നീർമാതളത്തിന്റെ പൂവ്

‘‘ഭാഷയിൽ പിന്നീടു വന്ന എല്ലാ എഴുത്തുകാരികളെയും ഏറെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത രചനകളാണ് മാധവിക്കുട്ടിയുടേത്. ഭാവിയിൽ വരാനിരിക്കുന്ന എഴുത്തുകാരികൾക്കു കൂടിയും മാധവിക്കുട്ടി വലിയ പ്രചോദനകേന്ദ്രമായിരിക്കുമെന്നു തീർച്ച’’- 2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. അവരുടെ ജന്മദിനം കൂടിയാണിന്ന്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക ഒരു സഞ്ചാരം.

ഒന്ന്: ഓർമ്മകളുടെ
ആഖ്യാനത്തിന്റെ രീതിശാസ്ത്രം

മാധവിക്കുട്ടിയുടെ സാഹിത്യരചനകളെ മലയാളികൾ സവിശേഷമായി ഇഷ്ടപ്പെടുന്നുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ കഥകളിൽ അവരുടെ ചില കഥകൾ ഉൾപ്പെടുകയും ചെയ്യും. ഭാഷയിലെ സ്‌ത്രൈണത്തിന്റെ ഉണർച്ചയായി ഇതിനകം തിരിച്ചറിയപ്പെട്ടു കഴിഞ്ഞിരിക്കുന്ന ആ രചനകൾ ഭാഷയിൽ പിന്നീടു വന്ന എല്ലാ എഴുത്തുകാരികളെയും ഏറെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന എഴുത്തുകാരികൾക്കു കൂടിയും മാധവിക്കുട്ടി വലിയ പ്രചോദനകേന്ദ്രമായിരിക്കുമെന്നു തീർച്ച.

എന്നാൽ, കഥയും നോവലും കവിതയും ഉൾപ്പെടെ സർഗ്ഗസാഹിത്യകൃതികളെന്ന നിലയിലല്ലാതെ അവർ എഴുതിയ കുറെയേറെ ജീവിതാനുഭവ കഥനങ്ങളുണ്ട്. ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ ‘എന്റെ കഥ'യാണ് ആദ്യം പലരുടേയും മനസ്സിലേക്കു വരിക. തന്റെ ബാല്യ, കൗമാരകാലങ്ങളെ എഴുതുന്ന ബാല്യകാലസ്മരണകൾ, വർഷങ്ങൾക്കുമുമ്പ്, നീർമാതളം പൂത്ത കാലം തുടങ്ങി പലേ രചനകളും ഇതോടൊപ്പം കൂടുതൽ പ്രാധാന്യമുള്ളവയാണ്. എഴുത്തുകാരിയുടെ സ്വജീവിതത്തിൽ നിന്നുമുള്ള ഈ ഏടുകൾക്ക് അവരുടെ പല സർഗ്ഗസാഹിത്യസൃഷ്ടികളെക്കാളും സൗന്ദര്യമൂല്യവും സാമൂഹിക പ്രാധാന്യവും ഉണ്ടെന്നോ കാലപ്രവാഹത്തിൽ കൈവരുമെന്നോ പ്രതീക്ഷിക്കാവുന്ന സ്ഥിതിയുമുണ്ട്. കഥയല്ല, ജീവിതം തന്നെയാണെന്ന അലിഖിത പ്രഖ്യാപനത്തിലൂടെ പുറത്തുവന്ന ഈ സ്മരണകൾ മലയാളിയുടെ സമൂഹമനസ്സിൽ വലിയ അനുരണനങ്ങളും ആഘാതങ്ങളും ഏൽപ്പിച്ചിട്ടുണ്ട്.

വലിയ പ്രക്ഷോഭകാരിയായോ കലാപകാരിയായോ മാധവിക്കുട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ, തന്റെ ബുദ്ധിപരമായ സത്യസന്ധത കൊണ്ട് കമലാദാസ് തുറന്നെഴുതിയ സ്വജീവിതം പ്രക്ഷോഭകരമായി മാറിയിരുന്നു. അത്, ഇവിടുത്തെ സ്ത്രീജീവിതത്തിന്റെ തന്നെ തുറന്നെഴുത്തുകളായിരുന്നു. ഈ തുറന്നെഴുത്തിൽ തന്റെ തറവാടും ഉറ്റവരായ പലരും വിദ്യാഭ്യാസ, കുടുംബവ്യവസ്ഥകളും പ്രതിക്കൂട്ടിലാകുന്നുണ്ടെന്ന് അവർക്കറിയാമായിരുന്നു. തന്റെ വാക്കുകളിൽ സ്വയം വിമർശത്തിനുകൂടി വിധേയമായിക്കൊണ്ട് കമല മുന്നോട്ടുവച്ച വിമർശം തികച്ചും സ്വാഭാവികവും സത്യസന്ധവുമായി സഹൃദയലോകത്തിന് അനുഭവിക്കാൻ കഴിയുമായിരുന്നു.

എന്റെ കഥയുടെ കവർ

പിൽക്കാലത്തെ തലമുറയെ സ്ത്രീവിമോചനവാദികളോ പ്രക്ഷോഭകാരികളോ നിഷേധികളോ ആക്കി തീർക്കുന്നതിൽ മാധവിക്കുട്ടിയുടെ എഴുത്തിന് വലിയ പങ്കുണ്ടായിരുന്നു. ‘എന്റെ കഥ'യെ ഒരു സത്യവേദപുസ്തകം എന്നതിലുപരി സ്വയം പഠിക്കാനും മനസ്സിലാക്കാനും നവീകരിക്കാനുമുള്ള ശാസ്ത്രപുസ്തകമായി ഭാഷയിലെ പിൽക്കാലത്തെ സ്ത്രീകളായ എഴുത്തുകാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. ദ്വേഷം കൊണ്ടും ആക്ഷേപം കൊണ്ടും അയ്യേ എന്ന പ്രതികരണം കൊണ്ടും തങ്ങളുടെ വായനകളെ പൂർത്തിയാക്കുകയോ അപമാനഭയം കൊണ്ട് വായിക്കാതിരിക്കുകയോ ചെയ്ത കാലം മറയുകയും ആ സ്‌ത്രൈണാനുഭവങ്ങളെ വൈജ്ഞാനികതാൽപ്പര്യത്തോടെയും സമചിത്തതയോടെയും ആർദ്രതയോടെയും കണ്ണീരോടെയും വായിക്കുന്നവരുടെ തലമുറ ആഗതമാകുകയും ചെയ്തതോടെ മാധവിക്കുട്ടിയുടെ രചനകൾ സൃഷ്ടിക്കുന്ന ആഘാതം പല മണ്ഡലങ്ങളിലും അനുഭവവേദ്യമായി തുടങ്ങി. കുടുംബത്തിലും സമൂഹത്തിലും കടുത്ത വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാകുമ്പോഴും അതിനെയെല്ലാം സഹനശക്തി കൊണ്ടു നേരിട്ട എഴുത്തുകാരി തന്റെ കാഴ്ചപ്പാടിന്റെ ശക്തി കൊണ്ട് എഴുതപ്പെട്ട വാക്കുകളിലൂടെ പിൽക്കാലതലമുറയിൽ പ്രക്ഷോഭത്തിന്റെ അഗ്നി നിറച്ചു. വരുംകാലങ്ങളിൽ ഈ വാക്കുകളുടെ ശക്തി കൂടുതൽ നന്നായി തെളിഞ്ഞുവരും.

