ആഫ്രിക്കൻ വസന്തങ്ങൾ - 56
പ്രൊഫ. ഫാത്തിമാ മീർ ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിലെ ഒരു മുന്നണിപ്പോരാളി ആയിരുന്നു. അവരുടെ കുടുംബം നറ്റാൾ ഇന്ത്യൻ കോൺഗ്രസ് (എൻ.ഐ.സി) എന്ന ഇന്ത്യൻ അപാർതൈഡ് വിരുദ്ധ വിമോചന സംഘടനയുടെ സജീവപ്രവർത്തകർ ആയിരുന്നു. അതുകാരണം ചെറുപ്രായത്തിൽത്തന്നെ ഫാത്തിമ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. അച്ഛൻ മൂസാ ഇസ്മയിൽ മീർ, അമ്മ ആമിനാ മീർ എന്നിവർ വർണ്ണവെറിക്കെതിരെയുള്ള എൻ.ഐ.സി യുടെയും എ.എൻ.സിയുടെയും വിവിധ പ്രതിഷേധസമരങ്ങളിൽ പങ്കെടുത്തിരുന്നു. പതുക്കെ ഫാത്തിമ ഒരു യുവ നേതാവായി വളർന്നു.
നറ്റാൾ സർവകലാശാലയിൽ നിന്ന് അവർ സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. അത് അന്നത്തെ സാമൂഹ്യ സാഹചര്യം കണക്കിലെടുക്കുമ്പോൾ വലിയ നേട്ടമായിരുന്നു. 1950ൽ തന്റെ മുറച്ചെറുക്കനായ ഇസ്മയിൽ മീറിനെ ഫാത്തിമ വിവാഹം കഴിച്ചു. സുന്നി ബൊഹ്ര സമുദായത്തിൽ അത് സാധാരണമായിരുന്നു. ഇന്ത്യൻ വംശജർക്കെതിരെയുള്ള വെള്ളക്കാരുടെ വംശീയവെറിയെ ചെറുക്കാനായി മഹാത്മാ ഗാന്ധിയുടെ കാലത്ത് രൂപീകൃതമായതാണ് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സെങ്കിലും കാലക്രമേണ കുറേക്കൂടി വിശാലമായ ഒരു മേഖലയിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു.
എ.എൻ.സിയുടെ വനിതാവിഭാഗത്തിലൂടെ ഫാത്തിമാ മീർ നെൽസൺ മണ്ടേലയുടെ ഭാര്യയായ വിന്നി മഡികിസേല മണ്ടേലയുമായി ദൃഢമായ ഒരു സാഹോദര്യബന്ധം ഊട്ടിയുറപ്പിച്ചു. മണ്ടേല കുടുംബവുമായി ഫാത്തിമാ മീറിന് അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. അതിന്റെ ഫലമായിരുന്നു ‘Higher Than Hope’ എന്ന വിശ്രുതമായ മണ്ടേലയുടെ ജീവചരിത്രം. മണ്ടേലയുടെ ജീവിതത്തെപ്പറ്റി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആധികാരിക ഗ്രന്ഥമാണ് അത്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ പ്രൊഫ. ഫാത്തിമാ മീറിനെ കാണാൻ തീരുമാനിച്ചത്. സിഡ്നം എന്ന് വിളിക്കുന്ന ഒരിടത്തായിരുന്നു പ്രൊഫ. മീർ താമസിച്ചിരുന്നത്. ആദ്യം അൽപം ഗൗരവത്തിലായിരുന്നുവെങ്കിലും പിന്നീട് വളരെ ഹൃദ്യമായാണ് അവർ ഞങ്ങളോട് സംസാരിച്ചത്.
