിലിന്റെ ഫ്‌ളാറ്റിലേക്ക് പോയി.

പുനത്തിലിനെ കണ്ടു സംസാരിച്ച ബേബി അദ്ദേഹത്തോട് കോട്ടക്കലിൽ ചികിത്സയ്ക്ക് പോകണമെന്ന് നിർബന്ധിച്ചു. ചികിത്സച്ചെലവ് സർക്കാരുമായി ബന്ധപ്പെട്ടോ കോട്ടക്കൽ ആശുപത്രിയുമായി ബന്ധപ്പെട്ടോ ചെയ്യാൻ സംവിധാനം ഒരുക്കാമെന്നും ഉറപ്പുപറഞ്ഞു. ആദ്യമെല്ലാം എതിർത്തെങ്കിലും ചികിത്സയ്ക്ക് പോകാമെന്ന് പുനത്തിലിനെക്കൊണ്ട് സമ്മതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പിറ്റേന്നുതന്നെ ബംഗളൂരുവിൽനിന്ന്​ മകൻ നാട്ടിലെത്തുകയും ഞങ്ങൾ അദ്ദേഹത്തെ കോട്ടക്കലിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒരു മുറിയിലാക്കിയ അദ്ദേഹത്തെ ഡോ. പി. കെ. വാര്യർ കാണാനെത്തി. ‘ഇത്രയും കാലം ഇതെല്ലാം കാട്ടിക്കൂട്ടിയിട്ടും നിങ്ങൾക്ക് ഒരു കുഴപ്പവുമില്ലല്ലോ ഡോക്ടറേ. നിങ്ങൾക്ക് ഇനിയെത്രകാലമുണ്ട്. നിങ്ങളെന്തിനാണിങ്ങനെ കിടക്കുന്നത്' എന്നായിരുന്നു പരിശോധനാഫലങ്ങളെല്ലാം വിശകലനം ചെയ്ത വാര്യർ ഡോക്ടറുടെ ആദ്യപ്രതികരണം.

കോട്ടക്കലിലെ ചീഫ് ഫിസിഷ്യനായ മുരളീധരൻ ഡോക്ടറും വാര്യർ ഡോക്ടറും വിശദമായി പരിശോധിച്ചു. ബ്രെയിനിലെ ചില കോശങ്ങൾക്ക് സംഭവിച്ച ചെറിയ ക്ഷതം മാത്രമാണ് അവർ കണ്ടെത്തിയത്. ഏതാനും ആഴ്ചകളുടെ ചികിത്സകൊണ്ട് മാറാവുന്ന വിഷയമേ ഉള്ളൂ എന്നായിരുന്നു അവരുടെ വിശകലനം. പക്ഷേ, അവിടെ നിൽക്കാനോ ചികിത്സ തുടങ്ങാനോ പുനത്തിൽ സമ്മതിച്ചില്ല.‘രണ്ടു ദിവസം കഴിഞ്ഞ് അ ഡ്മിറ്റിനുള്ള തയ്യാറെടുപ്പോടെ വരാം' എന്നായിരുന്നു പുനത്തിലിന്റെ നിലപാട്. രക്ഷയില്ലാതെയാണ് ഞങ്ങൾ കോഴിക്കോട്ടേക്ക് മടങ്ങിയത്.

‘ഫ്‌ളാറ്റിൽത്തന്നെ നിൽക്കാം, വേണമെങ്കിൽ ചികിത്സ ഇവിടെ വെച്ച് ചെയ്യാം' എന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം സമ്മതിച്ചു. അങ്ങനെ കോട്ടക്കലിൽനിന്നും മരുന്നുകളെല്ലാം കൊണ്ടുവന്ന് ചികിത്സ തുടങ്ങിയെങ്കിലും ക്രമേണ അതിനോടും മടുപ്പുപ്രകടിപ്പിച്ചു. ചികിത്സയുടെ ഫോളോഅപ്പിന്​ നിരന്തരം വിളിക്കുമായിരുന്ന സുനിത എന്ന യുവഡോക്ടറുടെ ഫോൺകോളുകൾക്ക് മുമ്പിൽ പലപ്പോഴും ഞാൻ നിസ്സഹായനായിട്ടുണ്ട്. മരുന്ന് കഴിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും ഒരു രോഗി കാണിക്കേണ്ട ഉത്സാഹം പുനത്തിലിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായില്ല.