'എന്റെ കഥ' എഴുതിയതിനു ശേഷം പിൽക്കാലത്ത് തന്റെ എഴുത്തുജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്ന മാധവിക്കുട്ടി തന്റെ പ്രധാന മാധ്യമങ്ങളിലൊന്നായി ആത്മകഥയെയോ ഓർമ്മക്കുറിപ്പുകളെയോ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. വീണ്ടും വീണ്ടും അതിലേക്കു തിരിച്ചുപോകാനുള്ള പ്രവണത അവർ പ്രകടിപ്പിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ വായനക്കാർ അവയെ കൂടുതൽ ഇഷ്ടപ്പെട്ടിട്ടുമുണ്ട്. ആദ്യ കൃതി ഉണ്ടാക്കിയ ഒച്ചപ്പാടുകളും ബഹളങ്ങളും എഴുത്തുകാരിയുടെ സർഗാത്മകതയ്ക്കും ധൈഷണിക സത്യസന്ധതയ്ക്കും മുന്നിൽ പിന്നീട് നിശ്ശബ്ദമായി കെട്ടടങ്ങിയ സ്ഥിതിയുണ്ടായിരുന്നല്ലോ? പ്രതിഷേധങ്ങളും ആക്രമണങ്ങളും ചില കോണുകളിൽ നിന്നും തുടരുന്നുണ്ടായിരുന്നെങ്കിലും അഭിനന്ദനങ്ങളും പിന്തുണയും ലഭിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യുന്നു. 'എന്റെ കഥ'യിൽ പറയുന്ന ചില കാര്യങ്ങളെയെങ്കിലും പിന്നീടു വന്ന ചില കൃതികളിൽ ആവർത്തിക്കുകയും കൂടുതൽ വിശദീകരണങ്ങളോടെ എഴുതുകയും ചെയ്യുന്നുണ്ട്. '

എന്റെ കഥ'യിൽ നൽകുന്ന നാലാപ്പാട്ടെ വൃക്ഷങ്ങളെ കുറിച്ചുള്ള വിവരണത്തിൽ, പാരിജാതവും കാഞ്ഞിരവും ഇലഞ്ഞിയും തെക്കൻമാവും തിപ്പലിയും നെല്ലിയും ഉൾപ്പെടുമ്പോഴും നീർമാതളം വിട്ടു പോകുന്നുണ്ട്. നാലാപ്പാട്ടെ പറമ്പിലേക്ക് ഗുൽമോഹർ വരുന്നത് പിന്നീടാണ്. കമലയുടെ അച്ഛൻ കൽക്കത്തയിൽ നിന്നുമാണ് അതു കൊണ്ടുവരുന്നത്. പാമ്പിൻകാവ് വെട്ടിത്തെളിച്ച സ്ഥലത്താണ് അതു നട്ടത്. നീർമാതളത്തെ അലങ്കരിക്കാൻ രംഗൂൺ വള്ളികളും നടുന്നുണ്ട്. നീർമാതളപൂക്കളുടെ മണം ആസ്വദിക്കാൻ സന്ധ്യക്കു തിണ്ണയിലിരിക്കുന്ന സ്ത്രീകളുടെ ചിത്രം മാധവിക്കുട്ടി വാക്കുകളിൽ വരയ്ക്കുന്നു.

നാലാപ്പാട്ടുവീടിനെ ഓർക്കുമ്പോഴൊക്കെ കമലയുടെ മനസ്സിൽ നീർമാതളവും അതിന്റെ മൃദുമണം പൊഴിക്കുന്ന വെണ്ണവർണ്ണപൂക്കളും നിറയും. നാലാപ്പാട്ടു കുടുംബത്തിന്റെ ആത്മാവ് ആ മരത്തിന്റെ ഉയർന്ന കൊമ്പുകളിലൊന്നിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് അവർക്കു തോന്നുന്നു. ഈ കാലത്തെ ഓർമക്കുറിപ്പുകളുടെ പുസ്തകത്തിന് 'നീർമാതളം പൂത്ത കാലം' എന്ന ശീർഷകം കൊടുക്കേണ്ടി വരുന്നിടത്തോളം ദീർഘവും വിശദവുമായ എഴുത്തുകൾ സംഭവിക്കുന്നു. 'എന്റെ കഥ'യുടെ ഭാഷാശൈലി ആത്മകഥക്കും ഓർമ്മക്കുറിപ്പുകൾക്കും അനുയോജ്യമാണെന്നു മനസ്സിലാക്കുകയും അത് പിൽക്കാലകൃതികളിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയോരോന്നും സവിശേഷസത്വമുള്ളവയായി മാറിത്തീരുകയും ചെയ്യുന്നു.