വിന്നി മണ്ടേല ദക്ഷിണാഫ്രിക്കയിൽ കൊടും കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്. അപ്പാർത്തൈഡിന്റെ മൂർദ്ധന്യതയിലൂടെ ദക്ഷിണാഫ്രിക്ക കടന്നുപോവുന്ന കാലം. അപ്പാർത്തൈഡ് വിരുദ്ധപ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന പ്രതിഷേധത്തിനിടയിൽ സ്റ്റോമ്പി എന്ന ഒരു യുവാവ് കൊല്ലപ്പെടാൻ ഇടയായി. സൊവെറ്റോ (South Western Township) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘മണ്ടേല യുണൈറ്റഡ് ഫുട്ബാൾ ക്ളബ്’ (എം.യു.എഫ്.സി) ആണ് ഈ കൊലപാതകത്തിന് ഉത്തരവാദി എന്ന് ആരോപണം ഉയർന്നു. വിന്നിയുടെ അംഗരക്ഷകകരാണ് കൊലപാതകത്തിന് ഉത്തരവാദികളെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു.
സൊവെറ്റോയിൽ നടന്ന അതിക്രമങ്ങളിൽ എം.യു.എഫ്.സിക്ക് വിന്നിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന്, ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അദ്ധ്യക്ഷനായ ‘ട്രൂത്ത് ആൻഡ് റികൺസിലിയേഷൻ’ കമ്മിഷനു മുൻപാകെ ബോധിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, അക്രമത്തിന് പിന്നിൽ വെള്ളക്കാരുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ ഭരണകൂടം ആയിരുന്നു. എം.യു.എഫ്.സിയാണ് അക്രമം നടത്തിയതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. അക്രമസമയത്ത് മഞ്ഞ ജേഴ്സിയണിഞ്ഞെത്തിയ എം.യു.എഫ്സിയിലെ തന്റെ അംഗരക്ഷകർ ന്യൂനപക്ഷ നാഷനലിസ്റ്റ് സർക്കാരിൻെറ ചാരന്മാർ ആയിരുന്നുവെന്ന വസ്തുത വിന്നിയും അറിഞ്ഞിരുന്നില്ല.
ഏത് ഘട്ടത്തിലും അസാധാരണമായ സമചിത്തത പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിന്നി മണ്ടേലയെന്ന് പ്രൊഫ.മീർ പറഞ്ഞു. വിന്നിയെ തള്ളിപ്പറയാത്ത അപൂർവം സുഹൃത്തുക്കളിൽ ഒരാളായിരുന്നു മീർ. “സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വിന്നി മണ്ടേല എന്നും പ്രവർത്തിച്ചു. സിഡ്നം എന്നയിടത്തെ ചേരിപ്രദേശങ്ങളിലുള്ള സ്ത്രീകളെ കൈത്തൊഴിലുകൾ അഭ്യസിപ്പിക്കുന്ന ഒരു പദ്ധതിക്ക് അവർ നേതൃത്വം നൽകിയിരുന്നു,” മീർ ഞങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ സമരങ്ങൾ കറുത്തവരുടെ സങ്കടങ്ങളെക്കൂടി ഉൾക്കൊണ്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, “കറുത്തവരുടെയിടയിൽ മഹാത്മജി പ്രവർത്തിച്ചില്ല. അദ്ദേഹം ഇന്ത്യൻ വംശജർക്കിടയിലായിരുന്നു. പക്ഷേ എ.എൻ.സി ഉൾപ്പടെയുള്ള വിമോചന പ്രസ്ഥാനങ്ങളെ ഗാന്ധിജിയുടെ സമരമുറകൾ പ്രചോദിപ്പിച്ചു എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്.”
