ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം വായിച്ചിട്ടുണ്ട്. ‘അ’, ‘ആ’ പഠിച്ചു കഴിഞ്ഞാൽ പിന്നെ അധികമായി പഠിക്കേണ്ടത് ആരോഗ്യം, പ്രധാനമായും അതായിരിക്കണം എന്നും ഞാൻ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ട്. എന്നാൽ ഇത്രയധികം ആ വിഷയത്തെക്കുറിച്ച് വായിച്ചും കേട്ടിട്ടും പഠിച്ചിട്ടും ഇതുവരേയും ശ്രദ്ധയിൽ പതിയാത്തൊരു വിഷയം അറിയാനിടയായത് ട്രൂകോപ്പി തിങ്കിൽ ഡോ. വി. ജിതേഷ് എഴുതിയ ‘ഇടതുകൈ ചെയ്യുന്നത്’ എന്ന ലേഖനം വായിച്ചപ്പോഴാണ്. ഒരു ഇടംകയ്യനായിട്ടും ഇതുവരേയും ലേഖനത്തിൽ പരാമർശിച്ച അറിവുകളൊന്നും എൻ്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല.
പ്രാഥമികമായി ഒരു കാര്യം പറയട്ടെ, ഇടതുപക്ഷം- വലതുപക്ഷം എന്ന് രണ്ട് പക്ഷമുണ്ടല്ലോ. രാഷ്ട്രീയ പ്രത്യയശാസ്ത്ര വിഷയങ്ങളിലാണ് ആ വ്യത്യസ്തത കൂടുതൽ പരാമർശിക്കപ്പെട്ട് കണ്ടിട്ടും കേട്ടിട്ടും ഉള്ളത്. ഇടത്- അതാണ് നല്ലതെന്ന് എന്നായിരുന്നു ഒരു കാലം ഭൂരിപക്ഷം. വലതാണ് നല്ലതെന്ന് എന്നായിരിക്കുന്നു ഈ കാലം വർത്തമാനകാലം ഭൂരിപക്ഷം.

അതൊക്കെ അങ്ങനെ പോകട്ടെ, ഭൂലോക രാഷ്ട്രീയ കാലാവസ്ഥ വിശദമാക്കലല്ല ഈ കുറിപ്പിൻ്റെ ഉദ്ദേശ്യവും. എൻ്റെ ഇപ്പോഴത്തെ സങ്കടവും അതൊന്നുമല്ല, അവസാനിക്കാത്ത എൻ്റെ വേദനകൾക്കുള്ള പ്രധാന കാരണം ഇടത് എന്ന എൻ്റെ ഇടംകൈ ആണെന്ന് തിരിച്ചറിഞ്ഞത് ഇതാ ഇപ്പോൾ ഡോ. ജിതേഷിൻ്റെ ലേഖനം വായിച്ചപ്പോഴാണ്. എൻ്റെ ജീവിതത്തിൽ ഇത്രയും തിക്താനുഭവങ്ങളുണ്ടായതിന്റെ പ്രധാന കാരണം ഞാൻ ഇടതുഭാഗത്തിൽ ഉൾപ്പെട്ടതുകൊണ്ടായിരുന്നു എന്ന് ഈ ലേഖനം വായിക്കും വരെക്കും എനിക്കറിയില്ലായിരുന്നു
Read: ഇടതുകൈ ചെയ്യുന്നത്
കുറച്ചു വർഷങ്ങൾക്കുമുൻപ് ‘അനുഭവം’ എന്ന പേരിൽ, മറ്റൊരു പേരുമിടാതെ, ഞാനൊരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു. പിൻ കവറിൽ ഞാൻ തന്നെ എഴുതിയ ബ്ലർബ് ഇങ്ങനെയായിരുന്നു: ‘‘നുണയില്ല മുഴുവൻ സത്യവും’’. അനുഭവപുസ്തകങ്ങൾ അധികമെല്ലാവരും നുണയും ഭാവനയും സത്യവും എല്ലാം കൂട്ടികലർത്തിയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തോ എനിക്കറിയില്ല. എൻ്റെ പുസ്തകത്തിൽ പക്ഷെ നുണയും ഭാവനയും കലർത്തിയിരുന്നില്ല. ഡോ. ജിതേഷിൻ്റെ ലേഖനം വായിച്ചതിനുശേഷമായിരുന്നു ഞാൻ ആ പുസ്തകം എഴുതിയിരുന്നതെങ്കിൽ അതിലെ അക്ഷരങ്ങളും വാക്കുകളും അകപടലം മറ്റൊരു തരത്തിലുള്ള വായനാനുഭവമാകുമായിരുന്നു എന്നെനിക്കുറപ്പുണ്ട്.