നീർമാതളപൂക്കളുടെ മണം ആസ്വദിക്കാൻ സന്ധ്യക്കു തിണ്ണയിലിരിക്കുന്ന സ്ത്രീകളുടെ ചിത്രം മാധവിക്കുട്ടി വാക്കുകളിൽ വരയ്ക്കുന്നു

നാലാപ്പാട്ടെ ബാലാമണിയമ്മയുടേയും വടേക്കര മാധവൻനായരുടേയും രണ്ടാമത്തെ സന്താനമായിട്ടാണ് കമല ജനിച്ചത്. കമലയ്ക്ക് മൂത്ത ജ്യേഷ്ഠൻ മോഹൻദാസിനേക്കാളും മൂന്നുവർഷത്തെ ഇളപ്പമുണ്ടായിരുന്നു. നാലാപ്പാട്ടു കുടുംബത്തിലെ അംഗം തന്നെയായിരുന്ന ഗാന്ധിജിയുടെ നാമമാണ് ബാലാമണിയമ്മ മകനു നൽകിയത്. ജവഹർലാലിന്റെ സഹധർമ്മിണിയുടെ നാമമായിരിക്കണം മകൾക്കു നൽകിയതെന്നും കരുതണം. ഗാന്ധി മാത്രമല്ല കോൺഗ്രസും നാലാപ്പാട്ടു തറവാടിന്റെ ഭാഗമായിരുന്നല്ലോ? കമല കോൺഗ്രസിനെ കുറിച്ചു കേൾക്കുന്ന ആദ്യസന്ദർഭം വായിക്കാം:
‘‘ചെറേല് കുളിക്കാൻ പോയപ്പോ കേട്ടതാ, ഇന്റെ കുട്ട്യേ. ആ പണിക്കര്‌ടെ ഭാര്യല്ല്യേ? ഇളിച്ചികോത? അത് പറയ്ാണേയ് ബാലാമണ്യേമ കോങ്ക്‌റസാന്ന്’’.
‘‘കോങ്ക്‌റസാ? അതെന്താ സാധനം?’’.
‘‘ഇയ്ക്കിശ്ശല്യ, ഇന്റെ കുട്ട്യേ. ഇയ്ക്ക് ഇങ്കിളീഷും പരന്ത്രീസും ഒന്നൂറിവില്ലേയ്. അതു നല്ല വാക്കല്ലാന്ന് ഇയ്ക്ക് മനസ്സിലായി. ഈ ഗാന്ധീടെ കൂട്ടരില്ലേ? അവറ്റെ പറ്റീട്ടാണ് പറേണ് കോങ്ക്‌റസ്ന്ന്. വല്യ കൊറച്ചിലായീന്നല്ല്യേ പറയേണ്ടൂ, ഇന്റെ കുട്ട്യേ? വെല്യ കൊറച്ചിലായി’’.

കമലയുടെ ഇളയവരായി ശ്യാമസുന്ദരനും സുലോചനയും, രണ്ടു മക്കൾ കൂടി ബാലാമണിയമ്മയ്ക്കുണ്ട്. വി.എം. നായർ കൽക്കത്തയിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു കുട്ടികളുടെ ബാല്യകാലം കൽക്കത്തയിലും നാലാപ്പാട്ടുമായിട്ടായിരുന്നു.

ബാല്യകാലം ആരെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. എഴുത്താളുകളെ സംബന്ധിച്ച് പ്രത്യേകിച്ചും. എല്ലാ ബാല്യങ്ങളും കവിതാപൂർണ്ണമാണല്ലോ? ബാല്യം, അതിന്റെ സാകല്യത്തിൽ, അന്വേഷണത്തിന്റെയും സർഗ്ഗാത്മകതയുടെയും കാലമാണ്. കുട്ടികൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നു. ചുറ്റുപാടുകളെ കാണുന്നതിനിടയിൽ ഒരു പിഞ്ചുകുഞ്ഞ് ഇടതടവില്ലാതെ 'എന്താണത്?, എന്തുകൊണ്ടാണത്?' എന്ന് ചോദിക്കുന്നത് അടങ്ങാത്ത ജിജ്ഞാസയെയാണ് കാണിക്കുന്നത്. കുട്ടികളുടെ അന്വേഷണധിഷണയും താൽപ്പര്യങ്ങളും അനന്തമായ സാധ്യതകളെ തുറക്കുന്നതാണ്. അവരുടെ സാങ്കൽപ്പികലോകം ബൃഹത്തായതാണ്. ജിജ്ഞാസ അവരുടെ വികസ്വരമനസ്സിനെ പോഷിപ്പിക്കുകയും ഭാവനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം മനസ്സിലാക്കാനും സൃഷ്ടിക്കാനുമുള്ള സഹജമായ ആഗ്രഹത്താൽ കുഞ്ഞുങ്ങളിൽ അവരറിയാതെ കാവ്യബോധം സൃഷ്ടിക്കപ്പെടുകയും വികസിക്കുകയും ചെയ്യുന്നുമുണ്ട്.

പിൽക്കാലത്തെ മാധവിക്കുട്ടിയേയും കമലാദാസിനേയും സുരയ്യയേയും രൂപപ്പെടുത്തുന്നതിൽ ആമിയുടെ ബാല്യകാലാനുഭവങ്ങളും സ്വയം സിദ്ധമായിരുന്ന ചില താൽപ്പര്യങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്

മുതിർന്നവർക്കു മനസ്സിലാകാത്ത കാര്യങ്ങളെ അന്വേഷിക്കാൻ അവർ സന്നദ്ധരാകുന്നു. അത് അങ്ങനെ തന്നെ ആവിഷ്‌ക്കരിക്കാനുളള ശേഷികളിലേക്കു കുഞ്ഞുങ്ങൾ നയിക്കപ്പെടുന്നത് അവരിലെ കെട്ടുപാടുകളില്ലാത്ത, സ്വതന്ത്രമായ, സർഗ്ഗാത്മകമനസ്സിന്റെ തെളിവുകളാണ്. നിരാശാബാധിതനായ യുവകവിക്കെഴുതുന്ന കത്തിൽ നിങ്ങൾക്കൊരു ബാല്യകാലമില്ലേയെന്നു ചോദിക്കുന്ന മഹാകവി റിൽക്കേ, വാക്കുകൾക്കായി പിന്നെയും പിന്നെയും തിരഞ്ഞു പോകാവുന്ന അക്ഷയഖനിയായി ബാല്യത്തെ കണ്ടെടുക്കുകയായിരുന്നല്ലോ? ബാല്യകാലസ്മരണകൾ സർഗാത്മകതയെയും വഹിച്ചു കൊണ്ടുവരുന്ന വാഹനമാണ്. ബാല്യകാലത്തിന്റെ സ്മരണകൾ മാധവിക്കുട്ടി എഴുതുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു, ഒരു പക്ഷേ, പല മഹാകവികളും എഴുതുമ്പോൾ സംഭവിക്കുന്നതിലേറെ.