ഞങ്ങൾ കണ്ട സമയത്ത്, ഒരാഴ്ച കഴിഞ്ഞ് താൻ ഇന്ത്യയിലേക്ക് പോകുന്നുണ്ടെന്നും തിരുവനന്തപുരത്തെത്തുമെന്നും അവർ പറഞ്ഞു. അവരെഴുതിയ മണ്ടേലയുടെ ജീവചരിത്രം ഒരു അനിമേറ്റഡ് സീരീസാക്കി, കേരളത്തിലെ ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയെക്കൊണ്ട് കുട്ടികൾക്കിയിൽ പ്രചരിപ്പിക്കാനായിരുന്നു പദ്ധതി. “തിരുവനന്തപുരത്ത് ഫിലിം സൊസൈറ്റി അദ്ധ്യക്ഷയായ മല്ലികാ സുകുമാരൻ എന്റെ സ്നേഹിതയാണ്. ഷീ വിൽ ബി മൈ ഹൊസ്റ്റെസ്സ്,” അവർ പറഞ്ഞു. ഞങ്ങൾ പ്രൊഫ.മീറുമൊത്ത് ഒന്നുരണ്ട് ചിത്രങ്ങളെടുത്തു. എന്റെ സഖിയെ പിടിച്ച് അടുത്തു നിർത്തിക്കൊണ്ട് അവർ പറഞ്ഞു, ‘ഷീ കനോട്ട് ബി ഇൻ ദ ഷാഡോസ്.’ പ്രൊഫ.മീറുമായുള്ള സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കൊടുക്കുന്നില്ല.
മീറുമായുള്ള കുടിക്കാഴ്ചയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കൂടിക്കാഴ്ചയായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം മഖായ എൻടിനിയുമായി നടന്നത്. പ്രോട്ടിയന്മാരിൽ ഒരാളായി പേരുകേട്ട എൻടിനി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ വളറെ പ്രധാനപ്പെട്ട കറുത്ത വർഗ്ഗക്കാരനായ ക്രിക്കറ്റർമാരിൽ ഒരാളാണ്. ദക്ഷിണാഫ്രിക്കൻ സീനിയർ ടീമിൽ എത്തിയ ആദ്യത്തെ “ബ്ലാക്ക്” ആയി ചില ക്രിക്കറ്റ് വിദഗ്ദ്ധർ കരുതുന്നത് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് കളിച്ച ഒമർ ഹെൻറി എന്ന സങ്കരവർഗ്ഗക്കാരനെയാണ്. ഒമർ ഹെൻറിയെ ടെസ്റ്റ് ടീമിൽ എടുത്തത് “ടോക്കനിസം” ആയിരുന്നെങ്കിൽ മഖായയുടെ കാര്യം തുലോം വ്യത്യസ്തമായിരുന്നു. സിസ്കൈ എന്ന ബാന്റുസ്റ്റാന്റെ താഴ്വരകളിൽ പന്തെറിഞ്ഞും കാലികളെ മേച്ചും നടന്ന ഒരു ചെറിയ പയ്യൻ ദക്ഷിണാഫ്രിക്കയുടെ അഭിമാനമായി മാറുകയെന്ന ഇന്ദ്രജാലം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല.
“മ്ഡിങ്ഗി” (Mdingi) എന്ന സിസ്കൈയൻ ഗ്രാമത്തിലെ ദരിദ്രമായ ഒരു ക്ലോസ കുടുംബത്തിൽ ജനിച്ചു വളർന്ന്, നാട്ടിൻപുറത്തെ സ്ക്കൂളിൽ പഠനവും അതു കഴിഞ്ഞുള്ള സമയം കാലിമേയ്ക്കലുമായി കഴിഞ്ഞ ഒരു ബാലനായിരുന്നു എൻടിനി. ഈസ്റ്റേൺ കേപ്പിന്റെ അക്കാലത്തെ ക്രിക്കറ്റ് ടീം ആയ ‘ബോർഡർ’ ടീമിന്റെ ഒരു ‘സ്കൗട്ട്’ ആയിരുന്ന റെയ്മണ്ട് ബൂയി മഖായയുടെ ബൗളിങ് കണ്ട് അതിശയിച്ചു. ബൂയി ബോർഡർ ക്ലബ്ബിലെ മറ്റ് ചിലരെക്കൂടി വിളിച്ച് ആ കുട്ടിയുടെ കഴിവ് കാണിച്ചു കൊടുത്തു. മനസ്സില്ലാ മനസ്സോടെ ടീം മാനേജ്മെന്റ് മഖായയെ സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചു. “മ്ഡിങ്ഗി”യിൽ നിന്ന് മഖായയെ കിങ് വില്യംസ് ടൗണിലെ റഗ്ബിക്ക് പേരുകേട്ട ഡെയ്ൽ കോളേജെന്ന സ്ക്കൂളിൽ ചേർത്തു. ആദ്യത്തെ ജോഡി സ്പോർട്സ് ഷൂസ് അന്നാണ് അവന് കിട്ടുന്നത്. ഡെയ്ലിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ ദക്ഷിണാഫ്രിക്കയുടെ അണ്ടർ19 ടീമിലും ക്രിക്കറ്റ് ഡിവലപ്പ്മെന്റ് ഇലവനിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വളർച്ച അതിവേഗം സീനിയർ ടീം വരെ എത്തി.
