സമൂഹത്തിലെ വലംകൈയരുടെ ആധിപത്യവും, അപ്രമാദിത്വവും കാരണം ഇടങ്ങേറിലായ പാവം ഇടംകൈയരുടെ അവസ്ഥയെ കുറിച്ചാണ് എഴുതുന്നത്.
ഭക്ഷണം ഇടതുകൈ കൊണ്ട് കഴിക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ രണ്ടു കൈകളും ബലമായി തിളച്ച കഞ്ഞിയിൽ മുക്കുന്ന ആഫ്രിക്കയിലെ സുളു ഗോത്രവംശങ്ങൾ മുതൽ തല്ലിയും, ഇടതുകൈ കെട്ടിയിട്ടും ഒക്കെ ഇടംകൈയരെ വലതുകൈ കൊണ്ട് എഴുതാനും, വസ്തുക്കൾ എടുക്കാനും പ്രേരിപ്പിക്കുന്ന കേരളത്തിലെ മേലുകാവുകളിലും, കിണാശ്ശേരികളിലുമുള്ള മാതാപിതാക്കൾ വരെ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത് ഭൂരിപക്ഷ ത്തിന്റെ തീരുമാനം ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ കടന്നു കയറ്റമാണ്. ന്യൂനപക്ഷ അവകാശങ്ങളെകുറിച്ച് സംസാരിക്കുന്നവർ പോലും തീർത്തും ന്യൂനപക്ഷമായ ഇടതൻമാരുടെ പ്രശ്‌നങ്ങളെകുറിച്ച് അവബോധമുള്ളവരല്ല എന്നതാണ് ഏറെ ഖേദകരം.
ഒരു കൈക്ക് മറ്റേതിനേക്കാൾ കൂടുതൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നത് ഒരു പ്രപഞ്ചസത്യമാണ്. എന്നാൽ 90 ശതമാനം ആളുകൾക്കും വലതുകൈക്കാണ് പ്രാവീണ്യം കൂടുതൽ എന്നതുകൊണ്ടുമാത്രം വലത് ശരിയും, ഇടത് തെറ്റുമാകുന്നില്ല. 10 ശതമാനത്തിൽ താഴെ ആളുകൾക്ക് ഇടതുകൈക്ക് കൂടുതൽ പ്രാവീണ്യവും ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് രണ്ടു കൈകൾക്കും തുല്യ പ്രാവീണ്യവും ഉണ്ടാവുക എന്നത് സ്വാഭാവികമായി പ്രകൃതിയിലുണ്ടാകുന്ന ഒരു പ്രതിഭാസമാണ്. ഇത്തരത്തിൽ വൈവിധ്യമുള്ള ഒരു വ്യക്തി സമൂഹത്തിൽ അനുഭവിക്കേിവരുന്ന ബുദ്ധിമുട്ടുകളും, വിവേചനങ്ങളും നിരവധിയാണ്. എന്നാൽ ന്യൂനപക്ഷമായതിന്റെ പേരിൽ അനുഭവിക്കേിവരുന്ന കഷ്ടതകളിലേക്ക് കടക്കും മുൻപ് ബലമായി ഇടംകൈയരെ വലതുപക്ഷത്തേക്ക് മാറ്റുന്നതിന്റെ പേരിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നമു ക്കൊന്ന് പരിശോധിക്കാം.
തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ അപാകം
ഇടംകൈയരെ ബലമായി വലതുകൈയിലേക്ക് മാറ്റുന്നത് തലച്ചോറിൽ എഴുത്തിനെയും, വിരലുകളുടെ സൂക്ഷ്മപ്രവർത്തങ്ങളെയും നിയന്ത്രിക്കുന്ന ഭാഗങ്ങളുടെ വളർച്ചയെയും, പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയും, വ്യക്തി എന്ന നിലയ്ക്കുള്ള വളർച്ചയിൽ ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ബലമായി വലതു കൈയിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങൾ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെയും, മാനസിക - വൈകാരിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഓർമ്മശക്തിയിൽ കുറവ്
ഓരോ പ്രവൃത്തി ചെയ്യുന്ന സമയത്തും ഇടതു കൈക്കു പകരം വലതുകൈ ഉപയോഗിക്കാനുള്ള ബാഹ്യസമ്മർദ്ദങ്ങൾ കുട്ടിയുടെ മനസ്സിൽ നിരന്തരമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും, ഇത് കുട്ടിയുടെ ഓർമ്മശക്തിയെ ദോഷകരമായി ബാധിക്കുകയും ചെയ്യാം.