ഈ കവിയുടെ ബാല്യവും കവിത നിറഞ്ഞതായിരുന്നു. ബാല്യകാലത്തേയ്ക്കുള്ള എഴുത്തുകാരിയുടെ തിരിഞ്ഞുനോട്ടവും കവിതാപൂർണ്ണമായിരുന്നു. ഒരു കുട്ടിയുടെ തുറന്ന മനസ്സും മുൻവിധിയില്ലാത്ത കാഴ്ചകളും നിഷ്‌കളങ്കതയും ഈ സ്മരണകളിലെ ഓരോ വാക്യത്തിലും പ്രത്യക്ഷപ്പെടുന്നു. കുട്ടികളെ പോലെ നോക്കുക എന്ന ഐൻസ്റ്റൈന്റെ ഉപദേശം ഒരു പക്ഷേ, അതിനെ കുറിച്ച് അറിയാതെ തന്നെ ജീവിതത്തിൽ പാലിക്കാൻ മാധവിക്കുട്ടിക്കായെന്നും നമുക്കു തോന്നാം. ഒരാളുടെ വരുംകാലജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ബാല്യകാലാനുഭവങ്ങൾക്കുള്ള പങ്ക് സുവിദിതമാണ്. പിൽക്കാലത്തെ മാധവിക്കുട്ടിയേയും കമലാദാസിനേയും സുരയ്യയേയും രൂപപ്പെടുത്തുന്നതിൽ ആമിയുടെ ബാല്യകാലാനുഭവങ്ങളും സ്വയം സിദ്ധമായിരുന്ന ചില താൽപ്പര്യങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത് അവർ നേരിട്ടു തന്നെ ബോദ്ധ്യപ്പെട്ട് സ്വയം എഴുതുന്നുവെന്നതാണ് ഈ സ്മരണകളിലെല്ലാം കാണാൻ കഴിയുക. '
'മധുരസ്മരണകളുടെ ഒരു ബാങ്ക് നിക്ഷേപം മാത്രമേ എനിക്കു മുതലായി കൈവശമുള്ളൂ. എല്ലാം ബാല്യകാലത്തിന്റെ അവശിഷ്ടങ്ങൾ. ഇടയ്ക്ക് എനിക്കു തോന്നും ഞാൻ ബാല്യകാലത്തിനു ശേഷം ജീവിച്ചിട്ടേയില്ലെന്ന്. പിന്നീടു നടന്നതെല്ലാം നിദ്രയിലെ സ്വപ്നങ്ങളെ മറക്കുന്ന ലാഘവത്തോടെ എനിക്കു മറക്കാം. യാഥാർത്ഥ്യം, എന്നുമെന്നും സ്മരണയിൽ പൊങ്ങുന്ന യാഥാർത്ഥ്യം ബാല്യകാലമായിരുന്നു.''

മാധവിക്കുട്ടി

കൽക്കത്തയിൽ അമ്മയോടും അച്ഛനോടുമൊപ്പം താമസിച്ചിരുന്ന കമലയും ജ്യേഷ്ഠനും രണ്ടാം ലോകയുദ്ധകാലത്ത് പുന്നയൂർക്കുളത്തെ നാലാപ്പാട്ടു വീട്ടിലേക്കു പോരുകയും അമ്മമ്മയുടേയും ചെറിയമ്മയുടേയും മുത്തശ്ശിയുടേയും വല്യമ്മയുടേയും മൂത്ത അമ്മാവന്റേയും കൂടെ താമസിക്കുകയും ചെയ്യുന്നു. അമ്മമ്മയോടൊപ്പമുള്ള ഈ വാസത്തിന്റെ കാലമാണ് ഏറെയും ബാല്യകാലസ്മരണകൾ, വർഷങ്ങൾക്കു മുമ്പ് എന്നീ രചനകളിൽ എഴുതിയിരിക്കുന്നത്. ബാല്യത്തിലെ കൽക്കത്താവാസകാലത്തെ എഴുതുന്ന ചില ഖണ്ഡങ്ങളുമുണ്ട്. എഴുത്തുകാരി പഴയ ബാലികയായി മാറി പുന്നയൂർക്കുളത്തേയും നാലാപ്പാട്ടു തറവാട്ടിലേയും അനുഭവങ്ങളെ കുറിച്ചെഴുതുമ്പോൾ യാഥാർത്ഥ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ഒരു പുതിയ ലോകം ഉയർന്നുവരുന്നു. വർഷങ്ങൾക്കു മുമ്പ് എന്ന കൃതിയെ മുൻനിർത്തി ഈ രചനകളുടെ ആഖ്യാനരീതിയെ പ്രശ്‌നീകരിച്ചു കൊണ്ട് ഉദയകുമാർ വളരെ പ്രസക്തമായ കുറേ നിരീക്ഷണങ്ങൾ നേരത്തെ തന്നെ മുന്നോട്ടു വച്ചിരുന്നു. വസ്തുനിഷ്ഠതയെ ത്യജിച്ചു കൊണ്ട് അനുഭവത്തിന്റെ തീവ്രതകളെ നിർമ്മിക്കുന്ന അതിമൂർത്തമായ ഒരു ആഖ്യാനശൈലിയാണ് ഈ രചനയിൽ സ്വീകരിക്കുന്നതെന്ന് ഉദയകുമാർ എഴുതുന്നു.