കറുത്ത വർഗക്കാരെ ടീമിൽ അംഗങ്ങളാക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഹയറാർക്കി തയ്യാറായിരുന്നില്ല. ഴാക്ക് റുഡോൾഫ് എന്ന വെള്ളക്കാരനെ പുറത്തു നിർത്തി ജസ്റ്റിൻ ഓൻ ടോങ്ഗ് എന്ന സങ്കരവർഗ്ഗക്കാരനെ ടീമിലെടുത്തതിനെതിരെ ടൈംസ് ഉൾപ്പടെയുള്ള പത്രങ്ങൾ എഴുതിയിരുന്നു. തന്റെ എഴുത്തിൽ വംശീയതയുടെ കാളകൂടം കലക്കിയിരുന്ന കോളിൻ ബ്രൈഡനെപ്പോലുള്ള “ക്രിക്കറ്റ് വിദഗ്ദ്ധരും നെഞ്ചത്തടിച്ചു കരഞ്ഞു. മണ്ടേലയ്ക്ക് പോലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ വർണ്ണവെറിയെ തോൽപ്പിക്കാനായില്ല. എന്നാൽ, മഖായ എൻടിനി തന്റെ കൃത്യതയാർന്നതും മൂർച്ചയേറിയതുമായ ബൗളിങ് ശൈലിയുടെ ബലത്തിൽ തലയുയർത്തിത്തന്നെ പ്രോട്ടിയന്മാരുടെ ഡ്രെസ്സിംഗ് റൂമിൽ കടന്നുചെന്നു. സ്വന്തമായി ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു ഇരിപ്പിടം കണ്ടെത്തി.
വെള്ളക്കാരും സങ്കരവർഗ്ഗക്കാരുമെല്ലാം ഒത്തു കൂടുന്ന അത്തരമിടങ്ങളിൽ താൻ ഒറ്റയായിരിക്കും എന്ന അറിവ് മഖായയെ തളർത്തുകയല്ല, കൂടുതൽ ശക്തനാവാൻ പ്രചോദിപ്പിക്കയാണ് ചെയ്തത്. എന്നിട്ടും ഗൂഢാലോചനക്കാർ അദ്ദേഹത്തെ വിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ബഫലൊ പാർക്ക് സ്റ്റേഡിയത്തിലെ ഒരു ജോലിക്കാരിയെ സ്വാധീനിച്ച് അവരെക്കൊണ്ട് മഖായക്കെതിരെ പീഡനത്തിന് പരാതി കൊടുപ്പിച്ചു. ദക്ഷിണാഫ്രിക്കൻ മാദ്ധ്യമങ്ങളും ക്രിക്കറ്റ് എസ്റ്റാബ്ലിഷ്മെന്റും കൈകോർത്താണ് ഈ വിഷയം അന്ന് ‘ആഘോഷി’ച്ചത്. പത്രങ്ങളിലും ടെലിവിഷനിലും ‘ബ്രേക്കിംഗ്’ ന്യൂസായി സംഭവം വന്നപ്പോഴേക്കും ക്രിക്കറ്റ് ടീമിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി വാതിലടച്ചിരുന്നു. അക്കാലത്ത് വല്ലാതെ ഒറ്റപ്പെട്ട മഖായയ്ക്ക് സ്വന്തം കുടുംബം മാത്രമാണ് തണലായത്.