എല്ലാം ഇടതുകൈകൊണ്ടു ചെയ്യുന്ന ഞാൻ എഴുതുന്നതും ഭക്ഷണം കഴിക്കുന്നതും മാത്രം വലതുകൈ ഉപയോഗിച്ചാണ്. ഇതെങ്ങനെ സംഭവിച്ചു? സ്വാഭാവികവും നൈസർഗികവുമായുള്ള ഒരു കുഞ്ഞിൻ്റെ തനിവഴിയേ ആരും തിരുത്താതെ ജീവിച്ചുപോകുകയായിരുന്നെങ്കിൽ ഈ രണ്ടു പ്രവൃത്തികൾ മാത്രം ആ കുട്ടിയുടെ വലംകൈ ഏറ്റെടുക്കുമായിരുന്നില്ല. അപ്പോൾ അതാരൊക്കെയോ തിരുത്തിയതാണ്. വീടിനകത്തും പുറത്തും വിദ്യാലയത്തിലും, കുറെയൊക്കെ കൂടിയാൽ ഒരു അഞ്ചു വയസുവരെയുള്ളതൊക്കെ എനിക്ക് കുറേശെ ഓർമയിലുണ്ട്, ഉപ്പയും ഉമ്മയും അധ്യാപകരും അങ്ങനെ മറ്റു പലരും ശാസിച്ചതും തിരുത്തിയതും.

ഒരുപക്ഷെ അധികമാളുകൾക്കും അറിയുന്ന കാര്യമായിരിക്കും, ശരീരത്തിൻ്റെ ഇടതുഭാഗം നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിൻ്റെ വലതു ഭാഗമാണ്. വലതുഭാഗം നിയന്ത്രിക്കുന്നത് അതേ അവയവത്തിൻ്റെ ഇടതുഭാഗവും. സെറിബ്രം, സെറിബല്ലം- എന്തോ, തലച്ചോറിലെ ഒരു വല്ലാത്ത പണ്ടാരഭാഗമാണത്. ആ ഗംഭീര അവയവാവസ്ഥയെയാണ് എല്ലാവരും കൂടി തിരുത്തിയത്. അതിൻ്റെ അനന്തര ഫലങ്ങൾ ഡോ. ജിതേഷ് അക്കമിട്ട് വിവരിക്കുന്നുണ്ട്. ഒറ്റപ്പെടാനുള്ള ആഗ്രഹം, ആത്മവിശ്വാസമില്ലായ്മ, പഠിത്തത്തിൽ മോശമാകുക, ഉറക്കക്കുറവ് തുടങ്ങി ഒട്ടനേകം…
ചെറുപ്പത്തിൽ അഥവാ ബാല്യത്തിൻ്റെ അവസാന കാലത്തും കൗമാരത്തിൻ്റെ തുടക്കത്തിലും ഞാനൊരു കടുത്ത അന്തർമുഖനായിരുന്നു. അത്രയും തെളിച്ചത്തോടെ ഓർത്തെടുക്കാനാകുന്നുണ്ട് എനിക്ക് ആ കാലം, അതിലെ അനുഭവങ്ങൾ. അവന് ആരും കൂട്ടുകാരായി ഉണ്ടായിരുന്നില്ല. അവൻ ഒരു കൂട്ടുകാരനെ തേടാൻ ശ്രമിക്കുകയുമുണ്ടായിട്ടില്ല. രണ്ടിലധികം ആളുകളുള്ള ഒരിടത്ത് അവന് അധികനേരം തങ്ങിനില്ക്കാനും കഴിഞ്ഞിരുന്നില്ല. അവൻ്റേതായ ഒറ്റയ്ക്കാരു ലോകത്ത് കഴിയാനായിരുന്നു ഏറെയിഷ്ടം. അങ്ങനെയുള്ള ഒരു കുട്ടിയാണ് ഈ 55 വയസുവരെ എത്തിനില്ക്കുന്നത്. ഒരുപക്ഷെ 19ാം വയസ്സിൽ തുടങ്ങി ഇതുവരെയും അവസാനിപ്പിക്കാത്ത ലഹരിജീവിതവും അതിന് അവന് മറ്റെന്തിനേക്കാളും സഹായകരമായിരുന്നിട്ടുണ്ടാകാം.