മാധവിക്കുട്ടിയുടെ ബാല്യ, കൗമാരകാലസ്മരണകളെ നിയന്ത്രിക്കുന്ന തൃഷ്ണ വെളിപ്പെടുത്തുന്നത് സ്മരണാനുഭവത്തിന്റെ തീവ്രതകളെയാണ്. സ്മരണാനുഭവത്തിന്റെ അതിതീവ്രതകളോടൊപ്പം അതിമൂർത്തമായ സംഭാഷണങ്ങളേയും ഈ ആഖ്യാനങ്ങളുടെ സവിശേഷതകളായി ഉദയകുമാർ ചൂണ്ടിക്കാട്ടുന്നു. ആഖ്യാനത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന സംഭാഷണങ്ങൾ മിക്കപ്പോഴും തൊട്ടുമുമ്പേ പ്രതിപാദിച്ച വിഷയത്തിൽ നിന്നും അകന്നുപോകുന്നതും ഒരു വസ്തുവിലും ഉറച്ചു നിൽക്കാത്തതുമാണ്. ഈ രീതിയിലുള്ള സംഭാഷണങ്ങളും സ്മരണാനുഭവങ്ങളെ പോലെ തന്നെ വക്താക്കളുടെ വ്യക്തിത്വത്തിന് ഉറച്ച രൂപം നൽകാതെ വസ്തുനിഷ്ഠതയിൽ നിന്നും അകലുന്നു. ഇത്തരം സന്ദിഗ്ദ്ധതകളും അപൂർണ്ണതകളും ആഖ്യാനത്തിനു സവിശേഷമായ ചാരുത പകരുന്നുണ്ടെന്നു തീർച്ച. അനുഭവങ്ങളുടേയും ഓർമ്മകളുടേയും ഈ കുറിപ്പുകൾ മലയാളത്തിലെ നല്ല കഥകളെന്നു വാഴ്ത്തപ്പെടുന്ന പല രചനകളെ പോലും അതിശയിപ്പിക്കുന്നത് ഇങ്ങനെയായിരിക്കണം. വാസ്തവികതയെ എത്തിപ്പിടിക്കാത്ത സ്മരണാനുഭവങ്ങളും സംഭാഷണങ്ങളും നിയതഘടനയുള്ള ഒരു ഉൽപ്പന്നത്തിലേക്കു ചുരുക്കാനാവാത്ത പ്രക്രിയകളാണെന്നും ഇതാണ് മാധവിക്കുട്ടിയുടെ കൃതിയുടെ സവിശേഷരചനാതന്ത്രമെന്നും ഉദയകുമാർ നിരീക്ഷിക്കുന്നു.

മാധവിക്കുട്ടിയുടെ ബാല്യ, കൗമാരകാലസ്മരണകളെ നിയന്ത്രിക്കുന്ന തൃഷ്ണ വെളിപ്പെടുത്തുന്നത് സ്മരണാനുഭവത്തിന്റെ തീവ്രതകളെയാണ്

ഉദയകുമാർ വായിക്കുന്ന 'വർഷങ്ങൾക്കു മുമ്പ്' എന്ന സ്മരണകളുടെ പുസ്തകമെന്ന പോലെ സ്മരണകളാണോ കഥാഖ്യാനമാണോ നോവലാണോ എന്നു വിവേചിച്ചു പറയാൻ കഴിയാത്ത 'ജാനുവമ്മ പറഞ്ഞ കഥ' എന്ന പുസ്തകത്തിന്റെ വായനയും ഈ നിരീക്ഷണത്തെ പുനരുൽപ്പാദിപ്പിക്കുമെന്നു തോന്നുന്നു.

ജാനുവമ്മ തീർത്തും യഥാർത്ഥത്തിലുള്ള ഒരു സ്ത്രീയല്ല. മക്കളെ നോക്കാനായി തന്നോടൊപ്പം നിന്നിരുന്ന കുണ്ടുപറമ്പുകാരി ചിരുതേയിയമ്മയാണ് ജാനുവമ്മയുടെ പ്രാഗ്രൂപമെന്ന് മാധവിക്കുട്ടി എം.എൻ. കാരശ്ശേരിയോടു പറയുന്നുണ്ട്. കമലയുടെ അനിയത്തി സുലോചനയും അങ്ങനെ പറയുന്നുണ്ട്. ചിരുതേയിയമ്മയെ പോലെ തന്റെ കൂടെ പല കാലങ്ങളിലായി നിന്നിരുന്ന പാറുവമ്മയും കല്യാണിയമ്മയും കൂടി ച്ചേർന്നാണ് ജാനുവമ്മ ഉണ്ടായതെന്നു കമല വിശദീകരിക്കുന്നു.

ജാനുവമ്മ ഒരു കാര്യം പൂർണമായി പറഞ്ഞു തീരുമ്പോഴേക്കും അതിനോടു ബന്ധമില്ലാത്ത മറ്റു പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും. ഏതെങ്കിലും ഒരു സവിശേഷകാര്യത്തെ കുറിച്ചുള്ള അഭിപ്രായത്തിൽ തുടങ്ങി പല കാര്യങ്ങളിലൂടെ കടക്കുന്ന വർത്തമാനമാണ് അവരുടേത്. പരാമർശിക്കുന്ന വിഷയങ്ങൾ തെന്നി തെന്നി മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ മാത്രം ആദ്യവിഷയത്തിലേക്കു തിരിച്ചു വന്നുവെന്നു വരാം. ജാനുവമ്മയുടെ ലോകാവബോധവും ദർശനവും തുറന്നു കാണിക്കുന്ന സംഭാഷണങ്ങളായി ഇവ മാറിത്തീരുന്നു. ഒരു വട്ടം പൂർത്തിയാകുമ്പോഴേക്കും തുടക്കത്തിൽ പറഞ്ഞ ശരികൾ തെറ്റുകളും തെറ്റുകൾ ശരികളുമായി ചിലപ്പോൾ മാറിയിട്ടുണ്ടാകും. സത്യം അസത്യവും അസത്യം സത്യവുമായിട്ടുണ്ടാകും. ആളുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ മാറിമറിഞ്ഞിട്ടുണ്ടാകും. ഒരിടത്തും നിൽക്കാത്ത മനസ്സ് എല്ലാ വശങ്ങളേയും കാണുന്ന മനസ്സു കൂടിയാണെന്നു നമുക്കു തോന്നും. ശരിയേത്? തെറ്റേത്? എന്നു കുഴങ്ങുന്ന മനസ്സാണത്. ജാനുവമ്മയുടെ മനസ്സ് എഴുത്തുകാരിയിലും പ്രവർത്തിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന സന്ദർഭങ്ങളും ഈ ആഖ്യാനങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. വാസ്തവികതയെ എത്തിപ്പിടിക്കാത്തത് എന്ന ഉദയകുമാറിന്റെ നിരീക്ഷണത്തിന്റെ സാംഗത്യം ഇവിടെയും കാണാം. ജാനുവമ്മ അവരുടെ കഥ പറച്ചിലിന്നിടയിൽ കമലയുടെ മതംമാറ്റത്തെ കുറിച്ച് പറയുന്ന ചില ഭാഗങ്ങൾ ശ്രദ്ധിക്കാം.

ഒരിടത്തും നിൽക്കാത്ത മനസ്സ് എല്ലാ വശങ്ങളേയും കാണുന്ന മനസ്സു കൂടിയാണെന്നു നമുക്കു തോന്നും. ശരിയേത്? തെറ്റേത്? എന്നു കുഴങ്ങുന്ന മനസ്സാണത്. വാസ്തവികതയെ എത്തിപ്പിടിക്കാത്തത്.

‘ഞാൻ നായർ സ്ത്രീയായിട്ടു ജനിച്ചു. നായർ സ്ത്രീയായിട്ടു മരിക്കും. … ഞാൻ മതം മാറി പേരും മാറി ഇജ്ജന്മം നടക്കില്യ. കമലുട്ട്യേമക്ക് ഇങ്ങനൊരു പോഴത്തം പറ്റുംന്ന് ഞാൻ വിചാരിച്ചില്യ. പഠിച്ചു പഠിച്ചു പണിക്കരായീന്ന് അമ്മാമ പറയണ കേട്ടിട്ട്ണ്ട്.'

‘‘ദെയ്‌വം അയ്‌നെ വലയ്ക്കില്യ. ഇഞ്ഞി മാപ്പളാര്‌ടെ ദൈവോം കമലുട്ട്യേമയുടെ ഭാഗത്താ. ഇയ്ക്കറിയാം. അതൊരു പാവാ. അതിനെ പര്യേസിച്ചിട്ട് എന്താ കിട്ട്ാ? ഒന്നും കിട്ടില്ല. അതു നാളെ നസ്ത്രാണിച്ചി ആയാലും ഞാൻ അതിനെ പര്യേസിയ്ക്കില്ല. നാളെ പൊറക്കെ വാലൊക്കെയായി ചട്ടേം ഇട്ട് പള്ളിയ്ക്ക് പുവ്വാണെങ്കി അതും അയ്‌ന്റെ ഇഷ്ടം. ബാക്കിള്ളോർക്ക് അതോണ്ടെന്താ ഗുണോം ദോഷോം?’’

‘‘ഇപ്പോ കമലുട്ട്യേമയ്ക്ക് കാവലു നിക്കണത് നായമ്മാരല്ലല്ലോ? ഒക്കേം ജോനോമ്മാരാ. അരപ്പട്ടേല് കത്തീം കുത്തീട്ടാ നിൽപ്പ്ന്ന് കേട്ടു. ഇന്നെ ആത്തെയ്ക്ക് പൂവ്വാൻ സമ്മതിക്കും. അതിയ്ക്ക്ശ്ശണ്ട്.കമലുട്ട്യേമയോട് സ്ഥായിള്ളോരെ ആത്തെയ്ക്ക് വിടും. ജോനോമ്മാർക്കുല്ലേ ബുദ്ദി? ബുദ്ദീണ്ട്. സ്ഥായീണ്ട്. തൊപ്പിട്ടാ എന്താ തെറ്റ്? താടി വച്ചാ എന്താ തെറ്റ്? നായമ്മാര് പണ്ട് കുടുമ്മ കെട്ടീർന്നില്ലേ?...ഓരോ വേഷം. ഓരോ രൂപം. എല്ലാരും മനുഷ്യരാ’’.

‘‘കമലുട്ട്യേമ പൊന്നാനീപ്പോയി കുപ്പായിട്ട് ഉമ്മച്ചിയായി. അയിനു ശേഷം ഇയ്ക്ക് ജോനോമ്മാരേം ഇഷ്ടായി. അവറ്റയും വാക്കിള്ള മനിഷ്യരെപ്പോലെയല്ലേന്നും?’’

‘‘കുപ്പായം ഇട്ട് ഉമ്മച്ചിയായാലും ധാന്വന്തരം തൈലം കമലുട്ട്യേമ വാങ്ങിച്ചു തരും. അതു തീർച്ചയാ. ഉമ്മച്ചി ആയാലും നാലാപ്പാട്ടെ തറവാട്ടിലെ ഉമ്മച്ചിയല്ലേന്നും?’’

ജാനുവമ്മയുടെ അബോധം നന്നായി രേഖപ്പെടുന്ന വാക്കുകളാണിത്. സാമൂഹികയാഥാർത്ഥ്യത്തിന്റെ രേഖീകരണവും ഇതിലുണ്ട്. സമൂഹത്തിന്റെ പൊതുബോധവും ഇസ്ലാമോഫോബിയയുടെ അംശങ്ങളും ജാനുവമ്മയുടെ ഈ സംഭാഷണങ്ങളിൽ കേൾക്കാൻ കഴിയും. എന്നാൽ, നിലപാടുകളിലേയും സമീപനങ്ങളിലേയും സന്ദിഗ്ദ്ധതകളും അനിശ്ചിതത്വവും ആഖ്യാനത്തിനു സർഗ്ഗാത്മകതയുടെ ചാരുത നൽകുന്നതു ശ്രദ്ധേയമാണ്. വസ്തുനിഷ്ഠതയിൽ നിന്നകന്നു നിൽക്കുകയും പ്രശ്‌നീകരണത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും സ്വയം ബോദ്ധ്യങ്ങൾക്കു വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ പരിചരണരീതിയാണ് മാധവിക്കുട്ടിയുടെ ആഖ്യാനങ്ങളിലേക്കു നമ്മെ ആകർഷിക്കുന്നത്. അവർ ഈ ആഖ്യാനങ്ങളുടെ രീതിശാസ്ത്രത്തിന് ഏറെയും ആശ്രയിക്കുന്നത് തന്റെ വേലക്കാരികളെയാണ്. സർഗാത്മകതയുടെ ബാലപാഠങ്ങൾ മാധവിക്കുട്ടി അഭ്യസിച്ചത് നാലാപ്പാട്ടേയും കൽക്കത്തയിലേയും വീട്ടുവേലക്കാരിൽ നിന്നാണ്.