സ്വച്ഛന്ദമൃത്യു

അവസാനകാലത്ത് അദ്ദേഹത്തിന്റെ ശരീരം കൂടുതൽ ദുർബലമായി. ഭക്ഷണത്തോട് വിരക്തി കാണിച്ചതാണ് അതിന്റെ കാരണം. ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുക മാത്രമല്ല, മറ്റുള്ളവരെ ഊട്ടിയ ആളുമായിരുന്നു പുനത്തിൽ. വീട്ടിൽ വരുന്നവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിരുന്ന പുനത്തിൽ ഓരോന്നും ആസ്വദിച്ചാണ് കഴിച്ചിരുന്നത്. സ്വയം ആസ്വദിക്കുന്നതിനൊപ്പം അതിന്റെ സ്വാദിനെക്കുറിച്ച് വർണിക്കുകയും കൂടെ കഴിക്കുന്നവരെകൂടി ആസ്വദിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആ പുനത്തിലിനാണ് അവസാനകാലത്ത് ഭക്ഷണത്തോട് ഇഷ്ടമില്ലാതാവുന്നത്. ശാരീരികമായ കാരണങ്ങളും ഉണ്ടാകാമെങ്കിലും മാനസികമായ താൽപ്പര്യക്കുറവും ഇക്കാര്യത്തിലുണ്ടായിരുന്നു എന്നാണ് എന്റെ പക്ഷം.

പൾസ് റേറ്റും ബ്ലഡ്പ്രഷറുമെല്ലം കുറഞ്ഞ് അവസാനമാസങ്ങളിൽ അദ്ദേഹം അനാരോഗ്യത്തിലേക്ക് പെട്ടെന്നു പതിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് നെഞ്ചിൽ അണുബാധ ഉണ്ടാകുന്നത്. ഇതേ തുടർന്ന് ബേബി ഹോസ്പിറ്റലിൽ ഡോക്ടറെ കാണിച്ച്, വീണ്ടും ഫ്‌ളാറ്റിലേക്ക് മടങ്ങി. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്‌ളാറ്റിലേക്ക് മടങ്ങി.

മരണത്തിന്റെ തൊട്ടുമുമ്പുള്ള മൂന്നോ നാലോ ദിവസം ആരോടും സംസാരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ഡോക്ടർ എന്ന നിലയിൽ ശരീരത്തിന്റെയും ഭാവനാശാലിയായ എഴുത്തുകാരൻ എന്ന നിലയിൽ മനസ്സിന്റെയും എല്ലാ അവസ്ഥാന്തരങ്ങളും പഠിക്കുകയും അനുഭവിക്കുകയും ചെയ്ത പുനത്തിൽ കുഞ്ഞബ്ദുള്ള മുന്നിലെത്തിക്കഴിഞ്ഞ മരണത്തെ സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു.


Summary: മരണത്തിന്റെ തൊട്ടുമുമ്പുള്ള മൂന്നോ നാലോ ദിവസം ആരോടും സംസാരിക്കാൻ പോലും പുനത്തിൽ കുഞ്ഞബ്ദുള്ള തയ്യാറായില്ല. ഡോക്ടർ എന്ന നിലയിൽ ശരീരത്തിന്റെയും ഭാവനാശാലിയായ എഴുത്തുകാരൻ എന്ന നിലയിൽ മനസ്സിന്റെയും എല്ലാ അവസ്ഥാന്തരങ്ങളും പഠിക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം മുന്നിലെത്തിക്കഴിഞ്ഞ മരണത്തെ സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു- ജീവിതം പോലെ അസാധാരണമായ പുനത്തിലിന്റെ മരണത്തെക്കുറിച്ചാണ്​ ഈ അനുഭവക്കുറിപ്പ്​


Comments