ഞങ്ങളുടെ സ്ക്കൂളിലെ പന്ത്രണ്ടാം ക്ലാസ്സിലുള്ള കുറേ വിദ്യാർത്ഥികൾ ആ സമയം മഖായയ്ക്ക് ഒരു ട്രിബ്യൂട്ട് നൽകാൻ തീരുമാനിച്ചു. അവർ ഒത്തു ചേർന്ന് തങ്ങളുടെ പ്രിയതാരത്തിന്റെ കരിയർ, ചിത്രങ്ങളിലൂടെയും അവർ തന്നെ വരച്ച സ്കെച്ചുകളിലൂടെയും രേഖപ്പെടുത്തി. അത് ഒരു വലിയ ആൽബം പോലെ അവർ വികസിപ്പിച്ചെടുത്തു. അത് ഞങ്ങൾ (സ്ക്കൂൾ) തന്നെ എൻടിനിയ്ക്ക് കൊറിയർ ചെയ്തുകൊടുത്തു. താൻ തീർത്തും അവഗണിക്കപ്പെടുകയാണെന്ന ഭീതിദമായ സത്യത്തിനു മുന്നിൽ ഏകാകിയായിപ്പോയ മഖായയ്ക്ക് പുതിയ തലമുറയുടെ ആ ഉപഹാരം വലിയ ആശ്വാസം ആയിരുന്നു.
അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം ഞങ്ങളുടെ പ്രിൻസിപ്പലിന് ഒരു ഫോൺ കാൾ വന്നു. “മഖായ എൻടിനിയാണ് മാഡം,” അങ്ങനെ പെട്ടെന്നൊന്നും വിരളാത്ത ഞങ്ങളുടെ പ്രിൻസിപ്പൽ മിസിസ് ബെറ്റേല ഒന്ന് ഞെട്ടി. പിറ്റേ ദിവസം മഖായ ഞങ്ങളുടെ സ്ക്കൂളിലേക്ക് വരുന്നു! “നിങ്ങളുടെ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും എനിക്ക് നേരിൽ കണ്ട് ഒരു താങ്ക് യൂ പറയണം,” അദ്ദേഹം പറഞ്ഞു. പിറ്റേന്ന് സ്ക്കൂൾ വിട്ടുകഴിഞ്ഞാണ് മഖായയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. ഹോളി ക്രോസ്സിലെ അദ്ധ്യാപകർക്ക് പൊതുവേ താൽപ്പര്യമുള്ള കളിയല്ല ക്രിക്കറ്റ്.
ഞങ്ങളെ രണ്ടു പേരെയും കണ്ടതിൽ മഖായയ്ക്ക് വലിയ സന്തോഷമായി. അദ്ദേഹത്തോട് ക്രിക്കറ്റ് സംസാരിക്കാൻ അവിടെ മറ്റാരും ഇല്ലായിരുന്നു. ഇടയ്ക്കു കയറി ഏതോ ഒരു നാട്ടുകാരൻ ടീച്ചർ ഒരു അഭിപ്രായം പറഞ്ഞപ്പോൾ മഖായ അയാളോട് പറഞ്ഞു, “ഡോണ്ട് ട്രൈ റ്റു പ്രീച്ച് ക്രിക്കറ്റ് റ്റു ദീസ് ഇന്ത്യൻസ്! ദെയർ ഇസ് നത്തിംഗ് ദേ ഡോണ്ട് നോ എബൗട്ട് ഇറ്റ്.” അത് ഗൗരവമായി പറഞ്ഞതാണെന്ന് എല്ലാവർക്കും മനസ്സിലായി. ഞങ്ങൾക്ക് എല്ലാവർക്കുമായി “സ്പർ” എന്ന ഇന്ത്യൻ അമേരിക്കൻ റെസ്റ്റോറന്റിൽ എൻടിനി ഭക്ഷണം ബുക്ക് ചെയ്തിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തോട് ഞാൻ നേരിട്ട് സംസാരിച്ചത്. കൂടിക്കാഴ്ചയിൽ ഞാൻ മഖായയോട് ചോദിച്ചു, “ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴും വംശീയത ഉണ്ടോ? ഹാവ് യൂ ബീൻ ടാർഗെട്ടെഡ് ബിക്കോസ് ഓഫ് യുവർ റെയ്സ്?” അദ്ദേഹം ചിരിച്ചു, ഒരു വേദന കലർന്ന ചിരി. “ഡേ ഇൻ, ഡേ ഔട്ട്, ഐ ഹാവ് എക്സ്പീരിയൻസ്ഡ് ഇറ്റ് ഇൻ ദ ടീം. ദേ കീപ് റിമൈൻഡിംഗ് ദാറ്റ് ഐ ആം എ ബ്ലാക്ക്, ആൻഡ് ഇൻഫീരിയർ,” എൻടിനി എന്നോട് പറഞ്ഞു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഈസ്റ്റ് ലണ്ടനിലും (ഏകദിനം) ബ്ലൂംഫോണ്ടെയ്നിലും (ടെസ്റ്റ്) നടന്ന മത്സരങ്ങളിലും അതിനു ശേഷമുണ്ടായ ഒത്തുചേരലുകളിലും അദ്ദേഹം ടീമിനുള്ളിൽ നന്നായി ഒറ്റപ്പെട്ടിരുന്നു. പക്ഷേ, പീഡനക്കേസിൽ കുറ്റവിമുക്തനാക്കപ്പെടുകയും ടീമിൽ തിരിച്ചെത്തുകയും ചെയ്തതോടെ പഴയ കളിക്കാരൻ തന്നെയായി മാറി. സദാ സമയവും നന്നായി ചിരിക്കുന്ന, ഫീൽഡിംഗ് ഒരു ഉത്സവമാക്കി മാറ്റുന്ന (ജോണ്ടി റോഡ്സിനെപ്പോലെ) മഖായ തിരികെ വന്നപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആഹ്ലാദം തന്നെയായിരുന്നു. അന്ന് ഞങ്ങളെ കാണാൻ വന്നപ്പോൾ മഖായ നാലഞ്ച് ക്രിക്കറ്റ് കിറ്റുകളുമായാണ് വന്നത്. കുട്ടികൾക്ക് പരിശീലിക്കാൻ. അവ എന്നെ ഏൽപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു, “ഐ നോ യൂ ആർ ദ റൈറ്റ് പേഴ്സൺ റ്റു ലുക് ആഫ്റ്റർ ദീസ്.”
ഒരു പക്ഷേ, അത് ഇഷ്ടപ്പെടാതിരുന്ന ഒരാളെങ്കിലും ഞങ്ങളുടെ സഹപ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്പോർട്സ് ഇൻ ചാർജ് ആയ അദ്ധ്യാപകനായിരുന്നു അത്. അയാൾക്ക് വിഷമമാവേണ്ട എന്നു കരുതി, മഖായ പോയിക്കഴിഞ്ഞയുടനെ തന്നെ ആ കിറ്റുകൾ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് എടുത്ത് സ്പോർട്സ് മാസ്റ്ററെ ഏൽപ്പിച്ചു. മഖായ എൻടിനിക്ക് വേണ്ടി മേഴ്സിഡെസ് ബെൻസ് പ്രത്യേകം അസംബിൾ ചെയ്ത കാറിൽ അയാൾ യാത്രയായപ്പോൾ സ്നേഹത്തോടെ ഞങ്ങൾ കൈവീശി കാണിച്ചു. വംശീയതയുടെ ജീവിക്കുന്ന ഒരു രക്തസാക്ഷി; അതായിരുന്നൂ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പറന്നുയർന്ന മഖായ എൻടിനി.