മാധവിക്കുട്ടിയും അമ്മ ബാലാമണിയമ്മയും

അതിമൂർത്തമായ അനുഭവസ്മരണകൾക്കും സംഭാഷണങ്ങൾക്കും അപ്പുറം വ്യാഖ്യാനത്തിനും വിശകലനത്തിനും തയ്യാറാകുന്ന ചില സന്ദർഭങ്ങളും മാധവിക്കുട്ടിയുടെ സ്മരണകളുടെ ആഖ്യാനത്തിലുണ്ടെന്ന കാര്യവും ഉദയകുമാർ എടുത്തു പറയുന്നുണ്ട്. അമ്മമ്മയേയും അച്ഛനേയും കുറിച്ചുള്ള ആഖ്യാനങ്ങൾ വിശകലനപ്രധാനമായ നിരീക്ഷണങ്ങളിലൂടെ വാസ്തവികതയോട് അടുക്കുന്നതായി അദ്ദേഹം എഴുതുന്നു. നാലാപ്പാട്ടെ അകത്തളത്തിലെ വ്യവഹാരങ്ങളിൽ ഗാന്ധിസം പ്രവർത്തിക്കുന്നതു പോലെയല്ല അടുക്കളയിലെ വ്യവഹാരങ്ങളിൽ മാമൂലുകൾ പ്രവർത്തിക്കുന്നത്. ആദ്യത്തേതിന് കേന്ദ്രസ്ഥാനമുള്ളപ്പോൾ അടുക്കളവ്യവഹാരങ്ങൾ താൽക്കാലികതയിൽ മാത്രം നിൽക്കുന്നവയാണ്. അടുക്കളവ്യവഹാരങ്ങൾക്കു കൃതിയുടെ രചനാതന്ത്രത്തിന്റെ പ്രധാനഭാഗമാകാനും യാഥാർത്ഥ്യത്തെ നിരന്തരം പരിണാമവിധേയമാക്കി പുന:സൃഷ്ടിക്കാനും കഴിഞ്ഞത് ഇതു കൊണ്ടാണെന്നും ഉദയകുമാർ പറഞ്ഞുവയ്ക്കുന്നുണ്ട്.

ബാല്യത്തിലേക്ക് മുതിർന്നയാളുടെ നോട്ടമായിട്ടാണ് ബാല്യകാലസ്മരണകളെ കാണേണ്ടതെങ്കിലും മാധവിക്കുട്ടിയുടെ കൃതികളുടെ കാര്യത്തിൽ മുതിർന്നയാളുടെ കർത്തൃത്വം ഏതാണ്ട് ഒഴിഞ്ഞു മാറിനിൽക്കുന്നതായി വായനക്കാരനു പെട്ടെന്നു തോന്നിയേക്കാം. മുതിർന്ന മനസ്സിന്റെ കടന്നുകയറ്റങ്ങളോ ഗൃഹാതുരതയോ ഈ കൃതികളിൽ വളരെ കുറവാണെന്നും തോന്നാം. മുതിർന്ന മനസ്സിനു മാത്രം സാദ്ധ്യമാകുന്ന ജീവിതസന്ദർഭങ്ങളുടെ വ്യാഖ്യാനങ്ങൾ ഇല്ലാതില്ലെങ്കിലും വളരെ വിരളമാണ്. എന്നാൽ, വർത്തമാനകാലം കയറിച്ചെന്ന് ഏതെങ്കിലും വിധത്തിൽ ഇടപെടാത്ത സ്മരണകൾ ആർക്കെങ്കിലും ഉണ്ടാകാനിടയില്ല. പഴയ കാലത്തെ സംഭാഷണങ്ങളുടെ ഓർത്തെടുക്കലിൽ എഴുത്തുകാരിയുടെ മുതിർന്ന ഭാവനയെങ്കിലും ഇടപെട്ടിട്ടുണ്ട്. ഇങ്ങനെ കയറിച്ചെല്ലുന്ന വർത്തമാനകാലം ഭൂതകാലത്തെ കുറിച്ചുള്ള ആവേശത്താലോ ഗൃഹാതുരതയാലോ സ്വാധീനിക്കപ്പെടുകയും ചെയ്യാം.

ബാല്യകാലസ്മരണകളുടെ കവർ

‘ബാല്യകാലസ്മരണകൾ' തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നപ്പോൾ, ചെറുബാലികയായിരുന്ന നാളുകളിൽ കമല കേട്ട സംഭാഷണങ്ങൾ പോലും ഇത്രമേൽ കൃത്യതയോടെ ഓർക്കുന്നത് എങ്ങനെയാണെന്ന് എന്റെ ഒരു സുഹൃത്ത് അത്ഭുതം കൂറിയിരുന്നു. ഈ ഓർത്തെടുക്കലിൽ ജീവിതസന്ദർഭങ്ങളുടെയും സംഭാഷണങ്ങളുടെയും യാഥാർത്ഥ്യത്തോടൊപ്പം എഴുത്തുകാരിയുടെ ഭാവനയും കൂടിക്കലർന്നിരിക്കണമെന്നു കരുതുന്നതാണ് ഉചിതം. ആ സ്മരണകൾക്ക് ചാരുത കൈവരുന്നതിൽ ഭാവനയ്ക്കും പങ്കുണ്ടായിരിക്കാം. എന്നാൽ, ഭാവനാസൃഷ്ടികളേക്കാളും എത്രയോ ഉയർന്ന തലത്തിൽ യഥാതഥമായ അനുഭവവുമായിരുന്നു അവ. എന്റെ സുഹൃത്തിന്റെ സംശയത്തോട് അടുത്തു നിൽക്കുന്ന ഒരു ചോദ്യത്തിന്; പി. പി. രവീന്ദ്രൻ ചോദിച്ചത്, മാധവിക്കുട്ടി നൽകുന്ന മറുപടി കൗതുകകരമാണ്. തനിക്ക് അത്ഭുതാവഹമായ ഓർമ്മശക്തിയുണ്ടെന്ന് മുംബൈയിലെ സുഹൃത്തായിരുന്ന രമൺലാൽ പട്ടേൽ എന്ന മനഃശാസ്ത്രവിദഗ്ദ്ധൻ പറഞ്ഞതായി മാധവിക്കുട്ടി സൂചിപ്പിക്കുന്നു.
''നിങ്ങൾ ഭൂതകാലത്തിലേക്കു മടങ്ങി ബാല്യകാലത്തെ ഓർക്കാൻ ശ്രമിക്കുക. ഇപ്പോൾ, മറവി മൂടിക്കിടക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ കൊണ്ടുവരിക. അവയെ തിരിച്ചെടുക്കാൻ കഴിയും. സ്വയം ഹിപ്‌നോട്ടൈസ് ചെയ്ത് കൂടുതൽ ശക്തിയുള്ള വ്യക്തിയാവാൻ നിങ്ങൾക്കു കഴിയും. ഞാൻ ചെയ്തതും അതാണ്. ധ്യാനം പോലെ....ഞാൻ പണ്ടു കേട്ടു മറന്ന സംഭാഷണങ്ങൾ എനിക്കോർമ്മ വന്നു. അങ്ങനെയാണ് ഞാൻ ബാല്യകാലസ്മരണകൾ എഴുതിയത്’’.
തനിക്ക് ഒന്നരവയസ്സു തൊട്ടുള്ള കാര്യങ്ങൾ ഓർമ്മയിലുണ്ടെന്ന് ആമിയോപ്പു പറഞ്ഞിട്ടുള്ളതായി സുലോചന എഴുതുന്നുണ്ട്.

വലിയ പ്രക്ഷോഭകാരിയായോ കലാപകാരിയായോ മാധവിക്കുട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ, തന്റെ ബുദ്ധിപരമായ സത്യസന്ധത കൊണ്ട് കമലാദാസ് തുറന്നെഴുതിയ സ്വജീവിതം പ്രക്ഷോഭകരമായി മാറിയിരുന്നു

ബാലിക തന്റെ പഴയകാലാനുഭവങ്ങളെ യഥാതഥമായി രേഖപ്പെടുത്തുന്നതായിട്ടായിരിക്കണം മിക്കവാറും വായനക്കാരും കമലയുടെ സ്മരണകളെ സ്വീകരിച്ചിട്ടുണ്ടാകുക. ഈ രചനകൾ നിർവ്വഹിക്കുന്ന സന്ദർഭത്തിൽ എഴുത്തുകാരി പഴയ ബാലികയായി വീണ്ടും മാറിത്തീർന്നിരിക്കണം. പ്രകൃതിയേയും തന്റെ ചുറ്റിലുമുള്ള മനുഷ്യരേയും ജീവിതത്തേയും ഏറെ മുൻവിധികളൊന്നുമില്ലാതെ വളരെ തുറന്ന മനസ്സോടെ കാണുകയും അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്ന ബാലികയെയാണ് കമലയിൽ കാണാൻ കഴിയുക. നാലാപ്പാട്ടെ വേലക്കാരുൾപ്പെടെ എല്ലാ മനുഷ്യരോടും വിവേചനങ്ങളേതുമില്ലാതെ തുറന്നു സംസാരിക്കുകയും സംശയങ്ങൾ ഉന്നയിക്കുകയും വീട്ടിലുള്ളവരുടേയും അവിടെ എത്തിച്ചേരുന്നവരുടേയും സംഭാഷണങ്ങൾ ശ്രദ്ധിക്കുകയും അവരുടെയെല്ലാം ചെയ്തികളെ സാകൂതം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്, ഈ ബാലിക.

നാലപ്പാട്ട് നാരായണമേനോൻ

ഗാന്ധിയൻ ആദർശത്തിൽ മുഴുകി ജീവിക്കുന്ന അമ്മയും സാത്വികജീവിതം നയിക്കുന്ന അമ്മമ്മയും മഹാപ്രതിഭയായിരുന്ന മൂത്തമ്മാവനും ഉൾപ്പെടെ വീട്ടുകാർ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നു വന്ന പരിചാരകർ, സന്ദർശകരായി എത്തിച്ചേരുന്ന കവികളും മറ്റു സാഹിത്യകാരന്മാരും, അയൽപക്കത്തെ ബന്ധുക്കൾ എന്നിങ്ങനെ നാലാപ്പാട്ടു തറവാട്ടിലെയും മലബാറിന്റെ തന്നെയും ബഹുസ്വരസംസ്‌കാരം കമലയുടെ ലോകവീക്ഷണത്തേയും പിൽക്കാലത്തെ കാവ്യസപര്യയേയും സ്വാധീനിച്ചിട്ടുണ്ടെന്നു തീർച്ചയാണ്. സാംസ്‌കാരികവൈവിദ്ധ്യങ്ങളിലെ വ്യത്യസ്ത ഗതിപ്രയാണങ്ങൾ കമലയുടെ ബാല്യകാലത്തെ നിരന്തരം പ്രക്ഷുബ്ധമാക്കുകയും നവീകരിക്കുകയും ചെയ്തിരിക്കണം. കമലാദാസിന്റെ ബാല്യം അവരുടെ കവിതയുടെ പ്രമേയങ്ങളും സ്വരങ്ങളും വീക്ഷണങ്ങളും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കമലയുടെ ബാല്യകാലാനുഭവങ്ങൾ കവിതകളിലെ തീവ്രമായ സ്വത്വാന്വേഷണത്തിനു പ്രേരകമായി ഭവിച്ചിട്ടുമുണ്ടാകണം. അവരുടെ രചനകളിൽ ബാല്യകാലത്ത് സ്വയം അഭിമുഖീകരിച്ച വെല്ലുവിളികൾ കൂടിയും അകമേ പതിഞ്ഞു കിടക്കുന്നുണ്ടാകണം. കമലയുടെ കവിതകളിലെ ആഴത്തിലുള്ള വൈകാരികവും മന:ശാസ്ത്രപരവുമായ അടരുകൾ പോലും ബാല്യകാലത്തെ സങ്കീർണ്ണമായ അനുഭവചിത്രശാലയിൽ കണ്ടെത്താൻ കഴിയും.

അവലംബം:
1. ബാല്യകാലസ്മരണകൾ - മാധവിക്കുട്ടി, ഡി സി ബുക്‌സ്, കോട്ടയം, 2023.
2. വർഷങ്ങൾക്കു മുമ്പ് - മാധവിക്കുട്ടി, കറന്റ് ബുക്‌സ്, തൃശൂർ, 2019.
3. എന്റെ കഥ - മാധവിക്കുട്ടി, ഡി സി ബുക്‌സ്, കോട്ടയം, 1987.
4. ജാനുവമ്മ പറഞ്ഞ കഥ - മാധവിക്കുട്ടി, കറന്റ് ബുക്‌സ്, തൃശൂർ, 2019.
5. സ്ത്രീ, സ്വത്വം, സമൂഹം - മാധവിക്കുട്ടി പഠനങ്ങൾ - എഡി. ഇ. വി. രാമകൃഷ്ണൻ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 1994.
6. എന്റെ ജ്യേഷ്ഠത്തി കമല - സുലോചന നാലാപ്പാട്ട്, മാതൃഭൂമി ബുക്‌സ്, 2023.
7. Kamala Das and Her Poetry - Ed. Jaydip Sarkar, Books Way, Kolkata, 2013.
8. Letters to a Young Poet - Rainer Maria Rilke, A Book Virtual Digital Edition.

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments