മുല്ലശ്ശേരി രാജഗോപാലും ഭാര്യ ലക്ഷ്മിയും. / Photo : Niranjana Anoop, Instagram

ഒരു സുന്ദരിയുടെ വരവിന്
കാതോർത്ത്...

മുപ്പതു വർഷത്തോളം ശരീരത്തിന്റെ ഒട്ടു മുക്കാലും തളർന്ന് കിടക്കയിൽ ഒതുങ്ങിക്കൂടിയപ്പോഴും ജീവിതത്തെ ആഘോഷമായിക്കണ്ട മുല്ലശ്ശേരി രാജഗോപാൽ എന്ന സാധാരണ മനുഷ്യനെക്കുറിച്ച്​ ഒരോർമക്കുറിപ്പ്​

രണദേവതയെ കാമുകിയായി കണ്ടു രാജുമ്മാമ; കാലൊച്ച കേൾപ്പിക്കാതെ പിൻവാതിലിലൂടെ കടന്നുവന്ന്, ഉറങ്ങിക്കിടക്കുന്ന തന്നെ ഉമ്മകൾ കൊണ്ടു പൊതിയുന്ന സ്വപ്നസുന്ദരിയായി.

ഒടുവിൽ ഒരു പുലരിയിൽ അവൾ വന്നപ്പോൾ, ചുണ്ടിലൊരു മന്ദസ്മിതവുമായി മയങ്ങിക്കിടക്കുകയായിരുന്നു രാജുമ്മാമ; ആ വരവ് പ്രതീക്ഷിച്ചിട്ടെന്നപോലെ. മുല്ലശ്ശേരിയുടെ പൂമുഖത്ത് കൊളുത്തിവെച്ച ചന്ദനത്തിരികൾക്കിടയിൽ നിശ്ചലനായി മലർന്നുകിടക്കുമ്പോഴും ചിരി മാഞ്ഞിരുന്നില്ല മുഖത്തുനിന്ന്. ആശിച്ച ചുംബനങ്ങൾ, ആശ്ലേഷങ്ങൾ കൈവന്നതിന്റെ ആഹ്ലാദമാണോ? അറിയില്ല.

​‘‘ഞാൻ മരിച്ചുകിടക്കുമ്പോൾ കരഞ്ഞുപോകരുത് ആരും, വിലകുറഞ്ഞ സെന്റിമെൻറ്​സ്​ എനിക്കിഷ്ടല്ല. ആരെങ്കിലും കരഞ്ഞുകണ്ടാൽ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാൻ’’

വർണ്ണാഭമായിരുന്നു രാജുമ്മാമയുടെ മരണസങ്കൽപ്പങ്ങൾ പോലും; അങ്ങേയറ്റം കാല്പനികവും. മരിച്ചാൽ ചെയ്യേണ്ട ക്രിയകൾ (വിക്രിയകൾ എന്ന് രാജുഭാഷ്യം) എന്തൊക്കെയെന്ന് ഒരിക്കൽ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട് എനിക്ക്: ‘‘കുളിപ്പിച്ച് സുന്ദരനാക്കി പൗഡറിട്ട് കിടത്തണം. സ്‌കോച്ച് വിസ്‌കി കൊണ്ടേ കുളിപ്പിക്കാവൂ. പൊലീസുകാർ ചുറ്റും നിന്ന് വെടിവഴിപാട് നടത്തുന്നതിൽ വിരോധമില്ല. പക്ഷെ പുരുഷ പോലീസ് വേണ്ട. സുന്ദരികളായ വനിതാ പൊലീസുകാർ മതി. മറ്റൊരാഗ്രഹം കൂടിയുണ്ട്. എന്നെ കൊണ്ടുപോകും വഴി, മധുരപ്പതിനേഴുകാരികളുടെ ഒരു ഗാഡ് ഓഫ് ഓണർ വേണം. പശ്ചാത്തലത്തിൽ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരു ആഘോഷമാക്കണം എന്റെ മരണം, ഇല്ലെങ്കിൽ ഈ ആത്മാവിനു ശാന്തി കിട്ടില്ല .''