സ്ഥായിയായ ക്ഷീണം
ദിവസം മുഴുവൻ ഓരോ പ്രവൃത്തി ആരംഭിക്കുന്ന സമയത്തും ഇടതു കൈയിൽ നിന്ന് വലതു കൈയിലേക്ക് അത് മാറ്റേണ്ടിവരുന്നത് കുട്ടിയുടെ തലച്ചോറിലെ കോശങ്ങൾക്ക് നിരന്തരമായ സമ്മർദ്ദമുാക്കുന്നു. അതുകൊണ്ട് ഈ കുട്ടികൾക്ക് നിരന്തരമായ ക്ഷീണവും, അമിത ഉറക്കവും ഉണ്ടാവുകയും, ഇത് ഇടംകൈയരുടെ പഠനത്തെയും, ബൗദ്ധിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
സംസാര വൈകല്യങ്ങൾ
ബലമായി വലതു കൈയിലേക്ക് മാറ്റപ്പെട്ട വ്യക്തികൾക്ക് ഭാവിജീവിതത്തിൽ വിക്ക്, വ്യക്തതയോടെ സംസാരിക്കാനുള്ള തടസങ്ങൾ, തുടങ്ങി നിരവധി സംസാരവൈകല്യങ്ങൾ ഉടലെടുക്കാം.
മോശം കൈയക്ഷരം
ഇടംകൈയരുടെ തലച്ചോറിന്റെ വലതു ഭാഗമാണ് കൂടുതൽ പ്രബലമായത്. അതുകൊണ്ട് ഇടതു കൈയിൽ പേന / പെൻസിൽ പിടിക്കേണ്ടതിനു പകരം വലത് കൈയിൽ ബലമായി പിടിപ്പിക്കുമ്പോൾ ശരിയായി എങ്ങനെ എഴുതും എന്ന കാര്യത്തിൽ ആശയക്കുഴപ്പമുാവുന്നു. ഇത് കൈയക്ഷരം മോശമാവാനും, അതുവഴി പഠനത്തിൽപിന്നാക്കൺ പോകാനും കാരണമാകുന്നു.
അന്തർമുഖരായി വളരുക
ഇടതുകൈ ഉപയോഗിക്കാനുള്ള സ്വാഭാവികമായ പ്രവണത തടയുക വഴി കുട്ടികളുടെ മാനസിക - അന്തർമുഖരായും, ആത്മവിശ്വാസം കുറവുള്ളവരായും വളർന്നുവരുന്നു.
മാനസിക- വൈകാരിക പ്രശ്‌നങ്ങൾ
കൈ മാറ്റാൻ നിർബന്ധിതരാകുന്ന കുട്ടികൾക്ക് ആശയക്കുഴപ്പവും, ആത്മവിശ്വാസക്കുറവുമുണ്ടാകാം. തങ്ങൾ വ്യത്യ സ്തരോ, എന്തോ പ്രശ്‌നങ്ങളുള്ളവരോ ആണെന്ന നിരന്തര തോന്നൽ സാമൂഹികവും, വൈകാരികവുമായ വികാസത്തെ ബാധിക്കുന്നു.
മാനസിക സമ്മർദ്ദവും നിരാശയും
വലംകൈയർക്കായി രൂപകൽപന ചെയ്തതാണ് ലോകത്തുള്ള ഏതാണ്ട് എല്ലാ വസ്തുക്കളും, പ്രവൃത്തികളും. അതുകൊണ്ടുതന്നെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടംകൈയർ നിരന്തരം സംഘർഷ ങ്ങളിലൂടെ കടന്നുപോവുകയും, സ്ഥിരമായി സമ്മർദ്ദമനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. ഇത് വിട്ടുമാറാത്ത നിരാശക്കും, വിഷാദത്തിനും കാരണ മാകാം.
വ്യക്തിത്വത്തിൻ മേലുള്ള ആഘാതം
നിരന്തര സമ്മർദ്ദം മൂലം അന്തർമുഖരാവുക, ആത്മാഭിമാനം നഷ്ടപ്പെടുക, അമിത ഉൽക്കണ്ഠ, സാമൂഹ്യ ഇടപെടലുകൾ ഒഴിവാക്കുക തുടങ്ങി ഒരാളുടെ വ്യക്തിത്വം തന്നെ മാറിപ്പോകാനിടയുണ്ട്.
മറ്റ് പ്രശ്‌നങ്ങൾ
വലതുകൈ ഉപയോഗിക്കാനുള്ള സമ്മർദ്ദങ്ങൾ കുട്ടികളിൽ അമിതമായി നഖം കടിക്കുക, കിടക്കയിൽ മൂത്രമൊഴിക്കുക, വിനാശകരമായ പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയ ഹ്രസ്വകാല പ്രശ്‌നങ്ങളുമുണ്ടാക്കാം.
ചുരുക്കിപ്പറഞ്ഞാൽ, സമൂഹത്തിന്റെ പൊതുബോധത്തിനനുസൃതമായി തങ്ങളുടെ കുട്ടിയെയും വലംകൈയരായി മാറ്റാനുള്ള മാതാപിതാക്കളുടെ (ഒപ്പം അദ്ധ്യാപകരും, ബന്ധുക്കളും, തുടങ്ങി വഴിയേപോകുന്ന ഉപദേശികൾ വരെ) ശ്രമം ആ കുട്ടിയുടെ മാനസികവും, ബൗദ്ധികവുമായ വളർച്ചയിൽ വിഘാതങ്ങൾ സൃഷ്ടിക്കുകയും, വലുതാകുമ്പോൾ എത്താൻ സാധ്യതയുള്ള നിലവാരത്തിൽ എത്തുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു. സ്വന്തം കുട്ടിയുടെ വളർച്ചയിൽ താൽപര്യമുള്ള ഒരു രക്ഷിതാവും ചെയ്യാൻ പാടില്ലാത്ത ഒരു പ്രവൃത്തിയാണ് കുഞ്ഞിനെ ബലമായി സമൂഹത്തിലെ ഭൂരി പക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ച് മാറ്റാൻ ശ്രമിക്കുക എന്നത്. ഇടംകൈയരാകുന്നത് സ്വാഭാവികമാണ്. അതൊരു വൈകല്യമല്ല. വളരാനും, ഉന്നത സ്ഥാനങ്ങളിൽ എത്താനും വലം കൈയരെ പോലെ ഇടംകൈയർക്കും തുല്യ അവകാശമുണ്ട് - അവരുടെ അവകാശങ്ങളെ നിഷേധിക്കുകയോ, സാമൂഹിക സ്വീകാര്യതക്ക് വേണ്ടി അടിച്ചമർത്തുകയോ ചെയ്യരുത്.

ഇനി വലംകൈയരുടെ ലോകത്ത് ഇടംകൈയർ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളും, തടസങ്ങളും വിവേചനങ്ങളും പരിശോധിക്കാം.
ഈ ലോകം പ്രവർത്തിക്കുന്നതു തന്നെ 90 ശതമാനം വരുന്ന വലംകൈയരുടെ താൽപര്യത്തിന് വേണ്ടിയാണെന്നുതോന്നുന്ന തരത്തിൽ ഓരോ സാമഗ്രികളും, പ്രവർത്തനങ്ങളും വലംകൈയരുടെ സൗകര്യാർത്ഥമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടം കൈയർ ദൈനംദിന ജീവിതത്തിൽ പോലും നിരവധി വെല്ലുവിളികൾ നേരിടുന്നു.
എഴുത്ത്
പേനകളും, മഷിയുമൊക്കെ വലംകൈയരുടെ സൗകര്യാർത്ഥം സൃഷ്ടിക്കപ്പെട്ടതിനാൽ മഷി കൊണ്ട് എഴുതുമ്പോൾ മഷി പരക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, എഴുതുന്ന ആംഗിളും, ആവശ്യമായ മർദ്ദത്തിലെ വ്യത്യാസവും കാരണം എഴുതാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
കത്രിക
ദൈനംദിന ജീവിതത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന കത്രികകൾ വലത്തേ കൈകൊണ്ട് ഉപയോഗിക്കാൻ ഉണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ ഇടംകൈയർക്ക് ഇവയുടെ ഉപയോഗം അസൗകര്യമുാകുകയും, അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സംഗീത ഉപകരണങ്ങൾ
ഗിറ്റാർ, വയലിൻ തുടങ്ങിയ തന്ത്രിവാദ്യങ്ങൾ വലത്തെ കൈ കൊണ്ട് വായിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇടംകൈയർക്ക് ഇവ പഠിക്കാനും, വായിക്കാനും വളരെയധികം പ്രയാസകരമാണ്.
യന്ത്രങ്ങൾ
വിവിധതരം യന്ത്രവാളുകൾ മുതലായ വർക്ക് ഷോപ്പ് ഉപകരണങ്ങൾ പലതും ഇടംകൈയർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതും, അപകട സാധ്യത വർദ്ധിപ്പിക്കുന്നതു മാണ്.
ഓഫീസ് / പഠന / വീട്ടുപകരണങ്ങൾ
ക്ലാസ്റൂമുകളിലും ട്രെയിനിങ് സെന്ററുകളിലും ഉപയോഗിക്കുന്ന എഴുതാനുള്ള പലക കൂടെ അടങ്ങിയ കസേരകളിലെല്ലാം വലതുവശത്താണ് എഴുതാനുള്ള സൗകര്യം. ടി.വി, കമ്പ്യൂട്ടർ, മോണിറ്റർ, തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും ബട്ടണുകൾ സാധാരണയായി വലതുവശത്താണ്. വീട്ടിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും വലതുകൈ കൊണ്ട് പ്രവർത്തിപ്പിക്കാനുള്ള രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, മിക്‌സിയുടെ ജാർ ലോക്ക് ചെയ്യാൻ ഇടംകൈയർക്ക് വലംകൈയരേക്കാൾ ബുദ്ധിമുട്ടാണ്.
സ്ഥിരമായി നാമൊക്കെ ഉപയോഗിക്കുന്ന സ്പൈറൽനോട്ടുകളിലെ സ്പൈറൽ ബൈൻഡിങ് ഇടംകൈയരുടെ എഴുത്തിന് തടസം സൃഷ്ടിക്കുന്നു. ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം പലപ്പോഴും ഇടംകൈയർക്ക് യോജിക്കുന്നതല്ല. ബഞ്ചിന്റെ ഇടത്തേ അറ്റത്തെ സീറ്റിൽ മാത്രമായിരിക്കും അവർക്ക് അൽപമെങ്കിലും സൗകര്യത്തോടെ എഴുതാൻ സാധിക്കുക. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ നിഷ്പ്രയാസം നാം കൊണ്ടുനടക്കുന്ന വാച്ചുകളുടെ ബട്ടണുകൾ പോലും ഇടംകൈയർക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്.
ഇത്തരത്തിൽ ചിന്തിച്ചുനോക്കിയാൽ ദൈനംദിനം നാം അനായാസേന കൈകാര്യം ചെയ്യുന്ന ഒരോ ചെറു കാര്യവും ഇടം കൈയർക്ക് ഒരു വെല്ലുവിളി യാണ്.
സാമൂഹിക പ്രശ്‌നങ്ങൾ
നമ്മുടെ സാമൂഹിക സ്ഥിതിയിൽ ഇടതുകൈ 'മോശം' എന്ന് കണക്കാക്കുന്നതുകൊണ്ട് ഇടംകൈയർക്ക് പലപ്പോഴും അപകർഷതാബോധം ഉണ്ടാവാറുണ്ട്. വലതുകൈ ഭക്ഷണത്തിനും, ഇടതു കൈ ശുചീകരണത്തിനും എന്ന നാട്ടുനടപ്പ് ഇടംകൈയർക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അവർ പ്രാവീണ്യം കുറഞ്ഞ വലം കൈ കൊണ്ട് ഭക്ഷണം കഴിക്കാനും, എഴുതാനും നിർബന്ധിക്കപ്പെടുന്നു. ഒരാളെ കൈ കൊടുത്ത് സ്വീകരിക്കുക എന്ന തീർത്തും സാധാരണമായ ഒരു കാര്യം പോലും ഇടതൻമാർക്ക് സമ്മർദ്ദമുണ്ടാക്കുന്നു. മറ്റുള്ളവർ വളരെ സ്വാഭാവികമായി വലതുകൈ നീട്ടുമ്പോൾ ഇടംകൈയർക്ക് വലത് കൈ നീട്ടാൻ സ്വയം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണം. ഇത്തരം സാധാരണ സാമൂഹിക ഇടപെടലുകൾ പോലും ഒരു സമ്മർദ്ദമായാണ് അവർക്ക് അനുഭവപ്പെടുന്നത്.
ഇത്തരത്തിൽ, ചിന്തിച്ചുനോക്കിയാൽ ഒട്ടും ആലോചിക്കാതെ യാന്ത്രികമായി ചെയ്യുന്ന നിസാര പ്രവൃത്തികൾ പോലും ഇടംകൈയർക്ക് മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രക്രിയയായി മാറുന്നു. വാച്ച്, ടി.വി, പുസ്തകങ്ങൾ തുടങ്ങി ദിവസേന കൈകാര്യം ചെയ്യേണ്ട സാധനസാമഗ്രികൾ പോലും അവർക്ക് അസൗകര്യങ്ങളുണ്ടാക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ വലതുകൈ താൽക്കാലികമായി ഉപയോഗിക്കാൻ പറ്റാത്ത അവസരങ്ങളിൽ മാത്രമാണ് ഇത്തരം ദൈനംദിന ഉപയോഗവസ്തുക്കളുടെ ഘടന കൊണ്ട് വലംകൈയർക്ക് അസ്വസ്ഥതയുണ്ടാവുന്നത്. വളരെ സ്വാഭാവികമായി വലംകൈയർ ചെയ്യുന്നതും, നിസാരമായി തള്ളിക്കളയുന്നതുമായ നിരവധി പ്രക്രി യകൾ ഇടംകൈയർക്ക് ഒരു നിരന്തര പോരാട്ടമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഭൂരിപക്ഷത്തിന് കീഴ്‌പ്പെട്ട് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവരുന്നത് ഒരു ഏകാധിപത്യ ഭരണക്രമത്തിൽ മാത്രമല്ല - മറിച്ച് വലംകൈയരുടെ വൻഭൂരിപക്ഷത്തിന് കീഴ്‌പ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടിവരുന്ന ഇടംകൈയർക്ക് ജനാധിപത്യത്തിലും, സോഷ്യലിസത്തിലും ഒക്കെ ഇതേ അനുഭവം തന്നെയാണ്.
അവസാനമായി ഇടംകൈയർക്ക് ജീവിതം അൽപം കൂടി സംഘർഷരഹിതമാക്കാൻ എന്തു ചെയ്യാനാ കും എന്ന് കൂടി പരിശോധിക്കാം.
ഇടംകൈയർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് അവബോധം നേടുക. അവരുമായി സംസാരിക്കുക. ഓഫീസിലും, വീട്ടിലും, വിദ്യാ ലയത്തിലും, നാം ഇടപെടുന്ന ഓരോ മേഖലയിലും അവർക്കുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവരോട് ചേർന്ന് നിൽക്കുക.
തുല്യ പരിഗണന നൽകുക. ഇടതുകൈ ഉപയോഗി ക്കുന്നതിന് കളിയാക്കുന്നത് ഒഴിവാക്കുക. അവർക്ക് സ്വാഭാവികമായ രീതിയിൽ ഓരോ പ്രവർത്തനവും നടത്താൻ അനുവദിക്കുക - അതിന് പ്രോത്സാഹിപ്പിക്കുക.
എന്തൊക്കെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മേഖലകളിലും അവരെ ഉൾപ്പെടുത്തുക. കൂട്ടായ പ്രവർ ത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഏറ്റവും പ്രധാനമായി, (പ്രത്യേകിച്ച് കുട്ടികളെ) ഇടതുകൈയിൽ നിന്ന് വലതുകൈയിലേക്ക് മാറാൻ നിർബന്ധിക്കാതിരിക്കുക. കുട്ടികളുടെ മാനസിക - ബൗദ്ധിക വളർച്ചയെ അത് പ്രതികൂലമായി ബാധിക്കും. അവരും വലംകൈയരെപ്പോലെ പൂർണ സ്വാതന്ത്ര്യത്തോടെ അവരുടെ കഴിവിനനുസൃതമായ നിലയിൽ വളരട്ടെ.
READ: കാൾ മാർക്സിന്റെ
ജീവൻ രക്ഷിച്ചുവോ,
ഡോ. ജോൺ സ്നോ?
മലയോരമേഖലയുടെ സിരാകേന്ദ്രത്തിലെ
ഒരു മന്തുരോഗിയുടെ കഥ
(അച്ചായന്)
ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?
മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം
ലിംഗവൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്
മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ
തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ
ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