ഇനി എന്നെ വിട്ട് സാമൂഹികമായ ഒരു ഭൂമികയിലേക്ക് വിഷയത്തെ കൊണ്ടുവരാം.

കുഞ്ഞിലേ ഒരാൾ ആയിരിക്കുന്നതിനെ മറ്റുള്ളവർ അവരുടെ അറിവുകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കുമനുസരിച്ച് തിരുത്തുന്നതു കാരണമല്ലേ അവർ മറ്റു പലതുമാകുന്നതും ജീവിതം ഒരു യാതനയാകുന്നതും? ഡോക്ടറാവണം, എഞ്ചിനീയറാവണം എന്ന ഒരു കുട്ടിയുടെ ആശയാണോ ലക്ഷ്യമാണോ അതു മാത്രമാണോ, അവർ അങ്ങനെയായിത്തീർന്നതിൻ്റെ കാരണം? കുട്ടികൾ ആ പ്രായത്തിൽ, അവസ്ഥയിൽ തികച്ചും നിസ്സഹായരാണല്ലോ. വളർത്തുന്നവരുടെ ബുദ്ധിക്കും അറിവിനും കീഴ്പ്പെട്ടുമാത്രമേ അവർക്ക് വളരാനാകുകയുള്ളൂ. അപ്പോഴേക്കും അവർ അവരല്ലാത്ത മറ്റെന്തൊക്കെയോ ആയിക്കഴിഞ്ഞിരിക്കില്ല. ഒരു കുഞ്ഞ് തൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർക്കുമുന്നിലുള്ള ലോകത്തിൽ നിന്നാണ് എല്ലാം കണ്ടും കേട്ടും പഠിക്കേണ്ടത്. രക്ഷിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ അല്ല. അത്തരം പഠനങ്ങൾ കഴിഞ്ഞ് അവർ കൂടുതലെന്തെങ്കിലും പഠിക്കാൻ തേടുന്ന ഒരുനേരവും പ്രായവുമുണ്ട്. ശാസ്ത്രം പറയുന്നത്, കുട്ടി ഏഴു വർഷം സ്വയം നിരീക്ഷിച്ചു പഠിച്ചു കഴിഞ്ഞതിനുശേഷമേ വിദ്യാരംഭത്തിനിരുത്താൻ പാടുള്ളൂ എന്നാണ്. ആചാരവും മതവും വിശ്വാസവും അവിശ്വാസവും അന്ധവിശ്വാസവുമെല്ലാമുള്ളിടത്തുനിന്ന്, അവർ അതെല്ലാം അവിടം മുതൽ പഠിച്ചുതുടങ്ങട്ടെ. അറിവിൽ നിന്ന് വിജ്ഞാനത്തിലേക്ക്, പിന്നെ ജ്ഞാനത്തിലേക്ക് അവർ അങ്ങനെയെത്തിച്ചേരട്ടെ.
അതിനാൽ പ്രിയ രക്ഷിതാക്കളേ, നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനോട് സ്നേഹമുണ്ടെങ്കിൽ, പ്രിയ അധ്യാപകരേ, നിങ്ങൾക്ക് നിങ്ങളുടെ ശിഷ്യരോട് സ്നേഹമുണ്ടെങ്കിൽ, മിനിമം ഏഴുവയസുവരെയെങ്കിലും അവരെ തിരുത്താതിരിക്കുക.