മുല്ലശ്ശേരി രാജഗോപാൽ

മുപ്പതു വർഷത്തോളം ശരീരത്തിന്റെ ഒട്ടു മുക്കാലും തളർന്ന് കിടക്കയിൽ ഒതുങ്ങിക്കൂടിയപ്പോഴും ജീവിതത്തെ ആഘോഷമായിക്കണ്ട മുല്ലശ്ശേരി രാജഗോപാൽ എന്ന സാധാരണ മനുഷ്യന്റെ അസാധാരണ മനസ്സ് മുഴുവനുണ്ടായിരുന്നു ആ വാക്കുകളിൽ.

‘‘ഞാൻ മരിച്ചുകിടക്കുമ്പോൾ കരഞ്ഞുപോകരുത് ആരും’’, രാജുമ്മാമ പറയും. ‘‘വിലകുറഞ്ഞ സെന്റിമെൻറ്​സ്​ എനിക്കിഷ്ടല്ല. ആരെങ്കിലും കരഞ്ഞുകണ്ടാൽ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാൻ’’, ജീവിച്ചിരിക്കുമ്പോൾ രാജുമ്മാമ നൽകിയ കർശനമായ ഉത്തരവ് അക്ഷരംപ്രതി പാലിക്കുന്നു എല്ലാവരും. കൈകളിൽ മുഖമമർത്തി നിശ്ശബ്ദയായി ചുമരിൽ ചാരിയിരിക്കുന്ന ബേബിമ്മായിയും നിലത്തിരുന്ന് അച്ഛന്റെ നെറ്റിയിൽ പതുക്കെ തലോടുന്ന നാരായണിയും മുറ്റത്തെ തിരക്കിലും ബഹളത്തിലും നിന്നകലെ താടിക്ക് കൈകൊടുത്തു നിൽക്കുന്ന ആത്മസുഹൃത്ത് സുരുമ്മാമയും ടി. സി. കോയയും രാജുമ്മാമയിൽ നിന്ന് മംഗലശ്ശേരി നീലകണ്ഠനെ അടർത്തിയെടുത്ത് സിനിമാപ്രേമികൾക്ക് സമ്മാനിച്ച രഞ്ജിത്തും മനോജും ആനന്ദും ലക്ഷ്മിയമ്മയും എല്ലാം.

1970 കളുടെ തുടക്കത്തിലെപ്പോഴോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത് . കാൽവിരലിൽനിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്നുരണ്ടു വർഷമെടുത്തു

അമ്മമ്മയുടെ ഏടത്തിയുടെ മകനാണ് രാജുമ്മാമ.
അമ്മയുടെ പ്രിയപ്പെട്ട രാജ്വേട്ടൻ.
വേനലവധിക്കാലത്ത് അമ്മമ്മയോടൊപ്പം ചാലപ്പുറത്തെ മുല്ലശ്ശേരിയിൽ ചെന്നപ്പോഴായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് പീറപ്പയ്യനാണ് ഞാൻ. വയനാട്ടിലെ സ്‌കൂളിൽ എട്ടാം ക്ലാസുകാരൻ. നടുമുറ്റവും തളവും വലിയ മുറികളും നിറയെ ജോലിക്കാരും ഒക്കെയുള്ള പഴയ വിശാലമായ തറവാട്ടുവീട്ടിലെ ഒരു മുറിയിൽ പാതി തളർന്നുകിടക്കുകയാണ് രാജുമ്മാമ. പക്ഷേ ആ പ്രസാദാത്മകത, പെരുമാറ്റത്തിലെ ഊഷ്മളത, അന്നേ മനസ്സിൽ തങ്ങി.
ഘടോൽക്കചനെ കുറിച്ചുള്ള അമർ ചിത്രകഥ കയ്യിൽ ചുരുട്ടിപ്പിടിച്ച്​ പിന്നിൽ മറഞ്ഞുനിന്ന നാണംകുണുങ്ങിയെ ബലം പ്രയോഗിച്ച്​ വലിച്ചു മുന്നിലേക്ക് നിർത്തി അമ്മമ്മ പറഞ്ഞു, ‘‘ബാലാജിടെ വഴിക്കാ ഇയാള്ന്നു തോന്നുണു, ഒരൂട്ടൊക്കെ എഴുതണതും വരയ്ക്കണതും കാണാം .'' (രാജുമ്മാമയുടെ ജ്യേഷ്ഠൻ കെ. പി. ബാലാജി അന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകൻ).

അനന്തരവനെ നോക്കി വാത്സല്യപൂർവ്വം കണ്ണിറുക്കി ചിരിച്ചു, രാജുമ്മാമ. നിഷ്‌കളങ്കതയുടെ സൗന്ദര്യമുള്ള ചിരി.

1970 കളുടെ തുടക്കത്തിലെപ്പോഴോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത് . കാൽവിരലിൽനിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്നുരണ്ടു വർഷമെടുത്തു എന്നുമാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം. കഴുത്തിൽനിന്ന് ആ തളർച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് .

ഗായകൻ എം എസ് നസീം, മുല്ലശ്ശേരി രാജഗോപാൽ, അദ്ദേഹത്തിൻറെ ഭാര്യ ലക്ഷ്മി എന്നിവരോടൊപ്പം രവി മേനോൻ

‘‘മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും? നിശ്ശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും’’, സത്യമായിരുന്നു അത്. ആൾക്കൂട്ടങ്ങളെയും ശബ്ദഘോഷത്തേയും എന്നും മതിമറന്നു സ്‌നേഹിച്ചു അമ്മാമ; ഏകാന്തതയെ വെറുത്തു. രാവും പകലുമെന്നില്ലാതെ ടേപ്പ് റെക്കോർഡറും ഗ്രാമഫോണും അദ്ദേഹത്തിനുവേണ്ടി പാടിക്കൊണ്ടേയിരുന്നു; അല്ലാത്തപ്പോൾ നിലത്തു ജമുക്കാളം വിരിച്ചിരുന്നു കോഴിക്കോട്ടെ പാട്ടുകാരും. റഫിയുടേയും യേശുദാസിന്റെയും മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും തലത്തിന്റെയും ഒക്കെ ഗാനങ്ങൾ മുഴങ്ങിയ മെഹഫിലുകൾ. മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തുകൊണ്ടിരിക്കും അപ്പോൾ.

അഭിപ്രായങ്ങളും ഉപദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം ചേർന്ന് സൃഷ്ടിച്ച നിഗൂഢപരിവേഷത്തിലേക്ക് അങ്ങനെ ഒരു വൈകുന്നേരം അടിമുടി നാട്ടിൻപുറത്തുകാരനായ ഞാൻ എന്ന കോളേജ് വിദ്യാർത്ഥി ഏകനായി കടന്നുചെല്ലുന്നു

നേരിൽ കാണുംവരെ കേട്ടുകേൾവികളിലൂടെയായിരുന്നു മുല്ലശ്ശേരി രാജുവിനെ പരിചയം. കുസൃതിയും കുന്നായ്മയും കുരുത്തക്കേടുമൊക്കെ ചേർന്ന മസാലക്കഥകളിലൂടെ. അതുകൊണ്ടാവാം, കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ പലർക്കും അത്ര അഭിമതനുമായിരുന്നില്ല മൂപ്പർ. രണ്ടു വർഷം കഴിഞ്ഞ്​ കോളേജിൽ ചേരാൻ കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോൾ അമ്മാവന്മാരിലൊരാൾ നൽകിയ ഉപദേശം ഇങ്ങനെ: ‘‘അവിടെ ചെന്നാൽ രാജൂനെ ചെന്ന് കണ്ടോണ്ടു. അമ്മാമയല്ലേ? എന്നാൽ അധികം അടുത്ത് പെരുമാറണ്ട. ആള് ഇത്തിരി പെശകാ. കൊറച്ചു വിക്രസ്സുകളൊക്കെ കയ്യിലുണ്ട്. മ്മക്ക് ശര്യാവില്ല..''
വയസ്സായ ഒരു വല്യമ്മ ഇത്രകൂടി പറഞ്ഞുവെച്ചു: ‘‘വല്യ ബഡായിക്കാരനാ. യേശ്വാസിനേം ജയേന്ദ്രനേം ഒക്കെ സൊന്തം ആളായിട്ടാ വെച്ചിരിക്കണേ. പറയണതൊക്കെ അൽപ്പം ഉപ്പും കൂട്ടി മിണുങ്യാ മതി നീയ്യ്.''

യേശുദാസിനും മുല്ലശ്ശേരി രാജഗോലാലിനുമൊപ്പം രവി മേനോൻ

അഭിപ്രായങ്ങളും ഉപദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം ചേർന്ന് സൃഷ്ടിച്ച നിഗൂഢപരിവേഷത്തിലേക്ക് അങ്ങനെ ഒരു വൈകുന്നേരം അടിമുടി നാട്ടിൻപുറത്തുകാരനായ ഞാൻ എന്ന കോളേജ് വിദ്യാർത്ഥി ഏകനായി കടന്നുചെല്ലുന്നു. പഴയ മുല്ലശ്ശേരി തറവാട് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. പകരം ആ സ്ഥാനത്ത് മനോഹരമായ ഒരു കൊച്ചു വീട്. വാതിൽ തുറന്ന് വിടർന്ന ചിരിയോടെ പുറത്തുവന്ന നിറയെ മുടിയുള്ള സുന്ദരിയെയും, പിന്നിൽ പരിഭ്രമത്തോടെ പതുങ്ങിനിന്ന ഇത്തിരിപ്പോന്ന പെൺകുട്ടിയെയും മറന്നിട്ടില്ല. ബേബിമ്മായിയെ മുൻപും കണ്ടിട്ടുണ്ടെങ്കിലും കൊച്ചു നാരായണിയെ ആദ്യം കാണുകയായിരുന്നു. പിന്നീട് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയവർ.

പാട്ടും പരദൂഷണവും സിനിമാഗോസിപ്പുകളും സെക്‌സ് കലർന്ന തമാശകളുമൊക്കെ കടന്നുവരുന്നു അവരുടെ സംഭാഷണത്തിൽ. മൊത്തത്തിൽ ഒരു തട്ടുപൊളിപ്പൻ മസാലപ്പടത്തിന്റെ പ്രതീതി. മേമ്പൊടിക്ക് ഇടക്കിടെയുള്ള പൊട്ടിച്ചിരികളും.

പരിചയക്കാരായ ഏതോ നവദമ്പതികളുമായി സൊറ പറഞ്ഞിരിക്കുകയാണ് മുല്ലശ്ശേരിയുടെ രാജകുമാരൻ. അന്ന് മംഗലശ്ശേരി നീലകണ്ഠൻ ആയിട്ടില്ല ടിയാൻ. ദേവാസുരത്തിലൂടെ മലയാളിമനസ്സുകളിൽ അനശ്വരതയാർജ്ജിച്ചിട്ടുമില്ല. കോഴിക്കോടൻ പാട്ടുകൂട്ടായ്മകളിലെ പ്രസാദാത്മക സാന്നിധ്യം മാത്രം. സാധാരണക്കാരായ ഒരുപാട് സുഹൃത്തുക്കളുടെ മാർഗ്ഗദീപം. അഞ്ചാറുവർഷം മുൻപത്തെ പക്ഷാഘാതം പുറത്തേക്കുള്ള യാത്രകൾ അസാധ്യമാക്കി മാറ്റിയിരുന്നതിനാൽ, സുഹൃദ് വൃന്ദങ്ങൾ മുല്ലശ്ശേരിയുടെ അകത്തളത്തിലേക്ക് ഒഴുകിയെത്തുന്നതായിരുന്നു പതിവ്. ഈ പുതുമണവാളനും മണവാട്ടിയും അങ്ങനെ വന്നവരാവണം. പാട്ടും പരദൂഷണവും സിനിമാഗോസിപ്പുകളും സെക്‌സ് കലർന്ന തമാശകളുമൊക്കെ കടന്നുവരുന്നു അവരുടെ സംഭാഷണത്തിൽ. മൊത്തത്തിൽ ഒരു തട്ടുപൊളിപ്പൻ മസാലപ്പടത്തിന്റെ പ്രതീതി. മേമ്പൊടിക്ക് ഇടക്കിടെയുള്ള പൊട്ടിച്ചിരികളും. രാജുമ്മാമയുടെ ഓരോ ചിരിയും ചുമയിലാണ് അവസാനിക്കുക. നിലയ്ക്കാത്ത ചുമ. ഒപ്പം മുഖം ചുവന്നു തുടുക്കും; കണ്ണുകൾ നിറയും. കണ്ടു പതിവില്ലാത്തതുകൊണ്ട് പേടിയായിരുന്നു ആദ്യം. പിന്നെ ശീലമായി.

മുല്ലശ്ശേരി തറവാട്

സാമാന്യം നന്നായി ബോറടിക്കുന്നുണ്ടായിരുന്നു എനിക്ക്. അഭിനയിക്കാൻ വേഷമില്ലാത്തിടത്ത് വന്നുപെട്ട നടന്റെ അവസ്ഥ. ആരും ശ്രദ്ധിക്കുന്നുപോലുമില്ല എന്നെ. ഇടക്കൊരു കാപ്പി കൊണ്ടുവന്നു തന്നു സ്ഥലം വിട്ടു ബേബിമ്മായി. നല്ല സ്വാദുള്ള കാപ്പി. അറിയാത്ത വ്യക്തികളെ കുറിച്ചും സംഭവങ്ങളെക്കുറിച്ചുമാണ് വിരുന്നുകാരുടെ സംസാരം. എനിക്ക് താല്പര്യമുള്ള വിഷയങ്ങളേയല്ല. ഇടയ്‌ക്കെപ്പോഴോ വീൽ ചെയർ വിട്ട് കട്ടിലിൽ കുടിയേറുന്നു രാജുമ്മാമ. അതിഥിയായ നവവരൻ കയ്യിലെ സിഗരറ്റ് പാക്കിൽ നിന്ന് ഒന്നെടുത്തുകത്തിച്ച് ആ വിരലുകൾക്കിടയിൽ തിരുകുന്നു. മുറിയിലാകെ ട്രിപ്പിൾ ഫൈവിന്റെ ഗന്ധം.

രാജുമ്മാമ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ മറുപടി. മുഖത്തെ ചിരി പൊടുന്നനെ മാഞ്ഞു. മൗനമുഖരിതമായ നിമിഷങ്ങളായിരുന്നു പിന്നെ. മൗനത്തിനൊടുവിൽ വെടിപൊട്ടും പോലെ ഒരു പൊട്ടിച്ചിരി.

മണിക്കൂറിലേറെ നീണ്ട സംസാരത്തിനുശേഷം യുവദമ്പതികൾ യാത്ര പറഞ്ഞു സ്ഥലം വിട്ടപ്പോൾ വലിയൊരു മഴ പെയ്തു തോർന്ന പോലെ തോന്നി എനിക്ക്. ആശ്വാസം. രാജുമ്മാമയും ഞാനും ഞരങ്ങിക്കൊണ്ട് കറങ്ങുന്ന സീലിംഗ് ഫാനും മാത്രമേയുള്ളു ഇപ്പോൾ മുറിയിൽ. മൂലയ്ക്കൊരു കസേരയിൽ പതുങ്ങിയിരുന്ന എന്നെ കൗതുകത്തോടെ പാളിനോക്കി രാജുമ്മാമ. എന്നിട്ട് സൗമ്യമായി പറഞ്ഞു: ‘‘നാരാൺട്ടിടെ മകനല്ലേ നീയ്യ്. ഇബടെ വാ, മുഖം കാണട്ടെ..''

അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം. ഒന്നും മിണ്ടാതെ, തെല്ലു ജാള്യം കലർന്ന ചിരിയോടെ, ഇരുന്നിടത്ത് തന്നെ ഇരുന്നു ഞാൻ.

രാജുമ്മാമ വീണ്ടും വിളിക്കുന്നു: ‘‘ടാ, എന്തെടാ നിനക്കൊരു ലജ്ഞ? ഇബടെ വാ ചോദിക്കട്ടെ..''

ഇത്തവണ ഇരുന്നിടത്തുനിന്ന് പതുക്കെ എഴുന്നേറ്റു ഞാൻ. എന്നിട്ട് തലയാട്ടി; ഏയ് വരില്ല എന്ന ധ്വനിയോടെ.

രാജുമ്മാമയ്ക്ക് അത്ഭുതം. ഈ ചെക്കനെന്താ പ്രാന്തുണ്ടോ എന്ന് തോന്നിയിരിക്കണം മൂപ്പർക്ക്. ‘‘എന്താ പെണ്ണുങ്ങളെപ്പോലെ ഒരു നാണം? വേറെ വല്ല കൊഴപ്പോം ഉണ്ടോ നിനക്ക്?''

ഭാര്യ ലക്ഷ്മിയ്ക്കും മകൾ നാരായണിയ്ക്കുമൊപ്പം മുല്ലശ്ശേരി രാജഗോപാൽ. / Photo : Narayani Anoop, Instagram

തലയാട്ടിക്കൊണ്ടുതന്നെ ഞാൻ പറഞ്ഞു: ‘‘ഏയ് അതല്ല. അധികം അടുക്കണ്ടാന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് അമ്മാമേം വല്യമ്മേം. ആള് അത്ര ശരിയല്ലാന്നും..''

രാജുമ്മാമ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ മറുപടി. മുഖത്തെ ചിരി പൊടുന്നനെ മാഞ്ഞു. മൗനമുഖരിതമായ നിമിഷങ്ങളായിരുന്നു പിന്നെ. മൗനത്തിനൊടുവിൽ വെടിപൊട്ടും പോലെ ഒരു പൊട്ടിച്ചിരി. ചിരിയും ചുമയും കഴിഞ്ഞ ശേഷം കിടന്ന കിടപ്പിൽ കയ്യിലെ സിഗരറ്റിന്റെ ചാരം ആഷ്ട്രേയിൽ തട്ടി രാജുമ്മാമ പറഞ്ഞു: ‘‘കൊള്ളാം. അതെനിക്ക് ഇഷ്ടപ്പെട്ടു. നീയാണെടാ എന്റെ യഥാർത്ഥ അനന്തിരോൻ. എന്തൊരു അനുസരണശീലം, അച്ചടക്കം. ഇങ്ങനെ തന്നെ വേണം ആങ്കുട്ട്യോള്. ഇബടെ വാ, ഒരുമ്മ തരട്ടെ...'' , പിന്നെയും ചിരി, ചുമ.

ആ ചിരിയുടെ രസികൻ താളത്തിലാണ്, അമ്മാവന്മാരുടെ സകല മുന്നറിയിപ്പുകളും സദുപദേശങ്ങളും നിർദ്ദയം കാറ്റിൽ പറത്തിക്കൊണ്ട് ഞാൻ മുല്ലശ്ശേരി രാജുവിന്റെ ദർബാറിൽ കാലെടുത്തുവെച്ചത്. പഴഞ്ചനൊരു പ്രയോഗം കടമെടുത്താൽ, പിന്നെയുള്ളത് ചരിത്രമാണ്, എന്റെ യൗവനത്തിന്റെ കൂടി ചരിത്രം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രവി മേനോൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ​​​​​​​കഭീ കഭീ മേരേ ദിൽ മേം, ഇവിടെ പാട്ടിന് സുഗന്ധം, പാട്ടുവഴിയോരത്ത്, യാദ് ന ജായേ, മധുരമായ് പാടി വിളിക്കുന്നൂ തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments